This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അംബേദ്കര്‍, ഭീംറാവു റാംജി (1891 - 1956)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അംബേദ്കര്‍, ഭീംറാവു റാംജി (1891 - 1956)
ഇന്ത്യന്‍ ഭരണഘടനാശില്പിയും പ്രഥമ നിയമകാര്യമന്ത്രിയും. ആധുനിക ഇന്ത്യന്‍ രാഷ്ട്രശില്പികളില്‍ പ്രമുഖനായ ഡോ. അംബേദ്കര്‍ ദലിത് വിമോചകന്‍, സാമൂഹിക വിപ്ലവകാരി, രാഷ്ട്രമീമാംസകന്‍, ധനതത്ത്വശാസ്ത്രജ്ഞന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ചിന്തകന്‍, എഴുത്തുകാരന്‍, വാഗ്മി, ബുദ്ധമത പുനരുദ്ധാരകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. 1891 ഏ. 14-ന് മഹാരാഷ്ട്രയില്‍ രത്നഗിരി ജില്ലയിലെ അംബവാഡെ എന്ന ഗ്രാമത്തില്‍, മഹര്‍ സമുദായത്തില്‍പ്പെട്ട രാംജിസക്പാലിന്റെയും ഭീമാഭായിയുടെയും പതിനാലാമത്തെ പുത്രനായി പിറന്ന അംബേദ്കര്‍ നിശ്ചയദാര്‍ഢ്യത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് ഇന്ത്യാചരിത്രത്തില്‍ അഗ്രഗാമിയായി മാറിയത്. ബ്രിട്ടീഷ് സൈന്യത്തില്‍ ഒരു പട്ടാളക്കാരനായിരുന്നു രാംജിസക്പാല്‍. കുട്ടിക്കാലത്ത് മാതാപിതാക്കള്‍ അംബേദ്കറെ ഭീം എന്നാണ് വിളിച്ചിരുന്നത്.
അയിത്തജാതിക്കാരായി കണക്കാക്കപ്പെട്ടിരുന്ന മഹര്‍ സമുദായത്തില്‍ പിറന്നതിനാല്‍ ബാല്യകാലം മുതല്‍ ജാതിയുടെയും അയിത്തത്തിന്റെയും തിക്തഫലങ്ങള്‍ അനുഭവിച്ചുകൊണ്ടാണ് അംബേദ്കര്‍ വളര്‍ന്നതും ഉന്നത വിദ്യാഭ്യാസം നേടിയതും. അംബവഡേകര്‍ എന്നായിരുന്നു മാതാപിതാക്കള്‍ മകന് നല്‍കിയ പേര്. മഹാരാഷ്ട്രയിലെ സത്താറ എന്ന ഗ്രാമത്തിലാണ് അംബേദ്കര്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. അംബവഡേകറോട് സ്നേഹം തോന്നിയ അധ്യാപകനാണ് ബാലനായ അദ്ദേഹത്തിന്റെ പേര് അംബേദ്കര്‍ എന്നു തിരുത്തിയത്. 1908-ല്‍ ബോംബെയിലെ എല്‍ഫിന്‍സ്റ്റണ്‍ ഹൈസ്കൂളില്‍ നിന്നു അംബേദ്കര്‍ മെട്രിക്കുലേഷന്‍ പാസ്സായി. തുടര്‍ന്ന് രമാഭായിയെ വിവാഹം കഴിക്കുകയും 1912-ല്‍ ബോംബെ സര്‍വകലാശാലയില്‍ നിന്നും ബിരുദം സമ്പാദിച്ചശേഷം 1913-ല്‍ ബറോഡ സ്റ്റേറ്റ് ഫോഴ്സില്‍ ലെഫ്റ്റെനന്റായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ പിതാവിന്റെ ആകസ്മിക നിര്യാണത്തെത്തുടര്‍ന്ന് അംബേദ്കര്‍ക്ക് ഉദ്യോഗം രാജിവക്കേണ്ടിവന്നു.
