This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അസ്ഹറുദ്ദീന്‍, മുഹമ്മദ് (1963 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അസ്ഹറുദ്ദീന്‍, മുഹമ്മദ് (1963 - )
ഇന്ത്യന്‍ ക്രിക്കറ്റ് താരം. 'ബാറ്റിംഗ് ആര്‍ട്ടിസ്റ്റ്' എന്ന് കളിയെഴുത്തുകാരും സമകാലികരും വിശേഷിപ്പിച്ച അസ്ഹര്‍ ലോകോത്തര ബാറ്റ്സ്മാന്മാരിലൊരാളായി കണക്കാക്കപ്പെടുന്നു. ലോകം കണ്ട മികച്ച ക്യാപ്റ്റന്മാരിലൊരാള്‍ കൂടിയായ ഇദ്ദേഹം രാജ്യത്തിന് സമ്മാനിച്ച വിജയങ്ങള്‍ നിരവധിയാണ്.
1963 ഫെ. 8-ന് ഹൈദരാബാദിലെ ഹിമായത്ത് നഗറില്‍ ജനിച്ചു. ഹൈദരാബാദിലെ ആള്‍ സെയ്ന്റസ് സ്കൂള്‍, നിസാം കോളജ് എന്നിവിടങ്ങളില്‍ നിന്നായി പഠനം പൂര്‍ത്തിയാക്കി. ബികോം. ബിരുദധാരിയായ ഇദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹൈദരാബാദ് ശാഖയില്‍ ഉദ്യോഗസ്ഥനായിരുന്നു.
ക്രിക്കറ്റ് പാരമ്പര്യമുള്ള കുടുംബമായിരുന്നു അസ്ഹറിന്റേത്. മാതുലന്‍ സൈനുല്‍ ആബീദിന്‍ 60-കളില്‍ ഉസ്മാനിയാ സര്‍വകലാശാലാ ടീമിന്റെ ക്യാപ്റ്റനായിരുന്നു. രണ്ടു സഹോദരന്മാരും ക്രിക്കറ്റ് കളിക്കാരായിരുന്നു. 1981-82-ല്‍ രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനുവേണ്ടി കളിച്ചുകൊണ്ടാണ് അസ്ഹര്‍ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 1984-ല്‍ ദിലീപ് ട്രോഫിയില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ഇദ്ദേഹം അക്കൊല്ലം സിംബാവെ പര്യടനം നടത്തിയ 25 വയസ്സിന് താഴയുള്ളവരുടെ ദേശീയടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതിലെയും ബുച്ചിബാബു ടൂര്‍ണമെന്റിലെയും ഉജ്വല ഫോമായിരുന്നു ഇദ്ദേഹത്തിന് ദേശീയ ടീമിലേക്കുള്ള വഴിയൊരുക്കിയത്.
21-ാം വയസ്സില്‍ത്തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച അസ്ഹര്‍ തന്റെ വരവറിയിച്ചത് ലോകറെക്കോര്‍ഡ് സ്ഥാപിച്ചു കൊണ്ടായിരുന്നു. 1984-ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന അരങ്ങേറ്റ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളില്‍ തുടര്‍ച്ചയായ സെഞ്ച്വറികള്‍ ഇന്നും മറികടക്കപ്പെടാത്ത ലോകറെക്കോര്‍ഡായി നിലനില്ക്കുന്നു. 1985-ല്‍ ഇംഗ്ലണ്ടിനെതിരെ തന്നെയായിരുന്നു ഏകദിന അരങ്ങേറ്റവും. തുടര്‍ന്ന് ബാറ്റിംഗില്‍ കൈവരിച്ച നേട്ടങ്ങള്‍ നിരവധിയാണ്. 99 ടെസ്റ്റ് മത്സരങ്ങളില്‍ ദേശീയ ടീമിന്റെ ജഴ്സിയണിഞ്ഞ ഇദ്ദേഹം 22 സെഞ്ച്വറികളോടെ 6215 റണ്‍സ് നേടി. 334 ഏകദിനങ്ങളില്‍ നിന്നായി 7 സെഞ്ച്വറികളോടെ 9378 റണ്‍സും നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 229 മത്സരങ്ങളിലായി 15855 റണ്‍സാണ് അസ്ഹറിന്റെ സമ്പാദ്യം. 