This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എന്‍സ്റ്റട്ടൈറ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എന്‍സ്റ്റട്ടൈറ്റ്
Enstatite
പൈറോക്‌സീന്‍ സമൂഹത്തിൽപ്പെട്ട ഒരു ശിലാകാരക സിലിക്കേറ്റ് ധാതു. മഗ്നീഷ്യം സിലിക്കേറ്റിന്റെ (Mg Si O3) സ്ഥായീരൂപമാണിത്; 10 ശതമാനം വരെ ഇരുമ്പിന്റെ അംശം ഉള്‍ക്കൊണ്ടിരിക്കാം. റിഫ്രക്‌ടറി (ഉച്ചതാപസഹം) എന്നർഥമുള്ള എന്‍സ്റ്ററ്റ്‌സ് എന്ന ഗ്രീക്കുപദത്തിൽനിന്നാണ് ഈ ധാതുവിന്റെ നാമോത്‌പത്തി.
നൈസർഗിക രൂപത്തിനു പുറമേ ഉയർന്ന താപനിലകളിൽ പ്രാട്ടോ എന്‍സ്റ്റട്ടൈറ്റ് രൂപത്തിലും താഴ്‌ന്ന താപനിലകളിൽ അസ്ഥിര ഏകനതാക്ഷപരലുകളായി, ക്ലൈനോ എന്‍സ്റ്റട്ടൈറ്റ് രൂപത്തിലും അവസ്ഥിതമാകാം. എന്‍സ്റ്റട്ടൈറ്റും പ്രാട്ടോ എന്‍സ്റ്റട്ടൈറ്റും സമചതുർഭുജപരലുകളായാണ് രൂപംകൊള്ളുന്നുത്. ഒരു സിലിക്കന്‍ അണുവിനു ചുറ്റുമായി ക്രമീകരിക്കപ്പെട്ട 4 ഓക്‌സിജന്‍ അണുക്കള്‍ ചേർന്നുണ്ടാകുന്ന സിലിക്കാ ചതുഷ്‌ഫലകങ്ങള്‍, ഓക്‌സിജന്‍ അണുക്കളാൽത്തന്നെ പരസ്‌പരം ബന്ധിക്കപ്പെട്ട്, ശൃംഖലകള്‍ സൃഷ്‌ടിക്കുന്നു. ഒരേയിനം ശൃംഖലകള്‍കൊണ്ടാണ് പ്രാട്ടോഎന്‍സ്റ്റട്ടൈറ്റ് പരലുകള്‍ രൂപം പ്രാപിക്കുന്നത്. എന്നാൽ ക്ലൈനോ എന്‍സ്റ്റട്ടൈറ്റ് രണ്ടുതരം ശൃംഖലകളാൽ നിർമിക്കപ്പെട്ടിരിക്കുന്നു.
പ്രിസ്‌മീയമാണ് പ്രകൃതി (habit)യെങ്കിലും സാധാരണയായി സ്ഥൂലരൂപത്തിലോ തന്തുരൂപത്തിലോ കാണപ്പെടുന്നു. ഉല്‌കാശിലകളിൽ കാണപ്പെടുന്ന തികച്ചും ശുദ്ധമായ എന്‍സ്റ്റട്ടൈറ്റിന് ഇളം മഞ്ഞ, ധൂസരം എന്നീ വർണങ്ങളാണുള്ളത്; ഇരുമ്പിന്റെ അംശം കൂടുന്തോറും നിറത്തിന്റെ കടുപ്പവും വർധിക്കുന്നു. വിദളനം സ്‌പഷ്‌ടമാണ്; കാചാഭദ്യുതിയുമുണ്ട്. കാഠിന്യം 6 ശുദ്ധരൂപത്തിന് ആപേക്ഷികസാന്ദ്രത 3.21; അപവർത്തനാങ്കം 1.65 മാലിന്യത്തിന്റെ തോതനുസരിച്ച് ആപേക്ഷിക സാന്ദ്രതയിലും അപവർത്തനാങ്കത്തിലും ഏറ്റക്കുറച്ചിൽ ഉണ്ടാവാം.
താഴ്‌ന്ന മർദത്തിൽ ഉരുകുമ്പോള്‍ എന്‍സ്റ്റട്ടൈറ്റ് പരലുകള്‍ അതിന്റെതന്നെ ദ്രവവുമായി പ്രതിപ്രവർത്തിക്കുന്നു (അസർവാംഗസമദ്രവണം-incongruent melting). തത്‌ഫലമായി രാസഘടനയിൽ വ്യതിയാനം വരികയും പരലുകള്‍ക്ക് മണ്ഡലനം (zoning) സംഭവിക്കുകയും ചെയ്യുന്നു. എന്‍സ്റ്റട്ടൈറ്റും ഫെറോസിലൈറ്റും അന്ത്യാംഗങ്ങളായുള്ള നാമപദ്ധതിയിൽ ബ്രാണ്‍സൈറ്റ് ഹൈപ്പർസ്‌തീന്‍, ഫെറോഹൈപ്പർസ്‌തീന്‍, യൂളൈറ്റ് എന്നിവ അംഗങ്ങളായുണ്ട്. ഓരോന്നിലും ഫെറോസിലൈറ്റിന്റെ തോത് വ്യത്യസ്‌തമായിരിക്കും. എന്‍സ്റ്റട്ടൈറ്റിന്റെ ജാലിക ഘടനയ്‌ക്കുള്ളിൽ അലുമിനിയം ഉള്‍ക്കൊണ്ടിരുന്നാൽ അതിനെ അലുമിനിയം എന്‍സ്റ്റട്ടൈറ്റ് എന്നു വിശേഷിപ്പിക്കുന്നു. ഉല്‌കാശിലകളെ കൂടാതെ പൈറോക്‌സിനൈറ്റ് പോലുള്ള അല്‌പസിലികശിലകളിലും സാധാരണയായി ശുദ്ധരൂപത്തിലുള്ള എന്‍സ്റ്റട്ടൈറ്റ് കാണപ്പെടുന്നു.