This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇംഹോട്ടപ്പ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:45, 17 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇംഹോട്ടപ്പ്‌

Imhotep

ഇംഹോട്ടപ്പിന്റെ പ്രതിമ

ബി.സി. 2980-50 കാലത്ത്‌ ഈജിപ്‌തിൽ ജീവിച്ചിരുന്ന ബഹുമുഖപ്രതിഭ. ഭിഷഗ്വരന്‍, ദാർശനികന്‍, വാസ്‌തുവിദ്യാവിദഗ്‌ധന്‍ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്ന ഇദ്ദേഹം മരണശേഷം ദേവനായി ആരാധിക്കപ്പെട്ടു. ഈജിപ്‌ഷ്യന്‍ ഫറോവ സോസറിന്റെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന ഇംഹോട്ടപ്പ്‌ മെംഫിസിനു സമീപത്തെ ഒരു സാധാരണ കുടുംബത്തിലാണ്‌ ജനിച്ചത്‌. ഫറോവയുടെ കീഴിൽ എഴുത്തുകാരന്‍, വാസ്‌തുവിദ്യാവിദഗ്‌ധന്‍, ഭിഷഗ്വരന്‍ എന്നീനിലകളിൽ സേവനമനുഷ്‌ഠിച്ച ഇദ്ദേഹം സ്വപ്രയ്‌തനത്തിലൂടെയും വ്യക്തിവൈഭവത്തിലൂടെയുമാണ്‌ ഉന്നതപദവിയിലെത്തിയത്‌.

ദേവനായി ഉയരുന്നതിനുമുമ്പ്‌ മനുഷ്യനായി ജീവിച്ചിരുന്ന ഇംഹോട്ടപ്പിനെക്കുറിച്ച്‌ ഗ്രീക്ക്‌ ഈജിപ്‌ഷ്യന്‍ ചരിത്രകാരനായ മാനെതോ ഒരു ലേഖനത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്‌. ഇംഹോട്ടപ്പ്‌ ഒരു ഭിഷഗ്വരനായിരുന്നുവെന്നും വെട്ടുകല്ലുകൊണ്ടു കെട്ടിടം നിർമിക്കുന്ന സമ്പ്രദായം കണ്ടുപിടിച്ചത്‌ ഇദ്ദേഹമാണെന്നും സോസെർരാജാവിന്റെ ഭരണകാലത്ത്‌ ഇംഹോട്ടപ്പ്‌ ഒരു എഴുത്തുകാരനായിരുന്നുവെന്നും മാനെതോ പ്രസ്‌താവിച്ചിട്ടുണ്ട്‌. ഇംഹോട്ടപ്പിന്റെ ശവകുടീരം നശിച്ചുപോയാലും ഇദ്ദേഹത്തിന്റെ മഹദ്വചനങ്ങള്‍ നശിക്കുകയില്ലെന്ന്‌ ബി.സി. 250-നോടടുത്ത്‌ രചിക്കപ്പെട്ടിട്ടുള്ള ഒരു വിലാപകാവ്യത്തിൽ സൂചിപ്പിച്ചിട്ടുണ്ട്‌. ഇദ്ദേഹം ഒരു പ്രമുഖ വൈദികകർമി ആയിരുന്നുവെന്ന്‌ പല ശിലാലിഖിതങ്ങളും സൂചിപ്പിക്കുന്നു. ഫറോവമാർക്ക്‌ തത്ത്വജ്ഞാനികള്‍, കവികള്‍, മന്ത്രവാദികള്‍, വൈദ്യന്മാർ എന്നിവരെ തിരഞ്ഞെടുത്തുകൊടുക്കുവാന്‍ കഴിവും ജ്ഞാനവുമുള്ള ആളുകളുടെ പട്ടികയിൽ പ്രധാനിയായിരുന്നു ഇംഹോട്ടപ്പ്‌.

