This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇപ്റ്റാ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇപ്റ്റാ
IPTA
ദേശീയപ്രശ്നങ്ങളുമായി ബന്ധിപ്പിച്ച് ഇന്ത്യയിലെ ദൃശ്യവേദിക്ക് ഒരു നവോത്ഥാനം കൈവരുത്തുകയും ദേശീയകലാരൂപങ്ങള്‍ക്ക് അന്തസ്സും അംഗീകാരവും നേടിക്കൊടുത്ത് അവയെ കാലോചിതമായി നവീകരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ദേശാഭിമാനികളായ കുറേ കലാകാരന്മാര് ചേര്‍ന്നു രൂപംനല്കിയ ഒരു പ്രസ്ഥാനം. ഇന്ത്യന്‍ പീപ്പിള്‍സ് തിയെറ്റര്‍ അസോസിയേഷന് എന്ന പേരില്‍ ആരംഭിച്ച ഈ പ്രസ്ഥാനം ഇപ്റ്റാ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടുവന്നു. 1940-നുശേഷം രൂപമെടുത്ത ഈ പ്രസ്ഥാനം ഇന്ത്യന്‍ ദൃശ്യവേദിയിലെ വിവിധ കലാസമ്പ്രദായങ്ങളില്‍ ദൂരവ്യാപകവും ഈടുറ്റതുമായ ഫലങ്ങള്‍ ഉളവാക്കിയിട്ടുണ്ട്. ഇപ്റ്റായുടെ ആവിര്‍ഭാവകാലത്ത് ബല് രാജസാഹ്നി, ജൈനേന്ദ്ര, ദേവ്ആനന്ദ്, ചേതന്‍ ആനന്ദ്, ദുര്‍ഗാഘോട്ടേ തുടങ്ങിയ പ്രഗല്ഭരും പില്ക്കാലത്തു വിശ്വപ്രസിദ്ധിനേടിയവരുമായ നിരവധി കലാകാരന്മാരും കലാകാരികളും ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്നു. അവരില്‍ പലരുടെയും എന്നപോലെ പില്ക്കാലത്ത് ഇന്ത്യന്‍ നാടകവേദിയുടെ നെടുംതൂണുകളായിത്തീര്‍ന്ന ഹാബിബ് തന്‍വീര്‍, ശംഭുമിത്ര, ഉത്പല്‍ ദത്ത് തുടങ്ങിയവരുടെയും കലാജീവിതത്തിനു തുടക്കം കുറിച്ചത് ഈ പ്രസ്ഥാനമായിരുന്നു. ശാന്തിബര്‍ധനെപ്പോലെ ആധുനിക ഇന്ത്യയിലെ ബാലേക്ക് രൂപംനല് കിയവര്, കെ.എ. അബ്ബാസിനെയും ഋത്വിക്ഘട്ടക്കിനെയും പോലെ ചലച്ചിത്രസംവിധായകരായിത്തീര്‍ന്നവര്‍, റൊമേഷ് താപ്പറിനെപ്പോലെ കലാവിമര്‍ശനത്തിന്റെ പുതിയ വഴിത്താരകള്‍ തെളിച്ച നിരൂപകര്‍ തുടങ്ങി നൂറുകണക്കിന് കലാകാരന്മാരും ബുദ്ധിജീവികളും ഇപ്റ്റായുടെ വേദിയില്‍ അണിനിരന്നിരുന്നു.
