This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആദിവാസികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:09, 29 സെപ്റ്റംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആദിവാസികള്‍

Aborigines


ഒരു രാജ്യത്തെ ചരിത്രാതീതകാലം മുതല്‍ അധിവസിക്കുന്നവര്‍. ഇന്ത്യയില്‍ ജനസംഖ്യയുടെ 8.15 ശ.മാ. (2001). ആദിവാസികളാണെന്നു കണക്കാക്കപ്പെടുന്നു. ഇവരില്‍ 1.95 ശ.മാ. പ്രാകൃതഗോത്രവിഭാഗങ്ങളാണ് (Primitive Tribal Groups). നരവംശശാസ്ത്രപരമായി ദ്രാവിഡര്‍, മംഗളോയ്ഡ്, ഓസ്റ്റ്രിക്ക് എന്നീ ജനവിഭാഗങ്ങളില്‍പ്പെടുന്ന ഇക്കൂട്ടരെ 212 വര്‍ഗ (പട്ടികഗോത്ര)ങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഉന്തിയ താടിയെല്ലും, തടിച്ച ചുണ്ടുകളും, പരന്ന മൂക്കും പുറകോട്ടുന്തിയ തലയും, ചുരുണ്ട മുടിയും, നീണ്ട ബാഹുക്കളും, കുറുകി ബലിഷ്ഠമായ ഉടലും, ഇരുണ്ട നിറവും ആണ് ആദിവാസികളുടെ പൊതുവായ ബാഹ്യലക്ഷണങ്ങള്‍. പരിഷ്കൃതസമൂഹത്തില്‍നിന്നും ബഹുദൂരം അകന്ന് അവര്‍ മലകളിലും വനങ്ങളിലും താമസിക്കുന്നു. സ്ഥിരമായ വാസഗൃഹങ്ങളില്ലാതെ കാടുകളില്‍ സഞ്ചാരജീവിതം നയിക്കുന്ന വിഭാഗങ്ങളും കുറവല്ല. ആധുനിക ദൃഷ്ടിയില്‍ പ്രാകൃതമെന്നു തോന്നുന്ന ജീവിതശൈലികളും ആചാരാനുഷ്ഠാനങ്ങളുമാണ് അവരുടേത്.

ഇന്ത്യയിലെ ആദിവാസികളുടെ അധിവാസകേന്ദ്രങ്ങളെ പൊതുവേ നാലു മേഖലകളായി തിരിക്കാം.

വടക്കുകഴിക്കന്‍മേഖല. മണിപ്പൂര്‍, ത്രിപുര, നാഗാലന്‍ഡ്, അരുണാചല്‍ പ്രദേശ്, മേഘാലയ, ബിഹാര്‍, ഒറീസാ, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ മേഖല. ഇന്ത്യയില്‍ ഏറ്റവുമധികം ആദിവാസികേന്ദ്രീകരണമുള്ളത് ഇവിടെയാണ്. (മിസോറാം: 94.8 ശ.മാ., നാഗാലന്‍ഡ്: 87.7 ശ.മാ., മേഘാലയ: 85.5 ശ.മാ., അരുണാചല്‍ പ്രദേശ്: 63.7 ശ.മാ.) നാഗന്‍മാര്‍, കുക്കികള്‍, ലുഷായികള്‍, ചക്ക്മ, ഉറൂഗ്, അബോര്‍മിറി, മിഷ്മി, മികിര്‍, ഖാസി, ഗാരോ എന്നീ വര്‍ഗങ്ങളാണ് ഭൂരിപക്ഷം. അവര്‍ മംഗളോയ്ഡ് വിഭാഗത്തില്‍പ്പെടുന്നു. ബംഗാളിലും മറ്റും കാണപ്പെടുന്ന ഒറാവോണ്‍, സാന്താള്‍, ഹോ, ഭ്രൂമിഞ്ച്, ബിയാന്‍, ജൂവാംഗ്, കണ്ട്, സവാറാ എന്നിവര്‍ ഓസ്റ്റ്രിക്ക് വിഭാഗത്തില്‍പ്പെടുന്നവരാണ്. ഒട്ടേറെ ഉപവര്‍ഗങ്ങള്‍ വേറെയുമുണ്ട്. പശ്ചിമബംഗാളിലെ ഡാര്‍ജീലിംഗ്, ജാല്‍ പായ്ഗുരി എന്നീ ജില്ലകളിലൂടെ അസമിലെ ആദിവാസികള്‍ ഒറീസയിലെ ആദിവാസികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നു. ‌

