This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിയമലംഘനപ്രസ്ഥാനം (ഇന്ത്യ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:02, 22 ഫെബ്രുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

നിയമലംഘനപ്രസ്ഥാനം (ഇന്ത്യ)

Civil Disobedience Movement(India)

സ്വാതന്ത്ര്യത്തിനുവേണ്ടി ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നടത്തിയ സമരപരിപാടി. 'പ്രകൃതിദത്തവും സ്വാഭാവികവുമായ നിയമം' എന്ന സങ്കല്പത്തെയാണ് ഇന്ത്യയിലെ നിയമലംഘനപ്രസ്ഥാനം ആസ്പദമാക്കിയത്. ഭരണകൂടനിയമങ്ങളും സ്വാഭാവികനിയമങ്ങളും തമ്മില്‍ വൈരുധ്യമുണ്ടായാല്‍, സ്വാഭാവികനിയമങ്ങള്‍ക്കായിരിക്കും പ്രാമുഖ്യം എന്നാണ് പ്ളേറ്റോ മുതലുള്ള ചിന്തകര്‍ നിരീക്ഷിച്ചത്. എന്നാല്‍ ആധുനികഭരണകൂടങ്ങളുടെയും ഭരണഘടനാ-നിയമശാസ്ത്രത്തിന്റെയും രൂപീകരണഘട്ടത്തില്‍, അന്യാധീനപ്പെടുത്താനാവാത്ത വ്യക്തിസ്വാതന്ത്യ്രം എന്ന സങ്കല്പമാണ് ആധുനിക രാഷ്ട്രീയ ചിന്തകര്‍ മുന്നോട്ടുവച്ചത്. നിയമാനുസൃതമായ ഭരണകൂടങ്ങള്‍ക്കുപോലും നിഷേധിക്കാനാവാത്തവിധം വ്യക്തിസ്വാതന്ത്യ്രത്തെ സുരക്ഷിതമാക്കിയ ആധുനിക രാഷ്ട്രീയ-നിയമചിന്ത, വ്യക്തിസ്വാതന്ത്ര്യം അപഹരിക്കപ്പെടുന്ന ഘട്ടത്തില്‍ വ്യവസ്ഥാപിത നിയമങ്ങള്‍ ലംഘിക്കുന്നത് ന്യായമാണെന്നും സിദ്ധാന്തിച്ചു. ഈ ആശയങ്ങളാല്‍ പ്രചോദിതനായ ഹെന്റി ഡേവിഡ് തോറോ (1817-1802)യാണ് 'നിയമലംഘന'മെന്ന സംജ്ഞ ആവിഷ്കരിച്ചത്. എന്നാല്‍ ആധുനികത, പ്രബുദ്ധതാപ്രസ്ഥാനം, ശാസ്ത്രം എന്നിവയുടെ ഭൗതിക-മതേതരമൂല്യങ്ങളെ നിരാകരിച്ച കാല്പനികവാദിയായിരുന്ന തോറോ, നിയമലംഘനത്തെ ഫലത്തില്‍ മതാധിഷ്ഠിതമാക്കുകയും അതിഭൗതികവത്കരിക്കുകയുമാണ് ചെയ്തത്. തുടര്‍ന്ന് ടോള്‍സ്റ്റോയിയും നിയമലംഘനപ്രസ്ഥാനത്തിന് കാല്പനിക ക്രൈസ്തവ പരിവേഷം നല്‍കിയിരുന്നു. തോറോയുടെയും ടോള്‍സ്റ്റോയിയുടെയും ആശയങ്ങളാണ് 'സത്യഗ്രഹ'മെന്ന പേരില്‍ നിയമലംഘനത്തെ പുനരാവിഷ്കരിക്കാന്‍ ഗാന്ധിജിക്ക് പ്രചോദനമായത്. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി ഗാന്ധിജി നടത്തിയ സമരങ്ങളെ അദ്ദേഹം 'സത്യഗ്രഹം' എന്ന് നാമകരണം ചെയ്തു. നിയമലംഘനമെന്നത് ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം സത്യത്തിനുവേണ്ടി വ്യക്തി സ്വന്തം ആന്തരികധാര്‍മികതയിലൂന്നി നടത്തുന്ന അഹിംസാത്മകമായ സഹനസമരമാണ്. രാഷ്ട്രീയവും സാമൂഹ്യവുമായ ബഹിര്‍മുഖത്വത്തെ നിരാകരിച്ച ഗാന്ധിജി, നിയമലംഘനത്തെ വ്യക്തിയുടെ ആന്തരികമായ സത്യാന്വേഷണധര്‍മമായി പുനര്‍വ്യാഖ്യാനിച്ചു. മാത്രമല്ല, സത്യാഗ്രഹത്തെ വ്യക്തിയുടെ 'ആത്മശക്തി'യുടെ പരീക്ഷണമായിക്കണ്ട ഗാന്ധിജിയുടെ നിയമലംഘനപ്രക്ഷോഭസംരംഭങ്ങള്‍, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ മതാത്മകമാക്കുകയായിരുന്നു.

പശ്ചാത്തലം. 1920-22-ലെ നിസ്സഹകരണപ്രസ്ഥാനം പിന്‍വലിക്കപ്പെട്ടതിനെത്തുടര്‍ന്നു രാജ്യത്തെ ഗ്രസിച്ച രാഷ്ട്രീയ നിര്‍വികാരതയ്ക്കു വിരാമമിട്ടത് സൈമണ്‍ കമ്മിഷന്റെ (നോ: സൈമണ്‍ കമ്മിഷന്‍) രൂപീകരണമായിരുന്നു (ന. 1927). ഇന്ത്യയുടെ ഭരണഘടനയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ 10 കൊല്ലത്തിനുള്ളില്‍ ഒരു പാര്‍ലമെന്ററി കമ്മിഷനെ നിയമിക്കണമെന്ന് 1919-ലെ ഗവണ്‍മെന്റ് ഒഫ് ഇന്ത്യ ആക്റ്റിലെ 84-ാം വകുപ്പ് വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ ബ്രിട്ടനിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം പത്തുവര്‍ഷമെന്ന കാലാവധി തികയുംമുന്‍പുതന്നെ ഒരു പാര്‍ലമെന്ററി കമ്മിഷനെ നിയമിക്കാന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് തയ്യാറായി (1927). കമ്മിഷന്‍ അതിന്റെ ചെയര്‍മാനായ സര്‍ ജോണ്‍ സൈമണിന്റെ പേരിലാണ് പ്രസിദ്ധമായത്. 1929-ലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ വിജയസാധ്യതകള്‍ മുന്‍കൂട്ടിക്കണ്ടുകൊണ്ടാണ് യാഥാസ്ഥിതികകക്ഷി (conservative party) ഗവണ്‍മെന്റ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഭാവിയെ ബാധിക്കുന്ന ഒരു സുപ്രധാനവിഷയം ലേബര്‍ സര്‍ക്കാരിനെ ഏല്പിക്കാനാവില്ല എന്ന ചിന്താഗതി ഇതിനു പ്രേരകമായി.

