This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാസിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:48, 25 മേയ് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

നാസിസം

Nazism

ഹിറ്റ്ലറുടെ നേതൃത്വത്തില്‍ ജര്‍മനിയില്‍ രൂപംകൊണ്ട നാസിപ്രസ്ഥാനത്തിന്റെ വംശീയപ്രത്യയശാസ്ത്രം. തീവ്രവലതുപക്ഷരാഷ്ട്രീയത്തെയും വംശീയതയിലധിഷ്ഠിതമായ ദേശീയവാദത്തെയും സമന്വയിപ്പിക്കുന്ന ഫാസിസ്റ്റുപ്രത്യയശാസ്ത്രമാണിത്. ലോകം ഭരിക്കാന്‍ യോഗ്യരായവരുടെ ഏകവംശം 'ജര്‍മന്‍ ആര്യവംശ'മാണെന്നും യഹൂദരും കമ്യൂണിസ്റ്റുകാരുമുള്‍പ്പെടെ മറ്റെല്ലാ ജനവിഭാഗങ്ങളും ആശയങ്ങളും ആര്യവംശപുരോഗതിയുടെ 'ശത്രു'ക്കളാണെന്നും നാസിസം സിദ്ധാന്തിച്ചു. ജര്‍മന്‍ ആര്യവംശത്തിന്റെ പുരോഗതിക്കും വംശശുദ്ധിക്കും വേണ്ടി ശത്രുവംശജനവിഭാഗങ്ങളുടെ ഉന്മൂലനത്തെ ദേശീയനയമായി പരസ്യമായി പ്രഖ്യാപിച്ച നാസിസം, വലതുപക്ഷ രാഷ്ട്രീയത്തെയും ഫാസിസത്തെയും കുറിച്ച് നിലനില്‍ക്കുന്ന സാമൂഹ്യശാസ്ത്ര നിര്‍വചനങ്ങള്‍ക്ക് വഴങ്ങുന്ന ഒരു പ്രതിഭാസമല്ല. നന്മ-തിന്മകളെക്കുറിച്ചുള്ള സാമാന്യമനുഷ്യധാരണകളെ അതിശയിച്ചു നില്ക്കുന്ന നാസിസത്തെ തിന്മയെയും കുറ്റകൃത്യത്തെയും കുറിച്ച് മനുഷ്യസാധ്യമായ സങ്കല്പങ്ങളുടെ പരിധിയില്‍പ്പെടുത്താനാവില്ലെന്നാണ് രാഷ്ട്രീയചിന്തകയായ ഹന്ന അരന്റ് നിരീക്ഷിച്ചിട്ടുള്ളത്. കുറ്റകൃത്യങ്ങളെയും ശിക്ഷാവിധികളെയും കുറിച്ചുള്ള നിയമശാസ്ത്രനിര്‍വചനങ്ങളുടെ പരിമിതിയിലേക്കാണ് നാസി കുറ്റകൃത്യങ്ങള്‍ വിരല്‍ചൂണ്ടുന്നതെന്ന് വിഖ്യാതചിന്തകനായ കാള്‍ യാസ്പേഴ്സ് അഭിപ്രായപ്പെട്ടിട്ടുണ്ട്. മനുഷ്യരാശിക്കെതിരെ ചെയ്ത കൊടുംപാതകങ്ങളെക്കുറിച്ച് അപഗ്രഥിച്ചാല്‍, നാസിസത്തെ ചരിത്രത്തില്‍ സമാനതകളില്ലാത്തതും യുക്തിസഹമായ വിശദീകരണങ്ങള്‍കൊണ്ടു പൂര്‍ണമായി പ്രകാശിപ്പിക്കാനാവാത്തതുമായ 'തിന്മ'യെന്നു മാത്രമേ നിര്‍വചിക്കാനാവൂ.

Image:nasi 6.png

[ന്യൂറംബര്‍ഗില്‍ ഹിറ്റലര്‍ നയിച്ച റാലി]

ചരിത്രം (1914-18). നീണ്ടുനിന്ന യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും ജര്‍മനിയെ തകര്‍ച്ചയുടെ വക്കിലെത്തിച്ചു. അതു ജനങ്ങളില്‍ വ്യാപകമായ അസംതൃപ്തി വളര്‍ത്തി. നാസി പ്രസ്ഥാനം ജര്‍മനിയിലെ ബവേറിയ പ്രവിശ്യയിലാണ് തുടക്കം കുറിച്ചത്. ജര്‍മനിയില്‍ ഏറ്റവും പിന്നോക്കമായ പ്രദേശമായിരുന്നു ബവേറിയ. ഹിറ്റ്ലറുടെ ജൂതവിരോധവും ധാര്‍മികരോഷപ്രകടനവും ബവേറിയക്കാരുടെ 'പിന്നാക്കഭാവുകത്വ'ത്തെ ആകര്‍ഷിച്ചു. ഒന്നാം ലോകയുദ്ധത്തിലെ പരാജയം ജര്‍മനിയെ വേട്ടയാടിയ കാലഘട്ടമായിരുന്നു അത്. ജര്‍മനിയുടെ തോല്‍വി യുദ്ധഭൂമിയിലെ അന്തസ്സായ തോല്‍വിയല്ല. ശത്രുക്കള്‍ പരാജയപ്പെടുത്തുകയായിരുന്നില്ല മറിച്ച്, അകത്തുതന്നെയുള്ള ശത്രുക്കള്‍ ജര്‍മനിയെ പിന്നില്‍നിന്നു കുത്തിവീഴ്ത്തുകയായിരുന്നു. ജര്‍മനിയെ തോല്പിച്ചത് മാര്‍ക്സിസ്റ്റുകള്‍ ആയിരുന്നു: ഇതൊക്കെയായിരുന്നു നാസികളുടെ വാദങ്ങള്‍. ഒന്നാംലോകയുദ്ധത്തെത്തുടര്‍ന്ന് രൂപംകൊണ്ട വെയ്മര്‍ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന എല്ലാവരെയും നാസികള്‍ 'മാര്‍ക്സിസ്റ്റുകള്‍' എന്നാണ് വിശേഷിപ്പിച്ചത്.

Image:nasi.png

1919 ജനുവരിയില്‍ പുതിയ 'വെയ്മര്‍ ഭരണഘടന'യനുസരിച്ചുള്ള ആദ്യ തെരഞ്ഞെടുപ്പ് നടന്നു. ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 11.5 ലക്ഷം വോട്ടുകള്‍ ലഭിച്ചു. 18 മാസങ്ങള്‍ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇത് പകുതിയായി കുറഞ്ഞു. 'ദേശീയവാദികള്‍' എന്നു സ്വയം വിശേഷിപ്പിച്ച മുതലാളി വിഭാഗങ്ങള്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ എതിര്‍ത്തു. തൊഴിലാളികളുടെയും ഇടതുപക്ഷത്തിന്റെയും രാഷ്ട്രീയ മുന്നേറ്റത്തില്‍ ഭയന്ന സൈന്യത്തിലെ ഒരു വിഭാഗം 'ഫ്രീ കോര്‍പ്സ്' (Free Crops) എന്ന പേരില്‍ സംഘടിക്കുകയും ദേശീയവാദികളെ പിന്തുണയ്ക്കുകയും ചെയ്തു. ജനകീയാടിത്തറയുള്ള പാര്‍ട്ടികള്‍ ജര്‍മന്‍ റിപ്പബ്ലിക്കിന്റെ ഭാഗത്തായിരുന്നു - 1930 വരെയും. വെയ്മര്‍ റിപ്പബ്ലിക്കിന് സോഷ്യല്‍ ഡെമോക്രാറ്റുകളുടെയും മറ്റു ബൂര്‍ഷ്വാ പാര്‍ട്ടികളുടെയും പിന്തുണ ലഭിച്ചു. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, കാത്തലിക് സെന്റര്‍ പാര്‍ട്ടി, ജര്‍മന്‍ പീപ്പിള്‍സ് പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികള്‍ ഗവണ്‍മെന്റിനെ പിന്തുണച്ചു.

