This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍ഡ്രൂസ്, സി.എഫ്. (1871 - 1940)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:10, 22 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആന്‍ഡ്രൂസ്, സി.എഫ്. (1871 - 1940)

സി. എഫ്. ആന്‍ഡ്രൂസ്

ഇന്ത്യന്‍ സ്വാതന്ത്ര്യസമരനേതാവ്. 1871 ഫെ. 12-ന് ഇംഗ്ലണ്ടിലെ ന്യൂകാസില്‍ നഗരത്തില്‍ ചാള്‍സ് ഫ്രീയര്‍ ആന്‍ഡ്രൂസ് ജനിച്ചു. റവ. ജോണ്‍ എഡ്വിന്‍ ആന്‍ഡ്രൂസും മേരി ഷാര്‍ലെറ്റ് ആന്‍ഡ്രൂസും ആയിരുന്നു മാതാപിതാക്കള്‍. ബെര്‍മിങ്ഹാമിലെ കിങ് എഡ്വേര്‍ഡ് സ്കൂളില്‍ ആണ് ആന്‍ഡ്രൂസിന്റെ ആദ്യകാലവിദ്യാഭ്യാസം. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് 19-ാമത്തെ വയസ്സില്‍ ഇദ്ദേഹം കേംബ്രിജ് സര്‍വകലാശാലയിലെ പെംബ്രോക്ക് കോളജില്‍ ചേര്‍ന്നു. 1896-ല്‍ ഗ്രീക്കും ലാറ്റിനും ഐച്ഛികവിഷയമായി പഠിച്ച് ഒന്നാംക്ലാസ്സില്‍ പാസായി; അതിനുശേഷം വൈദികപഠനം തുടര്‍ന്നു. അക്കൊല്ലം തന്നെ ആന്‍ഡ്രൂസിന് ചര്‍ച്ച് ഒഫ് ഇംഗ്ലണ്ടിലെ വൈദികപ്പട്ടം ലഭിച്ചു. ദക്ഷിണ ലണ്ടനിലേക്കായിരുന്നു ആദ്യം ഇദ്ദേഹത്തെ നിയോഗിച്ചത്. ആരോഗ്യപരമായ കാരണങ്ങളാല്‍ 1899-ല്‍ ആന്‍ഡ്രൂസ് അന്നത്തെ ഉദ്യോഗത്തില്‍ നിന്നും വിരമിച്ച് കേംബ്രിഡ്ജില്‍ മതാധ്യാപനം നടത്തുന്ന കോളജില്‍ ഉദ്യോഗം സ്വീകരിച്ചു. അഞ്ചുവര്‍ഷത്തോളം ആ ജോലിയില്‍ തുടര്‍ന്നു. അപ്പോഴാണ് ഒരധ്യാപകജോലി സ്വീകരിക്കുവാനായി ഡല്‍ഹിക്കു പോകുവാനുള്ള ക്ഷണം ലഭിച്ചത്. 1904 ഫെ-ല്‍ സ്വിറ്റ്സര്‍ലണ്ട് വഴി ഇന്ത്യയിലേക്കു പുറപ്പെട്ടു. ആന്‍ഡ്രൂസ് ബോംബെയില്‍ എത്തിയ ദിവസം (1904 മാ. 29) തന്റെ 'ഇന്ത്യന്‍ ജന്മദിന'മായി ഇദ്ദേഹം ആഘോഷിക്കാറുണ്ടായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ ജോലിയില്‍ ചേര്‍ന്നു. കുറച്ചു കാലം ഉറുദുഭാഷ പഠിക്കുവാന്‍ ഇദ്ദേഹം സിംലയില്‍ ചെലവഴിച്ചു. അക്കാലത്ത് മൗലവി ഷംസുദ്ദീനുമായി ആന്‍ഡ്രൂസ് പരിചയപ്പെട്ടു. അദ്ദേഹത്തില്‍ നിന്നാണ് ഇസ്ലാംമതതത്ത്വങ്ങള്‍ ആന്‍ഡ്രൂസ് മനസ്സിലാക്കിയത്.

