This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്ഷ(യ)തൃതീയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:40, 7 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അക്ഷ(യ)തൃതീയ

വൈശാഖമാസം (മേടം-ഇടവം) വെളുത്ത പക്ഷത്തിലെ മൂന്നാമത്തെ തിഥി (ചാന്ദ്രദിനം). വിഷ്ണുധര്‍മസൂത്രത്തിലാണ് അക്ഷയതൃതീയയെക്കുറിച്ചുള്ള ആദ്യത്തെ പരാമര്‍ശം കാണുന്നത്. അന്ന് ഉപവസിക്കുകയും വിഷ്ണുവിന് അന്നം നിവേദിക്കുകയും പിന്നീട് അതുകൊണ്ട് അഗ്നിയെ പ്രീതിപ്പെടുത്തിയശേഷം ദാനം ചെയ്യുകയും വേണമെന്ന് അതില്‍ പ്രസ്താവിച്ചിട്ടുണ്ട്. സര്‍വപാപമോചനമാണു ഫലം. അന്നേ ദിവസം നേടുന്ന പുണ്യം അക്ഷയമായിരിക്കും. മത്സ്യപുരാണത്തിലും (അധ്യാ. 65) നാരദീയപുരാണത്തിലും (അധ്യാ. 1) അക്ഷയതൃതീയയെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. ഭവിഷ്യോത്തരത്തിലും (അധ്യാ. 30: 2-3) അന്നു ചെയ്യപ്പെടുന്ന സ്നാനം, ദാനം, ജപം, ഹോമം, സ്വാധ്യായം, പിതൃതര്‍പ്പണം എന്നീ കര്‍മങ്ങള്‍ അക്ഷയഫലപ്രദമാണെന്നു പറഞ്ഞിരിക്കുന്നു.

'സ്നാനം, ദാനം, തപോ, ഹോമഃ

സ്വാധ്യായഃ പിതൃതര്‍പ്പണം,

യദസ്യാം ക്രിയതേ കിഞ്ചിത്

സര്‍വം സ്യാത്തദിഹാക്ഷയം.

അദൌ കൃതയുഗസ്യേയം

യുഗാദിസ്തേന കഥ്യതേ.

അസ്യാം തിഥൌ ക്ഷയമുപൈതി ഹുതം ന ദത്തം

തേനാക്ഷയാ ച മുനിഭിഃ കഥിതാ തൃതീയാ'.

(ഭവിഷ്യോത്തരം 30.19)

അന്നാണ് കൃതയുഗം ആരംഭിച്ചിട്ടുള്ളത് എന്നും അന്ന് അനുഷ്്ഠിക്കുന്ന കര്‍മങ്ങളുടെ ഫലം അക്ഷയമാകയാലാണ് ആ തിഥിക്ക് അക്ഷയതൃതീയ എന്നു പേരുണ്ടായതെന്നും മേല്‍ ഉദ്ധരിച്ചതില്‍നിന്നു മനസ്സിലാക്കാം. യുഗാദിതിഥികളില്‍ ശ്രാദ്ധം പിതൃക്കള്‍ക്കു പ്രത്യേകം പ്രീതികരമായതുകൊണ്ട് അക്ഷയതൃതീയ ഈ വക കര്‍മങ്ങള്‍ക്കു ഏറ്റവും പറ്റിയതാണ്. (യുഗാദിതിഥികളില്‍ ചെയ്യുന്ന ശ്രാദ്ധത്തില്‍ പിണ്ഡം നിഷേധിക്കപ്പെട്ടിട്ടുണ്ട്.)

വര്‍ഷത്തിലെ ഏറ്റവും ആദരണീയങ്ങളായ തിഥികളില്‍ അക്ഷയതൃതീയ ഉള്‍പ്പെടുന്നു. ദേവന്‍മാര്‍ക്കുപോലും ഇതു വന്ദനീയമാണ് എന്നു പ്രകീര്‍ത്തിക്കപ്പെട്ടിരിക്കുന്നു. അന്ന് യവം കൊണ്ടു ഹോമം നടത്തുകയും വിഷ്ണുവിന് അര്‍ച്ചിക്കുകയും ദ്വിജാദികള്‍ക്കു യവം ദാനം ചെയ്യുകയും ശിവന്‍, ഭഗീരഥന്‍ മുതലായവരെയും ഗംഗ, കൈലാസം എന്നിവയെയും പൂജിക്കുകയും ചെയ്യണമെന്നു ബ്രഹ്മപുരാണത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. പരശുരാമന്‍ ജനിച്ചത് അക്ഷയതൃതീയയിലാകയാല്‍ ആ ദിവസം പരശുരാമരൂപമുണ്ടാക്കി പൂജിക്കുന്ന സമ്പ്രദായം ഭാരതത്തിലെങ്ങുമുണ്ട്. അക്ഷയതൃതീയയ്ക്ക് എല്ലാ ക്ഷേത്രങ്ങളിലുംതന്നെ വിശേഷാല്‍ പൂജകള്‍ നടക്കാറുണ്ട്.

അക്ഷയ എന്ന വിശേഷണം ചില പ്രത്യേകവിശ്വാസങ്ങളെ ആധാരമാക്കി ചതുര്‍ഥി, സപ്തമി, അമാവാസി തുടങ്ങിയ തിഥികളോടും ചേര്‍ത്തു പ്രയോഗിക്കാറുണ്ട്. ചൊവ്വാഴ്ചയും ശുക്ളചതുര്‍ഥിയും കൂടിയത് അക്ഷയചതുര്‍ഥിയും ഞായറാഴ്ചയും കറുത്തവാവും ചേര്‍ന്നത് അക്ഷയ-അമാവാസിയുമായി കരുതിപ്പോരുന്നു. ഈ ദിവസങ്ങളില്‍ ചെയ്യുന്ന പുണ്യകര്‍മങ്ങളുടെ ഫലം ക്ഷയമില്ലാത്തതാണെന്ന സങ്കല്പമാണ് ഈ സംജ്ഞകള്‍ക്ക് ആസ്പദം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