This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്ത്യന്‍ നാഷണൽ ആർമി (ഐ.എന്‍.എ.)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇന്ത്യന്‍ നാഷണൽ ആർമി (ഐ.എന്‍.എ.)
ഇന്ത്യയുടെ വിമോചനം ലക്ഷ്യമാക്കി രണ്ടാം ലോകയുദ്ധകാലത്ത് തെക്കുകിഴക്കന്‍ ഏഷ്യയിൽ രൂപംകൊണ്ട സായുധസേന. മാതൃരാജ്യത്തെ വിമോചിപ്പിക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും, ഈ സേനയ്ക്ക് ഇന്ത്യാചരിത്രത്തിൽ സുപ്രധാന സ്ഥാനമാണുള്ളത്.
രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാനു കീഴടങ്ങിയ ബ്രിട്ടീഷ് ഇന്ത്യന്‍ സേനയിലെ ഓഫീസറായ ക്യാപ്ടന് മോഹന്‍സിങ്ങുമായി ജപ്പാന് സൈന്യത്തിലെ മേജർ ഫുജിവോറ ജിത്രയിൽ (മലയ) നടത്തിയ ചർച്ചകളുടെ ഫലമായി ബ്രിട്ടനെതിരെ പോരാടാന്‍ മോഹന്‍സിങ് സന്നദ്ധനായി; മാതൃഭൂമിയുടെ വിമോചനത്തിനായി ഇന്ത്യന്‍ യുദ്ധത്തടവുകാരെ സംഘടിപ്പിക്കുവാന്‍ ഫുജിവോറ അദ്ദേഹത്തെ പ്രരിപ്പിച്ചു. സ്വന്തം നാടിനുവേണ്ടി ആത്മാർപ്പണം ചെയ്യാന്‍ മോഹന്‍സിങ്ങും അദ്ദേഹത്തിന്റെ 50 സൈനികരും ദൃഢപ്രതിജ്ഞ എടുത്തതോടെ ഇന്ത്യന്‍ ദേശീയസേന ജിത്രയിൽ പ്രതീകാത്മകമായി രൂപമെടുക്കുകയായിരുന്നു (1941 ഡി.). സാമ്പത്തികസഹായവും ആയുധസന്നാഹങ്ങളും വാഗ്ദാനം ചെയ്തതിനുപുറമേ തങ്ങള്‍ യുദ്ധത്തടവുകാരാക്കിയിരുന്ന ബ്രിട്ടീഷ്-ഇന്ത്യന്‍ സൈനികർക്കിടയിൽനിന്ന് ഇന്ത്യന്‍ നാഷണൽ ആർമിയിലേക്ക് നിർബാധമായ തെരഞ്ഞെടുപ്പു നടത്തുന്നതിനുള്ള അനുമതിയും ജാപ്പനീസ് അധികൃതർ നൽകിയതോടെ ഇന്ത്യന്‍ നാഷണൽ ആർമി ക്രമേണ വികസിച്ചുവന്നു. ഇന്ത്യയുടെ സ്വാതന്ത്യ്രലബ്ധിക്കുവേണ്ടി കിഴക്കന്‍ ഏഷ്യയിൽ പ്രവർത്തിച്ച ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ഐ.എന്‍.എ. ഔപചാരികമായി സംഘടിപ്പിക്കപ്പെട്ടു (1942 മാ.).
