This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരിയോപജിറ്റിക
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അരിയോപജിറ്റിക
Areopagitica
ഇംഗ്ലീഷ് കവിയായ ജോണ്‍ മില്‍ടണ്‍ മുദ്രണസ്വാതന്ത്ര്യത്തിനുവേണ്ടി 1644 ന. 25-ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രൗഢഗംഭീരമായ പ്രബന്ധം. (പ്രാചീന ആഥന്‍സിലെ സമുന്നത നീതിപീഠമായിരുന്ന അരിയോപാഗസില്‍ ഐസൊക്രെറ്റിസ് തുടങ്ങിയ വാഗ്മികള്‍ നടത്തിയിരുന്ന പ്രഭാഷണങ്ങളെ വിശേഷിപ്പിക്കാന്‍ 'അരിയോപാജിറ്റിക്കല്' എന്ന പദം പാശ്ചാത്യഭാഷകളില്‍ ഉപയോഗിച്ചുവരുന്നു). ലോംഗ് പാര്‍ലമെന്റ് സ്റ്റാര്‍ ചേംബര്‍ നിര്‍ത്തലാക്കിയതോടുകൂടി (1641) സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ ദുര്‍ബലമാവുകയും ലൈസന്‍സില്ലാത്ത ഗ്രന്ഥങ്ങളുടെ സംഖ്യ ക്രമാധികം വര്ധിക്കയും ചെയ്തു. ഇതു പാര്‍ലമെന്റിനു തന്നെ വലിയ അലോസരത്തിനു കാരണമായി. നഷ്ടപ്പെട്ട നിയന്ത്രണം വീണ്ടെടുക്കുന്നതിനും സ്വാധികാരം നിലനിര്‍ത്തുന്നതിനുംവേണ്ടി പാര്‍ലമെന്റ് ലൈസന്‍സിങ് പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് 1643 ജൂണ്‍ 14-ന് ഒരു പുതിയ ഓര്‍ഡിനന്‍സ് പാസാക്കി. 1644 ആഗ.-ല്‍ സ്റ്റേഷനേഴ്സ് കമ്പനി (മാസ്റ്റര്‍ പ്രിന്റര്‍മാരുടെ ഗില്‍ഡ്) ഈ ഓര്‍ഡിനന്‍സ് നിഷ്കൃഷ്ടമായി നടപ്പാക്കണമെന്ന ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചു. സെന്‍സര്‍ഷിപ്പു നിയമം ലംഘിക്കപ്പെടുന്നുണ്ടെന്നും ജോണ്‍ മില്ടന് നിയമലംഘകന്മാരില് ഒരാളാണെന്നും അവര്‍ വാദിച്ചു. വിവാഹമോചനം സംബന്ധിച്ച് ഇദ്ദേഹം പ്രസിദ്ധീകരിച്ച പ്രക്ഷോഭജനകമായ രണ്ടു ലഘുലേഖകള്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഇദ്ദേഹം അരിയോപജിറ്റിക എന്ന ശീര്‍ഷകത്തിലുള്ള തന്റെ പ്രബന്ധം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
വിശാലദര്ശനമുള്ള ഒരു പണ്ഡിതന്റെയും കവിയുടെയും ഗ്രന്ഥപ്രേമിയുടെയും ദൃഢസ്വരം ഇതില്‍ ശാശ്വതീകരിക്കപ്പെട്ടിരിക്കുന്നു. പുസ്തകങ്ങള്‍ വെറും അചേതനവസ്തുക്കളല്ലെന്നും ഏതൊരാത്മാവില്‍ നിന്നാണോ അവ ജന്മമെടുക്കുന്നത് ആ ആത്മാവിന്റേതിനു സദൃശമായ ഒരു ചൈതന്യം അവയില്‍ കുടികൊള്ളുന്നുണ്ടെന്നും ഒരു പുസ്തകം നശിപ്പിക്കുന്നത് ഒരു മനുഷ്യനെ നശിപ്പിക്കുന്നതിനു സമമാണെന്നും മനുഷ്യഘാതകന് വിവേകിയായ ഒരു മനുഷ്യനെയാണ് നശിപ്പിക്കുന്നതെങ്കില്‍ സദ്ഗ്രന്ഥസംഹാരി വിവേകത്തെയാണ് നശിപ്പിക്കുന്നതെന്നും ഇദ്ദേഹം ഇതിലൂടെ വാദിച്ചു. ശബ്ദാര്‍ഥ ചമത്കൃതിയും ആക്ഷേപഹാസ്യവും സമൃദ്ധമായി ഇണങ്ങിയിട്ടുള്ള ഈ കൃതിക്ക് പണ്ട് അഥീനിയന്‍ ജനപ്രതിനിധിസഭയില്‍ വിദഗ്ധ വാഗ്മികള്‍ ചെയ്തിരുന്ന ക്ലാസ്സിക്കല്‍ പ്രസംഗങ്ങളുടെ മഹത്ത്വവും ഗാംഭീര്യവും കൈവന്നിട്ടുണ്ട്.