This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇരുള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:54, 11 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇരുള്‍

Burma Ironwood

മൈമോസീ സസ്യകുടുംബത്തില്‍പ്പെട്ട ഒരു വന്‍മരം. ശാ.നാ. സൈലിയ സൈലൊകാര്‍പ (Xylia xylocarpa). ഇരുമുള്ള്‌ എന്നും ഇതിനു പേരുണ്ട്‌. ദക്ഷിണേന്ത്യയില്‍ 600 മീ. വരെ ഉയരമുള്ള പത്രപാതിവനങ്ങളില്‍ സമൃദ്ധമായി വളരുന്നു. ഫലപുഷ്‌ടിയുള്ള മണ്ണു വേണമെന്നില്ല. ജൈവാംശം കുറഞ്ഞ ചെമ്മണ്ണിലും മണലിലും ഇടതിങ്ങി വളരുന്നതുകാണാം.

തൊലിക്ക്‌ ഇരുണ്ട ചുവപ്പുനിറമാണ്‌. ശാഖകളില്‍ വലിയ വെള്ളപ്പൊട്ടുകള്‍ കാണപ്പെടുന്നു. ഇല ദ്വിപിച്ഛകമാണ്‌; ഒരു ജോടി പിച്ഛകങ്ങളേയുള്ളൂ. ഓരോന്നിലും നാലുമുതല്‍ പന്ത്രണ്ടുവരെ പര്‍ണകങ്ങളുണ്ടായിരിക്കും. അവ സമ്മുഖങ്ങളാണ്‌. പര്‍ണകത്തിന്‌ 12 സെ.മീ. നീളവും 4 സെ.മീ. വീതിയും കാണും. അഗ്ര പര്‍ണകത്തിനു വലുപ്പം കൂടും. ഇലത്തണ്ടിന്റെ അറ്റത്ത്‌ ഒരു ചുവന്ന ഗ്രന്ഥിയുണ്ട്‌. തളിരിലയ്‌ക്കു ചെമ്പിന്റെ നിറമാണ്‌. മാര്‍ച്ചു മുതല്‍ ഏപ്രില്‍ വരെയാണ്‌ പൂക്കാലം. പൂവിന്‌ പാല്‍പ്പാടയുടെ നിറമാണുള്ളത്‌. മുണ്ഡമഞ്‌ജരി ഇനത്തിലുള്ള പൂക്കുലയാണ്‌ കാണപ്പെടുന്നത്‌. പൂക്കുലയുടെ തണ്ട്‌ പരന്നുണ്ടാകുന്ന പുഷ്‌പാധാരത്തിലാണ്‌ അവൃന്തപുഷ്‌പങ്ങള്‍ ഉണ്ടാകുന്നത്‌. കായയ്‌ക്ക്‌ ഉദ്ദേശം 15 സെ.മീ. നീളവും 5 സെ.മീ. വീതിയും കാണും. വിളഞ്ഞ കായയ്‌ക്ക്‌ കറുപ്പുകലര്‍ന്ന തവിട്ടുനിറമാണുള്ളത്‌. ഒരു കിലോഗ്രാമില്‍ 3,500 വിത്തു കാണും. വിത്ത്‌ വീര്യം നഷ്‌ടപ്പെടാതെ ഏതാനും മാസങ്ങള്‍ സൂക്ഷിക്കാം.

ചെറിയ തണല്‍ ഇഷ്‌ടപ്പെടുന്ന പത്രപാതിമരമാണിത്‌. മൂലപ്രസാരകങ്ങളുണ്ടാകും. ചെറിയ വരള്‍ച്ച സഹിക്കുമെങ്കിലും അതിശൈത്യത്തില്‍ വളരാറില്ല.

ഇരുളിന്‌ നൈസര്‍ഗികമായ പുനരുദ്‌ഭവശേഷിയുണ്ട്‌. കായയുടെ സ്‌ഫോടനംവഴി വിത്തുവിതരണം നടക്കുന്നു. കാലവര്‍ഷാരംഭത്തോടെ വിത്തുമുളയ്‌ക്കും. കൃത്രിമപുനരുത്‌പാദനത്തിന്‌ ഒരു വര്‍ഷമായ നഴ്‌സറി തൈകള്‍ ക്രാേബാര്‍ ദ്വാരങ്ങളില്‍ നട്ടാല്‍ മതിയാകും.

തടിക്ക്‌ നല്ല ഉറപ്പും കടുപ്പവുമുണ്ട്‌. ഒരു ക്യു.സെ.മീ. തടിക്ക്‌ 900 ഗ്രാം ഭാരംകാണും. തടിയില്‍ ഒരു റെസിനുണ്ട്‌. അതുകൊണ്ട്‌ തടിക്ക്‌ ഈടുകൂടുതലാണ്‌. ഭവനനിര്‍മാണത്തിനും റയില്‍വേ സ്ലീപ്പറിനും ഇരുള്‍ ധാരാളം ഉപയോഗിക്കുന്നു. സ്‌തംഭങ്ങളുടെയും പാലങ്ങളുടെയും നിര്‍മാണാവശ്യങ്ങള്‍ക്കും ഇതു നല്ലതാണ്‌. കനവും കടുപ്പവും അധികമായതുകൊണ്ട്‌ തടി ഉരുപ്പടികള്‍ക്കുപറ്റിയതല്ല. തടിക്കു വെള്ള കുറവാണ്‌. വാര്‍ഷികവലയങ്ങളില്ല. തടി ഉണങ്ങുമ്പോള്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്‌.

(ഡോ. പി.എന്‍. നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%B0%E0%B5%81%E0%B4%B3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