ജപ്പാന്‍കാരുമായി തെറ്റിപ്പിരിഞ്ഞ മോഹന്‍സിങ് ഐ.എന്‍.എയെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചത് (1942 ഡി.) പ്രതിസന്ധിയുണ്ടാക്കിയെങ്കിലും ആ നടപടിയുടെ സാംഗത്യത്തെ ചോദ്യം ചെയ്ത രാഷ് ബിഹാരി ബോസ് (ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗ് പ്രസിഡന്റ്) സേനയെ പുനഃസംഘടിപ്പിക്കുന്ന പ്രവർത്തനങ്ങള്‍ ഏറ്റെടുക്കുകയുണ്ടായി. 1943 ജൂല. 4-ന് രാഷ് ബിഹാരി ബോസ് ഐ.എന്‍.എയുടെയും ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന്റെയും നേതൃത്വം സുഭാഷ് ചന്ദ്രബോസിനു കൈമാറി. ജപ്പാന്റെ സഹായ സഹകരണത്തോടെ ക്യാപ്റ്റന്‍ മോഹന്‍സിങ് രൂപീകരിച്ച ഇന്ത്യന്‍ നാഷണൽ ആർമി ബോസിന്റെ മാർഗദർശിത്വത്തിന്‍കീഴിൽ 1943-ൽ പുനഃസംഘടിപ്പിക്കപ്പെട്ടത് സേനയ്ക്ക് പുതിയ ഉണർവും ആർജവവും നല്‍കുന്നതിന് സഹായകമായി. ആസാദ് ഹിന്ദ് ഫൗജ് എന്ന് ബോസ് പുനർനാമകരണം ചെയ്ത ഇന്ത്യന്‍ നാഷണൽ ആർമിയെ ബ്രിട്ടീഷുകാർ അവജ്ഞാപൂർവം ജിഫ് (Japenese Inspired fifth Columnist)എന്നാണ് വിളിച്ചത്. ഇന്ത്യയ്ക്കു പുറത്തുനിന്നുള്ള സായുധ വിപ്ലവത്തിലൂടെ മാത്രമേ ബ്രിട്ടീഷുകാരെ പരാജയപ്പെടുത്താനാവൂ എന്നു സിദ്ധാന്തിച്ച ബോസ് ആ കർത്തവ്യം ഏറ്റെടുക്കുവാന്‍ പ്രവാസി ഇന്ത്യാക്കാരെ ഉദ്ബോധിപ്പിച്ചു. തെക്കുകിഴക്കന്‍ ഏഷ്യയിൽ വേരുറപ്പിച്ചിരുന്ന ഇന്ത്യാക്കാരായ വ്യവസായികള്‍, തൊഴിലാളികള്‍, തോട്ടം ഉടമകള്‍ തുടങ്ങിയവരുടെ കലവറയില്ലാത്ത പിന്തുണ സൈന്യസജ്ജീകരണത്തിനു പിന്നിലെ സാമ്പത്തികഭാരം ലഘൂകരിച്ചു. കിഴക്കന്‍ ഏഷ്യയിലെ ഇന്ത്യാക്കാരായ സൈനികരെയും സിവിലിയന്മാരെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഐ.എന്‍.എ വിപുലീകരിച്ച സുഭാഷ് ചന്ദ്രബോസ് സൈന്യത്തിന് "ഡൽഹി ചലോ' എന്ന ആഹ്വാനമാണ് നൽകിയത്. കിഴക്കന്‍ ഏഷ്യയിലെ സ്വാതന്ത്യ്രപ്രസ്ഥാനത്തിന് പുതുജീവന്‍ നൽകിയ ഇദ്ദേഹത്തെ ജനങ്ങള്‍ "നേതാജി' എന്ന് അഭിസംബോധന ചെയ്തു.
ഇന്ത്യന്‍ നാഷണൽ ആർമിയിൽ മൊത്തം 40,000 പേർ ഉണ്ടായിരുന്നുവെന്നും അതിൽ 20,000 പേർ ബ്രിട്ടീഷ് ഇന്ത്യന്‍ ആർമിയിലെ അംഗങ്ങളായിരുന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. മതസൗഹാർദത്തിന്റെ പ്രതീകമായിരുന്ന ഐ.എന്‍.എയിൽ വനിതകള്‍ക്കും മതിയായ പ്രാതിനിധ്യം നൽകി. ഐ.എന്‍.എയുടെ വനിതാസൈനിക വിഭാഗം "ഝാന്‍സിറാണി റെജിമെന്റ്' എന്നാണറിയപ്പെട്ടത്. ലക്ഷ്മി സ്വാമിനാഥനാണ് വനിത റെജിമെന്റിനെ നയിച്ചത്. ഐക്യം, വിശ്വസ്തത, ത്യാഗം എന്നതായിരുന്നു ഐ.എന്‍.എയുടെ മുദ്രാവാക്യം. വ്യോമസേനയുടെയും പീരങ്കിപ്പടയുടെയും അഭാവത്തിൽ ചെറിയ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനും ഗൊറില്ലായുദ്ധമുറകള്‍ പരിശീലിപ്പിക്കുന്നതിനുമാണ് ഐ.എന്‍.എ അധികൃതർ ഊന്നൽ നല്‍കിയത്. 1943 ഒ. 21-ാം തീയതി നേതാജി സിംഗപ്പൂർ കേന്ദ്രമാക്കി ഒരു താത്കാലിക ഗവണ്മെന്റ് സ്ഥാപിച്ചു. ബ്രിട്ടന് ഉള്‍പ്പെട്ട സഖ്യകക്ഷികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുക എന്നതായിരുന്നു താത്കാലിക ഗവണ്മെന്റ് ആദ്യം കൈക്കൊണ്ട പ്രവർത്തനം.
