This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ദിരാഗാന്ധി (1917 - 84)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:31, 13 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇന്ദിരാഗാന്ധി (1917 - 84)

ഇന്ദിരാഗാന്ധി (1959, 1978-84)

പ്രധാനമന്ത്രിയും പാർട്ടി അധ്യക്ഷയുമായിരുന്ന കോണ്‍ഗ്രസ്‌ നേതാവ്‌, നിശ്ചയ ദാർഢ്യവും ഇച്ഛാശക്തിയും പ്രകടിപ്പിച്ച ഭരണാധികാരി, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്‌ക്കും സ്വയം പര്യാപ്‌തതയ്‌ക്കും ദാരിദ്യ്ര നിർമാർജനത്തിനും ശാസ്‌ത്രപരിപോഷണത്തിനും പ്രാമുഖ്യം നല്‌കിയ പ്രധാനമന്ത്രി, ലോകരാഷ്‌ട്രങ്ങള്‍ക്കിടയിൽ ഇന്ത്യയുടെ യശസ്‌ ഉയർത്തിയ തന്ത്രജ്ഞ എന്നീ നിലകളിൽ ശ്രദ്ധേയ. ഭീകരതയ്‌ക്കും വിഘടനത്തിനുമെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ധീരദേശാഭിമാനി.

അലഹബാദിലെ പ്രശസ്‌തമായ ആനന്ദഭവനിൽ ജവാഹർലാൽ നെഹ്‌റു-കമലാകൗള്‍ ദമ്പതികളുടെ മകളായി 1917 ന. 19-ന്‌ ഇന്ദിരാ പ്രിയദർശിനി ജനിച്ചു. അലഹബാദ്‌, ബോംബെ, പൂന, ശാന്തിനികേതന്‍, ബ്രിസ്റ്റാള്‍, സ്വിറ്റ്‌സർലണ്ട്‌, ഓക്‌സ്‌ഫഡ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പക്ഷേ പിതാവായിരുന്നു ഇന്ദിരയുടെ ശ്രദ്ധാലുവായ ഗുരുനാഥന്‍. അദ്ദേഹം ലോകത്തിലെവിടെയായിരുന്നാലും, ചിലപ്പോള്‍ ജയിലിനുള്ളിൽ നിന്നുപോലും കത്തുകളിലൂടെ മകള്‍ക്ക്‌ വിജ്ഞാനം പകർന്നു നല്‌കി. പില്‌ക്കാലത്ത്‌ ഈ കത്തുകളെ അധികരിച്ച്‌ പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥങ്ങളാണ്‌-ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍, വിശ്വചരിത്രാവലോകനം എന്നിവ.

ആനന്ദഭവനം സ്വാന്ത്യ്രസമരസേനാനികളുടെ സംഗമ സ്ഥലമായിരുന്നതിനാൽ ഇന്ദിരയ്‌ക്ക്‌ ബാല്യം മുതല്‌ക്കേ കോണ്‍ഗ്രസ്‌ നേതാക്കന്മാരും പ്രവർത്തകരുമായി ഇടപെടാന്‍ കഴിഞ്ഞിരുന്നു. നിരോധിക്കപ്പെട്ട കോണ്‍ഗ്രസ്‌ പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്യാനും പൊലീസിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച്‌ നേതാക്കന്മാരെ അറിയിക്കുവാനുമായി "വാനരസേന' എന്ന ബാലസംഘം രൂപീകരിച്ച്‌ പ്രവർത്തിച്ചു. പഠനത്തിനുശേഷം കോണ്‍ഗ്രസ്‌ പ്രവർത്തകയായി. 25-ാം വയസ്സിൽ കോണ്‍ഗ്രസ്‌ നേതാവായിരുന്ന ഫിറോസ്‌ ഗാന്ധിയെ വിവാഹം കഴിച്ചു. ക്വിറ്റിന്ത്യാസമരത്തിൽ പങ്കെടുത്തതിന്‌ ഇരുവരെയും ശിക്ഷിച്ച്‌ ജയിലിലടച്ചു. രാജീവ്‌, സഞ്‌ജയ്‌ എന്നിവർ ഈ ദമ്പതികളുടെ പുത്രന്മാരാണ്‌.