ഒരു സംഘടന എന്നതിനെക്കാള്‍ ഒരു പ്രസ്ഥാനമായി വര്‍ത്തിച്ചിരുന്ന ഇപ്റ്റായുടെ തുടക്കം കൃത്യമായി പറയുക പ്രയാസമാണ്. എങ്കിലും സൗകര്യാര്‍ഥം 1943-ല്‍ ആണ് ഈ പ്രസ്ഥാനം ജന്മമെടുത്തതെന്നു പറയാം. 1936-ല്‍ പ്രംചന്ദിന്റെയും സരോജിനി നായിഡുവിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച ഇന്ത്യന്‍ പുരോഗമനസാഹിത്യസമിതി(Indian Progressive Writers Associtation)യുമായി ബന്ധപ്പെട്ട മുംബൈയിലെയും കൊല് ക്കത്തയിലെയും ലാഹോറിലെയും ഏതാനും എഴുത്തുകാരുടെയും കലാകാരന്മാരുടെയും നേതൃത്വത്തിലാണ് രണ്ടാം ലോകയുദ്ധകാലത്ത് ഈ പ്രസ്ഥാനം രൂപം കൊണ്ടത്. ഇപ്റ്റയുടെയും ഇന്ത്യന്‍ പുരോഗമന സാഹിത്യസമിതിയുടെയും പ്രത്യയശാസ്ത്രപരമായ അടിവേരുകള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനകത്തും പുറത്തും പ്രവര്‍ത്തിച്ചിരുന്ന ഇടതുപക്ഷതീവ്രവാദികളായിരുന്നു. കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും ട്രഡ് യൂണിയന് പ്രവര്‍ത്തകരും മറ്റു മാര്‍ക്സിയന്‍ മാര്‍ഗചാരികളുമായിരുന്നു ഈ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാക്കന്മാര്. കലയെ ജനങ്ങളുടെ ഇടയിലേക്കു കൊണ്ടെത്തിക്കുകയും രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ വിമോചനത്തിനു കലയെ ഉപയുക്തമാക്കിത്തീര്‍ക്കുകയുമായിരുന്നു അവരുടെ മുഖ്യലക്ഷ്യം. കലയെക്കുറിച്ചും കലാകാരന്മാരെക്കുറിച്ചും നിലവിലിരുന്ന ധാരണകള്‍ ആകെ പൊളിച്ചെഴുതത്തക്ക വിധത്തിലുള്ള പുതിയ ചില നിര്‍ദേശങ്ങള്‍ ഇന്ത്യയുടെ കലാവേദികളില്‍ അവര്‍ ആദ്യമായി കാഴ്ചവച്ചു. സമൃദ്ധിയുടെയും സമ്പന്നതയുടെയും നാഗരികതയുടെയും ആഭിജാത്യത്തിന്റെയും മറ്റു പ്രതാപങ്ങളുടെയും ലോകത്തുനിന്ന്, മര്‍ദിതരും ചൂഷിതരുമായ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിതായോധനത്തിന്റെ ക്ലേശപൂര്‍ണമായ വശം ചിത്രീകരിക്കുന്നതിന് അവര്‍ ശ്രമിച്ചു. കിന്നരിത്തലപ്പാവുകളും പട്ടുടയാടകളും മാത്രം കടന്നുചെന്നിരുന്ന രംഗവേദിയില്‍ ജീര്‍ണിച്ച വസ്ത്രങ്ങള്‍ക്കും വിയര്‍ത്തൊലിക്കുന്ന നഗ്നശരീരങ്ങള്‍ക്കും ദാരിദ്ര്യം കാര്‍ന്നുതിന്നിട്ടും ജീവിച്ചിരിക്കുന്ന അസ്ഥിപഞ്ജരങ്ങള്‍ക്കും അവര്‍ പ്രവേശനം നല്കി. ശരീരത്തുടിപ്പില്‍ തുളുമ്പിനില്ക്കുന്ന മാദകസൗന്ദര്യത്തെക്കാള്‍ ആകര്‍ഷകമായ സൗന്ദര്യം കഠിനാധ്വാനവും ദാരിദ്യ്രവും കാര്‍ന്നുതിന്ന മനുഷ്യശരീരത്തില്‍ എഴുന്നുനില് ക്കുന്ന എല്ലിന്റെ വടിവുകളിലും പേശികളുടെ വരിപ്പുകളിലും തുടിക്കുന്ന മനുഷ്യശക്തിയില്‍ കണ്ടെത്താമെന്നവര്‍ പ്രക്ഷകലോകത്തെ കാണിച്ചുകൊടുത്തു. അങ്ങനെ ഇന്ത്യയുടെ കലാവേദിയില്‍ സമൂലപരിവര്‍ത്തനത്തിന്റേതായ ഒരു കൊടുങ്കാറ്റ് അവര്‍ അഴിച്ചുവിട്ടു. സുവ്യക്തവും സുന്ദരവുമായ ഒരു പുതിയ ദേശീയശൈലി ഉരുത്തിരിയുന്നതിനുള്ള സന്ദര്‍ഭം അവര്‍ ഇന്ത്യയുടെ അരങ്ങുകളില്‍ ഉണ്ടാക്കിക്കൊടുത്തു. അതോടെ കലാസാഹിത്യശില്പങ്ങള്‍ക്ക് ഒരു ലക്ഷ്യമുണ്ടായിരിക്കണമെന്ന നിലപാട് തെളിഞ്ഞുവന്നു. ഈ ലക്ഷ്യംവച്ച് ഇപ്റ്റാ, ആദ്യമായി കൈകാര്യം ചെയ്ത ഇതിവൃത്തം 1943-44 വര്‍ഷങ്ങളില്‍ ലക്ഷക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കിയ ഭീകരമായ ബംഗാള്‍ക്ഷാമം തന്നെയാണ്. ബിജുഭട്ടാചാര്യ രചിച്ച് ശംഭുമിത്രയുടെയും മനോരഞ്ജന്‍ ഭട്ടാചാര്യയുടെയും സഹായത്തോടെ സംവിധാനം ചെയ്തവതരിപ്പിച്ച നവാന്നം (പുത്തരി) എന്ന നാടകം ഇക്കൂട്ടത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ബംഗാള്‍ക്ഷാമത്തിന്റെ അതിക്രൂരവും ദാരുണവുമായ അനുഭവങ്ങളെ ചിത്രീകരിക്കുന്ന ഈ നാടകം ഇന്ത്യന്‍നാടകവേദിയിലെ ഒരു നാഴികക്കല്ലാണ്. രചനാവൈദഗ്ധ്യത്തിന്റെ അത്യുദാത്തത, രംഗസജ്ജീകരണങ്ങളുടെയും വേഷവിധാനങ്ങളുടെയും തനിമ, അഭിനയചാതുരിയുടെ അനന്യസാധാരണത, ഇവയ്ക്കെല്ലാംപുറമേ ഇതെല്ലാം സംയോജിപ്പിച്ചെടുത്തതിലുള്ള സംഘടനാപരമായ നിപുണത ഇവയെല്ലാംകൊണ്ട് അവിസ്മരണീയമായിത്തീര്‍ന്ന ഈ നാടകം രാജ്യത്തുടനീളം ശക്തമായ ഒരു ചലനംതന്നെ സൃഷ്ടിച്ചു.
വിവിധഭാഷകളില്‍ ഇന്ത്യയിലുടനീളം ഇപ്റ്റാ അവതരിപ്പിച്ച നിരവധി കലാസൃഷ്ടികളില്‍ ഒന്നുമാത്രമായിരുന്നു നവാന്നം. ഇപ്റ്റായുടെ കൊടിക്കീഴില്‍ നിര്‍മിച്ച ഒരേയൊരു ചലച്ചിത്രം അബ്ബാസ് സംവിധാനംചെയ്ത ധര്‍തി കീ ലാല്‍ (മച്ചിന്റെ മക്കള്‍) എന്ന ചിത്രമായിരുന്നു. ബല് രാജ് സാഹ്നിയായിരുന്നു ഇതില്‍ പ്രധാനഭാഗം അഭിനയിച്ചത്. ബംഗാള്‍ക്ഷാമം തന്നെ ആയിരുന്നു ഇതിന്റെയും ഇതിവൃത്തം.
