This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആടുതൊടാപ്പാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:23, 23 നവംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആടുതൊടാപ്പാല

Birthwort

ഔഷധസസ്യം. അരിസ്റ്റൊലോക്കിയേസീ (Aristolochiaceae) സസ്യകുടുംബത്തില്‍​പ്പെടുന്നു. ശാ.നാ. അരിസ്റ്റൊലോക്കിയ ബ്രാക്റ്റിയേറ്റ (Aristolochia bracteata). സംസ്കൃതത്തില്‍ കീടമാരീ, ധൂമപത്രാ, നാകുലീ എന്നീ പേരുകളില്‍ അറിയപ്പെടുന്നു.

ആടുതൊടാപ്പാല

ഗംഗാതീരങ്ങളിലും, ഗുജറാത്ത്, ഡക്കാന്‍ എന്നീ പ്രദേശങ്ങളിലും, കേരളത്തിലെ അര്‍ധനിത്യഹരിതവനങ്ങളിലും സമൃദ്ധമായി വളരുന്ന ചിരസ്ഥായി ഓഷധിയാണ് ആടുതിന്നാപ്പാല, ആടുകൊട്ടാപാല എന്നീ പേരുകളിലും അറിയപ്പെടുന്ന ആടുതൊടാപ്പാല. ഇതിന്റെ നേര്‍ത്ത കാണ്ഡം 30-45 സെ.മീ. നീളത്തില്‍ പടര്‍ന്നു വളരുന്നു. ഇലകള്‍ 3.5-7 സെ.മീ. നീളമുള്ളതാണ്. ഹൃദയാകാരത്തിലുള്ള ഇലകള്‍ക്ക് നല്ല വീതിയുമുണ്ട്. ഏകാന്തരാന്യാസത്തിലാണ് ഇലകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇലകളുടെ കക്ഷ്യങ്ങളില്‍നിന്നും ഒറ്റയായി കടുംചുവപ്പു നിറത്തിലുള്ള പുഷ്പങ്ങളുണ്ടാകുന്നു. ജൂലാ. മുതല്‍ ഡി. വരെയാണ് പുഷ്പകാലം. കായ്കള്‍ 1-1.5 സെ.മീ. നീളമുള്ളതാണ്. ആയതാകാരമോ ദീര്‍ഘവൃത്താകാരമോ ഉള്ള കായ്കള്‍ മിനുസമുള്ളതും നെടുകെ ചാലുകളുള്ളതുമാണ്. വിത്തുമുഖേനയാണ് പ്രജനനം നടത്തുന്നത്. ആടുതൊടാപ്പാല സമൂലം ഔഷധയോഗ്യമാണ്. ഇതില്‍ ബാഷ്പശീലതൈലം, ആല്‍ക്കലോയിഡ്, പൊട്ടാസ്യം ക്ലോറൈഡ്, പൊട്ടാസ്യം നൈട്രേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. അരിസ്റ്റലോക്കിന്‍ എന്ന തിക്തപദാര്‍ഥവും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവ പിത്തം, വാതം, കഫം എന്നീ ത്രിദോഷങ്ങളെ നിയന്ത്രിക്കുന്നു.

ആടുതൊടാപ്പാലയുടെ എല്ലാ ഭാഗങ്ങള്‍ക്കും ഉഗ്രമായ കയ്പുരസമാണ്. ഒരു കൃമിനാശകൗഷധമായ ഇതിന് രോഗങ്ങളുടെ ആവര്‍ത്തനസ്വഭാവം തടയുന്നതിനും (periodicity of diseases) ആരോഗ്യം വീണ്ടെടുക്കുന്നതിനും കഴിവുണ്ടെന്നു കരുതപ്പെടുന്നു. ഇത് ഒരു ആര്‍ത്തവസ്രാവവര്‍ധനൗഷധമായും വിരേചനൗഷധമായും ഉപയോഗിക്കപ്പെടുന്നുണ്ട്. ഈ ചെടി ഉണക്കിപ്പൊടിച്ച് വെള്ളത്തിലിട്ട് ഉണ്ടാക്കുന്ന ശീതകഷായം ആര്‍ത്തവക്രമക്കേടുകള്‍ക്കും കൃമിശല്യത്തിനും നല്ല ഔഷധമാണ്. ഇതിന്റെ വേര് ഉണക്കിപ്പൊടിച്ച് ഉപയോഗിച്ചാല്‍ പ്രസവസമയത്ത് ഗര്‍ഭാശയത്തിന്റെ സങ്കോചവികാസങ്ങള്‍ വര്‍ധിക്കുന്നതാണ്. സിന്‍ഡില്‍ എര്‍ഗര്‍ട്ടിനു പകരം ഔഷധമായും ഇത് ഉപയോഗിക്കപ്പെടുന്നുണ്ട്. അനാര്‍ത്തവം, വിഷമാര്‍ത്തവം, വിഷമപ്രസവം, വയറുവേദന, ആന്ത്രശൂല, വിട്ടുവിട്ടുള്ള പനി, വിരദോഷം തുടങ്ങിയ രോഗങ്ങള്‍ക്ക് ഇത് ആവണക്കെണ്ണയുമായി ചേര്‍ത്തുകൊടുക്കുന്നു. സിഫിലിസ്, ഗൊണോറിയ, പലതരം ത്വഗ്രോഗങ്ങള്‍, പാമ്പിന്‍വിഷം എന്നിവയ്ക്കും ഇത് ഒരു ഔഷധമായി ഉപയോഗിക്കപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