ഇന്ത്യയുടെ ഭരണഘടനയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയമിക്കപ്പെട്ട സൈമണ്‍ കമ്മിഷനിലെ അംഗങ്ങളായിരുന്ന ഏഴുപേരും ബ്രിട്ടീഷുകാരായിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്ററി കമ്മിഷനുകളില്‍ പാര്‍ലമെന്റ് അംഗങ്ങളെ മാത്രം ഉള്‍ക്കൊള്ളിക്കുന്ന കീഴ്വഴക്കം, ഇന്ത്യാക്കാര്‍ക്ക് പ്രാതിനിധ്യം നിഷേധിക്കുന്നതിനുള്ള ഔദ്യോഗിക ന്യായീകരണമായി ഉയര്‍ത്തപ്പെട്ടെങ്കിലും പാര്‍ലമെന്റംഗവും ഇന്ത്യാക്കാരനുമായ സിന്‍ഹയെ തഴഞ്ഞത് ബ്രിട്ടന്റെ ന്യായീകരണത്തിന്റെ പൊള്ളത്തരത്തെയാണ് അനാവൃതമാക്കിയത്. ഇന്ത്യയിലെ വിവിധജനവിഭാഗങ്ങള്‍ പരസ്പരം വൈരത്തില്‍ കഴിയുന്നതുകാരണം അവരില്‍ ചിലരെമാത്രം കമ്മിഷനില്‍ അംഗങ്ങളാക്കുന്നത് പ്രശ്നം രൂക്ഷമാക്കുമെന്നും ഈ പ്രശ്നം ഒഴിവാക്കുന്നതിനുവേണ്ടിയാണ് ഇന്ത്യാക്കാരെ പൂര്‍ണമായും തഴഞ്ഞുകൊണ്ട് ഇന്ത്യയുടെ ഭാവിഭരണഘടന നിശ്ചയിക്കാനുള്ള അധികാരം ബ്രിട്ടീഷുകാര്‍ക്കു വിട്ടുകൊടുത്തതെന്ന ബിര്‍ക്കിന്‍ഹെഡ് പ്രഭുവിന്റെ (സെക്രട്ടറി ഒഫ് സ്റ്റേറ്റ്) നിരീക്ഷണം ഇന്ത്യയില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചു. ഇന്ത്യയിലെ വിവിധവിഭാഗങ്ങള്‍ക്ക് സ്വീകാര്യമായ ഭരണഘടന ആവിഷ്കരിക്കുവാന്‍ ദേശീയനേതാക്കള്‍ക്കു കഴിയില്ല എന്ന ഇദ്ദേഹത്തിന്റെ പ്രസ്താവനയും അത്യന്തം പ്രകോപനപരമായിരുന്നു.

സൈമണ്‍ കമ്മിഷനില്‍ അംഗമാകാന്‍ ഒരു ഇന്ത്യാക്കാരനും യോഗ്യനല്ല എന്ന ബ്രിട്ടീഷ് നിലപാട് ഇന്ത്യയിലെ രാഷ്ട്രീയസ്ഥിതിയെ പ്രക്ഷുബ്ധമാക്കി. 1927 ഡിസംബറില്‍ മദ്രാസില്‍ കൂടിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സമ്മേളനം സൈമണ്‍ കമ്മിഷനെ ഏതു ഘട്ടത്തിലും എല്ലാരൂപത്തിലും ബഹിഷ്കരിക്കുവാന്‍ തീരുമാനിച്ചു. സാമ്രാജ്യവിരുദ്ധ തരംഗത്തിന്റെ ആവേശത്തില്‍, പൂര്‍ണസ്വാതന്ത്യ്രം കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമായി പ്രഖ്യാപിക്കുന്ന അടിയന്തരപ്രമേയം ഈ സമ്മേളനത്തില്‍ പാസ്സാക്കുന്നതില്‍ ജവാഹര്‍ലാല്‍ നെഹ്റു വിജയിച്ചു. (കോണ്‍ഗ്രസ്സിനു പ്രാവര്‍ത്തികമാക്കാന്‍ പറ്റാത്ത പ്രമേയങ്ങള്‍ വര്‍ഷംതോറും പാസ്സാക്കുന്നരീതിയെ ഗാന്ധിജി അപലപിക്കുകയുണ്ടായി.) സൈമണ്‍ കമ്മിഷനില്‍ നിന്നും ഇന്ത്യാക്കാരെ ഒഴിവാക്കിയ നടപടിയെ അപലപിച്ച ഹിന്ദുമഹാസഭ, മുസ്ലിംലീഗ്, ലിബറല്‍ പാര്‍ട്ടി എന്നീ രാഷ്ട്രീയപാര്‍ട്ടികളും ബഹിഷ്കരണത്തിന് ആഹ്വാനംചെയ്തു. ബ്രിട്ടീഷ് വിരുദ്ധനീക്കത്തില്‍ എല്ലാകക്ഷികളുടെയും ഒത്തൊരുമയെ അടയാളപ്പെടുത്തിയ ചരിത്രസന്ദര്‍ഭമായിരുന്നു സൈമന്‍ കമ്മിഷന്‍ ബഹിഷ്കരണം.

ഇന്ത്യയിലെ വിവിധവിഭാഗങ്ങള്‍ക്കു സ്വീകാര്യമായ ഒരു ഭരണഘടന ആവിഷ്കരിക്കാന്‍ ദേശീയനേതാക്കള്‍ക്കു കഴിയില്ല എന്ന ബിര്‍ക്കിന്‍ഹെഡിന്റെ വെല്ലുവിളിക്ക് മറുപടിയെന്നോണം ഇന്ത്യയ്ക്ക് ഇന്ത്യാക്കാര്‍തന്നെ എഴുതിയുണ്ടാക്കുന്ന ഒരു ഭരണഘടന വേണമെന്ന ഉദ്ദേശ്യത്തോടെ ഒരു സര്‍വകക്ഷി സമ്മേളനം വിളിച്ചുകൂട്ടാന്‍ മദ്രാസ് സമ്മേളനം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഡോ. അന്‍സാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി സമ്മേളനം എല്ലാപാര്‍ട്ടികള്‍ക്കും പൊതുവില്‍ സ്വീകാര്യമായ ഭരണസംവിധാനത്തിന്റെ രൂപരേഖ തയ്യാറാക്കാന്‍ എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് മോത്തിലാല്‍ നെഹ്റു അധ്യക്ഷനായ ഒരു കമ്മിറ്റിയെ നിയമിച്ചു. അങ്ങനെ ഇന്ത്യയ്ക്ക് ഭരണഘടന തയ്യാറാക്കാനായി രണ്ട് കമ്മിഷനുകള്‍: സൈമണ്‍ കമ്മിഷനും നെഹ്റുക്കമ്മിറ്റിയും ഒരേകാലത്ത് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു. നെഹ്റു ക്കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അതിന്റെ അധ്യക്ഷനായ മോത്തിലാല്‍ നെഹ്റുവിന്റെ പേരിലാണ് അറിയപ്പെട്ടത്. (നോ: നെഹ്റു റിപ്പോര്‍ട്ട്) ഹിന്ദു-മുസ്ലിം ഒത്തുതീര്‍പ്പിനുവേണ്ടിയുള്ള റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളെ തള്ളിക്കളഞ്ഞ മുസ്ലിം ലീഗ്, നെഹ്റു ഭരണഘടന അംഗീകരിക്കാന്‍ വിസമ്മതിച്ചത് ഇന്ത്യാക്കാര്‍ക്ക് പൊതുവില്‍ സ്വീകാര്യമായ ഭരണപദ്ധതി രൂപീകരിക്കാന്‍ കഴിയുകയില്ല എന്ന ബിര്‍ക്കിന്‍ഹെഡിന്റെ നിരീക്ഷണത്തെ അര്‍ഥവത്താക്കി.

