This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉത്സവങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:11, 13 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉത്സവങ്ങള്‍

മതപരമോ സാമൂഹികമോ സാംസ്‌കാരികമോ ആയ ആഘോഷങ്ങള്‍. "ആഹ്ലാദം ജനിപ്പിക്കുന്നത്‌' എന്ന ധാത്വർഥമാണ്‌ ഉത്സവ ശബ്‌ദത്തിന്‌ നിഘണ്ടുക്കളിൽ കാണുന്നത്‌ (സവം=യാഗം). ആനന്ദത്തെയും സംതൃപ്‌തിയെയും ജനിപ്പിക്കുന്നത്‌ എന്ന അർഥത്തിൽ ഈ പദം നയനോത്സവം, മദനോത്സവം, വിളവെടുപ്പുത്സവം തുടങ്ങിയ ശൈലികളിലേക്കും സംക്രമിച്ചിട്ടുണ്ട്‌; എന്നിരുന്നാലും ക്ഷേത്രാഘോഷങ്ങള്‍ എന്ന അർഥത്തിൽ ഉത്സവം എന്ന പ്രയോഗം ഭാഷയിൽ രൂഢമായിത്തീർന്നിട്ടുണ്ട്‌.

വ്യത്യസ്‌തമായ പേരുകളിലും സാഹചര്യങ്ങളിലുമാണ്‌ ഉത്സവങ്ങള്‍ കൊണ്ടാടാറുള്ളതെങ്കിലും അടിസ്ഥാനപരമായി അവയുടെയെല്ലാം ധർമം ഒന്നുതന്നെയാണ്‌. വിവിധ വിഭാഗങ്ങളുടെ ഐക്യവും സാഹോദര്യവുമാണ്‌ ഉത്സവാഘോഷങ്ങളിലൂടെ സാധ്യമാക്കുന്നത്‌. മനുഷ്യന്റെ ദൈനംദിന പ്രശ്‌നങ്ങളിൽനിന്നും താത്‌കാലിക മുക്തി നേടാനും വിശ്രമ-വിനോദത്തിനുള്ള അവസരമായും ഉത്സവങ്ങള്‍ കൊണ്ടാടപ്പെടുന്നു.

പ്രാചീനലോകത്ത്‌ സംഘടിത മതങ്ങള്‍ രൂപംകൊള്ളുന്നതിന്‌ മുമ്പുതന്നെ ആദിമ ജനവർഗങ്ങളുടെയിടയിൽ പ്രചാരത്തിലിരുന്ന ആഘോഷ പരിപാടികളാണ്‌ പില്‌ക്കാലത്ത്‌ ആസൂത്രിതമായ ഉത്സവങ്ങളായി പരിണമിച്ചത്‌. അവയിൽ പരമ്പരാഗത വിശ്വാസങ്ങള്‍ക്കും ഐതിഹ്യങ്ങള്‍ക്കും പ്രത്യേകം ഊന്നൽ കൊടുത്തിട്ടുള്ളതായി കാണാം. മൃതിയടഞ്ഞ വർഗനായകന്മാരെ അനുസ്‌മരിക്കാന്‍ നിശ്ചിത ദിവസങ്ങളിൽ സദ്യകളും തുടർന്ന്‌ നൃത്ത പരിപാടികളും നടത്തുകയായിരുന്നു ഉത്സവങ്ങളുടെ ആദിമ രൂപമെന്ന്‌ കരുതപ്പെടുന്നു. ആദിവാസി സമൂഹത്തിനിടയിൽ പ്രചാരത്തിലുള്ള വിവിധ ആഘോഷങ്ങള്‍ ഇതാണ്‌ സാക്ഷ്യപ്പെടുത്തുന്നത്‌. ഗോത്രവർഗ നായകന്മാരെയും വീരപുരുഷന്മാരെയും അനുസ്‌മരിക്കാനുള്ള ഉത്സവാഘോഷങ്ങള്‍ അവർക്കിടയിൽ ഇന്നും നിലനിൽക്കുന്നതായി കാണാം.