മധ്യമേഖല. വിന്ധ്യാ-സത്പുരാ മലനിരകളാണ് രണ്ടാമത്തെ മേഖല. മധ്യപ്രദേശിലെ വിന്ധ്യാപ്രദേശവും മധ്യഭാരതവും, ആന്ധ്രാപ്രദേശിലെ പഴയ ഹൈദരാബാദ് പ്രദേശവും ഉള്‍ക്കൊള്ളുന്നതാണ് ഈ മേഖല. ഇവിടത്തെ പ്രധാന ആദിവാസികള്‍ ഗോണ്ടുകള്‍ എന്നറിയപ്പെടുന്നു. ഭാഷാപരമായി ഇവര്‍ ദ്രാവിഡവിഭാഗത്തില്‍പ്പെട്ടവരാണ്.

പടിഞ്ഞാറന്‍മേഖല. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ ഗിരിനിരകള്‍ ഉള്‍പ്പെട്ടതാണ് ഈ മേഖല. ഒരു തരത്തില്‍ രണ്ടാം മേഖലയുടെ തുടര്‍ച്ചയാണ് ഇതെന്നു പറയാം. പടിഞ്ഞാറേ കടല്‍ത്തീരത്തുള്ള ദ്വാരക മുതല്‍ കിഴക്കേ കടല്‍തീരത്തെ ജഗന്നാഥപുരിവരെ നീണ്ടു പരന്നുകിടക്കുന്നു ഈ മേഖല. സബര്‍മതി, മഹി, സോണി, തപ്തി, നര്‍മദ, മഹാനദി, ഗോദാവരി, ഇന്ദ്രാവതി എന്നീ നദികളുടെ ആദ്യകാല കേളീരംഗങ്ങള്‍ ഈ മേഖലയില്‍പ്പെടുന്നു. ഇവിടത്തെ ആദിവാസികള്‍ മധ്യേന്ത്യയിലെ മലകളുടെയും നദികളുടെയും മക്കളാണെന്നു പറയാം. ഭീലുകള്‍, ഭീലാലന്‍മാര്‍, വൊര്‍ലികള്‍, ഗോണ്ടുകള്‍, ഗോലികള്‍ എന്നിവരാണ് പ്രധാനവര്‍ഗങ്ങള്‍.

ദക്ഷിണമേഖല. പൂര്‍വ പശ്ചിമഘട്ടങ്ങളുടെ മലമ്പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് ദക്ഷിണമേഖല. പൂര്‍വഘട്ടം പലേടങ്ങളിലായി ഛേദിക്കപ്പെട്ടു കിടക്കുന്നതിനാല്‍ അവിടത്തെ ഗോത്രവര്‍ഗപ്രദേശങ്ങള്‍ ഒന്നിനോടൊന്നു വേര്‍പെട്ടു കിടക്കുന്നു. പശ്ചിമഘട്ടത്തില്‍ കര്‍ണാടകം, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ ആദിവാസികള്‍ക്കും അവരുടെ അധിവാസകേന്ദ്രങ്ങള്‍ക്കും ഏറെക്കുറെ ഐകരൂപ്യവും തുടര്‍ച്ചയുമുണ്ടെന്നു കാണാം. ആന്ധ്രാപ്രദേശിലെ ചെഞ്ചുകള്‍, കോയമാര്‍, കൊണ്ടാറെഡ്ഡികള്‍, കൊണ്ടകാപ്പുകള്‍, എറവാലന്‍മാര്‍, ഏനാടികള്‍ എന്നീ വര്‍ഗക്കാര്‍ കേരളത്തിലെയും കര്‍ണാടകത്തിലെയും തമിഴ്നാട്ടിലെയും ആദിവാസികളില്‍നിന്നു പലതരത്തിലും വ്യത്യസ്തരാണ്. ദക്ഷിണമേഖലയിലെ ആദിവാസി ജനസംഖ്യ മറ്റു മേഖലകളിലേതിനെ അപേക്ഷിച്ച് കുറവാണ്. എന്നാല്‍ സവിശേഷതകളിലും വൈജാത്യത്തിലും അവര്‍ മുന്നണിയിലാണ്. ഇന്ത്യയിലെ ആദിവാസികളില്‍ ഏറ്റവും പിന്നാക്കം നില്ക്കുന്ന ചില വര്‍ഗങ്ങള്‍ ഈ മേഖലയിലാണുള്ളത്. ഇവിടത്തെ തോടന്‍മാരും പണിയന്‍മാരും മറ്റും നരവംശശാസ്ത്രജ്ഞരുടെ സവിശേഷശ്രദ്ധ ആകര്‍ഷിക്കുന്നു. കുറുമര്‍, കുറിച്യര്‍, ഇരുളര്‍, മുഡുഗര്‍, മുതുവര്‍, കാണിക്കാര്‍, കാടര്‍, മലമ്പണ്ടാരങ്ങള്‍, തോടര്‍, ബാഗര്‍, കുറഗര്‍, എറുവര്‍ തുടങ്ങിയവരാണ് മറ്റു ആദിവാസിവര്‍ഗങ്ങള്‍. ഇവര്‍ ദ്രാവിഡവിഭാഗത്തില്‍പ്പെടുന്നു.