1944-ൽ ഇന്ത്യയിലേക്ക് മുന്നേറുവാനുള്ള സൗകര്യം പരിഗണിച്ച് താത്കാലിക ഗവണ്മെന്റ്, ഐ.എന്‍.എ. എന്നിവയുടെ ആസ്ഥാനം സിംഗപ്പൂരിൽ നിന്നും ബർമയിലേക്കു മാറ്റി. ബർമ വഴി ബ്രിട്ടിഷ് ഇന്ത്യ ആക്രമിക്കുക എന്നതായിരുന്നു ജപ്പാന്റെ സമരപരിപാടി. ഇന്ത്യയിലേക്ക് ആദ്യം കടക്കുന്നത് ജപ്പാന് സേന മാത്രമായിരിക്കുമെന്ന ജാപ്പനീസ് അധികാരികളുടെ നയത്തിൽ പ്രതിഷേധിച്ച ബോസ്, ജപ്പാന്‍കാരുടെ ജീവാർപ്പണത്തോടെ നേടുന്ന സ്വാതന്ത്യ്രം അടിമത്തത്തെക്കാള്‍ ദുസ്സഹമാണെന്ന നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യന്‍ മച്ചിൽ വീഴുന്ന ആദ്യത്തെ രക്തത്തുള്ളി ഐ.എന്‍.എ.ക്കാരന്റേതാവണമെന്ന ബോസിന്റെ നിർബന്ധത്തിനു വഴങ്ങിയ ജപ്പാന്‍അധികാരികള്‍ ഒടുവിൽ തങ്ങളുടെ സേനയ്ക്കൊപ്പം ഐ.എന്‍.എ.യുടെ ഒന്നാം ഡിവിഷനെ പങ്കെടുപ്പിക്കാന്‍ തയ്യാറായി.
ഐ.എന്‍.എ.-യ്ക്ക് മൂന്നു ഡിവിഷനുകളും ഒരു വനിതാ ബ്രിഗേഡുമാണ് ഉണ്ടായിരുന്നത്. നേതാജിയുടെ നേതൃത്വത്തിൽ ഐ.എന്‍.എ. ബ്രിട്ടീഷ് സൈന്യത്തിനെതിരെ ബർമയി(മ്യാന്മർ)ലെ അരക്കാന്‍ സമരമുഖത്ത് വിജയകരമായ ഒരാക്രമണം നടത്തി (1944 ഫെ. 4). ഇന്ത്യ-ബർമ അതിർത്തികടന്ന് 1944 മാർച്ച് 15-ന് ഇന്ത്യന്‍ മച്ചിൽ കാലുകുത്തിയത് ഐ.എന്‍.എയുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായിരുന്നു. യുദ്ധം മുന്നേറിയതോടെ ഇന്ത്യ-ബർമ അതിർത്തി, ഇംഫാൽ സമതലം, കൊഹിമ എന്നിവിടങ്ങളിൽ ഐ.എന്‍.എ. പോരാടി. കൊഹിമ കോട്ടയും ദിമാപൂർ കൊഹിമ റോഡിലെ ഒരു പാളയവും ഐ.എന്‍.എ.ക്കു കീഴടങ്ങിയെങ്കിലും ഇംഫാൽ നഗരം പിടിച്ചെടുക്കുവാനുള്ള അവരുടെ ഉദ്യമം പരാജയപ്പെട്ടു. വാഗ്ദാനപ്രകാരമുള്ള ആയുധങ്ങളും ഇതരസന്നാഹങ്ങളും തക്കസമയത്ത് എത്തിച്ചുകൊടുക്കുന്നതിൽ ജപ്പാന്റെ ഭാഗത്തുനിന്നുണ്ടായ കൃത്യവിലോപം, പ്രതികൂല കാലാവസ്ഥ, സേനാംഗങ്ങളുടെ കൂറുമാറ്റം, ആഹാരമുള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ ദൗർലഭ്യം, രോഗപീഡ എന്നിവയൊക്കെ പരാജയത്തിനു വഴിയൊരുക്കി. മാത്രമല്ല, രണ്ടാം ലോകയുദ്ധത്തിൽ പൊതുവേ സഖ്യകക്ഷികള്‍ നേട്ടമുണ്ടാക്കിയ കാലഘട്ടവുമായിരുന്നു. "ഇംഫാൽ ഓപ്പറേഷന്' ജപ്പാന് നിർത്തിവച്ച സാഹചര്യത്തിൽ ഐ.എന്‍.എയ്ക്ക് പിന്‍വാങ്ങേണ്ടിവന്നെങ്കിലും ഡൽഹി എന്ന ലക്ഷ്യം കൈവിടാന്‍ ഐ.എന്‍.എ. സുപ്രീം കമാന്‍ഡറായ ബോസ് തയ്യാറായില്ല. തുടർന്ന് ഐ.എന്‍.എ.യുടെ ഒന്നാംഡിവിഷനെ പുനഃസംഘടിപ്പിക്കുന്നതിലും രണ്ടാം ഡിവിഷനെ യുദ്ധസജ്ജമാക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ബർമയിൽ ബ്രിട്ടീഷ് സേനയ്ക്കെതിരെ രണ്ടാം ഡിവിഷന് പൊരുതിയെങ്കിലും ബ്രിട്ടീഷ് സേന ബർമ തിരിച്ചുപിടിച്ചതോടെ ഐ.