1913-ല്‍ ബറോഡ സ്റ്റേറ്റ് സ്കോളര്‍ഷിപ്പോടെ അംബേദ്കര്‍ കൊളംബിയ സര്‍വകലാശാലയില്‍ ഉപരിപഠനത്തിന് ചേരുകയും, 1915-ല്‍ ധനതത്ത്വശാസ്ത്രത്തില്‍ എം.എ.ബിരുദം കരസ്ഥമാക്കുകയും ചെയ്തു. 1916-ല്‍ കൊളംബിയ സര്‍വകലാശാലയിലെ നരവംശശാസ്ത്രവിഭാഗം സംഘടിപ്പിച്ച സെമിനാറില്‍ 'ഇന്ത്യയിലെ ജാതികള്‍: യാന്ത്രികത, ഉദ്ഭവം, വികാസം' എന്ന പ്രബന്ധം അവതരിപ്പിച്ചു ശ്രദ്ധേയനായി. ഇതേവര്‍ഷം തന്നെ കൊളംബിയ സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റ് ബിരുദവും അംബേദ്കര്‍ കരസ്ഥമാക്കി.
കൊളംബിയ സര്‍വകലാശാലയിലെ വിദ്യാഭ്യാസത്തിനുശേഷം ഡോ. അംബേദ്കര്‍ ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്നും ധനതത്ത്വശാസ്ത്രത്തില്‍ എം.എസ്സി., ഡി.എസ്സി. ബിരുദങ്ങള്‍ കരസ്ഥമാക്കുന്നതിനും, ഗ്രേയ്സ് ഇന്നില്‍ നിയമപഠനത്തിനുമായി ലണ്ടനില്‍ എത്തി. എന്നാല്‍ സ്കോളര്‍ഷിപ്പിന്റെ കാലാവധി അവാസാനിച്ചതിനാല്‍ 1917-ല്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ അംബേദ്കര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നു.
ഇന്ത്യയില്‍ മടങ്ങിയെത്തിയ അംബേദ്കര്‍ സ്കോളര്‍ഷിപ്പിലെ വ്യവസ്ഥപ്രകാരം ബറോഡ രാജാവിന്റെ സൈനിക സെക്രട്ടറിയായി ഉദ്യോഗത്തില്‍ പ്രവേശിച്ചു. എന്നാല്‍ ജാതി ഹിന്ദുക്കളുടെ ജാതീയമായ വിവേചനത്തെത്തുടര്‍ന്ന് വളരെ പെട്ടെന്ന് അംബേദ്കര്‍ക്ക് ഉദ്യോഗം ഉപേക്ഷിച്ചു ബോംബെയിലേക്ക് മടങ്ങേണ്ടിവന്നു. ബോംബെയില്‍ എത്തിയ അംബേദ്കര്‍ 1918-20 കാലത്ത് ബോംബെയിലെ സിഡെന്‍ഹാം കോളജില്‍ ധനതത്ത്വശാസ്ത്രം പ്രൊഫസറായി ജോലി നോക്കി. കോളജിലും ജാതീയത അദ്ദേഹത്തെ വേട്ടയാടി. എന്നാല്‍ അംബേദ്കര്‍ ധീരമായി ജാതിഹിന്ദുക്കളുടെ വിവേചനങ്ങളെ നേരിട്ടു. ഈ കാലഘട്ടത്തിലാണ് (1920 ജനു.) അംബേദ്കര്‍ മറാഠിയില്‍ മൂകനായക് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്. തുടര്‍ന്ന് ഉദ്യോഗത്തില്‍ നിന്നു ലഭിച്ച സമ്പാദ്യത്തോടും കോല്‍ഹാപ്പൂരിലെ രാജാവ് ഷാഹുമഹാരാജിന്റെ സാമ്പത്തിക സഹായത്തോടുംകൂടി അദ്ദേഹം ലണ്ടനിലേക്ക് യാത്ര തിരിച്ചു. 1921-ല്‍ അംബേദ്കര്‍ ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സില്‍ നിന്നു ധനതത്ത്വശാസ്ത്രത്തില്‍ എം.എസ്സി ബിരുദവും ഗ്രേയ്സ് ഇന്നില്‍ നിന്നു ബാര്‍ അറ്റ്ലാ ബിരുദവും കരസ്ഥമാക്കി. തുടര്‍ന്ന് ഗവേഷണ പ്രബന്ധമായ ദ് പ്രോബ്ളം ഒഫ് റുപ്പീസ് സമര്‍പ്പിച്ചശേഷം ധനതത്ത്വശാസ്ത്രത്തില്‍ ഉന്നത ഗവേഷണം നടത്തുന്നതിനായി ജര്‍മനിയിലെ ബോണ്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു. എന്നാല്‍ നാല് മാസങ്ങള്‍ക്കുശേഷം ഗവേഷണ പ്രബന്ധത്തിലെ ബ്രിട്ടീഷ് വിരുദ്ധ നിലപാടുകള്‍ ദൂരീകരിക്കുന്നതിനായി അദ്ദേഹത്തിന് ലണ്ടനിലേക്ക് മടങ്ങേണ്ടിവന്നു.
