This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആത്മാവ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:05, 16 സെപ്റ്റംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ആത്മാവ്

അറിയാനും പ്രവര്‍ത്തിക്കാനും മറ്റുമുള്ള ശക്തിയോടെ ശരീരത്തില്‍ വര്‍ത്തിക്കുന്ന തത്ത്വം. ജീവന്‍, പ്രാണന്‍, ചേതന, അന്തഃകരണം, രഥത്തെ സാരഥി എന്നപോലെ ശരീരത്തെ ഉള്ളിലിരുന്നു നിയന്ത്രിക്കുന്ന ശക്തി, അറിയുക ആഗ്രഹിക്കുക ആലോചിക്കുക നിശ്ചയിക്കുക പ്രവര്‍ത്തിക്കുക തുടങ്ങിയ വ്യാപാരങ്ങള്‍ക്കു ഹേതുഭൂതമായ തത്ത്വം, 'ഞാന്‍ ഉണ്ട്' എന്ന ബോധത്തിന്റെ രൂപത്തില്‍ മനുഷ്യനില്‍ വര്‍ത്തിക്കുന്ന അനിര്‍വചനീയമായ അന്തര്യാമി, ഓരോരുത്തരും താന്‍ എന്നു കരുതുന്ന തന്നിലെ അംശം, പരമാത്മാവ്, പ്രപഞ്ചത്തിനു കാരണവും നിത്യവും ഏകവും അദ്വയവുമായ തത്ത്വം, എല്ലാ ചരാചരങ്ങളിലും സ്പന്ദിക്കുന്ന ചൈതന്യാംശം തുടങ്ങിയ വിവിധവിവക്ഷകളില്‍ നിഘണ്ടുക്കളില്‍ നിര്‍വചനവും അര്‍ഥകല്പനയും ചെയ്തിരിക്കുന്ന അജ്ഞേയവും അപരിമേയവുമായ സൂക്ഷ്മശക്തി.

'ആത്മാവ്' എന്ന ഭാരതീയ സംജ്ഞയ്ക്കു സമാനമായ ഇംഗ്ളീഷ്പദം 'സോള്‍' (soul) ആണ്. യൂറോപ്പില്‍ പ്രചാരത്തിലിരിക്കുന്ന എല്ലാ റൊമാനിക് - ട്യൂട്ടോണിക് - ജര്‍മാനിക് ഭാഷകളിലും സോള്‍ എന്ന പദംതന്നെ സാര്‍വത്രികമായി ഉപയോഗിച്ചുവരുന്നു. എല്ലാ ചരാചരങ്ങളിലും - മനുഷ്യനുള്‍പ്പെടെ - നിയതമായി വര്‍ത്തിക്കുന്ന സജീവവും സംവേദനക്ഷമവും യുക്തിസഹവുമായ സത്താതത്ത്വം എന്ന നിലയില്‍ പാശ്ചാത്യ - അതിഭൗതിക സിദ്ധാന്തങ്ങളില്‍ ഈ പദം സ്ഥാനം പിടിച്ചിരിക്കുന്നു. എങ്കിലും ആധ്യാത്മികദര്‍ശനങ്ങളിലും ചിന്താസരണികളിലും ദൈനംദിനസങ്കല്പങ്ങളിലും, പ്രാദേശികവും കാലവിധേയവുമായ നിര്‍വചനഭേദങ്ങള്‍ക്കും വ്യാഖ്യാനാന്തരങ്ങള്‍ക്കും, ഭാരതത്തിലെന്നപോലെ വിദേശങ്ങളിലും ആത്മാവിനെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ക്കു വൈഭിന്ന്യം കാണുന്നുണ്ട്.

ആമുഖം

ജീവന്‍, പ്രാണന്‍, പുരുഷന്‍ എന്നിങ്ങനെയുള്ള സാമാന്യജനങ്ങളുടെ വ്യവഹാരത്തിനു വിഷയം ആത്മാവാകുന്നു. പ്രാണികളുടെ ശാരീരികവും മാനസികവുമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആധാരം ജീവചൈതന്യമാണ്. ആ ജീവചൈതന്യം ആത്മാവാണെന്നു പറയാം. ശരീരം, ഇന്ദ്രിയം, മനസ്സ് എന്നിവയുടെ പ്രവര്‍ത്തനം ജീവചൈതന്യം കൂടാതെ സാധ്യമല്ല. ആത്മാവ് ജഡപദാര്‍ഥങ്ങളില്‍നിന്ന് ഭിന്നമാണെന്നു പറയാവുന്നതാണ്. ശരീരത്തോടുകൂടിയും ശരീരബന്ധം ഇല്ലാതെയും ആത്മാവിന് അസ്തിത്വം ഉണ്ടെന്നും അതു നിത്യമാണെന്നും പൊതുവേ എല്ലാ സംസ്കാരങ്ങളും അംഗീകരിക്കുന്നുണ്ട്. ഭാരതീയ ദാര്‍ശനികര്‍ ആത്മാവിന്റെ രൂപസ്വഭാവങ്ങളുടെ കാര്യത്തില്‍ വിഭിന്നങ്ങളായ അഭിപ്രായങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.

പ്രപഞ്ചത്തിലുള്ള എല്ലാ പദാര്‍ഥങ്ങള്‍ക്കും ആത്മാവുണ്ടെന്ന് ചില ദാര്‍ശനികര്‍ വിശ്വസിക്കുന്നു. മനുഷ്യന്റെ ശാരീരികവും മാനസികവുമായ വ്യാപാരങ്ങളെ ആത്മാവുമായി ബന്ധിപ്പിച്ചാണ് അപഗ്രഥിക്കുന്നത്. ജ്ഞാനം, ഇച്ഛ, കൃതി എന്നിവയാണ് സകല കര്‍മങ്ങളുടെയും മൂലകാരണം. ആത്മാവ് മനസ്സിനോടും മനസ്സ് ഇന്ദ്രിയങ്ങളോടും ഇന്ദ്രിയങ്ങള്‍ പദാര്‍ഥങ്ങളോടും ചേരുമ്പോള്‍ ജ്ഞാനം ഉണ്ടാകുന്നു എന്ന് ചില ദാര്‍ശനികര്‍ വാദിക്കുന്നു. ജ്ഞാനം മനുഷ്യനില്‍ തദ്വിഷയകമായ ഇച്ഛ ഉളവാക്കുന്നു; ഇച്ഛ യത്നത്തിനു പ്രേരകമാകുന്നു. അറിവിനു വിഷയമാകാത്ത വസ്തു ഇച്ഛയ്ക്കും വിഷയമാകുകയില്ല. ഇച്ഛകൂടാതെ പ്രവൃത്തിയുമില്ല. അതിനാല്‍ ജ്ഞാനേച്ഛാകൃതികള്‍ക്ക് ആധാരമായ ആത്മാവ് കര്‍മകേന്ദ്രമാകുന്നു; എന്നിങ്ങനെയാണ് വാദഗതി.