പാകിസ്താന് വിഭജനവും വര്‍ഗീയകലാപങ്ങളുമായിരുന്നു ഇപ്റ്റായിലെ കലാകാരന്മാരുടെ ചിന്തയെ മഥിച്ച മറ്റൊരു വിഷയം. അബ്ബാസിന്റെ മൈം കോന്‍ ഹൂം (ഞാന്‍ ആര്) ഋത്വിക്ഘട്ടക് രചിച്ച ദോഹന്‍ (പ്രമാണപത്രം) തുടങ്ങിയവ, "വിഭജിച്ചിട്ട് വിടുക' എന്ന ബ്രിട്ടീഷ് സാമ്രാജ്യവാദികളുടെ നയം ഈ രാജ്യത്തുണ്ടാക്കിയ നരഹത്യകളുടെയും വര്‍ഗീയകലാപങ്ങളുടെയും ദുരന്തം പ്രകടമാക്കുന്നതിനുദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു. ഇടതുപക്ഷചിന്താഗതിക്കാരുടെ കാഴ്ചപ്പാടും പ്രത്യയശാസ്ത്രസംബന്ധമായ നിലപാടും വ്യക്തമാക്കുന്ന അന്താരാഷ്ട്രപ്രശസ്തി നേടിയ ചില നാടകങ്ങളും ഇപ്റ്റാ വിജയപ്രദമായി അവതരിപ്പിച്ചിട്ടുണ്ട്. റൊമേഷ് താപ്പര്‍ ഇംഗ്ലീഷില്‍ അവതരിപ്പിച്ച ക്ലിഫോര്‍ഡ് ഓഡ്രിന്റെ വെയിറ്റിങ് ഫോര്‍ ലെഫ്റ്റി, ആര്‍തര്‍മില്ലറിന്റെ ആള് മൈ സണ്‍സ് തുടങ്ങിയ നാടകങ്ങള്‍ ഇക്കൂട്ടത്തില്‍ പ്പെടുന്നു.
മറാഠി, ഗുജറാത്തി, പഞ്ചാബി, തെലുഗു, മലയാളം തുടങ്ങിയ പ്രാദേശികഭാഷകളിലും ഇപ്റ്റായുടെ സ്വാധീനത കാണാവുന്നതാണ്. ആനുകാലിക സാമൂഹ്യപ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇതിവൃത്തങ്ങളുടെ പ്രചാരണാര്‍ഥം "പൗവാഡ', "തമാഷ' തുടങ്ങിയ മറാഠി നാടോടി കലാരൂപങ്ങള്‍ പ്രയോജനപ്പെടുത്തിയവരില്‍ അന്നഭാവുസാഠെ തുടങ്ങിയ പ്രശസ്ത തൊഴിലാളിവര്‍ഗ സാഹിത്യകാരന്മാരും അമര്‍ ഷെയിഖ് തുടങ്ങിയ ഗാനഗന്ധര്‍വന്മാരും ഉള്‍പ്പെടുന്നു. കൃഷിക്കാരനും ഹുണ്ടികവ്യാപാരിയും തമ്മിലുള്ള സംഘട്ടനം ചിത്രീകരിക്കുന്ന ഒരു ആക്ഷേപഹാസ്യകൃതിയാണ് സാഠേയുടെ ആക്ലേചിഘോഷ്ട് (ധര്‍മസമരം). മുംബൈയിലെ തൊഴിലാളിവര്‍ഗം താമസിക്കുന്ന പ്രദേശങ്ങളില്‍ ഇളക്കിമാറ്റാവുന്ന രംഗവേദിയുമായി അമര്‍ഷെയിഖും സംഘവും തെരുവുകള്‍തോറും ചുറ്റിനടന്ന് സമൂഹഗാനങ്ങളും മറ്റു കലാപ്രകടനങ്ങളും നടത്തുക അക്കാലത്ത് ഒരു