This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുഞ്ഞിക്കുങ്കി, കൊയിലോരിടത്തിൽ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കുഞ്ഞിക്കുങ്കി, കൊയിലോരിടത്തില്‍
വടക്കന്‍ പാട്ടുകളില്‍ പ്രകീര്‍ത്തിതയായ ഒരു വീരവനിത. തനിക്ക് ഇഷ്‌ടപ്പെട്ട പുരുഷനെ മാത്രമേ ഭര്‍ത്താവായി സ്വീകരിക്കുകയുള്ളുവെന്നു പ്രതിജ്ഞയെടുത്തിരുന്ന കുഞ്ഞിക്കുങ്കി, ഒരു ദിവസം സ്വന്തം വീട്ടുകുളത്തില്‍ കുളിച്ചുകൊണ്ടിരുന്ന ഒരു യുവസന്ന്യാസിയെ കാണുവാനിടയായി. ആ ചെറുപ്പക്കാരനെ കണ്ടതോടെ കുങ്കി തനിക്കു യോജിച്ച വരനെ കണ്ടെത്തിയിരിക്കുന്നു എന്ന വിവരം അമ്മയെ അറിയിച്ചു. എങ്ങോ പോവുന്ന ഒരു സന്ന്യാസിയില്‍ ഭ്രമിച്ചു പോയ മകളെ ആ അമ്മ ശാസിച്ചുവെങ്കിലും അതു കുങ്കി കാര്യമായിക്കരുതിയില്ല.
വീട്ടിലേക്കു കയറിവന്ന ആ സന്ന്യാസിയെ ഒരു മാന്യാതിഥിയെപ്പോലെയാണ് കുങ്കി സ്വീകരിച്ചത്. വിശേഷങ്ങള്‍ കൈമാറുന്നതിനിടയില്‍ ആ സന്ന്യാസി തച്ചോളിച്ചന്തുവാണെന്നു മനസ്സിലാക്കിയ കുങ്കി ആഹ്ലാദം കൊണ്ട് തുള്ളിച്ചാടുകതന്നെ ചെയ്‌തു. ചന്തു, പൊന്നാപുരം കോട്ടയിലേക്ക് യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ടതാണെന്നുകൂടി അറിഞ്ഞപ്പോള്‍ ഇവര്‍ അസ്വസ്ഥയാവാതിരുന്നില്ല. എങ്കിലും കോട്ടവാതിലുകള്‍ തുറക്കുന്നതിനുള്ള മരുന്നും ഒളിവഴികളെപ്പറ്റിയുള്ള വിവരങ്ങളും ചന്തുവിനെ അറിയിച്ചു. ചില പ്രത്യേക നിബന്ധനകളുടെ അടിസ്ഥാനത്തില്‍ തന്റെ ഏഴ് ആങ്ങളമാരും ചന്തുവിന്റെ കൂടെ പടക്കളത്തില്‍ ഉണ്ടാവുമെന്നും കുങ്കി ഉറപ്പുകൊടുത്തു.
കുങ്കിയുടെ സഹായം കൊണ്ടുമാത്രം പൊന്നാപുരം കോട്ട പിടിച്ചടക്കിയ ചന്തു, സ്വന്തം ഭാര്യയെന്ന നിലയില്‍ കുങ്കിയെയും കൂട്ടിക്കൊണ്ടുതന്നെയാണ് തച്ചോളിവീട്ടിലേക്കു മടങ്ങിയത്.
(പയ്യന്നൂര്‍ ബാലകൃഷ്‌ണന്‍)