ഇന്ത്യയുടെ സുഹൃത്ത്. സിംലയ്ക്കടുത്തുള്ള സാനാവാറിലെ ഒരു സ്കൂളിലേക്ക് ആന്‍ഡ്രൂസിനെ മാറ്റി. ലാഹോറിലെ ബ്രിട്ടീഷ്പത്രമായ സിവില്‍ ആന്‍ഡ് മിലിറ്ററി ഗസറ്റില്‍ ഇന്ത്യയിലെ രാഷ്ട്രീയനേതാക്കളെ ആക്ഷേപിച്ചുകൊണ്ട് ഒരു ലേഖനം പുറത്തു വന്നു. അതിനു മറുപടിയായി ആന്‍ഡ്രൂസ് എഴുതി അയച്ച കത്ത് ആ പത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയപ്പോഴാണ് ആന്‍ഡ്രൂസിന്റെ പേരും സ്വഭാവവും ഇന്ത്യന്‍ ജനതയ്ക്ക് അറിയാന്‍ അവസരമുണ്ടായത്. 1906 ഡി.-ല്‍ കൊല്ക്കത്തയില്‍ വച്ച് ദാദാഭായ് നവ്റോജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ആന്‍ഡ്രൂസും സന്നിഹിതനായിരുന്നു. ഗോപാലകൃഷ്ണഗോഖലെ, കാളിചരണ്‍ ബാനര്‍ജി, രാമാനന്ദ ചാറ്റര്‍ജി, സുഭാഷ് ചന്ദ്രബോസ്, മദന്‍മോഹന്‍ മാളവ്യ, തേജ്ബഹദൂര്‍ സപ്രു മുതലായ നേതാക്കന്‍മാരുമായി ആന്‍ഡ്രൂസ് പരിചയപ്പെട്ടത് അവിടെവച്ചാണ്.

ഇന്ത്യക്കാരുടെ സുഹൃത്ത് എന്ന നിലയില്‍ ആന്‍ഡ്രൂസ് നേടിയ പ്രശസ്തി ഇദ്ദേഹത്തെ ഉയര്‍ന്ന ബ്രിട്ടീഷുദ്യോഗസ്ഥന്‍മാരുടെ ശത്രുവാക്കി. 1911 ജൂണില്‍ ഇംഗ്ലണ്ടില്‍ വച്ചാണ് ആന്‍ഡ്രൂസ് രബീന്ദ്രനാഥടാഗൂറിനെ ആദ്യമായി കണ്ടത്. ഇന്ത്യയില്‍ തിരിച്ചെത്തിയതിനുശേഷം ഡല്‍ഹിയില്‍ വച്ച് ആര്യസമാജം നേതാവായ സ്വാമി ശ്രാദ്ധാനന്ദനുമായി പരിചയപ്പെടുന്നതിന് ആന്‍ഡ്രൂസിന് അവസരമുണ്ടായി. 1913 മാ-ല്‍ ആണ് ആന്‍ഡ്രൂസ് ടാഗൂറിന്റെ ശാന്തിനികേതനം ആദ്യമായി സന്ദര്‍ശിച്ചത്. ഈ കാലഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ സുഹൃത്തായ ഹെന്‍റി പോളക്കിനെ ഡല്‍ഹിയില്‍ വച്ച് ആന്‍ഡ്രൂസ് കാണുവാനിടയായി. പോളക്കില്‍നിന്ന് അവിടത്തെ ഇന്ത്യക്കാരുടെ പ്രശ്നത്തിന്റെ ഗൗരവം നല്ലപോലെ മനസ്സിലാക്കുന്നതിന് ആന്‍ഡ്രൂസിനു കഴിഞ്ഞു. തന്റെ സമ്പാദ്യം മുഴുവനും ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ സമരത്തിന് ഇദ്ദേഹം സംഭാവന ചെയ്തു. തന്റെ ഒരു സുഹൃത്തായ വില്യംപിയേഴ്സനുമൊന്നിച്ച് ആന്‍ഡ്രൂസ്, 1914-ല്‍ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലെത്തി. ഏഴ് ആഴ്ചയോളം ഇദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ കഴിച്ചുകൂട്ടി. അവിടെവച്ച് ഗാന്ധിജിയുമായി അടുത്തിടപഴകാന്‍ ഇദ്ദേഹത്തിന് അവസരം ലഭിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നും തിരിച്ചുപോകുംവഴി, മൂന്നാഴ്ച ആന്‍ഡ്രൂസ് ഇംഗ്ലണ്ടില്‍ താമസിച്ചു. 1914 ഏ. 17-ന് ഇദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തി. ജൂണ്‍ മുതല്‍ ആന്‍ഡ്രൂസ് ശാന്തിനികേതനില്‍ അധ്യാപകവൃത്തിയിലേര്‍​പ്പെട്ടു.

