This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്തോ-നോർവീജിയന്‍ പ്രാജക്‌ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:43, 25 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇന്തോ-നോർവീജിയന്‍ പ്രോജക്‌ട്‌

Indo-Norwegian Project

മത്സ്യബന്ധനവ്യവസായം വികസിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും വേണ്ടി 1952-ല്‍ കേരളത്തില്‍ കൊല്ലംജില്ലയിലുള്ള നീണ്ടകരയില്‍ ആരംഭിച്ച പദ്ധതി. ഐക്യരാഷ്‌ട്രസഭയും ഇന്ത്യാ-നോര്‍വേ ഗവണ്‍മെന്റുകളും ചേര്‍ന്ന്‌ ഒപ്പുവച്ചിട്ടുള്ള ഒരു ത്രികക്ഷിക്കരാറാണ്‌ ഈ പദ്ധതിയുടെ ആണിക്കല്ല്‌. അഷ്‌ടമുടിക്കായലിന്റെ ഒരു ശാഖയുടെ ഇരുകരകളിലായി 26 ച.കി.മീ. സ്ഥലത്തായിട്ടാണ്‌ ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്‌. ഇന്തോ-നോര്‍വീജിയന്‍ പ്രാജക്‌ടിന്റെ അടിസ്ഥാനലക്ഷ്യങ്ങള്‍ ഇവയാണ്‌: (1) മത്സ്യബന്ധനബോട്ടുകള്‍ യന്ത്രവത്‌കരിക്കുക; (2) ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള സംവിധാനം ഏര്‍പ്പെടുത്തുക; (3) നവീനരീതിയിലുള്ള മത്സ്യബന്ധനസാമഗ്രികളുടെ ഉപയോഗം പ്രാവര്‍ത്തികമാക്കുക; (4) മത്സ്യസംസ്‌കരണ സംവിധാനങ്ങള്‍ നവീകരിക്കുക; (5) ശീതീകരണയന്ത്രങ്ങള്‍ നിര്‍മിക്കുക; (6) മത്സ്യം കയറ്റി അയയ്‌ക്കാനായി ആധുനികവാഹനങ്ങള്‍ നല്‌കുക; (7) മത്സ്യത്തൊഴിലാളികളുടെ സഹകരണസംഘങ്ങള്‍ രൂപീകരിക്കുക; (8) മത്സ്യത്തൊഴിലാളികളുടെ അധിവാസകേന്ദ്രങ്ങളില്‍ പരിസരശുചീകരണ പ്രവര്‍ത്തനങ്ങളും ശുദ്ധജലവിതരണവും നടത്തുക; (9) ആരോഗ്യരക്ഷാകേന്ദ്രം തുറക്കുക.

ഇന്ത്യാഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തില്‍ നോര്‍വീജിയന്‍ പ്രാജക്‌ട്‌ ഡയറക്‌ടറുടെ സഹകരണത്തോടുകൂടി, കേരളഗവണ്‍മെന്റാണ്‌ ഈ പദ്ധതിയുടെ ഭരണച്ചുമതല നിര്‍വഹിക്കുന്നത്‌.

പദ്ധതിപ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടമെന്ന നിലയില്‍ 6.6 മീ. നീളവും 4 കുതിരശക്തിയുമുള്ള മത്സ്യബന്ധനബോട്ട്‌ കടലിലിറക്കി. ഇതോടൊപ്പം മത്സ്യത്തൊഴിലാളികള്‍ക്കായി ഒരു പരിശീലനകേന്ദ്രവും ആരംഭിച്ചു. പരിശീലനം ലഭിച്ചു പുറത്തുവരുന്ന തൊഴിലാളികള്‍ക്ക്‌ കുറഞ്ഞനിരക്കില്‍ മത്സ്യബന്ധനബോട്ടുകളും മത്സ്യബന്ധനസാമഗ്രികളും നല്‌കുവാനും തീരുമാനിക്കപ്പെട്ടു. ബോട്ടുകളുടെ വര്‍ധിച്ച ആവശ്യം നികത്താന്‍ ഒരു ബോട്ടുനിര്‍മാണശാലയും വര്‍ക്ക്‌ഷോപ്പും 1954-ല്‍ ആരംഭിക്കുകയുണ്ടായി.

