This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരബസ്ക്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അരബസ്ക്
Arabesque
പ്രാചീന യവനറോമ ശില്പപാരമ്പര്യത്തില്‍നിന്നും യൂറോപ്യന്‍ നവോത്ഥാന കലാകാരന്മാര്‍ സ്വീകരിച്ച ഒരു അലങ്കരണ സമ്പ്രദായം. മധ്യകാലയൂറോപ്പിലെ കൈയെഴുത്തുപ്രതികളിലെ ചിത്രീകരണങ്ങളും അലങ്കരണങ്ങളും ഭാഗികമായി ഈ ശൈലിയില്‍പ്പെട്ടവയായിരുന്നു. വരകളുടെ ഒഴുക്കിലും ലാളിത്യത്തിലും അധിഷ്ഠിതമായി മനുഷ്യഭാവനയുടെ അദ്ഭുതാവഹവും അസാധാരണവുമായ സാങ്കല്പികദൃശ്യങ്ങള്‍ ആകര്‍ഷകമായി ചിത്രീകരിക്കുന്നതിനും അത്തരം ചിത്രങ്ങളിലൂടെ വിചിത്രങ്ങളായ ജന്തുജീവിതത്തെയും സസ്യപ്രപഞ്ചത്തെയും ആവിഷ്കരിക്കുന്നതിനും ആധുനിക കലാകാരന്മാര്‍ അരബസ്ക് ശൈലി എന്നു പറയുന്നു. അരബസ്ക് എന്നപദം ധ്വനിപ്പിക്കുന്നതുപോലെ അറബികലയുമായി ഇതിനു ബന്ധമൊന്നും ഇല്ല. മൂറുകളുടെയും അറബികളുടെയും ഈദൃശ കലാശൈലി, മൂറിഷ് അരബസ്ക് അഥവാ മൊറസ്ക് (Mouresque) എന്ന വിശേഷണം കൊണ്ട് വകതിരിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യരുടെയും മൃഗങ്ങളുടെയും സാങ്കല്പിക ഭീകരജന്തുക്കളുടെയും രൂപങ്ങള്‍ പുഷ്പലതാദികളുടെ രൂപങ്ങളുമായി ഇടകലര്‍ത്തി കൊത്തിവയ്ക്കുകയോ വരച്ചുവയ്ക്കുകയോ ചെയ്യുന്നതാണ്, ഈ സമ്പ്രദായത്തിന്റെ പ്രത്യേകത. ഇതില്‍ ഏറ്റവും മഹത്തായ മാതൃകകള്‍ പ്രാചീനറോമിലെ പോംപിയന്‍ മന്ദിരങ്ങളുടെ ചുമരുകളില്‍ ധാരാളമായി കണ്ടെത്താവുന്നതാണ്. തെര്‍മെ ഒഫ് ടൈറ്റ(Thermae of Titus)സിന്റെ സ്നാനാഗാരത്തിലെ ചിത്രങ്ങള്‍ ഈ ശില്പശൈലിയുടെ ഉജ്ജ്വലമാതൃകകളാണ്. വത്തിക്കാന്‍ ലോഗിയിലെ (The Vatican Loggie) റഫേലിന്റെ രചനകളും പാലാസോ ദല്‍താ മാന്ത്വാ (Palozzo Del Ta Mantua) യിലെ ഗിയുലിയോ റോമാനോ (Giulio Romano) യുടെ ചിത്രങ്ങളും മധ്യകാല അരബസ്കുകളുടെ ഉത്തമമാതൃകകളാണ്. ഇവ നവോത്ഥാനകാലഘട്ടത്തിലെ ഇറ്റാലിയന്‍ കലാകാരന്മാരെ ആകര്‍ഷിക്കുകയും അവരുടെ ഭാവനയെ ഉത്തേജിപ്പിക്കുകയും ചെയ്തു. ചിത്രകലയിലും ഗൃഹാലങ്കാരത്തിലും അവര്‍ ഈ ശൈലി നിര്‍ലോഭം പ്രയോജനപ്പെടുത്തുകയും ചെയ്തുവന്നു.
2. യൂറോപ്പിലെ ക്ളാസ്സിക് അക്കാദമിക് ബാലേയില്‍ നര്‍ത്തകന്റെ ഒരു പ്രത്യേകനിലപാടിനെ സൂചിപ്പിക്കുന്ന ഒരു സംജ്ഞകൂടിയാണ് അരബസ്ക്. ഒരു കാല്‍ നിലത്തൂന്നി ഒരു കൈ മുന്നിലേക്കു നീട്ടി മറ്റേകാലും കൈയും പിന്നിലേക്കു സമകോണത്തില്‍ വിരിച്ചുനീട്ടി ഉയരെ നീണ്ടുനില്ക്കുന്ന കൈയിലെ നടുവിരലിന്റെ അഗ്രംമുതല്‍ നിലത്ത് ഊന്നിനില്ക്കുന്ന കാലിലെ തള്ളവിരലിന്റെ അഗ്രംവരെ ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യം കിട്ടത്തക്കവണ്ണം നില്ക്കുന്ന രീതിയാണിത്.
3. റോണ്‍ഡോ (Rondo) മാതൃകയിലുള്ള പാശ്ചാത്യ ഉപകരണസംഗീത സംവിധാനത്തില്‍ (Sonotoa) വിഭിന്നസരണികളിലുള്ള സ്വരമേളത്തിന് അവസരം നല്കുന്ന അത്യന്തം ആകര്‍ഷകമായ ഒരു സംഗീതശില്പത്തിനും അരബസ്ക് എന്നു പറയാറുണ്ട്.