This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇസ്‌ലാം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
ഇസ്‌ലാം
Islam
മുസ്‌ലിങ്ങള്‍ തങ്ങളുടെ മതത്തിന് പറയുന്ന പേർ. ആദം മുതലുള്ള പ്രവാചകരിൽ അവസാനത്തേതായ മുഹമ്മദിൽക്കൂടി ലോകത്തിനു നല്‌കപ്പെട്ടിട്ടുള്ള ദൈവികസന്ദേശമായാണ് മുസ്‌ലിങ്ങള്‍ ഇസ്‌ലാമിനെ അവകാശപ്പെടുന്നത്. ദൈവവചനമായ "ഖുർ ആന്‍', മുഹമ്മദിന്റെ ജീവിതചര്യയി(സുന്നത്തി)ലടങ്ങിയിട്ടുള്ള പാരമ്പര്യങ്ങളായ "ഹദീസ്' എന്നിവയുടെ അടിസ്ഥാനത്തിലാണ് അതിന്റെ സിദ്ധാന്തവും പ്രയോഗവും. ഇസ്‌ലാം എന്ന പദത്തിന് അറബിഭാഷയിൽ "ദൈവാഭീഷ്‌ടത്തോടുള്ള സമർപ്പണം' എന്നാണ് അർഥം. ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണങ്ങളിൽ അടിയുറച്ചു വിശ്വസിച്ചെങ്കിൽ മാത്രമേ ഒരാള്‍ മുസ്‌ലിം ആവുകയുള്ളൂ. പ്രസ്‌തുത മൗലികതത്ത്വപ്രമാണങ്ങളെ "ഈമാന്‍' കാര്യങ്ങള്‍ എന്നു വിളിക്കുന്നു. അല്ലാഹുവിലും ദൈവദൂതന്മാരിലും അന്ത്യവിധിയിലും മരണാനന്തരജീവിതത്തിലും ഉള്ള വിശ്വാസങ്ങളാണ് ഈ പ്രമാണങ്ങള്‍. മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നു സമ്മതിച്ചു പ്രഖ്യാപിക്കുക, ദിവസത്തിൽ അഞ്ച് നേരത്തെ നമസ്‌കാരം നിർവഹിക്കുക, "സക്കാത്ത്' നല്‌കുക, വ്രതമനുഷ്‌ഠിക്കുക, മക്കയിൽ പോയി ഹജ്ജ് നിർവഹിക്കുക തുടങ്ങി നിർബന്ധമായി ഒരു മുസ്‌ലിം അനുഷ്‌ഠിക്കേണ്ട ചില കർമങ്ങളുണ്ട്. ആത്മീയ-ധാർമിക വ്യവസ്ഥകളും കുടുംബ-സാമൂഹിക-സാമ്പത്തിക-രാഷ്‌ട്രീയ-നിയമവ്യവസ്ഥകളും ഉള്‍ക്കൊള്ളുന്ന ഒരു സമ്പൂർണ ജീവിതപദ്ധതിയാണ് ഇസ്‌ലാം.
ഇസ്‌ലാമിന്റെ കല്‌പനകള്‍ അവയുടെ സമ്പൂർണവും ഉദാത്തവുമായ രൂപത്തിൽ നിർവഹിക്കുന്നതിന് "ഇഹ്‌സാന്‍' എന്നു പറയുന്നു. മേൽ വിവരിച്ച ഇസ്‌ലാമിക ലക്ഷ്യം നേടിയെടുക്കുവാന്‍വേണ്ടി നിശ്ചയിക്കപ്പെട്ട മാർഗമാണ് "തസവുഫ്' (ആത്മസംസ്‌കരണം). കർമാനുഷ്‌ഠാനങ്ങള്‍ക്ക് ആന്തരചൈതന്യം നേടിക്കൊടുക്കുന്നത് തസവുഫ് ആണ്.
അടിസ്ഥാനവിശ്വാസങ്ങള്‍
അല്ലാഹു
ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്‌ടാവുണ്ടെന്നും അത് അല്ലാഹുവാണെന്നുമാണ് ഒന്നാമത്തെ വിശ്വാസം. അല്ലാഹുവിന്റെ സത്തയിലും ഗുണങ്ങളിലും പ്രസ്‌തുതഗുണങ്ങളുമായി ബന്ധപ്പെട്ട അധികാരാവകാശങ്ങളിലും മറ്റാരും പങ്കുകാരല്ലെന്ന് മുസ്‌ലിങ്ങള്‍ വിശ്വസിക്കുന്നു. ദൈവത്തിന്റെ ഏകത്വമാണ് പരമപ്രധാനമായ വിശ്വാസം; അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനുമില്ല (ലാ ഇലാഹ ഇല്ലല്ലാഹ്. ഖു. 47:21). അല്ലാഹുവിന്റെ 99 ഗുണങ്ങളെ ഖുർആന്‍ പ്രകീർത്തിക്കുന്നു. നോ. അല്ലാഹു അല്ലാഹു ഒഴികെയുള്ള സമസ്‌തവസ്‌തുക്കളും അല്ലാഹുവിന്റെ സൃഷ്‌ടികളാണ്. അവയ്‌ക്കൊന്നിനും തനതായ യാതൊരു കഴിവും ഇല്ല; എല്ലാം അവന്റെ അനുഗ്രഹവും ഔദാര്യവുംമാത്രം. അല്ലാഹുവിന്റെ സത്ത ഇതര അസ്‌തിത്വങ്ങളിൽ നിന്നെല്ലാം ഭിന്നമാണ്. ആരാധനയുമായി ബന്ധപ്പെട്ട എല്ലാം അവനുമാത്രമേ ആകാവൂ. നേർച്ച, വഴിപാട്, പ്രാർഥന, ഭക്തി, അർപ്പണം, യഥാർഥ സ്‌നേഹം എന്നിവയെല്ലാം അവനു മാത്രമുള്ളവയാണ്. ദൈവസാമീപ്യത്തിനു മറ്റൊരാളുടെ മാധ്യസ്ഥ്യം ആവശ്യമില്ല.
പരലോകവിശ്വാസം
മനുഷ്യജീവിതം മരണത്തോടുകൂടി അവസാനിക്കുന്നില്ലെന്നും മരണാനന്തരവും അത് അനുസ്യൂതം തുടരുന്നുവെന്നും മുസ്‌ലിങ്ങള്‍ വിശ്വസിക്കുന്നു. പരലോകജീവിതത്തിനു പല ഘട്ടങ്ങളുണ്ട്. അല്ലാഹുവിന്റെ കല്‌പനപ്രകാരം ആകാശവും ഭൂമിയും അടങ്ങുന്ന ഈ മഹാപ്രപഞ്ചം അടിമുടി തകിടം മറിക്കപ്പെടുന്ന ഒരു നാള്‍ വരാനുണ്ട്, അന്ന് ഭൂമുഖത്ത് യാതൊരു ജീവിയും അവശേഷിക്കുകയില്ല. ഇതിനാണ് "ഖിയാമത്ത്' (ലോകാവസാനം) എന്നുപറയുന്നത്. ഖിയാമത്തിനുശേഷം ലോകാരംഭം മുതൽ അന്ത്യനാള്‍വരെയുണ്ടായിരുന്ന സമസ്‌ത ജീവജാലങ്ങളെയും ജഡത്തോടും ആത്മാവോടും കൂടി പുതിയൊരു ലോകത്ത് ഒരുമിച്ച് കൂട്ടുന്നതിന് ഹഷ്‌ർ (പുനരുത്ഥാനം) എന്ന് പറയുന്നു.
പുനരുത്ഥാനത്തോടുകൂടി മരണാനന്തരജീവിതം ആരംഭിക്കുന്നു. എല്ലാവരും സ്രഷ്‌ടാവായ അല്ലാഹുവിന്റെ തിരുസന്നിധിയിൽ ഹാജരാക്കപ്പെടുകയും ഐഹികജീവിതത്തിലെ അവരുടെ പ്രവർത്തനങ്ങള്‍ വിചാരണ ചെയ്യപ്പെടുകയും ചെയ്യും. ഏതൊരുവന്റെ നന്മകള്‍ക്കു മുന്‍തൂക്കമുണ്ടോ അവന് പ്രതിഫലമായി സീമാതീതമായ അനുഗ്രഹങ്ങള്‍ നിറഞ്ഞ സ്വർഗം ലഭ്യമാകും; ഒരുവന്റെ തിന്മകള്‍ നന്മയെ അതിശയിക്കുമ്പോള്‍ അവന് ക്ലേശപൂർണവും ദുരിതങ്ങള്‍ നിറഞ്ഞതുമായ നരകവും ലഭിക്കും. ഇസ്‌ലാമികവിശ്വാസപ്രകാരം മരിച്ചുപോയ മനുഷ്യരെ വീണ്ടും ഉയിർത്തെഴുന്നേല്‌പിക്കുന്നത് മനുഷ്യനായിത്തന്നെയാണ്. ഓരോ മനുഷ്യനും അവരവരുടെ കർമഫലം അനുഭവിച്ചേ തീരൂ.
പ്രവാചകദൗത്യത്തിലുള്ള വിശ്വാസം
പ്രപഞ്ചനാഥനായ അല്ലാഹു മനുഷ്യർക്കു സന്മാർഗം കാണിച്ചുകൊടുക്കുവാന്‍വേണ്ടി നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥയ്‌ക്കാണ് ദൗത്യം അഥവാ പ്രവാചകത്വം എന്നു പറയുന്നത്. മനുഷ്യസൃഷ്‌ടിയുടെ ഉദ്ദേശ്യംതന്നെ അല്ലാഹുവിനോടുള്ള വിധേയത്വവും അനുസരണവുമാണ്; മോക്ഷത്തിനു നിദാനം ദൈവപ്രീതി കരസ്ഥമാക്കലും. ദൈവത്തെ അനുസരിക്കുന്നതിനും ദൈവപ്രീതി കരസ്ഥമാക്കുന്നതിനും അവന്റെ കല്‌പനകളും ഇഷ്‌ടാനിഷ്‌്‌ടങ്ങളും അറിഞ്ഞേതീരൂ. അതിനായി അല്ലാഹു തന്നെ മനുഷ്യരിൽ ചിലരെ തെരഞ്ഞെടുത്ത്, അവർക്കു സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുന്നു. ഓരോ പ്രവാചകനും സ്വസമുദായത്തിന്റെ ഭാഷയിലാണ് സന്ദേശങ്ങള്‍ ലഭിക്കുക. പ്രവാചകത്വം പരിശ്രമിച്ചുനേടിയെടുക്കാവുന്ന ഒന്നല്ല; മറിച്ച് ദൈവം തന്റെ അഭീഷ്‌ടപ്രകാരം തെരഞ്ഞെടുക്കുന്ന വ്യക്തികള്‍ക്കു മാത്രം ലഭിക്കുന്ന ഒരനുഗ്രഹമാണ്. വഹ്‌യ് (ദിവ്യബോധം) വഴിക്കാണ് ദിവ്യസന്ദേശങ്ങള്‍ ലഭിക്കുക. അതിന് വിവിധോപാധികളുണ്ട്; ചിലപ്പോള്‍ നേരിട്ടുള്ള വെളിപാടിലൂടെയും മറ്റു ചിലപ്പോള്‍ ദൈവദൂതന്‍ മുഖേനയുമായിരിക്കും ലഭ്യമാകുക.
ലോകത്തിലെ എല്ലാ ജനസമൂഹങ്ങളിലും പ്രവാചകന്മാരുണ്ടായിട്ടുണ്ട്. അടിസ്ഥാനപരമായി എല്ലാ പ്രവാചകരുടെയും പ്രബോധനം ഒന്നുതന്നെയായിരുന്നു. കാലദേശാനുസൃതമായി വിശദാംശങ്ങളിൽ വ്യത്യാസമുണ്ടായിരിക്കാം.
