This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:21, 14 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എലി

Mouse (Rattus rattus)

കരണ്ടുതീനി (ഞീറലി) വേർഗത്തിൽപ്പെട്ട ഒരു സസ്‌തനി. റോഡന്‍ഷ്യ (Rodentia) വർഗത്തിലെ മ്യൂറിഡേ (Muridae) കുടുംബത്തിൽപ്പെട്ട റാറ്റസ്‌ ജീനസ്സിലാണ്‌ ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ലോകത്തെമ്പാടുമായി നിരവധി സ്‌പീഷീസ്‌ എലികള്‍ കാണപ്പെടുന്നു. കരണ്ടുതീനികളിലെ ഒരു നല്ല പങ്കിനേയും എലികള്‍ എന്നു വിളിക്കാറുണ്ട്‌. വീടുകളിൽ സാധാരണയായി കാണപ്പെടുന്ന എലിയുടെ ശാ.നാ. റാറ്റസ്‌ റാറ്റസ്‌ (Rattus rattus) എന്നാണ്‌. ഈ ഇനം ലോകത്തിന്റെ പല ഭാഗങ്ങളിലും കാണപ്പെടുന്നു. സാധാരണയായി വലുപ്പംകുറഞ്ഞ എലികളെ ചുണ്ടെലികളെന്ന്‌ വിളിക്കുന്നു; ഏറ്റവും വലുപ്പമുള്ളവയും പറമ്പുകളിൽ പുനങ്ങളുണ്ടാക്കി ജീവിക്കുന്നവയുമാണ്‌ പെരുച്ചാഴികള്‍ അഥവാ പന്നിയെലികള്‍.

എലികളുടെ 550-ഓളം സ്‌പീഷീസുകളെ കണ്ടെത്തിയിട്ടുണ്ട്‌. ശരീരത്തിന്റെ നീളം 12 സെ.മീ. മുതൽ 30 സെ.മീ. വരെയുള്ള ഇനങ്ങളുണ്ട്‌. ശരീരത്തോളമോ അതിലും കൂടുതലോ നീളമുള്ള വാൽ അഗ്രഭാഗത്തേക്കുപോകുമ്പോള്‍ കൂർത്തുവരുന്നു. വാലിനെ പൊതിഞ്ഞ്‌ ചെറുശല്‌കങ്ങളുണ്ട്‌. ശരീരം രോമാവൃതമാണ്‌. തലയുടെ മുന്നറ്റത്ത്‌ വായുടെ ഇരുവശങ്ങളിലുമായി നീണ്ട രോമങ്ങള്‍ വശങ്ങളിലേക്ക്‌ തള്ളിനില്‌ക്കുന്നു. ചെവി വലുതും കുമ്പിളിന്റെ ആകൃതിയോടുകൂടിയതുമാണ്‌. ഇന്ത്യയിൽ കാണപ്പെടുന്ന എലികളെ അവയുടെ വാസസ്ഥലത്തിന്റെ പ്രത്യേകതകളെ കണക്കിലെടുത്ത്‌ മൂന്നായി വിഭിജിക്കാം; കൃഷിസ്ഥലങ്ങളിലുള്ളവ, കാടുകളിലുള്ളവ, വീടുകളിലുള്ളവ.

മിലാർഡിയ മെൽറ്റാഡ(Millardia meltada), ബാന്‍ഡിക്കോട്ട ബംഗളെന്‍സിസ്‌ (Bandicota bengalensis)എന്നിവയാണ്‌ കൃഷിസ്ഥലങ്ങളുമായി ബന്ധപ്പെട്ടു ജീവിക്കുന്ന എലിയിനങ്ങള്‍. ഇവയോടൊപ്പം മസ്‌ ബൂദുഗ(Mus booduga) മസ്‌പ്‌ളാറ്റിത്രിക്‌സ്‌ (M. platythrix) എന്നീയിനം ചുണ്ടെലികളും കൃഷിസ്ഥലങ്ങളിൽ കാണപ്പെടുന്നുണ്ട്‌.