1920-ല്‍ മ്യൂണിക്ക് ആസ്ഥാനമാക്കി 'ദ് ജര്‍മന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി' സ്ഥാപിതമാവുകയും ജനാധിപത്യ പരിഷ്കാരങ്ങളെ എതിര്‍ക്കുകയും ചെയ്തു. സൈനികനായിരുന്ന അഡോള്‍ഫ് ഹിറ്റ്ലര്‍ ഈ പാര്‍ട്ടിയില്‍ ചേര്‍ന്നു. തുടര്‍ന്ന് അദ്ദേഹം സംഘടനയെ 'നാഷണല്‍ സോഷ്യലിസ്റ്റ് ജര്‍മന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി' എന്ന് പുനര്‍നാമകരണം ചെയ്തു. 'സോഷ്യലിസം', 'തൊഴിലാളികള്‍' എന്നീ പദങ്ങള്‍ പേരിലുണ്ടായിരുന്നെങ്കിലും സാമ്രാജ്യത്വ, വംശീയ പ്രത്യയ ശാസ്ത്രമായിരുന്നു ഈ പാര്‍ട്ടിയെ നയിച്ചത്.

സാമ്പത്തികത്തകര്‍ച്ചയെ തുടര്‍ന്ന് ജനങ്ങളിലുണ്ടായ അസംതൃപ്തിയെ ഫലപ്രദമായി ഉപയോഗിക്കാന്‍ ഹിറ്റ്ലറുടെ പ്രസ്ഥാനത്തിന് കഴിഞ്ഞു. ആദ്യകാലങ്ങളില്‍ അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ നിലപാട് സ്വീകരിച്ചത് തൊഴിലാളികളുടെയും ദരിദ്രരുടെയും പിന്തുണയുറപ്പിച്ചു. അക്കാലത്ത് ഫ്രഞ്ച്-ബ്രിട്ടീഷ്-അമേരിക്കന്‍ കമ്പനികള്‍ ജര്‍മനിയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുകയും, വന്‍ലാഭം കൊള്ളയടിക്കുകയും ചെയ്തിരുന്നു. ഇതിനെതിരായ പ്രചാരണങ്ങള്‍ ദേശീയവികാരം ഉണര്‍ത്തുന്നതിന് സഹായകമായിത്തീര്‍ന്നു. 'അധ്വാനിച്ചുണ്ടാക്കാത്ത ധനം' എന്ന മുദ്രാവാക്യത്തിലൂടെ, വിദേശ മൂലധന ശക്തികള്‍ സമ്പാദിക്കുന്ന മിച്ചമൂല്യം, കൊള്ളയടിക്കപ്പെടുന്ന ജര്‍മന്‍ സമ്പത്താണെന്ന് പ്രചരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. മറ്റൊരു മുദ്രാവാക്യം ജൂതവിരോധമായിരുന്നു. 'ജര്‍മന്‍ വംശത്തിന്റെ ശുദ്ധിയും ഐക്യവും' (Unit and Purity of German Race) എന്ന മുദ്രാവാക്യത്തിലൂടെ ജൂതവിദ്വേഷത്തെ ജര്‍മന്‍ ദേശീയവികാരമായി പരിവര്‍ത്തിപ്പിക്കുന്നതിലും അവര്‍ വിജയിച്ചു.

നാസി പാര്‍ട്ടിയുടെ ആദ്യകാലവളര്‍ച്ചയെ സഹായിച്ച പ്രധാനഘടകങ്ങള്‍ ഇവയാണ്: (1) സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണ (2) ഹിറ്റ്ലറുടെ വാക്ചാതുരി (3) തൊഴിലാളികളുടെയും താഴ്ന്ന ഇടത്തരക്കാരുടെയും പിന്തുണ. നാസിപ്രത്യയശാസ്ത്രത്തിലെ മുഖ്യഘടകം 'ജര്‍മന്‍ സോഷ്യലിസം' എന്ന മുദ്രാവാക്യമായിരുന്നു. 'ജര്‍മന്‍' എന്ന ആശയത്തിലൂടെ സമ്പദ്ഘടനയിലെ ഭരണകൂട ഇടപെടലിനു ബുര്‍ഷ്വാ വിഭാഗങ്ങളുടെയും 'സോഷ്യലിസം' എന്ന മുദ്രാവാക്യത്തിലൂടെ തൊഴിലാളികളുടെയും പിന്തുണ നേടി. ഇതിനിടയില്‍ നാസികള്‍ വെയ്മര്‍ റിപ്പബ്ളിക്കിന്റെ ഭരണഘടനയെ തള്ളിപ്പറയുകയും ചെയ്തിരുന്നു. 1923-ല്‍ അട്ടിമറിയിലൂടെ ബവേറിയയിലെ ഭരണം പിടിച്ചെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഹിറ്റ്ലര്‍ ഒന്‍പത് മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. ജയില്‍മോചിതനായ ശേഷം അയാള്‍ നാസിപാര്‍ട്ടിയെ നിയമവിധേയമായ പാര്‍ലമെന്ററി പാര്‍ട്ടിയായി പുനസ്സംഘടിപ്പിച്ചു. എങ്കിലും നാസിപാര്‍ട്ടി അതിന്റെ ജനാധിപത്യവിരുദ്ധ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നത് തുടരുകയും എസ്.എസ്. സ്റ്റോംട്രൂപ്പ്സ് (S.S.Stormtroops) എന്ന പേരില്‍ ഒരു 'സായുധ ഗുണ്ടാസംഘ'ത്തെ വളര്‍ത്തിയെടുക്കുകയും ചെയ്തു.

1929-30-ലെ ലോകസാമ്പത്തിക മാന്ദ്യം ജര്‍മന്‍ സമ്പദ്ഘടനയെ തകര്‍ച്ചയുടെ വക്കിലെത്തിച്ചു. തൊഴിലില്ലായ്മ രൂക്ഷമാവുകയും സാധാരണക്കാരുടെ ജീവിതനിലവാരം കുത്തനെ ഇടിയുകയും ചെയ്തു. 1930 സെപ്. 14-നു പുതിയ തെരഞ്ഞെടുപ്പില്‍ നടന്നു. ഈ തെരഞ്ഞെടുപ്പില്‍ നാസിപാര്‍ട്ടി ജര്‍മനിയിലെ പ്രമുഖരാഷ്ട്രീയ കക്ഷിയായി മാറി. 1928-ലെ തെരഞ്ഞെടുപ്പിനു ലഭിച്ചതിന്റെ എട്ടിരട്ടി വോട്ട് അവര്‍ക്ക് ലഭിച്ചു. ലോകസാമ്പത്തിക മാന്ദ്യം ജര്‍മനിയുടെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ മേഖലകളിലുണ്ടാക്കിയ അഗാധപ്രതിസന്ധികളുടെ ഉത്പന്നമായിരുന്നു നാസിസത്തിനുണ്ടായ അഭൂതപൂര്‍വമായ ജനപ്രീതി. ജനങ്ങള്‍ക്കിടയിലെ അതൃപ്തിയും അരക്ഷിതത്വവും നിരാശയും ചൂഷണം ചെയ്യുന്നതില്‍ നാസികള്‍ വിജയിച്ചു. അരക്ഷിതാവസ്ഥയുടെ ഇരുളില്‍ തപ്പിയ ജര്‍മന്‍കാര്‍ക്ക് നാസികളുടെ പരിഹാരനിര്‍ദേശങ്ങള്‍ വലിയ പ്രത്യാശയാണ് നല്കിയത്. ജര്‍മന്‍ ജനതയുടെ 'ന്യൂറോസിസ്സി'ന്റെ രാഷ്ട്രീയ പ്രകാശനമായിരുന്നു നാസിസത്തിന്റെ മുന്നേറ്റം. ഭാവി ശോഭനമാകണമെങ്കില്‍ ഭൂതകാലത്തില്‍നിന്ന് വിച്ഛേദിച്ചുമാറണമെന്നും തികച്ചും പുതിയ സമീപനങ്ങള്‍ ആവശ്യമാണെന്നും നാസിസം വാദിച്ചു.