എല്ലാ പ്രവാചകന്മാരും വിശിഷ്‌ടരായ മനുഷ്യരായിരുന്നു. അവർ പാപങ്ങളിൽ നിന്നും സുരക്ഷിതരായിരുന്നു. ദൈവം മനുഷ്യരൂപത്തിൽ അവതരിക്കുക, ദൈവം മനുഷ്യപുത്രനായി ജനിക്കുക, മനുഷ്യന്‍ ദൈവമായി മാറുക എന്നീ സിദ്ധാന്തങ്ങളെ ഖുർആന്‍ ശക്തിയായി നിരാകരിക്കുന്നു. എല്ലാ പ്രവാചകന്മാരുടെയും ദൗത്യത്തിൽ മുസ്‌ലിങ്ങള്‍ വിശ്വസിച്ചിരിക്കണം. പ്രവാചകന്മാർക്കിടയിൽ ഭേദം കല്‌പിക്കുവാന്‍ പാടില്ല. ഏതൊരു പ്രവാചകന്റെയും നാമശ്രവണമാത്രയിൽ അദ്ദേഹത്തിനുവേണ്ടി പ്രാർഥിക്കണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അന്ത്യപ്രവാചകനെന്ന നിലയ്‌ക്ക് മുഹമ്മദ് നബിയുടെ സന്ദേശം മാത്രമായിരിക്കണം മുസൽമാന്റെ ജീവിതമാതൃക.
മലക്കുകളും ദിവ്യഗ്രന്ഥങ്ങളും
ദൈവത്തിന് മലക്കുകള്‍ എന്നു പേരായി ചില പ്രത്യേക സൃഷ്‌ടികളുെണ്ടന്നും പ്രപഞ്ചത്തിന്റെ ഭരണവ്യവസ്ഥയിൽ ജനങ്ങളെ ദൈവത്തിന്റെ ആജ്ഞാനുവർത്തികളാക്കുകയാണ് അവരുടെ ചുമതലയെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. പ്രവാചകന്മാർക്ക് ദിവ്യസന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുക മലക്കുകള്‍ മുഖേനയാണ്. അന്ത്യപ്രവാചകനുവേണ്ടി പ്രത്യേകം നിയുക്തനായ മലക്കാണ് "ജിബ്രീൽ'.
ഇസ്‌ലാമിന്റെ മൗലികവിശ്വാസങ്ങളിൽ ഒന്നാണ് ദിവ്യഗ്രന്ഥങ്ങളിലുള്ള വിശ്വാസം. പ്രവാചകനായ ദാവീദിന്റെ സങ്കീർത്തനങ്ങള്‍, (സബൂർ) മൂസയുടെ തൗറാത്ത്, ഈസയുടെ ഇന്‍ജിൽ എന്നിവ ഖുർആനിൽ എടുത്തുപറഞ്ഞിട്ടുള്ള ദിവ്യഗ്രന്ഥങ്ങളാണ്. പൂർവ പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളിൽ പില്‌ക്കാലത്ത് മാറ്റങ്ങളും തിരുത്തലുകളും സംഭവിച്ചിട്ടുണ്ടെങ്കിലും മാറ്റങ്ങളില്ലാത്ത ആ ദിവ്യഗ്രന്ഥങ്ങളെ അംഗീകരിക്കണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.
ദൈവവിധി
ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളിൽ ഒന്നാണ് ദൈവവിധി. ദൈവേച്ഛയും ദൈവവിധിയും കൂടാതെ ഈ പ്രപഞ്ചത്തിൽ യാതൊന്നും സംഭവിക്കുന്നില്ല. മനുഷ്യന്റെ ഇച്ഛയും തീരുമാനങ്ങളും നടപ്പാക്കണമെങ്കിൽ ദൈവേച്ഛയും ദൈവവിധിയും കൂടിയേ തീരൂ. അവയെ മറികടക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല.
അനുഷ്‌ഠാനങ്ങള്‍
നമസ്‌കാരം
ഇസ്‌ലാം അനുശാസിച്ചിട്ടുള്ള അനുഷ്‌ഠാനങ്ങളിൽ അതിപ്രധാനം നമസ്‌കാരമാണ്. ദിവസത്തിൽ അഞ്ചുനേരത്തെ നമസ്‌കാരമാണ് വേണ്ടത്. സർവശക്തനായ സൃഷ്‌ടികർത്താവിന്റെ മുമ്പിൽ കൈകെട്ടി നിന്നുകൊണ്ട് തന്റെ ജീവിതം പൂർണമായും അവനിൽ അർപ്പിച്ചിരിക്കുന്നുവെന്ന് പ്രതിജ്ഞചെയ്യുക, അവന്റെ ഉത്‌കൃഷ്‌ടഗുണങ്ങള്‍ എടുത്തുപറഞ്ഞ് അവനെ വാഴ്‌ത്തുക, അവനോട് സഹായം അഭ്യർഥിക്കുക, പാപമോചനത്തിനായി പ്രാർഥിക്കുക, അത് നിന്നും (ഖിയാം) ഇരുന്നും (ഇഅത്തിദാൽ) കുനിഞ്ഞുനിന്നും (റുകൂഅ്) സാഷ്‌ടാംഗം നമിച്ചും (സുജൂദ്) ആവർത്തിക്കുക-ഇങ്ങനെ അടിമയായ മനുഷ്യന്‍ തന്റെ യജമാനനിൽ സർവസ്വവും അർപ്പിച്ചുകൊണ്ട് ദൈവസാമീപ്യത്തിനായി ശ്രമിക്കുന്നു. അംഗശുദ്ധിവരുത്തി, വൃത്തിയുള്ള വസ്‌ത്രങ്ങള്‍ ധരിച്ച്, പരിശുദ്ധമായ ഒരു സ്ഥലത്തുവച്ചാണ് ഇതു ചെയ്യുന്നത്. സൂര്യോദയത്തിനുമുമ്പും ഉച്ചതിരിഞ്ഞയുടനെയും ഉച്ചതിരിഞ്ഞ് അല്‌പം വൈകിയിട്ടും സൂര്യാസ്‌തമനം കഴിഞ്ഞയുടനെയും, സൂര്യാസ്‌തമനത്തിന് ഏകദേശം രണ്ടുമണിക്കൂറിനു ശേഷവുമാണ് നമസ്‌കാരകർമം അനുഷ്‌ഠിക്കുന്നത്. യുദ്ധം, രോഗം, യാത്ര മുതലായ അസൗകര്യങ്ങളുള്ളപ്പോള്‍ അല്‌പം വൈകിയും നമസ്‌കാരം നിർവഹിക്കാവുന്നതാണ്. ലോകത്തിന്റെ ഏതു ഭാഗത്തുള്ള മുസ്‌ലിമിന്റെയും പ്രാർഥന പുണ്യദേവാലയമായ കഅബയോട് അഭിമുഖമായിട്ടാണ് നിർവഹിക്കപ്പെടാറുള്ളത്. നമസ്‌കാരം എവിടെവച്ചും ആകാം; എന്നാൽ പള്ളികളിൽവച്ചും സംഘംചേർന്നും നമസ്‌കരിക്കുന്നതാണ് കൂടുതൽ ശ്രഷ്‌ഠം. നമസ്‌കരിക്കുന്നതിന് സമയമാകുമ്പോള്‍, അടയാളമെന്നോണം പള്ളികളിൽ "ബാങ്കു' വിളിക്കുന്നു (നോ. അസാന്‍). വെള്ളിയാഴ്‌ച ഉച്ചയ്‌ക്കുള്ള പ്രാർഥന (ജൂംഅ) പ്രത്യേകം പ്രാധാന്യമർഹിക്കുന്നു. നാട്ടിലെമ്പാടുമുള്ള ആബാലവൃദ്ധ മുസ്‌ലിങ്ങളും അതിൽ പങ്കെടുക്കണം. റംസാന്‍ മാസത്തിലെ നോമ്പുകഴിഞ്ഞ് അടുത്ത ദിവസങ്ങളിലും ഹജ്ജ് കഴിഞ്ഞ ദിവസത്തിലും പ്രത്യേക കൂട്ടപ്രാർഥനകള്‍ നടത്തേണ്ടതാണ്. അഞ്ചുനേരത്തെ നിർബന്ധ നമസ്‌കാരങ്ങള്‍ക്കു പുറമേ വ്യക്തിപരമായ ഐച്ഛിക നമസ്‌കാരങ്ങള്‍ വേറെയുമുണ്ട്.
വ്രതങ്ങള്‍
വർഷത്തിലൊരിക്കൽ ഒരു മാസക്കാലം നീണ്ടുനില്‌ക്കുന്ന ആരാധനയാണ് വ്രതം. റംസാന്‍ മാസത്തിലാണ് ഇത് നിർവഹിക്കുക. റംസാനിന്റെ ചന്ദ്രപ്പിറവി ദൃശ്യമായാൽ പിറ്റേന്നു മുതൽക്ക് പ്രഭാതം തൊട്ടു പ്രദോഷംവരെ അന്നപാനാദികളും സുഖഭോഗങ്ങളും വെടിഞ്ഞ് കഴിച്ചുകൂട്ടുക എന്നതാണ് ഈ വ്രതത്തിന്റെ ചടങ്ങ്. റംസാനിലെ എല്ലാ പകലുകളിലും ഇതാവർത്തിക്കുന്നു. വ്രതം ഒരു ആത്മസംസ്‌കരണ പരിപാടിയാണ്; ദൈവകല്‌പന നിറവേറ്റുവാന്‍ വേണ്ടി മനുഷ്യന്‍ തന്റെ അടിസ്ഥാനാവശ്യങ്ങള്‍ പോലും ഉപേക്ഷിക്കുവാന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുന്ന ഒരാരാധനയാണിത്. ക്ഷമ, സഹിഷ്‌ണുത, ദൈവാർപ്പണം, ത്യാഗം, ആത്മസംയമനം എന്നിവയിലെല്ലാമുള്ള ഒരു പരിശീലനപരിപാടിയായി ഇത് ആചരിക്കെപ്പട്ടുവരുന്നു. സഹാനുഭൂതിയും ഐക്യബോധവും വളർത്തുന്നതിന് ഇത് സഹായിക്കുന്നു. നോ. ഉപവാസം
സക്കാത്ത്
മൂന്നാമത്തെ നിർബന്ധകർമം സക്കാത്ത് ആണ്. സക്കാത്തിന് ശുദ്ധീകരണം എന്നാണർഥം. സക്കാത്ത് കൊടുത്തുകഴിഞ്ഞാൽ ബാക്കിയുള്ള സ്വത്ത് മതപരമായും നിയമപരമായും ശുദ്ധമായിത്തീർന്നു എന്നാണ് സങ്കല്‌പം. ജലസേചനം ആവശ്യമുള്ള കൃഷിപ്പണികള്‍ക്ക് അഞ്ചു ശതമാനം (ജലസേചനം ആവശ്യമില്ലെങ്കിൽ പത്തു ശ.മാ.), സഞ്ചിതസംഖ്യകള്‍, ആഭരണങ്ങള്‍, കച്ചവടച്ചരക്കുകള്‍ എന്നിവയ്‌ക്ക് രണ്ടര ശതമാനം, കാടുകളിൽ മേഞ്ഞുവളരുന്ന നാൽക്കാലികള്‍ക്ക് ഒന്നര മുതൽ രണ്ടര വരെ ശതമാനം, ഖനിജങ്ങള്‍, നിധികള്‍ എന്നിവയ്‌ക്ക് ഇരുപത് ശതമാനം എന്നിങ്ങനെ സക്കാത്തിന്റെ വിഹിതത്തിൽ ഏറ്റക്കുറച്ചിലുകള്‍ നിയമപരമായി അനുവദിച്ചിട്ടുണ്ട്. ഒരുവന്‍ മുസ്‌ലിം ആകണമെങ്കിൽ അനിവാര്യമായും അനുഷ്‌ഠിക്കേണ്ട നിർബന്ധ കർത്തവ്യമാണ് സക്കാത്ത്. ദരിദ്രർ, അഗതികള്‍, വഴിയാത്രക്കാർ തുടങ്ങി സമൂഹത്തിലെ അധഃകൃതവിഭാഗങ്ങള്‍ക്കാണ് "സക്കാത്ത്' നല്‌കേണ്ടത്. പണക്കാരന്‍ പാവപ്പെട്ടവന് നല്‌കുന്ന ഔദാര്യമല്ല അത്. രാഷ്‌ട്രം അതിന്റെ ഉദ്യോഗസ്ഥന്മാർ മുഖേന പിരിച്ചെടുത്ത് "ബൈത്തുൽമാലി'ൽ (പൊതു ഖജനാവ്) നിക്ഷേപിക്കുകയും ആവശ്യാനുസരണം ബഹുജന നന്മയ്‌ക്കായി വിനിയോഗിക്കുകയും ചെയ്യേണ്ട ഒന്നാണത്. ദാരിദ്യ്രനിർമാർജനത്തിന് ഒരു പരിധിവരെ ഇത് സഹായിക്കുന്നു. അർപ്പണമനോഭാവം, സഹാനുഭൂതി, അനുസരണം എന്നിവ വളർത്തിയെടുക്കാനും ഇത് സഹായകമാണ്.