റാറ്റസ്‌ ബ്‌ളാന്‍ഫോർഡി(Ratus blanfordi), ഗോലന്‍ഡ എല്ലി ഓട്ടി (Golunda elli oti), വാന്‍ഡലൂറിയ ഒളിറേസി (Vandaluria oleracea) എന്നീ സ്‌പീഷീസുകള്‍ കാട്ടിൽ കാണപ്പെടുന്നവയാണ്‌. റാറ്റസ്‌ റാറ്റസ്‌ എന്ന സ്‌പീഷീസാണ്‌ വീടുകളിൽ കാണപ്പെടുന്നത്‌. ഇതിന്‌ മൂന്ന്‌ സബ്‌ സ്‌പീഷീസുകള്‍ ഉള്ളതായി കരുതുന്നു. കറുത്ത മുതുകും കറുപ്പുകലർന്ന വെള്ളനിറമുള്ള വയറും ഉള്ള റാറ്റസ്‌ റാറ്റസ്‌ റാറ്റസ്‌ തവിട്ടുനിറമുള്ള മുതുകോടുകൂടിയ റാറ്റസ്‌ റാറ്റസ്‌ അലക്‌സാന്‍ഡ്രനസ്‌ (Rattus rattus alexandrinus), മെഞ്ഞയോ ചുവപ്പുകലർന്ന തവിട്ടുനിറമോ ഉള്ള മുതുകോടുകൂടിയ റാറ്റസ്‌ റാറ്റസ്‌ ഫ്രൂഗിവോറസ്‌ (R.r. frgivorus)എന്നിവയാണ്‌ ഈ സബ്‌ സ്‌പിഷീസുകള്‍. ഇവയൊടൊപ്പം മസ്‌ മസ്‌ക്യൂലസ്‌ (Mus musculus)എന്നൊരിനവും വീടുകളിൽ കാണാറുണ്ട്‌.

എലികള്‍ വളരെ വേഗം പെറ്റുപെരുകുന്നു. ഒരു പ്രത്യേക സന്താനോത്‌പാദനകാലം ഇവയ്‌ക്കില്ല. ആണ്ടിൽ എല്ലാ മാസങ്ങളിലും ഇവ സന്താനോത്‌പാദനം നടത്തുന്നു. പക്ഷേ മഞ്ഞുകാലത്തു നടക്കുന്ന പ്രസവത്തിൽ കുട്ടികള്‍ കുറവായിരിക്കും. ഗർഭകാലം 21 ദിവസമാണ്‌. ഒരു പ്രസവത്തിൽ 3 മുതൽ 12 വരെ കുഞ്ഞുങ്ങളുണ്ടായിരിക്കും. ജനിക്കുമ്പോള്‍ കാഴ്‌ചശക്തി കാണുകയില്ല. ശരീരത്തിൽ രോമങ്ങളും ഉണ്ടാകാറില്ല. പക്ഷേ വളരെ വേഗം കുഞ്ഞുങ്ങള്‍ വളർച്ച പ്രാപിക്കുന്നു. ജനിച്ച്‌ 15 ദിവസം കഴിയുമ്പോഴേക്കും കാഴ്‌ചശക്തി ലഭിക്കുന്നു. ശരീരത്തിൽ രോമം വളർന്നുവരാന്‍ മൂന്നാഴ്‌ചയെടുക്കും. പ്രസവം കഴിഞ്ഞ്‌ മണിക്കൂറുകള്‍ക്കകം പെണ്ണെലി സംയോഗത്തിന്‌ തയ്യാറാകുന്നു. രണ്ടുവയസ്സ്‌ പ്രായമെത്തിക്കഴിഞ്ഞാൽ പെണ്ണെലിക്ക്‌ പ്രസവിക്കാനുള്ള കഴിവുനശിക്കും. മൂന്നുവർഷം പ്രായമാകുമ്പോഴേക്കും പല്ലുകള്‍ കൊഴിഞ്ഞ്‌ വാർധക്യലക്ഷണങ്ങള്‍ പ്രകടമാകുന്നു.

എലികള്‍ കൂട്ടംചേർന്ന്‌ രമ്യതയോടെ കഴിഞ്ഞു കൂടുന്നുണ്ടെങ്കിലും ഇടയ്‌ക്കിടയ്‌ക്ക്‌ ഇവ അന്യോന്യം ആക്രമിക്കാറുമുണ്ട്‌; വാലിലാണ്‌ ക്ഷതമേല്‌പിക്കുന്നത്‌. മനുഷ്യവാസമുള്ള സ്ഥലങ്ങളിലാണിവ ജീവിക്കുന്നതെന്നതിനാൽ മറ്റു ജീവികളുടെ കനത്ത ആക്രമണങ്ങള്‍ക്കു വിധേയരാകാറില്ല. ഇവയുടെ മുഖ്യ ശത്രു പൂച്ചയാണ്‌.

എലികള്‍ കാർഷികവിളകളുടെ മുഖ്യശത്രുക്കളാണ്‌. ധാന്യങ്ങളെ വന്‍തോതിൽ ഇവ നശിപ്പിക്കുന്നു. വയലുകള്‍, ധാന്യപ്പുരകള്‍, പത്തായങ്ങള്‍ എന്നിവിടങ്ങളിൽ നിന്നെല്ലാം എലികള്‍ ധാന്യവിളകള്‍ തിന്നൊടുക്കാറുണ്ട്‌. തിന്നു തീർക്കുന്നതിന്റെ പത്തിരട്ടി മറ്റുവിധത്തിൽ ഇവ നശിപ്പിക്കുന്നു. വീടുകള്‍ക്കുള്ളിൽനിന്നും കടലാസ്‌, സോപ്പ്‌, ചാക്കുകള്‍, കയറ്‌, ഇലക്‌ട്രിക്‌ വയറുകളുടെ ഇന്‍സുലേഷന്‍ എന്നിവയും എലികള്‍ നശിപ്പിക്കുന്നു.