വിദേശപഠനം പൂര്‍ത്തിയാക്കിയ അംബേദ്കര്‍ 1923 ഏ.-ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തി ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങുകയും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും ചെയ്തു. 1924-ല്‍ ബോംബെ കേന്ദ്രീകരിച്ച് ബഹിഷ്കൃതഹിതകാരിണി സഭ എന്നൊരു സാമൂഹിക സംഘടനയ്ക്ക് രൂപം നല്‍കി. അയിത്തജാതിക്കാര്‍ എന്നു ഹിന്ദുമതം മുദ്രകുത്തിയ ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാമ്പത്തികപരവുമായ പുരോഗതിയായിരുന്നു പ്രസ്തുത സംഘടനയുടെ ലക്ഷ്യം. ഈ സംഘടന അയിത്തജാതിക്കുട്ടികള്‍ക്കായി ബോംബെയില്‍ നിരവധി വിദ്യാര്‍ഥി ഹോസ്റ്റലുകള്‍ സ്ഥാപിക്കുകയുണ്ടായി. 1927-ല്‍ ബഹിഷ്കൃത ഭാരത് എന്ന പേരില്‍ ഒരു വാരികയും അംബേദ്കര്‍ പുറത്തിറക്കി. സാമൂഹിക സമത്വം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ 1927-ല്‍ അംബേദ്കര്‍ സമതസൈനികദള്‍ എന്ന മറ്റൊരു സന്നദ്ധ സംഘടനയ്ക്കും രൂപം നല്കി. മിശ്രവിവാഹത്തിനും, പന്തിഭോജനത്തിനും പ്രാമുഖ്യം നല്കിയ പ്രസ്തുത സംഘടന വളരെപ്പെട്ടെന്നുതന്നെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. 1929-ല്‍ സമത സൈനികദളിന്റെ മുഖപത്രമായ സമത പ്രസിദ്ധീകരണം ആരംഭിച്ചു.
അധഃസ്ഥിത വിഭാഗങ്ങളുടെ അനിഷേധ്യ നേതാവ് എന്ന നിലയില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഡോ. അംബേദ്കര്‍ 1927-ല്‍ ബോംബെ നിയമനിര്‍മാണസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. 1934 വരെ അംഗമായി പ്രവര്‍ത്തിച്ചു. സഭയില്‍ അംഗമായിരിക്കെ തൊഴിലാളികള്‍, അയിത്തജാതിക്കാര്‍ തുടങ്ങിയ മര്‍ദിത വിഭാഗങ്ങളുടെ ക്ഷേമത്തെ സംബന്ധിക്കുന്ന നിരവധി ബില്ലുകള്‍ അദ്ദേഹം സഭയില്‍ അവതരിപ്പിച്ചു. 1928-ല്‍ ഡോ. അംബേദ്കര്‍ ബോംബെ ലാ കോളജില്‍ പ്രൊഫസറായി നിയമിതനായി.