ആശയപരവും സംഘടനാപരവുമായി നാസിസം ഒട്ടുംതന്നെ സുസംഘടിതമായിരുന്നില്ല. പല ചിന്താഗതിക്കാരും, വിഭിന്ന പ്രവണതകളും ആധിപത്യം പുലര്‍ത്തുകയും തികച്ചും ശിഥിലമായ ഘടനയുണ്ടാവുകയും ചെയ്തതിനാല്‍, 'ശക്തനും അപ്രമാദിയുമായ ഒരു നേതാവ്' എന്ന സങ്കല്പത്തിനു പ്രാമുഖ്യം ലഭിച്ചു. ഈ നേതൃപൂജ ജനകീയമാവുകയും ക്രമേണ ഹിറ്റ്ലര്‍ക്ക് അപ്രമാദിയും അതിമാനുഷനുമായ നേതാവിന്റെ അദ്ഭുതപരിവേഷം നല്കപ്പെടുകയും ചെയ്തു. 1932 ജൂലായിലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ഇവര്‍, ജനങ്ങളെ ആകര്‍ഷിക്കാന്‍ നല്കിയ വാഗ്ദാനങ്ങള്‍ ഇവയാണ്: 1. ഒരു വര്‍ഷത്തിനുള്ളില്‍ പാവങ്ങള്‍ക്ക് നാലു ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്കും. 2. ജര്‍മനിയുടെ കാര്‍ഷികവരുമാനം 12 ദശലക്ഷം മാര്‍ക്ക് (mark) വര്‍ധിപ്പിക്കും.

1931 ആഗസ്റ്റ് 9-നു പ്രഷ്യന്‍ ഗവണ്‍മെന്റില്‍ നിന്നു സോഷ്യല്‍ ഡെമോക്രാറ്റുകളെ പുറത്താക്കാന്‍ നടത്തിയ ജനഹിതപരിശോധനയില്‍ ജര്‍മന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി നാസി പാര്‍ട്ടിയെ പിന്തുണച്ചു. ഫാസിസവും സോഷ്യല്‍ റെവല്യൂഷനും (1934) എന്ന കൃതിയില്‍ നാസികളും സോഷ്യല്‍ ഡോമോക്രാറ്റുകളും ഒരേ തൂവല്‍ പക്ഷികളാണെന്നാണ് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് സൈദ്ധാന്തികനായ രജനി പാമിദത്ത് പറഞ്ഞത്. 1935-ല്‍ നാസി ഗവണ്‍മെന്റിന്റെ യുദ്ധഭീഷണിയെക്കുറിച്ച് സോവിയറ്റ് റഷ്യ മുന്നറിയിപ്പു നല്കിയപ്പോള്‍ മാത്രമാണ് ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി, 'ഫാസിസത്തി'നെതിരായ ഐക്യമുന്നണിയെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്.

1932 ജൂലായിലെ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഹിറ്റ്ലര്‍ ജര്‍മനിയുടെ ചാന്‍സലര്‍ ആയി നിയമിതനായി. 1933 മാര്‍ച്ച് 5-നു നടന്ന തെരഞ്ഞെടുപ്പില്‍ നാസികള്‍ക്ക് വന്‍ ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു. വെയ്മര്‍ റിപ്പബ്ലിക്കിന്റെ ഭരണഘടന റദ്ദാക്കുകയും മൂന്നാം റൈഷ് (Third Reich) എന്ന പുതിയ സ്വേച്ഛാധിപത്യഭരണകൂടം സ്ഥാപിക്കുകയും ചെയ്തു.

മുന്‍കാലങ്ങളിലെ സ്വേച്ഛാധിപത്യങ്ങളും നാസി സ്വേച്ഛാധിത്യവും തമ്മിലുള്ള വ്യത്യാസം, ഭീകരതയെ ഒരു ഭരണരീതിതന്നെയാക്കി വികസിപ്പിക്കുകയും ജനങ്ങളെ ഒന്നടങ്കം അനുസരണയുള്ള ജനക്കൂട്ടമാക്കി നാസിസം മാറ്റുകയും ചെയ്തു എന്നതാണ്. ജര്‍മന്‍ രാഷ്ട്രത്തിന്റെയും ജനതയുടെയും തകര്‍ച്ചയ്ക്കു കാരണക്കാര്‍ ജൂതവംശജരാണെന്നും അതിനാല്‍ ജൂതരെ ജര്‍മനിയില്‍ നിന്നു തുരത്തുകയോ ഉന്മൂലനം ചെയ്യുകയോ മാത്രമാണ് ജര്‍മന്‍കാരുടെ മുമ്പിലുള്ള ഏക പോംവഴിയെന്നുമാണ് നാസിസം പ്രചരിപ്പിച്ചത്. നാസികളുടെ വേട്ടയ്ക്കു വിധേയരായ ജൂതരില്‍ വ്യക്തികളെന്ന നിലയ്ക്ക് ഒരു കുറ്റവും ആരോപിക്കാനാവുമായിരുന്നില്ലെങ്കിലും അവര്‍ ജൂതരാണ് എന്ന ഒറ്റക്കാരണം കൊണ്ടുമാത്രം പീഡിപ്പിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ആയിരുന്നു. ഇതാണ് നാസിഭീകരതയെ ചരിത്രത്തില്‍ സമാനതകളില്ലാത്തതാക്കുന്നത്.

ബോള്‍ഷെവിക് വിപ്ലവത്തെത്തുടര്‍ന്ന് സോവിയറ്റ് യൂണിയനില്‍ ഭരണകൂടഭീകരത പ്രയോഗിക്കപ്പെട്ടുവെങ്കിലും ഏതെങ്കിലും ഒരു പ്രത്യേക ജനവിഭാഗത്തിനെതിരായി അതിനെ സൈദ്ധാന്തികമായി ന്യായീകരിച്ചിരുന്നില്ല. ഭരണകൂടത്തിന്റെയും പാര്‍ട്ടിയുടെയും പ്രായോഗിക നയനിര്‍മിതിയുടെ ഭാഗമായിട്ടാണ് ഇത്തരം അടിച്ചമര്‍ത്തല്‍ ഉണ്ടായത്. എന്നാല്‍, ഭീകരതയും അടിച്ചമര്‍ത്തലും നാസി പ്രത്യയശാസ്ത്രത്തില്‍ സൈദ്ധാന്തികമായി ന്യായീകരിക്കപ്പെട്ടിരുന്നു. ജൂതരെയും ജിപ്സികളെയും കമ്യൂണിസ്റ്റുകളെയും ന്യൂനപക്ഷങ്ങളെയും അനാര്യവംശജരെയും തുടച്ചുനീക്കുകയെന്നത് തങ്ങളുടെ നയവും ആത്യന്തികലക്ഷ്യവുമാണെന്ന കാര്യം മറച്ചുവയ്ക്കാന്‍ നാസികള്‍ ശ്രമിച്ചില്ല. അത്രത്തോളം സുതാര്യവും നിയന്ത്രണാതീതവും കുറ്റബോധരഹിതവുമായ ഭീകരതയും ഹിംസയുമാണ് നാസികള്‍ പ്രയോഗിച്ചത്. ജര്‍മന്‍ ഭരണകൂടത്തെ ഭീകരതയുടെയും ഹിംസാത്മകതയുടെയും യാന്ത്രികസംവിധാനമാക്കി നാസികള്‍ മാറ്റി. നാസിസം ഭൂരിപക്ഷജനതയുടെ 'ജനാധിപത്യപര'മായ പിന്തുണയോടെ രൂപംകൊള്ളുകയും ഭൂരിപക്ഷഹിതത്തിന്റെ പ്രകാശനമാക്കി തങ്ങളുടെ പ്രത്യയശാസ്ത്രസമീപനങ്ങളെ മാറ്റുകയും ചെയ്തു.

