This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇനാമൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:27, 25 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇനാമൽ

Enamel

ഒരു വസ്‌തുവിന്റെ പുറമേ പൂശിയിട്ടുള്ള കടുപ്പവും മിനുസവും മിനുമിനുപ്പുമുള്ള പദാര്‍ഥത്തിന്‌ സാമാന്യമായി ഇനാമല്‍ എന്നു പറയാം. ഉദാഹരണമായി പല്ലുകളുടെ മിനുങ്ങുന്ന പ്രതലം (surface) ഇനാമലാണ്‌. മിനുങ്ങുന്ന ചുവര്‍-പെയിന്റുകളെ ഇനാമല്‍-പെയിന്റുകള്‍ എന്നു പറയുന്നു. എങ്കിലും ലോഹങ്ങളുടെയോ കളിമണ്‍ പാത്രങ്ങളുടെയോ പ്രതലങ്ങളില്‍ പൂശുന്നതിന്‌ ഗ്ലാസുകൊണ്ടു നിര്‍മിച്ച കടുപ്പമുള്ള പദാര്‍ഥമാണ്‌ യഥാര്‍ഥത്തില്‍ ഇനാമല്‍. ആവശ്യത്തിനുവേണ്ടിയോ അലങ്കാരത്തിനുവേണ്ടിയോ ഇനാമല്‍ പൂശിയിട്ടുള്ള വസ്‌തുക്കള്‍ ചിലപ്പോള്‍ വളരെ ആകര്‍ഷകങ്ങളായിരിക്കും. ഇനാമലിടുന്ന വിദ്യ അല്‌പം പ്രയാസമുള്ള ഒന്നാകയാല്‍ അതില്‍ പ്രാവീണ്യം സിദ്ധിച്ചവരുടെ എച്ചം ഏതുകാലത്തും കുറവായിരുന്നു. പണ്ടുള്ള വിദഗ്‌ധന്മാര്‍ ഇനാമല്‍ ചെയ്‌തിട്ടുള്ള ചില വസ്‌തുക്കള്‍ ഇന്ന്‌ അമൂല്യങ്ങളായി പരിഗണിക്കപ്പെട്ടുവരുന്നു. ചീനയില്‍നിന്ന്‌ വളരെ മനോഹരങ്ങളായ ഇനാമലിത-വസ്‌തുക്കള്‍ കണ്ടുകിട്ടിയിട്ടുണ്ട്‌. ഇനാമലിടുന്ന-വിദ്യയില്‍ ഇന്ന്‌ ജപ്പാന്‍ മുന്‍പന്തിയില്‍ നില്‌ക്കുന്നു.

ഇനാമലിടുന്ന വിദ്യ ഏതുരാജ്യത്താണ്‌ ആരംഭിച്ചത്‌ എന്ന ചരിത്രവസ്‌തുത ഇന്നും അജ്ഞാതമാണ്‌. ബി.സി. 1300-കളില്‍ ഈജിപ്‌തുകാര്‍ക്ക്‌ ഇനാമലനം വശമായിരുന്നു. കടുംനീല, മരതകപ്പച്ച, കരിഞ്ചുവപ്പ്‌ മുതലായ കമനീയവര്‍ണങ്ങളിലുള്ള ഇനാമലുണ്ടാക്കി സ്വര്‍ണ നിര്‍മിതങ്ങളായ വസ്‌തുക്കളുടെയും ആഭരണങ്ങളുടെയും പ്രതലങ്ങളില്‍ പൂശി അവര്‍ അവയെ മോടിപിടിപ്പിച്ചിരുന്നു. പ്രാചീനഗ്രീക്കുകാര്‍ പ്രതിമകളില്‍ ഇനാമല്‍ പൂശുന്നതിന്‌ പ്രത്യേകതാത്‌പര്യം ഉള്ളവരായിരുന്നു. പതിനഞ്ചും പതിനാറും ശതകങ്ങളില്‍ യൂറോപ്പിലുണ്ടാക്കിയിട്ടുള്ള ഒന്നാന്തരം ഇനാമല്‍ച്ചിത്രങ്ങള്‍ പല മ്യൂസിയങ്ങളിലായി ഇന്നു സൂക്ഷിക്കപ്പെട്ടിട്ടുണ്ട്‌. ഇനാമലായി ഉപയോഗിക്കുന്ന പദാര്‍ഥം അനേകം രാസവസ്‌തുക്കളുടെ മിശ്രിതം ഉരുക്കി യോജിപ്പിച്ച്‌ ഉണ്ടാക്കുന്ന ഒന്നാണ്‌. സോഡ (സോഡിയം കാര്‍ബണേറ്റ്‌) അല്ലെങ്കില്‍ പൊട്ടാഷ്‌ (പൊട്ടാസിയം കാര്‍ബണേറ്റ്‌), മണല്‍, റെഡ്‌ ലെഡ്‌ (red lead)എന്നിവ അത്തരം ഒരു മിശ്രിതത്തിന്റെ ഘടകങ്ങളാണ്‌. ഈ ഘടകങ്ങളെ ഉരുക്കി യോജിപ്പിക്കുന്ന അവസരത്തില്‍ അനുയോജ്യമായ ലോഹ-ഓക്‌സൈഡുകള്‍ (ഉദാ. കോപ്പര്‍ ഓക്‌സൈഡ്‌; ടിന്‍ ഓക്‌സൈഡ്‌) ആവശ്യാനുസരണം കലര്‍ത്തി ഇനാമലിന്‌ ഉദ്ദിഷ്‌ടനിറം ഉണ്ടാക്കാം. ദ്രവ-ഇനാമല്‍ നല്ലപോലെ ഇളക്കിയശേഷം ഒരു ഇഷ്‌ടികയിലേക്കു പകര്‍ന്നു തണുപ്പിച്ച്‌ കേക്കുകളാക്കി പരുവപ്പെടുത്തിയെടുക്കുന്നു. ഇവയെ സൂക്ഷിച്ചുവെച്ച്‌ വേണ്ടപ്പോള്‍ ഉപയോഗിക്കാം. കടുപ്പം കൂടിയതും കുറഞ്ഞതുമായ ഇനാമലുകള്‍ ഉണ്ട്‌; സുതാര്യവും (transparent) അേതാര്യവും (opaque) അര്‍ധതാര്യവും (transluscent) ആേയ ഇനാമലുകളും ഉണ്ട്‌. സ്വര്‍ണം വെള്ളി എന്നീ വിശിഷ്‌ടലോഹങ്ങള്‍ കൊണ്ടുള്ള വസ്‌തുക്കളിന്മേല്‍ പൂശുന്നതിന്‌ സുതാര്യ-ഇനാമല്‍ ഉപയോഗിക്കുന്നു. അപ്പോള്‍ ആ ലോഹത്തിന്റെ തിളക്കം പൂര്‍ണമായും പ്രകാശിതമായിരിക്കും. ചെമ്പ്‌ മുതലായ ലോഹങ്ങള്‍കൊണ്ടുണ്ടാക്കിയ വസ്‌തുക്കളിന്മേല്‍ അതാര്യ-ഇനാമല്‍ ആണ്‌ പൂശാറുള്ളത്‌.