ഒരു വാസ്‌തുവിദ്യാവിദഗ്‌ധന്‍ എന്ന നിലയിലുള്ള ഇംഹോട്ടപ്പിന്റെ കഴിവുകളെ പരാമർശിക്കുന്ന പല ഗ്രന്ഥങ്ങളും ഉണ്ട്‌. ചരിത്രത്തിലെ ഒന്നാമത്തെ കല്‌പണിവിദഗ്‌ധന്‍ എന്നാണ്‌ റാംസെസ്‌ കക-ാമന്റെ സമകാലികനായ ഒരു ഗ്രന്ഥകാരന്‍ ഇംഹോട്ടപ്പിനെ സ്‌തുതിക്കുന്നത്‌. ഇദ്ദേഹമായിരുന്നു ഈജിപ്‌തിലെ ആദ്യത്തെ പിരമിഡ്‌ നിർമിച്ചത്‌. പ്രമുഖ കല്‌പണിക്കാരുടെ വംശപരമ്പരയിൽപ്പെട്ടയാളാണ്‌ ഇംഹോട്ടപ്പ്‌ എന്നും ഇവരിൽ ഏറ്റവും ആദ്യത്തെയാള്‍ ഇംഹോട്ടപ്പിനെക്കാള്‍ പ്രമുഖനായിരുന്നുവെന്നും അഞ്ചാം ശതകത്തിൽ ജീവിച്ചിരുന്ന ഒരു ശില്‌പി പ്രസ്‌താവിച്ചുകാണുന്നു. ട്രീറ്റിസ്‌ ഓണ്‍ ദി ഡിസ്‌പൊസിഷന്‍ ഒഫ്‌ ദി ടെമ്പിള്‍ (Treatise on the disposition of the temple) എന്ന ഗ്രന്ഥത്തിൽ ഇംഹോട്ടപ്പ്‌ നിർദേശിച്ചിട്ടുള്ളതുപോലെയാണ്‌ എഡ്‌ഫുദേവാലയം തങ്ങള്‍ നിർമിച്ചതെന്ന്‌ (3-ാം ശ.) അതിന്റെ ശില്‌പികള്‍ അവകാശപ്പെടുന്നുണ്ട്‌. ശാസ്‌ത്രജ്ഞന്മാരെന്ന്‌ പുരാതനകാലം മുതൽക്കേ അറിയപ്പെട്ടിരുന്ന ഹെലിയോപോളസ്‌ പുരോഹിതവർഗത്തിന്റെ മേധാവിയും ഫറോവയുടെ ഉത്തമസുഹൃത്തും ആയിരുന്നു ഇംഹോട്ടപ്പ്‌. മരപ്പണിക്കാർ, പ്രതിമാശില്‌പികള്‍, പാത്രനിർമാതാക്കള്‍ എന്നിവരുടെ സമൂഹത്തിലെ അംഗവും അവരുടെ നേതാവും ആയിരുന്നിരിക്കണം ഇംഹോട്ടപ്പ്‌.

സഖാറിൽനിന്ന്‌ ഉത്‌ഖനനംചെയ്‌തെടുത്ത സോസെർ രാജാവിന്റെ ശവകൂടീരത്തെപ്പറ്റി ഷീന്‍ ഫിലിപ്പ്‌ ലവർ നടത്തിയ പഠനങ്ങള്‍ ഇംഹോട്ടപ്പിന്റെ വാസ്‌തുവിദ്യാവൈദഗ്‌ധ്യത്തെ വെളിച്ചത്തുകൊണ്ടുവന്നു. വാസ്‌തുവിദ്യ, കല്‌പണി എന്നിവയെ സംബന്ധിച്ച സമകാലീനവിജ്ഞാനത്തിൽ ഇംഹോട്ടപ്പ്‌ വരുത്തിയ വിപ്ലവാത്മകമായ മാറ്റങ്ങള്‍ ഈ ശവകൂടീരത്തിന്റെ നിർമിതിയിൽ കാണാം. തടികൊണ്ടു നിർമിച്ചിട്ടുള്ള ചില ഭവനങ്ങള്‍ അതേപടി കല്ലുകൊണ്ട്‌ നിർമിക്കുന്നതിലും ഇംഹോട്ടപ്പ്‌ വിജയിച്ചിരുന്നു. ആശാരിപ്പണിയിലും ഇദ്ദേഹം വിദഗ്‌ധനായിരുന്നുവെന്ന്‌ ആർക്കെയിക്‌ കാലഘട്ടത്തിൽ ആരാധനയ്‌ക്കായി നിർമിച്ചുവന്ന ഈ ഭവനങ്ങള്‍ തെളിയിക്കുന്നു. രാജപ്രതിമകളുടെ നിർമാണം, ചുച്ചാമ്പുകല്ലിൽ നടത്തിയിട്ടുള്ള കൊത്തുപണികള്‍ എന്നിവ ഇംഹോട്ടപ്പിന്റെ ശില്‌പവൈദഗ്‌ധ്യത്തെ പ്രകടമാക്കുന്നു. സോസെർ ദേവാലയങ്ങളുടെ നിർമാണശൈലിയും സ്‌തംഭങ്ങളുടെ ഘടനയും അവയുടെ സ്രഷ്‌ടാവിന്റെ കല്‌പനാശക്തി വിളിച്ചറിയിക്കുന്നു. സോസെർ രാജാവിന്റെ ശവകൂടീരത്തിന്റെ മുകളിൽ നിർമിച്ചിട്ടുള്ള പിരമിഡ്‌ ആണ്‌ ഇംഹോട്ടപ്പിന്റെ ഏറ്റവും മഹത്തായ കലാസൃഷ്‌ടിയായി കണക്കാക്കപ്പെട്ടിരിക്കുന്നത്‌. ലോകത്തിലെ ആദ്യത്തെ ഭിഷഗ്വരന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ഇംഹോട്ടപ്പ്‌ നിരവധി വൈദ്യശാസ്‌ത്രസംബന്ധമായ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്‌.