ശാന്തിനികേതനില്‍. ഈ കാലത്ത് പുരോഹിതപദവി ഇദ്ദേഹം ഉപേക്ഷിച്ചു. 1915-ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നു വന്ന ഗാന്ധിജി കുറേ ദിവസം ശാന്തിനികേതനില്‍ വസിക്കുകയുണ്ടായി. 1915-ല്‍ ആന്‍ഡ്രൂസ്, ഫിജിയിലെ ഇന്ത്യന്‍ കരാര്‍കൂലി തൊഴിലാളികളുടെ സ്ഥിതി കണ്ടറിയുവാനായി അവിടേക്കു തിരിച്ചു. അഞ്ചാഴ്ചയോളം ഇദ്ദേഹം ഫിജിയില്‍ താമസിച്ച് സ്ഥിതിഗതികള്‍ മനസ്സിലാക്കി. ഫിജിയെപ്പറ്റി ആന്‍ഡ്രൂസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് 1916-ല്‍ പ്രസിദ്ധപ്പെടുത്തി. ഫിജിയില്‍ നിന്ന് മടങ്ങിവന്നശേഷം ശാന്തിനികേതനിലെ പ്രവര്‍ത്തനം തുടര്‍ന്നു. ടാഗൂറിന്റെ ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്തുന്നതില്‍ അദ്ദേഹത്തെ സഹായിക്കുന്നതിലായിരുന്നു ആന്‍ഡ്രൂസ് തന്റെ സമയമധികവും ഉപയോഗപ്പെടുത്തിയിരുന്നത്. കരാര്‍ കൂലിക്കാരുടെ സ്ഥിതി ഭേദപ്പെടുന്നില്ലെങ്കില്‍ ആ സമ്പ്രദായം നിര്‍ത്തല്‍ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭം ഇന്ത്യയിലാരംഭിച്ചു. ഗാന്ധിജി അതിനു നേതൃത്വം നല്കി. പ്രക്ഷോഭഫലമായി, കരാര്‍ കൂലിക്കാരെ ഇന്ത്യയില്‍ നിന്നു പുറത്തേക്ക് അയയ്ക്കുന്നത് യുദ്ധകാലത്തേക്ക് നിര്‍ത്തി വച്ചു.

ദീനബന്ധു. കൂലിക്കാരുടെ പ്രശ്നങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ ആന്‍ഡ്രൂസ് ഒരിക്കല്‍ക്കൂടി ഫിജിയിലേക്കു പോയി. കരാര്‍കൂലി സമ്പ്രദായം തീരെ നിര്‍ത്തലാക്കിയ വാര്‍ത്ത അവിടെ വച്ച് ഇദ്ദേഹം അറിഞ്ഞു. ഫിജിയില്‍ താമസിച്ചിരുന്ന കാലത്ത് ഇന്ത്യക്കാരുടെ കൂടെയാണ് ഇദ്ദേഹം വസിച്ചിരുന്നത്. ഇവരാണ് 1917-ല്‍ ആന്‍ഡ്രൂസിനെ 'ദീനബന്ധു' എന്ന് ആദ്യമായി വിളിച്ചത്.