ഇനാമലിടുന്നതിനുമുമ്പായി വസ്‌തുവിന്റെ പ്രതലം നല്ലപോലെ വൃത്തിയാക്കണം. ഇനാമല്‍ നല്ലപോലെ പൊടിച്ച്‌ പശ, വെള്ളം അതല്ലെങ്കില്‍ എച്ച എന്നിവ ചേര്‍ത്തു കുഴമ്പാക്കി ബ്രഷ്‌ ഉപയോഗിച്ച്‌ പ്രതലത്തില്‍ തേയ്‌ക്കുന്നു. ബ്രഷ്‌കൊണ്ടു തേയ്‌ക്കുന്നതിനുപകരം വസ്‌തുവിനെ ഇനാമല്‍ക്കുഴമ്പില്‍ മുക്കിയെടുക്കാം. അതുമല്ലെങ്കില്‍ കുഴമ്പ്‌ പ്രതലത്തില്‍ സ്‌പ്ര ചെയ്‌താലും മതി. അനന്തരം ചൂളയില്‍വെച്ച്‌ 730-870ബ്ബഇ-ല്‍ തപിപ്പിക്കുന്നു. ഇപ്രകാരം ചെയ്യുന്ന ഇനാമലനം ആര്‍ദ്രവിധിയാണ്‌. ശുഷ്‌കവിധി പ്രകാരവും ഇനാമലനം നടത്താം. ഇതില്‍ ഇനാമല്‍ പൊടിച്ചു ചൂടാക്കിയശേഷം അരിപ്പയിലൂടെ കടത്തിവിട്ട്‌ പ്രതലത്തില്‍ പരത്തുന്നു. ഉയര്‍ന്ന ദ്രവണാങ്കമുള്ള ലോഹങ്ങള്‍ക്കാണ്‌ ഈ രീതികള്‍ അനുയോജ്യം. ചെമ്പ്‌ അലുമിനിയം മുതലായ താഴ്‌ന്ന ദ്രവണാങ്കമുള്ള ലോഹങ്ങളിന്മേല്‍ പൂശുവാന്‍ പ്രത്യേകരീതിയില്‍ തയ്യാര്‍ ചെയ്‌തിട്ടുള്ള താഴ്‌ന്ന ദ്രവണാങ്കമുള്ള ഇനാമലുകള്‍ ലഭ്യമാണ്‌. പാത്രങ്ങള്‍, ആഭരണങ്ങള്‍, വാച്ചുകള്‍, കുളിത്തൊട്ടികള്‍, ചൂടുവെള്ളം നിറയ്‌ക്കാനുള്ള ടാങ്കുകള്‍, പൊടിഡപ്പികള്‍, ചൂളകളുടെ ഉള്‍ഭാഗങ്ങള്‍, കെമിക്കല്‍-ഉപകരണങ്ങള്‍, ജെറ്റ്‌ എഞ്ചിനുകള്‍ എന്നിവയുടെയെല്ലാം നിര്‍മാണത്തില്‍ ഇനാമല്‍ പൂശുന്നതിന്റെ ആവശ്യകതയുണ്ട്‌. ഭക്ഷ്യവസ്‌തുക്കള്‍ സൂക്ഷിക്കുന്ന "ടിന്നു'കളിലും ഇനാമല്‍ ചെയ്യുക പതിവാണ്‌. ചൂട്‌, അപരദനം (corrosion), അപഘര്‍ഷണം(abrasion) എന്നിവയില്‍നിന്ന്‌ വസ്‌തുപ്രതലങ്ങളെ രക്ഷിക്കുന്നതിന്‌ ഇനാമലനം സഹായിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%A8%E0%B4%BE%E0%B4%AE%E0%B5%BD" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