This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അള്‍ട്രാസൗണ്ട് സ്കാനിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:42, 24 നവംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അള്‍ട്രാസൗണ്ട് സ്കാനിങ്

Ultrasound scanning

ഒരു ആധുനികരോഗനിര്‍ണയോപാധി. മനുഷ്യരില്‍ ഒളിഞ്ഞിരിക്കുന്ന രോഗങ്ങള്‍ കണ്ടെത്താന്‍ ശബ്ദതരംഗങ്ങള്‍ ഉപയോഗപ്പെടുത്താനാരംഭിച്ചത് 1960-കളിലാണ്. ഏറ്റവും അപകടരഹിതമായ രോഗനിര്‍ണയോപാധി എന്ന നിലയില്‍ ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യങ്ങള്‍ കണ്ടെത്തുന്നതിലും മറ്റും അള്‍ട്രാസൌണ്ട് സ്കാനിങ് ഏറെ പ്രയോജനപ്പെടുന്നു. ഡോക്ടര്‍മാര്‍ കാണാതെ ചികിത്സിച്ചിരുന്ന ഒരു വിഭാഗം നേരില്‍ കണ്ട് ചികിത്സ നിശ്ചയിക്കാവുന്ന അവസ്ഥയിലാകുന്നു എന്നതാണ് ഇതിന്റെ വലിയൊരു മേന്മ.

അള്‍ട്രാസൗണ്ട് സ്കാനിങ് ഉപകരണത്തിനു മൂന്നു ഭാഗങ്ങളുണ്ട്. രോഗിയുടെ ശരീരത്തില്‍ വയ്ക്കുന്ന ചെറിയ ഉപകരണമായ ട്രാന്‍സ്ഡ്യൂസര്‍ (Transducer), മുഖ്യയന്ത്രം, മോണിറ്റര്‍ എന്നിവ. ശബ്ദതരംഗങ്ങളുടെ പ്രതിഫലനശേഷിയാണ് അള്‍ട്രാസൗണ്ട് സ്കാനിങ്ങിന്റെ അടിസ്ഥാനതത്ത്വം. ശരീരത്തിലേക്കു കടത്തിവിടുന്ന ശബ്ദതരംഗങ്ങള്‍ ഏറെക്കുറെ പ്രതിഫലിച്ചു മടങ്ങിവരും. അവയെ പിടിച്ചെടുത്ത് ഒരു ചിത്രമാക്കിമാറ്റിയെടുക്കലാണ് സ്കാനിങ് മെഷീന്‍ ചെയ്യുന്നത്. ശബ്ദതരംഗങ്ങളുടെ സ്വഭാവം അവയുടെ തരംഗദൈര്‍ഘ്യത്തിനനുസരിച്ചു മാറിക്കൊണ്ടിരിക്കും. അള്‍ട്രാസൗണ്ട് എന്നത് 20,000 ഹെര്‍ട്സില്‍ കൂടുതല്‍ ആവൃത്തിയുള്ള ശബ്ദമാണ്. ഇതു നമുക്ക് കേള്‍ക്കാനാവില്ല. ഗര്‍ഭസ്ഥശിശുവിനെയും മറ്റും കാണാനുപയോഗിക്കുന്നത് 2.5 3 Hz ആവൃത്തിയുള്ള ശബ്ദവീചികളാണ്. രോഗനിര്‍ണയത്തിനു 10MHz വരെയുള്ള തരംഗങ്ങളേ ഉപയോഗിക്കാറുള്ളു. ഇവ ശരീരത്തില്‍ ചെറിയ ദോഷങ്ങള്‍പോലും ഉണ്ടാക്കില്ല. പാര്‍ശ്വഫലങ്ങളും ഇല്ല. ഗര്‍ഭസ്ഥശിശുവിനെ കാണുന്നതോടൊപ്പം ധമനികളിലൂടെ പ്രവഹിക്കുന്ന രക്തത്തിന്റെ ഒഴുക്കും അതിന്റെ തീക്ഷ്ണതയുമൊക്കെ കണ്ടുപിടിക്കാന്‍ പറ്റിയ കളര്‍ ഡോപ്ളര്‍ സംവിധാനവും ഇന്നുണ്ട്. ഇത്തരം കാരണങ്ങളാല്‍ അള്‍ട്രാസൗണ്ട് സ്കാനിങ് രോഗനിര്‍ണയോപാധി എന്ന നിലയില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നായിട്ടുണ്ട്. സ്ത്രീരോഗസംബന്ധമായ പ്രശ്നങ്ങളിലും ഗര്‍ഭ, പ്രസവ സംബന്ധമായ ആവശ്യങ്ങള്‍ക്കുമാണ് അള്‍ട്രാസൗണ്ട് സ്കാനിങ് ഇന്ന് ഏറ്റവും ഉപയോഗപ്പെടുത്തുന്നത്.