[ചിത്രം:Vol4p108_Nehru with indira-1.jpg|thumb|]]

ഇന്ത്യാവിഭജനത്തെത്തുടർന്നുണ്ടായ അഭയാർഥിപ്രവാഹവും വർഗീയലഹളയും പരിഹരിക്കുന്നതിൽ ഇന്ദിരാഗാന്ധി സജീവമായി ഇടപെട്ടു. കോണ്‍ഗ്രസ്സിൽ വനിതാവിഭാഗവും യുവജനവിഭാഗവും പുനഃസംഘടിപ്പിച്ച്‌ പാർട്ടിപ്രവർത്തനം ശക്തമാക്കി. 1955-ൽ കോണ്‍ഗ്രസ്‌ പ്രവർത്തക സമിതി, തിരഞ്ഞെടുപ്പ്‌ സമിതി, പാർലമെന്ററി ബോർഡ്‌ എന്നിവയിൽ അംഗമായി. കോണ്‍ഗ്രസ്‌ അധ്യക്ഷയായി 1959-ൽ തിരഞ്ഞെടുക്കപ്പെട്ടു. ഫിറോസ്‌ ഗാന്ധിയുടെയും ജവാഹർലാൽ നെഹ്‌റുവിന്റെയും നിര്യാണത്തെ ത്തുടർന്ന്‌ പാർട്ടി പ്രവർത്തനത്തിനൊപ്പം ഭരണത്തിലും പങ്കാളിയാകേണ്ടിവന്നു. ലാൽബഹാദൂർ ശാസ്‌ത്രിയുടെ മന്ത്രിസഭയിൽ വാർത്താവിതരണ മന്ത്രിയായി. അദ്ദേഹത്തിന്റെ ആകസ്‌മിക നിര്യാണത്തെത്തുടർന്ന്‌ 1966 ജനുവരിയിൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു.

ഇന്ദിരാഗാന്ധിയുടെ സോഷ്യലിസ്റ്റ്‌ ചായ്‌വ്‌ കോണ്‍ഗ്രസ്സിനുള്ളിൽ ആശയപരമായ ഭിന്നത ഉണ്ടാക്കി. വലിയൊരു വിഭാഗം നേതാക്കന്മാർ അവർക്കെതിരായി രംഗത്തുവന്നു. തുടർന്നുവന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്‌ സ്ഥാനാർഥിക്കെതിരെ മത്സരിച്ച വി.വി. ഗിരിയെ പിന്തുണച്ചു. മനഃസാക്ഷിവോട്ട്‌ നേടി ഗിരി ജയിച്ചു. ഇതോടെ കോണ്‍ഗ്രസ്സിലെ ഭിന്നിപ്പ്‌ പിളർപ്പായി മാറി. 1969-ൽ സംഘടനാ കോണ്‍ഗ്രസ്‌ ഇന്ദിരയുടെ നേതൃത്വത്തിനെതിരായി പ്രത്യേക പാർട്ടിയായി. 1977-ൽ അധികാരം നഷ്‌ടപ്പെട്ടതോടെ ഒരു വിഭാഗം കോണ്‍ഗ്രസ്‌ നേതാക്കന്മാർ ഇന്ദിരാഗാന്ധിയെ തള്ളിപ്പറയുകയും കോണ്‍ഗ്രസ്‌ (എസ്‌) എന്ന പ്രത്യേക പാർട്ടി 1978-ൽ രൂപീകരിക്കുകയും ചെയ്‌തു. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ കോണ്‍ഗ്രസ്‌ (ഐ) എന്നും അറിയപ്പെടാന്‍ തുടങ്ങി.

ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ്‌ നാല്‌, പൊതു തിരഞ്ഞെടുപ്പുകളെയാണ്‌ നേരിട്ടത്‌. അഞ്ചാമത്തെയും ഏഴാമത്തെയും തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക്‌ 350-ൽപ്പരം ലോക്‌സഭാ സീറ്റുകളും 43 ശതമാനത്തോളം വോട്ടും ലഭിച്ചു. നാലാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 283 സീറ്റുകളും 41 ശതമാനം വോട്ടുമേ നോടാനായുള്ളൂ. അടിയന്തരാവസ്ഥയ്‌ക്കുശേഷം നടന്ന ആറാമത്തെ തിരഞ്ഞെടുപ്പിൽ 154 സീറ്റും 34 ശതമാനം വോട്ടും നേടി പ്രതിപക്ഷത്തിരിക്കേണ്ടിവന്നു. പാർട്ടിക്കുള്ളിലെ ഛിദ്രവും അടിയന്തരാവസ്ഥയിലെ ചെയ്‌തികളെക്കുറിച്ചുള്ള ആക്ഷേപങ്ങളും കോണ്‍ഗ്രസ്സിന്റെയും ഇന്ദിരാഗാന്ധിയുടെയും ജനസ്വാധീനം കുറയാന്‍ കാരണമായി. വിലക്കയറ്റം, തൊഴിലില്ലായ്‌മ, അഴിമതി എന്നിവയ്‌ക്കെതിരെയുള്ള ജയപ്രകാശ്‌ നാരായണന്റെ സമ്പൂർണ വിപ്ലവം നിയമ നിഷേധ പ്രസ്ഥാനമായിമാറി. 1975-ൽ അലഹബാദ്‌ ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ്‌ അസാധുവാക്കുകയും ആറ്‌ വർഷത്തേക്ക്‌ അവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നും വിലക്കുകയും ചെയ്‌തു. പ്രതിപക്ഷം പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ പ്രക്ഷോഭണം ശക്തമാക്കി. ഇന്ദിരാഗാന്ധി, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ പ്രക്ഷോഭണത്തെ അടിച്ചമർത്തി. പൗരാവകാശങ്ങളും, പൗരസ്വാതന്ത്യ്രവും പരിമിതപ്പെടുത്തി. വാർത്താ മാധ്യമങ്ങള്‍ക്ക്‌ നിയന്ത്രണം ഏർപ്പെടുത്തി. ഭരണകൂടവും ജനങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. അടിയന്തരാവസ്ഥ പ്രഖ്യാപനം ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ കളങ്കമായി വിലയിരുത്തപ്പെടുന്നു. വിഘടനവാദികളെയും ഭീകരരെയും അമർച്ച ചെയ്യുന്നതിന്‌ ഇന്ദിരാഗാന്ധി കർശന നടപടികള്‍ സ്വീകരിച്ചു. അമൃതസറിലെ സുവർണ ക്ഷേത്രത്തിൽ തമ്പടിച്ചിരുന്ന ഭീകരരെ തുരത്തുവാന്‍ സ്വീകരിച്ച സൈനിക നടപടി ഏറെ വിവാദം സൃഷ്‌ടിച്ചു. 1984 ഒ. 31-ന്‌ ഭീകരരുമായി ബന്ധമുണ്ടായിരുന്ന സുരക്ഷാ ഭടന്മാരുടെ വെടിയേറ്റ്‌ അവർ മരണമടഞ്ഞു.