ജീവിതകാലത്തുതന്നെ ഒരു പ്രതിഭാസമായി വാഴ്‌ത്തപ്പെട്ട ഇംഹോട്ടപ്പ്‌ മരണാനന്തരം ഒരു ദേവനായി ഉയർത്തപ്പെട്ടു. പൗരാണികരാജവംശകാലത്ത്‌ മെംഫിസിലെ ഈജിപ്‌തുകാർ ഇംഹോട്ടപ്പ്‌ ദേവനെ ആരാധിച്ചിരുന്നതായിക്കാണുന്നു. അവരുടെ വിശ്വാസമനുസരിച്ച്‌ പ്‌താ (Ptah) എന്ന ദേവന്‌ ക്രാട്ടിയോന്‍ഖ്‌ എന്ന മനുഷ്യസ്‌ത്രീയിൽ ജനിച്ച പുത്രനാണ്‌ ഇംഹോട്ടപ്പ്‌. ഇതിന്റെ സൂചനയായി സൈറ്റിക്‌ കാലഘട്ടത്തിൽ (ബി.സി. 7-6 ശ.) ഇംഹോട്ടപ്പിന്റെ ധാരാളം വെങ്കലപ്രതിമകള്‍ നിർമിക്കപ്പെട്ടിട്ടുണ്ട്‌. സ്റ്റൂളിൽ ഇരുന്നുകൊണ്ട്‌ മടിയിൽ പാപ്പിറസ്‌ നിവർത്തിവച്ചുനോക്കുന്ന ഒരു രാജ്യതന്ത്രജ്ഞനും പുരോഹിതനുമായിട്ടാണ്‌ ഇംഹോട്ടപ്പിനെ ഈ പ്രതിമകളിൽ ചിത്രീകരിച്ചിട്ടുള്ളത്‌. ബി.സി. 4-ഉം 3-ഉം ശതകങ്ങളിൽ ഈ അവതാരപുരുഷനെ തീബ്‌സിലെ ജനങ്ങള്‍ അവരുടെ ദേവതകളുടെ കൂട്ടത്തിൽ ഉള്‍പ്പെടുത്തുകയും ഫിലായിൽ അദ്ദേഹത്തിനുവേണ്ടി ഒരു ദേവാലയം നിർമിക്കുകയും ചെയ്‌തു. ഗ്രീക്കുകാർ ഇമൂത്തെസ്‌ എന്നാണ്‌ ഇംഹോട്ടപ്പിനെ വിളിച്ചിരുന്നത്‌. രോഗശമനത്തിന്റെ ദേവതയായ അസ്‌ക്‌ലെപിയോസ്‌ തന്നെയാണ്‌ ഇംഹോട്ടപ്പ്‌ എന്നും അവർ വിശ്വസിച്ചിരുന്നു. ഈജിപ്‌തിലെ ദേശീയരാജവാഴ്‌ചയുടെ അവസാനകാലത്തും ഭരണാധിപന്മാരായ ടോളമിമാരുടെ കാലത്തും ഇംഹോട്ടപ്പിന്റെ ക്ഷേത്രം ലോകമെങ്ങുമുള്ള ജനങ്ങളെ ആകർഷിച്ചിരുന്നു. ഇംഹോട്ടപ്പ്‌ ഭക്തന്മാർക്ക്‌ സ്വപ്‌ന ദർശനവും പ്രവചനങ്ങളും നൽകുമെന്നും അഭീഷ്‌ടസന്താനലാഭം ഉണ്ടാക്കുമെന്നും രോഗശമനം വരുത്തുമെന്നുംമറ്റും ജനങ്ങള്‍ വിശ്വസിച്ചിരുന്നതാണ്‌ ഇത്രയധികം പ്രശസ്‌തിക്കു കാരണമായി ഭവിച്ചത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