സക്കാത്ത് ഒരു നികുതിയല്ല; ആരാധന മാത്രമാണ്. അത് സ്വീകരിക്കുന്നവന്‍ യാതൊരുവിധ മനഃക്ലേശവും അനുഭവിക്കേണ്ടതില്ല. സക്കാത്തിനു പുറമേ മുസ്‌ലിമിന് മതപരമായ വേറെയും സാമ്പത്തികബാധ്യതകള്‍ ഉണ്ട്. ഇസ്‌ലാം വിഭാവനം ചെയ്യുന്ന സാമൂഹ്യനീതിയിലേക്കുള്ള ഒരു കാൽവയ്‌പ് മാത്രമേ ആകുന്നുള്ളൂ സക്കാത്ത്.
ഹജ്ജ്
ദുൽഹജ്ജ് മാസം 7-ന് തുടങ്ങി 12-ന് അവസാനിക്കുന്ന നാലാമത്തെ നിർബന്ധകർമമാണ് ഹജ്ജ്. ഇത് ആയുസ്സിൽ ഒരിക്കലേ നിർബന്ധമുള്ളൂ. അതും ശാരീരികമായും സാമ്പത്തികമായും കഴിവുള്ളവർക്കു മാത്രം.
അറേബ്യയിലെ മക്കാ പട്ടണത്തിൽ "കഅബ' എന്നു പേരായ മന്ദിരം സഹാസ്രാബ്‌ദങ്ങള്‍ക്കുമുമ്പ് പ്രവാചകനായ ഇബ്രാഹിമും പുത്രന്‍ ഇസ്‌മായിലും ചേർന്ന് ദൈവാജ്ഞയനുസരിച്ച് നിർമിച്ചതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. കഴിവുള്ള ഓരോ മുസ്‌ലിമും "കഅബ'യിൽ ചെന്ന് ഹജ്ജ് കർമം നിർവഹിക്കണമെന്നാണ് നിയമം. വിശുദ്ധ നഗരത്തിന്റെ ആറു നാഴിക ദൂരം വച്ച് ഹജ്ജ് യാത്രക്കാർ സാധാരണ വസ്‌ത്രങ്ങള്‍ ഉപേക്ഷിക്കുകയും തുന്നിയിട്ടില്ലാത്ത രണ്ടു വസ്‌ത്രങ്ങള്‍ (ഹ്‌റാം) മാത്രം ധരിക്കുകയും ചെയ്യുന്നു. നഗ്നപാദരും ശിരസ്‌കരുമായിട്ടാണ് ഹജ്ജ് യാത്രികർ നടക്കുന്നത്. മുടി, നഖം, താടി എന്നിവ മുറിക്കുന്നില്ല. ഏഴുപ്രാവശ്യം "കഅബ'യെ വലംവയ്‌ക്കുകയും ഇബ്രാഹിം നബിയുടെ "മക്കാമി'ന്റെ പുറകിൽ നമസ്‌കരിക്കുകയും ചെയ്യുന്നു. സഫാ, മർവാകുന്നുകള്‍ ഏഴ് പ്രാവശ്യം കയറുകയും ഇറങ്ങുകയും അറഫായിലെത്തി അവിടെവച്ച് മതപ്രസംഗം കേട്ടശേഷം മീനായിൽ ചെന്ന് അവിടത്തെ മൂന്നു സ്‌തൂപങ്ങളിൽ കല്ലെറിയുകയും ബലി അറുക്കുകയും ചെയ്യുന്നു.
ദൈവസ്‌നേഹത്തിന്റെ ഏറ്റവും മഹത്തായ പ്രതീകമാണ് ഹജ്ജ്. ഹജ്ജ് കർമത്തിനായി പുറപ്പെടുമ്പോള്‍ സർവവിധ മാലിന്യങ്ങളിൽനിന്നും ഹൃദയത്തെ പരിശുദ്ധമാക്കണമെന്നും രക്തംചിന്തൽ, ദുഷ്‌കർമങ്ങള്‍, അസഭ്യവാക്കുകള്‍ എന്നിവ പൂർണമായും വർജിക്കണമെന്നും ആണ് നിബന്ധന. അങ്ങനെ മനഃശുദ്ധിയുള്ളവരായി ദൈവപ്രീതിയും ദൈവസാമീപ്യവും കൊതിച്ചുകൊണ്ടു സ്രഷ്‌ടാവായ ദൈവത്തിങ്കലേക്ക് സൃഷ്‌ടിയായ മനുഷ്യന്‍ നടത്തുന്ന തീർഥയാത്രയാണ് അത്. ത്യാഗിവര്യനായ ഇബ്രാഹിമിന്റെയും പുത്രന്‍ ഇസ്‌മായിലിന്റെയും ദൈവകല്‌പനയ്‌ക്ക് വിധേയമായുള്ള ആത്മാർപ്പണത്തെ അനുസ്‌മരിപ്പിക്കുന്നവയാണ് ഹജ്ജിലെ കർമങ്ങള്‍. സർവോപരി, സാർവലൗകിക സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും ഏറ്റവും വലിയ പ്രകടനമാണ് ഹജ്ജ്. പിന്നീട് മദീനയിൽ ചെന്ന് മുഹമ്മദ് നബിയുടെ ശവകുടീരം സന്ദർശിച്ചശേഷമാണ് ഹാജിമാർ മടങ്ങാറുള്ളത്. ഇത് ഹജ്ജിന്റെ ഭാഗമല്ല.
ജീവിതസിദ്ധാന്തങ്ങള്‍
ഐഹികം
ഐഹികജീവിതത്തെ നികൃഷ്‌ടവും നിന്ദ്യവുമായിട്ടല്ല, ദിവ്യവും അഭികാമ്യവുമായിട്ടാണ് ഇസ്‌ലാം കാണുന്നത്. അതു കൊണ്ടുതന്നെ ശാരീരികാഭിലാഷങ്ങളുടെ നിഷേധവും ഏകാന്തവാസവുമാണ് മോക്ഷമാർഗങ്ങളെന്ന സിദ്ധാന്തം ഇസ്‌ലാം അംഗീകരിക്കുന്നില്ല. സന്ന്യാസത്തിനും ലോകപരിത്യാഗത്തിനും ഇസ്‌ലാമിൽ യാതൊരു സ്ഥാനവുമില്ല. മതം മനുഷ്യന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ഒന്നാണെന്ന വാദത്തെയും ഇസ്‌ലാം നിരാകരിക്കുന്നു. മറിച്ച് മനുഷ്യജീവിതത്തിന്റെ മുഴുവന്‍ മേഖലകളുമായും മതത്തിന് ബന്ധമുണ്ട്. ദേവാലയത്തിലെ പ്രാർഥനാചടങ്ങുകളെക്കാള്‍ ഒട്ടും അപ്രധാനമല്ലാത്ത ആരാധനകളാണ് മുസൽമാന് കച്ചവടവും കൃഷിയും രാഷ്‌ട്രസേവനവും കുടുംബജീവിതവും മറ്റും.
ആത്മീയം
ഐഹികക്ഷേമവും പാരത്രികശ്രയസ്സും ലക്ഷ്യമാക്കി ഇസ്‌ലാം ആവിഷ്‌കരിച്ചിട്ടുള്ള എല്ലാ പദ്ധതികളും വ്യക്തികളുടെ മാനസിക സംസ്‌കരണത്തെ ആധാരമാക്കിയുള്ളതാണ്. "മനുഷ്യശരീരത്തിൽ ഒരു മാംസപിണ്ഡമുണ്ട്, അത് നന്നായാൽ ശരീരം മുഴുവന്‍ നന്നായി, അത് ദുഷിച്ചാൽ ശരീരം മുഴുവന്‍ ദുഷിച്ചു; അറിയുവിന്‍ അതാണ് ഹൃദയം' എന്ന് പ്രവാചകന്‍ അരുളിച്ചെയ്‌തിട്ടുണ്ട്. ഈ ആത്മീയവ്യവസ്ഥയുടെ പരിശീലനപരിപാടിയാണ് നമസ്‌കാരം, നോമ്പ് തുടങ്ങിയ അനുഷ്‌ഠാനങ്ങള്‍. അല്ലാഹുവിൽ വിശ്വസിച്ചുകൊണ്ടു പരിശുദ്ധമായ ജീവിതം നയിക്കുമെന്ന ദൃഢനിശ്ചയത്തോടുകൂടി വർത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഉത്തേജനമാണ് മുസ്‌ലിങ്ങള്‍ക്ക് ലഭിക്കുന്ന ആത്മീയശക്തിയുടെ ഉറവിടം. സത്യം, നന്മ എന്നിവയെക്കുറിച്ചെല്ലാം അതിവിശാലമായ ഒരു ധാർമിക കാഴ്‌ചപ്പാട് ഇസ്‌ലാമിൽ അടങ്ങിയിട്ടുണ്ട്.
കുടുംബപരം
നാഗരികതയുടെ അടിത്തറ കുടുംബമാണെന്ന് ഇസ്‌ലാം സിദ്ധാന്തിക്കുന്നു. സ്‌ത്രീ-പുരുഷബന്ധങ്ങളിൽ കർശനമായ നിഷ്‌ഠയും പരിശുദ്ധിയും പുലർത്തണമെന്ന് അത് നിഷ്‌കർഷിക്കുന്നു. സ്‌ത്രീയുടെയും പുരുഷന്റെയും സമ്മതത്തോടെ നടത്തപ്പെടുന്ന ലളിതവും പവിത്രവുമായ ഒരു ചടങ്ങാണ് വിവാഹം. ഭാര്യാഭർത്താക്കന്മാർ, മാതാപിതാക്കള്‍, സന്തതികള്‍ എന്നിവരുമായി ബന്ധപ്പെട്ട വിശാലമായ ഒരു കുടുംബവ്യവസ്ഥ ഇസ്‌ലാം ആസൂത്രണം ചെയ്‌തിട്ടുണ്ട്.
സാമൂഹികം
സമത്വമാണ് ഇസ്‌ലാമിലെ സാമൂഹികവ്യവസ്ഥയുടെ കാതൽ; സാഹോദര്യവും സഹകരണവും സഹാനുഭൂതിയുമാണ് മനുഷ്യബന്ധങ്ങളുടെ അടിത്തറ; സംഘട്ടനമോ സ്വാർഥതാത്‌പര്യങ്ങളോ അല്ല. നന്മയിൽ സഹകരിക്കുക, തിന്മയിൽ നിസ്സഹകരിക്കുക, ധൂർത്തും ദുർവ്യയവും വർജിക്കുക, മർദനത്തെ ചെറുക്കുക, മർദിതരെ തുണയ്‌ക്കുക തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് ഇസ്‌ലാം.