നായാട്ട്‌, മീന്‍പിടിത്തം, നിലമുഴവ്‌, വിത, വിളവെടുപ്പ്‌ തുടങ്ങിയ പ്രവൃത്തികളെല്ലാം തന്നെ എല്ലാ ജനവർഗങ്ങള്‍ക്കിടയിലും ഉത്സവാഘോഷങ്ങള്‍ക്ക്‌ പ്രചോദനമായി ഭവിച്ചിട്ടുണ്ട്‌. കാർഷിക പാരമ്പര്യമുള്ള മിക്കസമൂഹങ്ങളിലും വിളവെടുപ്പുകാലം ഉത്സവമേളങ്ങളാണ്‌. കേരളത്തിലെ പ്രധാനപ്പെട്ട ഉത്സവങ്ങളെല്ലാം നടക്കുന്നത്‌ ഈ കാലത്താണ്‌. ജൂതന്മാർക്കിടയിലെ പ്രധാന ആഘോഷങ്ങളായ ഷാവോട്ട്‌ (Shavuot), സേുക്കോട്ട്‌ (ടൗസസീ)എന്നിവ കൊയ്‌ത്തുത്സവമായി ബന്ധപ്പെട്ടിരിക്കുന്നു. "സുക്കോട്ട്‌' ഉത്സവനാളിൽ പരമ്പരാഗത ജൂതന്മാർ ഒരു "സുക്ക' (Sukkah) അഥവാ "കുടിൽ' നിർമിച്ച്‌, അതിൽ പഴവർഗങ്ങളും, ധാന്യങ്ങളും കൊണ്ട്‌ അലങ്കരിക്കുന്നു. ഏഴ്‌ ദിവസം ഇവിടെയായിരിക്കും അവർ താമസിക്കുക.

വിവിധ ഋതുക്കളെ ആസ്‌പദമാക്കിയുള്ള ഉത്സവങ്ങള്‍ പല ജനസമൂഹങ്ങള്‍ക്കിടയിലും പതിവുണ്ട്‌. ഓണാഘോഷത്തിന്‌ തന്നെയും ഇപ്രകാരമൊരു പശ്ചാത്തലമുണ്ട്‌. തമിഴ്‌നാട്ടിലെ പൊങ്കൽ തുടങ്ങിയ പല ആഘോഷങ്ങളും കൊയ്‌ത്ത്‌, ഋതുഭേദം തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജർമാനിക്‌-കെൽറ്റിക്‌-സ്ലാവിക്‌ ജനങ്ങള്‍, ശരത്‌, ശിശിരം, വസന്തം, ഗ്രീഷ്‌മം എന്നീ പ്രധാന ഋതുകാലങ്ങളിൽ നടത്തിവന്ന ഉത്സവങ്ങളിൽ മധുപാനം, സമൂഹസദ്യ, അഗ്നികുണ്‌ഠജ്വലനം തുടങ്ങിയവയായിരുന്നു മുഖ്യചടങ്ങുകള്‍.

പ്രാചീന ഈജിപ്‌തിൽ ഉത്സവ പരിപാടികളുടെ കൈകാര്യ കർത്തൃത്വം മുഴുവനും പുരോഹിതന്മാർക്കായിരുന്നു. ജീവിച്ചിരിക്കുന്നവരും മരിച്ചവരും ഈശ്വരനും തമ്മിലുള്ള അന്യോന്യ സാപേക്ഷികതയ്‌ക്ക്‌-അവർ എല്ലാ കർമങ്ങളിലും ഊന്നൽ നൽകി. ഗ്രീസിൽ ഡിയോറണെഡിയാ, പനാത്തേനേയ തുടങ്ങിയ ഉത്സവങ്ങള്‍ ഈ പേരുകള്‍ സൂചിപ്പിക്കുന്ന ദേവതകളെ സംബന്ധിക്കുന്ന ആഘോഷങ്ങളാണ്‌. ഇന്ത്യയിലെന്ന പോലെ, ഓരോ ദൈവത്തിന്റെ പേരിലും ഒന്നോ അതിൽ കൂടുതലോ ഉത്സവങ്ങള്‍ നടത്തുന്ന കാര്യത്തിൽ പ്രാചീന റോമും സവിശേഷ താത്‌പര്യം കാണിച്ചിരുന്നു. ഔദ്യോഗിക പഞ്ചാംഗങ്ങളിൽ സ്ഥാനം പിടിച്ചിരുന്ന എല്ലാ ഉത്സവങ്ങളും ഒഴിവു ദിവസങ്ങളായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇംഗ്ലീഷിൽ "ഒഴിവുദിവസം' എന്ന അർഥത്തിൽ ഉപയോഗിക്കുന്ന ഹോളിഡേ (Holiday) എന്ന പദത്തിന്റെ വർണവിന്യാസം ആദ്യകാലങ്ങളിൽ "പാവന ദിനം' എന്നർഥം വരുന്ന "ഹോളി ഡേ' (Holy Day) എന്നായിരുന്നുവെന്നത്‌ ശ്രദ്ധേയമാണ്‌.

