This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമൈഡുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:53, 1 ഒക്ടോബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അമൈഡുകള്‍

Amides

കാര്‍ബണിക അമ്ലങ്ങളുടെ കാര്‍ബോക്സിലിക-ഹൈഡ്രോക്സില്‍ ഗ്രൂപ്പിനെ അമിനൊ ഗ്രൂപ് (NH2) കൊണ്ട് പ്രതിസ്ഥാപിച്ചു കിട്ടുന്ന വ്യുത്പന്നങ്ങള്‍. N-പ്രതിസ്ഥാപിതങ്ങളായ മറ്റു വ്യുത്പന്നങ്ങളും ഈ പേരില്‍ അറിയപ്പെടുന്നു. നൈട്രൊ അമൈഡ് (H2N NO2), സള്‍ഫമിക് അമ്ലം (H2N SO3H) മുതലായ അകാര്‍ബണിക അമ്ലങ്ങളുടെ ചില അമൈഡുകളും സോഡിയം അമൈഡ് (NaNH2) മുതലായ ലോഹ-അമൈഡുകളും പ്രസിദ്ധങ്ങളാണ്. എങ്കിലും അകാര്‍ബണിക അമ്ളങ്ങളുടെ പ്രൈമറി അമൈഡുകളാണ് അധികം പ്രധാനമായത്. അവയുടെ പൊതുഫോര്‍മുല R.CO.NH2 എന്നാണ്.

പ്രകൃതിയില്‍ അമൈഡുകള്‍ പല ആല്‍ക്കലോയ്ഡുകളിലും കാണാം. യൂറിയയായും കാണപ്പെടുന്നു. ആസിഡ് അമൈഡുകളുടെ പൊതുഫോര്‍മുലയായ R.CO.NH2-ല്‍ R എന്നത് ഹൈഡ്രജന്‍, ആല്‍ക്കൈല്‍ ഗ്രൂപ്പ് (ഉദാ. CH3;C2H5 ), അരൈല്‍ ഗ്രൂപ്പ് (ഉദാ. C6 H5) എന്നിവയില്‍ ഏതെങ്കിലും ഒന്നായിരിക്കും. പ്രൈമറി, സെക്കണ്ടറി, ടെര്‍ഷ്യറി എന്നിങ്ങനെ മൂന്നുതരം ആസിഡ് അമൈഡുകള്‍ ഉണ്ട്. R.CO NH2, (R CO)2 NH, (R CO)2 N എന്ന് അവയെ ക്രമത്തില്‍ ഉദാഹരിക്കാം. ആസിഡ് അമൈഡുകളെ അമോണിയയുടെ അസൈല്‍ (acyl) അല്ലെങ്കില്‍ അരോയില്‍ (aroyl) വ്യുത്പന്നങ്ങളായും പരിഗണിക്കാവുന്നതാണ്.

നിര്‍മാണം. (1) കാര്‍ബണിക അമ്ലങ്ങളുടെ അമോണിയം ലവണങ്ങളില്‍നിന്ന് താപീയ-നിര്‍ജലീകരണം വഴി വന്‍തോതില്‍ അമൈഡുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഉദാ. അമോണിയം അസറ്റേറ്റ് തപിപ്പിച്ചാല്‍ അസറ്റമൈഡ് ലഭിക്കുന്നതാണ്:

CH3COONH4 → CH3CONH2 + H2O

കാര്‍ബണിക അമ്ലത്തെ യൂറിയ ചേര്‍ത്തു തപിപ്പിച്ചാലും മതി:

RCOOH + CO(NH)2→RCONH2 + CO2 +NH2

(2) അമോണീയവിശ്ലേഷണം (Ammonolysis) വഴി ആസിഡ് അമൈഡുകള്‍ ഉത്പാദിപ്പിക്കാം. ആസിഡ് ക്ലോറൈഡുകള്‍ (acid chlorides), ആസിഡ് അന്‍ഹൈഡ്രൈഡുകള്‍ (acid anhydrides), എസ്റ്ററുകള്‍ എന്നിവയോടു സാന്ദ്ര-അമോണിയാലായനി പ്രവര്‍ത്തിക്കുമ്പോള്‍ അമൈഡുകള്‍ ലഭിക്കുന്നു :

RCOCl +2NH3 →RCONH2+NH4Cl

N-പ്രതിസ്ഥാപിത അമൈഡുകള്‍ നിര്‍മിക്കുന്നതിന് മേല്‍പ്പറഞ്ഞ അഭിക്രിയയില്‍ അമോണിയയ്ക്കു പകരം പ്രൈമറി അഥവാ സെക്കണ്ടറി അമീനുകള്‍ ഉപയോഗിച്ചാല്‍ മതി:

RCOCl + R1NH → RCONHR1 + HCl

(3) ആല്‍ക്കൈല്‍ സയനൈഡുകളെ വളരെ കരുതലോടെ ജലീയവിശ്ളേഷണം ചെയ്യിച്ചും അമൈഡുകള്‍ ലഭ്യമാക്കാം:

RC = N + H2O →RCONH2

(4) സള്‍ഫോണിക് ആസിഡ് അമൈഡുകള്‍ കാര്‍ബോക്സിലിക് ആസിഡ് അമൈഡുകള്‍ പോലെ അത്ര പ്രധാനമല്ല. സംഗതങ്ങളായ സള്‍ഫോണില്‍ ക്ലോറൈഡുകളുമായി അമോണിയ പ്രതിപ്രവര്‍ത്തിപ്പിച്ചാണിവ ലഭ്യമാക്കുന്നത്.