സമുദ്രത്തെയും സമുദ്രവിഭവങ്ങളെയും സംബന്ധിച്ച ഗവേഷണപരിപാടികളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌; ഇതിനായി "വരുണ' എന്ന പേരില്‍ ഒരു ജലയാനം കൊച്ചിയില്‍ ഗവേഷണപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നു. 1957-ല്‍ നീണ്ടകരയില്‍ ഒരു റഫ്രിജറേഷന്‍പ്ലാന്റ്‌ സ്ഥാപിക്കുകയുണ്ടായി. കടല്‍ത്തീരത്തുനിന്നും അകലെയുള്ള സ്ഥലങ്ങളില്‍ മത്സ്യം വേഗം എത്തിക്കാനായി എട്ടുവാനുകളും പ്രവര്‍ത്തിച്ചുതുടങ്ങി.

ഇന്തോ-നോര്‍വീജിയന്‍ പ്രാജക്‌ടിന്റെ ആഭിമുഖ്യത്തില്‍ മത്സ്യത്തൊഴിലാളികളുടെ സഹകരണസംഘങ്ങളും ഉടലെടുത്തിട്ടുണ്ട്‌. തൊഴിലാളികള്‍ക്കു പ്രയോജനപ്രദമായ രീതിയില്‍ മത്സ്യവിപണനം നടത്തുവാന്‍ സംഘം പരിശ്രമിക്കുന്നു. പ്രാജക്‌ട്‌പ്രദേശത്തെ എല്ലാവര്‍ക്കും സൗജന്യചികിത്സ നല്‌കുവാനുദ്ദേശിച്ചുകൊണ്ടുള്ള ഒരു ഹെല്‍ത്ത്‌സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്‌. ശുദ്ധജലവിതരണപ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി പൈപ്പുനിര്‍മാണത്തിനായി 1957-ല്‍ പ്രിമോപൈപ്പ്‌ ഫാക്‌ടറിയും സ്ഥാപിക്കപ്പെട്ടു. ഈ പ്രദേശത്തെ ശുദ്ധജലവിതരണത്തിനാവശ്യമായ പൈപ്പുകളുടെ നിര്‍മാണം പൂര്‍ത്തിയായതിനെത്തുടര്‍ന്ന്‌ 1959-ല്‍ ഈ ഫാക്‌ടറി കേരളസര്‍ക്കാരിന്‌ സംഭാവന ചെയ്യപ്പെട്ടു.

ആഗോള സാമ്പത്തിക സഹകരണരംഗത്തെ ഒരു പരിപാടിയായ ഇന്തോ-നോര്‍വീജിയന്‍ പ്രാജക്‌ടിന്റെ ഭരണച്ചുമതല 1963 ഏ. 1 മുതല്‍ ഇന്ത്യാഗവണ്‍മെന്റ്‌ ഏറ്റെടുക്കുകയുണ്ടായി. ശക്തികുളങ്ങരയിലെ ബോട്ടുനിര്‍മാണശാല, വര്‍ക്ക്‌ഷോപ്പ്‌, നീണ്ടകരയിലെ ഐസ്‌ ഫാക്‌ടറി, റഫ്രിജറേഷന്‍ പ്ലാന്റ്‌ എന്നിവ ഷിഷറീസ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭരണച്ചുമതലയിലാണ്‌. ഹെല്‍ത്ത്‌ സെന്ററിന്റെ ചുമതല ആരോഗ്യവകുപ്പ്‌ ഏറ്റെടുത്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