This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നിഷിത്താനി, കെയ്ജി (1900 - 91)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
നിഷിത്താനി, കെയ്ജി (1900 - 91)
Nishitani,Keiji
ജാപ്പനീസ് തത്ത്വചിന്തകന്‍. 1900 ഫെ. 27-ന് ജനിച്ചു. 1924-ല്‍ ക്യോട്ടൊ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയശേഷം ക്യോട്ടൊ ഇംപീരിയല്‍ കോളജ് (1926), ബുദ്ധിസ്റ്റ് ഒട്ടാനി സര്‍വകലാശാല (1928), ക്യോട്ടോ ഇംപീരിയല്‍ സര്‍വകലാശാല (1935) എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1936-39 കാലത്ത് ജര്‍മനിയിലെ ഫ്രൈബര്‍ഗില്‍ ഹൈദഗറുമൊത്ത് പഠനം നടത്തി. 1955-63 കാലത്ത് ക്യോട്ടൊ സ്റ്റേറ്റ് സര്‍വകലാശാലയുടെ ആധുനിക തത്ത്വചിന്താ വിഭാഗത്തിന്റെ മേധാവിയായിരുന്നു.
ജാപ്പനീസ് തത്ത്വചിന്തയുടെ ക്യോട്ടൊ ശാഖയുടെ ഒരു പ്രമുഖ വക്താവായിരുന്നു നിഷിത്താനി. ക്രൈസ്തവ-ബൌദ്ധ ധര്‍മശാസ്ത്രങ്ങള്‍ തമ്മില്‍ ബന്ധപ്പെടുത്തുന്നതിലും സമന്വയിപ്പിക്കുന്നതിലുമാണ് സെന്‍ബുദ്ധമത വിശ്വാസിയായ ഇദ്ദേഹം പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിച്ചത്. ശൂന്യതയെക്കുറിച്ചുള്ള ബൗദ്ധ ദര്‍ശനങ്ങളും യൂറോപ്യന്‍ ദര്‍ശനങ്ങളും തമ്മില്‍ സമന്വയിപ്പിക്കുവാനും ഇദ്ദേഹം ശ്രമിച്ചു. നീഷെ, ഹൈദഗര്‍, കിര്‍കെഗാര്‍ഡ് തുടങ്ങിയവരുടെ കൃതികള്‍ ജാപ്പനീസിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തിരുന്നു. ഷെല്ലിങ്ങിന്റെ എസ്സന്‍സ് ഒഫ് ഹ്യുമന്‍ ഫ്രീഡം എന്ന കൃതിയുടെ ജാപ്പനീസ് തര്‍ജുമ ഇദ്ദേഹത്തിന്റെ ഒരു മികച്ച സംഭാവനയായി കണക്കാക്കപ്പെടുന്നു.
സെന്‍ബുദ്ധമതത്തിന്റെ കേന്ദ്രആശയങ്ങളെ വ്യക്തമാക്കുവാനും വ്യാഖ്യാനിക്കുവാനുമുള്ള ഒരു മാര്‍ഗമായാണ് നിഷിത്താനി 19-20 ശതകങ്ങളിലെ യൂറോപ്യന്‍ അസ്തിത്വവാദത്തെ കണ്ടത്. ജാപ്പനീസ് തത്ത്വചിന്തകരില്‍ പ്രമുഖനായിരുന്ന കിറ്റാരൊ നിഷിദയുടെ വീക്ഷണങ്ങള്‍ നിഷിത്താനിയെ വളരെയധികം സ്വാധീനിച്ചു. സര്‍വസാധാരണവും വ്യക്തിപരവുമായ അസ്തിത്വത്തില്‍ നിന്ന് പരിപൂര്‍ണമായ മാനവാസ്തിത്വത്തിലേക്കുള്ള പരിവര്‍ത്തനത്തെ സന്ദേഹത്തില്‍ നിന്ന് അസന്ദിഗ്ധതയിലേക്കുള്ള യാത്രയായാണ് നിഷിത്താനി വിശേഷിപ്പിച്ചത്. വ്യക്തി കേന്ദ്രീകൃതമായ അസ്തിത്വം സൃഷ്ടിക്കുന്ന ശൂന്യതയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന ബോധത്തില്‍ നിന്നാണ് പ്രപഞ്ചത്തിന്റെ ഓരോ തന്മാത്രയിലും മനുഷ്യന്‍ ലയിച്ച് ചേര്‍ന്നിരിക്കുകയാണെന്ന തിരിച്ചറിവ് ലഭിക്കുന്നത്. ദ് ഫിലോസഫി ഒഫ് ഫണ്ടമെന്റല്‍ സബ്ജക്റ്റിവിറ്റി (The Philosophy of Fundamental Subjectivity 1940) നിഹിലിസം (Nihilism 1946), സ്റ്റഡീസ് ഇന്‍ അരിസ്റ്റോട്ടില്‍ (Studies in Aristotle 1948), ഗോഡ് ആന്‍ഡ് അബ്സൊല്യൂട്ട് നത്തിങ്ങ്നസ്സ് ( God and Absolute Nothingness 1949), വാട്ട് ഇസ് റിലിജണ്‍ (What is Relgion 1961) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. 1991-ല്‍ ഇദ്ദേഹം അന്തരിച്ചു.