എല്ലാ ജീവജാലങ്ങളുടെയും ബുദ്ധിയില്‍ക്കൂടി പ്രകാശിക്കുന്ന ചൈതന്യം ആത്മാവാണ്. ആ പ്രകാശം എല്ലാറ്റിനെയും പ്രകാശമുള്ളതാക്കുന്നു. 'തസ്യ ഭാസാ സര്‍വമിദംവിഭാതി' എന്ന ശ്രുതിവാക്യം ഈ വസ്തുത വ്യക്തമാക്കുന്നു. 'അഹം' (ഞാന്‍) എന്ന ബോധത്തിനു വിഷയം ആത്മാവാണ്. ഈ ആത്മാവ് ശരീരേന്ദ്രിയാദികളില്‍നിന്നു ഭിന്നമായ ഒരു ചൈതന്യപദാര്‍ഥമാണ്. അതു സ്വയംപ്രകാശമാണ്. ജീവനുള്ള ശരീരം, മൃതശരീരം, ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥാഭേദങ്ങള്‍, ജനനം, മരണം എന്നിങ്ങനെയുള്ള നിത്യാനുഭവങ്ങള്‍ തുടങ്ങിയവയെ അപഗ്രഥിച്ച് യാഥാര്‍ഥ്യം കണ്ടെത്തുവാന്‍ ക്രമീകരിക്കുന്ന ചിന്താശീലനായ മനുഷ്യന്‍ ആത്മാവിന്റെ സത്തയില്‍ ചെന്നെത്താതിരിക്കയില്ല.

ആത്മാവിന്റെ അസ്തിത്വം ശാസ്ത്രീയമായി തെളിയിക്കുവാന്‍ ആധുനിക മനശ്ശാസ്ത്രം ശ്രമിച്ചുപോന്നിട്ടുണ്ട്. പക്ഷേ, ആ വഴിക്കുള്ള ഗവേഷണനിരീക്ഷണങ്ങളുടെ ഫലം പരിമിതമാണ്. ആത്മാസ്തിത്വം സംശയാതീതമായി സ്ഥാപിക്കുവാന്‍ തക്ക തെളിവുകള്‍ ലഭിച്ചിട്ടില്ല. (നോ: അതീതമനശ്ശാസ്ത്രം) 'നൈവ വാചാ ന മനസാ ശക്യോ വാപ്തുമുപായതഃ'. വാക്കുകൊണ്ടോ മനസ്സുകൊണ്ടോ ഇന്ദ്രിയങ്ങള്‍കൊണ്ടോ അറിയുവാന്‍ സാധ്യമായതല്ല ആത്മാവ്. അതിനെ അറിയുവാന്‍ മറ്റു മാര്‍ഗമാണ് ആശ്രയിക്കേണ്ടത് എന്നു ചിലര്‍ കരുതുന്നു.

ഭാരതീയ ദര്‍ശനങ്ങളില്‍

ചാര്‍വാകമതം

ചാര്‍വാകന്‍മാര്‍ പ്രത്യക്ഷത്തെമാത്രം പ്രമാണമായി സ്വീകരിക്കുന്നവരാണ്. പ്രത്യക്ഷപ്രമാണഗോചരമായതു മാത്രമാണ് അവര്‍ക്കു സ്വീകാര്യം. ചൈതന്യവിശിഷ്ടമായ ദേഹം പ്രത്യക്ഷമാകയാല്‍ അതുതന്നെയാണ് ആത്മാവ്; അതായത് ആത്മാവ് ശരീരത്തില്‍നിന്നു ഭിന്നമല്ല. പൃഥ്വി, ജലം, തേജസ്, വായു എന്ന നാലുഭൂതങ്ങളില്‍നിന്നു ശരീരം ഉണ്ടാകുന്നു. ലഹരിപദാര്‍ഥങ്ങളില്‍ നിന്നു മദശക്തി എന്നപോലെ ആ ഭൂതങ്ങളുടെ ചേര്‍ച്ചയില്‍ നിന്നു ചൈതന്യം സ്വാഭാവികമായി ഉണ്ടാകുന്നു. ചൈതന്യാംശം ബോധരൂപവും ദേഹാംശം ജഡവുമാകയാല്‍ ജീവാത്മാവ് ബോധജഡോഭയരൂപനാണ്. അതുകൊണ്ട് ആത്മാവ് നിത്യമല്ല. ജനിമൃതികള്‍ സ്വാഭാവികങ്ങളാണ്. ഞാന്‍ സ്ഥൂലനാണ്; കൃശനാണ്, മനുഷ്യനാണ് എന്നിപ്രകാരമുള്ള വ്യവഹാരങ്ങള്‍ ദേഹാത്മവാദികള്‍ക്ക് അനുകൂലമാണ്. സ്ഥൌല്യം, കാര്‍ശ്യം, മനുഷ്യത്വം മുതലായവ ശരീരധര്‍മങ്ങളാണ്. ആ ശരീരമാണ് അഹംപ്രത്യയവിഷയകമായ ആത്മാവ്.

ചാര്‍വാകന്‍മാരില്‍ ഒരു കൂട്ടര്‍ ഇന്ദ്രിയങ്ങളെ ആത്മാവായി കരുതുന്നു. ഞാന്‍ അന്ധന്‍, ബധിരന്‍, മൂകന്‍ എന്നിപ്രകാരമുള്ള വ്യവഹാരങ്ങളാണ് അവരുടെ വാദത്തിന് അവലംബം. 'ഏഷ ഹി ദ്രഷ്ടാ ശ്രോതാ, ഘ്രാതാ, രസയിതാ, മന്താ, ബോദ്ധാ, കര്‍ത്താ, വിജ്ഞാനാത്മാ പുരുഷഃ' (ഈ വിജ്ഞാനാത്മാവായ പുരുഷന്‍ കാണുന്നവനാണ്, കേള്‍ക്കുന്നവനാണ്, ഗന്ധം അറിയുന്നവനാണ്, രസം അറിയുന്നവനാണ്, മനനം ചെയ്യുന്നവനാണ്, ബോദ്ധാവാണ്, കര്‍ത്താണ്.) എന്ന ശ്രുതിവചനവും ഇന്ദ്രിയാത്മവാദികള്‍ക്ക് അനുകൂലമാണ്. (കാണുന്നതും കേള്‍ക്കുന്നതും മറ്റും ചക്ഷുരാദികളായ ഇന്ദ്രിയങ്ങളത്രെ.) ഇന്ദ്രിയങ്ങള്‍തന്നെ സ്വവിഷയങ്ങളെ ഗ്രഹിച്ച് ആനന്ദാദികള്‍ അനുഭവിക്കുന്നു എന്നാണ് അവരുടെ വാദം.

ബുദ്ധമതം

'ക്ഷണികവിജ്ഞാനമാണ് ആത്മാവ്' എന്നാണ് ബൗദ്ധന്‍മാരില്‍ ഒരു കൂട്ടര്‍ വാദിക്കുന്നത്. ഈ വിജ്ഞാനം പ്രവൃത്തിവിജ്ഞാനമെന്നും ആലയവിജ്ഞാനമെന്നും രണ്ടുതരത്തിലുണ്ട്. ആലോചനാദിവ്യാപാരങ്ങള്‍ക്ക് അവലംബം പ്രവൃത്തിവിജ്ഞാനമാണ്. സുഷുപ്തിയില്‍ ആലയവിജ്ഞാനമാണ്. അര്‍ഥഗ്രഹണസാമര്‍ഥ്യം അതിനില്ല. അതിനാല്‍ വിജ്ഞാനം ക്ഷണികമെങ്കിലും വിജ്ഞാനധാര അവിച്ഛിന്നമായി തുടരുന്നു. ബുദ്ധമതം ആത്മാവ് നിത്യമാണെന്ന സിദ്ധാന്തം അംഗീകരിക്കുന്നില്ല.