നിത്യസംഭവമായിരുന്നു. അദ്ദേഹത്തിന്റെ ഉജ്ജ്വലമായ ശബ്ദം "ഹിന്ദുസ്ഥാന്‍ ഹമാര' എന്ന ഗാനത്തിലൂടെ ജനങ്ങളെ പുളകമണിയിച്ചിരുന്നു. മുംബൈയിലെ ചേരിപ്രദേശങ്ങളിലെ നിരാലംബരായ മൂകലക്ഷങ്ങളെയും വര്‍ളി പ്രതിരോധത്തടങ്കല് പ്പാളയത്തിലെ തടവുകാരെയും ആവേശംകൊള്ളിച്ച ആ ശബ്ദം ഇന്ത്യന്‍ തൊഴിലാളിവര്ഗത്തില് ദേശീയബോധത്തിന്റെയും സ്വാതന്ത്യ്രാഭിലാഷത്തിന്റെയും ആര്‍ത്തലയ്ക്കുന്ന അലമാലകളെ ഇളക്കി വിട്ടുവെന്നുപറഞ്ഞാല്‍ ഇപ്റ്റാ കലാകാരന്മാര് ഇന്ത്യന്‍ ദേശീയ നവോത്ഥാനത്തില്‍ വഹിച്ച പങ്ക് എത്ര ശക്തമായിരുന്നുവെന്ന് അനുമാനിക്കാവുന്നതേയുള്ളൂ.
ഇപ്റ്റായുടെ നേതൃത്വത്തില്‍ ആന്ധ്രപ്രദേശിലെ ബുറാക്കഥ, ഹരികഥ, വേദിനാടകം, തെരുക്കൂത്ത് തുടങ്ങിയ നാടന്കലാരൂപങ്ങളെ നൈസാമിന്റെയും മറ്റു വന്‍കിട ഭൂവുടമകളുടെയും ഏകാധിപത്യത്തിനെതിരായുള്ള പുതിയ രാഷ്ട്രീയ വര്‍ഗസമരങ്ങള്‍ക്കു പിരിമുറുക്കമുണ്ടാക്കുമാറ് ജനശക്തിയെ സ്വരൂപിക്കുന്നതിനും ജനങ്ങളെ പ്രബുദ്ധരാക്കുന്നതിനും പറ്റിയവിധം രൂപപ്പെടുത്തിയെടുത്തു. കേരളത്തില്‍ ആലപ്പുഴ നിന്നും തൊഴിലാളിവര്‍ഗത്തിന്റെ ഗായകസംഘങ്ങള്‍ കേരളം ഒട്ടാകെ ചുറ്റിസഞ്ചരിച്ച് ഗാനമേളകള്‍ നടത്തി. മഹാകവി വള്ളത്തോള്‍ തുടങ്ങി ചൂഷകവര്‍ഗ വിരോധികളായ കവികളും കലാകാരന്മാരും കലാമണ്ഡലം തുടങ്ങിയ സ്ഥാപനങ്ങളില്‍ പുതിയ ദൃശ്യകലകള്‍ക്കും നാടകങ്ങള്‍ക്കും രൂപംനല്കി. പി. ഭാസ്കരന് തുടങ്ങിയ പ്രതിഭകള്‍ ഈ പുതിയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു. 1950 ആദ്യം ഇപ്റ്റായില്‍ നിന്നു പ്രചോദനംകൊണ്ട് ആരംഭിച്ച കെ.പി.എ.സി.യുടെ ആവിര്‍ഭാവത്തോടുകൂടി കേരളത്തിന്റെ നാടകവേദിയില്‍ ഒരു പുതിയ മുന്നേറ്റത്തിന്റെ യവനിക ഉയര്‍ന്നു. എന്റെ മകനാണ് ശരി, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്നീ നാടകങ്ങള്‍ തോപ്പില്‍ ഭാസി, കാമ്പിശ്ശേരി കരുണാകരന്, ജനാര്‍ദനക്കുറുപ്പ്, രാജഗോപാലന്‍നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കെ.