This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇടവം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇടവം
സൗരരാശികളില്‍ രണ്ടാമത്തേത്. ഭൂമിക്കുചുറ്റുമുള്ള ആകാശത്തെ മേടം, ഇടവം, മിഥുനം തുടങ്ങി പന്ത്രണ്ടുരാശികളായി വിഭജിച്ചിരിക്കുന്നു. ഗ്രഹങ്ങള്‍ ഈ രാശികളിലൂടെ സഞ്ചരിക്കുന്നു എന്നാണ് സങ്ക്‌ലപം. സൂര്യന്‍ ഒരു മാസംകൊണ്ടാണ് ഒരു രാശി കടക്കുന്നത്. ഇടവംരാശിയിലൂടെ സൂര്യന്‍ സഞ്ചരിക്കുന്നകാലത്തെ ഇടവമാസമെന്നു പറയുന്നു. ഏകദേശം മേയ് മധ്യം മുതല്‍ ജൂണ്‍ മധ്യം വരെയുള്ള കാലമാണിത്. കാര്‍ത്തിക നക്ഷത്രത്തിന്റ ഒടുവിലത്തെ മുക്കാല്‍ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യത്തെ പകുതിഭാഗവും ഇടവംരാശിയില്‍ ഉള്‍പ്പടുന്നു. കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇടവപ്പാതിയിലാണ് ആരംഭിക്കുന്നത്. ജ്യോതിഷത്തില്‍ ഇടവംരാശി "കാലപുരുഷന്റെ' മുഖമായി പരിഗണിക്കപ്പെടുന്നു. ഭൂമിയുടെ ദിനചലനംമൂലം എല്ലാ ദിവസവും ഭൂമിയിലെ ഓരോ ബിന്ദുവും ഏകദേശം രണ്ട് മണിക്കൂര്‍വീതം ഓരോ രാശിക്കും അഭിമുഖമായി വരുന്നു. സൂര്യോദയത്തില്‍ കിഴക്കന്‍ചക്രവാളം ഏതു രാശിയുടെ നേരെയോ അതാണ് അപ്പോഴത്തെ ഉദയരാശി; ഇടവമാസത്തില്‍ ഇത് ഇടവംരാശിയിലാണ്. മാസാരംഭത്തില്‍ സൂര്യോദയം മുതല്‍ ഏതാണ്ട് രണ്ടുമണിക്കൂര്‍ സമയത്തേക്ക് ഉദയരാശി ഇടവമായിരിക്കും; അടുത്ത രണ്ടു മണിക്കൂര്‍ മിഥുനവും. അങ്ങനെ ഓരോ രാശിയും ക്രമമായി വന്നുപോകുന്നു. ഉദയത്തിനുശേഷം ഉദയരാശി എത്ര സമയത്തേക്കുണ്ടോ അതിന് "ഉദയാല്‌പരം' എന്നു പറയുന്നു. പ്രതിദിനം ഏതാണ്ട് നാലു മിനിട്ടുവീതം ഉദയാല്‌പരം കുറഞ്ഞുവരുന്നു. ഒരു കുട്ടി ജനിക്കുമ്പോഴത്തെ ഉദയരാശി ഏതോ അതാണ് ആ കുട്ടിയുടെ "ലഗ്നം'. ശ്രീകൃഷ്‌ണന്റെ ലഗ്നം ഇടവമായിരുന്നെന്ന് മഹാഭാരതത്തില്‍ കാണുന്നു. ഇടവലഗ്നത്തില്‍ ജനിക്കുന്നവര്‍ ക്ഷമാശീലവും സഹനശക്തിയും ആധ്യാത്മികകാര്യങ്ങളില്‍ താത്‌പര്യവും ഉള്ളവരും തന്ത്രശാലികളും ആയിരിക്കുമെന്നാണ് ജ്യോതിഷഗ്രന്ഥങ്ങള്‍ പറയുന്നത്. ഇടവം ശുക്രന്റെ സ്വക്ഷേത്രവും ചന്ദ്രന്റെ ഉച്ചവുമത്ര. അതിന്റെ ആകൃതി കാളയുടേതായിട്ടാണ് സങ്കല്‌പിച്ചിരിക്കുന്നത്.
ഋഷഭം എന്ന പദത്തിന്റെ തത്‌സമമാണ് മലയാളത്തിലെ ഇടവം; പാശ്ചാത്യ ജ്യോതിഃശാസ്‌ത്രത്തില്‍ ഈ രാശിയുടെ പേര് ടോറസ് (Taurus)എന്നാണ്; രണ്ടിന്റെയും അര്‍ഥം കാള എന്നുതന്നെ.
(പ്രാഫ. കെ. രാമകൃഷ്‌ണപിള്ള)