ജൈനമതം

സങ്കോചവികാസശീലമായ ആത്മാവ് ശരീരേന്ദ്രിയാദികളില്‍നിന്ന് ഭിന്നമാണെന്നു ജൈനമതക്കാര്‍ അഭിപ്രായപ്പെടുന്നു. ആത്മാവ് ദേഹപരിമാണനാണ്. അണുവോ വിഭൂവോ അല്ല. ശരീരത്തിന്റെ വിഭിന്നങ്ങളായ അവയവങ്ങളില്‍ ഉണ്ടാകുന്ന സുഖദുഃഖാദ്യനുഭവങ്ങള്‍ ഏകകാലത്തില്‍ ഉള്ളതാകയാല്‍ ഭോക്താവായ ആത്മാവ് ശരീരവ്യാപിയാണെന്ന് അംഗീകരിക്കണം. ഉറുമ്പ് മുതലായവയിലുള്ള ആത്മാവ് മാനുഷാദി ശരീരത്തില്‍ പ്രവേശിക്കുന്നതുകൊണ്ട് ആത്മാവിന്റെ സങ്കോചവികാസസ്വഭാവവും നിര്‍വിവാദമാണ്. ആത്മാവ് സങ്കോചവികാസങ്ങള്‍ സ്വീകരിക്കുന്നതായാല്‍ നിത്യത്വം വിരുദ്ധമാകും. അതു ബോധാത്മകമാണ്. സ്വതവേ ചൈതന്യസ്വരൂപമാണ്. ഈ ചേതനയുടെ പ്രകാശനത്തിനു തടസ്സമായി നില്ക്കുന്നതു കര്‍മമാകുന്നു. കര്‍മം ജഡപദാര്‍ഥത്തിന്റെ സൂക്ഷ്മബിന്ദുക്കള്‍ മാത്രമാണെന്നാണ് ജൈനമതസിദ്ധാന്തം. കര്‍മ നിബദ്ധമല്ലാത്ത ആത്മാവ് അനന്തചതുഷ്ടയത്തിന്റെ - അനന്തദര്‍ശനം, അനന്തജ്ഞാനം, അനന്തസുഖം, അനന്തവീര്യം എന്നിവയുടെ - ഉടമയായി വര്‍ത്തിക്കുന്ന ഒന്നാണ്.

നൈയായികസിദ്ധാന്തം

നൈയായികന്‍മാരാകട്ടെ ജ്ഞാനാശ്രയനായ ആത്മാവ് നിത്യനും വിഭൂവും ശരീരേന്ദ്രിയാദിഭിന്നനും ആണെന്നു സിദ്ധാന്തിക്കുന്നു. ജീവാത്മാവ് അനേകനും പരമാത്മാവ് ഏകനും ആണ്. വൈശേഷികന്‍മാരുടെ അഭിപ്രായത്തില്‍ ആത്മാവ് ജഡവുമാണ്. മനസ്സംയോഗംകൊണ്ട് ആത്മാവിനു പ്രകാശാത്മകമായ ജ്ഞാനം ഉണ്ടാകുന്നതുകൊണ്ട് ആ പ്രകാശം നൈമിത്തികവും ആണ്. ആത്മാവ് സ്വയം പ്രകാശമല്ല. ഘടാദികളെപ്പോലെ പരാധീനപ്രകാശമാണ്. ഈശ്വരന്‍ ജഗത്കര്‍ത്താവാണെന്നാണ് നൈയായികന്‍മാരുടെ അഭിപ്രായം.

വിശിഷ്ടാദ്വൈതം

ആത്മാവ് ജ്ഞാനാശ്രയമാണ്. പരമാത്മാവ് നിത്യവിഭൂതിയുടെയും അനന്തകല്യാണഗുണഗണങ്ങളുടെയും നിധിയാണ്; സര്‍വഗതനാണ്. ജീവാത്മാവ് അണുവും ഹൃദയകമലസ്ഥിതനും അസംഖ്യനും ആണ്. നിത്യനാണ്. ധര്‍മഭൂതവും വിഭൂവും ആയ ജ്ഞാനത്തിന്റെ സങ്കോചവികാസങ്ങളുടെ ഫലമായി സര്‍വശരീരവ്യാപകങ്ങളായ സുഖദുഃഖാദികളുടെ അനുഭവം ജീവാത്മാവിനുണ്ടാകുന്നു. പ്രകൃതിയെ സംബന്ധിച്ചിടത്തോളം ജീവാത്മാവ് ശരീരിയും പരമാത്മാവിന്റെ ശരീരവും ആണ്. അങ്ങനെ ജീവാത്മപരമാത്മാക്കളുടെ ബന്ധം ശരീരശരീരി ഭാവസംബന്ധമാണ്. ജീവാത്മാവിന്റെ കര്‍ത്തൃത്വഭോക്തൃത്വാദിധര്‍മങ്ങള്‍ യഥാര്‍ഥങ്ങളാണ്. കല്പിതങ്ങളല്ല. 'തത്ത്വമസി' എന്ന ശ്രുതിവാക്യം ശരീരശരീരികളുടെ സാമാനാധികരണ്യത്തെയാണ് പ്രതിപാദിക്കുന്നത്, അത്യന്താഭേദത്തെയല്ല.

സാംഖ്യമതം

ചൈതന്യസ്വരൂപനായ പുരുഷന്‍ അസംഖ്യനും വിഭൂവും ആണ്. പുരുഷന്‍ കര്‍ത്താവല്ല. പ്രകൃതി (പ്രധാനം)യാണ് കര്‍ത്രി. എന്നാല്‍ പുരുഷന്‍ പ്രകൃതിയുടെ കര്‍മങ്ങളുടെ ഫലം അനുഭവിക്കുന്നു. പ്രകൃതി ജഡമാണ്. ചേതനനായ പുരുഷന്റെ സാന്നിധ്യംകൊണ്ട് പ്രവര്‍ത്തിക്കുന്നു. പ്രകൃതിപുരുഷന്‍മാരുടെ പരസ്പര ബന്ധം 'അന്ധപങ്ഗുന്യായം'കൊണ്ടു വ്യക്തമാക്കാം. പ്രകൃതിക്ക് ക്രിയാശക്തി പുരുഷനില്‍നിന്നു ലഭിക്കുന്നു. പുരുഷനു ഭോഗശക്തി പ്രകൃതിയുടെ കര്‍മത്താലുണ്ടാകുന്നു. പ്രകൃതിപുരുഷസംയോഗമാണ് സംസാരത്തിനു കാരണം. സംയോഗത്തിനു കാരണം അവിദ്യയും. പുരുഷാതീതനായ ഈശ്വരനെ സാംഖ്യന്‍മാര്‍ സ്വീകരിക്കുന്നില്ല. പാതഞ്ജലന്‍മാരാകട്ടെ 'ക്ളേശകര്‍മവിപാകാശയൈരപരാമൃഷ്ടഃ പുരുഷവിശേഷ ഈശ്വര' എന്ന് ക്ലേശാദികളാല്‍ കാലത്രയത്തിലും സ്പര്‍ശിക്കപ്പെടാത്ത പുരുഷവിശേഷനെ ഈശ്വരനായി സ്വീകരിക്കുന്നു. സംസാരാവസ്ഥയില്‍ പുരുഷനു ചിത്തവൃത്തിസാരൂപ്യമാണ്. ചിത്തവൃത്തിനിരോധമാണ് പുരുഷന്റെ സ്വരൂപാവിര്‍ഭാവത്തിന് ഉപായം.