ആത്മബോധശൂന്യരായ ആള്‍ക്കൂട്ടത്തിന്റെ കുറ്റകരമായ മനഃശാസ്ത്രവും നാസിസവും തമ്മില്‍ ഗാഢമായ ബന്ധമുണ്ട്. മാസ് സൈക്കോളജി ഒഫ് ഫാസിസം എന്ന കൃതിയില്‍ നാസിസത്തിന്റെ വളര്‍ച്ചയില്‍ ബഹുജന മനഃശാസ്ത്രം വഹിച്ച പങ്കിനെക്കുറിച്ച് വില്‍ഹെം റീഹ് ഇക്കാര്യം വിശദമായി ചര്‍ച്ചചെയ്തിട്ടുണ്ട്. ഫാസിസ്റ്റു പ്രസ്ഥാനങ്ങള്‍, മറ്റു രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നു വ്യത്യസ്തമായി വമ്പിച്ച ജനപ്രിയതയെയും, വ്യക്തിപ്രഭാവമുള്ള നേതാവിനെയുമാണ് ആധാരമാക്കുന്നത്. ഒന്നാംലോകയുദ്ധാനന്തര യൂറോപ്പില്‍ ജനാധിപത്യവിരുദ്ധവും സമഗ്രാധിപത്യപരവുമായ മനോഭാവത്തിന് വ്യാപകമായ പ്രചാരം ലഭിച്ചിരുന്നു. ചെറുതും വലുതുമായ ഫാസിസ്റ്റു പ്രസ്ഥാനങ്ങള്‍ ഇറ്റലിയിലും മറ്റു പൂര്‍വയൂറോപ്യന്‍ രാജ്യങ്ങളിലും രൂപംകൊണ്ടിരുന്നു. എങ്കിലും, 'സമഗ്രാധിപത്യഭരണകൂടം' എന്ന സംജ്ഞയില്‍ ആകൃഷ്ടനായിരുന്ന മുസ്സോളിനിക്കു ഹിറ്റ്ലറെപ്പോലെ ലക്ഷണമൊത്ത ഫാസിസ്റ്റു ഭരണകൂടം സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല.

നാസിപ്രസ്ഥാനത്തിന്റെ ജനകീയാടിത്തറയുടെ ഏറ്റവും വലിയ സവിശേഷത, രാഷ്ട്രീയത്തോടും ജനാധിപത്യമൂല്യങ്ങളോടും വിമുഖത പ്രകടിപ്പിച്ചിരുന്ന വിഭാഗങ്ങളെ വന്‍തോതില്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ്. ജനാധിപത്യരാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന അംഗങ്ങളെ ഉപയോഗിച്ചുകൊണ്ട് തികച്ചും അക്രമാസക്തമായ സംഘടനാ പ്രവര്‍ത്തനശൈലി ആവിഷ്കരിക്കുവാനും ഭിന്നാഭിപ്രായങ്ങളെ അസഹിഷ്ണുതയോടെ നേരിടുവാനും രാഷ്ട്രീയ എതിരാളികളെ ശാരീരികമായി ഇല്ലാതാക്കുവാനും നാസികള്‍ക്കു കഴിഞ്ഞു. സമൂഹത്തിലെ വരേണ്യവിഭാഗങ്ങളും ജനക്കൂട്ടവും തമ്മിലുള്ള സവിശേഷമായ ഐക്യമാണ് മിക്ക ഫാസിസ്റ്റു പ്രസ്ഥാനങ്ങളുടെയും അടിത്തറ. ഫാസിസ്റ്റു പ്രസ്ഥാനങ്ങള്‍ അവയുടെ സ്വേച്ഛാധിപത്യഭീകരതാ പ്രവണതകള്‍ മറച്ചുവയ്ക്കുന്നത് സോഷ്യലിസ്റ്റു-വംശീയതാ പ്രത്യയശാസ്ത്രത്തിലൂന്നിയ ദേശസ്നേഹമുദ്രാവാക്യത്തിലൂടെയാണ്.

വംശീയതാസിദ്ധാന്തം. 'വംശം', 'വംശീയശുദ്ധി' തുടങ്ങിയ ആശയങ്ങള്‍ നാസിസത്തിന്റെ അടിത്തറയാണ്. വെളുത്ത വംശജരില്‍ത്തന്നെ, ആര്യവംശജര്‍ ഏറ്റവും ഉത്കൃഷ്ടരാണെന്നും ജര്‍മനിയിലെ ആര്യവംശജര്‍ തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന ചരിത്രനിയോഗം പൂര്‍ത്തിയാക്കണമെങ്കില്‍ ഹീനവംശജരുമായുള്ള സമ്പര്‍ക്കംകൊണ്ടുണ്ടായ 'അശുദ്ധി' ഇല്ലാതാക്കുകയും 'അനാര്യ' ആശയങ്ങളുടെയും മൂല്യങ്ങളുടെയും സ്വാധീനം പൂര്‍ണമായി ഇല്ലാതാക്കുകയും വേണമെന്നും നാസികള്‍ വാദിച്ചു. ജര്‍മന്‍ ആര്യവംശമഹിമ നേരിടുന്ന ഒന്നാംനമ്പര്‍ ശത്രു ജൂതരാണെന്ന സിദ്ധാന്തം നാസികള്‍ പ്രചരിപ്പിച്ചു. നാസി പ്രചരണ-പ്രവചനതന്ത്രത്തിലെ ഏറ്റവും പ്രധാന ആശയം 'ആഗോളജൂതഗൂഢാലോചനയെ'ക്കുറിച്ചായിരുന്നു. ജൂതവംശഹത്യയെ, നാസികള്‍ തങ്ങളില്‍ അര്‍പ്പിതമായിരിക്കുന്ന ലോകരക്ഷാ ദൌത്യമായിട്ടാണ് അവതരിപ്പിച്ചത്. 1933-ല്‍ അധികാരത്തില്‍ വന്നപ്പോള്‍ ജര്‍മനിയില്‍നിന്ന് ജൂതരെ കൂട്ടത്തോടെ പുറത്താക്കുകയാണ് അടിയന്തിര ദൗത്യമെന്ന് ഹിറ്റ്ലര്‍ പ്രഖ്യാപിച്ചു. ജര്‍മന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരോട്ടമുള്ള 'സെമിറ്റിക്-വിരുദ്ധത'യെ 'ജൂത-വിരുദ്ധത'യാക്കി മാറ്റിയെടുക്കാന്‍ നാസികള്‍ക്കു കഴിഞ്ഞു.

