This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നഴ്സ് സ്രാവുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:58, 5 മേയ് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നഴ്സ് സ്രാവുകള്‍

Nurse Shark

ജിംഗ്ലിമോസ്റ്റോമാറ്റിഡെ മത്സ്യകുടുംബത്തില്‍പ്പെടുന്ന സ്രാവ് ഇനം. ശാ.നാ. ജിംഗ്ലിമോസ്റ്റോമ സിറേറ്റം (Ginglymostoma). വിജാഗിരി (hinge) എന്നര്‍ഥം വരുന്ന ജിംഗ്ലിമോസ് (Gynglimos), വായ എന്നര്‍ഥമുള്ള സ്റ്റോമ (Stoma) എന്നീ ഗ്രീക്കു പദങ്ങളില്‍ നിന്നാണ് ജിംഗ്ലിമോസ്റ്റോമാറ്റിഡെ എന്ന പദം നിഷ്പന്നമായിട്ടുള്ളത്. ഉഷ്ണ-മിതോഷ്ണമേഖലാപ്രദേശങ്ങളിലെ പടിഞ്ഞാറന്‍ അത്ലാന്തിക്, കിഴക്കന്‍ പസിഫിക് തുടങ്ങിയ ആഴക്കടലുകളിലാണ് നഴ്സ് സ്രാവുകളെകണ്ടുവരുന്നത്.

Image:Nurse Shark.png

നഴ്സ് സ്രാവുകള്‍ക്ക് കടും മഞ്ഞയോ തവിട്ടോ നിറമായിരിക്കും. ഇവ 4.2 മീറ്ററിലധികം നീളവും 180 കി.ഗ്രാമിലധികം തൂക്കവുമുള്ളവയാണ്. ഇവയുടെ വായ വളരെ സവിശേഷതയുള്ളതാണ്. കണ്ണുകള്‍ക്കും മോന്തയ്ക്കും മുമ്പായാണ് വായ കാണപ്പെടുക. ആഴക്കടലുകളില്‍ നിവസിക്കുന്നവയുടെ സവിശേഷതയാണിത്. ഇതിന്റെ കീഴ്ത്താടിയിലുള്ള മാസംളമായ രണ്ടു സ്പര്‍ശവര്‍ധക(barbel)ങ്ങള്‍ ജലാശയത്തിനടിത്തട്ടിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഇരയെ കണ്ടെത്താനുതകുന്ന രാസസംവേദകാവയവങ്ങളായി (chemosensory organs) വര്‍ത്തിക്കുന്നു. നഴ്സ് സ്രാവുകളുടെ ശ്വസനാവയവങ്ങളോടനുബന്ധിച്ച് ഇരുകണ്ണുകള്‍ക്കും പിന്നിലായി വൃത്താകൃതിയിലുള്ള ചെറിയ ശ്വാസരന്ധ്രം (Spiracle) കാണപ്പെടുന്നു.

നഴ്സ് സ്രാവുകള്‍ രാത്രീഞ്ചരന്മാരാണ്. പകല്‍സമയങ്ങളില്‍ നാല്പതിലധികം സ്രാവുകളൊരുമിച്ച് കല്ലുകള്‍ക്കിടയിലും മറ്റും പതുങ്ങിയിരിക്കുന്നു. രാത്രിയില്‍ ഇവ ഒറ്റയ്ക്ക് സഞ്ചരിച്ച് ജലാശയത്തിനടിയില്‍നിന്ന് ഭക്ഷണം ശേഖരിക്കുന്നു. ചെറിയ മത്സ്യങ്ങളും, ക്രസ്റ്റേഷ്യനുകളും മൊളസ്കുകളുമാണ് ഇവയുടെ ഭക്ഷണം. ശൈവാലങ്ങളും പവിഴപ്പുറ്റുകളും ഇവ പലപ്പോഴും ആഹാരമാക്കാറുണ്ട്.

ജൂണ്‍-ജൂലായ് മാസങ്ങളാണ് നഴ്സ് സ്രാവുകളുടെ പ്രജനനകാലം. ഇവ അണ്ഡജരായുജ(Ovoviviparous)ങ്ങളാണ്. രണ്ടുവര്‍ഷത്തിലൊരിക്കല്‍ 'പ്രസവിക്കുന്നു'. 18 മാസമാണ് 'ഗര്‍ഭകാലം'. അണ്ഡനാളിയില്‍ വച്ചുതന്നെ മുട്ടവിരിഞ്ഞു കുഞ്ഞുങ്ങള്‍ അവിടെത്തന്നെ നിലനില്‍ക്കുന്നു. ജനിക്കുമ്പോള്‍ത്തന്നെ കുഞ്ഞുങ്ങള്‍ക്ക് മുപ്പതു സെ.മീറ്ററോളം നീളമുണ്ടായിരിക്കും. നഴ്സ് സ്രാവുകളുടെ തൊലി തുകലിന്റെയത്ര മേന്മയുള്ളതാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