പഞ്ചാബിലെ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുവാനായി 1919-ല്‍ കോണ്‍ഗ്രസ് മദന്‍മോഹന്‍ മാളവ്യയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റിയില്‍ ആന്‍ഡ്രൂസും അംഗമായിരുന്നു. പഞ്ചാബിലെ ജോലി പൂര്‍ത്തിയാക്കുന്നതിനു മുന്‍പായി ആന്‍ഡ്രൂസിന് ഈസ്റ്റ് ആഫ്രിക്കയിലേക്കും ഉഗാണ്ടയിലേക്കും പോകേണ്ടിവന്നു. 1920 മേയ് മുതല്‍ 1921 ജൂണ്‍ വരെ ടാഗൂര്‍ വിദേശപര്യടനത്തിലായിരുന്നപ്പോള്‍ ശാന്തിനികേതനിന്റെ ചുമതല ആന്‍ഡ്രൂസിനായിരുന്നു. 1921-ല്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരമാരംഭിച്ചപ്പോള്‍ ആന്‍ഡ്രൂസും അതില്‍ താത്പര്യം പ്രകടിപ്പിച്ചു. 1921-ലെ മലബാര്‍ കലാപത്തിന്റെ ഫലമായി ദുരിതം അനുഭവിച്ചിരുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്കുവാന്‍ ആന്‍ഡ്രൂസ് അവിടെയും എത്തി.

ഗാന്ധിജി 1924-ല്‍ ജയില്‍വിമുക്തനായപ്പോള്‍ അദ്ദേഹവുമായി ആന്‍ഡ്രൂസ് കൂടുതല്‍ ബന്ധപ്പെട്ടു. രണ്ടു മാസത്തോളം ഗാന്ധിജിയൊന്നിച്ച് ആന്‍ഡ്രൂസ് ജൂഹുവില്‍ താമസിച്ചു. 1924-ലെ വൈക്കം സത്യാഗ്രഹത്തില്‍ ആന്‍ഡ്രൂസ് സജീവമായ പങ്കുവഹിച്ചു. ഈ കാലത്ത് യംഗ് ഇന്ത്യയുടെ പ്രസിദ്ധീകരണത്തില്‍ ഗാന്ധിജിയെ സഹായിക്കുന്നതിനും ഇദ്ദേഹത്തിനു കഴിഞ്ഞു. ടാഗൂറുമൊന്നിച്ച് മലയ, ബര്‍മ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ സഞ്ചരിച്ച് വിശ്വഭാരതിക്കുവേണ്ട ധനം ശേഖരിക്കുന്നതില്‍ അദ്ദേഹവുമായി സഹകരിച്ചു. ഇന്ത്യയിലെത്തിയ ആന്‍ഡ്രൂസ് വീണ്ടും ശാന്തിനികേതനില്‍ അധ്യാപകനായി. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ ചില അടിയന്തരാവശ്യങ്ങള്‍ നിറവേറ്റുവാനായി ആന്‍ഡ്രൂസ് അവിടേക്കു പോയി.