1935-ല്‍ നടപ്പാക്കിയ ന്യൂറം ബര്‍ഗ് നിയമമനുസരിച്ച് ജൂതര്‍ക്ക് നിയമപരമായ അവകാശാധികാരങ്ങള്‍ ഇല്ലാതാക്കുകയും ക്രമേണ പൂര്‍ണപൌരത്വം തന്നെ നിഷേധിക്കുകയും ചെയ്തു. ജൂതരുടെ സ്വത്ത് കണ്ടുകെട്ടുകയും തൊഴില്‍ നിഷേധിക്കുകയും ചെയ്യുന്ന നിയമങ്ങളും പാസാക്കി. അങ്ങനെ ലക്ഷക്കണക്കിന് ജൂതരെ ജര്‍മനിയില്‍നിന്നു പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കി. എന്നാല്‍ പല അയല്‍രാജ്യങ്ങളും ജൂത അഭയാര്‍ഥികള്‍ക്കുമുമ്പില്‍ തങ്ങളുടെ അതിര്‍ത്തികള്‍ കൊട്ടിയടച്ചു. 1938-ല്‍ ജര്‍മനിയില്‍ ജൂതദേവാലയങ്ങള്‍ കത്തിക്കുകയും വ്യാപാരസ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. 30,000 ജൂതരെ അറസ്റ്റു ചെയ്ത് തടങ്കല്‍പ്പാളയങ്ങളിലടച്ചു. രണ്ടാംലോകയുദ്ധനാളുകളില്‍ ജര്‍മനിയിലെ എല്ലാ ജൂതരും ജൂതനക്ഷത്രം എന്നപേരില്‍ ഒരു ബാഡ്ജ് ധരിക്കണമെന്ന നിയമം കൊണ്ടുവന്നു. ആക്രമിച്ചു കീഴടക്കിയ പോളണ്ട്, ചെക്കോസ്ളോവാക്യ, ഓസ്ട്രിയ, ബൊഹീമിയ, മൊറാവമിയ, സ്ലോവാക്കിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം നാസികള്‍ ജൂതവിരുദ്ധവേട്ടകള്‍ നടത്തി. പോളണ്ടിലെ 3.3 ദശലക്ഷം ജൂതരില്‍ 2 ദശലക്ഷവും, ജര്‍മന്‍ അധിനിവേശിത പ്രദേശങ്ങളില്‍ നിയമപരമായിത്തന്നെ ബന്ദികളാക്കപ്പെട്ടു. അവിടെ ജൂതരെ പ്രത്യേകം സജ്ജമാക്കിയ 'ഗെറ്റോ'കളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. നാസിസൈന്യത്തോടൊപ്പം സഞ്ചരിച്ച 'എസ്സ് എസ്സ്' യൂണിറ്റുകളുടെ സഹായത്തോടെ പോളണ്ടിലാകമാനം ജൂതരെ അന്തിമമായി തുടച്ചുനീക്കുന്നതിനു മുന്നോടിയായി അവരെ തടങ്കല്‍പാളയങ്ങളിലാക്കുകയും പട്ടിണിക്കിടുകയും നിര്‍ബന്ധിതമായി ജോലിയെടുപ്പിക്കുകയും ചെയ്തു.

അപമാനവീകരണം. ജൂതരെ കൊന്നൊടുക്കുന്നതിനുമുമ്പ് അവരുടെ 'മനുഷ്യത്വം'തന്നെ നിഷേധിക്കുന്ന അനവധി ഘട്ടങ്ങള്‍ക്കു വിധേയമാക്കുകയുണ്ടായി. ആദ്യം അവരെ പൌരസമൂഹത്തില്‍നിന്നു ബഹിഷ്കരിക്കുന്ന നടപടിയായിരുന്നു. പൊതുസ്ഥലങ്ങളില്‍ ജൂതരെ വേട്ടയാടുക, ജൂതരുടെ വ്യാപാരസ്ഥാപനങ്ങള്‍ക്കു മുമ്പില്‍ 'ഇവരെ ബഹിഷ്കരിക്കുക', 'ജര്‍മന്‍കാര്‍ ജാഗ്രത പാലിക്കുക' തുടങ്ങിയ പരസ്യബോര്‍ഡുകളുമായി നാസികള്‍ ഉപരോധമേര്‍പ്പെടുത്തി, ജര്‍മന്‍ പൗരത്വത്തില്‍ നിന്നും നീക്കം ചെയ്യുക, പൊതുതാമസസ്ഥലങ്ങളില്‍ നിന്നു ആട്ടിയോടിക്കുക, ജൂതദേവാലയങ്ങള്‍ നശിപ്പിക്കുക തുടങ്ങിയ നടപടികളിലൂടെ ജൂതജനവിഭാഗങ്ങളില്‍ ഭയവും നിരാശയും ജനിപ്പിക്കുകയെന്നതായിരുന്നു ഹോളോകോസ്റ്റിന്റെ ആദ്യഘട്ടങ്ങള്‍. അടുത്ത ഘട്ടത്തില്‍ രാജ്യമെമ്പാടുനിന്നും ജൂതരെ സ്ത്രീ-പുരുഷഭേദമെന്യേ, വൃദ്ധരെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ പിടികൂടുകയും കൂട്ടത്തോടെ ഗെറ്റോകളിലും തടങ്കല്‍പ്പാളയങ്ങളിലും എത്തിക്കുകയുമാണ് ചെയ്തത്. സ്വന്തം താമസസ്ഥലങ്ങളില്‍ നിന്നു പിടികൂടുന്ന ജൂതരെ പ്രത്യേകം സജ്ജമാക്കിയ തടങ്കല്‍പ്പാളയങ്ങളിലെത്തിക്കാന്‍ പ്രത്യേക ചരക്കുതീവണ്ടികള്‍ ഏര്‍പ്പാടാക്കി. നേരിയ പ്രതിഷേധമെങ്കിലുമുയര്‍ത്തുന്നവരെ തത്ഷണം വധിക്കുകയായിരുന്നു പതിവ്. സ്വന്തം വസ്ത്രങ്ങള്‍ക്കുള്ളില്‍ കുഞ്ഞുങ്ങളെ ഒളിപ്പിച്ചു രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന അമ്മമാര്‍ക്ക് കടുത്ത ശിക്ഷനല്കിയിരുന്നു.

ക്യാമ്പുകളിലെ ജൂത അന്തേവാസികളെ പലതരം ജൈവപരീക്ഷണങ്ങള്‍ക്കു വിധേയമാക്കിയിരുന്നു. നാസി ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും ജൂതരെ ഇത്തരം പൈശാചികപരീക്ഷണങ്ങള്‍ക്കു വിധേയമാക്കുന്നതിനു നേതൃത്വം നല്കി. അംഗഭംഗം വരുത്തുക, നിറം മാറ്റുന്നതിനുള്ള മരുന്നുകള്‍ കുത്തിവയ്ക്കുക, അനസ്തേഷ്യ നല്‍കാതെ ശരീരഭാഗങ്ങള്‍ കീറിമുറിക്കുക, മരുന്നുകമ്പനികള്‍ വികസിപ്പിക്കുന്ന മരുന്നുകളുടെ പരീക്ഷണത്തിനുപയോഗിക്കുക എന്നിവയായിരുന്നു ഇവര്‍ നടപ്പാക്കിയത്.