സാമ്പത്തികം
ഇസ്‌ലാമിനു സ്വന്തമായ സാമ്പത്തിക സിദ്ധാന്തങ്ങളുണ്ട്. അടിസ്ഥാനപരമായിത്തന്നെ മുതലാളിത്തത്തിൽനിന്നും സോഷ്യലിസത്തിൽ നിന്നും വ്യത്യസ്‌തമാണത്. സമ്പത്തിന്റെ യാഥാർഥ ഉടമ ദൈവമാണ്. സമ്പത്തിനെ ദൈവത്തിന്റെ അനുഗ്രഹം എന്നാണ് ഖുർ ആന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. മനുഷ്യജീവിതത്തിൽ സാമ്പത്തിക ഘടകത്തിനു വമ്പിച്ച പ്രാധാന്യം ഇസ്‌ലാം കല്‌പിച്ചിരിക്കുന്നു. എന്നാൽ മനുഷ്യജീവിതം പരിപൂർണമായി സമ്പത്തിനെ ആശ്രയിച്ചിരിക്കുന്നു എന്ന വാദം ഇസ്‌ലാം അംഗീകരിക്കുന്നുമില്ല. അധ്വാനത്തിനു വളരെയധികം പ്രധാന്യമാണ് ഇസ്‌ലാം കല്‌പിച്ചിരിക്കുന്നത്. എല്ലാത്തരം ചൂഷണത്തിനും അത് എതിരാണ്. പലിശ ഈടാക്കൽ, പൂഴ്‌ത്തിവയ്‌പ്, കരിഞ്ചന്ത, ചൂതാട്ടം എന്നിവ ഇസ്‌ലാമിൽ നിഷിദ്ധമാണ്. സമ്പാദനവിനിമയങ്ങളിൽ സ്വാതന്ത്യ്രമനുവദിക്കുന്നതോടൊപ്പം നിയന്ത്രണങ്ങളും ചുമത്തിയിട്ടുണ്ട്. വ്യക്തിയുടെ സംരക്ഷണം സമൂഹത്തിന്റെ ബാധ്യതയായി അനുശാസിക്കപ്പെട്ടിരിക്കുന്നു. വ്യക്തിക്കോ സമൂഹത്തിനോ അമിതമായ പ്രാധാന്യം നല്‌കാത്തതും സോഷ്യലിസത്തിനും മുതലാളിത്തത്തിനും മധ്യേയുള്ളതുമായ ഒരു വ്യവസ്ഥിതിയാണ് ഇസ്‌ലാം അംഗീകരിച്ചിരിക്കുന്നത്.
രാഷ്‌ട്രീയം
വ്യക്തമായ രാഷ്‌ട്രീയവ്യവസ്ഥ കൂടി ഉള്‍ക്കൊള്ളുന്നതാണ് ഇസ്‌ലാം ശരീഅത്ത്. പരമാധികാരം ദൈവത്തിനാണ്; മനുഷ്യന്‍ അവന്റെ പ്രതിനിധിയും. മതവും രാഷ്‌ട്രീയവും രണ്ടാണെന്ന വാദം ഇസ്‌ലാം അംഗീകരിക്കുന്നില്ല. അതിന് ഏറ്റവും വലിയ തെളിവ് സിവിൽ-ക്രിമിനൽ നിയമങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്ന ഇസ്‌ലാം ശരീഅത്ത് തന്നെയാണ്. നീതിയും കൂടിയാലോചനയുമാണ് അതിന്റെ മൗലികാധാരശിലകള്‍. ഖുർ ആനും പ്രവാചകചര്യയും പഠിച്ചിട്ടുള്ള ഏതൊരാള്‍ക്കും ഇസ്‌ലാം എന്നത് മതവും രാഷ്‌ട്രീയവും ഒന്നുപോലെ ഉള്‍ക്കൊള്ളുന്ന ഒരാദർശമാണെന്ന് വ്യക്തമാകും.
മുഹമ്മദു നബി
അറേബ്യയിലെ മക്കാപട്ടണത്തിൽ എ.ഡി 571 ഏ. 20-ന് മുഹമ്മദുനബി ഭൂജാതനായി. ജനനത്തിനുമുമ്പുതന്നെ പിതാവ് അന്തരിച്ചിരുന്നു. അനാഥനായി പിറന്ന നബിക്ക് ആറു വയസ്സാകുന്നതിനുമുമ്പു മാതാവും നഷ്‌ടപ്പെട്ടു. പിതാമഹന്റെ സംരക്ഷണത്തിൽ വളർന്നു. പ്രായപൂർത്തി എത്തിയപ്പോള്‍ കച്ചവടത്തിൽലേർപ്പെട്ട നബി, 25-ാം വയസ്സിൽ, 40 വയസ്സ് പ്രായമുള്ള ഖദീജ എന്ന വിധവയെ വിവാഹം ചെയ്‌തു.
വിഗ്രഹാരാധകരും മദ്യപാനികളും കലഹപ്രിയരുമായിരുന്ന അറബിജനതയുടെ അധാർമിക ജീവിതവുമായി പൊരുത്തപ്പെട്ടുപോകാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഏകാന്തധ്യാനത്തിലിരിക്കെ നബിക്ക് ദിവ്യബോധം ഉണ്ടായി. ജനങ്ങളെ തന്റെ സന്ദേശത്തിലേക്ക് അദ്ദേഹം ക്ഷണിച്ചുകൊണ്ടിരുന്നെങ്കിലും ഭാര്യയും അടിമകളും അടുത്ത ചില ബന്ധുമിത്രങ്ങളും ഉള്‍പ്പെടുന്ന ചുരുക്കം അനുയായികളെ മാത്രമാണ് ആദ്യം ലഭിച്ചത്.
വിഗ്രഹാരാധന വെടിഞ്ഞ് ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കാനും തന്നെ പ്രവാചകനായി അംഗീകരിക്കാനും നബി ജനതയെ ഉപദേശിച്ചു. മദ്യപാനവും ചൂതാട്ടവും കൊള്ളയും കൊലയും അവസാനിപ്പിക്കുവാനും സത്യവും നീതിയും ധർമവും പാലിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്‌തു. തങ്ങളുടെ പൂർവപിതാക്കളുടെ ആചാരങ്ങള്‍ക്ക് വിരുദ്ധമായ ഒരു ദർശനം അജ്ഞരും അന്ധവിശ്വാസികളുമായ ആ ജനതയ്‌ക്ക് തെല്ലും ദഹിച്ചില്ല. അവർ നബിയെയും അനുയായികളെയും കഠിനമർദനങ്ങള്‍ക്കിരയാക്കി; അദ്ദേഹത്തിന്റെ അനുയായികളിൽ പലരും രക്തസാക്ഷിത്വം വരിക്കുകയും മറ്റു ചിലർ എത്യോപ്യയിലേക്കു പലായനം ചെയ്യുകയുമുണ്ടായി. സഹായാഭ്യർഥനയുമായി ത്വാഇഫിലെത്തിയ നബിയെ അന്നാട്ടുകാർ കല്ലെറിഞ്ഞോടിച്ചു. അപ്പോഴൊക്കെ ക്ഷമയും സഹനവും അവലംബിക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്‌തത്.
നബിയെ വധിക്കാന്‍ എതിരാളികള്‍ നിശ്ചയിച്ച ഒരു രാത്രിയിൽ മദീനക്കാരുടെ ക്ഷണമനുസരിച്ച് അല്ലാഹുവിന്റെ കല്‌പനപ്രകാരം അദ്ദേഹം മക്കയിൽനിന്നു മദീനയിലേക്കു രക്ഷപ്പെട്ടു. ഈ സംഭവത്തിനാണ് ഹിജ്‌റ എന്നു പറയുന്നത്. അന്നുമുതൽ ഹിജ്‌റ വർഷം കണക്കാക്കിവരുന്നു.
മദീനയിലെത്തിയ നബിയെയും നബിയുടെ സഹായികളായ മദീനക്കാരെയും ഒന്നടങ്കം ആക്രമിച്ചു നശിപ്പിക്കാനാണ് പിന്നീട് മക്കക്കാർ ശ്രമിച്ചത്. ഈ സന്ദർഭത്തിൽ ദീർഘകാലം മർദനമനുഭവിച്ച അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് യുദ്ധത്തിന് അനുമതി നല്‌കപ്പെട്ടു. തുടർന്നു നടന്ന യുദ്ധങ്ങളിൽ മിക്കതിലും മുസ്‌ലിങ്ങള്‍ തന്നെ ജയിച്ചു. ഹിജ്‌റ 8-ാം വർഷത്തിൽ നബിയും അനുയായികളും ചേർന്ന് രക്തരഹിതവിപ്ലവത്തിലൂടെ മക്ക തിരിച്ചുപിടിച്ചു. ഹിജ്‌റ 10-ാം വർഷം പ്രവാചകന്‍ ഈ ലോകത്തോടു വിടപറഞ്ഞു.
വിശുദ്ധ ഖുർആന്‍
ഇസ്‌ലാമികസിദ്ധാന്ത സംഹിതകളുടെ ഉറവിടം വിശുദ്ധ ഖുർആന്‍ ആണ്. നബിയുടെ 40-ാമത്തെ വയസ്സുമുതൽ (എ.ഡി 611) മരണം വരെയുള്ള 21 സംവത്സരത്തിനിടയ്‌ക്ക് പലസന്ദർഭങ്ങളിലായി അല്ലാഹുവിൽനിന്നു ജിബ്രീൽ മുഖേന ലഭിച്ച സന്ദേശങ്ങളുടെ സമാഹാരമാണ് വിശുദ്ധ ഖുർആന്‍. 114 അധ്യായങ്ങളും 6,600 ഓളം സൂക്‌തങ്ങളുമാണ് ഖുർആനിൽ ഉള്ളത്.
ലോകമുസ്‌ലിങ്ങള്‍ ഒന്നടങ്കം വിശുദ്ധ ഖുർആന്‍ തങ്ങളുടെ ആധികാരിക വേദഗ്രന്ഥമായി അംഗീകരിക്കുന്നു. അറബി ഭാഷയിലാണ് ഖുർആന്‍ അവതരിപ്പിച്ചിട്ടുള്ളത്. ഖുർആന്‍ വായിക്കുന്നതും പഠിക്കുന്നതും അറബിഭാഷയിൽത്തന്നെ വേണം എന്നും നിഷ്‌കർഷിക്കപ്പെട്ടിട്ടുണ്ട്.
ഖുർആന്‍ എഴുതിവയ്‌ക്കുവാന്‍ നബി പ്രത്യേകം എഴുത്തുകാരെ നിശ്ചയിച്ചിരുന്നു. അദ്ദേഹത്തിന്റെ അനുയായികളിൽ ധാരാളം പേർക്ക് ഖുർആന്‍ ഹൃദിസ്ഥമായിരുന്നു. പിന്നീട് ഉസ്‌മാന്‍ ഖലീഫയുടെ കാലത്താണ് ഖുർആന്‍ പകർത്തി വിവിധരാജ്യങ്ങളിലേക്ക് അയയ്‌ക്കപ്പെട്ടത്. അപ്പോഴേക്കും ഖുർആനിന്റെ അടിസ്ഥാനത്തിലുള്ള ഒരു നാഗരികത നിലവിൽ വന്നിട്ടുണ്ടായിരുന്നു. മനുഷ്യജീവിതത്തെ മുഴുവന്‍ ബാധിക്കുന്ന സമ്പൂർണ വ്യവസ്ഥയുടെ രൂപരേഖയും മാർഗനിർദേശവുമാണ് ഖുർആനിൽ ഉള്ളത്. അതിന്റെ പ്രായോഗിക മാതൃകയായിരുന്നു പ്രവാചകന്റെ കാലത്തെ ഇസ്‌ലാമികസമൂഹം.
ഹദീസ്
നബിവചനങ്ങളും പ്രവൃത്തികളും രേഖെപ്പടുത്തിവച്ചിട്ടുള്ളതിനാണ് "ഹദീസ്' എന്നു പറയുന്നത്. വചനം, വർത്തമാനം എന്നൊക്കെയാണ് ഈ പദത്തിനർഥം. ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങളിൽ രണ്ടാമത്തേതാണ് സുന്നത്ത് അഥവാ നബിചര്യ. നബിചര്യയുടെ ലിഖിതരൂപമാണ് ഹദീസ്.
പ്രവാചകന്റെയും അനുയായികളുടെയും കാലത്ത് ഹദീസുകള്‍ അപൂർവമായി എഴുതിവച്ചിരുന്നു. പിന്നീട് മുസ്‌ലിങ്ങള്‍ക്കിടയിലുണ്ടായ ആഭ്യന്തരകലഹങ്ങളും മറ്റും ഹദീസുകളുടെ സുരക്ഷിതത്വത്തിനു ഭീഷണിയായിത്തീർന്നു.
ഈ ഘട്ടത്തിലാണ് ഹദീസിന്റെ ഇമാമുകള്‍ രംഗത്തുവന്നത്. അവർ രാജ്യമെങ്ങും ചുറ്റിസഞ്ചരിച്ച് ഹദീസുകള്‍ ശേഖരിച്ചു പഠിച്ചു. ആദ്യമായി ക്രാഡീകരിക്കപ്പെട്ട ഹദീസ്‌ഗ്രന്ഥം ഇമാം മാലിക്കിന്റെ മുഅത്ത ആണ്. പ്രാമാണികരായ ഹദീസ് പണ്ഡിതന്മാരാണ് ഇമാം ബുഖാരി, മുസ്‌ലിം, അബൂ ദാവൂദ്, നസാ ഇ തുർമുദി, ഇബ്‌നു മാജ എന്നിവർ. ഇവരുടെ ഗ്രന്ഥങ്ങള്‍ ഹദീസിലെ ആധികാരിക രേഖകളാണ്.