ഇന്ത്യാക്കാര്‍ ആഗ്രഹിക്കുന്ന സര്‍ക്കാരിന്റെ രൂപം പുത്രികാരാജ്യപദവിയാണ് എന്ന മോത്തിലാല്‍ നെഹ്റുറിപ്പോര്‍ട്ട് നിര്‍വചിക്കുകയുണ്ടായി. പുത്രികാരാജ്യപദവിയെ ദേശീയലക്ഷ്യമായി കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചതിനെതിരായി പൂര്‍ണസ്വാതന്ത്ര്യം എന്ന നിലപാട് ജവാഹര്‍ലാല്‍ നെഹ്റുവും സുഭാഷ് ചന്ദ്രബോസും അടക്കമുള്ള പരിവര്‍ത്തനവാദികള്‍ സ്വീകരിച്ചു. പൂര്‍ണസ്വാതന്ത്യ്രവാദികളും പുത്രികാരാജ്യപക്ഷക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസം കോണ്‍ഗ്രസ്സിനെ പിളര്‍പ്പിലേക്ക് നയിക്കുമെന്നായപ്പോള്‍, ഐക്യം നിലനിര്‍ത്തുന്നതിനായി ഗാന്ധിയുടെ സഹായം തേടണമെന്ന അഭിപ്രായം പ്രബലമായി. ഗാന്ധിജിയുടെ മധ്യസ്ഥതയില്‍ കല്‍ക്കത്ത കോണ്‍ഗ്രസ്സില്‍ നടന്ന ചര്‍ച്ചകളുടെ ഫലമായി 1929 ഡി. 31-നു മുമ്പ് ബ്രിട്ടീഷ് പാര്‍ലമെന്റ് നെഹ്റു റിപ്പോര്‍ട്ട് അംഗീകരിക്കാത്തപക്ഷം, കോണ്‍ഗ്രസ്സ് 'പൂര്‍ണസ്വാതന്ത്ര്യം' ദേശീയലക്ഷ്യമായി അംഗീകരിക്കുമെന്നും അതിനുവേണ്ടി നിയമലംഘന പ്രക്ഷോഭം ആരംഭിക്കുമെന്നും തീരുമാനമായി.

1929 മേയില്‍ ബ്രിട്ടനില്‍നടന്ന പൊതുതെരഞ്ഞെടുപ്പില്‍ അഞ്ച് വര്‍ഷം അധികാരത്തിലിരുന്ന കണ്‍സെര്‍വേറ്റീവ് കക്ഷിയെ പരാജയപ്പെടുത്തിക്കൊണ്ട് ലേബര്‍ പാര്‍ട്ടി അധികാരത്തില്‍വന്നു. ബ്രിട്ടീഷ് രാജും കോണ്‍ഗ്രസ്സും തമ്മില്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി അനുരഞ്ജനത്തിനു മുതിര്‍ന്ന ലേബര്‍പ്രധാനമന്ത്രി റാംസെ മക്ഡൊണാള്‍ഡ് ഇതിലേക്കായി ഇര്‍വിന്‍ പ്രഭുവിനെ ലണ്ടനിലേക്കു വിളിച്ചു. കോണ്‍ഗ്രസ്സുമായി അനുനയത്തിലെത്താനുള്ള ബ്രിട്ടന്റെ ശ്രമമാണ് ഇര്‍വിന്റെ ചരിത്രപ്രധാനമായ പ്രഖ്യാപനത്തിലൂടെ അനാവൃതമായത്.

'ബ്രിട്ടീഷ് രാജാവിന്റെ സര്‍ക്കാര്‍ എന്നെ ഉത്തരവാദപ്പെടുത്തിയ പ്രകാരം ഞാന്‍ വ്യക്തമായി പ്രസ്താവിക്കുന്നതെന്തെന്നാല്‍, അവരുടെ നിഗമനത്തില്‍, ഇന്ത്യയുടെ പുരോഗതി എന്ന സ്വാഭാവികവിഷയം പര്യാലോചിക്കപ്പെട്ടപ്പോള്‍, 1917-ലെ പ്രഖ്യാപനത്തില്‍ത്തന്നെ, ഇന്ത്യയുടെ ഡൊമിനിയന്‍ (പുത്രികാരാജ്യ) പദവി നേടാന്‍ പരിഗണിക്കപ്പെട്ടിട്ടുള്ളതാണ്.' ഇന്ത്യയുടെ ഡൊമിനിയന്‍ ഭരണഘടന ചര്‍ച്ച ചെയ്യുന്നതിനായി വിവിധ പാര്‍ട്ടികളില്‍പ്പെട്ട ഇന്ത്യന്‍ നേതാക്കളുടെയും ബ്രിട്ടീഷ് പ്രതിനിധികളുടെയും ഒരു സമ്മേളനം ലണ്ടനില്‍ വിളിച്ചുകൂട്ടുമെന്നും ഇദ്ദേഹം ഉറപ്പുനല്കി. ചില ഉപാധികളോടെ വൈസ്രോയിയുടെ പ്രസ്താവന അംഗീകരിച്ചുകൊണ്ടുള്ള ഡല്‍ഹി മാനിഫെസ്റ്റോയില്‍ ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്റു, ആനിബസന്റ് എന്നീ നേതാക്കള്‍ ഒപ്പുവച്ചു.

1. ഡൊമിനിയന്‍ ഭരണഘടന രൂപീകരിക്കുക എന്നതായിരിക്കണം വട്ടമേശസമ്മേളനത്തിന്റെ ലക്ഷ്യം. അതല്ലാതെ പുത്രികാരാജ്യ പദവി എന്ന് നല്കണം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് അതിന്റെ ലക്ഷ്യം പരിമിതപ്പെടരുത്.

2. സമ്മേളനത്തിലെ പ്രതിനിധികള്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ്സുകാരായിരിക്കണം.

3. രാഷ്ട്രീയത്തടവുകാരെ ഉടന്‍ മോചിപ്പിക്കണം.

(ഡല്‍ഹി പ്രസ്താവനയില്‍ ഒപ്പിട്ടത് തെറ്റായിപ്പോയി എന്നു പിന്നീട് പശ്ചാത്തപിച്ച നെഹ്റു, ഗാന്ധിയുടെ സ്നേഹ സമ്മര്‍ദത്തെത്തുടര്‍ന്നാണ് താന്‍ ഒപ്പിട്ടത് എന്ന് വെളിപ്പെടുത്തി.)