[[Image: ആധുനികസംവിധാനങ്ങളായ സി.ടി. സ്കാന്‍, എം.ആര്‍.ഐ. എന്നിവയെ അപേക്ഷിച്ച് വളരെ ചെലവുകുറഞ്ഞതും എളുപ്പത്തില്‍ ലഭ്യമാകുന്നതുമാണ് അള്‍ട്രാസൗണ്ട് സ്കാനിങ്. എക്സ്റേ കിരണങ്ങള്‍പോലെ ശരീരകലകള്‍ക്കു ക്ഷതം സംഭവിക്കുന്നില്ല എന്നതും ഇതിന്റെ ഒരു പ്രധാന ഗുണമാണ്. ശരീരാന്തര്‍ഭാഗത്തിന്റെ തത്സമയചിത്രങ്ങള്‍തന്നെ ലഭിക്കുന്നതിനാല്‍ നിശ്ചലചിത്രങ്ങളെക്കാള്‍ ഉപയോഗപ്രദമാകുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്. സ്ക്രീനില്‍ കാണുന്ന പ്രതിഫലനങ്ങളുടെ വിശകലനം നടത്തി രോഗനിര്‍ണയം ചെയ്യുന്നതിനാല്‍ സ്കാനിങ് നടത്തുന്നഡോക്ടറുടെ പരിചയവും വിജ്ഞാനവും ഏറ്റവും പ്രധാനമാണ്.

സാങ്കേതികവിദ്യയിലുണ്ടായ നൂതന പ്രവണതകള്‍ അള്‍ട്രാസൗണ്ട് സ്കാനിങ്ങിന്റെ പ്രയോഗത്തിലും വളരെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ചലനാവസ്ഥയിലുള്ള പ്രതലത്തില്‍നിന്നും പ്രതിഫലിക്കുന്ന ശബ്ദതരംഗങ്ങള്‍ക്കുണ്ടാകുന്ന ആവൃത്തിവ്യതിയാനം ഡോപ്ളര്‍ പ്രഭാവം എന്നറിയപ്പെടുന്നു. ഈ വ്യതിയാനത്തെ വര്‍ണവത്കരിച്ച് രക്തപ്രവാഹത്തിന്റെ ഗതിയും വേഗതയും ഏറ്റക്കുറച്ചിലും അറിയാന്‍ ഉപയോഗിക്കുന്ന രീതിയാണ് കളര്‍ ഡോപ്ളര്‍ സംവിധാനം. വ്യത്യസ്തകലകളെ കൂടുതല്‍ വ്യക്തതയോടെ കാണാന്‍ സാധിക്കുന്നതിന് അള്‍ട്രാസൗണ്ട് കോണ്‍ട്രാസ്റ്റുകള്‍ ഉപയോഗിക്കുന്നു.