ശരീഅത്ത്
ഇസ്‌ലാമികജീവിത പദ്ധതിക്കാധാരമായ നിയമവ്യവസ്ഥയ്‌ക്കാണ് "ശരീഅത്ത്' എന്നു പറയുന്നത്. വിശ്വാസങ്ങള്‍, ആരാധനാമുറകള്‍, ഇടപാടുകള്‍, സിവിൽ-ക്രിമിനൽ നിയമങ്ങള്‍ എന്നിങ്ങനെ വിവിധ വകുപ്പുകളായി "ശരീഅത്തി'നെ വിഭജിച്ചിരിക്കുന്നു. ഇസ്‌ലാമിലെ ആദർശവിശ്വാസങ്ങളും അവയുടെ വിശദാംശങ്ങളുമാണ് "അഖീദകള്‍' (വിശ്വാസകാര്യങ്ങള്‍) എന്ന ആദ്യഭാഗത്ത് ചർച്ച ചെയ്യപ്പെടുന്നത്. രണ്ടാം ഭാഗമായ ഇബാദത്തുകളിൽ ഐച്ഛികവും നിർബന്ധിതവുമായ ആരാധനകളുടെയും അനുഷ്‌ഠാനങ്ങളുടെയും വിശദാംശങ്ങള്‍ ചർച്ച ചെയ്യപ്പെടുന്നു. "ഇടപാടുകള്‍' എന്ന വകുപ്പ് ക്രയവിക്രയങ്ങള്‍, സാമ്പത്തിക സാമൂഹികകാര്യങ്ങള്‍ എന്നിവയെ വിശദീകരിക്കുന്നു. ഹുദൂദ് (ശിക്ഷാവിധികള്‍) എന്ന ഭാഗത്തിലെ പ്രതിപാദ്യം ഇസ്‌ലാമിലെ സിവിൽ-ക്രിമിനൽ നടപടികളാണ്.
വിശുദ്ധ ഖുർആന്‍, പ്രവാചകചര്യ, ഇജ്‌മാഅ്, ഖിയാസ് എന്നിവയാണ് "ശരീഅത്തി'ന്റെ നാല് ഉറവിടങ്ങള്‍. ഇസ്‌ലാം ശരീഅത്തിന്റെ മൗലികസിദ്ധാന്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു അടിസ്ഥാനരേഖയാണ്. ശരീഅത്തിൽ ഖുർആനിന്റെ സ്ഥാനം അനിഷേധ്യമത്ര. ഖുർആനിന്റെ വ്യക്തമായ ശാസനയുള്ള ഒരു കാര്യത്തിൽ മാറ്റം വരുത്തുവാന്‍ പ്രവാചകനുപോലും അധികാരമില്ല.
ശരീഅത്തിന്റെ മൗലിക സ്രാതസ് എന്ന നിലയ്‌ക്ക് രണ്ടാംസ്ഥാനമാണ് പ്രവാചകചര്യയ്‌ക്ക് ഉള്ളത്. ഖുർആനിന്റെ പ്രായോഗിക വ്യാഖ്യാനമാണ് അത്. ഖുർആനും പ്രവാചകചര്യയും ആധാരമാക്കി ഗവേഷണപഠനങ്ങളിലൂടെ പില്‌ക്കാല പണ്ഡിതന്മാർ ഇസ്‌ലാമിക കർമപദ്ധതിയെ സമഗ്രമായി ക്രാഡീകരിച്ചു. "ശരീഅത്തി'ന്റെ നാലാമത്തെ ഉറവിടം ഖിയാസ് (ന്യായാനുമാനം) ആണ്. ഖുർആനിലും പ്രവാചകചര്യയിലും ഒരു പ്രശ്‌നത്തെക്കുറിച്ച് വിധിപറയുവാന്‍ ആധാരമാക്കി സ്വീകരിച്ച അടിസ്ഥാനകാരണങ്ങള്‍ കണ്ടുപിടിച്ച്, സമാനമായ കാരണങ്ങളുള്ള പ്രശ്‌നങ്ങള്‍ക്ക് വിധികണ്ടെത്തുന്നതിനെയാണ് ഖിയാസ് എന്നു പറയുന്നത്. പ്രവാചകന്റെയും ഖലീഫമാരുടെയും കാലത്ത് ഖുർആനിൽ നിന്നും ഹദീസിൽ നിന്നും നേരിട്ട് വിധിനിഷേധങ്ങള്‍ അന്വേഷിക്കുകയോ അവയുടെ അടിസ്ഥാനത്തിൽ സ്വയം ഗവേഷണം നടത്തുകയോ ആയിരുന്നു പതിവ്. ശരീഅത്ത് നിയമങ്ങള്‍ ക്രാഡീകരിക്കപ്പെട്ടിരുന്നില്ല. ബഹുജനങ്ങളുടെ സൗകര്യാർഥം ശരീഅത്ത് നിയമങ്ങള്‍ ക്രാഡീകരിക്കുവാനായി ഹിജ്‌റ ഒന്നാം ശതകത്തിന്റെ അന്ത്യത്തിലും രണ്ടിന്റെ ആദ്യത്തിലും പ്രാമാണികരായ പണ്ഡിതന്മാർ പലരും മുന്നോട്ടുവന്നു. അവർ ശരീഅത്ത് നിയമങ്ങള്‍ സമ്പൂർണമായി ക്രാഡീകരിച്ചു. ഈ സമാഹാരമാണ് "ഫിഖ്‌ഹ്' എന്ന പേരിൽ അറിയപ്പെടുന്നത്.
ഇജ്‌തിഹാദ്
ഖുർആനും ഹദീസും പ്രാക്കാല പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും മുമ്പിൽവച്ചുകൊണ്ട് പുതിയൊരു പ്രശ്‌നത്തിന് ന്യായാനുമാനത്തിലൂടെ വിധി കണ്ടെത്തലാണ് "ഇജ്‌തിഹാദ്'. ഇസ്‌ലാമിന്റെ മൗലികസിദ്ധാന്തങ്ങളിൽ അഗാധപാണ്ഡിത്യവും ഇസ്‌ലാമിനോടു കൂറും ആത്മാർഥതയുമുള്ള പണ്ഡിതന്മാരാണ് അതു നിർവഹിക്കേണ്ടത്.
ഫിഖ്‌ഹ്
പ്രവാചകന്റെയും അനുയായികളുടെയും കാലത്ത് പ്രശ്‌നപരിഹാരാർഥം ഖുർആനും "സുന്നത്തും' (നബിചര്യ) ആണ് ജനങ്ങള്‍ അവലംബിച്ചിരുന്നത്. പില്‌ക്കാലത്ത് ഇസ്‌ലാമിക രാഷ്‌ട്രീയാധികാരം വ്യാപിക്കുകയും പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്‌തപ്പോള്‍ ഇസ്‌ലാമിക നിയമങ്ങള്‍ ക്രാഡീകരിക്കുവാന്‍ പല പണ്ഡിതന്മാരും മുന്നോട്ടുവന്നു. ഇവരിൽ പ്രമുഖരാണ് അബു ഹനീഫ, ശാഫി ഈ, അഹമ്മദ് ഇബ്‌നു ഹന്‍ബൽ, മാലിക്ക് എന്നീ ഇമാമുകള്‍. ഇവർ ക്രാഡീകരിച്ച നിയമങ്ങള്‍ക്ക് "ഫിഖ്‌ഹ്' എന്നു പറയുന്നു. പല പണ്ഡിതന്മാരും ഇസ്‌ലാമിക നിയമങ്ങളെക്കുറിച്ച് ഗവേഷണപഠനങ്ങള്‍ നടത്തുകയുണ്ടായി: അവരിൽ നാലുപേരാണ് പില്‌ക്കാലത്ത് പ്രസിദ്ധരായിത്തീർന്നത്. ഇവരുടെ നിയമവിചിന്തനങ്ങളെ ആധാരമാക്കി പ്രത്യേകം പ്രത്യേകം ചിന്താപ്രസ്ഥാനങ്ങള്‍തന്നെ നിലവിൽ വന്നു. ഈ പ്രസ്ഥാനങ്ങള്‍ "മദ്‌ഹബുകള്‍' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഓരോ മദ്‌ഹബിനെയും പിന്തുടരുന്ന വിഭാഗങ്ങള്‍തന്നെ പില്‌ക്കാലത്ത് ഉടലെടുത്തു. ഇവരാണ് "ശാഫികള്‍', "ഹനഫികള്‍', "ഹന്‍ബലികള്‍', "മാലിക്കികള്‍' എന്നീ പേരുകളിൽ അറിയപ്പെടുന്നത്.
ഇമാമുകള്‍
അബു ഹനീഫ
മുസ്‌ലിം നിയമങ്ങളുടെ ക്രാഡീകരണത്തിൽ ഇദ്ദേഹത്തിന് വളരെയധികം ബുദ്ധിമുട്ടുകളനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സന്ദർഭോചിതമായ നിലപാട് (ഇസ്‌ത്‌ഹസാന്‍) എന്ന തത്ത്വമാണ് അബു-ഹനീഫ സ്വീകരിച്ചത്. "ഫിഖ്‌ഹ്' ക്രാഡീകരണത്തിൽ ഇദ്ദേഹത്തെ മുഖ്യമായും സഹായിച്ചത് ശിഷ്യന്മാരായ അബൂ യൂസഫ്, മുഹമ്മദ്, സുഫർ എന്നീ ഇമാമുകളാണ്. ഹനഫി ഫിഖ്‌ഹ് എന്ന പേരിലാണ് ഈ നിയമസംഹിത അറിയപ്പെടുന്നത്. ലോകത്തിലെ ഭൂരിപക്ഷം മുസ്‌ലിങ്ങളും ഹനഫി മദ്‌ഹബുകാരാണ്. തുർക്കി, പാകിസ്‌താന്‍, ഇന്ത്യ, ചൈന, അഫ്‌ഗാനിസ്‌താന്‍, ജോർദാന്‍ എന്നിവിടങ്ങളിലാണ് ഹനഫികള്‍ അധികമുള്ളത്. അബ്ബാസിയാ ഖലീഫമാർ ഹനഫി മദ്‌ഹബ് പ്രചാരണത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
മാലിക്ക്
മാലിക്ക് ക്രാഡീകരിച്ച മുസ്‌ലിംനിയമങ്ങള്‍ മാലിക്കി ഫിഖ്‌ഹ് എന്ന പേരിൽ അറിയപ്പെടുന്നു. പൊതുനന്മ(ഇസ്‌ത്‌ലാൽ) ആയിരുന്നു ഇദ്ദേഹത്തിന്റെ നിയമക്രാഡീകരണത്തിന്റെ അടിസ്ഥാനം. മൊറോക്കൊ, അൽജീരിയ, ടുണീഷ്യ, സുഡാന്‍, കുവൈത്ത്, ബഹ്‌റീന്‍ എന്നിവിടങ്ങളിലാണ് മാലിക്കിമദ്‌ഹബുകാർ പ്രധാനമായും കേന്ദ്രീകരിച്ചിട്ടുള്ളത്.