അദ്വൈതം

സത്യവും ജ്ഞാനവും ആനന്ദവും ആണ് ബ്രഹ്മം. ബ്രഹ്മംതന്നെയാണ് ആത്മാവ്. അതു നിത്യവും ഏകവും അപരിച്ഛിന്നവും നിഷ്ക്രിയവും നിര്‍ഗുണവും സച്ചിദാനന്ദൈകരസവും ആണ്. 'അശബ്ദമസ്പര്‍ശമരൂപമവ്യയം തഥാ രസം നിത്യമഗന്ധവച്ചയത്' (കഠോപനിഷത്ത്), 'സാക്ഷീ ചേതാ കേവലോ നിര്‍ഗുണശ്ച' എന്ന ശ്രുതിവാക്യങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. നിത്യമാകയാല്‍ ജന്‍മാദികളായ ഭാവവികാരങ്ങള്‍ ആത്മാവിനില്ല. അവിദ്യോപാധികമായ ചൈതന്യം ഈശ്വരനെന്നും അന്തഃകരണോപാധിയായ ചൈതന്യം ജീവനെന്നും വ്യവഹരിക്കപ്പെടുന്നു. അവിദ്യ ഏകമാകയാല്‍ ഈശ്വരന്‍ ഏകനും അന്തഃകരണം പരിച്ഛിന്നവും പ്രതിശരീരം ഭിന്നവും ആകയാല്‍ ജീവന്‍ അനേകനും ആകുന്നു. ചില ആചാര്യന്‍മാരാകട്ടെ ബിംബത്വധര്‍മത്തോടുകൂടിയ ചൈതന്യം ഈശ്വരനെന്നും പ്രതിബിംബത്വധര്‍മത്തോടുകൂടിയത് ജീവനെന്നും അവിദ്യ പ്രതിബിംബോപാധിയെങ്കില്‍ ജീവന്‍ ഏകനും അന്തഃകരണം പ്രതിബിംബോപാധിയെങ്കില്‍ ജീവന്‍ അനേകനും ആണെന്നും അഭിപ്രായപ്പെടുന്നു. അരൂപമായ ബ്രഹ്മചൈതന്യത്ത്ിനു പ്രതിബിംബം ഉപപന്നമാണ്. ബ്രഹ്മചൈതന്യം സ്വയം പ്രകാശമാണ്. അന്തഃകരണാദ്യഭേദാധ്യാസം നിമിത്തം അന്തഃകരണാദിധര്‍മങ്ങളെ ആത്മാവില്‍ ആരോപിക്കുന്നതുകൊണ്ടാണ് അതില്‍ കര്‍ത്തൃത്വം, ഭോക്തൃത്വം, സുഖിത്വം, ദുഃഖിത്വം മുതലായ ധര്‍മങ്ങള്‍ പ്രതിഭാസിക്കുന്നത്. കണ്ണാടിയുടെ മാലിന്യം നിമിത്തം പ്രതിബിംബത്തിനും മാലിന്യം ഉണ്ടെന്നു തോന്നാറുണ്ടല്ലൊ. പ്രതിബിംബത്തില്‍ പ്രതിഭാസിക്കുന്ന മാലിന്യം ബിംബം മലിനമാണെന്ന തോന്നലിനും കാരണമാകുന്നു.

അദ്വൈതികള്‍ ജീവന് സ്ഥൂലം, സൂക്ഷ്മം എന്നു രണ്ടുവിധത്തിലുള്ള ശരീരം ഉണ്ടെന്ന് അഭിപ്രായപ്പെടുന്നു. സ്ഥൂലശരീരം പാഞ്ചഭൗതികവും സൂക്ഷ്മശരീരം പതിനേഴ് അവയവങ്ങളോടുകൂടിയതും ആകുന്നു. സൂക്ഷ്മശരീരം ജീവന്റെ പരലോകയാത്രയില്‍ സുഖദുഃഖാദിഭോഗായതനമാണ്. കേവലാത്മാവ് അശരീരനാണ്. ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്ന അവസ്ഥാത്രയം ജീവാത്മാവിനാണ്.

ഏവര്‍ക്കും പ്രിയമായതാണ് ആനന്ദവസ്തു. സമ്പത്തും പുത്രകളത്രാദികളും പ്രിയങ്ങളാണെന്നു തോന്നും. എന്നാല്‍ അവ എപ്പോഴും പ്രിയങ്ങളല്ല. ഗൃഹം കത്തിയെരിയുമ്പോഴും വള്ളം മുങ്ങുമ്പോഴും മറ്റു സകലതും ത്യജിച്ച് മനുഷ്യന്‍ സ്വയം രക്ഷനേടുവാനാണ് ശ്രമിക്കുന്നത്. അതിനാല്‍ ഏതവസ്ഥയിലും മനുഷ്യന് പ്രിയമായതാണ് ആത്മാവെന്നു വ്യക്തമാകും. അങ്ങനെ ആനന്ദം ഏവരുടെയും പ്രകൃതിയാണെന്നും ആത്മാവ് ആനന്ദമാണെന്നും വന്നുകൂടുന്നു. ആനന്ദം ഇച്ഛയ്ക്കു വിഷയമാകണമെങ്കില്‍ അതിന്റെ ജ്ഞാനം ഉണ്ടായിരിക്കണം. അതുപോലെ ആനന്ദാനുഭൂതിയിലും ഇത് ആനന്ദമാണെന്ന ജ്ഞാനം ഉണ്ടായിരിക്കും. അങ്ങനെ ആനന്ദത്തിനു മുമ്പും ആനന്ദം അനുഭവിക്കുമ്പോഴും പ്രകാശസ്വരൂപമായ ജ്ഞാനം ജീവജാലങ്ങളില്‍ ഉണ്ടായിരിക്കണം. അതുകൊണ്ട് ജ്ഞാനവും ജീവികളുടെ സ്വഭാവങ്ങളില്‍ ഒന്നാണ്. ആനന്ദവും ജ്ഞാനവും പ്രകൃതിയാകണമെങ്കില്‍ ജീവി ഉള്ളവനായിരിക്കണം - സത്തായിരിക്കണം - നാശരഹിതനായിരിക്കണം. അങ്ങനെ സത്ത്, ചിത്ത് (ജ്ഞാനം), ആനന്ദം എന്നിവയാണ് എല്ലാവരുടെയും യഥാര്‍ഥ സ്വരൂപം, അതാണ് ആത്മാവ്.

ആത്മാവിന് പുനര്‍ജന്മം ഉണ്ടെന്ന് ബുദ്ധമതവും ജൈനമതവും വിശ്വസിക്കുന്നു. മുജ്ജന്‍മകര്‍മമനുസരിച്ച് മൃഗം, ദേവന്‍, സസ്യം, പ്രേതം എന്നിവയിലൊന്നായി ജനിക്കും. പാതഞ്ജലന്‍മാരും സാംഖ്യന്‍മാരും നൈയായികന്‍മാരും വൈശേഷികന്‍മാരും മൂലതത്ത്വത്തെ അനുമാനത്തിന്റെ സഹായത്താല്‍ കണ്ടെത്തുവാന്‍ ശ്രമിക്കുന്നവരാണ്. വേദത്തിന്റെ സഹായം അവര്‍ തേടുന്നില്ല. അദ്വൈതികളാകട്ടെ വേദത്തെ ആത്മാന്വേഷണത്തിന് അവലംബമായി സ്വീകരിക്കുന്നു.