കേരളത്തില്‍. കേരളത്തിലെ ജനസംഖ്യയുടെ 1.14 ശ.മാ. (2001) ആദിവാസികളാണെന്നു കണക്കാക്കപ്പെടുന്നു. വയനാടന്‍ താലൂക്കിലും അട്ടപ്പാടി താഴ്വരയിലുമാണ് ഏറ്റവുമധികം ആദിവാസി കേന്ദ്രീകരണമുള്ളത്. കര്‍ണാടകത്തിലെയും തമിഴ്നാട്ടിലെയും ആദിവാസികേന്ദ്രങ്ങളുമായി ഇവ തൊട്ടടുത്തു കിടക്കുന്നു. അട്ടപ്പാടി താഴ്വരയുടെ അതിര്‍ത്തികള്‍ ഒരു വശത്തു നീലഗിരിയും മറുവശത്ത് കോയമ്പത്തൂരുമാണ്. വയനാടിന്റെ അതിര്‍ത്തികളില്‍ കുടകും മൈസൂറും നീലഗിരിയും സ്ഥിതിചെയ്യുന്നു. അതിനാല്‍ ഈ മേഖലയിലുള്ള ഗോത്രവര്‍ഗക്കാരെ മൂന്നു സംസ്ഥാനങ്ങളിലും കാണാന്‍ കഴിയും. കര്‍ണാടകത്തോടു തൊട്ടുകിടക്കുന്ന പ്രദേശങ്ങളിലുള്ളവര്‍ കര്‍ണാടകവും മലയാളവും കലര്‍ന്ന ഭാഷ സംസാരിക്കുന്നു. തമിഴ്നാടിനെ തൊട്ടുരുമ്മിക്കിടക്കുന്ന പ്രദേശങ്ങളിലുള്ള ആദിവാസികള്‍ തമിഴും മലയാളവും കലര്‍ന്ന ഭാഷയാണ് സംസാരിക്കുന്നത്.

അടിയര്‍, അള്ളര്‍ (ആളാര്‍), അരണാടര്‍, ചിങ്ങത്താന്‍, എരവള്ളര്‍, ഇരുളര്‍, കാടര്‍, കാടെര്‍ (വയനാട്), കലനാടി, കാണിക്കാര്‍, കരവഴി, കരിംപാലന്‍, കാട്ടുനായകര്‍, കൊച്ചുവേലന്‍, കൊറഗ, കുടിയ, കൂണ്ടുവേടിയന്‍, കുറിച്ചിയന്‍, കുറുബ, മല അരയന്‍, മലക്കാരന്‍, മലക്കുറവന്‍, മലമലസര്‍, മലപ്പണ്ടാരം, മലപ്പണിക്കാര്‍, മലസര്‍, മലവേടന്‍, മലവേട്ടുവന്‍, മലയടിയര്‍, മലയാളര്‍, മലയന്‍, മണ്ണാന്‍, മറാടി, മത്താ, മാവിലന്‍, മുഡുഗര്‍, മുള്ളക്കുറുമന്‍, മുതുവന്‍, നായാടി, പള്ളിയര്‍, പണിയന്‍, പതിയര്‍, തച്ചനാടന്‍, ഉള്ളാടന്‍, ഊരാളിക്കുറുമന്‍, ഊരാളി, ഉരിഡവര്‍, വിഷവര്‍ എന്നിവരാണ് കേരളത്തിലെ പ്രധാന ആദിവാസികള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