സൈമണ്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് വരുംമുമ്പ് ഇര്‍വിന്‍ പ്രഭു പുത്രികാരാജ്യപദവി അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ വന്‍ പ്രതിഷേധമുളവാക്കി. നിരവധി മതങ്ങളുടെയും സമുദായങ്ങളുടെയും ഭാഷകളുടെയും സങ്കലനമായ ഇന്ത്യയെ സംബന്ധിച്ച് പുത്രികാരാജ്യപദവി ഒരു വിദൂരസാധ്യതയാണെന്ന സമവായം ബ്രിട്ടനില്‍ രൂപപ്പെട്ടതോടെ ബ്രിട്ടീഷുകാരുടെ ഉദ്ദേശശുദ്ധിയെക്കുറിച്ചുള്ള സംശയം കോണ്‍ഗ്രസ്സുകാരില്‍ ഉളവായി. അവസാനശ്രമമെന്ന നിലയില്‍ ഇര്‍വിന്റെ നിലപാട് അറിയാന്‍ ഗാന്ധിജി അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയും പരാജയപ്പെട്ടു. മറ്റു ഡൊമീനിയനുകള്‍ അനുഭവിക്കുന്ന സ്വതന്ത്രപദവി നല്കാന്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ തയ്യാറാണെന്ന ഉറപ്പുനല്കുന്നതില്‍ ഇര്‍വിന്‍ പരാജയപ്പെട്ടതോടെ പൂര്‍ണസ്വാതന്ത്യ്രം എന്ന നിലപാട് സ്വീകരിക്കുവാന്‍ ഗാന്ധിജി നിര്‍ബന്ധിതനായി.

1929 ഡി.-ലെ ലാഹോര്‍ സമ്മേളനം, കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം പൂര്‍ണസ്വാതന്ത്ര്യമാണ് എന്ന് പ്രഖ്യാപിച്ചു. ഇതിന്റെ സ്വാഭാവിക ഫലമെന്നോണം ഡൊമീനിയന്‍ പദവി വിഭാവന ചെയ്തുകൊണ്ടുള്ള മോത്തിലാല്‍ നെഹ്റുക്കമ്മിറ്റി റിപ്പോര്‍ട്ട് കാലഹരണപ്പെട്ടതായും സമ്മേളനം പ്രഖ്യാപിച്ചു. പൂര്‍ണസ്വാതന്ത്യ്രം എന്ന ലക്ഷ്യം നേടുന്നതിന് നിയമലംഘനപ്രസ്ഥാനം ആരംഭിക്കുമെന്ന പ്രഖ്യാപനത്തിനു ലാഹോര്‍ വേദിയായി. ഇന്ത്യയ്ക്ക് നാശഹേതുകമായിത്തീര്‍ന്നിട്ടുള്ള ബ്രിട്ടീഷ് ഭരണത്തിന് വഴങ്ങിക്കൊടുക്കുന്നത് മനുഷ്യനോടും ദൈവത്തോടും ചെയ്യുന്ന ഒരപരാധമായിരിക്കുമെന്ന് നിരീക്ഷിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി, ഇന്ത്യയുടെ സ്വാതന്ത്യ്രപ്രാപ്തിക്ക് ഏറ്റവും ഫലപ്രദമായ മാര്‍ഗം അക്രമരാഹിത്യമാണെന്ന് പ്രഖ്യാപിച്ചു.

സിവില്‍ നിയമലംഘനപരിപാടി ആരംഭിക്കുവാന്‍ കോണ്‍ഗ്രസ് അഖിലേന്ത്യാക്കമ്മിറ്റിയെയാണ് അധികാരപ്പെടുത്തിയതെങ്കിലും, പരിപാടിയുടെ വക്താവും പ്രയോക്താവുമെല്ലാം ഗാന്ധിജിയായിരുന്നു. ഒറ്റപ്പെട്ട അക്രമസംഭവത്തിന്റെ പേരില്‍ പ്രസ്ഥാനം നിര്‍ത്തിവയ്ക്കില്ല എന്ന ഗാന്ധിജിയുടെ ഉറപ്പും ജനങ്ങളില്‍ ആവേശമുണര്‍ത്തി. ഗാന്ധിജിയില്‍ നിന്നുള്ള അടുത്തനീക്കം പ്രതീക്ഷിച്ചിരിക്കവേ, താന്‍ ഉന്നയിക്കുന്ന 11 ആവശ്യങ്ങള്‍ ഗവണ്‍മെന്റ് അംഗീകരിക്കുന്ന പക്ഷം നിയമലംഘനപ്രസ്ഥാനം നിര്‍ത്തിവയ്ക്കാമെന്നും വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും ഗാന്ധിജി വൈസ്രോയിയെ അറിയിച്ചത് ജനങ്ങളില്‍ ആശയക്കുഴപ്പമുളവാക്കി. പൂര്‍ണസ്വാതന്ത്ര്യത്തില്‍നിന്നും വെറും 11 ആവശ്യങ്ങളിലേക്ക് ദേശീയലക്ഷ്യത്തെ ചുരുക്കിക്കൊണ്ട് ഗാന്ധിജി നടത്തിയ കരണം മറിച്ചില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റുമായി ഏതുവിധമെങ്കിലും കൂടിയാലോചന നടത്തുവാനുള്ള ശ്രമമായി ഒരു വിഭാഗം ചരിത്രകാരന്മാര്‍ വിലയിരുത്തി (ബ്രിട്ടീഷ് പ്രധാനമന്ത്രി മക്ഡൊണാള്‍ഡിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമിടയില്‍ നിന്നുകൊണ്ട് സന്ധിസംഭാഷണം നടത്താന്‍ ചില മധ്യസ്ഥന്മാര്‍ ശ്രമിച്ചിരുന്നെന്നും ഗാന്ധിജി ഉന്നയിച്ച 11 ആവശ്യങ്ങള്‍ അതിനാസ്പദമാക്കിയായിരുന്നുവെന്നും കോണ്‍ഗ്രസ് ചരിത്രകാരനായ ഡോ. പട്ടാഭി പ്രസ്താവിച്ചിട്ടുണ്ട്). ഗാന്ധിജി ഉന്നയിച്ച 11 ആവശ്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. പരിപൂര്‍ണമായ മദ്യവര്‍ജനം നടപ്പാക്കുക.

2. ഒരുറുപ്പികയ്ക്ക് ഒരു ഷില്ലിങ് നാല് പെന്‍സ് എന്ന വിനിമയ നിരക്ക് നിശ്ചയിക്കുക.

3. ഭൂനികുതി 50 ശതമാനമെങ്കിലും വെട്ടിക്കുറയ്ക്കുകയും ആ വകുപ്പ് നിയമസഭയുടെ പരിപൂര്‍ണ നിയന്ത്രണത്തിലാക്കുകയും ചെയ്യുക.

4. ഉപ്പുനികുതി റദ്ദാക്കുക.

5. പട്ടാളച്ചെലവ് കര്‍ശനമായി വെട്ടിച്ചുരുക്കുന്നതിന്റെ തുടക്കമെന്ന നിലയ്ക്ക് ഇന്നത്തേതിന്റെ 50 ശതമാനമായി കുറയ്ക്കുക.

6. നികുതിവരുമാനത്തിലുള്ള കുറവിന്റെ തോതില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളക്കാരായ ഉദ്യോഗസ്ഥന്മാരുടെ വേതനം പകുതിയെങ്കിലുമാക്കിക്കുറയ്ക്കുക.

7. വിദേശവസ്ത്രങ്ങളുടെമേല്‍ സംരക്ഷണചുങ്കം ഏര്‍പ്പെടുത്തുക.

8. കപ്പല്‍ഗതാഗതം ഇന്ത്യക്കാര്‍ക്ക് നീക്കിവയ്ക്കുന്നത് സംബന്ധിച്ച ബില്‍ പാസ്സാക്കുക.

