This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആശാരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:04, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)


ആശാരി

വിശ്വകർമസമുദായത്തിൽപ്പെട്ട ഒരു വിഭാഗം. മരപ്പണിയാണ്‌ പാരമ്പര്യസിദ്ധമായ തൊഴിൽ. വിശ്വകർമ സമുദായക്കാരെ പൊതുവേ "കമ്മാളർ' എന്നു പറയാറുണ്ട്‌. ശില്‌പവിദ്യയിൽ പ്രത്യേകവൈദഗ്‌ധ്യം നേടിയിട്ടുള്ള ഇവരിൽ തട്ടാന്‍, കൊല്ലന്‍, ആശാരി, മൂശാരി, കല്ലാശാരി അഥവാ കൊത്തന്‍ (ചെമ്പോട്ടി) എന്നിങ്ങനെ പല വിഭാഗങ്ങളുണ്ട്‌. ഇവരെ ഐങ്കുടികമ്മാളന്മാർ എന്നാണ്‌ പുരാതനരേഖകളിൽ പരാമർശിച്ചിട്ടുള്ളത്‌. സംസ്‌കൃതത്തിലെ "കർമാര' എന്ന പദത്തിന്റെ തദ്‌ഭവമായി തെലുങ്കിലും തുളുവിലും കർണാടകത്തിലും പ്രചാരത്തിൽവന്ന "കമ്മാര' എന്ന പദവുമായി ബന്ധപ്പെട്ടതാണ്‌ തമിഴിലെയും മലയാളത്തിലെയും കമ്മാളർ എന്ന പദമെന്ന്‌ ഗുണ്ടർട്ട്‌ അഭിപ്രായപ്പെടുന്നു. വിശ്വകർമാവ്‌ എന്ന ദേവശില്‌പിയിൽനിന്നാണ്‌ തങ്ങള്‍ ഉണ്ടായതെന്ന്‌ കമ്മാളർ വിശ്വസിക്കുന്നു. ഈ ദേവന്‌ മനു, മയന്‍, ത്വഷ്‌ടാവ്‌, ശില്‌പി, വിശ്വജ്ഞന്‍ എന്നിങ്ങനെ അഞ്ചുമക്കളുണ്ടായിരുന്നു. ഓരോരുത്തരും യഥാക്രമം ഇരുമ്പുപണി, മരപ്പണി, ചെമ്പുപണി, കല്‌പണി, സ്വർണപ്പണി എന്നിവ ചെയ്‌തിരുന്നു. ഇവരുടെ സന്തതിപരമ്പരകളാണ്‌ കമ്മാളന്മാർ (വിശ്വകർമജർ) എന്നാണ്‌ ഐതിഹ്യം. കമ്മാളന്മാർ വിശ്വബ്രാഹ്മണർ എന്ന പേര്‌ സ്വീകരിക്കാറുണ്ട്‌. ആചാരി (ആചാര്യ എന്നതിന്റെ തദ്‌ഭവം) എന്ന പേരിലും ചിലർ അറിയപ്പെടുന്നു.

ആശാരിമാരുടെ കുലത്തൊഴിൽ കെട്ടിടംപണി, ഗൃഹോപകരണനിർമാണം തുടങ്ങിയ മരപ്പണികളാണ്‌. മരപ്പണിക്കാരുടെ തലവനെ "കണക്കന്‍' എന്നു വിളിക്കുന്നു. വാസ്‌തുവിദ്യയുടെ സങ്കീർണമായ ഗണിതശാസ്‌ത്രത്തിൽ വിദഗ്‌ധന്മാരായതിനാലാവാം കണക്കന്‍ എന്ന പേരു കിട്ടിയത്‌. ചില സ്ഥലങ്ങളിൽ തലവനെ "മൂത്താശാരി' എന്നും വിളിക്കാറുണ്ട്‌. ചില ആശാരിമാർ പൂണൂൽ ധരിക്കുന്നു. ക്ഷേത്രനിർമാണത്തിൽ ഏർപ്പെടുമ്പോള്‍ ആശാരിമാർ പൂജ തുടങ്ങിയ ചില അനുഷ്‌ഠാനങ്ങള്‍ നടത്തുന്നു. "ഉളി കൈയിലുള്ളപ്പോള്‍ ആശാരിക്ക്‌ അയിത്തമില്ല' എന്നാണ്‌ സങ്കല്‌പം. ദാരുശില്‌പങ്ങള്‍ക്ക്‌ കേള്‍വികേട്ട ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങള്‍ ആശാരിമാരുടെ കരവിരുതിന്‌ തെളിവാണ്‌. ഭവനനിർമാണസമാപ്‌തിയിൽ വാസ്‌തുബലി നടത്തുന്നതും ആശാരിയാണ്‌. അന്ന്‌ മരാശാരിക്കും കല്ലാശാരിക്കും കൊല്ലനും പ്രത്യേകം സമ്മാനങ്ങള്‍ നല്‌കുന്നു.

ആചാരാനുഷ്‌ഠാനങ്ങളിൽ വിശ്വകർമസമുദായ വിഭാഗങ്ങള്‍ ഏറെക്കുറെ ഒന്നുപോലെയാണ്‌. പണ്ട്‌ ഇവരുടെയിടയിൽ ബഹുഭർത്തൃത്വം സാർവത്രികമായിരുന്നു. പെണ്‍കുട്ടികള്‍ ഋതുവാകുന്നതിനുമുമ്പ്‌ താലികെട്ടു കല്യാണം നടത്തിയിരുന്നു. താലികെട്ടിനുശേഷമാണ്‌ യഥാർഥ വിവാഹം. വിവാഹദിവസം വരന്റെ ആളുകള്‍ വധുവിന്റെ വീട്ടുകാർക്ക്‌ ആചാരപ്പണം നല്‌കണം. വിവാഹശേഷം വധുവിനെ വരന്റെ വീട്ടിലേക്കു കൊണ്ടുപോകും. ആദ്യഗർഭത്തിന്റെ ആറാംമാസം (എട്ടാം മാസവുമാകാം) സ്‌ത്രീയെ അച്ഛന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു. ഈ സമയത്ത്‌ "പുളികുടി' എന്ന ചടങ്ങ്‌ നടത്തപ്പെടുന്നു. പ്രസവാനന്തരം 13 ദിവസത്തെ വാലായ്‌മ ആചരിക്കുന്നു. 28-ാം ദിവസം കുട്ടിക്ക്‌ നാമകരണവും അറാംമാസത്തിൽ അന്നപ്രാശനവും നടത്തുന്നു. ഈ ആചാരങ്ങള്‍ക്ക്‌ ചില പ്രദേശങ്ങളിൽ അല്‌പാല്‌പം വ്യത്യാസങ്ങള്‍ കണ്ടെത്താം.

പഴയ ആചാരങ്ങളിൽ പലതും ഇന്ന്‌ നിലവിലില്ല. ബഹുഭർത്തൃത്വവും ശൈശവ വിവാഹവും താലികെട്ടു കല്യാണവും പതിവില്ല. പുനർവിവാഹം അനുവദനീയമാണ്‌. മൃതദേഹം ദഹിപ്പിക്കുകയോ കുഴിച്ചിടുകയോ ചെയ്യുന്നു. 10 ദിവസത്തെ പുല ആചരിക്കപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B6%E0%B4%BE%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