This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കബേ, എറ്റിയന്‍ (1788-1856)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:22, 25 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കബേ, എറ്റിയന്‍ (1788-1856)

Cabet, Etienne

ഫ്രഞ്ച്‌ അമേരിക്കന്‍ സോഷ്യലിസ്റ്റ്‌ ചിന്തകന്‍. ഫ്രാന്‍സിലെ ദിഷോങ്ങില്‍ 1788 ജഌ. 1ഌ ജനിച്ചു. നിയമബിരുദം നേടിയ ശേഷം 1820 വരെ ദിഷോങ്ങില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന്‌ ഇദ്ദേഹം പാരിസിലെത്തി വിപ്ലവപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. 1830 ജൂല.ലെ വിപ്ലവാനന്തരം ഇദ്ദേഹം കോഴ്‌സിക്കയിലെ പ്രാസിക്യൂട്ടിങ്‌ അറ്റോര്‍ണിയായി നിയമിതനായി. പക്ഷേ അധികം വൈകാതെ, ഗവണ്‍മെന്റിനെതിരായി പ്രവര്‍ത്തിച്ചിരുന്നുവെന്ന കാരണത്താല്‍ പിരിച്ചുവിടപ്പെട്ടു. 1831ല്‍ ഡെപ്യൂട്ടിമാരുടെ ചേംബറിലെ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം രണ്ടുവര്‍ഷം കഴിഞ്ഞ്‌ ല്‌ പോപുലേര്‍ (Le Populaire) എന്ന ആഌകാലിക പ്രസിദ്ധീകരണം ആരംഭിച്ചു. രാജഭരണത്തിനെതിരായ ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയതിനെത്തുടര്‍ന്ന്‌ ജയില്‍ശിക്ഷ ഭയന്ന കബേ 1834ല്‍ ബ്രിട്ടനിലേക്കു കടന്നു. അവിടെ വച്ച്‌ പ്രസിദ്ധ സാമൂഹിക പരിഷ്‌കര്‍ത്താക്കളായ സര്‍. തോമസ്‌ മൂര്‍, റോബര്‍ട്ട്‌ ഓവന്‍ എന്നിവരുടെ കൃതികള്‍ പഠനവിധേയമാക്കിയ കബേ 1840ല്‍ ഒരു ഉട്ടോപ്പിയന്‍ റൊമാന്റിക്‌ കൃതിയായ വൊയാഷ്‌ അങ്‌ ഇക്കാറീ പ്രസിദ്ധപ്പെടുത്തി.

കബേ വിഭാവനം ചെയ്‌ത ഒരു ഉത്‌കൃഷ്ട കമ്മ്യൂണിസ്റ്റ്‌ സമൂഹമാണ്‌ ഇക്കാറി. ഇക്കാറിയന്‍ സമൂഹത്തില്‍ എല്ലാവരും ഉത്‌പാദന പ്രക്രിയയില്‍ പങ്കെടുക്കുന്നവരായിരിക്കുകയും സ്വത്തുക്കള്‍ പൊതു ഉടമസ്ഥതയിലായിരിക്കുകയും ചെയ്യും. ഒരു ദേശീയ പദ്ധതിപ്രകാരമായിരിക്കും ഉത്‌പാദന വിതരണ പ്രക്രിയകള്‍ നിയന്ത്രിക്കപ്പെടുന്നത്‌. ഇദ്ദേഹത്തിന്‍െറ മറ്റു പ്രമുഖകൃതികളാണ്‌ നാല്‌ വാല്യങ്ങളുള്ള ഇസ്‌റ്റ്വാര്‍ പോപുലേര്‍ ദെ ലാ റിവാലൂസി യോങ്‌ ഫ്രാങ്‌സേസ്‌ ദെ 1789 എ 1830; ലെ വ്ര ക്രിസ്‌റ്റ്യാനിസം സ്വിവാങ്‌ (1839 40); ഷേസു ക്രിസ്റ്റ്‌ (1846) എന്നിവ. ഈ ഗ്രന്ഥങ്ങളിലൂടെയാണ്‌ ഇദ്ദേഹം തന്റെ സോഷ്യലിസ്റ്റ്‌ ആശയങ്ങള്‍ പ്രചരിപ്പിച്ചത്‌. "ഇക്കാറിയന്‍ സമൂഹം' എന്ന്‌ പ്രശസ്‌തി നേടിയ ഉട്ടോപ്പിയന്‍ സമൂഹത്തെ പ്രവൃത്തിപഥത്തിലെത്തിക്കുവാന്‍ ഇദ്ദേഹം യു.എസ്സിലെ ടെക്‌സസില്‍ റെഡ്‌ റിവറിഌ സമീപം കുറച്ചുഭൂമി പാട്ടത്തിനെടുത്തു. ടെക്‌സസിലെ പദ്ധതി പരാജയപ്പെട്ടതിനെത്തുടര്‍ന്ന്‌ കബേയും അഌയായികളും 1849ല്‍ ഇല്ലിനോയിയിലെ നൗവൂ (Nauvoo) എന്ന സ്ഥലത്ത്‌ പുതിയൊരു വാസസ്ഥാനം ഏര്‍പ്പെടുത്തി. ഇവിടത്തെ ഇക്കറിയന്‍ വാസകേന്ദ്രം കുറച്ചു വര്‍ഷങ്ങള്‍ നിലനിന്നു. 1854ല്‍ കബേ അമേരിക്കന്‍ പൗരനായി. നൗവൂ കമ്യൂണിറ്റിയുടെ അധ്യക്ഷസ്ഥാനം 1856 വരെ കബേക്കു തന്നെയായിരുന്നു. പിന്നീടുണ്ടായ ആഭ്യന്തരക്കുഴപ്പം മൂലം കബേയും ഏതാഌം അഌയായികളും സെന്റ്‌ ലൂയിയിലേക്കു മാറിത്താമസിച്ചു. അവിടെവച്ച്‌ 1856 ന. 8ഌ കബേ അന്തരിച്ചു. ഇക്കാറിയന്മാര്‍ പിന്നീട്‌ മിസ്സൂറി, അയോവ, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ കബേയുടെ ആശയങ്ങളിലധിഷ്‌ഠിതമായ കമ്യൂണിറ്റികള്‍ സ്ഥാപിച്ചെങ്കിലും 1895 ആയപ്പോഴേക്കും അവയെല്ലാം പ്രവര്‍ത്തനരഹിതമായിത്തീര്‍ന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