This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരവിഡുവംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:07, 3 ഒക്ടോബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അരവിഡുവംശം

വിജയനഗരസാമ്രാജ്യം ഭരിച്ചിരുന്ന ഒരു രാജവംശം. രാമരായര്‍ സ്ഥാപിച്ച ഈ രാജവംശത്തിന് പ്രശസ്തിയും പ്രാബല്യവും കൈവരുത്തിയത് ഇദ്ദേഹത്തിന്റെ സഹോദരനായ തിരുമലയാണ്. അരവിഡുവംശത്തിന്റെ ആസ്ഥാനം പെനുക്കൊണ്ട (Penukonda) യാക്കിയതും തിരുമലയാണ്.

തിരുമല. തളിക്കോട്ട യുദ്ധത്തോടെ (1565) വിജയനഗരസാമ്രാജ്യം അധഃപതിച്ചു. രാമരായര്‍ യുദ്ധത്തില്‍ വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ആറു വര്‍ഷക്കാലം ഡെക്കാനില്‍ അരാജകാവസ്ഥയായിരുന്നു. ഈ രാഷ്ട്രീയ അനിശ്ചിതാവസ്ഥയില്‍ തിരുമല രാജാവായിത്തീര്‍ന്നു. പുതിയ രാജാവിനു വളരെയേറെ പ്രതിബന്ധങ്ങള്‍ തരണം ചെയ്യേണ്ടിവന്നു. അന്നു നിലവിലിരുന്ന രാഷ്ട്രീയാസ്വസ്ഥതകള്‍ക്കിടയില്‍ മധുര, തഞ്ചാവൂര്‍, ജിഞ്ചി എന്നിവിടങ്ങളിലെ സാമന്തന്മാരായിരുന്ന നായിക്കന്മാര്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. കൂടാതെ രാമരായരുടെ മകനായ പെഡാ തിരുമല (തിമ്മ) പിതൃസഹോദരനായ തിരുമലയ്ക്കെതിരായി തിരിഞ്ഞു. ബിജാപ്പൂരിലെ സുല്‍ത്താനായ അലി ആദില്‍ഷ പെഡായെ സഹായിക്കുകയും ചെയ്തു. ഈ അപകടസന്ധിയില്‍ തിരുമല നിസാംഷായുടെ സഹായം അഭ്യര്‍ഥിച്ചു. നിസാംഷാ ബിജാപ്പൂര്‍ ആക്രമിച്ച് അലി ആദില്‍ഷയെ പെനുക്കൊണ്ടയില്‍നിന്നും പിന്തിരിപ്പിച്ചു (1567). എന്നാല്‍ അടുത്തവര്‍ഷം അലി ആദില്‍ഷ അഹമ്മദ്നഗരം, ഗോല്‍ക്കൊണ്ട എന്നീ രാജ്യങ്ങളിലെ ഭരണാധിപന്മാരുടെ സഹായത്തോടെ അഡോനിയും പെനുക്കൊണ്ടയും ആക്രമിക്കുകയും അഡോനി പിടിച്ചെടുക്കുകയും ചെയ്തു. രാജ്യത്തിന്റെ ദക്ഷിണഭാഗത്തുള്ള നായിക്കന്മാരുടെ സ്വാതന്ത്ര്യം തിരുമല അംഗീകരിച്ചു. ശേഷിച്ച ഭാഗങ്ങളേ തിരുമലയ്ക്കു ഭരിക്കാന്‍ കഴിഞ്ഞിരുന്നുള്ളു. മൈസൂറിലെ വൊഡയാറും വെല്ലൂര്‍, കേലാടി എന്നിവിടങ്ങളിലെ നായിക്കന്മാരും തിരുമലയുടെ അധീശാധികാരം അംഗീകരിച്ചിരുന്നു.

തിരുമല രാജ്യത്തെ മൂന്നായി വിഭജിച്ച് ഓരോ ഭാഗത്തിലും പ്രതിപുരുഷന്മാരായി തന്റെ പുത്രന്മാരെ നിയമിച്ചു. പെനുക്കൊണ്ട ആസ്ഥാനമാക്കി, തെലുഗുപ്രദേശം മുഴുവന്‍ തിരുമലയുടെ ഒരു പുത്രനായ ശ്രീരംഗന്‍ ഭരിച്ചു. ശ്രീരംഗപട്ടണം ആസ്ഥാനമാക്കി കന്നടപ്രദേശം മുഴുവനും രണ്ടാമത്തെ പുത്രനായ രാമനും ഭരിക്കാന്‍ തുടങ്ങി. 1570-ല്‍ തിരുമല ചക്രവര്‍ത്തിയായി കിരീടധാരണം നടത്തി. രണ്ടുവര്‍ഷം കഴിഞ്ഞ് ചക്രവര്‍ത്തിസ്ഥാനം സ്വമേധയാ പുത്രനായ ശ്രീരംഗന്‍ I-ന് നല്കി. 1572 മുതല്‍ 1585 വരെ രാജ്യം ഭരിച്ചത് ശ്രീരംഗന്‍ ക ആയിരുന്നു.