1927 മാ. 19-ന് ഡോ. അംബേദ്കര്‍ ചരിത്രപ്രസിദ്ധമായ മഹദ്സത്യാഗ്രഹത്തിന് നേതൃത്വം നല്‍കി. ജാത്യാചാരങ്ങള്‍ കൊടികുത്തി വാണിരുന്ന അക്കാലത്ത് അയിത്തജാതിക്കാര്‍ എന്ന് കണക്കാക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളെ പൊതുകിണറുകള്‍, ടാങ്കുകള്‍, കുളങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കുടിവെള്ളം ശേഖരിക്കാന്‍ ജാതിഹിന്ദുക്കള്‍ അനുവദിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് മഹദിലെ പൊതുകുളത്തില്‍ നിന്നും കുടിവെള്ളം ശേഖരിക്കുന്നതിനുവേണ്ടിയായിരുന്നു മഹദ്സത്യാഗ്രഹ സമരം സംഘടിപ്പിച്ചത്. ഡോ. അംബേദ്കറുടെ ആഹ്വാനത്തെത്തുടര്‍ന്ന് പതിനായിരങ്ങള്‍ 1927 മാ. 19-ന് മഹദില്‍ അണിനിരക്കുകയും മഹദിലെ ചൌദാര്‍ കുളത്തില്‍ നിന്നും കുടിവെള്ളം ശേഖരിക്കുകയും ചെയ്തു. തുടര്‍ന്ന് 1927 ആഗ. 4-ന് മഹദ് മുനിസിപ്പാലിറ്റി ചൌദാര്‍കുളം അയിത്തജാതിക്കാര്‍ക്ക് തുറന്നുകൊടുത്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ജാതിഹിന്ദുക്കള്‍ അയിത്തജാതിക്കാരെ കുളത്തില്‍ നിന്നു വെള്ളം ശേഖരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് അംബേദ്കറും അനുയായികളും 1927 ഡി.-ല്‍ പ്രതിഷേധവുമായി വീണ്ടും മഹദില്‍ സമ്മേളിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ഡി. 25-ന് അംബേദ്കര്‍ മനുസ്മൃതി കത്തിക്കുകയും അയിത്തജാതിക്കാരോട് ഹിന്ദുമതത്തിന്റെ ചങ്ങലക്കെട്ടുകളില്‍ നിന്നു മോചനം നേടാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. സമരങ്ങള്‍ക്കും നിയമയുദ്ധങ്ങള്‍ക്കും ഒടുവില്‍, 1937-ല്‍ ചൗദാര്‍ കുളം അയിത്തജാതിക്കാര്‍ക്ക് തുറന്നുകൊടുത്തുകൊണ്ടുള്ള ബോംബെ കോടതിയുടെ വിധിയുണ്ടായി.
1928 ഒ. 23-ന് ഡോ. അംബേദ്കര്‍ സൈമണ്‍ കമ്മീഷന് മുന്നില്‍ ഹാജരാകുകയും പുതിയ ഭരണഘടനാ നിര്‍ദേശങ്ങളില്‍ അയിത്തജാതിക്കാര്‍ക്ക് പ്രത്യേക വോട്ടവകാശം ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ഉണ്ടായി. സൈമണ്‍ കമ്മീഷന്റെ നിര്‍ദേശപ്രകാരം 1930-ല്‍ ബ്രിട്ടന്‍ ഭരണഘടനാ പരിഷ്കാരങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ലണ്ടനില്‍ വട്ടമേശ സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും തമിഴ് നാട്ടിലെ റാവു ബഹദൂര്‍ ശ്രീനിവാസനോടൊപ്പം അംബേദ്കറെ പ്രസ്തുത സമ്മേളനങ്ങളില്‍ അയിത്തജാതിക്കാരെ പ്രതിനിധാനം ചെയ്യാന്‍ തിരഞ്ഞെടുക്കുകയും ചെയ്തു. വട്ടമേശ സമ്മേളനങ്ങളില്‍ പങ്കെടുത്ത അംബേദ്കര്‍ അയിത്തജാതിക്കാര്‍ ഹിന്ദുക്കളില്‍ നിന്നും വ്യതിരിക്തരാണെന്നും അവരെ ന്യൂനപക്ഷമായി പരിഗണിച്ചു പ്രത്യേക വോട്ടവകാശം നല്‍കണമെന്നും വാദിച്ചത് ഗാന്ധിജിയുടെ ശക്തമായ എതിര്‍പ്പിന് കാരണമായി. അയിത്തജാതിക്കാര്‍ ഹിന്ദുമതത്തിന്റെ അവിഭാജ്യഘടകമാണെന്നു വാദിച്ച ഗാന്ധിജിയാകട്ടെ അയിത്തജാതിക്കാര്‍ക്ക് പ്രത്യേക വോട്ടവകാശം നല്‍കിയാല്‍ സ്വന്തം ജീവന്‍ കൊണ്ടും അതിനെ നേരിടുമെന്ന് വട്ടമേശ സമ്മേളനങ്ങളില്‍ പ്രഖ്യാപിച്ചു. എന്നാല്‍ ബ്രിട്ടന്‍ 1932 ആഗ. 17-ന് അയിത്തജാതിക്കാര്‍ക്ക് പ്രത്യേക വോട്ടവകാശം അനുവദിച്ചുകൊണ്ടുള്ള കമ്യൂണല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. തുടര്‍ന്നു ഗാന്ധിജി 1932 സെപ്. 20-ന് പൂണെയിലെ യെര്‍വാദജയിലില്‍ കമ്യൂണല്‍ അവാര്‍ഡിനെതിരെ നിരാഹാരസമരം ആരംഭിക്കുകയും സെപ്. 24-ലെ പൂനാ കരാര്‍ പ്രകാരം നിരാഹാരം അവസാനിപ്പിക്കുകയും ചെയ്തു.
