This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ്ണപ്പനായനാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:17, 31 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കണ്ണപ്പനായനാര്‍

തമിഴ്‌ ഇതിഹാസകാവ്യമായ പെരിയപുരാണത്തില്‍ പരാമര്‍ശിച്ചിട്ടുള്ള 63 നായനാര്‍മാരില്‍ (ശിവഭക്തര്‍) ഒരാള്‍. ചേക്കീഴാര്‍ രചിച്ച ഈ കാവ്യത്തില്‍ ശ്രഷ്‌ഠരായ ശൈവഭക്തന്മാരുടെ ചിത്തവൃത്തിയും ജീവിതവൃത്തിയും ആണ്‌ ആവിഷ്‌കരിച്ചിരിക്കുന്നത്‌. മഹാകവിയായ സുന്ദരര്‍ ഉള്‍പ്പെടെ പല സന്ന്യാസിമാരെക്കുറിച്ചും ഭക്തകവികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ലഭിക്കുന്ന കൃതിയില്‍ കവിത്വമോ പാണ്ഡിത്യമോ അവകാശപ്പെടാനില്ലാത്ത കണ്ണപ്പനായനാരുടെ കഥയും പ്രതിപാദിച്ചിരിക്കുന്നു.

കാളഹസ്‌തിപുരാണം, നക്കീരരും കല്ലാടരും കൂടി രചിച്ച തിരുകണ്ണപ്പത്തേവര്‍ തിരുമറം എന്നിവയിലും കണ്ണപ്പന്റെ കഥയാണ്‌ ഇതിവൃത്തം. തേവാരമുതലിയാര്‍ മൂവരും വാതവൂരടികളും കണ്ണപ്പന്റെ ഭക്തിയും ശ്രഷ്‌ഠതയും വര്‍ണിച്ചിട്ടുണ്ട്‌. ശിവാനന്ദലഹരിയില്‍ ശങ്കരാചാര്യരും കണ്ണപ്പനെക്കുറിച്ചു പരാമര്‍ശിച്ചിട്ടുള്ളതായി പറയുന്നു.

മലവേടരായ നാകനും തത്തയ്‌ക്കും ജനിച്ച തിണ്ണപ്പന്‍ എന്ന ബാലന്‍ മലയില്‍ വേട്ടയ്‌ക്കു പോയപ്പോള്‍ കാളഹസ്‌തിമലയിലെ ശിവലിംഗത്തില്‍ ആകൃഷ്‌ടനാകുകയും ബാഹ്യലോകത്തെ മറന്ന്‌ ശിവഭക്തിയില്‍ മുഴുകുകയും ചെയ്‌തു. വേട്ടയാടി കിട്ടിയ മാംസത്തിന്റെ നല്ല ഭാഗം, കവിളില്‍ കൊണ്ടു വന്ന വെള്ളം, ചൂടിയ പൂവ്‌ എന്നിവ കൊണ്ട്‌ ശിവനെ പൂജിച്ച്‌ ഊണും ഉറക്കവും ഇല്ലാതെ ആറു ദിവസം കഴിച്ചു കൂട്ടി. തിണ്ണപ്പന്റെ പ്രവൃത്തികള്‍ ഉയര്‍ന്ന ജാതിയിലെ പുരോഹിതര്‍ക്ക്‌ ഹിതകരമായില്ല. എന്നാല്‍ പുരോഹിതന്റെ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട ശിവന്‍, തിണ്ണപ്പന്റെ ഭക്തിയുടെ രഹസ്യം വെളിവാക്കിക്കൊടുത്തു. പിറ്റേന്നു പൂജ നടത്തിയ തിണ്ണപ്പന്‍ വിഗ്രഹത്തിന്റെ കണ്ണില്‍ നിന്നു രക്തം പ്രവഹിക്കുന്നതു കണ്ടു. അറിവുള്ള ചികിത്സാവിധികള്‍ ഫലിക്കാതെ വന്നപ്പോള്‍ സ്വന്തം കണ്ണു പകരംവച്ച്‌ രക്തപ്രവാഹം തടഞ്ഞു. അപ്പോള്‍ മറ്റെ കണ്ണില്‍ നിന്നും രക്തം പ്രവഹിക്കുന്നതു കണ്ട തിണ്ണപ്പന്‍ തന്റെ രണ്ടാമത്തെ കണ്ണും ചൂഴ്‌ന്നെടുക്കാന്‍ തുനിഞ്ഞു. ശിവന്‍ പ്രത്യക്ഷനായി കണ്ണപ്പാ എന്ന്‌ വിളിച്ചുകൊണ്ടു കണ്ണുകള്‍ രണ്ടും തിരികെ നല്‌കി. ഇതോടെ തിണ്ണപ്പന്‌ "കണ്ണപ്പന്‍' എന്നു പേര്‌ ലഭിച്ചു എന്നാണ്‌ ഐതിഹ്യം.

ആചാരങ്ങളും അനുഷ്‌ഠാനങ്ങളും അല്ല ഈശ്വരനോടുള്ള സ്‌നേഹമാണ്‌ യഥാര്‍ഥ ഭക്തി എന്നാണ്‌ കണ്ണപ്പനായനാരുടെ ഐതിഹ്യം വ്യക്തമാക്കുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