ക്യാമ്പുകളില്‍ ആണ്‍പെണ്‍ഭേദമില്ലാതെ നഗ്നരാക്കിയാണ് താമസിപ്പിച്ചിരുന്നത്. നിരന്തരമായ പീഡനത്തിലൂടെ ജൂതരില്‍ തങ്ങള്‍ മനുഷ്യരാണെന്ന ആത്മബോധം തന്നെ ചോര്‍ത്തിക്കളയുന്ന രീതിയാണ് അവലംബിച്ചത്. കൊല്ലപ്പെടുന്നതിനുമുമ്പുതന്നെ ജൂതര്‍ ഏതാണ്ട് മൃതപ്രായരോ ജീവിതത്തില്‍ വിശ്വാസമില്ലാത്തവരോ ആയി മാറുന്നു. അതിജീവിച്ച ഹോളോകോസ്റ്റ് ഇരകള്‍ ജീവിതത്തെത്തന്നെ ഭയക്കുന്നതായാണ് കണ്ടത്.

നാസി കൊലക്കളങ്ങള്‍. 1941-ല്‍ പോളണ്ടില്‍ 'ഗ്യാസ് ചേംബറുകള്‍' നിര്‍മിക്കാന്‍ തീരുമാനിച്ചു. കാരണം, അതുവരെ ജൂതഹത്യയ്ക്കുപയോഗിച്ചിരുന്ന കൂട്ടവെടിവയ്പ്, പട്ടിണി, നിര്‍ബന്ധിത വേല തുടങ്ങിയ മാര്‍ഗങ്ങള്‍ വേണ്ടത്ര 'കാര്യക്ഷമ'മല്ലെന്ന് നാസികള്‍ ചിന്തിക്കാന്‍ തുടങ്ങി. കൂടുതല്‍ 'കാര്യക്ഷമവും മികവുറ്റ'തുമായ ജൂതഹത്യാ മാര്‍ഗങ്ങളെക്കുറിച്ചുള്ള നാസിഗവേഷണത്തിന്റെ ഫലമാണ് ഗ്യാസ് ചേംബറുകള്‍. പോളണ്ടിലെ ഓഷ്വിറ്റ്സ്, ബെല്‍സക്ക്, ഷെല്‍മ്നോ, ലൂബ്ളിന്‍ മാസ്ദാ നെക്ക്, സോബിബോള്‍, ട്രെബ്ളിന്‍കാ എന്നീ ആറുകേന്ദ്രങ്ങളില്‍ കൂട്ടക്കൊലയ്ക്കുള്ള ഗ്യാസ് ചേംബറുകള്‍ നിര്‍മിച്ചു. ഓഷ്വിറ്റ്സിലെ ഗ്യാസ്ചേംബറില്‍ ഹൈഡ്രജന്‍ സയനൈഡും മറ്റ് അഞ്ചുകേന്ദ്രങ്ങളില്‍ കാര്‍ബണ്‍മോണോക്സൈഡുമാണുപയോഗിച്ചത് 1941 സെപ്റ്റംബറില്‍ ജര്‍മനിയില്‍നിന്നും ഓസ്ട്രിയയില്‍ നിന്നും ജൂതരെ ഈ ക്യാമ്പുകളിലെത്തിച്ചു. 1942-ല്‍ നാസി കൊലക്കളങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. നാസി അധിനിവേശിത മേഖലകളില്‍നിന്നെല്ലാം വേട്ടയാടിപ്പിടിക്കുന്ന ജൂതരെ കൊലക്കളങ്ങളിലെത്തിക്കുന്നതിനുവേണ്ടി പ്രത്യേക ട്രെയിന്‍സര്‍വീസ് ഏര്‍പ്പെടുത്തി. 1942 മുതല്‍ 1945 വരെ നീണ്ടുനിന്ന കൂട്ടവേട്ടയാടലില്‍ ഏതാണ്ട് മൂന്ന് ദശലക്ഷം ജൂതരെ ഈ ഗ്യാസ്ചേംബറുകളില്‍ അടച്ചു. ഗ്യാസ് ചേംബറുകളിലെ ജൂതത്തടവുകാരെ ഒന്നൊന്നായി കൊല്ലുന്നതിനു പകരം വിഷവാതകം തുറന്നുവിട്ടുകൊണ്ട് കൂട്ടത്തോടെ ശ്വാസംമുട്ടിച്ചു കൊല്ലുകയെന്ന രീതിയാണവലംബിച്ചത്.

ഓഷ് വിറ്റ്സ്. നാസി ഭീകരതയെ സൂചിപ്പിക്കാനുള്ള ഒരു രൂപകം എന്ന നിലയ്ക്കാണ് ഇന്ന് 'ഓഷ്വിറ്റ്സ്' എന്ന വാക്കുപയോഗിക്കപ്പെടുന്നത്. പോളണ്ടിലെ ഏറ്റവും വലിയ ഗ്യാസ്ചേംബറായിരുന്ന ഓഷ്വിറ്റ്സിലേക്ക് എത്തിക്കുന്ന ജൂതരെ, നാസി ഡോക്ടര്‍മാര്‍ ആദ്യം വൈദ്യപരിശോധന നടത്തുമായിരുന്നു. അതിനു ശേഷം ഉടന്‍തന്നെ ശ്വാസംമുട്ടിച്ചുകൊല്ലേണ്ടവര്‍ എത്ര, നിര്‍ബന്ധിത ജോലിയെടുപ്പിക്കേണ്ടവര്‍ എത്ര എന്നു തരംതിരിക്കുകയായിരുന്നു പതിവ്. വൃദ്ധരായ സ്ത്രീ-പുരുഷന്മാരെയും കുട്ടികളെയും ഉടനെ ശ്വാസംമുട്ടിച്ചുകൊല്ലുകയായിരുന്നു. ആരോഗ്യമുള്ളവരെ ക്യാമ്പുകളിലും ഫാക്ടറികളിലും അടിമപ്പണി ചെയ്യിച്ചിരുന്നു. അധ്വാനവും പട്ടിണിയും മൂലം ഗണ്യമായ ഒരു വിഭാഗം മരണത്തിനു കീഴടങ്ങി. ശേഷിക്കുന്നവരെ ആരോഗ്യം നശിച്ചുകഴിയുമ്പോള്‍ കൊന്നൊടുക്കി. ഓഷ് വിറ്റ്സ്, ചരിത്രത്തില്‍ സമാനതകളില്ലാത്തവിധം നൃശംസനീയതയുടെ പ്രതീകമായി മാറുകയാണുണ്ടായത്. മനുഷ്യരിലെ എല്ലാ സര്‍ഗാത്മകതയെയും വറ്റിക്കുന്നതും എല്ലാ പ്രത്യാശകളും ഇല്ലാതാക്കുന്നതുമായിരുന്ന 'ഓഷ്വിറ്റ്സ്' മനുഷ്യന്റെ ചിന്തയെയും ഭാവനയെയും നടുക്കുക മാത്രമല്ല മരവിപ്പിക്കുക കൂടിയാണ് ചെയ്തിരുന്നത്. ഓഷ് വിറ്റ്സ് പോലൊരു ഭീകരസംഭവത്തിന്റെ പ്രത്യാഘാതത്തെ അതിജീവിക്കുവാന്‍ മനുഷ്യഭാവനയ്ക്കാവുമോ എന്ന ഉത്കണ്ഠയാണ് വിഖ്യാത ജര്‍മന്‍ ചിന്തകനായ അഡോണോയെക്കൊണ്ട് 'ഓഷ്വിറ്റ്സിനുശേഷം കവിതയോ' എന്ന ചോദ്യം ചോദിപ്പിച്ചത്. എന്നാല്‍ പോള്‍ സെല്ലാന്‍ നല്കിയ മറുപടി അശുഭകാലങ്ങളില്‍ അശുഭകാലത്തെക്കുറിച്ചുള്ള കവിതയുണ്ടാകും എന്നായിരുന്നു.