വെങ്കടന്‍ II. ശ്രീരംഗന്റെ നിര്യാണാനന്തരം അദ്ദേഹത്തിന്റെ ഇളയ സഹോദരനായ വെങ്കടന്‍ II (വെങ്കടപതി ദേവരായ) രാജാവായി. അരവിഡുവംശത്തിലെ ഏറ്റവും പ്രശസ്ത രാജാവായ വെങ്കടന്‍ 28 വര്‍ഷം (1585-1613) രാജ്യം ഭരിച്ചു. ഈ കാലഘട്ടത്തില്‍ നഷ്ടപ്പെട്ട ശക്തിയും പ്രതാപൈശ്വര്യങ്ങളും അദ്ദേഹം പുനഃസ്ഥാപിച്ചു. എല്ലാ ആഭ്യന്തര കലാപങ്ങളും അദ്ദേഹം അടിച്ചമര്‍ത്തി. സാമ്പത്തികോന്നതി കൈവരുത്താന്‍ സഹായകമായ പല പദ്ധതികളും ആവിഷ്കരിച്ചു നടപ്പിലാക്കി. ഗോല്‍ക്കൊണ്ട സുല്‍ത്താനുമായുള്ള യുദ്ധത്തിനുശേഷം ഉദയഗിരി പിടിച്ചെടുത്ത് സാമ്രാജ്യവിസ്തൃതി കൃഷ്ണാനദിവരെ വ്യാപിപ്പിച്ചു. കോളാര്‍പ്രദേശത്ത് തിമ്മയ്യ ഗൌഡയുടെ നേതൃത്വത്തില്‍ നടന്ന കലാപം അദ്ദേഹം അടിച്ചമര്‍ത്തി. വെല്ലൂര്‍ ഭരിച്ചിരുന്ന ലിംഗമ നായിക്കിനെതിരായി വെലുഗോട്ടിയാച്ചമനായിക്കനെ അദ്ദേഹം സഹായിച്ചു. ഈ സന്ദര്‍ഭത്തില്‍ ലിംഗമയെ ദക്ഷിണഭാഗത്തെ നായിക്കന്മാരും സഹായിക്കാനെത്തി. എങ്കിലും ഉത്തര മേരൂരിനടുത്തുവച്ചു നടന്ന യുദ്ധത്തില്‍ വെങ്കടന്റെ സഹായമുണ്ടായിരുന്ന യാച്ചമനായിക്ക്, ലിംഗമനായിക്കിനെ തോല്പിച്ചു. 1606-ല്‍ യാച്ചമനായിക്ക് വെല്ലൂരിലെ ഭരണാധികാരിയായി. കര്‍ഷകരുടെ അഭിവൃദ്ധിക്കായി വെങ്കടന്‍ പല നടപടികള്‍ സ്വീകരിച്ചു. വെങ്കടന്റെ കാലത്തെ മറ്റൊരു സംഭവം യൂറോപ്യന്മാരുടെ ഡെക്കാനിലെ അധിനിവേശമാണ്. 1605-ല്‍ ഗോല്‍ക്കൊണ്ടയിലെ മസൂലിപട്ടണത്തിലും നിസാം പട്ടണത്തിലും ഡച്ചുകാര്‍ പണ്ടകശാലകള്‍ സ്ഥാപിച്ചു. 1612-ല്‍ ഇംഗ്ളീഷുകാരും അവിടെ വ്യാപാരശാലകള്‍ തുറന്നു. വെങ്കടന്‍ 1614-ല്‍ അന്തരിച്ചു.

വെങ്കടന്റെ മരണാനന്തരം അനന്തരവനായ ശ്രീരംഗന്‍ II രാജാവായി. അശക്തനായ ഇദ്ദേഹത്തിന്റെ ഭരണകാലത്ത് പ്രഭുക്കന്മാര്‍ രണ്ടു ചേരിയായിത്തിരിഞ്ഞ് ഇദ്ദേഹത്തെ എതിര്‍ത്തു. നായിക്കന്മാര്‍ ഒന്നൊന്നായി സ്വതന്ത്രരായി. ഇതിനിടയില്‍ വെങ്കടന്റെ ഒരു പുത്രനെ രാജാവായി വാഴിക്കാനുള്ള ശ്രമവും നടന്നു. ഈ ദുര്‍ഘടസന്ധിയിലും വെല്ലൂരിലെ യാച്ചമ നായിക്ക് ശ്രീരംഗനെ സഹായിച്ചു. ഇക്കാലത്തെ ഡെക്കാനിലെ ചരിത്രം ആഭ്യന്തരയുദ്ധങ്ങളുടെ ചരിത്രമാണ്. ഈ ആഭ്യന്തരകലാപങ്ങളെ മുസ്ലിം ഭരണാധികാരികള്‍ പരമാവധി പ്രയോജനപ്പെടുത്തി. ബിജാപ്പൂര്‍ സുല്‍ത്താന്‍ ജിഞ്ചിയും തഞ്ചാവൂരും കൈവശമാക്കി. 1652-ല്‍ കര്‍ണാടകവും സുല്‍ത്താന്‍ പിടിച്ചടക്കി. വര്‍ധിച്ചുവരുന്ന ഈ ആക്രമണങ്ങളെ ചെറുത്തുനില്ക്കാനുള്ള കരുത്ത് മധുരയിലെയും മൈസൂറിലെയും ഭരണാധികാരികള്‍ക്ക് ഉണ്ടായിരുന്നില്ല. നഷ്ടപ്പെട്ട രാജ്യവിഭാഗങ്ങള്‍ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയില്‍ കേലാഡിയുടെ സഹായത്തോടെ ശ്രീരംഗന്‍ കക മൈസൂറില്‍ വസിച്ചു. എന്നാല്‍ ശ്രീരംഗന്‍ II നിര്യാതനായതോടെ (1675) അരവിഡു രാജവംശവും വിജയനഗരസാമ്രാജ്യവും അസ്തമിച്ചു. നോ: തിരുമല, രാമരായര്‍, വിജയനഗരസാമ്രാജ്യം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