പി.എ.സി. അരങ്ങേറിയപ്പോള്‍ ഒരു പുതിയ ദൃശ്യവേദിയുടെയും നാടകപ്രസ്ഥാനത്തിന്റെയും പിറവി, കേരളത്തിലെ സഹൃദയലോകം കണ്ടു. കെ.പി.എ.സി.യുടെ ആവിര്‍ഭാവത്തിനു തൊട്ടുമുമ്പ് മലബാര്‍പ്രദേശത്ത് ഐതിഹാസികമായ പുതിയ സാംസ്കാരിക മുന്നേറ്റത്തിനു കളമൊരുക്കിക്കൊണ്ട് മലബാര്‍ കെ. ദാമോദരന്‍ രചിച്ച പാട്ടബാക്കി, ഇടശ്ശേരിയുടെ കൂട്ടുകൃഷി, ചെറുകാടിന്റെ നമ്മളൊന്ന് എന്നീ നാടകങ്ങള്‍ അരങ്ങത്തുവന്നുകഴിഞ്ഞിരുന്നു. ഇവയെല്ലാംതന്നെ കേരളത്തില്‍ ജനങ്ങളുടേതായ ഒരു നാടകപ്രസ്ഥാനം രൂപംകൊള്ളുന്നതിന്റെ ആദ്യകിരണങ്ങളായിരുന്നു.
ജനജീവിതത്തിന്റെ നാടകീയാവിഷ്കാരങ്ങള്‍ മാത്രമായിരുന്നില്ല ഇപ്റ്റായുടെ ലക്ഷ്യം. ദൃശ്യവേദിയിലെ വിവിധ പ്രസ്ഥാനങ്ങളില്‍ ഇപ്റ്റായുടെ സ്വാധീനശക്തി അദ്ഭുതാവഹമായി വ്യാപരിച്ച ഓപ്പറ, ബാലേ എന്നിവയും പ്രത്യേകപ്രാധാന്യമര്‍ഹിക്കുന്നു. ചിരപ്രശസ്തി നേടിയ ഇന്ത്യാ ഇമ്മോര്‍ട്ടല്‍ (അനശ്വരഭാരതം) അവതരിപ്പിച്ച സെന്‍ട്രല്‍ ബാലേ ഗ്രൂപ്പ്, ശാന്തി, ഗുല്‍ ബര്ധന് എന്നിവരുടെ ലിറ്റില്‍ ബാലേ ട്രൂപ്, ശംഭുമിത്രയുടെ ബഹുരൂപി, ഉത്പല്‍ ദത്തിന്റെ ലിറ്റില്‍ തിയെറ്റര്‍ ഗ്രൂപ്പ്, മിനര്‍വാ തിയെറ്റേഴ്സ് എന്നിവയെല്ലാംതന്നെ പലപ്രകാരത്തില്‍ ഇപ്റ്റായുമായി ബന്ധപ്പെട്ടതോ ഇപ്റ്റായില്‍ നിന്നു രൂപംകൊണ്ടതോ ആണ്. അതേസമയം ഉദയശങ്കറെപ്പോലെ വിശ്വവിഖ്യാതിനേടിയ കലാകാരന്മാരില് പലരുടെയും സഹകരണം ഇപ്റ്റായ്ക്ക് പലപ്പോഴും ലഭിച്ചിട്ടുണ്ട്. ഒരു അഖിലേന്ത്യാസംഘടന എന്നനിലയില്‍ ഇപ്റ്റാ ഇന്നു പ്രവര്‍ത്തിച്ചുവരുന്നില്ല. പക്ഷേ അതിന്റെ പല പ്രാദേശികഘടകങ്ങളും സഹോദരകലാസ്ഥാപനങ്ങളും ജനകീയകലാപ്രസ്ഥാനത്തിന്റെയും ജനകീയവിപ്ലവത്തിന്റെയും മഹത്തായ പാരമ്പര്യം ഇന്നും പരിരക്ഷിച്ചുപോരുന്നുണ്ട്.
(പി. ഗോവിന്ദപ്പിള്ള)