This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അസറ്റാല്‍ഡിഹൈഡ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അസറ്റാല്‍ഡിഹൈഡ്
Acetaldehyde
ഒരു ആലിഫാറ്റിക ആല്‍ഡിഹൈഡ്. എഥനാല്‍ (Ethanal) എന്നാണ് ഐ.യു.പി.എ.സി. നാമം. രാസഫോര്‍മുല, CH3.CHO. നിറമില്ലാത്തതും രൂക്ഷ ഗന്ധമുള്ളതുമായ ഒരു ബാഷ്പശീല ദ്രാവകമാണ് അസറ്റാല്‍ഡിഹൈഡ്. തിളനില 21°C; എളുപ്പം കത്തിപ്പിടിക്കും; ജലം, എഥനോള്‍, ഈഥര്‍ എന്നിവയിലെല്ലാം ലയിച്ചുചേരും.
എഥനോളിനെ പൊട്ടാസിയം ഡൈക്രോമേറ്റും സള്‍ഫ്യൂറിക് അമ്ലവും ഉപയോഗിച്ച് ഓക്സീകരിച്ചാണ് പരീക്ഷണശാലയില്‍ അസറ്റാല്‍ഡിഹൈഡ് ഉത്പാദിപ്പിക്കുന്നത്.
അസറ്റാല്‍ഡിഹൈഡ് വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നതിന് അനേകം മാര്‍ഗങ്ങളുണ്ട്. ഉദാഹരണമായി എഥനോള്‍ ബാഷ്പം 300°C-ല്‍ കോപ്പര്‍-ഉത്പ്രേരകത്തിനു മീതെ പ്രവഹിപ്പിച്ചും എഥനോള്‍ ബാഷ്പം വായുവുമായി മിശ്രണം ചെയ്ത് സില്‍വര്‍ ഉത്പ്രേരകത്തിനു മീതെ പ്രവഹിപ്പിച്ചും മെഥില്‍ വിനൈല്‍ ഈഥര്‍ ജലീയവിശ്ലേഷണവിധേയമാക്കിയും മെര്‍ക്കുറിക് സള്‍ഫേറ്റും (1%) സള്‍ഫ്യൂറിക് അമ്ലവും (40%) അടങ്ങുന്ന ജലത്തിലൂടെ 60°C-ല്‍ അസറ്റിലീന്‍ കുമിളകളായി കടത്തിവിട്ടും അസറ്റാല്‍ഡിഹൈഡ് വ്യാവസായികമായി നിര്‍മിക്കാം.
പലേഡിയം ക്ലോറൈഡിന്റെ സാന്നിധ്യത്തില്‍ എഥിലീന്റെ നേരിട്ടുള്ള ഓക്സീകരണം വഴിയും അസറ്റാല്‍ഡിഹൈഡ് ഉത്പാദിപ്പിക്കാറുണ്ട്.
വായുവില്‍ തുറന്നുവച്ചാല്‍ അസറ്റാല്‍ഡിഹൈഡ് സാവധാനം ഓക്സീകരിച്ച് അസറ്റിക് അമ്ളം (CH3COOH) ഉണ്ടാകുന്നു. ആല്‍ഡിഹൈഡുകളുടെ സാധാരണ അഭിക്രിയകള്‍ക്കു പുറമേ CH3CO - ഗ്രൂപ്പിന്റെ സാന്നിധ്യം കൊണ്ട് അസറ്റാല്‍ഡിഹൈഡ് ഹാലോഫോം അഭിക്രിയ(Haloform reaction)യിലും പോളിമറീകരണത്തിലും ഏര്‍പ്പെടുന്നു. അയഡിനും സോഡിയം ഹൈഡ്രോക്സൈഡും ചേര്‍ത്ത് ചൂടാക്കുമ്പോള്‍ അയഡോഫോമിന്റെ മഞ്ഞനിറത്തിലുള്ള പരലുകള്‍ ലഭ്യമാകുന്നു.
അമ്ലങ്ങളോ മറ്റു പദാര്‍ഥങ്ങളോ കൊണ്ട് ഉപചരിച്ചാല്‍ അസറ്റാല്‍ഡിഹൈഡ് പോളിമറീകരിക്കും. സാന്ദ്ര സള്‍ഫ്യൂറിക് അമ്ളം കൊണ്ടുപചരിച്ചാല്‍ മൂന്ന് അസറ്റാല്‍ഡിഹൈഡ് തന്മാത്രകള്‍ ചേര്‍ന്നു പോളിമറീകരിച്ച് പാരാല്‍ഡിഹൈഡ് എന്ന ദ്രവപദാര്‍ഥവും താഴ്ന്ന താപനിലകളില്‍ അമ്ലംകൊണ്ടുപചരിച്ചാല്‍ നാലു തന്മാത്രകള്‍ ചേര്‍ന്നു മെറ്റാല്‍ഡിഹൈഡ് എന്ന ഖരപദാര്‍ഥവും ഉണ്ടാകും.
പാരാല്‍ഡിഹൈഡ് ഒരു മോഹനനിദ്രാമരുന്നായും മെറ്റാല്‍ ഡിഹൈഡ് ഒരു ഖര ഇന്ധനമായും ഉപയോഗിച്ചുവരുന്നു.
ജലത്തില്‍ അലിയിച്ച ആല്‍ക്കലിയുടെ സാന്ദ്രലായനി കൊണ്ട് അസറ്റാല്‍ഡിഹൈഡ്. അല്പം ചൂടാക്കി പ്രവര്‍ത്തിപ്പിച്ചാല്‍ തീവ്രമായ അഭിക്രിയയുടെ ഫലമായി സവിശേഷ ഗന്ധവും തവിട്ടുനിറവുമുള്ള ഒരു മിശ്രിതം ലഭിക്കുന്നതാണ്. ഇത് ആല്‍ഡിഹൈഡ് റെസിന്‍ (aldehyde resin) എന്ന പേരില്‍ അറിയപ്പെടുന്നു.
അസറ്റാല്‍ഡിഹൈഡിന്റെ പ്രയോജനം വിപുലമാണ്. മൂക്കടപ്പു മാറ്റുന്നതിനുള്ള ആന്റിസെപ്റ്റിക ശ്വസനൌഷധമാണ് അസറ്റാല്‍ഡിഹൈഡ്, അസറ്റിക് അമ്ളം, അസറ്റിക് അന്‍ഹൈഡ്രൈഡ്, എഥനോള്‍, നോര്‍മല്‍ ബ്യൂട്ടനോള്‍, പാരാല്‍ഡിഹൈഡ്, മെറ്റാല്‍ഡിഹൈഡ്. റബ്ബര്‍ വള്‍ക്കനൈസ് ചെയ്യുന്നത് ത്വരിപ്പിക്കുന്ന അസറ്റാല്‍ഡിഹൈഡ് അമോണിയ, ഫിനോളിക റെസിനുകള്‍, സംശ്ലിഷ്ട-ഔഷധങ്ങള്‍ (synthetic drugs) എന്നിങ്ങനെ ഒട്ടുവളരെ പദാര്‍ഥങ്ങളുടെ നിര്‍മിതിയില്‍ ഇത് ഉപയോഗിക്കുന്നു. നോ: ആല്‍ഡിഹൈഡുകള്‍; കീറ്റോണുകള്‍; ആല്‍ഡോള്‍