ഹോളോകോസ്റ്റ്. 60 ലക്ഷത്തിലധികം യഹൂദരെ നാസിഭരണകൂടം ആസൂത്രിതമായി കൂട്ടക്കൊല ചെയ്ത സംഭവത്തെയാണ് 'ഹോളോകോസ്റ്റ്' എന്നതുകൊണ്ടു വിവക്ഷിക്കുന്നത്. കമ്യൂണിസ്റ്റുകാര്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, ജിപ്സികള്‍, വികലാംഗര്‍, യുദ്ധത്തടവുകാര്‍, യഹോവസാക്ഷികള്‍, ഇതര രാഷ്ട്രീയ-മത ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കെതിരെ നാസികള്‍ നടത്തിയ പീഡനങ്ങള്‍കൂടി ഹോളോകോസ്റ്റിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തണമെന്നുവാദിക്കുന്ന ചരിത്രപണ്ഡിതന്മാരുമുണ്ട്. സമകാലീന, ചരിത്രവിജ്ഞാനീയത്തില്‍, ഹോളോകോസ്റ്റ് പഠനങ്ങള്‍ ഒരു സവിശേഷ പഠനപദ്ധതിയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ക്രൂരത, തിന്മ തുടങ്ങിയ വാക്കുകള്‍കൊണ്ടു വിശേഷിപ്പിക്കാനാവാത്തതാണ് ഹോളോകോസ്റ്റിന്റെ വ്യാപ്തി. ഹോളോകോസ്റ്റിനെ അതിജീവിച്ചവരുടെ സാക്ഷിമൊഴികളാണ് ഹോളോകോസ്റ്റ് പഠനപദ്ധതിയുടെ പ്രധാന ഉപാദാനസാമഗ്രി. നാസി കുറ്റവാളികള്‍ക്ക് ഇത്രയധികം ക്രൂരത ഇത്രത്തോളം ആസൂത്രിതവും സംഘടിതവുമായി നടപ്പാക്കാന്‍ കഴിഞ്ഞു എന്നത് ക്രൂരതയെയും തിന്മയെയും കുറിച്ചുള്ള യുക്തിബോധത്തിന് ഇപ്പോഴും വിശദീകരിക്കാനായിട്ടില്ല. രണ്ടാം ലോകയുദ്ധത്തിലെ യുദ്ധക്കുറ്റവാളികള്‍ക്കെതിരെ സഖ്യകക്ഷികള്‍ നടത്തിയ വിചാരണ ന്യൂറം ബര്‍ഗ് വിചാരണ എന്നറിയപ്പെടുന്നു. 25 നാസി തലവന്മാരായിരുന്നു പ്രതികള്‍. 1945 ഒക്ടോബര്‍ 18-ന് ബര്‍ളിനില്‍ ആദ്യം പൊതുവിചാരണ ആരംഭിച്ചു. 1946-ലാണ് വിചാരണകള്‍ അവസാനിച്ചത്. ജര്‍മനിയിലെ ന്യൂറംബെര്‍ഗ് പട്ടണത്തിലായിരുന്നു വിചാരണക്കോടതി പ്രവര്‍ത്തിച്ചിരുന്നത്. കുറ്റകൃത്യങ്ങളുടെയും ശിക്ഷാവിധികളുടെയും ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ് 'ന്യൂറംബര്‍ഗ്' വിചാരണകള്‍. നോ: ന്യൂറംബര്‍ഗ് വിചാരണ

കുറ്റകൃത്യത്തെക്കുറിച്ചുള്ള സാധാരണ നിയമശാസ്ത്രവ്യവഹാരങ്ങളെ അതിശയിക്കുന്ന നാസി കുറ്റങ്ങള്‍ക്ക്, നിയമശാസ്ത്രപരമായ ശിക്ഷ മതിയാവില്ലെന്നാണ് വിഖ്യാതചിന്തകയായ ഹന്ന അരന്റ് അഭിപ്രായപ്പെട്ടത്. എന്നാല്‍ വധശിക്ഷയില്‍ക്കവിഞ്ഞ ശിക്ഷയൊന്നും ചരിത്രത്തില്‍ ഇല്ലതാനും. അതിനാല്‍, നാസി കുറ്റകൃത്യങ്ങളുമായി തുലനം ചെയ്യുമ്പോള്‍, വധശിക്ഷപോലും നിസ്സാരമായി മാറുന്നു. നാസി കുറ്റങ്ങളും നിയമശാസ്ത്രം വിധിച്ചിട്ടുള്ള പരമാവധി ശിക്ഷയും തമ്മിലുള്ള വൈപരീത്യത്തിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ജൂതഹത്യകള്‍ക്കു നേതൃത്വം കൊടുത്തവരില്‍ പ്രധാനിയായ ഐഷ്മാന്റെ വിചാരണയെക്കുറിച്ച് ഹന്ന അരന്റ് ചര്‍ച്ചചെയ്യുന്നുണ്ട്. ന്യൂറംബര്‍ഗ് വിചാരണക്കോടതിയെ 'പരമപുച്ഛ'ത്തോടെയാണ് ഐഷ്മാന്‍ സമീപിച്ചത്. കാരണം, തന്റെ പ്രവൃത്തികള്‍ ജര്‍മനിയുടെ രക്ഷകദൗത്യമായിരുന്നുവെന്നും 'മഹത്കര്‍മ'ങ്ങളായിരുന്നുവെന്നുമായിരുന്നു ഐഷ്മാന്റെ വാദം. ആര്യവംശമഹിമയ്ക്കുവേണ്ടി നടത്തിയ ജൂതക്കശാപ്പുകളെ വെറും കുറ്റകൃത്യങ്ങളായിക്കാണുന്ന വിചാരണക്കോടതിയുടെ നിസ്സാരതയെ സഹതാപത്തോടെയും പരിഹാസത്തോടെയും കാണുന്ന മുഖഭാവമായിരുന്നു ഐഷ്മാന്‍ കോടതിമുറിയില്‍ പ്രദര്‍ശിപ്പിച്ചത്. ഐഷ്മാനെപ്പോലുള്ള നാസികുറ്റവാളികളെ കൈകാര്യം ചെയ്യുമ്പോള്‍ മനുഷ്യനിര്‍മിതമായ നിയമ ശാസ്ത്രപദ്ധതികളുടെ പരിമിതികളെക്കുറിച്ചാണ് ഹന്ന അരന്റ് സൂചിപ്പിച്ചത്.

നവനാസിസം (Neo Nazism). സോവിയറ്റ് സേന നാസിപ്പടയെ പരാജയപ്പെടുത്തിക്കൊണ്ട് ബര്‍ലിനിലേക്ക് മാര്‍ച്ച് ചെയ്യുകയും സഖ്യസേനയുടെ ആക്രമണം രൂക്ഷമാകുകയും ചെയ്തതോടെ നാസി ജര്‍മനിയുടെ പതനം സംഭവിക്കുകയും ഹിറ്റ്ലറും കുടുംബാംഗങ്ങളും ആത്മഹത്യ ചെയ്യുകയും ചെയ്തു. നാസിസം ഒരു പ്രത്യയശാസ്ത്രമെന്ന നിലയില്‍ ലോകത്താകമാനം നിരാകരിക്കപ്പെടുകയും, നാസികളുടെ ക്രൂരതകള്‍ പുറത്തുവരികയും ചെയ്തു. കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്കിയവര്‍ വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയുമുണ്ടായി. ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലാത്ത പ്രതിഭാസം എന്ന നിലയ്ക്ക് ജനാധിപത്യവാദികള്‍ നാസിസ്റ്റ്-ഫാസിസ്റ്റ് പ്രവണതകളെ ജാഗരൂകരായി നേരിടാന്‍ ആരംഭിച്ചു. എന്നാല്‍ വര്‍ണവെറിയുടെ ആശയരൂപങ്ങള്‍ നവനാസിസപ്രസ്ഥാനങ്ങളുടെയും മറ്റും രൂപത്തില്‍ യൂറോപ്പില്‍ ഇന്നും സജീവമായി നിലനില്ക്കുന്നു.