ചില രോഗങ്ങളുടെ വ്യാപനത്തിലും എലികള്‍ക്ക്‌ പങ്കുണ്ട്‌. ടൈഫസ്‌ (Typhus), മെഞ്ഞപ്പിത്തം, ഒരിനം പ്ലേഗ്‌ (Bubonic Plague), റേബീസ്‌, ട്രക്കിനോസിസ്‌ എന്നിവയുടെ അണുക്കളെ പരത്തുന്നത്‌ എലികളാണെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു. എലി കടിക്കുന്നതുമൂലവും വിസർജ്യങ്ങളിലൂടെയും മനുഷ്യരിൽ റാറ്റ്‌-ബൈറ്റ്‌ ഫീവർ (എലിപ്പനി) എന്ന ഒരു രോഗം ഉണ്ടാവാറുണ്ട്‌.

മറ്റെല്ലാവിധത്തിലും മനുഷ്യനു നാശകാരിയായ എലി പരീക്ഷണശാലയിലെ ഉപയോഗത്തിനുതകുന്ന ഒരു ജീവി കൂടിയാണ്‌. നിരവധി ശാസ്‌ത്രീയ പഠനങ്ങള്‍ക്ക്‌ എലികളെ ഉപയോഗപ്പെടുത്താറുണ്ട്‌. റാറ്റസ്‌ നോർവിജിക്കസ്‌ (Rattus norvegicous) എന്ന തവിട്ടുനിറമുള്ള എലിയുടെ വെള്ളനിറത്തിലുള്ള അൽബിനോകളെയാണ്‌ കൂടുതലായും പരീക്ഷണങ്ങള്‍ക്കായി തിരഞ്ഞെടുക്കുന്നത്‌. ഇക്തിയോമിസ്‌ സ്റ്റോള്‍സ്‌മാനി(Ichthyomys Stolzmanni)എന്നയിനം എലിയുടെ പ്രധാനഭക്ഷണം മീനുകളാണ്‌.

എലിനശീകരണം. വിളഭൂമികളുടെയും ധാന്യപ്പുരകളുടെയും ഒന്നാം നമ്പർ ശത്രുക്കളായ എലികള്‍ ഇന്ത്യയിലുത്‌പാദിപ്പിക്കപ്പെടുന്ന ധാന്യവിളകളുടെ ഏതാണ്ട്‌ നാലിലൊരു ഭാഗത്തോളം നശിപ്പിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. വീടിന്റെ പരിസരപ്രദേശങ്ങളിലുള്ള ചപ്പുചവറുകള്‍, കുറ്റിക്കാടുകള്‍, ചെറിയ പുനങ്ങള്‍ എന്നിവിടങ്ങളിലാണ്‌ എലികള്‍ താവളമടിക്കാറുള്ളത്‌. വീടും പരിസരവും ചപ്പുചവറുകളിൽനിന്നും ആഹാരപദാർഥങ്ങളുടെ ഉച്ഛിഷ്‌ടങ്ങളിൽനിന്നും വിമുക്തമാക്കി സൂക്ഷിച്ചാൽ ഒരളവിൽ എലികളെ ദൂരീകരിക്കുവാന്‍ സാധിക്കും. എലികളെ പിടിച്ചു നശിപ്പിക്കാനായി നിരവധി മാർഗങ്ങള്‍ സ്വീകരിക്കാറുണ്ട്‌. എലിവില്ല്‌, എലിപ്പത്തായം, എലിക്കെണി എന്നിവ സർവസാധാരണമായി എലിയെ പിടിക്കുവാന്‍ ഉപയോഗിക്കുന്നു. കൂടാതെ നിരവധി എലിവിഷങ്ങളും മാർക്കറ്റിൽ ഇന്നു സുലഭമാണ്‌. സിങ്ക്‌ ഫോസ്‌ഫൈഡ്‌, വാർഫാറിന്‍ എന്നിവ ഇവയിൽ ചിലതാണ്‌. ആഹാരപദാർഥങ്ങളുമായി ചേർത്ത്‌ ഈ വിഷവസ്‌തുക്കള്‍ എലി സാധാരണ പ്രത്യക്ഷപ്പെടാറുള്ള സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ സൂക്ഷിക്കുകയാണ്‌ പതിവ്‌. എലിമാളങ്ങളിൽ പുക കയറ്റിവിട്ടും എലിയെ നശിപ്പിക്കാറുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%B2%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