ശാഫി ഈ
മാലിക്കിന്റെ ശിഷ്യനായിരുന്നു ശാഫി ഈ. അബു ഹനീഫയുടെയും മാലിക്കിന്റെയും നിലപാടുകളുടെ മധ്യമാർഗം സ്വീകരിച്ച ശാഫിഈ ഖുർആനിനെ അടിസ്ഥാനപ്പെടുത്തി തന്റെ "ഇസ്‌ത്‌ഹസാന്‍' എന്ന തത്ത്വം സ്വീകരിച്ച് നടപടിക്രമങ്ങള്‍ ആവിഷ്‌കരിച്ചു. ഇമാം മാലിക്ക് ഹദീസുകളെ അക്ഷരംപ്രതി സ്വീകരിക്കുകയാണ് ചെയ്‌തത്. ശാഫിഈ നിമയസംഹിതകളെക്കുറിച്ചും ഹദീസിനെക്കുറിച്ചും ധാരാളം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. സിവിൽ-മതനിയമങ്ങളുടെ തത്ത്വങ്ങളുള്‍ക്കൊള്ളുന്ന ഉസൂൽ, പരമ്പരാഗതനിയമസംഹിതയായ സുനന്‍, പതിനാലു ഭാഗങ്ങളുള്ള ദൈവശാസ്‌ത്രഗ്രന്ഥമായ മുസ്‌നത്ത് എന്നിവ ഇക്കൂട്ടത്തിൽ പ്രധാനമാണ്. അബൂഹനീഫയുടെ "ഇജ്‌മഅ്' (അഭിപ്രായൈക്യം) തത്ത്വവും മാലിക്കിന്റെ ഇസ്‌ത്‌ലാൽ (യുക്തിസഹത) തത്ത്വവും ശാഫിഈ സ്വീകരിച്ചു. ശാഫിഈ മദ്‌ഹബുകള്‍ ഈജിപ്‌തിലും സിറിയ, ദക്ഷിണേന്ത്യ, വിദൂരപൗരസ്‌ത്യദേശങ്ങള്‍ എന്നിവിടങ്ങളിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
അഹമ്മദ് ഇബ്‌നു ഹന്‍ബൽ
ഹന്‍ബൽ, ശാഫിഈയുടെ ശിഷ്യനായിരുന്നു. ഹന്‍ബലിന്റെ മരണാനന്തരമാണ് ശിഷ്യന്മാർ ഈ പ്രസ്ഥാനം ഉറപ്പിച്ചത്. ഖുർആനും ഹദീസും അക്ഷരംപ്രതി അനുസരിക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു ഹന്‍ബൽ. "ഇജ്‌മാ'ഉം "ഖിയാസും' ഇദ്ദേഹം അത്ര കാര്യമായിയെടുത്തിരുന്നില്ല. ഹന്‍ബലിന്റെ മദ്‌ഹബുകള്‍ക്ക് മറ്റു മദ്‌ഹബുകള്‍ക്ക് തുല്യമായ പ്രചാരം ലഭിക്കുകയുണ്ടായില്ല.
ഹദീസിന്റെ ഇമാമുകള്‍
ഖുർആന്‍ കഴിഞ്ഞാൽ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ പ്രഥമസ്ഥാനം ഹദീസുകള്‍ക്കാണ്. പ്രവാചകന്റെയും അനുയായികളുടെയും കാലത്ത് ഹദീസുകള്‍ രേഖപ്പെടുത്തി വയ്‌ക്കുന്ന പതിവ് വിരളമായിരുന്നു. ആത്മീയാചാര്യന്മാർ അവ ഹൃദിസ്ഥമാക്കുകയായിരുന്നു പതിവ്. പിന്നീട് തുടരെത്തുടരെ യുദ്ധങ്ങളുണ്ടാവുകയും ഇസ്‌ലാമികസമൂഹത്തിൽ വിവിധ ജനവിഭാഗങ്ങള്‍ കടന്നുവരികയും ചെയ്‌തതോടുകൂടി ഹദീസ് പഠനത്തിന് ഓർമകളെ മാത്രം ആശ്രയിച്ചാൽ പോരെന്നു വന്നു. മുസ്‌ലിങ്ങള്‍ക്കിടയിലുണ്ടായ ആഭ്യന്തരകലഹങ്ങളും മറ്റും ഹദീസുകളുടെ സുരക്ഷിതത്വത്തിനു ഭീഷണിയായിമാറി. ഓരോ കക്ഷിയും തങ്ങളുടെ താത്‌പര്യങ്ങള്‍ക്കനുകൂലമായ വ്യാജഹദീസുകള്‍ സൃഷ്‌ടിക്കുവാന്‍ തുടങ്ങി. ഈ ഘട്ടത്തിലാണ് ഹദീസിന്റെ ഇമാമുകള്‍ രംഗത്തു വന്നത്. അവർ രാജ്യമെങ്ങും ചുറ്റിസഞ്ചരിച്ച് ഹദീസുകള്‍ ശേഖരിച്ചു പഠിച്ച് അവയുടെ ഗുണദോഷങ്ങള്‍ പരിശോധിക്കുന്ന ഒരു നിദാനശാസ്‌ത്രത്തിന്റെ അടിസ്ഥാനത്തിൽ നല്ലതും ചീത്തയും വേർതിരിച്ച് രേഖപ്പെടുത്തി. ബുഖാരി, മുസ്‌ലിം, അബൂ ദാവൂദ്, നസാഈ, തുർമുദി, ഇബുനുമാജ എന്നിവർ ഇവരിൽ പ്രമുഖരാണ്. ഇവരെക്കൂടാതെ മറ്റു ചില ഇമാമുകളും ഹദീസുകള്‍ ശേഖരിച്ചിട്ടുണ്ട്. ആദ്യമായി ക്രാഡീകരിക്കപ്പെട്ട ഹദീസ് ഗ്രന്ഥം മാലിക്കിന്റെ മുഅത്ത ആയിരുന്നു. ഈ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളാണ് ഹദീസിലെ ആധികാരികരേഖകള്‍.
ഹദീസിന്റെ ഇമാമുകളിൽ എറ്റവും പ്രമാണികരായ രണ്ടു പേരാണ് ബുഖാരിയും മുസ്‌ലിമും.
ബുഖാരി
ഹിജ്‌റ 194-ൽ ബുഖാറ എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്; മുഹമ്മദ് എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ നാമധേയം. ഒമ്പതാമത്തെ വയസ്സിൽ മുഹമ്മദ് ഖുർആന്‍ മുഴുവനും ഹൃദിസ്ഥമാക്കി. 15-ാമത്തെ വയസ്സിലാണ് ഹജ്ജ് കർമത്തിനായി മക്കയിലേക്കു പോയത്. ഹജ്ജ് കഴിഞ്ഞ് ഹിജാസിൽ തന്നെ തങ്ങി, ഹദീസ് ശേഖരിക്കുന്ന ജോലിയിൽ വ്യാപൃതനായി. അനേകസ്ഥലങ്ങളിൽ ചുറ്റിസഞ്ചരിച്ച് പല പ്രമുഖ പണ്ഡിതന്മാരുമായി ബന്ധപ്പെട്ട് മുഹമ്മദ് ഹദീസുകള്‍ പഠിച്ചു. അനേകായിരം വ്യക്തികളുടെ ജീവിത ചരിത്രം പരിശോധിച്ച് പത്തുലക്ഷത്തോളം ഹദീസുകള്‍ ഇദ്ദേഹം ശേഖരിച്ചു. അതിൽനിന്നു തെരഞ്ഞെടുത്ത ഒമ്പതിനായിരത്തോളം ഹദീസുകളാണ് ഇദ്ദേഹത്തിന്റെ വിഖ്യാത ഗ്രന്ഥമായ ജാമിഉസ്‌സഹീനിയിൽ ക്രാഡീകരിച്ചിട്ടുള്ളത്. അതിൽത്തന്നെ 3,000-ത്തോളം ഹദീസുകള്‍ ആവർത്തനങ്ങളാണ്. ഹദീസ് ശേഖരണത്തിൽ ഇദ്ദേഹം പുലർത്തിയ സത്യസന്ധതയും നിഷ്‌കർഷയും അനന്യസാധാരണമായിരുന്നു. മുസ്‌ലിംലോകത്ത് ഖുർആന്‍ ഒഴിച്ചാൽ ഏറ്റവും പ്രാമാണികമായ ഗ്രന്ഥം ബുഖാരിയുടെ ഹദീസ് സമാഹാരമാണ്. ഹിജ്‌റ 254-ൽ ഇദ്ദേഹം നിര്യാതനായി.
മുസ്‌ലിം
ഹിജ്‌റ 204-ലായിരുന്നു മുസ്‌ലിമിന്റെ ജനനം. ബുഖാരിയുടെ ശിഷ്യനാണ് ഇദ്ദേഹം. ഖുർആനിലും ഹദീസിലും മുസ്‌ലിം അഗാധപാണ്ഡിത്യം നേടി. ഗുരുവിനെപ്പോലെ ഹദീസ് ക്രാഡീകരണത്തിലായിരുന്നു ഇദ്ദേഹത്തിന്റെ താത്‌പര്യം. പല കാര്യങ്ങളിലും ഗുരുവിന്റെ അഭിപ്രായങ്ങളുമായി ഇദ്ദേഹത്തിനു യോജിപ്പുണ്ടായിരുന്നില്ല. ബുഖാരിയുടെ ഹദീസ് സമാഹാരത്തെക്കാള്‍ ഒട്ടും പിന്‍പന്തിയിലല്ലാത്ത ഒരു സ്ഥാനമാണ് മുസ്‌ലിമിന്റെ ഹദീസ് സമാഹാരത്തിനുള്ളത്. ഹിജ്‌റ 256-ൽ മുസ്‌ലിം നിര്യാതനായി.
മതവിഭാഗങ്ങള്‍
ഷിയാ
ഇസ്‌ലാമിൽ ആദ്യകാലത്തുതന്നെ ഉരുത്തിരിഞ്ഞുവന്ന ഒരു വിഭാഗമാണ് "ഷിയാ'. കക്ഷി എന്നാണ് ഷിയാ എന്ന വാക്കിന്റെ അർഥം. മുഹമ്മദുനബിയുടെ പിതൃവ്യപുത്രനും ജാമാതാവുമായ അലിയുടെ അനുയായികെളയാണ് പൊതുവിൽ ഷിയാ എന്നു വിളിക്കുന്നത്. "ഇമാമികള്‍', "സൈദികള്‍' തുടങ്ങി ഷിയാകളിൽ തന്നെ പല അവാന്തരവിഭാഗങ്ങളുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ഇമാം ഇല്ലാത്തതുകൊണ്ട് ഇവർക്കു കൂട്ടപ്രാർഥന നിർബന്ധമല്ല. പ്രവാചകകുടുംബത്തോടുള്ള ഇവരുടെ ഭക്തിനിഷ്‌ഠ പലപ്പോഴും അതിരുകവിഞ്ഞ് പോകുന്നതായി കാണാം. പ്രവാചകന്റെ കാലശേഷം ഇസ്‌ലാമിക സമൂഹത്തിന്റെ നേതൃത്വം അദ്ദേഹത്തിന്റെ സന്താനപരമ്പരകള്‍ക്ക് ആണെന്ന് ഇവർ വിശ്വസിക്കുന്നു. സ്വന്തമായി ഹജ്ജ് ചെയ്യാന്‍ വയ്യെങ്കിൽ പകരം മറ്റൊരാളെക്കൊണ്ട് ഹജ്ജ് നടത്തിക്കുന്നതിനോ, മഹാത്മാക്കളുടെ ശവകുടീരം സന്ദർശിക്കുന്നതിനോ വിലക്കുകള്‍ ഇല്ല. അലി ദിവ്യാവതാരമാണെന്നുപോലും വിശ്വസിക്കുന്ന ഒരു വിഭാഗം ഇവരുടെ കൂട്ടത്തിലുണ്ട്. പ്രവാചകകുടുംബത്തോടുള്ള ഈ അതിരറ്റ പ്രമം ഒഴിച്ചുനിർത്തിയാൽ താരതമ്യേന മറ്റു വിഭാഗങ്ങളുടെ വിശ്വാസാദർശങ്ങളുമായി സമരസപ്പെട്ടുപോകുന്ന ഒരു ഉപസമൂഹത്തെയും ഷിയാക്കളിൽ കാണാം. ഇവർ പ്രത്യേക വിഭാഗം ആയിത്തന്നെ എന്നും വേർതിരിഞ്ഞുനിന്നു. സ്വന്തമായ ചിന്താസരണിയും ഹദീസ് സമാഹാരങ്ങളും കർമപദ്ധതികളും ഇവർ വളർത്തിയെടുത്തിട്ടുണ്ട്. അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും മുഹമ്മദ് അദ്ദേഹത്തിന്റെ ദൂതനാണെന്നും അലി അദ്ദേഹത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട സുഹൃത്താണെന്നും ഇവർ വിശ്വസിക്കുന്നു. മുസ്‌ലിം സമൂഹത്തിലെ ഒരു പ്രധാനവിഭാഗമാണ് ഷിയാകള്‍. ഇറാന്‍, ഇന്ത്യ എന്നിവിടങ്ങളിലാണ് ഇവർ പ്രധാനമായും കേന്ദ്രീകരിച്ചിട്ടുള്ളത്. ഷിയാ ഇറാനിലെ ദേശീയമതമാണ് (16-ാം ശ.-മുതൽ ഇത് അവിടത്തെ ഔദ്യോഗിക മതമായിരുന്നു). ഇന്ത്യയിലെയും ഇറാഖിലെയും ദക്ഷിണ ലബനനിലെയും ഷിയാകള്‍ ആദ്യകാലത്തുതന്നെ പലവിഭാഗങ്ങളായി പിരിഞ്ഞു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് "ഇസ്‌നാ അഷരിയ'. ഇവർ അലിയുടെ പരമ്പരയിൽപ്പെട്ട 12 പേരെ ഇമാമുകളായി അംഗീകരിക്കുന്നു. 2-ാമത്തെ ഇമാമായ മുഹമ്മദ് 874-ൽ അപ്രത്യക്ഷനായെന്നും അദ്ദേഹം ഇന്നും ജീവിച്ചിരിപ്പുണ്ടെന്നും ലോകത്തിന്റെ രക്ഷയ്‌ക്കായി അവസാന ദിനത്തിനു മുമ്പായി പ്രത്യക്ഷപ്പെടുമെന്നും ഇവർ വിശ്വസിക്കുന്നു.