9. കൊലപാതകമോ കൊലപാതകശ്രമമോ ആസ്പദമാക്കി ശിക്ഷിക്കപ്പെട്ടവരോ, കോടതിവിചാരണയ്ക്ക് വിധേയരായവരോ ഒഴിച്ച് എല്ലാ രാഷ്ട്രീയത്തടവുകാരെയും മോചിപ്പിക്കുക; രാഷ്ട്രീയകാരണങ്ങള്‍കൊണ്ടുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ പിന്‍വലിക്കുക; രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച 124 (എ) വകുപ്പും തടങ്കല്‍ത്തടവിനുവേണ്ടിയുള്ള 1818-ലെ നിയമവും റദ്ദാക്കുക: വിദേശങ്ങളില്‍ കഴിച്ചുകൂട്ടുന്ന ഇന്ത്യാക്കാര്‍ക്ക് മടങ്ങിവരാന്‍ അനുവാദം കൊടുക്കുക.

10. സി.ഐ.ഡി. വകുപ്പ് വേണ്ടെന്നുവയ്ക്കുകയോ അതിനെ ജനകീയനിയന്ത്രണത്തിലാക്കുകയോ ചെയ്യുക.

11. ജനകീയനിയന്ത്രണത്തിനുവിധേയമായി, തോക്കിനു ലൈസന്‍സ് കൊടുത്ത് ആത്മരക്ഷാസൗകര്യം ജനങ്ങള്‍ക്ക് നല്കുക.

ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന ഈ 11 ആവശ്യങ്ങളെ ഗാന്ധിജി സ്വാതന്ത്ര്യവുമായിട്ടാണ് സമീകരിച്ചത്. (പൂര്‍ണസ്വാതന്ത്ര്യത്തില്‍ നിന്നുള്ള തിരിച്ചുപോക്ക് നെഹ്റുവിനെ അസ്വസ്ഥനാക്കിയെങ്കിലും പില്ക്കാലത്ത് നെഹ്റു ഇപ്രകാരം രേഖപ്പെടുത്തി. "ഇന്ത്യയിലെ ജനകോടികള്‍ക്കുവേണ്ടിയാണ് ഗാന്ധിജി നിലകൊണ്ടത്. അവരുടെ ഭാഷയാണ് ഗാന്ധിജി സംസാരിച്ചത്. അതേസമയം 11 ആവശ്യങ്ങളോടു ശക്തമായി വിയോജിച്ച സുഭാഷ് ചന്ദ്രബോസ്, അവ മിക്കതും ജന്മി-മുതലാളി വര്‍ഗത്തിന്റെ ശാക്തീകരണം ലക്ഷ്യമാക്കിയുള്ളവയായിരുന്നു എന്ന് നിരീക്ഷിച്ചു.) ബ്രിട്ടീഷുകാരുടെ വ്യാപാര-വ്യവസായ-മൂലധന താത്പര്യങ്ങള്‍ക്കുവേണ്ടിയുള്ള ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം 'ലാഭകരമല്ലാതാക്കുന്ന' ഈ പതിനൊന്ന് ആവശ്യങ്ങളും ഗവണ്‍മെന്റ് തള്ളിക്കളഞ്ഞതോടെ നിയമനിഷേധം എന്ന തീരുമാനത്തില്‍ ഗാന്ധിജി എത്തി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിത്തറയിളക്കാന്‍ ഗാന്ധിജി തിരഞ്ഞെടുത്തത് ഒരവശ്യസാധനമായ ഉപ്പായിരുന്നു. ഉപ്പിന്റെ ഉത്പാദനവും വില്പനയും ബ്രിട്ടീഷ് സര്‍ക്കാരിന്റെ കുത്തകയായിരുന്നു. ഉപ്പ് നിര്‍മിച്ച് നിയമം ലംഘിക്കുന്നതിനുമുമ്പ് ഗവണ്‍മെന്റുമായി വീണ്ടും ഒരു ഒത്തുതീര്‍പ്പിന് ഗാന്ധിജി ശ്രമിക്കുകയുണ്ടായി; വൈസ്രോയിക്ക് മാര്‍ച്ച് 2-ന് എഴുതിയ കത്തില്‍ താന്‍ എന്തുകൊണ്ടാണ് ബ്രിട്ടീഷ് ഭരണത്തെ എതിര്‍ക്കുന്നത് എന്ന് വ്യക്തമാക്കി. 'വര്‍ധിച്ചുവരുന്ന ചൂഷണത്തിലൂടെ മൂകരായ ജനങ്ങളെ അത് ദരിദ്രരാക്കിയിരിക്കുന്നു... അത് ഞങ്ങളുടെ....സംസ്കാരത്തിന്റെ അടിത്തറതന്നെ ഇളക്കിയിരിക്കുന്നു. രാഷ്ട്രീയമായി അത് ജനങ്ങളെ അടിമത്തത്തിലെത്തിച്ചിരിക്കുന്നു. അത് ഞങ്ങളെ ആത്മീയമായ അധഃപതനത്തിലേക്ക് നയിച്ചിരിക്കുന്നു. അതേസമയം ബ്രിട്ടീഷുകാരോട് യാതൊരു വൈരാഗ്യവുമില്ലെന്നു വ്യക്തമാക്കിയ ഗാന്ധിജി അഹിംസയിലൂടെ ബ്രിട്ടീഷ് ജനതയുടെ ഹൃദയപരിവര്‍ത്തനത്തിനാണ് താന്‍ പരിശ്രമിക്കുന്നതെന്ന് വീക്ഷിച്ചു. തന്റെ ഈ നിവേദനം വൈസ്രോയിയുടെ ഹൃദയത്തെ സ്പര്‍ശിക്കാത്തപക്ഷം ഉപ്പുനിയമം ലംഘിക്കുമെന്നും മുന്നറിയിപ്പു നല്കി.