1926 ഏ.-ല്‍ ഇന്ത്യയിലേക്കു മടങ്ങിയെങ്കിലും അതേവര്‍ഷം സെപ്.-ല്‍ ആന്‍ഡ്രൂസ് വീണ്ടും ദക്ഷിണാഫ്രിക്കയിലേക്കു പോയി. ഡര്‍ബന്‍ പട്ടണത്തില്‍ ഇന്ത്യക്കാര്‍ വസിക്കുന്ന സ്ഥലങ്ങളില്‍ പിടിപെട്ടിരുന്ന വസൂരി തടയുന്നതിലും രോഗികളെ ശുശ്രൂഷിക്കുന്നതിലും ആയിരുന്നു ഇദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞത്. ദക്ഷിണാഫ്രിക്കയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കിയശേഷം 1927 ആഗ.-ല്‍ ആന്‍ഡ്രൂസ് ഇന്ത്യയിലേക്കു മടങ്ങി. ബോംബെ കോര്‍പ്പറേഷന്‍ ഒരു പൗരസ്വീകരണം നല്കി ഇദ്ദേഹത്തെ ആദരിച്ചു. ഇന്ത്യയിലെ തൊഴിലാളികളുടെ സംഘടിതശക്തി ഉറപ്പിക്കുന്നതിലായിരുന്നു ഇദ്ദേഹത്തിന്റെ ശ്രദ്ധ അടുത്തതായി പതിഞ്ഞത്. മുന്‍പുതന്നെ അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്ന ആന്‍ഡ്രൂസിനെ (1925) 1927-ല്‍ വീണ്ടും ആ സ്ഥാനത്തേക്കു തെരഞ്ഞെടുത്തു. ഈ കാലത്ത് ഇന്ത്യക്കാരുടെ സ്വഭാവത്തെയും സംസ്കാരത്തെയും ആചാരസമ്പ്രദായങ്ങളെയും അവഹേളിച്ചുകൊണ്ട് മിസ് മേയോ രചിച്ച മദര്‍ ഇന്ത്യ വലിയ ഒച്ചപ്പാടുണ്ടാക്കി. അതിനെതിരായി പ്രചാരവേല നടത്താന്‍ ആന്‍ഡ്രൂസ് ഇംഗ്ലണ്ടിലും യു.എസ്സിലും സഞ്ചരിച്ചു; 1929 ജനു.-ല്‍ യു.എസ്സില്‍ വച്ച് മിസ് മേയോയെ സന്ദര്‍ശിച്ച് സംഭാഷണം നടത്തി. കാനഡയും ബ്രിട്ടീഷ് ഗിനിയയും ഈ യാത്രയില്‍ ആന്‍ഡ്രൂസ് സന്ദര്‍ശിച്ചിരുന്നു. 1930 ഏ.-ല്‍ ആന്‍ഡ്രൂസ് യു.എസ്സില്‍ നിന്നും ഇംഗ്ലണ്ടിലേക്കു മടങ്ങി. രണ്ടാം വട്ടമേശസമ്മേളനത്തില്‍ (1931) പങ്കെടുക്കാന്‍ വന്ന ഗാന്ധിജിക്ക്, എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തത് ആന്‍ഡ്രൂസായിരുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജിയെ 1932 ജനു. 7-ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് ബന്ധനസ്ഥനാക്കി എന്നറിഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്കയിലായിരുന്ന ആന്‍ഡ്രൂസ് ഇന്ത്യയിലെത്തി. പുതിയ വൈസ്രോയ് വെല്ലിങ്ടണ്‍ പ്രഭു സ്വാതന്ത്ര്യപ്രസ്ഥാനത്തെ അടിച്ചമര്‍ത്തുന്നതിന് കര്‍ശനനടപടികളാരംഭിച്ചു. ഡല്‍ഹിയില്‍ നിന്നു പുറത്തുപോകാന്‍ പാടില്ലെന്ന് ആന്‍ഡ്രൂസിന്റെ മേലും നിരോധനം ഏര്‍​പ്പെടുത്തി. കുറേദിവസം കഴിഞ്ഞ് ഇന്ത്യയിലെ സ്ഥിതിഗതികള്‍ ബ്രിട്ടീഷ് രാജ്യതന്ത്രജ്ഞന്‍മാരെയും ജനങ്ങളെയും അറിയിക്കാന്‍ ഇദ്ദേഹം ഇംഗ്ലണ്ടിലേക്കു പുറപ്പെട്ടു. ഗാന്ധിജി യര്‍വാദാ ജയിലില്‍ ഉപവാസമാരംഭിച്ചത് ആ ഘട്ടത്തിലായിരുന്നു. 1934-ല്‍ ബിഹാര്‍ ഭൂകമ്പംമൂലമുണ്ടായ നാശനഷ്ടങ്ങളുടെ പരിഹാരത്തിനായി ഇംഗ്ലണ്ടില്‍ പല സ്ഥലങ്ങളിലും സഞ്ചരിച്ച് ഇദ്ദേഹം ധനം സംഭരിച്ചു. 1938 ഡി.-ല്‍ ചെന്നൈയിലെ താംബരത്തു ചേര്‍ന്ന അഖിലലോകക്രൈസ്തവസമ്മേളനത്തില്‍ ആന്‍ഡ്രൂസ് പങ്കെടുത്തു. ക്രിസ്തുവിന്റെ ജീവിതം എന്ന ഗ്രന്ഥത്തിന്റെ രചന ആരംഭിച്ചെങ്കിലും അതു പൂര്‍ത്തിയാക്കാന്‍ കഴിയാതെ 1940 ഏ. 5-ന് ആന്‍ഡ്രൂസ് കൊല്ക്കത്തയില്‍ അന്തരിച്ചു. ഇദ്ദേഹത്തിന്റെ അന്തിമാഭിലാഷപ്രകാരം മൃതശരീരം കൊല്ക്കത്തയില്‍ത്തന്നെ സംസ്കരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