സർവശക്തനെന്നു വിശ്വസിക്കപ്പെട്ടിരുന്ന അഹൂരമാസദാ എന്ന ഈശ്വരന്റെ അമേശാ, സ്‌പെന്‍താ എന്നീ വൈതാളികന്മാരെയും "സാതാ' എന്ന മാലാഖമാരെയും അനുസ്‌മരിപ്പിക്കുന്ന ഉത്സവമാണ്‌ പ്രാചീന ഐറേനിയന്മാരുടെ ഇടയിൽ (ആധുനിക പാർസികള്‍) നടപ്പുണ്ടായിരുന്നത്‌. കണ്‍ഫ്യൂഷ്യന്‍ മതം, ടാവോയിസം, ബുദ്ധമതം എന്നിവയുടെ സങ്കലനം പ്രാചീനകാലം മുതൽ ചൈനീസ്‌ ഉത്സവങ്ങളെ സ്വാധീനിച്ചുവന്നു.

ചൈനപോലുള്ള ചില രാജ്യങ്ങളിൽ പുതുവത്സരദിനങ്ങള്‍ ഉത്സവങ്ങളായി കൊണ്ടാടുന്നു. ചൈനയുടെ പഴയ കലണ്ടർ അനുസരിച്ച്‌ ദക്ഷിണായനാവസാനത്തിലെ (winter solstice) രണ്ടാം ചാന്ദ്രദിനത്തിലാണ്‌ (New moon) അവിടെ പുതുവത്സരദിനം. 1912-ൽ ചൈന ഔദ്യോഗികമായി സോളാർ കലണ്ടറാണ്‌ സ്വീകരിച്ചിട്ടുള്ളതെങ്കിലും പുതുവത്സരദിനം ആഘോഷിക്കുന്നത്‌ പഴയ രീതിയിൽ തന്നെയാണ്‌. മുസ്‌ലിങ്ങള്‍ക്കിടയിൽ ആഘോഷിക്കപ്പെടാറുള്ള മുഹറം ഹിജറ കലണ്ടറിലെ ആദ്യമാസമാണ്‌.

പുരാതന ഗ്രീസിൽ ദൈവപ്രീതിക്കായി കായികോത്സവങ്ങളും അരങ്ങേറിയിരുന്നു. ഒളിമ്പിയന്‍ (olympian), ഇസ്‌തമിയന്‍ (Isthmian), നെമിയന്‍ (Nemean), പൈതിയന്‍ (Pythian) തുടങ്ങിയ ആഘോഷങ്ങള്‍ കായിക മത്സരങ്ങളോടുകൂടിയതായിരുന്നു. സ്‌പെയിനിലെ കാളയോട്ടമത്സരമാണ്‌ പ്രശസ്‌തമായ മറ്റൊരു കായികോത്സവം. എല്ലാ വർഷവും ജൂലായ്‌ 6-നാണ്‌ പാംപ്‌ലോന(Pamplona)യിൽ കാളയോട്ടമത്സരം നടക്കുന്നത്‌. കേരളത്തിൽ നടക്കാറുള്ള വിവിധ വള്ളംകളി മത്സരങ്ങള്‍, മറ്റു ലോക കായിക മാമാങ്കങ്ങള്‍ (ഉദാ. ലോകകപ്പ്‌ ഫുട്‌ബോള്‍, ഒളിമ്പിക്‌സ്‌, ലോക അത്‌ലറ്റിക്‌മീറ്റ്‌ തുടങ്ങിയവ) എല്ലാം തന്നെ ഇന്ന്‌ ഉത്സവങ്ങളുടെ തലത്തിലേക്ക്‌ എത്തിക്കഴിഞ്ഞിരിക്കുന്നു.

മതപരവും സാമൂഹികവുമായ ഉത്സവങ്ങള്‍ക്ക്‌ പുറമേ വിവിധ സാംസ്‌കാരികോത്സവങ്ങളും (Cultural Fest) ഇന്ന്‌ ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്നുവരുന്നു. വ്യത്യസ്‌ത സംസ്‌കാരങ്ങളുടെ കൂടിച്ചേരലിനും സംവാദത്തിനും ഇത്തരം ഉത്സവങ്ങള്‍ വേദിയാകാറുണ്ട്‌. ആർട്‌സ്‌ ഫെസ്റ്റ്‌ (Arts Fest), ബിയർ ഫെസ്റ്റ്‌ (Beer Fest), കോമഡി ഫെസ്റ്റ്‌ (Comedy Fest), ഫിലിം ഫെസ്റ്റ്‌ (Film Fest), ഫയർ ഫെസ്റ്റ്‌ (Fire Fest), ഫുഡ്‌ ഫെസ്റ്റ്‌ (Food Fest), ലിറ്റററി ഫെസ്റ്റ്‌ (Literary Fest), മേള ഫെസ്റ്റ്‌ (Mela Fest), മ്യൂസിക്‌ ഫെസ്റ്റ്‌ (Music Fest), റോക്ക്‌ ഫെസ്റ്റ്‌ (Rock Fest), സയന്‍സ്‌ ഫെസ്റ്റ്‌ (Science Fest)എന്നിങ്ങനെ പോകുന്നു സാംസ്‌കാരികോത്സവങ്ങളുടെ പട്ടിക. കേരളത്തിലും ഈയടുത്ത കാലത്തായി ഇത്തരം ഉത്സവങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്‌. കേരള ചലച്ചിത്ര അക്കാദമിയുടെ അന്താരാഷ്‌ട്ര ചലച്ചിത്രാത്സവം വർഷങ്ങളായി ഇവിടെ നടന്നുകൊണ്ടിരിക്കുന്നു. ടൂറിസം മേഖലയിലെ വമ്പിച്ച കുതിച്ചുചാട്ടത്തിനും സാംസ്‌കാരികോത്സവങ്ങള്‍ വഴിവയ്‌ക്കുന്നുണ്ട്‌.

ആധുനിക ലോകത്ത്‌ മതവിശ്വാസാധിഷ്‌ഠിതങ്ങളായ ഉത്സവങ്ങളെപ്പോലെ ദേശീയ പ്രാധാന്യമുള്ള ദിനങ്ങളും മഹോത്സവങ്ങളായി ആഘോഷിക്കാറുണ്ട്‌. ഇന്ത്യയിൽ ദേശീയ പ്രാധാന്യമുള്ള രണ്ട്‌ ഉത്സവവേളകള്‍ സ്വാതന്ത്യ്രദിനവും (ആഗസ്റ്റ്‌ 15), റിപ്പബ്ലിക്‌ ദിനവും (ജനുവരി 26) ആണ്‌. ഇവയ്‌ക്കു പുറമേ മഹാത്മാഗാന്ധിയുടെ ജന്മദിനം (ഒക്‌ടോബർ 2) ഗാന്ധിജയന്തിയായും ജവാഹർലാൽ നെഹ്‌റുവിന്റേത്‌ (നവംബർ 14) ശിശുദിനമായും ആഘോഷിച്ചുവരുന്നു.