ഉപ്പുസത്യഗ്രഹം. അധികാരികളുടെ നിലപാടില്‍ മാറ്റമില്ലാത്തതിനെത്തുടര്‍ന്ന് 1930 ഏ. 6-ന് ദണ്ഡിയില്‍ ഒരുപിടി ഉപ്പ് ശേഖരിച്ചുകൊണ്ട് ഗാന്ധിജി നിയമലംഘനപ്രക്ഷോഭം ഉദ്ഘാടനം ചെയ്തു. (നോ: ഉപ്പുസത്യഗ്രഹം) കടല്‍വെള്ളം തിളപ്പിച്ച് ഉപ്പുണ്ടാക്കി സാമ്രാജ്യത്തെ മുട്ടുകുത്തിക്കാനുള്ള ഗാന്ധിജിയുടെ നീക്കത്തെ പരിഹാസത്തോടെയാണ് തുടക്കത്തില്‍ സര്‍ക്കാര്‍ വീക്ഷിച്ചതെങ്കിലും ഗാന്ധിജി പകര്‍ന്ന ആവേശം രാജ്യത്തെ മുഴുവന്‍ ഉണര്‍ത്തിയതോടെ അധികാരികള്‍ വിഷമവൃത്തത്തിലായി. ദണ്ഡിയില്‍ ഉപ്പുനിയമം ലംഘിച്ചത് ദേശവ്യാപകമായി ഉപ്പുനിയമം ലംഘിക്കുന്നതിനു പുറമേ നികുതിനിഷേധം, വിദേശവസ്തു ബഹിഷ്കരണം, കോടതിബഹിഷ്കരണം എന്നിവ നടത്തുന്നതിനുള്ള അടയാളവുമായിരുന്നു. 1930-ലെ നിയമലംഘനത്തില്‍ മലബാറും പങ്കുചേര്‍ന്നു. ഗവണ്‍മെന്റിനെതിരായുള്ള ഹര്‍ത്താലുകള്‍ക്കും പ്രതിഷേധപ്രകടനങ്ങള്‍ക്കും ശക്തി വര്‍ധിച്ചതോടെ ഗവണ്‍മെന്റ് മോത്തിലാല്‍ നെഹ്റു, ജവഹര്‍ലാല്‍ നെഹ്റു അടക്കമുള്ള നേതാക്കളെ അറസ്റ്റുചെയ്തു. ഭൂനികുതി നല്കാന്‍ വിസമ്മതിച്ചവരുടെ ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കുകയുണ്ടായി. സമാധാനപരമായ പിക്കറ്റിങ്ങുകള്‍, ഹര്‍ത്താലുകള്‍, പ്രതിഷേധപ്രകടനങ്ങള്‍ എന്നിവയെ മൃഗീയമായാണ് പൊലീസ് അടിച്ചമര്‍ത്തിയത്. പൊലീസിന്റെ ക്രൂരതയുടെ മുന്നില്‍ ഡയറിസം (നോ: ജാലിയന്‍വാലാബാഗ്) പോലും വിളറിപ്പോകുന്നു എന്നാണ് ഗാന്ധിജി പ്രതികരിച്ചത്. അറസ്റ്റ് പ്രതീക്ഷിച്ച് ഗാന്ധിജി തന്റെ അഭാവത്തില്‍ സമരം എങ്ങനെ നടത്തുമെന്ന് ജനങ്ങളോട് വിശദമായി പ്രതിപാദിച്ചിരുന്നു.

"എന്നെ അറസ്റ്റുചെയ്തുകഴിഞ്ഞാല്‍ ജനങ്ങളോ എന്റെ സഹപ്രവര്‍ത്തകരോ ചൂളിപ്പോകരുത്. ഈ സമരം നയിക്കുന്നത് ദൈവമാണ്. ഞാനല്ല. നമ്മുടെ മാര്‍ഗം നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഗ്രാമങ്ങളാകമാനം ഉപ്പെടുക്കുകയോ കുറുക്കുകയോ ചെയ്യാന്‍ മുന്നോട്ടുവരണം. സ്ത്രീകള്‍ മദ്യഷാപ്പുകളും കറപ്പുഷാപ്പുകളും വിദേശവസ്ത്രഷോപ്പുകളും പിക്കറ്റുചെയ്യണം. ഓരോ വീട്ടിലും യുവാക്കളെന്നോ വൃദ്ധരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും തക്ലിയില്‍ നൂല്‍നൂല്‍ക്കണം. കെട്ടുകെട്ടായി നൂലുണ്ടാക്കി ദിവസേന അതു നെയ്ത് തുണിയാക്കണം. വിദേശവസ്ത്രങ്ങള്‍ക്ക് തീയിടണം. ഹിന്ദുക്കളിലാരും മറ്റൊരാളെ അയിത്തക്കാരായി കണക്കാക്കരുത്. ഹിന്ദുക്കള്‍, മുസ്ലിങ്ങള്‍, പാഴ്സികള്‍, ക്രിസ്ത്യാനികള്‍ എല്ലാവരും പരസ്പരം ആത്മാര്‍ഥതയോടെ ആലിംഗനം ചെയ്യണം. ന്യൂനപക്ഷ സമുദായക്കാരെ തൃപ്തിപ്പെടുത്തിക്കഴിഞ്ഞതിനുശേഷം മിച്ചമുണ്ടാകുന്നതുകൊണ്ട് ഭൂരിപക്ഷസമുദായക്കാര്‍ തൃപ്തിപ്പെടണം. വിദ്യാര്‍ഥികള്‍ ഗവണ്‍മെന്റ് സ്കൂളുകള്‍ വിടണം. ഗവണ്‍മെന്റ് ജീവനക്കാര്‍ ഉദ്യോഗം രാജിവച്ച് ജനസേവനത്തിന് തയ്യാറാകണം. ഇതെല്ലാം ചെയ്താല്‍ നമുക്ക് എളുപ്പത്തില്‍ പൂര്‍ണസ്വരാജ് നേടാന്‍ കഴിയും. ഗാന്ധിജിയെ അറസ്റ്റുചെയ്തെങ്കിലും അദ്ദേഹത്തിന്റെ അഭാവത്തിലും പ്രസ്ഥാനം ആര്‍ജവത്തോടെ തുടര്‍ന്നു.

ഉപ്പുസത്യഗ്രഹപരിപാടികള്‍ പൊതുവേ അഹിംസാത്മകമായിരുന്നെങ്കിലും ചിറ്റഗോങ്, ഷോലാപ്പൂര്‍, പെഷവാര്‍ എന്നിവിടങ്ങളില്‍ സമരോത്സുകരായിരുന്ന ജനങ്ങള്‍ അക്രമാസക്തരായി. ഗാന്ധിജിയുടെ അറസ്റ്റില്‍ പ്രകോപിതരായ ഷോലാപ്പൂരിലെ ജനങ്ങള്‍ പൊലീസിന്റെ മൃഗീയശക്തിയെ പരാജയപ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷ് ഭരണത്തില്‍നിന്നും സ്വാതന്ത്യ്രം പ്രഖ്യാപിച്ചു. നിയമനിഷേധത്തിനു മുതിര്‍ന്ന അതിര്‍ത്തിഗാന്ധിയെ അറസ്റ്റുചെയ്തതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കോര്‍ട്ട് മാര്‍ഷല്‍ നേരിടേണ്ടിവരുമെന്നറിയുമായിരുന്നിട്ടും ഹിന്ദു റെജിമെന്റ് മുസ്ലിം സഹോദരന്മാര്‍ക്കു നേരെ വെടിയുതിര്‍ക്കാന്‍ വിസമ്മതിക്കുകയുണ്ടായി. ബ്രിട്ടീഷ് ഭരണത്തിന്റെ മുഖ്യ ഉപകരണമായ സൈന്യത്തില്‍പ്പോലും ദേശീയവികാരം ശക്തമായതിന്റെ തെളിവായിരുന്നു ഈ സംഭവം. (വെടിവയ്ക്കാനുള്ള മേലധികാരിയുടെ ഉത്തരവുലംഘിച്ച പട്ടാളക്കാര്‍ കൃത്യവിലോപമാണ് കാണിച്ചത് എന്ന കാരണത്താല്‍ അവരുടെ പ്രവൃത്തിയെ ഗാന്ധിജി അപലപിച്ചു). കോണ്‍ഗ്രസ്സിന്റെ പൂര്‍ണസ്വാതന്ത്ര്യം എന്ന ലക്ഷ്യത്തോടു മുസ്ലിംലീഗ് വിയോജിച്ചതുമൂലം മുസ്ലിം പങ്കാളിത്തം പൊതുവേ കുറവായിരുന്നു; അതേസമയം വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയിലെ അതിര്‍ത്തിഗാന്ധിയുടെ സാന്നിധ്യം ആ മേഖലയിലെ നിയമനിഷേധപ്രസ്ഥാനത്തിനു കരുത്തുനല്കി. 1920-ലെ നിസ്സഹകരണപ്രസ്ഥാനത്തില്‍നിന്നും വ്യത്യസ്തമായി ഉപ്പുസത്യഗ്രഹത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം അഭൂതപൂര്‍വമായിരുന്നു. 1920-22-ലെ നിസ്സഹകരണപ്രസ്ഥാനത്തില്‍ സി.ആര്‍.ദാസ്, മോത്തിലാല്‍ നെഹ്റു തുടങ്ങിയ രാഷ്ട്രീയനേതാക്കളുടെ കുടുംബാംഗങ്ങളും വന്‍നഗരങ്ങളിലെ ചില കോളജുവിദ്യാര്‍ഥികളുമടക്കം ചുരുക്കം ചില സ്ത്രീകളുമാണ് പങ്കെടുത്തിരുന്നത്. വിദേശവസ്ത്ര ബഹിഷ്കരണം, രാജ്യത്തെ സാമ്പത്തികമായി ഞെരുക്കുന്നതിലും ഉദ്യോഗബഹിഷ്കരണം ഭരണയന്ത്രത്തെ സ്തംഭിപ്പിക്കുന്നതിലും ഫലപ്രദമായിരുന്നു.