മറ്റു മതസിദ്ധാന്തങ്ങളില്‍

ഇസ്ലാംമതം

ഇസ്ലാമിക വിശ്വാസപ്രകാരം അല്ലാഹുവാണ് മനുഷ്യശരീരത്തിലേക്ക് ആത്മാവിനെ ഊതിക്കയറ്റുന്നതും (ഖുര്‍ആന്‍ XV-29) ഉറക്കത്തിലോ സ്വപ്നത്തിലോ മരണത്തിലോ ശരീരത്തെയും ആത്മാവിനെയും വിഘടിക്കുന്നതും (VI-60 XXXIV). വിശ്വാസികള്‍ മരിക്കുമ്പോള്‍ അവരുടെ ആത്മാക്കളെ അല്ലാഹു തന്റെ സമീപത്തിലേക്കു കൊണ്ടുവരുന്നു. വിധിദിവസം അവര്‍ ഉയിര്‍ത്തെഴുന്നേല്ക്കുന്നു. അല്ലാഹു ശരീരവുമായി അവയെ വീണ്ടും ഇണക്കുകയും ചെയ്യുന്നു.

ഖുര്‍ആന് പില്ക്കാലത്തുണ്ടായ ഭാഷ്യങ്ങളില്‍ ദേഹത്തുനിന്നും ആത്മാവ് വിട്ടുപിരിയുന്നത് വളരെ വൈമനസ്യത്തോടുകൂടിയാണെന്നും ശരീരം ജീര്‍ണിച്ച് ദ്രവിക്കുന്നതുവരെ ആത്മാവ് പോകാതെ അതിന്റെ അടുത്തുത്തന്നെ വര്‍ത്തിക്കുമെന്നും രേഖപ്പെടുത്തിയിരിക്കുന്നു. പരേതാത്മാക്കളും ജീവിച്ചിരിക്കുന്ന ബന്ധുക്കളും തമ്മില്‍ ഉറ്റ സമ്പര്‍ക്കം പുലര്‍ത്തപ്പെടുമെന്നു വിശ്വസിക്കപ്പെടുന്ന ഈ ഘട്ടത്തില്‍ ധാരാളം ദാനകര്‍മാദികളും പ്രാര്‍ഥനകളും മുസ്ലിങ്ങള്‍ നടത്താറുണ്ട്.. (നോ: അന്ത്യന്യായവിധി)

ക്രിസ്തുമതം

ഐഹികവും ആമുഷ്മികവുമായ മനുഷ്യജീവിതത്തെപ്പറ്റിയുള്ള ക്രൈസ്തവസിദ്ധാന്തങ്ങളെ സംബന്ധിച്ചിടത്തോളം പഴയനിയമത്തിലും പുതിയ നിയമത്തിലും ഉള്ള പരാമര്‍ശങ്ങള്‍ക്ക് കാര്യമായ വൈരുധ്യമൊന്നും ഇല്ല. ജീവസത്ത (ആത്മാവ്) മരണാനന്തരവും നിലനില്ക്കുമെന്നു തന്നെ ക്രിസ്തുമതം വിശ്വസിക്കുന്നു. വി. മത്തായിയുടെ സുവിശേഷത്തില്‍ (5-29; 10-28) പറയുന്ന പഞ്ചഭൂതാത്മകമായ ശരീരമാണെങ്കിലും, കൊരിന്ത്യര്‍ക്ക് അപ്പോസ്തലനായ പൗലോസ് എഴുതിയ ഒന്നാം ലേഖനത്തിലെ (15 : 35-38) സൂക്ഷ്മശരീരമാണെങ്കിലും പ്രാചീന യവനസിദ്ധാന്തമനുസരിച്ച് അത് അനശ്വരമായ ആത്മാവിനെ ഉള്‍ക്കൊള്ളുന്നതാണെന്നു 'പുതിയനിയമം' അനുശാസിക്കുന്നു. 'ഇതെല്ലാം പ്രവര്‍ത്തിക്കുന്നത് താന്‍ ഇച്ഛിക്കുംപോലെ അവനവന് അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവുതന്നെ.' ശരീരം ഒന്നും, അതിന് അവയവം പലതും. ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും (1 കൊരി. 12:12,13). ഈശ്വരസൃഷ്ടിയില്‍ മനുഷ്യനു മാത്രമേ ആത്മാവുള്ളു എന്നാണ് ക്രൈസ്തവരുടെ വിശ്വാസം.

ആത്മാവിന്റെ ആവിര്‍ഭാവം, ആത്മാവും ഈശ്വരനുമായുള്ള ബന്ധം, അലൌകികശക്തികളും ആത്മാവുമായുള്ള പരസ്പരാപേക്ഷികത തുടങ്ങിയ പ്രശ്നങ്ങള്‍ വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന കര്‍ത്തവ്യം പില്ക്കാലത്തെ ദൈവശാസ്ത്രകാരന്‍മാര്‍ക്കും ദാര്‍ശനികര്‍ക്കും വിട്ടുകൊടുത്തിട്ട് പുതിയ നിയമം ഇവയെക്കുറിച്ച് പ്രായേണ മൗനം അവലംബിക്കുന്നതായാണ് കാണുന്നത്. ജൂതകേന്ദ്രങ്ങളില്‍നിന്നും ക്രൈസ്തവസുവിശേഷങ്ങള്‍ വിശാലമായ റോമന്‍സാമ്രാജ്യത്തിലേക്ക് ആദ്യമായി പ്രവേശിച്ച കാലംമുതല്‍തന്നെ ആത്മാവിനെക്കുറിച്ചുള്ള ഹീബ്രൂസങ്കല്പങ്ങളെല്ലാം ഏറിയകൂറും അതേപടി യവനപരിവേഷമണിഞ്ഞ് ലോകത്തിന്റെ എല്ലാ കോണുകളിലേക്കും ശീഘ്രപ്രയാണമാരംഭിച്ചു. ഈ പ്രചാരണപര്യടനംകൊണ്ട് നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടായി. ക്രൈസ്തവവിശ്വാസങ്ങള്‍ക്ക് യുക്തിസഹമായ ശാസ്ത്രീയാധിഷ്ഠാനങ്ങള്‍ കിട്ടിയെന്നതാണ് നേട്ടങ്ങളില്‍ മുഖ്യം. എന്നാല്‍ അതേസമയം ഹീബ്രൂ വിശ്വാസങ്ങളിലും പുതിയനിയമസിദ്ധാന്തങ്ങളിലും ഒളിഞ്ഞുകിടന്ന ആത്മാവിനെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ കുറേക്കൂടി ഇരുളിലാണ്ടുപോകാനും ഇടയായി. ടെര്‍ടുല്ലിയന്‍ (160-220), ഒറിഗണ്‍ (185-284). സെന്റ് അഗസ്റ്റിന്‍ (354-430), തോമസ് അക്വിനാസ് (1224-75), എക്ഹാര്‍ട് (1260-1327), ഡേക്കാര്‍ട് (1596-1650), സ്പിനോസ (1632-77), ലൈബ്നിട്സ് (1646-1716), ലോക്ക് (1632-1702) തുടങ്ങിയ പണ്ഡിതന്‍മാരാണ് പഠനനിരീക്ഷണ ഗവേഷണങ്ങളുടെ പശ്ചാത്തലത്തില്‍ ആത്മാവിനെക്കുറിച്ചുള്ള ക്രൈസ്തവസിദ്ധാന്തങ്ങള്‍ക്കു പില്ക്കാലത്ത്, ചിലപ്പോള്‍ അന്യോന്യം പൊരുത്തപ്പെടാത്തതെങ്കിലും, സ്വീകാര്യമായ അധിഷ്ഠാനം നല്കിയിട്ടുള്ളത്. കാലദേശാവധികളില്‍നിന്നു നിര്‍മുക്തമെങ്കിലും അതിഭൌതികതത്ത്വത്തില്‍ അടിയുറച്ചുനില്ക്കുന്ന ഐകരൂപ്യമുള്ള ഒരു ആശയപരിവേഷം ഇവരുടെ അമൂല്യദാര്‍ശനിക സംഭാവനകളില്‍നിന്ന് ആത്മാവിനെ സംബന്ധിക്കുന്ന ക്രൈസ്തവവിശ്വാസത്തിനു ലഭിച്ചിട്ടുണ്ട്.

