This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആശുതോഷ്‌ മുക്കർജി (1864 - 1924)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:11, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആശുതോഷ്‌ മുക്കർജി (1864 - 1924)

പ്രശസ്‌തനായ വിദ്യാഭ്യാസപ്രവർത്തകനും സാമൂഹിക പരിഷ്‌കർത്താവും ദേശീയനേതാവും. 1864 ജൂണ്‍ 29-ന്‌ ഡോ. ഗംഗാപ്രസാദ്‌ മുക്കർജിയുടെയും ജഗത്സാരിണിദേവിയുടെയും പുത്രനായി ആശുതോഷ്‌ ദക്ഷിണകല്‌ക്കത്തയിൽ ഭവാനീപുരത്തു ജനിച്ചു. 1885-ൽ ഗണിത ശാസ്‌ത്രത്തിലും ഊർജതന്ത്രത്തിലും ഏറ്റവും ഉയർന്ന റാങ്കോടെ എം.എ. ബിരുദവും നേടി. ഗണിതശാസ്‌ത്രത്തിൽ പ്രകടിപ്പിച്ച പ്രാഗല്‌ഭ്യത്തെമാനിച്ച്‌ ബിരുദമെടുക്കുന്നതിനുമുമ്പുതന്നെ ലണ്ടനിലെ മാത്തമാറ്റിക്കൽ സൊസൈറ്റിയുടെ ഫെലൊസ്ഥാനം ഇദ്ദേഹത്തിന്‌ നല്‌കി; തുടർന്ന്‌ നിയമത്തിൽ ഡോക്‌ടറേറ്റും സമ്പാദിച്ചു. യോഗമയീദേവിയാണ്‌ സഹധർമിണി. ദേശാഭിമാനം ബാല്യംമുതൽ അദ്ദേഹത്തിൽ രൂഢമൂലമായിരുന്നു. ബംഗാളിലെ അന്നത്തെ ദേശീയനേതാക്കളുമായി ആശുതോഷ്‌ ബന്ധം പുലർത്തി. സുരേന്ദ്രനാഥബാനർജിയുടെ ജയിൽശിക്ഷയ്‌ക്കെതിരായി നടന്ന വിദ്യാർഥിസമരത്തിൽ ആശുതോഷും പങ്കെടുത്തു; അതോടുകൂടി വിദ്യാഭ്യാസവകുപ്പിലെ ജോലി അദ്ദേഹം തിരസ്‌കരിക്കുകയും ചെയ്‌തു. 1905 മുതൽ ഇദ്ദേഹം ദേശീയപ്രസ്ഥാനത്തിൽ ആകൃഷ്‌ടനായി.

പൊതുരംഗത്ത്‌. സ്വാതന്ത്യ്രലബന്ധിക്കുവേണ്ടി ഭരണഘടനാപരമായ മാർഗങ്ങള്‍ അവലംബിക്കുന്നതിൽ ഇദ്ദേഹം അനുകൂലിയായിരുന്നു; എന്നാൽ വിദ്യാഭ്യാസ സാംസ്‌കാരികരംഗത്താണ്‌ ഇദ്ദേഹത്തിന്റെ ശ്രദ്ധ മുഖ്യമായും പതിഞ്ഞത്‌. 1889-ലും 1891-ലും ഇദ്ദേഹം കല്‌ക്കത്ത സർവകലാശാലയുടെ സെനറ്റ്‌, സിന്‍ഡിക്കേറ്റ്‌ എന്നിവയിൽ അംഗമായിരുന്നു. സർവകലാശാലയുടെ സ്വയംഭരണാധികാരത്തിൽ കൈകടത്താനുള്ള വൈസ്രായി ലിറ്റണ്‍ പ്രഭുവിന്റെ നീക്കത്തെ ഇദ്ദേഹം എതിർത്തു. ബംഗാളി, ഉറുദു, ഹിന്ദി എന്നിവ പാഠ്യവിഷയങ്ങളിലുള്‍പ്പെടുത്തണമെന്ന്‌ ഇദ്ദേഹം വാദിച്ചു. വൈസ്രായി കഴ്‌സണ്‍പ്രഭുവിന്റെ 1904-ലെ സർവകലാശാലാനിയമത്തെയും ഇദ്ദേഹം എതിർത്തു. കല്‌ക്കത്ത സർവകലാശാലയിലെ ആദ്യത്തെ ഇന്ത്യന്‍ വൈസ്‌ചാന്‍സലറായി 1906-ൽ ഇദ്ദേഹം നിയമിതനായി. ആ വർഷം സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട്‌ പ്രക്ഷോഭം നയിച്ച വിദ്യാർഥികളുടെമേൽ ശിക്ഷാനടപടി എടുക്കുവാനുള്ള ബംഗാളിലെ ലഫ്‌റ്റനന്റ്‌ ഗവർണറുടെ നിർബന്ധത്തിന്‌ ആശുതോഷ്‌ വഴങ്ങിയില്ല. 1914 വരെ വൈസ്‌ചാന്‍സലറായി തുടർന്നതിനിടയിൽ പുതിയ കോഴ്‌സുകള്‍ ആരംഭിച്ചും പുതിയ ഫാക്കൽട്ടികള്‍ സ്ഥാപിച്ചും കല്‌ക്കത്ത സർവകലാശാലയെ ഇന്ത്യയിലെ ഏറ്റവും പ്രശസ്‌തവിദ്യാകേന്ദ്രമാക്കി വാർത്തെടുക്കുന്നതിൽ ആശുതോഷ്‌ പ്രധാനമായ ഒരു പങ്ക്‌ വഹിച്ചിട്ടുണ്ട്‌. 1917-ൽ അവിടെ പരിഷ്‌കാരങ്ങള്‍ ഏർപ്പെടുത്താന്‍ നിയമിതമായ യൂണിവേഴ്‌സിറ്റി കമ്മീഷനി(Sadler Commission)ലെ ശക്തികേന്ദ്രം ആശുതോഷായിരുന്നു. 1921-ൽ ഇദ്ദേഹത്തെ രണ്ടാംപ്രാവശ്യം വൈസ്‌ചാന്‍സലറാക്കി. 1923-ൽ ആ പദവിയിൽനിന്നും പിരിഞ്ഞു.