സുന്നി
ഷിയാകള്‍ക്കുപുറമേ ഖവാരിജുകള്‍, മുഅതസിലുകള്‍ എന്നിങ്ങനെ വേറെയും ചില പ്രസ്ഥാനങ്ങള്‍ മുസ്‌ലിം സമൂഹത്തിൽ ആദ്യകാലംമുതൽ ഉടലെടുത്തിട്ടുണ്ടെങ്കിലും അത്തരം കക്ഷികളിൽനിന്ന് ഭിന്നമായി ഇസ്‌ലാമിന്റെ മൗലികാധാരശിലകളായ ഖുർആനിലും സുന്നത്തിലും ഊന്നിനിന്നുകൊണ്ട് പൂർവിക മുസ്‌ലിങ്ങളുടെയും ഖലീഫമാരുടെയും മാതൃക മുറുകെ പ്പിടിച്ചുപോന്ന മുസ്‌ലിം സമൂഹം, പൊതുവിൽ "അഹ്‌ലുസ്‌സുന്നത്തി വൽ ജമാഅ' (പ്രവാചകചര്യയുടെയും ഇസ്‌ലാമിക സംഘടനയുടെയും ആള്‍ക്കാർ) എന്ന പേരിൽ അറിയപ്പെട്ടുപോന്നു. ഇവരുടെ മറ്റൊരു പേരാണ് സുന്നികള്‍. മുസ്‌ലിം സമൂഹത്തിലെ ഏറ്റവും വലിയ ഉപവിഭാഗമാണ് ഇവർ.
ഉദ്ധാരകന്മാർ
പ്രവാചകന്റെ നിര്യാണത്തിനുശേഷം പിന്നെയും കുറേക്കാലം മുസ്‌ലിം സമൂഹം ഇസ്‌ലാമികാദർശങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട് ജീവിച്ച് പോന്നു. ഖലീഫമാരായ അബൂബക്കർ, ഉമർ, ഉസ്‌മാന്‍, അലി എന്നിവരുടെ കാലത്ത് ഇസ്‌ലാമികവ്യവസ്ഥ അതിന്റെ യഥാർഥരൂപത്തിൽത്തന്നെ നിലകൊണ്ടു; എന്നാൽ ഈ സ്ഥിതി ഏറെക്കാലം നിലനിന്നില്ല. മുസ്‌ലിംസമൂഹം ഇസ്‌ലാമികദർശനത്തിൽ നിന്നു വ്യതിചലിക്കുവാന്‍ തുടങ്ങി. അത്തരം സന്ദർഭങ്ങളിൽ ഇസ്‌ലാമിനെ സമുദ്ധരിക്കുവാനായി പലരും രംഗത്തുവന്നു. അവരിൽ പ്രധാനികളായ ചിലരെപ്പറ്റിയാണ് താഴെ പ്രസ്‌താവിക്കുന്നത്.
ഉമർ ഇബ്‌നു അബ്‌ദിൽ അസീസ്
ഖലീഫ മാരുടെ കാലശേഷം ഇസ്‌ലാമികഭരണം ഉമയാദ് ഭരണകർത്താക്കളിലെത്തുകയും അധികാരമോഹം കൊണ്ട് ഭരണം അധഃപതിക്കുകയും ചെയ്‌ത ഒരു ഘട്ടത്തിലാണ് ഉമർ ഇബ്‌നു അബ്‌ദിൽ അസീസ് ഭരണഭാരം കൈയേറ്റത്. സ്വാർഥികളായ മുന്‍ ഭരണാധിപന്മാരുടെ നീതിവിരുദ്ധമായ എല്ലാ നടപടികളെയും റദ്ദുചെയ്യുന്ന വിളംബരവുമായാണ് ഇദ്ദേഹം രംഗത്തു വന്നത്. തികച്ചും ലളിതമായ ജീവിതം നയിച്ചിരുന്ന ഈ ഖലീഫ മുസ്‌ലിം സമൂഹത്തെ പൂർണമായും ഇസ്‌ലാമികാടിത്തറകളിൽത്തന്നെ പുനഃപ്രതിഷ്‌ഠിക്കാന്‍ അത്യധ്വാനം ചെയ്‌തു. ഉമർ രണ്ടാമന്‍ എന്ന പേരിൽ ചരിത്രത്തിൽ അറിയപ്പെടുന്ന ഇദ്ദേഹത്തെ അധികാരമോഹികളായ കുടുംബാംഗങ്ങള്‍ തന്നെ വിഷം കൊടുത്തു കൊന്നു.
നാല് ഇമാമുകള്‍
അബൂ ഹനീഫ, മാലിക്, ശാഫി ഈ, അഹമ്മദ് ഇബ്‌നു ഹന്‍ബൽ എന്നിവരും ഇസ്‌ലാമിന്റെ ഉദ്ധാരകന്മാരായിരുന്നു. അക്കാലത്തെ അനീതികളെയും അക്രമങ്ങളെയും ചെറുത്തതിന്റെ പേരിൽ ക്രൂരവും നിഷ്‌ഠൂരവുമായ മർദനങ്ങള്‍ ഇവർക്ക് ഏല്‌ക്കേണ്ടി വന്നിട്ടുണ്ട്. അബൂ ഹനീഫ ജയിലിൽവച്ചാണ് അന്ത്യശ്വാസം വലിച്ചത്. മാലിക്കിനെ ഒരു "ഫത്‌വ' (വിധി) യുടെ പേരിൽ ചമ്മട്ടി കൊണ്ടു പ്രഹരിക്കുകയും ചുമലിൽ നിന്നു കൈകള്‍ പറിച്ചു കളയുകയും ചെയ്‌തു. എന്നിട്ടും തൃപ്‌തിയാകാതെ ശരീരമാസകലം കരിതേച്ച് കഴുതപ്പുറത്തിരുത്തി പൊതുനിരത്തുകളിലൂടെ സവാരി ചെയ്യിച്ചു. ശാഫിഈയെ യമനിൽനിന്നു ബാഗ്‌ദാദുവരെ വിലങ്ങുവച്ചാണ് കൊണ്ടുവന്നത്. അഹമ്മദ് ഇബ്‌നു ഹന്‍ബലിനെ കവഞ്ചികൊണ്ട് അടിക്കുകയും തുറങ്കിലടയ്‌ക്കുകയും ചെയ്‌തു.
ഗസ്‌സാലി
ഇസ്‌ലാമികവിജ്ഞാനശാഖകളിലും ഇതര കലാശാസ്‌ത്രങ്ങളിലും അഗാധ പാണ്ഡിത്യം നേടിയ ഗസ്‌സാലി അന്നത്തെ ഏറ്റവും വലിയ സാംസ്‌കാരികകേന്ദ്രമായിരുന്ന നിസാമിയാ സർവകലാശാലയുടെ അധിപനായി ഏതാനും വർഷം സേവനമനുഷ്‌ഠിച്ചതിനു ശേഷം ഒരു ഫക്കീറിന്റെ വേഷമണിഞ്ഞ് പത്തു വർഷക്കാലം വിവിധ ദേശങ്ങളിൽ ചുറ്റി സഞ്ചരിക്കുകയുണ്ടായി. സൂഫിമാർഗങ്ങളിലൂടെ ആത്മസംസ്‌കരണം നടത്തി തിരിച്ചുവന്ന് ശിഷ്‌ടജീവിതം സമുദായ സമുദ്ധാരണത്തിനായി ഉഴിഞ്ഞുവച്ചു. ഇസ്‌ലാമികാദർശത്തിൽ ഗ്രീക്കുതത്ത്വചിന്തയുടെ സ്വാധീനത്തെ നിശിതമായി എതിർക്കുകയുണ്ടായി. അനേകം ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്; ഭരണകർത്താക്കളുടെ ദുഷ്‌ച്ചെയ്‌തികളെ ഇദ്ദേഹം എതിർത്തു. യാഥാസ്ഥിതിക പണ്ഡിതന്മാർ അദ്ദേഹത്തെ മതഭ്രഷ്‌ടനാക്കുകയും കൃതികള്‍ തീയിലിട്ടു കരിച്ചുകളയുകയും ചെയ്‌തു. ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ക്ക് മുസ്‌ലിംലോകത്ത് എന്നിട്ടും വമ്പിച്ച സ്വാഗതമാണു ലഭിച്ചത്. ഇസ്‌ലാമിന്റെ വക്താവ് എന്ന നിലയിൽ ഇദ്ദേഹത്തിന് "ഹുജ്ജത്തുൽ ഇസ്‌ലാം' എന്ന ബിരുദം നല്‌കപ്പെട്ടിട്ടുണ്ട്. നോ. അൽ ഗസ്‌സാലി
ശൈഖ് ഉൽ ഇസ്‌ലാം ഇബ്‌നു തൈമീയ
ഇസ്‌ലാമികവിജ്ഞാനങ്ങളിൽ വിശിഷ്യ ഹദീസിൽ തൈമീയയ്‌ക്ക് അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. ഗസ്സാലിയെപ്പോലെ ഗ്രീക്ക്‌തത്ത്വശാസ്‌ത്രത്തെ ശക്തമായി എതിർത്ത ഇദ്ദേഹം അരിസ്റ്റോട്ടിലിന്റെ ചിന്തകളെ ഖണ്ഡിച്ചു. അദ്ദേഹം മുസ്‌ലിം സമുദായത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അകറ്റാന്‍ ശ്രമം നടത്തി.
മുസ്‌ലിംലോകത്താകമാനം വമ്പിച്ച പരിവർത്തനങ്ങള്‍ക്കു കളമൊരുക്കിയ ഒരു ചിന്താപ്രസ്ഥാനമായിരുന്നു ഇബ്‌നു തൈമീയ ആവിഷ്‌കരിച്ച സിദ്ധാന്തം.
ശൈഖ് അഹമദ് സിർഹിന്ദി
മുഗള്‍ ഭരണകാലത്ത് ഇന്ത്യയിൽ ഇസ്‌ലാമിക നവോത്ഥാനത്തിനു നേതൃത്വം നല്‌കിയ പണ്ഡിതനായിരുന്നു ശൈഖ് അഹ്‌മദ് സിർഹിന്ദി. മുസ്‌ലിംസമുദായത്തെ ഇസ്‌ലാമികമായ അടിത്തറകളിൽ പുനഃപ്രതിഷ്‌ഠിക്കുന്നതിനുവേണ്ടി ഇദ്ദേഹം നിസ്‌തന്ദ്രം പരിശ്രമിച്ചതിന്റെ പേരിൽ, മുഗള്‍ഭരണകർത്താക്കളിൽനിന്ന് ശക്തമായ എതിർപ്പുകളെ ഇദ്ദേഹത്തിനു നേരിടേണ്ടിവന്നിട്ടുണ്ട്. സൂഫിസത്തിന്റെ വ്യതിചലിച്ച രൂപം ശുദ്ധിചെയ്‌തു പരിഷ്‌കരിച്ചത് സിർഹിന്ദിയാണ്.