1977 മുതൽ 80 വരെയുള്ള കാലം ഇന്ദിരാഗാന്ധിക്ക്‌ വിഷമമേറിയതായിരുന്നു. ജനതാ ഗവണ്‍മെന്റിന്റെ പകപോക്കൽ നടപടികള്‍ക്കെതിരായ നിയമപോരാട്ടം, ജനങ്ങളെ അണി നിരത്തിയുള്ള ചെറുത്തുനില്‌പ്‌, പാർട്ടിയെ ശക്തിപ്പെടുത്തുക, നഷ്‌ടപ്പെട്ടുപോയ ജനപിന്തുണ ആർജിക്കൽ എന്നിവ ഇക്കാലത്തെ അവരുടെ കർമപദ്ധതിയിൽ ഉള്‍പ്പെട്ടിരുന്നു. ഈ വിഷമഘട്ടത്തിൽ പതറാതെ, തളരാതെ പോരാടി നഷ്‌ടപ്പെട്ടതെല്ലാം അവർ വീണ്ടെടുത്തു. 1980-ലെ തിരഞ്ഞെടുപ്പുഫലം ഇതിന്‌ തെളിവാണ്‌. ഇന്ദിരാഗാന്ധി നാല്‌ പ്രാവശ്യം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. 1966 മുതൽ 77 വരെ തുടർച്ചയായി മൂന്ന്‌ പ്രാവശ്യവും നാലാമത്തെ പ്രാവശ്യം 1980 മുതൽ 84 വരെയുമായിരുന്നു. ദീർഘമായ ഈ കാലയളവിൽ അവർ ഭരണകർത്താവെന്ന നിലയിൽ പല നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്‌. ഇന്ത്യയെ പ്രബലമായൊരു ആധുനിക രാഷ്‌ട്രമാക്കുക എന്നതായിരുന്നു അവരുടെ പരിഷ്‌കാരങ്ങളുടെ ലക്ഷ്യം. പത്തിനപരിപാടികളിലൂന്നിയാണ്‌ സാമ്പത്തിക പരിഷ്‌കാരം നടപ്പിലാക്കിയത്‌. ബാങ്കുകളുടെ മേൽ സാമൂഹ്യ നിയന്ത്രണം ഏർപ്പെടുത്തുക, കുത്തകകളെ നിയന്ത്രിക്കുക, ഇന്‍ഷ്വറന്‍സ്‌ ദേശസാത്‌കരിക്കുക സ്വത്തവകാശത്തിന്‌ പരിധി നിശ്ചയിക്കുക, ഇറക്കുമതി കയറ്റുമതി വ്യാപാരം ഗവണ്‍മെന്റ്‌ നിയന്ത്രണത്തിലാക്കുക. ഭക്ഷ്യധാന്യവിതരണം ഗവണ്‍മെന്റിന്റെ ഉത്തരവാദിത്ത്വത്തിലാക്കുക, മുന്‍ രാജാക്കന്മാരുടെ പ്രിവിപഴ്‌സും പ്രത്യേക അവകാശങ്ങളും നിർത്തലാക്കുക എന്നിവ പത്തിന പരിപാടിയിൽപ്പെടുന്നു. പൊതുമേഖലയെ ശക്തിപ്പെടുത്തുവാന്‍ ഗവണ്‍മെന്റ്‌ നടപടികള്‍ സ്വീകരിച്ചു. പ്രധാന ബാങ്കുകളും ഇന്‍ഷ്വറന്‍സും ദേശസാത്‌കരിച്ചു. മുന്‍രാജാക്കന്മാരുടെ പ്രത്യേകാവകാശങ്ങളും പ്രിവിപഴ്‌സും നിർത്തലാക്കി. ഭക്ഷ്യധാന്യ വിപണനത്തിൽ നിയന്ത്രമണമേർപ്പെടുത്തി. ഭൂപരിഷ്‌കരണം ത്വരിതപ്പെടുത്തുവാന്‍ സംസ്ഥാനങ്ങള്‍ക്ക്‌ നിർദേശം നല്‌കി. ഈ പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ സമ്പദ്‌ഘടനയെ ഉടച്ചുവാർത്തു. [ചിത്രം:Vol4p108_indiragandi (f).jpg|thumb|]] ദാരിദ്ര്യനിർമാർജനത്തിന്റെ ആദ്യപടിയായി ഭക്ഷ്യധാന്യങ്ങളുടെ ഉത്‌പാദനത്തിൽ സ്വയം പര്യാപ്‌തത കൈവരിക്കേണ്ടതുണ്ടായിരുന്നു. ആധുനിക ശാസ്‌ത്ര-സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗോതമ്പ്‌, അരി, പാല്‌ എന്നിവയുടെ ഉത്‌പാദനം വന്‍തോതിൽ വർധിപ്പിക്കുകയും മിച്ചമുള്ളവ കയറ്റുമതി ചെയ്യുകയും ചെയ്‌തു. സമൂഹത്തിലെ ദുർബല വിഭാഗങ്ങള്‍ക്കും സ്‌ത്രീകള്‍ക്കും, വിദ്യാഭ്യാസം, തൊഴിൽ സമ്പത്ത്‌ എന്നിവ നേടുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കി, ഗ്രാമീണ ഭാരതത്തിന്റെ വികസനത്തിനുള്ള അവരുടെ കർമപരിപാടികള്‍ വിജയം കണ്ടു. [ചിത്രം:Vol4p108_The dead Indira Gandhi.jpg|thumb|]] എച്ച പര്യവേക്ഷണം വ്യാപിപ്പിക്കുകയും ഉത്‌പാദനം വർധിപ്പിക്കുകയും ചെയ്‌തു. പിതാവിനെപ്പോലെ ഇന്ദിരാഗാന്ധിയും ശാസ്‌ത്ര ഗവേഷണം പരിപുഷ്‌ടിപ്പെടുത്തുന്നതിൽ കാര്യമായ താത്‌പര്യമെടുത്തു. ശാസ്‌ത്ര-സാങ്കേതിക വകുപ്പും ബഹിരാകാശ വകുപ്പും ആരംഭിച്ചു. ശാസ്‌ത്ര-സാങ്കേതിക നയത്തിന്‌ രൂപം നല്‌കി. ആണവോർജം അധികമായി ഉത്‌പാദിപ്പിച്ച്‌ വ്യവസായവത്‌കരണം ത്വരിതപ്പെടുത്തി. വാർത്താവിനിമയരംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങള്‍ നിലവിൽ വന്നു. കൃത്രിമ ഉപഗ്രഹങ്ങള്‍ സ്വന്തമായി നിർമിച്ചു. പൊഖ്‌റാനിൽ അണു സ്‌ഫോടനം നടത്തിയതോടെ ഇന്ത്യ പ്രബല രാഷ്‌ട്രങ്ങളുടെ പട്ടികയിൽ ഇടംനേടി. വിദേശ രംഗത്തും ഇന്ദിരാഗാന്ധിയുടെ നേട്ടങ്ങള്‍ തിളക്കമേറിയതായിരുന്നു. പാകിസ്‌താനുമായുള്ള സംഘർഷം ലഘൂകരിച്ചു. കിഴക്കന്‍ പാകിസ്‌താന്റെ മോചനത്തിന്‌ സഹായം നല്‌കി. ബാംഗ്ലദേശ്‌ പിറവിയെടുത്തു. പാകിസ്‌താനുമായി സിംലാകരാറിൽ ഒപ്പുവച്ചു. അമേരിക്കയുടെയും ചൈനയുടെയും ഭീഷണി വകവയ്‌ക്കാതെ സോവിയറ്റ്‌ യൂണിയനുമായി സൗഹാർദ ഉടമ്പടിയിലേർപ്പെട്ടു. അറബിരാജ്യങ്ങളും ആഫ്രിക്കന്‍ രാജ്യങ്ങളും ഇന്ത്യയുമായി ഇക്കാലത്ത്‌ നല്ല ബന്ധം പുലർത്തിയിരുന്നു. ചേരിചേരാപ്രസ്ഥാനം ശക്തമാക്കുന്നതിൽ, കാര്യമായ പങ്ക്‌ വഹിച്ചു.

ഭരണാധികാരിയെന്ന നിലയിൽ ഇന്ദിരാഗാന്ധി കൈവരിച്ച നേട്ടങ്ങള്‍ ഇന്ത്യയെ പ്രബലശക്തിയാക്കുന്നതിൽ വലിയൊരു പങ്ക്‌ വഹിച്ചിട്ടുണ്ട്‌.

(ഡോ. രാമചന്ദ്രന്‍നായർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