ബിരുദാനന്തര പാഠ്യപദ്ധതിയിൽ ഇന്ത്യന്‍ ഭാഷകളെ ആദ്യമായി ഉള്‍പ്പെടുത്തിയത്‌ ഇദ്ദേഹമാണ്‌. ബംഗാള്‍ നിയമസഭ, ഇമ്പീരിയൽ ലെജിസ്ലേറ്റിവ്‌ കൗണ്‍സിൽ എന്നിവയിൽ അംഗമായും (1899-1903) ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. കല്‌ക്കത്ത സർവകലാശാലയിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ സജീവപ്രവർത്തകനായി മുപ്പത്തഞ്ചുവർഷക്കാലം അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. കല്‌ക്കത്ത ഹൈക്കോടതിയിലെ ജഡ്‌ജിയായും 21 വർഷക്കാലം (1903-24) ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. കല്‌ക്കത്തയിലെ ഏഷ്യാറ്റിക്ക്‌ സൊസൈറ്റി, ഇന്ത്യന്‍ മ്യൂസിയങ്ങളുടെ ബോർഡ്‌ ഒഫ്‌ ട്രസ്റ്റീസ്‌, കൗണ്‍സിൽ ഓഫ്‌ ദി ഇമ്പീരിയൽ (നാഷണൽ) ലൈബ്രറി, സംസ്‌കൃത അസോസിയേഷന്‍ എന്നിവയുടെ അധ്യക്ഷന്‍, ലണ്ടനിലെ റോയൽ ഏഷ്യാറ്റിക്ക്‌ സൊസൈറ്റി അംഗം, പാരിസിലെ മാത്തമാറ്റിക്കൽ സൊസൈറ്റി അംഗം തുടങ്ങി വിവിധനിലകളിൽ പ്രവർത്തിച്ചിരുന്ന ആശുതോഷിനെ പല ലോകസംഘടനകളും ബഹുമതി ബിരുദങ്ങള്‍ നല്‌കി ബഹുമാനിച്ചിട്ടുണ്ട്‌. 1924 മേയ്‌ 25-ന്‌ ആശുതോഷ്‌ മുക്കർജി അന്തരിച്ചു. ഇദ്ദേഹത്തിന്റെ വിധി പ്രസ്‌താവനകളും പ്രസംഗങ്ങളും അതീവശ്രദ്ധേയങ്ങളായിരുന്നു. ജ്യേമെട്രി ഒഫ്‌ കോണിക്‌സ്‌ (1892), ലോ ഒഫ്‌ പെർപെച്ചുറ്റീസ്‌ (1899), അരിത്ത്‌മെറ്റിക്‌ ഫോർ സ്‌കൂള്‍സ്‌ (1901) എന്നീ ഇംഗ്ലിഷ്‌ കൃതികളും ബംഗാളിയിൽ ജാതീയസാഹിത്യ (1932) എന്ന കൃതിയും ഇദ്ദേഹത്തിന്റെ സംഭാവനകളായുണ്ട്‌. ഗണിതശാസ്‌ത്രത്തിൽ ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ക്ക്‌ അന്താരാഷ്‌ട്രപ്രശ്‌സതിയും അംഗീകാരവും ലഭിച്ചിട്ടുണ്ട്‌. പില്‌ക്കാലത്ത്‌ ഹിന്ദുമഹാസഭ സ്ഥാപിച്ച്‌ ഇന്ത്യന്‍ രാഷ്‌ട്രീയവേദിയിൽ ഒരു നിർണായകശക്തിയായി പ്രത്യക്ഷപ്പെട്ട ഡോ. ശ്യാമപ്രസാദ്‌ മുക്കർജി ആശുതോഷ്‌ മുക്കർജിയുടെ പുത്രനാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