ട്യൂട്ടോണിക് വിശ്വാസങ്ങള്‍

ശരീരത്തില്‍നിന്നു തികച്ചും ഭിന്നമായ ഒരു ജീവശക്തിയില്‍ വിശ്വസിക്കുന്നവരാണ് ജര്‍മനിയിലും പരിസരപ്രദേശങ്ങളിലും ഉള്ള ട്യൂട്ടോണിക് ജനത. 'ഹുഗര്‍' (hugr) എന്ന് അവര്‍ വിളിക്കുന്ന മനുഷ്യമനസ്സിനുള്ളില്‍ കുടിയിരിക്കുന്ന ആത്മശക്തിക്ക് സ്കാന്‍ഡിനേവിയന്‍മാര്‍ 'ഫൈല്‍ഗ്ജ' (fylgja) എന്നാണ് പേരിട്ടിരിക്കുന്നത്. മനുഷ്യന്റെ ബാഹ്യസ്വഭാവത്തിന് അനുരോധമായ രീതിയില്‍ ഈ ഫൈല്‍ഗ്ജ ഏതെങ്കിലും മൃഗത്തിന്റെയോ മറ്റോ രൂപത്തിലായിരിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു. ഒരു ധീരപുരുഷന്റെ പ്രതിനിധി സാധാരണയായി ഒരു കരടിയോ, കഴുകനോ, കാളയോ, ആകാം; ക്രൂരന്റേത് ചെന്നായും, സൂത്രശാലിയുടേത് കുറുക്കനും, സുന്ദരിയുടേത് അരയന്നവുമായിരിക്കും. ഇവയെല്ലാം മനുഷ്യന്റെ ജീവിതം അവസാനിക്കുന്നതോടുകൂടി സ്വയം അപ്രത്യക്ഷമാകുമെന്നല്ലാതെ മരണാനന്തര ജീവിതത്തെ ഈ 'ആത്മാക്കളു'മായി കൂട്ടിയിണക്കുന്ന പരാമര്‍ശങ്ങള്‍ ട്യൂട്ടോണിക് സാഹിത്യത്തില്‍ തുലോം വിരളമാണ്.

ഗ്രീക് സിദ്ധാന്തങ്ങള്‍

ഹോമര്‍ തന്റെ ഇതിഹാസകാവ്യങ്ങളിലൂടെ ലോകത്തിനു നല്കിയിട്ടുള്ള അക്കേയന്‍ വിശ്വാസങ്ങളിലും ഹോമറിനു മുന്‍പ് കുറഞ്ഞത് 2,000 വര്‍ഷങ്ങളെങ്കിലും നിലനിന്ന ഈജിയന്‍ സംസ്കാരധാരകളിലും ഹോമറിനുശേഷം രൂപംകൊണ്ട ഹെലനിക്ക് നാഗരികതകളിലും കാണുന്ന രീതിയിലുള്ള യവനസിദ്ധാന്തങ്ങളില്‍ ആത്മാവിനെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ പരസ്പരഭിന്നമായി നിലക്കൊള്ളുന്നു. ഈജിയന്‍ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ആളുടെ മൃതശരീരത്തോടൊപ്പം ഉപയോഗിച്ചിരുന്ന ആയുധങ്ങളും അടക്കം ചെയ്യുകയായിരുന്നു പതിവ്. ഇതില്‍ നിന്നും ദേഹി ദേഹത്തെ വിട്ടുപിരിയുന്നില്ലെന്നും ആവശ്യമുള്ള സാധനങ്ങള്‍ ശരീരത്തോടു ചേര്‍ത്ത് ഭൂഗര്‍ഭത്തില്‍ സൂക്ഷിക്കുന്നത് ആത്മാവിന്റെ ആവശ്യത്തിനാണെന്നും ഈജിയന്‍മാര്‍ വിശ്വസിച്ചിരുന്നതായി വ്യക്തമാകുന്നു.

എന്നാല്‍ ഹോമറുടെ കാലമായപ്പോഴേക്കും മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന പതിവ് നിലവില്‍വന്നു. അവസാനത്തെ ശ്വാസത്തോടൂകൂടി ഒരാളുടെ ആത്മാവ് അയാളെ വിട്ടുപോകുമെന്നും ആത്മാവിന്റെ സ്വാതന്ത്യ്രത്തിനു വേണ്ടിത്തന്നെ ശവം എത്രയും വേഗം ഭസ്മമാക്കുന്നതാണ് നല്ലതെന്നും ഉള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ശവദാഹകര്‍മം ഗ്രീസില്‍ ആവിര്‍ഭവിച്ചത്. ജീവിച്ചിരിക്കുന്ന കാലത്ത് ആത്മാവിന് എന്തെങ്കിലും പ്രത്യേക കര്‍ത്തവ്യം നിര്‍വഹിക്കാനുണ്ടായിരുന്നതായി ഹോമര്‍ കരുതിയിരുന്നില്ല. കണ്ണാടിയിലോ ശുദ്ധജലത്തിലോ പ്രതിഫലിക്കുന്ന മനുഷ്യബിംബംപോലെ മാത്രമാണ് ആത്മാവ് എന്നും അത് വെറും 'ഛായ' ആണെന്നുമാണ് ഹോമറിന് ഇതേപ്പറ്റി സാകല്യേനയുള്ള സങ്കല്പം.

ചരിത്രകാലഘട്ടത്തില്‍ ഈ സങ്കല്പങ്ങള്‍ക്കു വീണ്ടും രൂപാന്തരം സംഭവിച്ചു. വീരനായകന്‍മാരെ ഈശ്വരത്വത്തിലേക്കുയര്‍ത്തി അവരുടെ ശവകുടീരങ്ങളെ ആരാധിക്കുന്ന പതിവ് തുടങ്ങിയത് ഈ കാലത്താണ്. അവരുടെ ആത്മാക്കള്‍ ശവക്കല്ലറകളില്‍ കുടികൊള്ളുന്നു എന്ന് വിശ്വസിക്കാന്‍ തുടങ്ങിയതിന്റെ ഫലമാണിത്. പരേതരുടെ ആത്മാക്കളാണ് തങ്ങളുടെ പ്രിയപ്പെട്ട വീരനായകന്‍മാരായി അവതരിക്കുന്നതെന്നും, അവര്‍ മരിക്കുമ്പോള്‍ അവരുടെ ശരീരം അടക്കം ചെയ്യുന്ന കല്ലറകളില്‍ ബലിയര്‍പ്പിക്കുന്നത് ആ ആത്മാക്കളെ ബഹുമാനിക്കുന്നതിനാണെന്നും ഉള്ള വിശ്വാസം രൂഢമൂലമായതിന്റെ തെളിവാണിത്.

പില്ക്കാലത്ത് മറ്റു മതവിശ്വാസങ്ങളിലെന്നതുപോലെ സോക്രട്ടീസിന്റെയും പ്ളേറ്റോയുടെയും അരിസ്റ്റോട്ടലിന്റെയും സ്റ്റോയിക്കുകളുടെയും എപ്പിക്യൂറിയന്‍മാരുടെയും ക്രൈസ്തവസിദ്ധാന്തങ്ങളുടെയും മറ്റും വ്യാഖ്യാനങ്ങളുടെ അതിപ്രസരത്തില്‍ ആത്മാവിനെക്കറിച്ചുള്ള ഗ്രീക് സങ്കല്പങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത രൂപഭേദങ്ങള്‍ കൈക്കൊണ്ടു.