രണ്ടാം ലോകയുദ്ധാനന്തരം യൂറോപ്പിലും അമേരിക്കയിലും മറ്റും നാസി ആശയങ്ങളില്‍ പ്രചോദിതമായ സംഘടനകള്‍ രൂപപ്പെട്ടിരുന്നു. തീവ്രവംശീയതയും അതിദേശീയതയും മുഖമുദ്രയായുള്ള ഈ നവനാസിസംഘടനകള്‍ പൊതുവേ, ഫാസിസ്റ്റുപ്രവണതകളാണ് പ്രകടിപ്പിക്കുന്നത്. വെളുത്ത വംശജരുടെ ആധിപത്യത്തില്‍ വിശ്വസിക്കുന്ന ഇവര്‍ സെമിറ്റിക് വിരുദ്ധതയാണ് പ്രചരിപ്പിക്കുന്നത്. സ്വസ്തിക ചിഹ്നവും മറ്റും ഉപയോഗിക്കുന്നതോടൊപ്പം നാസിപ്രമാണങ്ങളില്‍ വിശ്വസിക്കുകയും നാസികളുടെ നേട്ടങ്ങളെ ആദര്‍ശവത്കരിക്കുകയും ചെയ്യുന്നു ഇവര്‍.

ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, കാനഡ, ആസ്റ്റ്രേലിയ, അമേരിക്ക, ഇംഗ്ളണ്ട്, റഷ്യ, സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍, ദക്ഷിണാഫ്രിക്ക തുടങ്ങി നിരവധി രാജ്യങ്ങളില്‍ നവനാസികള്‍ സജീവമാണ്. 1980-90 വരെ ഇത്തരം 50 സംഘടനകള്‍ യൂറോപ്പിലും അമേരിക്കയിലുമായി തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട്. 'വെളുത്ത ദേശീയവാദം' (White Nationalism), 'വെള്ളക്കാരുടെ അവകാശങ്ങള്‍' (White Rights) തുടങ്ങിയ ജനപ്രിയ മുദ്രാവാക്യങ്ങള്‍ ഇവര്‍ മുന്നോട്ടുവയ്ക്കുന്നു.

കറുത്ത വംശജര്‍, ജൂതര്‍, ഇടതുപക്ഷങ്ങള്‍, ഫെമിനിസ്റ്റുകള്‍, ഗെ, ലെസ്ബിയന്‍ മുന്നേറ്റങ്ങള്‍ എന്നിവയ്ക്കെതിരെ ഇവര്‍ അക്രമോത്സുക നിലപാടുകള്‍ സ്വീകരിക്കുന്നു. കമ്യൂണിസത്തെയും മുതലാളിത്തത്തെയും ആഗോളവത്കരണത്തെയും ബഹുസംസ്കാരങ്ങളെയും മറ്റും എതിര്‍ക്കുന്ന 'മൂന്നാം പാത'യാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഇതാകട്ടെ കടുത്ത വര്‍ണവെറിയിലും വംശീയതയിലും അധിഷ്ഠിതവുമാണ്. ഇന്റര്‍നെറ്റ്, സിനിമ, ടെലിവിഷന്‍, പൊതുചര്‍ച്ചകള്‍ തുടങ്ങിയ ജനപ്രിയ സാംസ്കാരിക മേഖലകളില്‍ ഇത്തരം ആശയങ്ങള്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.

'ലിന്‍ഡര്‍ ലറുഷ്' ഒരു അന്താരാഷ്ട്ര നവനാസി സംഘടനയാണ്. ഹോളോകാസ്റ്റ് ഒരു കെട്ടുകഥ മാത്രമാണെന്നാണ് അവരുടെ പക്ഷം. 'ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹിസ്റ്റോറിക്കല്‍ റിവിഷനിസം' എന്ന സ്ഥാപനം ഇത്തരം നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയുണ്ടായി. അക്കാദമീഷ്യന്മാരും ശാസ്ത്രജ്ഞരും രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും മറ്റുമടങ്ങുന്ന ഒരു വലിയ വിഭാഗം, നവനാസി-തീവ്ര വലതുപക്ഷസംഘടനകളില്‍ സജീവമാണ്.

മനുഷ്യചിന്തയുടെ ചരിത്രത്തില്‍ത്തന്നെ നിര്‍ണായകമായ പുനര്‍വിചിന്തനങ്ങള്‍ക്കിടയാക്കിയ ഒരു പ്രതിഭാസമായിട്ടാണ് ഇന്ന് നാസിസം വിലയിരുത്തപ്പെടുന്നത്. യൂറോപ്യന്‍ ജ്ഞാനോദയകാലം തൊട്ട് യുക്തിയുടെയും പുരോഗതിയുടെയും അനുസ്യൂതമായ വികാസത്തെക്കുറിച്ച് മനുഷ്യര്‍ പുലര്‍ത്തിപ്പോന്ന വിശ്വാസത്തെയാണ് നാസിസം തകര്‍ത്തത്. യുക്തിബോധവും ശാസ്ത്രീയചിന്തയും സാങ്കേതിക പുരോഗതിയും അനിവാര്യമായും പുരോഗമനപരമായിരിക്കണമെന്നില്ല എന്ന് നാസി അനന്തര യൂറോപ്യന്‍ ചിന്തകര്‍ വാദിക്കുകയുണ്ടായി. ജ്ഞാനോദയവും ആധുനികതയുമായി ബന്ധപ്പെട്ട മൂല്യങ്ങളും ധാരണകളും അടിസ്ഥാനപരമായി ചോദ്യം ചെയ്യുന്ന ഉത്തരാധുനികചിന്തയുടെ ആവിര്‍ഭാവത്തില്‍ നാസിസം സൃഷ്ടിച്ച 'അശുഭബോധം' ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. മാത്രവുമല്ല, ചിത്രകല, സിനിമ, സാഹിത്യം എന്നീ രംഗങ്ങളിലെല്ലാം നാസി അനന്തരചിന്തയുടെ പ്രഭാവം പ്രകടമാണ്. നാസിസത്തെയും ഹോളകോസ്റ്റിനെയും ആസ്പദിച്ചുണ്ടാക്കിയ പല സിനിമകളും വിഖ്യാതചലച്ചിത്രകാവ്യങ്ങളാണ്. 16-ാം വയസ്സില്‍ നാസി തടവറയില്‍ ടൈഫസ് രോഗം ബാധിച്ചതിനെതുടര്‍ന്ന് അന്തരിച്ച ആന്‍ഫ്രാങ്കിന്റെ കൈയെഴുത്തുപ്രതികളെ ആസ്പദമാക്കി പിതാവ് രചിച്ച കൃതിയാണ് ദ് ഡയറി ഒഫ് ആന്‍ യങ് ഗേള്‍ എന്ന പേരില്‍ പിന്നീട് പ്രശസ്തമായത്. നോ: ഫാസിസം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BE%E0%B4%B8%E0%B4%BF%E0%B4%B8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