ഗുണധര്‍മങ്ങള്‍. ഫോര്‍മമൈഡ് (HCONH2) ഒരു ദ്രവമാണ്; മറ്റെല്ലാ സരള-അമൈഡുകളും പരലാകൃതിയുള്ള ഖരങ്ങളും. താരതമ്യേന ഇവയുടെ ദ്രവണാങ്കം താഴ്ന്നതാണ്. ജലം, ആല്‍ക്കഹോള്‍ എന്നിവയില്‍ അവ ലയിക്കും. തന്‍മാത്രയില്‍ കാര്‍ബണ്‍ അണുക്കള്‍ കൂടുന്തോറും ഇവയുടെ ലേയത്വം ചുരുങ്ങും.

അമൈഡുകള്‍ക്ക് ജലത്തില്‍ മന്ദമായും അമ്ലമാധ്യമത്തില്‍ വേഗത്തിലും ക്ഷാരമാധ്യമത്തില്‍ അതിലും വേഗത്തിലും ജലീയവിശ്ലേഷണം സംഭവിക്കുന്നു :

RCONH2 + H2O → RCOOH +NH3

അമൈഡുകള്‍ ഉഭയസ്വഭാവം (amphoteric character) ഉള്ളവയാകയാല്‍ ഗാഢ-അകാര്‍ബണിക അമ്ലങ്ങളുമായിച്ചേര്‍ന്ന് ലവണങ്ങള്‍ തരുന്നു.

RCONH2 + HCl →RCONH2.HCl

അമൈഡുകള്‍ അല്പം അമ്ലീയവും ആണ്. ഇവ മെര്‍ക്കുറിക് ഓക്സൈഡിനെ വിലയിപ്പിച്ച് മെര്‍ക്കുറി യൗഗികങ്ങള്‍ ലഭ്യമാക്കുന്നു.

2RCONH2 + HgO → (RCONH)2Hg + H2O

സോഡിയവും എഥനോളും ഉപയോഗിച്ച് അമൈഡുകളെ നിരോക്സീകരിച്ചാല്‍ പ്രൈമറി അമീനുകള്‍ കിട്ടും. നിരോക്സീകാരകമായി ലിഥിയം അലുമിനിയം ഹൈഡ്രൈഡും ഉപയോഗിക്കാം.

RCONH24[H] → RCH2NH2+H2O

ഫോസ്ഫറസ് പെന്റോക്സൈഡ് ചേര്‍ത്തു ചൂടാക്കിയാല്‍ അമൈഡുകളില്‍നിന്നു ആല്‍ക്കൈല്‍ സയനൈഡുകള്‍ ലഭിക്കുന്നു.

ചിത്രം:Screen Short

അമൈഡുകള്‍ നൈട്രസ് അമ്ലവുമായി പ്രവര്‍ത്തിച്ച് കാര്‍ബോക്സിലിക് അമ്ളവും നൈട്രജനും തരുന്നു

RCONH2 + HNO2 → RCOOH+N2+H2O

ബ്രോമിനും ആല്‍ക്കലിയും അമൈഡുകളുമായി പ്രതിപ്രവര്‍ത്തിപ്പിച്ചാല്‍ പ്രൈമറി അമീനുകള്‍ ലഭ്യമാകുന്നു. ഈ പ്രൈമറി അമീനില്‍ അമൈഡില്‍ ഉള്ളതിനെക്കാള്‍ ഒരു കാര്‍ബണ്‍ അണു കുറവാകയാല്‍ ഇത് ഒരു നിമ്നീകരണപ്രക്രിയ ആണ്. ഹോഫ്മന്‍ നിമ്നീകരണം (Hofmann's degradation) എന്ന് ഇതിനെ പറഞ്ഞുവരുന്നു.

ഉപയോഗങ്ങള്‍. മാധ്യമിക യൌഗികങ്ങള്‍ എന്ന നിലയ്ക്ക് അമൈഡുകള്‍ വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു. കാരണം അമൈഡുകള്‍ ജലീയ വിശ്ളേഷണവിധേയമാക്കി അമ്ളങ്ങളും നിര്‍ജലീകരിച്ച് നൈട്രൈലുകളും നിമ്നീകരിച്ച് അമീനുകളും ഉണ്ടാക്കാനാകും. അമൈഡുകളെ പോളിമറീകരിച്ച് (polymerise) ഉപയോഗപ്രദങ്ങളായ ഒട്ടുവളരെ ഉത്പന്നങ്ങള്‍ ലഭ്യമാക്കാം. ഫോര്‍മമൈഡ് (formamide), ബെന്‍സമൈഡ് (benzamide), ഉയര്‍ന്ന കൊഴുപ്പമ്ലങ്ങളുടെ അമൈഡുകള്‍ എന്നിവയും വ്യാവസായിക പ്രാധാന്യമുള്ളവയാണ്. സെലുലോസ്-വസ്ത്രങ്ങളെയും പ്രോട്ടീന്‍-വസ്ത്രങ്ങളെയും ജലസഹമാക്കുന്നതിന് സ്റ്റിയറമൈഡ് (stearamide) ഉപയോഗിക്കുന്നു. അമൈഡുകളുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക ഉപയോഗം നൈലോണ്‍ എന്ന പോളി അമൈഡ് റെസിനുകളുടെ നിര്‍മാണത്തിലാണ്. നോ: അമൊണോളിസിസ്; അസറ്റമൈഡ്; ഓര്‍ഗാനിക് അഭിക്രിയകള്‍; പോളിമറീകരണം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