സരതുഷ്ട്രമതം

ആത്മാവ് എന്ന പദം ഭാരതീയ ഭാഷകളില്‍ അറിയപ്പെടുന്ന അര്‍ഥത്തില്‍തന്നെയാണ് അവെസ്ത 'ഉര്‍വന്‍' എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. മരണത്തിനുശേഷം അമര്‍ത്ത്യമായി നിലനില്ക്കുന്ന 'ഉര്‍വന്‍' തന്നെയാണ് മനുഷ്യന് അവന്റെ കര്‍മഫലങ്ങള്‍ യഥാര്‍ഹം നല്കാന്‍ ഉത്തരവാദിയെന്നു പാഴ്സികള്‍ വിശ്വസിക്കുന്നു. ജന്തുജാലങ്ങള്‍ക്കും ഈ ദേഹി ഉണ്ട്. ഒരാള്‍ മരിക്കുന്നതോടുകൂടി അയാളുടെ ആത്മാവ് അയാളെ വിട്ടുപിരിഞ്ഞ് അയാളുടെ തലയ്ക്കുമീതേ മൂന്നുദിവസം കറങ്ങുന്നു. പരലോകത്തിലേക്കുള്ള പ്രവേശനദ്വാരമായ ചിന്‍വത്പാലത്തില്‍ നാലാം ദിവസം രാവിലെ ആത്മാവ് പ്രവേശിക്കുന്നതോടുകൂടി ഒരു സ്ത്രീരൂപം അതിനെ സമീപിക്കുകയും പരേതന്റെ അര്‍ഹതയനുസരിച്ച് അയാളെ സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ നയിക്കുകയും ചെയ്യുന്നു. സുഖസമൃദ്ധിയിലേക്ക് ആത്മാവിനെ ആനയിക്കുന്ന ദേവത അതീവസുന്ദരിയും ദുരിതങ്ങളിലാഴ്ത്താന്‍ വരുന്നവള്‍ മഹാവിരൂപിണിയും ആയിരിക്കുമെന്നു പ്രത്യേകം പറയപ്പെട്ടിട്ടുണ്ട്.

ബാബിലോണിയന്‍-അസീറിയന്‍ മതങ്ങള്‍

മരിച്ചുകഴിഞ്ഞ ആളുകളുടെ ജീവന്‍ ഏതോ ഭൂഗര്‍ഭലോകത്തില്‍ ദുരിതപൂര്‍ണമായ ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടതാണെന്നായിരുന്നു ബാബിലോണിയന്‍മാരുടെയും അസിറിയന്‍മാരുടെയും വിശ്വാസം. അനന്തരാവകാശികള്‍ നടത്തുന്ന ബലികള്‍കൊണ്ട് തൃപ്തിപ്പെടാതെ വരുമ്പോള്‍ ഈ ആത്മാക്കള്‍ രാക്ഷസരൂപം കൈക്കൊണ്ട് തിരിച്ചുവന്നു ജീവിച്ചിരിക്കുന്നവരെ പീഡിപ്പിക്കുമെന്നും അവര്‍ വിശ്വസിച്ചുവന്നു. ശരിയായി അടക്കം ചെയ്യാത്തതും, അടക്കം ചെയ്തെങ്കിലും ശ്രാദ്ധാദി കര്‍മങ്ങള്‍ ലഭിക്കാത്തതും, ജീവിച്ചിരുന്നപ്പോള്‍ ഐഹികാഭിലാഷങ്ങള്‍ പൂര്‍ത്തിയാകാത്തതുമായ ആത്മാക്കളാണത്രെ സ്വജനഭീകരന്‍മാരായി തിരിച്ച് ഭൂമിയില്‍ വരാറുള്ളത്.

ഇത്തരം വിശ്വാസങ്ങള്‍ ഇതിഹാസങ്ങളിലും ശവകുടീര ലിഖിതങ്ങളിലും മറ്റും കാണാമെങ്കിലും ഈ പ്രാചീനജനതകള്‍ ആത്മാവിനെക്കുറിച്ച് പുലര്‍ത്തിവന്ന സങ്കല്പങ്ങള്‍ക്കു നിയതമായ ഒരു രൂപം കാണാനില്ല.

=യഹൂദമതം

ശരീരം, ആത്മാവ്, മനസ് എന്നീ രീതിയിലുള്ള ഒരു വിഭജനം മനുഷ്യജീവിതത്തെക്കുറിച്ച് പ്രാചീന ഹീബ്രൂജനത പുലര്‍ത്തിയിരുന്നതായി പഴയനിയമത്തിലെ ചില പരാമര്‍ശങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട് ചില പണ്ഡിതന്‍മാര്‍ പ്രസ്താവിക്കുന്നു. ആത്മാവിന്റെ യഹൂദമതവ്യാഖ്യാനങ്ങള്‍ ബൈബിള്‍ കാലഘട്ടത്തിനുശേഷം പല രൂപവ്യതിയാനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. ഗ്രീക് ചിന്തയുടെ അതിപ്രസരവും ചില വാദഗതികളില്‍ പ്രകടമായി കാണാം. താല്‍മൂദില്‍ വിവരിക്കുന്ന രീതിയിലുള്ള ആത്മാവ് ഉത്പത്തി പുസ്തകത്തില്‍ പറയുന്ന 'യഹോവയായ ദൈവം നിലത്തെ പൊടികൊണ്ട് മനുഷ്യനെ നിര്‍മിച്ചിട്ട് അവന്റെ മൂക്കില്‍ ജീവശ്വാസം ഊതി; മനുഷ്യന്‍ ജീവനുളള ദേഹിയായിത്തീര്‍ന്നു' (2, 7, 8) എന്ന പ്രസ്താവത്തിന്റെ വിശദീകരണമല്ലാതെ മറ്റൊന്നുമല്ല. ഗര്‍ഭധാരണം ഉണ്ടാകുമ്പോള്‍ യഹോവ ഒരു മാലാഖയെ വിളിച്ച് ഒരു നിര്‍ദിഷ്ടാത്മാവിനെ ഭ്രൂണത്തില്‍ പ്രവേശിപ്പിക്കുവാന്‍ ആജ്ഞാപിക്കുമെന്ന് റബ്ബികള്‍ പഠിപ്പിക്കുന്നു. ഇങ്ങനെ ഭൂമിയില്‍ ചെന്ന് മനുഷ്യശരീരങ്ങളില്‍ കടക്കാന്‍ കാത്തുനില്ക്കുന്ന ആത്മാവുകള്‍ സപ്തസ്വര്‍ഗങ്ങളുടെ ഏറ്റവും താഴത്തെ നിലയായ അരബോത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുകയാണ്. എന്നാല്‍ പുണ്യവാന്‍മാരായ ആളുകള്‍ മരിക്കുമ്പോള്‍ യഹോവ അവരുടെ ആത്മാക്കളെ തന്റെ സിംഹാസനത്തിന്റെ കീഴില്‍ സൂക്ഷിക്കുന്നു. ഓരോ വെള്ളിയാഴ്ചയും യഹോവ ഒരു യഹൂദന് ഓരോ പുതിയ ആത്മാവിനെ നല്കുമെന്നും ശബത്ത് അവസാനിക്കുമ്പോള്‍ അവയെ തിരിച്ചെടുക്കുമെന്നും വിശ്വസിക്കുന്ന ഒരു യഹൂദവിഭാഗവുമുണ്ട്.