നാസിക്കിലെ കലാറാം ക്ഷേത്രത്തില്‍ അയിത്തജാതിക്കാര്‍ക്ക് പ്രവേശന സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള മറ്റൊരു സമരത്തിന് 1930 മാ. 2-ന് ഡോ. അംബേദ്കര്‍ ആരംഭം കുറിച്ചു. സത്യാഗ്രഹസമരം അഞ്ചുവര്‍ഷം നീണ്ടുനിന്നെങ്കിലും ജാതിഹിന്ദുക്കള്‍ അയിത്തജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശം അനുവദിച്ചില്ല. 1935-ല്‍ അംബേദ്കര്‍ പ്രസ്തുത സമരം അവസാനിപ്പിച്ചുകൊണ്ട് ബോംബെയിലെ യെയോലയില്‍ ദലിതരുടെ ഒരു വലിയ സമ്മേളനം വിളിച്ചുചേര്‍ക്കുകയും പ്രസ്തുത സമ്മേളനത്തില്‍ വച്ച് താന്‍ ഹിന്ദുവായി മരിക്കില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
1935 മേയ് 27-ന് അംബേദ്കറുടെ ഭാര്യ രമാഭായി അന്തരിച്ചു. ഇതേവര്‍ഷം ജൂണില്‍ അംബേദ്കര്‍ ബോംബെയിലെ ഗവണ്‍മെന്റ് ലാ കോളജിന്റെ പ്രിന്‍സിപ്പാള്‍ ആയി നിയമിക്കപ്പെട്ടു. 1935 ഡി.-ല്‍ ലാഹോറിലെ ജത്-പത്-തോഡക് എന്ന സംഘടന ഡോ. അംബേദ്കറെ ജാതിനിര്‍മൂലനം എന്ന വിഷയത്തെ അധികരിച്ചു പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണിച്ചു. എന്നാല്‍ പ്രബന്ധത്തിലെ ഹിന്ദുമത വിമര്‍ശന ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന സംഘാടകരുടെ നിര്‍ദേശം അംബേദ്കര്‍ അവഗണിച്ചതിനെത്തുടര്‍ന്ന് പ്രസ്തുത സമ്മേളനം തന്നെ സംഘാടകര്‍ ഒഴിവാക്കി. ശ്രദ്ധേയമായ പ്രസ്തുത പ്രബന്ധം അംബേദ്കര്‍ പിന്നീട് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു.