ഗാന്ധി-ഇര്‍വിന്‍സന്ധി. ഇന്ത്യയില്‍ മര്‍ദകനടപടികളുമായി മുന്നോട്ടുപോകവേ, ഇന്ത്യയുടെ ഭാവിഭരണഘടനാപരിഷ്കാരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള ഒന്നാംവട്ടമേശസമ്മേളനം ലണ്ടനില്‍ പുരോഗമിച്ചു. കോണ്‍ഗ്രസ്സിന്റെ അഭാവത്തില്‍ ഇന്ത്യയുടെ രാഷ്ട്രീയഭാവി നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ അര്‍ഥശൂന്യമാണെന്ന് തിരിച്ചറിഞ്ഞ പ്രധാനമന്ത്രി മക്ഡൊണാള്‍ഡ്, രണ്ടാം വട്ടമേശസമ്മേളനത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കുമെന്ന പ്രത്യാശ പ്രകടിപ്പിക്കുകയുണ്ടായി. പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ ഉള്ളടക്കം ഗ്രഹിച്ച ഇര്‍വിന്‍ തുടര്‍ന്ന് കോണ്‍ഗ്രസ്സിനെ പ്രീണിപ്പിക്കാനുള്ള ശ്രമം തുടങ്ങി. വട്ടമേശസമ്മേളന നടപടികളുമായി സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ച വൈസ്രോയി തുടര്‍ന്ന് ഗാന്ധിജിയെയും മറ്റു കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളെയും മോചിപ്പിച്ചു.

എതിരാളിയുമായുള്ള ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ സത്യാഗ്രഹത്തിന്റെ അവിഭാജ്യഘടകമായിക്കണ്ട ഗാന്ധിജി വൈസ്രോയിയെ കാണാന്‍ തയ്യാറായി. സ്വന്തം നിലപാടിന്റെ ധാര്‍മികതയില്‍ പൂര്‍ണവും അചഞ്ചലവുമായ വിശ്വാസമുണ്ടായിരുന്നതിനാല്‍ മറുകക്ഷിയില്‍ മനഃശാസ്ത്രപരമായ ഒരു മാറ്റം - മാനസികപരിവര്‍ത്തനം - വരുത്തുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം.

വൈസ്രോയിയും ഗാന്ധിജിയും തമ്മില്‍ നടന്ന കൂടിയാലോചനകള്‍ക്കു ശേഷം 1931 മാ. 5-ന് ഡല്‍ഹിക്കരാറില്‍ അഥവാ ഗാന്ധി-ഇര്‍വിന്‍ കരാറില്‍, കോണ്‍ഗ്രസ്സിനുവേണ്ടി ഗാന്ധിജിയും സര്‍ക്കാരിനുവേണ്ടി ഇര്‍വിനും ഒപ്പുവച്ചു. സിവില്‍ നിയമലംഘനം നിര്‍ത്തിവയ്ക്കാനും വട്ടമേശസമ്മേളനത്തില്‍ പങ്കെടുക്കാനും കരാര്‍ വ്യവസ്ഥചെയ്തു; പകരം ഗവണ്‍മെന്റ് ഭാഗത്തുനിന്നു മര്‍ദനങ്ങള്‍ അവസാനിപ്പിക്കുന്നതിനും വ്യവസ്ഥയുണ്ടായി. അക്രമപ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന എല്ലാരാഷ്ട്രീയത്തടവുകാരെയും മോചിപ്പിക്കല്‍, വസൂല്‍ ചെയ്തിട്ടില്ലാത്ത എല്ലാപിഴയും റദ്ദുചെയ്യല്‍, മൂന്നാം കക്ഷിക്ക് വിറ്റിട്ടില്ലാത്ത, പിടിച്ചെടുക്കപ്പെട്ട എല്ലാ ഭൂസ്വത്തും തിരിച്ചുനല്കല്‍, രാജിവച്ച എല്ലാ സര്‍ക്കാരുദ്യോഗസ്ഥരോടും അനുഭാവപൂര്‍വമായ സമീപനം ഇവയായിരുന്നു ഒത്തുതീര്‍പ്പിലെ മറ്റുവ്യവസ്ഥകള്‍. നികുതിനിഷേധത്തിനു കണ്ടുകെട്ടപ്പെട്ട നിലങ്ങളുടെ വില്പന തടയാനുള്ള ഗാന്ധിജിയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. ഗാന്ധി-ഇര്‍വിന്‍ സന്ധി അത്യന്താപേക്ഷിതമായ ഘടകങ്ങളെ അവഗണിക്കുകയും നിസ്സാരഘടകങ്ങള്‍ക്കു പ്രാധാന്യം നല്കുകയും ചെയ്തു എന്ന വിമര്‍ശനം പരക്കെ ഉന്നയിക്കപ്പെട്ടിരുന്നു. പൂര്‍ണസ്വാതന്ത്യ്രത്തെപ്പറ്റിയോ, പുത്രികാരാജ്യപദവിയെപ്പറ്റിയോ സന്ധി ചര്‍ച്ച ചെയ്തിരുന്നില്ല. കരാറിനെ താത്കാലിക ഒത്തുതീര്‍പ്പ് എന്ന് വിശേഷിപ്പിച്ച ഗാന്ധിജി ഇന്ത്യയുടെ ദേശീയലക്ഷ്യം പൂര്‍ണസ്വാതന്ത്യ്രമാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി.