1991-94 കാലഘട്ടത്തില്‍ ഇംഗ്ലണ്ടിലെ ഡെര്‍ബിഷെയറിന് വേണ്ടിയും പാഡണിഞ്ഞിട്ടുണ്ട്. ബാറ്റിംഗില്‍ അസ്ഹര്‍ കൈവരിച്ച നേട്ടങ്ങള്‍ക്കപ്പുറം, വേറിട്ട ബാറ്റിംഗ് ശൈലികൊണ്ടായിരുന്നു അസ്ഹര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. മധ്യനിരയില്‍ തന്റെ സ്വതഃസിദ്ധമായ 'റിസ്റ്റ് ഫ്ലിക്ക്' ശൈലിയില്‍ ബാറ്റ് വീശിയ ഇദ്ദേഹം ഏതൊരു സ്പിന്‍ബൗളറുടെയും പേടിസ്വപ്നമായിരുന്നു പ്രതിരോധത്തിലൂന്നിയും അക്രമണോത്സുക ബാറ്റിംഗും അവസരത്തിനൊത്ത് പുറത്തെടുക്കാനുള്ള പക്വതയായിരുന്നു മധ്യനിരയില്‍ അസ്ഹറിനെ വ്യത്യസ്തനാക്കിയത്. മികച്ച ഫീല്‍ഡര്‍ കൂടിയായിരുന്ന ഇദ്ദേഹത്തിന്റെ ക്യാച്ചുകള്‍ കളിയില്‍ നിന്നും വിരമിക്കുവോളം റെക്കോര്‍ഡായി നിലനിന്നു. ടെസ്റ്റില്‍ 105-ഉം ഏകദിനത്തില്‍ 156-ഉം ക്യാച്ചുകള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. അപൂര്‍വമായി ബൗള്‍ ചെയ്യാറുണ്ടായിരുന്ന ഇദ്ദേഹം ഏകദിനത്തില്‍ 12 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് രംഗത്തുള്ള എല്ലാ രാജ്യങ്ങള്‍ക്കെതിരെയും ഇന്ത്യയിലും അതത് രാജ്യങ്ങളിലും കളിച്ച ആദ്യ ക്രിക്കറ്റര്‍ കൂടിയാണ് അസ്ഹര്‍.
തൊണ്ണൂറുകളുടെ തുടക്കം മുതല്‍ പല തവണ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു അസ്ഹറുദ്ദീന്‍. 103 ഏകദിന മത്സരങ്ങളിലും 14 ടെസ്റ്റ് മത്സരങ്ങളിലും ഇദ്ദേഹത്തിന്റെ നായകത്വത്തില്‍ ഇന്ത്യ വിജയംവരിച്ചു. ഇതില്‍ ഏകദിന വിജയങ്ങള്‍ ഇന്നും മറ്റൊരു ഇന്ത്യന്‍ ക്യാപ്റ്റനും എത്തിപ്പിടിക്കാനാവാത്തതാണ്. നാല് ലോകകപ്പ് ക്രിക്കറ്റ് പരമ്പരകളില്‍ കളിച്ചിട്ടുള്ള ഇദ്ദേഹം മൂന്നിലും (1992, 96, 99) ഇന്ത്യയെ നയിച്ചു. 96-ല്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലിലാണ് പുറത്തായത്. തൊണ്ണൂറുകളുടെ അവസാനത്തില്‍, ഫോം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ടീമില്‍ നിന്നും പുറത്തായെങ്കിലും പിന്നീട് തിരിച്ചെത്തി. എന്നാല്‍ അധികകാലം ടീമില്‍ തുടരാനായില്ല. 2000-ല്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കോഴ വിവാദത്തില്‍ അസ്ഹറും പങ്കാളിയാണെന്ന് കണ്ടെത്തിയതോടെ ഇദ്ദേഹത്തിന് ഐ.സി.സി.യും ബി.സി.സി.ഐ.യും ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. ഇതോടെ അസ്ഹറിന്റെ കരിയര്‍ ഏതാനും പ്രദര്‍ശന മത്സരങ്ങളിലൊതുങ്ങി. 2000 ജൂണ്‍ 3-ന് ധാക്കയില്‍ പാക്കിസ്ഥാനെതിരെയായിരുന്നു അവസാന മത്സരം. വിടവാങ്ങുമ്പോള്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റെക്കോര്‍ഡും ഇദ്ദേഹത്തിന്റെ പേരിലായിരുന്നു.
ഒന്നര പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് ജീവിതത്തിനിടെ പല പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി. 86-ല്‍ കേന്ദ്രസര്‍ക്കാര്‍ ഇദ്ദേഹത്തിന് അര്‍ജുന അവാര്‍ഡ് നല്കി ആദരിച്ചു. 85-ലെ 'ക്രിക്കറ്റര്‍ ഒഫ് ദി ഇയര്‍' അവാര്‍ഡ്, 1991-ല്‍ 'വിസ്ഡന്‍ ക്രിക്കറ്റര്‍ ഒഫ് ദി ഇയര്‍' അവാര്‍ഡ് എന്നിവയാണ് ഇദ്ദേഹത്തിനു ലഭിച്ച മറ്റു പ്രധാന പുരസ്കാരങ്ങള്‍.
ഭാര്യ നൗറീനെ ഉപേക്ഷിച്ച അസ്ഹര്‍ 96-ല്‍ ബോളിവുഡ് നടിയും മോഡലുമായ സംഗീതബിജലാനിയെ വിവാഹം ചെയ്തു. ഇപ്പോള്‍ ഹൈദരാബാദില്‍ ഒരു കായിക വിദ്യാഭ്യാസ സ്ഥാപനം നടത്തിവരുന്നു.