അംബേദ്കര്‍ 1936 ഒ.-ല്‍ ഇന്‍ഡിപെന്‍ഡന്റ് ലേബര്‍ പാര്‍ട്ടി രൂപീകരിക്കുകയും ബോംബെ പ്രവിശ്യാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും എല്ലാ സംവരണസീറ്റുകളിലും വിജയിക്കുകയും ചെയ്തു. 1942-ല്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍ എന്ന പേരില്‍ മറ്റൊരു സാമൂഹിക-രാഷ്ട്രീയ സംഘടനയ്ക്കു രൂപം നല്‍കി. 1942 ജൂലായില്‍ അംബേദ്കറെ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൌണ്‍സിലില്‍ അംഗമായി നിയമിച്ചു. 1946 വരെ എക്സിക്യൂട്ടീവ് കൌണ്‍സിലില്‍ അംഗമായി തുടര്‍ന്നു. 1945-ല്‍ അധഃസ്ഥിതരുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പീപ്പിള്‍സ് എഡ്യൂക്കേഷന്‍ സൊസൈറ്റി രൂപീകരിക്കുകയും സൊസൈറ്റിയുടെ കീഴില്‍ മഹാരാഷ്ട്രയില്‍ കോളജുകള്‍ ഉള്‍പ്പടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.
രണ്ടാം ലോകയുദ്ധാനന്തരം 1946 മാര്‍ച്ചില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനവുമായി ക്യാബിനറ്റ് മിഷന്‍ ഇന്ത്യയില്‍ എത്തി. 1946 മേയില്‍ മിഷന്‍ ഭരണഘടനാ നിര്‍മാണസഭ രൂപീകരിക്കേണ്ടതിനെ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഭരണഘടനാ നിര്‍മാണസഭയിലേക്ക് ഡോ. അംബേദ്കര്‍ തെരഞ്ഞെടുക്കപ്പെട്ടു. 1947 ആഗസ്റ്റില്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട പ്രഥമ കേന്ദ്രമന്ത്രിസഭയില്‍ അംബേദ്കര്‍ നിയമകാര്യമന്ത്രിയായി. ആഗ. 29-ന് ഭരണഘടനയുടെ കരടു നിര്‍മാണകമ്മിറ്റിയുടെ ചെയര്‍മാനായി അംബേദ്കര്‍ തെരഞ്ഞെടുക്കപ്പെട്ടു. 1948 ഏപ്രിലില്‍ അംബേദ്കര്‍ ഡോ. ശാരദാകബീറിനെ വിവാഹം കഴിച്ചു.
1949 ഫെ. 24-ന് ഡോ. അംബേദ്കര്‍ ഹിന്ദുകോഡ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണ ലഭിക്കാതിരുന്നതിനാല്‍ ഹിന്ദുകോഡ് ബില്‍ പരാജയപ്പെട്ടു. ബില്ലിന്റെ പരാജയത്തെത്തുടര്‍ന്ന് ഡോ. അംബേദ്കര്‍ 1951 സെപ്. 27-ന് കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു. 1952 ജൂണ്‍ 5-ന് കൊളംബിയ സര്‍വകലാശാല ഇന്ത്യന്‍ ഭരണഘടനാശില്പി എന്ന നിലയില്‍ അംബേദ്ക്കറെ എല്‍.എല്‍.ഡി ബിരുദം നല്‍കി ആദരിച്ചു; തുടര്‍ന്ന് ഉസ്മാനിയ സര്‍വകലാശാല ഡി.ലിറ്റ് ബിരുദവും നല്‍കി.
