This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഗുസൂചി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:00, 30 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കഗുസൂചി

Kagu - Tsuchi

ജാപ്പനീസ്‌ ഇതിഹാസത്തിലെ ദേവദമ്പതികളായ ഇസാനാഗിയുടെയും ഇസാനാമിയുടെയും അവസാനത്തെ പുത്രന്‍. ജപ്പാന്‍കാര്‍ ഇദ്ദേഹത്തെ അഗ്നിദേവനായി കരുതി ആരാധിക്കുന്നു. കഗുസൂചിയെ പ്രസവിച്ചപ്പോള്‍ അമ്മയായ ഇസാനാമി പൊള്ളലേറ്റു മൃതിയടഞ്ഞു എന്നും കൊടുംയാതനകള്‍ അനു‌ഭവിച്ചു മൃതിയടഞ്ഞ ഇസാനാമിയുടെ വിസര്‍ജ്യവസ്‌തുക്കളായ ഛര്‍ദി, മൂത്രം, മലം എന്നിവ യഥാക്രമം ലോഹം, ജലം, മണ്ണ്‌ എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ദേവന്മാരായി രൂപാന്തരപ്പെട്ടു എന്നും ഇസാനാമിയുടെ മൃതശരീരത്തില്‍ ചുറ്റിപ്പിടിച്ചു കിടന്നുകൊണ്ട്‌ ഇസാനാഗി പൊഴിച്ച കണ്ണുനീരില്‍ നിന്നു "കരയുന്ന സ്‌ത്രീ' (Weeping Female) എന്ന ദേവതയുണ്ടായി എന്നും ജപ്പാന്‍കാരുടെ ഇതിഹാസങ്ങള്‍ ഘോഷിക്കുന്നു. പരിണാമചക്രം തിരിയുന്നതിനനു‌സരണമായി ജീവജാലങ്ങളില്‍ കാലാകാലങ്ങളില്‍ ഉണ്ടാകുന്ന അളവറ്റ ദുഃഖത്തിന്റെ പ്രതീകമായിട്ടാണ്‌ ഈ ദേവതയെ ചിത്രീകരിച്ചിരിക്കുന്നത്‌. ഇസാനാമിയുടെ മരണത്തില്‍ കോപിഷ്‌ഠനായ ഇസാനാഗി കഗുസൂചിയെ പല കഷണങ്ങളായി നു‌റുക്കി എന്നും ഓരോ കഷണത്തില്‍നിന്നും ഓരോ പുതിയ ദേവന്‍ ഉണ്ടായി എന്നുമാണ്‌ വിശ്വാസം.

പ്രസ്‌തുത ഇതിഹാസത്തില്‍ സംശ്ലിഷ്ടത (involution)യുടെ അവസാനവും പരിണാമ (evolution)ത്തിന്റെ തുടക്കവുമാണ്‌ പ്രതിപാദിച്ചിരിക്കുന്നത്‌. ജടിലമായ വിശിഷ്ടദ്രവ്യത്തില്‍ (perfect matter) നിന്നു വിശിഷ്ടാത്മാവ്‌ (perfect soul) അല്ലെങ്കില്‍ ആദ്യസൃഷ്ടിയുടെ പ്രതീകം രൂപം പ്രാപിക്കുന്നു; പുതിയ ഒരു സൃഷ്ടിയിലേക്കു പരിണമിക്കുമ്പോള്‍ ജടിലദ്രവ്യത്തിനും വിശിഷ്ടാത്മാവിനും മാറ്റം സംഭവിക്കുകയും അത്‌ അന്തര്‍ലീനമായിരിക്കുന്ന ദ്രവ്യത്തില്‍നിന്നു കാലചക്രം തിരിയുന്നതനു‌സരിച്ചു പുതിയ വസ്‌തുക്കള്‍ രൂപംകൊള്ളുകയും ചെയ്യുന്നു ഈ പ്രതീകത്തെപ്പറ്റിയുള്ള വിശ്വാസമിതാണ്‌. അഗ്നിദേവനായ കഗുസൂചിയെ ചെറുതായി നു‌റുക്കി പുതിയ ദേവന്മാരെ സൃഷ്ടിക്കുന്നത്‌ പരമാത്മാവ്‌ വിഘടിച്ചു മനു‌ഷ്യനില്‍ സ്ഥാനം പിടിക്കുന്നു എന്ന സിദ്ധാന്തത്തിന്റെ പ്രതീകാത്മകമായ ആവിഷ്‌കാരമാണെന്നാണ്‌ മതവിശ്വാസികള്‍ കരുതുന്നത്‌. നോ: ഇസാനാഗി ഇസാനാമി

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%97%E0%B5%81%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