This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കചന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:09, 30 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കചന്‍

ഒരു പുരാണ കഥാപാത്രം. ദേവഗുരുവായ ബൃഹസ്‌പതിക്കു താര എന്ന പത്‌നിയില്‍ ജനിച്ച പുത്രനാണ്‌ കചന്‍. അസുരന്മാരുടെ ഗുരുവായ ശുക്രനു മൃതസഞ്‌ജീവനിമന്ത്രം അറിയാമായിരുന്നതുകൊണ്ടു യുദ്ധത്തില്‍ കൊല്ലപ്പെടുന്ന അസുരന്മാരെയെല്ലാം അദ്ദേഹം പുനര്‍ജീവിപ്പിച്ചു പോന്നിരുന്നു. ഈ മന്ത്രം എങ്ങനെയെങ്കിലും വശമാക്കാന്‍ ഗുരുപുത്രനായ കചനെ ദേവന്മാര്‍ ശുക്രാചാര്യരുടെ അടുത്തേക്ക്‌ അയച്ചു. ആചാര്യന്‍ ഇദ്ദേഹത്തെ ശിഷ്യനായി സ്വീകരിച്ച്‌ ഓരോരോ വിദ്യകള്‍ ഉപദേശിച്ചു കൊടുക്കുകയും ചെയ്‌തു. ഈ ഗുരുകുലവാസത്തിനിടയില്‍ ശുക്രപുത്രിയായ ദേവയാനി കചനില്‍ ദൃഢാനുരക്തയായിത്തീര്‍ന്നു. എങ്ങനെയെങ്കിലും മൃതസഞ്‌ജീവനിമന്ത്രം സ്വായത്തമാക്കുന്നതുവരെ ശുക്രനോടൊത്തുതന്നെ കഴിയണമല്ലോ എന്ന വിചാരത്തില്‍ കചന്‍ ഈ പ്രാമാഭ്യര്‍ഥനകളെ നിരുത്സാഹപ്പെടുത്തിയതുമില്ല.

തങ്ങളുടെ ശത്രുക്കള്‍ക്കുവേണ്ടി സഞ്‌ജീവനിവിദ്യ അഭ്യസിക്കാന്‍ വന്നവനാണു കചന്‍ എന്നറിഞ്ഞ്‌ ഒരിക്കല്‍ അസുരന്മാര്‍ കചനെ വെട്ടിനുറുക്കി, അരച്ച്‌ ദുഷ്ടമൃഗങ്ങള്‍ക്ക്‌ ആഹാരമാക്കി. എന്നാല്‍ ദേവയാനിയുടെ അപേക്ഷ സ്വീകരിച്ചു ശുക്രന്‍ കചനു ജീവന്‍ നല്‍കി. പിന്നീടൊരിക്കല്‍ അസുരന്മാര്‍ കചനെ ചുട്ടുഭസ്‌മമാക്കി കടലിലാഴ്‌ത്തി. അപ്പോഴും ശുക്രന്‍ ജീവിപ്പിച്ചു. മൂന്നാമത്തെ തവണ അസുരന്മാര്‍ കചനെ കൊന്ന്‌ പൊടിച്ചരച്ച്‌ മദ്യത്തില്‍ കലക്കി ആ മദ്യം ശുക്രനു കാഴ്‌ചവച്ച്‌ അദ്ദേഹത്തെക്കൊണ്ടുതന്നെ കുടിപ്പിച്ചു. കചനെ എങ്ങും കാണാതെ ദേവയാനി വീണ്ടും അച്ഛന്റെ സമീപത്തു വന്നു സങ്കടമുണര്‍ത്തിച്ചപ്പോള്‍ ദിവ്യദൃഷ്ടികൊണ്ടു മുനി സത്യം മനസ്സിലാക്കി. ഉദരം പൊളിച്ചു കചന്‍ ജീവനോടെ പുറത്തുവന്നാല്‍ താന്‍ മരിക്കും; കചനെ ജീവനോടുകൂടി പുറത്തുകൊണ്ടുവന്നില്ലെങ്കില്‍ തന്റെ മകള്‍ ഹൃദയം പൊട്ടി മരിക്കും; ഇങ്ങനെ ധര്‍മസങ്കടത്തിലായ ശുക്രന്‍ ഉദരത്തില്‍ കിടക്കുന്ന കചന്‌ മൃതസഞ്‌ജീവനിമന്ത്രം ഉപദേശിച്ചശേഷം പുറത്തുകൊണ്ടു വന്നു. ഉടനെ അദ്ദേഹം ഉദരം പൊളിഞ്ഞു മരിച്ചു നിലത്തുവീണു. കചന്‍ തനിക്കു ലഭിച്ച മന്ത്രശക്തി കൊണ്ടു ശുക്രാചാര്യരെ ജീവിപ്പിച്ചു. താന്‍ വന്ന കാര്യം സഫലമായതിനാല്‍ സ്വര്‍ഗത്തിലേക്കു മടങ്ങാന്‍ ഒരുങ്ങിയ കചനെ ദേവയാനി തടഞ്ഞുനിര്‍ത്തി തന്നെ വിവാഹം കഴിക്കണമെന്ന്‌ അപേക്ഷിച്ചു. നേരത്തേതന്നെ ഈ ബന്ധത്തില്‍ താത്‌പര്യമില്ലാതിരുന്ന കചന്‍ താന്‍ ദേവയാനിയുടെ അച്ഛന്റെ വയറ്റില്‍ നിന്നു പുറത്തുവന്നവനാകയാല്‍ തനിക്ക്‌ അവളുടെ സഹോദരസ്ഥാനമാണുള്ളതെന്നു യുക്തി പറഞ്ഞ്‌ അവളെ വിട്ടു യാത്രയായി. പഠിച്ച വിദ്യ ഫലിക്കാതെ പോകട്ടെയെന്നു ഭഗ്‌നാശയായ ദേവയാനി കചനെ ശപിച്ചു. മുനികുമാരന്മാരില്‍ ആരും അവളെ വിവാഹം കഴിക്കാതിരിക്കട്ടെ എന്ന്‌ ഒരു പ്രതിശാപം ദേവയാനിക്കും നല്‍കിയശേഷം ഇദ്ദേഹം ദേവലോകത്തേക്കു മടങ്ങി. മഹാഭാരതം ആദിപര്‍വത്തിലെ 76, 77 എന്നീ അധ്യായങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിട്ടുള്ള ഈ കഥകാവ്യം, നാടകം, കഥകളി, സിനിമ എന്നീ വിവിധ കലാമാധ്യമങ്ങളിലൂടെ പുനരവതരിപ്പിക്കപ്പെട്ടിട്ടുണ്ട്‌. നോ: ദേവയാനി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%9A%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