എന്‍.എ.യുടെ തകർച്ച പൂർണമായി. ഒട്ടേറെ സൈനികർ യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടു. ഇന്ത്യയെ വിമോചിപ്പിക്കുന്നതിൽ ഐ.എന്‍.എ. പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ ജനസമൂഹങ്ങള്‍ക്കിടയിൽ തങ്ങളുടെ പൊതുശത്രുവിനെതിരെ ആയുധമേന്തി യുദ്ധത്തിനിറങ്ങിയ ധീരദേശാഭിമാനികള്‍ എന്ന പരിഗണനയാണ് ഐ.എന്‍.എയുമായി ബന്ധപ്പെട്ട ഓരോ വ്യക്തിക്കും ലഭിച്ചത്. സ്വാതന്ത്യ്രത്തിനുവേണ്ടി പൊരുതുന്ന ഇന്ത്യയുടെ പ്രതീകമായി ഐ.എന്‍.എ. മാറിയതോടെ "ജപ്പാന്റെ പാവസേന' എന്ന ആക്ഷേപം ഉയർത്തിയവർക്കിടയിൽപ്പോലും അതിനു സ്വീകാര്യത ലഭിച്ചു. ഐ.എന്‍.എ നടത്തിയ പോരാട്ടം "ഇന്ത്യയുടെ രണ്ടാം സ്വാതന്ത്യ്രസമര'മായി വിശേഷിപ്പിക്കപ്പെട്ടു.
1945-ൽ ബ്രിട്ടീഷുകാർ ഐ.എന്‍.എക്കാരായ യുദ്ധക്കുറ്റവാളികളെ പരസ്യവിചാരണ ചെയ്യാന്‍ തീരുമാനിച്ചു. ബ്രിട്ടീഷ് രാജാവിനെതിരെ യുദ്ധം ചെയ്തു എന്ന കുറ്റമാണ് അവരുടെമേൽ ചുമത്തിയത്. ഐ.എന്‍.എയിൽ നിന്ന് മുഴുവന്‍പേരുടെയും പ്രതിനിധികളായി മൂന്നുപേരെയാണ് ചുവപ്പുകോട്ടയിൽ വിചാരണ ചെയ്തത്. ഇവരുടെ ഭാഗം വാദിക്കുവാന്‍ ജവാഹർലാൽ നെഹ്റു, ഭുലാഭായ് ദേശായ്, തേജ് ബഹാദൂർ സപ്രു എന്നീ പ്രഗല്ഭർ തയ്യാറായി. ഐ.എന്‍.എ തടവുകാർക്ക് സൈനികകോടതി ശിക്ഷ വിധിച്ചെങ്കിലും രാജ്യത്തെമ്പാടും ആളിക്കത്തിയ ജനരോഷത്തിന്റെ പശ്ചാത്തലത്തിൽ കുറ്റം ചുമത്തപ്പെട്ട ഐ.എന്‍.എ തടവുകാരെ നിരുപാധികം വിട്ടയയ്ക്കുവാന്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ നിർബന്ധിതരായി. ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സുമായി മിക്ക വിഷയങ്ങളിലും ഭിന്നാഭിപ്രായം പുലർത്തിയിരുന്ന മുസ്ലിം ലീഗ് ഐ.എന്‍.എ തടവുകാരുടെ പ്രശ്നത്തിൽ ശക്തമായ യോജിപ്പ് പ്രകടമാക്കി. 1945-46-കാലത്ത് ബ്രിട്ടീഷ്-ഇന്ത്യന്‍ സൈന്യത്തിൽ നാനാവിധ അസ്വാസ്ഥ്യങ്ങള്‍ തലപൊക്കി. ഇതിന്റെ പ്രത്യക്ഷമായ പ്രകടനമെന്നോണം 1946 ഫെബ്രുവരിയിൽ നാവികസേനാ ആസ്ഥാനത്ത് സായുധവിപ്ലവം അരങ്ങേറുകയും ചെയ്തു. ഇവയൊക്കെ ഐ.എന്‍.എ പ്രസ്ഥാനവുമായി കൂട്ടിവായിച്ചതാണ് പെട്ടെന്നുള്ള പിന്‍വാങ്ങലിന് ബ്രിട്ടീഷ് ഭരണകൂടത്തെ പ്രരിപ്പിച്ചതെന്ന് ഒരു വിഭാഗം രാഷ്ട്രീയ മീമാംസകർ അഭിപ്രായപ്പെടുന്നു. നോ. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗ്; ഇന്ത്യന്‍ സ്വാതന്ത്ര്യസമരം; നാവിക കലാപം