1950-ന്റെ ആരംഭം മുതല്‍ ഡോ. അംബേദ്കര്‍ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും സജീവമാക്കി. ഇതിന്റെ ഭാഗമായി 1950 മേയില്‍ ഡല്‍ഹിയില്‍ അംബേദ്കറുടെ നേതൃത്വത്തില്‍ വിപുലമായി ബുദ്ധജയന്തി ആഘോഷിക്കപ്പെട്ടു. ഇതേ വര്‍ഷം തന്നെ ലോകബുദ്ധമത സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ അംബേദ്കര്‍ കൊളംബോ സന്ദര്‍ശിച്ചു. 1954-ല്‍ അംബേദ്കര്‍ ബര്‍മയും സന്ദര്‍ശിച്ചു. 1954 ഒ. 3-ന് 'എന്റെ തത്ത്വശാസ്ത്രം' എന്ന വിഷയത്തെ അധികരിച്ച് ബി.ബി.സി.യില്‍ ചെയ്ത പ്രസംഗം ലോകശ്രദ്ധയാകര്‍ഷിച്ചു. 1954-ല്‍ അംബേദ്കര്‍ വീണ്ടും ബര്‍മ സന്ദര്‍ശിക്കുകയും മടങ്ങിയെത്തിയ ഉടന്‍ ബുദ്ധമത പ്രചരണാര്‍ഥം ബുദ്ധിസ്റ്റ് സൊസൈറ്റി ഒഫ് ഇന്ത്യ (1955) എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. 1956-ല്‍ അംബേദ്കര്‍ ബുദ്ധനും അദ്ദേഹത്തിന്റെ ധമ്മവും എന്ന ശ്രദ്ധേയമായ ഗ്രന്ഥം പൂര്‍ത്തിയാക്കി. 1956 ഒ. 14-ന് മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ ദീക്ഷാഭൂമിയില്‍ വച്ച് ആറു ലക്ഷത്തിലധികം അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിച്ചു. 1956 ന. 20-ന് നാലാമത് ലോകബുദ്ധിസ്റ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അംബേദ്കര്‍ നേപ്പാള്‍ സന്ദര്‍ശിച്ചു. സമ്മേളനത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗം പില്ക്കാലത്ത് ബുദ്ധിസവും കമ്യൂണിസവും എന്ന തലക്കെട്ടില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു.
ചിന്തകനും ഗവേഷകനുമായ ഡോ. അംബേദ്കര്‍ ശ്രദ്ധേയമായ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ്. ഇന്ത്യയിലെ ജാതികള്‍: യാന്ത്രികത, ഉദ്ഭവം, വികാസം; ശൂദ്രര്‍ ആരായിരുന്നു?; അയിത്തജാതിക്കാര്‍ ആരായിരുന്നു? അവര്‍ എങ്ങനെ അയിത്തജാതിക്കാരായി?; കോണ്‍ഗ്രസ്സും ഗാന്ധിയും അയിത്തജാതിക്കാര്‍ക്കുവേണ്ടി എന്തു ചെയ്തു?; പാകിസ്താനെക്കുറിച്ചുള്ള ചിന്തകള്‍; ജാതി നിര്‍മൂലനം; ഹിന്ദുമതത്തിലെ പ്രഹേളികകള്‍; ഹിന്ദുമതത്തിന്റെ തത്ത്വശാസ്ത്രം; ബുദ്ധനോ കാറല്‍ മാര്‍ക്സോ; വെയ്റ്റിംഗ് ഫോര്‍ എ വിസ (ആത്മകഥാകുറിപ്പുകള്‍); പ്രോബ്ളം ഒഫ് റുപ്പീസ്; ബുദ്ധനും അദ്ദേഹത്തിന്റെ ധമ്മവും തുടങ്ങിയവയാണ് അംബേദ്കറുടെ രചനകളില്‍ പ്രധാനപ്പെട്ടവ. മഹാരാഷ്ട്ര സര്‍ക്കാര്‍ അംബേദ്കറുടെ എഴുത്തുകളും പ്രസംഗങ്ങളും സമാഹരിച്ചു 18 വാല്യങ്ങളില്‍ (ഇംഗ്ളീഷ്) പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളം ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ ഒട്ടുമിക്ക പ്രാദേശിക ഭാഷകളിലേക്കും ഈ ഗ്രന്ഥ സമുച്ചയം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
1956 ഡി. 6-ന് ഡോ. അംബേദ്കര്‍ ഡല്‍ഹിയില്‍ അന്തരിച്ചു. ഡി. 7-ന് അദ്ദേഹത്തിന്റെ ഭൗതികശരീരം മുംബൈയിലെ ചൈത്യഭൂമിയില്‍ ബുദ്ധമതാചാരപ്രകാരം സംസ്കരിച്ചു. സംസ്കാര ചടങ്ങിനോടനുബന്ധിച്ച് അദ്ദേഹത്തോടുള്ള ആദരസൂചകമായി ഒരു ലക്ഷം പേര്‍ ബുദ്ധമതം സ്വീകരിച്ചു. 1991-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് മരണാനന്തര ബഹുമതിയായി ഡോ. അംബേദ്കര്‍ക്ക് ഭാരതരത്നം നല്‍കി ആദരിച്ചു.