ഇന്ത്യയിൽ പൊതുവായി ആചരിക്കപ്പെട്ടുവരുന്ന ചില ഉത്സവങ്ങള്‍ക്ക്‌ സങ്കല്‌പങ്ങളിലും അനുഷ്‌ഠാനങ്ങളിലും പല പ്രാദേശിക ഭേദങ്ങളുമുണ്ട്‌; ചിലപ്പോള്‍ പേരിനും തീയതിക്കുപോലും മാറ്റം വരുന്നതായി കാണാം. ഉദാഹരണമായി കേരളത്തിലെ നവരാത്രി ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ "ദശരാത്രി' (ദസ്‌ഹര, ദസറ) ആണ്‌; ഇതിനു തന്നെയും കാളീപൂജ, സരസ്വതീപൂജ, ആയുധപൂജ തുടങ്ങിയ പല പേരുകളുമുണ്ട്‌. അതുപോലെ കേരളീയർ ആഘോഷിക്കുന്ന അഷ്‌ടമിരോഹിണി മറ്റു ചില സംസ്ഥാനങ്ങളിൽ കൃഷ്‌ണാഷ്‌ടമിയും ജന്മാഷ്‌ടമിയും ശ്രീകൃഷ്‌ണ ജയന്തിയുമാണ്‌. ദീപാവലി, ദീപങ്ങളുടെ ഉത്സവമാണെങ്കിലും ഇതിന്റെ പിന്നിലുള്ള പുരാണ സങ്കല്‌പത്തിന്‌ പല വ്യാഖ്യാനങ്ങളുമുണ്ട്‌. അതിലേറ്റവും മുഖ്യം ശ്രീകൃഷ്‌ണന്‍ സത്യഭാമയുമായിച്ചെന്ന്‌ നരകാസുരനെ നിഗ്രഹിക്കുന്ന കഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. രാവണവധം കഴിഞ്ഞ്‌ അയോധ്യയിൽ തിരിച്ചെത്തിയ ശ്രീരാമന്റെ പട്ടാഭിഷേക മഹോത്സവവുമായും ദീപാവലിയെ ബന്ധിപ്പിക്കുന്നുണ്ട്‌. എന്നാൽ, വാത്സ്യായനന്‍ കാമസൂത്രത്തിൽ ദീപാവലിയെ "യക്ഷന്മാരുടെ രാത്രി'യെന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. വടക്കേ ഇന്ത്യയിലെ വ്യാപാരികള്‍ക്ക്‌ ദീപാവലിദിനം സാമ്പത്തിക വർഷാരംഭത്തെ കുറിക്കുന്നു. ചില പ്രദേശങ്ങളിൽ, മൃത്യു ദേവനായ യമധർമനുവേണ്ടിയുള്ള അനുഷ്‌ഠാനങ്ങള്‍ക്കാണ്‌ ഈ ദിനത്തിൽ പ്രാധാന്യം. ചിലർക്ക്‌ ദീപാവലി തന്നെയില്ല, നരക ചതുർദശിയാണ്‌.

നവരാത്രി, ദീപാവലി, ദുർഗാഷ്‌ടമി, ഗോപാഷ്‌ടമി, വിജയദശമി, ജന്മാഷ്‌ടമി എന്നിവയെപ്പോലെ അഖിഖേലന്ത്യാപ്രചാരം നേടിയ ഹൈന്ദവാഘോഷങ്ങള്‍ വിനായകചതുർഥി, ശിവരാത്രി, ഹോളി, കുംഭമേള, ജഗന്നാഥക്ഷേത്രത്തിലെ രഥോത്സവം, വിഷു തുടങ്ങിയവയാണ്‌. നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി കേരളത്തിൽ, ഭരണി (കൊടുങ്ങല്ലൂർ), കാർത്തിക (കുമാരനല്ലൂർ, ഹരിപ്പാട്‌), തൈപ്പൂയം (സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ), ആയില്യം (മച്ചാറശാല സർപ്പപൂജ), പൂരം (തൃശൂർ, ആറാട്ടുപുഴ), ചിത്തിര (ചിത്രാപൗർണമി), മൂലം (ചമ്പക്കുളം വള്ളംകളി), ഉത്തൃട്ടാതി (ആറന്മുള വള്ളംകളി), തിരുവോണം, തിരുവാതിര എന്നീ ഉത്സവങ്ങള്‍ ആഘോഷിച്ചുവരുന്നു. തൃതീയ (അക്ഷയ തൃതീയ), ചതുർഥി (വിനായക ചതുർഥി), പഞ്ചമി (നാഗപഞ്ചമി), ഷഷ്‌ഠി (സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ), അഷ്‌ടമി (വൈക്കം ക്ഷേത്രം), ഏകാദശി (ഗുരുവായൂർ), ത്രയോദശി (പ്രദോഷം, ശിവനുപ്രധാനം), വാവ്‌ (അമാവാസിയും പൗർണമാസിയും) എന്നിവ തിഥിയുടെ അടിസ്ഥാനത്തിലും സാധാരണ ബലി, സർപ്പബലി, സംക്രമം, വിഷു തുടങ്ങിയവ രാശി സംക്രമണങ്ങളുടെ അടിസ്ഥാനത്തിലും നടന്നുവരുന്ന ഉത്സവങ്ങളാണ്‌.