ഷാവലിയുല്ല
ഗവേഷണപഠനങ്ങളിലൂടെ ഖുർ ആനിൽനിന്നും പ്രവാചകചര്യയിൽ നിന്നും കാലികപ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകുന്ന പല നവീനാശയങ്ങളും ഇദ്ദേഹം കണ്ടെത്തി; അമൂല്യമായ ഒരു സാഹിത്യസമ്പത്ത് ഇസ്‌ലാമിന് കാഴ്‌ചവയ്‌ക്കുകയും ചെയ്‌തു.
ശൈഖ് മുഹമ്മദ് ഇബ്‌നു അബ്‌ദുൽ വഹാബ്, ജമാലുദ്ദീന്‍ അഫ്‌ഗാനി തുടങ്ങി വേറെയും പല മഹാത്മാക്കള്‍ മുസ്‌ലിം സമുദായത്തെ ഉദ്ധരിക്കുവാന്‍ ഓരോകാലത്ത് പ്രയത്‌നിച്ചിട്ടുണ്ട്.
കക്ഷികളും പ്രസ്ഥാനങ്ങളും
മുസ്‌ലിം സമുദായത്തിൽ ആശയപരവും ചിന്താപരവുമായ അഭിപ്രായഭിന്നതകളുടെ പേരിൽ പല ചേരികളും പലപ്പോഴും ആവിർഭവിക്കുകയും അസ്‌തമിക്കുകയും ചെയ്‌തിട്ടുണ്ട്. അവയിൽ ഒട്ടുമിക്കവയും ആദർശപരമായ ആത്മാർഥതയുടെയും സദുദ്ദേശ്യത്തിന്റെയും ഫലങ്ങളായിരുന്നുവെങ്കിലും പില്‌ക്കാലത്ത് അവയിൽ പലതിന്റെയും ലക്ഷ്യം പിഴച്ചുപോയി.
ഖാവാരിജ്
"പുറത്തുപോയവർ' എന്നാണ് ഖാവാരിജ് എന്ന പദത്തിന്റെ അർഥം; ഇസ്‌ലാമികവൃത്തത്തിൽ നിന്നു വ്യതിചലിച്ചവർ എന്ന അർഥത്തിലാണ് ഈ വിവക്ഷ. ഖലീഫാ അലിയും മുആവിയയും മധ്യസ്ഥന്മാരുടെ തീരുമാനം അംഗീകരിക്കാമെന്ന വ്യവസ്ഥയിൽ തങ്ങള്‍ ആരംഭിച്ച കലഹം അവസാനിപ്പിക്കുകയുണ്ടായി. അലിയുടെ അനുയായികളിൽപ്പെട്ട ഒരു വിഭാഗം ഈ തീരുമാനത്തെ എതിർത്ത് "വിധിതീർപ്പ് അല്ലാഹുവിന്റെ മാത്രം അവകാശമാണ്' എന്നു പ്രഖ്യാപിച്ചുകൊണ്ട് രംഗത്തു വന്നു. പ്രത്യക്ഷത്തിൽ നല്ല ആശയങ്ങളാണ് ഇവർ പ്രചരിപ്പിച്ചത്. എങ്കിലും കടുത്ത തീവ്രവാദവും നേതൃത്വമില്ലായ്‌മയും ഈ വിഭാഗത്തെ അരാജകത്വത്തിലും അനിസ്‌ലാമികതയിലും കൊണ്ടെത്തിച്ചു. ഈ കക്ഷിയാണ് ഖാവാരിജ് എന്ന പേരിൽ അറിയപ്പെട്ടത്. ശക്തിയുപയോഗിച്ച് ഇവരെ അമർച്ചചെയ്‌തുവെങ്കിലും ആദ്യകാല മുസ്‌ലിംഭരണകൂടങ്ങള്‍ക്ക് ഇവർ വലിയ തലവേദനയായിരുന്നു. ദൈവഭക്തന്മാരും ധീരന്മാരും സാഹസികരുമായിരുന്നു ഇവർ.
മു അ്‌തസിലുകള്‍
വാസിൽ ഇബ്‌നു അത്താ ആണ് ഇവരുടെ നേതാവ്. 748-ൽ ഇദ്ദേഹം മദീനയിൽ ജനിച്ചു. തന്റെ ഗുരുവായിരുന്ന ഹസന്‍ ബസരിയുമായുണ്ടായ അഭിപ്രായഭിന്നത മൂലം വിദ്യാലയത്തിൽനിന്നു പുറത്താക്കപ്പെട്ടതുകൊണ്ടാണ് മുഅ്‌തസിലി (അകറ്റിനിർത്തപ്പെടുന്നവർ) എന്ന പേർ ലഭിച്ചതെന്നു പറയപ്പെടുന്നു. ഇസ്‌ലാമിന്റെ മൗലിക വിശ്വാസങ്ങളുടെ വിശദാംശങ്ങളിൽ പലതിനോടും ഇദ്ദേഹത്തിന് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ദൈവത്തിന്റെസത്ത, ഗുണവിശേഷങ്ങള്‍ എന്നു തുടങ്ങി ഒട്ടുവളരെ കാര്യങ്ങളിൽ യുക്തിപരമായ ഒരു നിലപാടാണ് ഇദ്ദേഹവും അനുയായികളും കൈക്കൊണ്ടത്. മുഅ്‌തസിലിസം ആദ്യം ഒറ്റപ്പെട്ട ചില അഭിപ്രായങ്ങള്‍ മാത്രമായിരുന്നുവെങ്കിലും പില്‌ക്കാലത്ത് അത് ഒരു ചിന്താപ്രസ്ഥാനമായി വളർന്നു; ധാരാളം അനുയായികള്‍ അവർക്കുണ്ടായി. അബ്ബാസിയാ ഭരണകർത്താക്കളിൽ വിശ്രുതനായ ഖലീഫ അൽമാമുന്റെ കാലത്ത് അഹ്‌ലുത്തൗഹീദി വൽ അദൽ (ഏകനും നീതിമാനുമായ ദൈവത്തിൽ വിശ്വസിക്കുന്നവർ) എന്നാണിവർ സ്വയം വിശേഷിപ്പിച്ചിരുന്നത്.
അൽമഅ്‌മൂന്‍ ഇവരുടെ അനുയായിയായിരുന്നു. അദ്ദേഹത്തിന്റെ കാലത്താണ് ഖുർആനിന്റെ സൃഷ്‌ടിയെപ്പറ്റിയുള്ള തർക്കം രൂക്ഷമായത്. മുഅ്‌തസിലികളുടെ യുക്തിചിന്തകള്‍ക്ക് ഇടക്കാലത്ത് ഗ്രീക്കുതത്ത്വചിന്തയും കൂട്ടിനെത്തി. യാഥാസ്ഥിതിക കക്ഷിയോടുള്ള അസഹിഷ്‌ണുത വർധിച്ച് അതിരുകടന്ന യുക്തിവാദത്തെ അവലംബിച്ചതിന്റെ ഫലമായി മുഅ്‌തസിലികളിൽ രണ്ടു വിഭാഗക്കാർ നാസ്‌തികത്വത്തിലെത്തി. നൂറ്റാണ്ടുകളോളം മുസ്‌ലിം ലോകത്ത് ചിന്താപരമായ കോളിളക്കങ്ങള്‍ സൃഷ്‌ടിച്ച ഒരു പ്രസ്ഥാനമായിരുന്നു അത്.
സൂഫിസം
മുസ്‌ലിം മിസ്റ്റിക്കുകള്‍ എന്ന പേരിൽ അറിയപ്പെടുന്നവരാണ് സൂഫികള്‍. ആദ്യകാലത്ത് ഇസ്‌ലാമികതത്ത്വങ്ങളുടെ വെളിച്ചത്തിലുള്ള ആത്മസംസ്‌കരണപരിപാടി എന്ന നിലയ്‌ക്കാണിത് രൂപം പൂണ്ടത്. പിന്നീട് വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ "നിയോപ്ലാറ്റോണിസ'വുമായും ആര്യസംസ്‌കാരവുമായും ഉണ്ടായ വേഴ്‌ചകളുടെ ഫലമായി സ്വതന്ത്രമായ ഒരു പ്രസ്ഥാനമായി മാറി. ലൗകികചിന്തകള്‍ വെടിഞ്ഞ് ലളിതജീവിതം നയിക്കുകയെന്നതാണ് ഇവരുടെ നിലപാട്. സൂഫ് എന്ന വാക്കിൽനിന്നാണ് "സൂഫിസം' ഉദ്‌ഭവിച്ചതെന്നും അല്ലെന്നും പല അഭിപ്രായങ്ങളുണ്ട്. ഒരു ജീവിതപദ്ധതിയായ ഇസ്‌ലാമിൽ ഏകാന്തവാസത്തിനു വലിയ സ്ഥാനമില്ല; സൂഫിസത്തിനു സംഭവിച്ച ചിന്താപരമായ പരിണാമം ഇസ്‌ലാമികദർശനങ്ങളുമായി തെല്ലും പൊരുത്തപ്പെടുന്നവയുമായിരുന്നില്ല.
അബു ഹാഷിം, അബു ഇസ്‌ഹാഖ്, ഇബ്രാഹീം ഇബ്‌നു അദ്‌ഹം എന്നിവരാണ് ആദ്യകാലപ്രമുഖ സൂഫി ചിന്തകന്മാർ. ഹല്ലാജ്, ജലാലുദ്ദീന്‍ റൂമി, ഇബ്‌നു അറബി, അ അദി, ഹാഫിസ് ജാമി എന്നീ പ്രതിഭാശാലികളും കവിവര്യന്മാരും സൂഫിചിന്തകളുടെ വക്താക്കളായിരുന്നു.
ഇസ്‌ലാം, ഇന്ത്യയിൽ
ഇസ്‌ലാമിന്റെ ആവിർഭാവത്തിന് ഏറെ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഭാരതവും മധ്യപൗരസ്‌ത്യനാടുകളുമായി വാണിജ്യബന്ധം നിലനിന്നിരുന്നു. അറബി കച്ചവടക്കാർ ഇവിടെനിന്ന് സുഗന്ധദ്രവ്യങ്ങളും മറ്റു ചില വിശിഷ്‌ടവസ്‌തുക്കളും കയറ്റിക്കൊണ്ടുപോകുകയും വിദേശരാജ്യങ്ങളിൽനിന്നു പലതും ഇറക്കുമതി ചെയ്യുകയും പതിവായിരുന്നു. ദക്ഷിണേന്ത്യയിൽ ഇസ്‌ലാംമതം പ്രചരിപ്പിച്ചത് അറബികളായ കച്ചവടക്കാരും സൂഫികളും മുഖേനയായിരുന്നു. ഹിജ്‌റ 1-ാം ശതകത്തിന്റെ അന്ത്യത്തിലോ രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ കേരളതീരത്ത് ഇസ്‌ലാമിന്റെ സന്ദേശം പ്രചരിച്ചിട്ടുണ്ടെന്നു പറയാം. പ്രവാചകന്റെ കാലത്തുതന്നെ ഇസ്‌ലാംമതം ഇവിടെ പ്രചരിച്ചിട്ടുണ്ടെന്നാണ് ചേരമാന്‍പെരുമാള്‍ ഇസ്‌ലാം സ്വീകരിച്ചുവെന്ന ഐതിഹ്യത്തിൽ നിന്ന് അനുമാനിക്കേണ്ടത്.
എ.ഡി. 711-ൽ മുഹമ്മദ് ബിന്‍ കാസിം സിന്ധ് ആക്രമിച്ചതോടെയാണ് ഉത്തരേന്ത്യയിൽ ഇസ്‌ലാമിന് പ്രചാരം ലഭിച്ചു തുടങ്ങിയത്. മുഹമ്മദ് ബിന്‍ കാസിമിന്റെ ആക്രമണോദ്ദേശ്യം എന്തുതന്നെയായിരുന്നാലും, സാത്വികരായ മുസ്‌ലിം സൂഫികളും ഖ്വാജ മുഈനുദ്ദീന്‍ ചിഷ്‌തിയെപ്പോലുള്ള യതിവര്യന്മാരും ആണ് ഉത്തരേന്ത്യയിൽ ഇസ്‌ലാംപ്രചാരണത്തിന് ആക്കം കൂട്ടിയത്.
നോ. ഇസ്‌ലാമികചരിത്രം