പില്ക്കാലവ്യാഖ്യാതാക്കളുടെ കൈകളില്‍ ഈ സിദ്ധാന്തങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും വിപുലമായ തോതില്‍ വിശദീകരണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

മറ്റു സെമിറ്റിക് വിഭാഗങ്ങള്‍

ഫിനീഷ്യന്മാര്‍, നബാത്തെയന്മാര്‍, സിറിയന്‍മാര്‍, അറബികള്‍ തുടങ്ങിയിട്ടുള്ള മറ്റു സെമിറ്റിക് വര്‍ഗക്കാര്‍ ആത്മാവിനെക്കുറിച്ച് പുലര്‍ത്തിവന്നിരുന്ന സിദ്ധാന്തങ്ങള്‍ മിക്കവാറും ഹീബ്രൂദര്‍ശനങ്ങളില്‍ അധിഷ്ഠിതമായവയാണ്. എത്യോപ്യന്‍ ജനതയുടെ കാര്യത്തിലും ഈ വിശ്വാസങ്ങളില്‍ വിശദാംശങ്ങളിലല്ലാതെ സാരമായ വ്യത്യാസങ്ങള്‍ കാണാനില്ല.

ഈജിപ്ഷ്യന്‍മാര്‍

ആത്മാവിനെക്കുറിച്ച് തികച്ചും സ്വകീയമായ ചില സിദ്ധാന്തങ്ങള്‍ വച്ചുപുലര്‍ത്തിയിരുന്നവരാണ് പ്രാചീന ഈജിപ്ഷ്യന്‍ ജനത. ജീവിച്ചിരിക്കുന്ന കാലത്ത് അദൃശ്യമായ ഒരു മൂര്‍ത്തസത്ത മനുഷ്യശരീരത്തില്‍ കുടികൊള്ളുമെന്നായിരുന്നു അവരുടെ വിശ്വാസം. ഈ സത്തയ്ക്ക് അവര്‍ 'ബാ' എന്നു പേരു നല്കി. മരണസമയത്ത് ഇതു ശരീരത്തെ വെടിയുന്നു. ജീവിച്ചിരിക്കുന്ന കാലത്തേതുപോലെ പരേതലോകത്തിലും ഇതിന് ഭക്ഷണപാനീയങ്ങള്‍ ആവശ്യമുണ്ട്. ശവക്കല്ലറകളില്‍ ആഹാരപദാര്‍ഥങ്ങള്‍ നിക്ഷേപിക്കുക ഈജിപ്ഷ്യന്‍മാരുടെ ഒരു മുഖ്യാചാരമാണ്. ഈജിപ്ഷ്യന്‍മാരുടെ മരിച്ചവരുടെ പുസ്തകത്തില്‍ (Book of the Dead) ആത്മാവിനെയും മരണത്തെയും മരണാനന്തരജീവിതത്തെയും കുറിച്ചുള്ള നിരവധി പരാമര്‍ശങ്ങള്‍ അടങ്ങിയിരിക്കുന്നു. ആത്മാവിനെ ചിത്രീകരിക്കാന്‍ ഈജിപ്ഷ്യന്‍മാര്‍ കൈക്കൊണ്ടിരുന്നമാര്‍ഗം മനുഷ്യശിരസ്സോടുകൂടിയതോ അല്ലാത്തതോ ആയ ഒരു പക്ഷിയുടെ രൂപാലേഖ്യം ആയിരുന്നു. ആത്മാക്കളുടെ പരമോന്നത വിധികര്‍ത്താവായി അവര്‍ കല്പിച്ചിരുന്നദേവന്‍ ദാസിരിസ്സിനെ അദ്ദേഹത്തിന്റെ ജോലിയില്‍ സഹായിക്കാന്‍ 42 ധര്‍മശാസ്ത്രജ്ഞരും ഉണ്ടായിരുന്നതായി ഇതിഹാസങ്ങള്‍ പറയുന്നു.

റോമാക്കാര്‍

പ്രാചീന റോമന്‍സാഹിത്യത്തിലും പുരാവസ്തുശേഖരങ്ങളിലും നിന്ന് ഖണ്ഡിതവും വിശ്വാസയോഗ്യവും ആയ തെളിവുകള്‍ ഒന്നും കിട്ടാത്തിടത്തോളം ഇവര്‍ പുരാതനകാലത്ത് ജീവിതമരണങ്ങളെക്കുറിച്ച് പുലര്‍ത്തിയിരുന്ന വിശ്വാസങ്ങള്‍ എന്തൊക്കെയായിരുന്നിരിക്കണമെന്നു വ്യവച്ഛേദിച്ചു പറയുക ദുഷ്കരമാണ്. പ്രാണന്‍ എന്നു പരിഭാഷപ്പെടുത്താവുന്ന അനിമ (anima) എന്ന പദം ആത്മാവിനെയും ജീവനെയും സൂചിപ്പിക്കാന്‍ പ്രാചീന റോമന്‍സാഹിത്യത്തില്‍ ഉപയോഗിച്ചിരുന്നതായി കാണാന്‍ കഴിയുന്നുണ്ട്.

റോമന്‍ നിയമത്തില്‍ മാതാപിതാക്കളെ താഡിക്കുന്ന പുത്രനെ പൂര്‍വികാത്മാക്കള്‍ക്ക് ബലിയര്‍പ്പിക്കേണ്ടതാണ് എന്ന ഒരു വ്യവസ്ഥ കാണാം. എന്നാല്‍ ആത്മാവിന്റെ സ്വഭാവത്തെക്കുറിച്ച് റോമാക്കാര്‍ക്കുണ്ടായിരുന്ന സങ്കല്പം എന്താണെന്ന് ഇതു വ്യക്തമാക്കുന്നില്ല. പ്രാക്തനകാലങ്ങളില്‍ മാര്‍ച്ച് 9, 11, 13 തീയതികളില്‍ റോമില്‍ ആചരിച്ചുവന്ന 'ലെമൂറിയ' എന്ന ഉത്സവം പ്രേതങ്ങളെ ഉച്ചാടനം ചെയ്യാന്‍ ഉദ്ദേശിക്കപ്പെട്ടവയായിരുന്നു. മഹാന്‍മാരുടെ ആത്മാക്കള്‍ മാത്രമേ നിലനില്ക്കുകയുള്ളു എന്ന് റോമാക്കാര്‍ വിശ്വസിച്ചിരുന്നതായി ചില സൂചനകള്‍ കാണാം. ചക്രവര്‍ത്തിമാരെ അവരുടെ മരണാനന്തരം ഈശ്വരത്വത്തിലേക്ക് ഉയര്‍ത്തുന്ന പ്രവണത ഇതാണ് തെളിയിക്കുന്നത്.

ഏതായാലും പ്രാചീന റോമാക്കാരുടെ അന്യോന്യം പൊരുത്തപ്പെടാത്ത പരേതസങ്കല്പത്തിനു ദാര്‍ശനികമായ ഒരു അധിഷ്ഠാനം ലഭിക്കാന്‍ ക്രിസ്തുമതത്തിന്റെ ആവിര്‍ഭാവം വേണ്ടിവന്നു. നോ: അദ്വൈതം; ഖുര്‍ആന്‍; ചാര്‍വാകന്‍മാര്‍; ജൈനമതം; നൈയായികമതം; ബുദ്ധമതം; ബൈബിള്‍; ഭഗവദ് ഗീത; വിശിഷ്ടാദ്വൈതം; വേദങ്ങള്‍; സാംഖ്യം

(ആര്‍. വാസുദേവന്‍ പോറ്റി; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B5%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