രണ്ടാം വട്ടമേശസമ്മേളനവും വര്‍ഗീയപ്രശ്നവും. രണ്ടാം വട്ടമേശ സമ്മേളനത്തില്‍ കോണ്‍ഗ്രസ്സിന്റെ ഏക പ്രതിനിധിയായി പങ്കെടുത്ത ഗാന്ധിജിയുടെ പൂര്‍ണസ്വാതന്ത്യ്രമെന്ന ആവശ്യത്തെ അംഗീകരിക്കുവാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് വിസമ്മതിച്ചു. സാമുദായിക പ്രശ്നത്തിനു പരിഹാരം കണ്ടതിനുശേഷം മാത്രമേ സ്വാതന്ത്ര്യത്തിനുള്ള ആവശ്യം ആലോചനയ്ക്കെടുക്കുവാന്‍ കഴിയൂ എന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. സാമുദായിക പ്രശ്നം വിദേശാധിപത്യത്തിന്റെ ഫലമായി ഉദ്ഭവിച്ചതാണെന്ന് വാദിച്ച ഗാന്ധിജി അതിനാല്‍ 'സാമുദായിക ഐക്യത്തെ സ്വരാജ് ഭരണഘടനയുടെ മകുടമാക്കുകയല്ലാതെ അതിന്റെ അടിസ്ഥാനമാക്കിക്കൂടാ' എന്ന് ശഠിച്ചു. 'സാമുദായിക ഭിന്നതകളെന്ന മഞ്ഞുകട്ട സ്വാതന്ത്യ്രത്തിന്റെ സൂര്യപ്രകാശത്തില്‍ ഉരുകിപ്പോകുമെന്ന' അദ്ദേഹത്തിന്റെ വാദം അംഗീകരിക്കപ്പെട്ടില്ല.

വീണ്ടും നിയമലംഘന പ്രസ്ഥാനം. വട്ടമേശ സമ്മേളനം പരാജയപ്പെട്ടെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തുല്യശക്തിയെന്ന നിലയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വവുമായ സംവദിച്ച ഗാന്ധിജി ജനങ്ങളില്‍ ആത്മവിശ്വാസമുളവാക്കിയിരുന്നു. ജനങ്ങളുടെ പുതിയ സ്വാതന്ത്ര്യബോധത്തെ അടിച്ചമര്‍ത്താനും ദേശീയപ്രസ്ഥാനം പുനരുജ്ജീവിക്കുന്നത് തടയുന്നതിനും ആവശ്യമായ നടപടികളുമായി മുന്നോട്ടുപോകാന്‍ വൈസ്രോയി വെല്ലിങ്ടണ്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഉത്തരവുകളിലൂടെ പട്ടാളസമാനമായ അവസ്ഥ സൃഷ്ടിക്കുകയും ജവാഹര്‍ലാല്‍ നെഹ്റു, അതിര്‍ത്തിഗാന്ധി എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അടിച്ചമര്‍ത്താനുള്ള ഗവണ്‍മെന്റിന്റെ നീക്കം വ്യക്തമായതോടെ നിയമനിഷേധം പുനരാരംഭിക്കാന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി തീരുമാനിച്ചെങ്കിലും രാജ്യത്തെ വീണ്ടും ദുരിതപൂര്‍ണമായ ഒരു പര്‍വത്തിലേക്ക് നയിക്കുന്നതിനോട് വിയോജിച്ച ഗാന്ധിജി, ഗവണ്‍മെന്റിന്റെ നിലപാട് അറിയുന്നതിനായി വൈസ്രോയിയുമായി അഭിമുഖത്തിനു ശ്രമിച്ചു. അഭിമുഖം നടക്കുന്നതുവരെ നിയമലംഘനം നീട്ടിവയ്ക്കണമെന്ന നിര്‍ദേശമാണ് ഗാന്ധിജി നല്കിയത്. അഭിമുഖത്തിന് വൈസ്രോയി വിസമ്മതിച്ചതോടെ കോണ്‍ഗ്രസ് നിയമനിഷേധം വീണ്ടും ആരംഭിച്ചു (1932 ജനുവരി 1). ഈ പ്രക്ഷോഭത്തിലും കേരളം മുന്‍പന്തിയിലുണ്ടായിരുന്നു. റീഡിങ്, ഇര്‍വിന്‍ എന്നിവര്‍ ഗാന്ധിജിയെ അറസ്റ്റ് ചെയ്യുവാന്‍ കാട്ടിയ അമാന്തം നിയമലംഘനപ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതില്‍ പ്രധാനപങ്കുവഹിച്ചു എന്ന കാഴ്ചപ്പാട് ഗാന്ധിജിയെ അറസ്റ്റ് ചെയ്യാനുള്ള (ജനുവരി 4) വെല്ലിങ്ടണിന്റെ തീരുമാനത്തെ സ്വാധീനിച്ചു. നിഷ്ഠൂരമായ മാര്‍ഗങ്ങളിലൂടെയാണ് സര്‍ക്കാര്‍ പ്രസ്ഥാനത്തെ നേരിട്ടത്. ഗവണ്‍മെന്റിന്റെ അടിച്ചമര്‍ത്തലിന്റെ പശ്ചാത്തലത്തില്‍ പ്രസ്ഥാനം ക്ഷയിച്ചുവന്ന സാഹചര്യത്തില്‍ 1933 മേയില്‍ കോണ്‍ഗ്രസ് ഇത് തത്കാലത്തേക്ക് നിര്‍ത്തിവയ്ക്കുകയും 1934 മേയില്‍ ഔദ്യോഗികമായി അത് പിന്‍വലിക്കുകയും ചെയ്തു.

പിന്‍വലിക്കല്‍ ദേശീയവാദികള്‍ക്കിടയില്‍ നിരാശയും അസ്വസ്ഥതയും ഉളവാക്കിയെങ്കിലും ഡോ. അന്‍സാരി പ്രഖ്യാപിച്ചതുപോലെ സുദീര്‍ഘമായ പോരാട്ടത്തിനു ശേഷമുള്ള വിശ്രമമായിരുന്നു പിന്‍മാറ്റങ്ങള്‍; കൂടുതല്‍ മഹത്തരവും സംഘടിതവുമായ യുദ്ധത്തിനുവേണ്ടി; 1930-ല്‍ തുടങ്ങിയ നിയമലംഘനപ്രസ്ഥാനം സ്വാതന്ത്യ്രം നേടുന്നതില്‍ പരാജയപ്പെട്ടെങ്കിലും "ഇന്ത്യാക്കാര്‍ അവരുടെ മനസ്സിനെ സ്വതന്ത്രമാക്കിയിരുന്നു. അവരുടെ ഹൃദയത്തില്‍ അവര്‍ സ്വാതന്ത്യ്രം നേടിയിരുന്നു.

നിയമലംഘനപ്രസ്ഥാനം സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ പുരോഗതിയിലെ ഒരു നിര്‍ണായകഘട്ടമായിരുന്നു. സത്യഗ്രഹം എന്ന ഉപാധിയുമായി സമരസപ്പെട്ടു പോകുന്നതിലുള്ള പരിചയക്കുറവ് നിസ്സഹകരണ പ്രസ്ഥാനത്തെയും, വേണ്ടത്ര തയ്യാറെടുപ്പ് ഇല്ലാത്തത് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെയും ബാധിച്ചെങ്കിലും അവയില്‍ നിന്നും വ്യതിരിക്തമായി, ഗാന്ധിജിയുടെ അഹിംസാത്മക സമരമാര്‍ഗത്തോട് ഏറെക്കുറെ നീതിപുലര്‍ത്താന്‍ കഴിഞ്ഞത് നിയമലംഘനപ്രസ്ഥാനത്തിനാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