നവജാതശിശുക്കളുടെ തലച്ചോറിന്റെ വൈകല്യങ്ങള്‍, തലച്ചോറിലെ രക്തസ്രാവം തുടങ്ങിയവ അറിയുവാന്‍, തൈറോയ്ഡ് ഗ്രന്ഥിയിലെ മുഴകള്‍ മനസ്സിലാക്കാന്‍, ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും ആവരണങ്ങളില്‍ നീരുവന്നു നിറയുന്നതറിയാന്‍, നെഞ്ചിന്റെ ഉപരിതലത്തിലെ മുഴകള്‍ പരിശോധിക്കാന്‍, കണ്ണുകളിലുണ്ടാകുന്ന രക്തസ്രാവം, ആന്തരപടലങ്ങളുടെ രോഗങ്ങള്‍ തുടങ്ങിയവ കണ്ടുപിടിക്കാന്‍ എല്ലാം അള്‍ട്രാസൗണ്ട് സ്കാനിങ് പ്രയോജനപ്പെടുന്നു. സ്തനങ്ങളിലുണ്ടാകുന്ന മുഴകളുടെ സ്വഭാവം നിര്‍ണയിക്കാനും ഇത് ഉപയോഗിക്കുന്നു. ഉദരാന്തരവയവങ്ങളുടെ രോഗനിര്‍ണയത്തിനാണ് അള്‍ട്രാസൗണ്ട് സ്കാനിങ് ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്. കരള്‍രോഗങ്ങള്‍, അമീബാ ബാധയോടൊപ്പമുള്ള നീര്‍ക്കെട്ട് എന്നിവ തിരിച്ചറിയാനും, കരളില്‍ ക്യാന്‍സര്‍ വ്യാപിക്കുന്നത് അറിയാനും, ക്യാന്‍സര്‍ ഇതരമുഴകള്‍ വേര്‍തിരിച്ചറിയാനും, പിത്താശയത്തിലെ കല്ലുകള്‍, ക്യാന്‍സറുകള്‍ തുടങ്ങിയവ കണ്ടെത്താനും പാന്‍ക്രിയാസ് ക്യാന്‍സര്‍, പാന്‍ക്രിയാറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ കണ്ടുപിടിക്കാനും അള്‍ട്രാസൗണ്ട് സ്കാനിങ് ഉപയോഗിക്കുന്നു. ഗര്‍ഭാശയം, അണ്ഡാശയം, അണ്ഡനാളം മുതലായ അവയവങ്ങളിലെ രോഗങ്ങള്‍ മനസ്സിലാക്കുവാനും ഇതുപയോഗിക്കുന്നുണ്ട്. ഗര്‍ഭിണികളില്‍ അള്‍ട്രാസൗണ്ട് സ്കാന്‍ വളരെയധികം ഉപയോഗപ്രദമാണ്. റേഡിയേഷന്‍ മൂലമുണ്ടാകുന്ന കുഴപ്പങ്ങള്‍ ഇല്ല എന്നത് അള്‍ട്രാസൗണ്ട് സ്കാന്‍ ഗര്‍ഭാവസ്ഥയില്‍ ഉപയോഗിക്കാന്‍ പ്രേരകമായ ഒരു വസ്തുതയാണ്. സ്ത്രീവന്ധ്യതയുടെ കാരണം കണ്ടുപിടിക്കുന്നതിനും അള്‍ട്രാസൗണ്ട് പരിശോധനയ്ക്ക് വളരെ പ്രമുഖമായ സ്ഥാനമുണ്ട്. വൃക്കകളുടെ വൈകല്യങ്ങള്‍, മുഴകള്‍, കല്ലുകള്‍ എന്നിവയും വൃക്കനാളിയിലുണ്ടാകുന്ന തടസ്സങ്ങളും കണ്ടുപിടിക്കുവാന്‍ അള്‍ട്രാസൌണ്ട് സ്കാന്‍ വളരെ പ്രയോജനകരമാണ്. വൃക്കമാറ്റിവയ്ക്കല്‍, കരള്‍ മാറ്റിവയ്ക്കല്‍ മുതലായ ജീവന്‍രക്ഷാ ഓപ്പറേഷനുകളെ തുടര്‍ന്നുള്ള പരിശോധനകളിലും അള്‍ട്രാസൗണ്ട് സ്കാന്‍, ഡോപ്ളര്‍ സ്കാന്‍ എന്നിവയ്ക്കു വളരെ പ്രാധാന്യമുണ്ട്. ഹൃദയത്തിന്റെയും രക്തധമനികളുടെയും വിവിധതരം രോഗങ്ങള്‍ കണ്ടുപിടിക്കാന്‍ അള്‍ട്രാസൗണ്ട് സ്കാനിങ്ങിന്റെ വകഭേദങ്ങളായ ഇക്കോകാര്‍ഡിയോഗ്രാഫി, ഡോപ്ളര്‍ സ്കാന്‍ എന്നിവ ഫലപ്രദമാണ്. രക്തധമനികളിലെ തടസ്സങ്ങളും രക്തയോട്ടത്തിലെ വ്യതിയാനങ്ങളും ഡോപ്ളര്‍ സ്കാന്‍ ഉപയോഗിച്ച് കണ്ടുപിടിക്കാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