ക്ഷേത്രാത്സവങ്ങള്‍ക്ക്‌ പൂജാവിധികളനുസരിച്ച്‌ പല ചടങ്ങുകളും നിർവഹിക്കേണ്ടതായിട്ടുണ്ട്‌. സാധാരണഗതിയിൽ എട്ടോ പത്തോ ദിവസങ്ങള്‍ നീണ്ടുനിൽക്കുന്ന ഈ ഉത്സവങ്ങള്‍ കൊടിയേറ്റത്തോടുകൂടി ആരംഭിക്കുകയും ഇടയ്‌ക്കുള്ള ദിവസങ്ങളിൽ അഭിഷേകം മുതൽ അത്താഴപൂജ വരെ ശ്രീബലി, ശ്രീഭൂതബലി, നവകം, ഉത്സവബലി, സേവ തുടങ്ങിയവ ഒരു നിശ്ചിത ക്രമത്തിൽ ആവർത്തിക്കുകയും ചെയ്‌തശേഷം ആറാട്ടു കഴിഞ്ഞ്‌ കൊടിയിറക്കി പര്യവസാനിക്കുകയും ചെയ്യുന്നു. ചില ക്ഷേത്രങ്ങളിൽ ഉത്സവം 28 ദിവസം വരെ നീണ്ടുനിൽക്കാറുണ്ട്‌.

എല്ലാ മതവിശ്വാസങ്ങളിലുമുള്ള ഉത്സവാഘോഷാനുഷ്‌ഠാനങ്ങളിൽ നിയതമായി വ്യക്തമാക്കുന്ന അന്തർധാരയ്‌ക്ക്‌ ഈഷദ്‌ വ്യത്യാസങ്ങള്‍ കണ്ടേക്കാമെങ്കിലും ആനന്ദിക്കുകയും ആഹ്ലാദിക്കുകയും ചെയ്‌തുകൊണ്ട്‌ ഇഷ്‌ടദേവതാരാധന നടത്തി ആത്മസംതൃപ്‌തി വരുത്തുകയാണ്‌ ഇവയുടെയെല്ലാം ആത്യന്തിക ലക്ഷ്യം. ക്രസ്‌തവ-ഇസ്‌ലാമിക മതങ്ങളിൽ മാത്രമല്ല, ബുദ്ധ-ജൈന-സരതുഷ്‌ട്രാദി വിശ്വാസങ്ങളിലും ഉത്സവാഘോഷ പരിപാടികള്‍ക്ക്‌ അനുഷ്‌ഠാനങ്ങളിലും പ്രകടനങ്ങളിലും കാലദേശങ്ങളനുസരിച്ച്‌ വ്യതിയാനങ്ങള്‍ ദൃശ്യമാണ്‌. ഡൽഹിയിൽ ജൈനരുടെ രഥോത്സവം പ്രസിദ്ധമാണ്‌. ക്രിസ്‌മസ്‌, ഈസ്റ്റർ, വിവിധ പുണ്യവാളന്മാരുടെ പെരുന്നാളുകള്‍, പള്ളിവെഞ്ചരിപ്പുദിനങ്ങള്‍ എന്നിവയാണ്‌ ക്രിസ്‌ത്യാനികള്‍ ഉത്സവദിനങ്ങളായി ആഘോഷിക്കുന്നത്‌. ഇസ്‌ലാമിലെ പ്രധാന ആഘോഷങ്ങള്‍ ഈദ്‌-ഉൽ-അദ്‌ഹാ(ബക്രീദ്‌)യും ഈദ്‌-ഉൽ-ഫിത്തറും (റംസാന്‍) ആണ്‌. ഇവയ്‌ക്കു പുറമേ മിലാദ്‌-ഇ-ഷരീഫ്‌ (നബിദിനം), മുഹറം, ഉറൂസ്‌, ചന്ദനക്കുടം തുടങ്ങിയ ആഘോഷങ്ങളും നിലവിലുണ്ട്‌. യോം കിപ്പോർ (Yom Kippur-പാപനിവൃത്തി), റോഷ്‌ ഹഷാനഹ്‌ (Rosh Hashanah-പുതുവത്സരദിനം) എന്നിവയാണ്‌ ജൂതന്മാരുടെ പ്രധാന ആഘോഷങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