This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവൊക്കാഡോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:48, 25 ഓഗസ്റ്റ്‌ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അവൊക്കാഡോ

Avocado

ലോറേസീ (Loraceae) കുടുംബത്തില്‍​പ്പെട്ട, ഒരു നിത്യഹരിത വൃക്ഷം. പേരയ്ക്കയോട് ആകാരസാദൃശ്യമുള്ള ഇതിന്റെ ഫലങ്ങളും ഈ പേരില്‍ത്തന്നെ അറിയപ്പെടുന്നു. പെഴ്സ്യാ അമേരിക്കാനാ (Persea americana) എന്നാണ് ഇതിന്റെ ശാ.നാ.: 'അലിഗേറ്റര്‍ പിയര്‍' (Alligator pear) എന്നും ഇതിനു പേരുണ്ട്.

ഉഷ്ണമേഖലയില്‍ സ്ഥിതിചെയ്യുന്ന അമേരിക്കന്‍ ഭൂവിഭാഗങ്ങളാണ് ഇതിന്റെ ജന്‍മദേശം. ശതാബ്ദങ്ങളോളം അവിടെ ഇത് കൃഷി ചെയ്തിരുന്നു. അമേരിക്കന്‍ ഐക്യനാടുകളില്‍ ദക്ഷിണഫ്ലോറിഡയിലും കാലിഫോര്‍ണിയയിലും ഹാവായിയിലും ഇവ സമൃദ്ധമായി വളരുന്നു. മിതോഷ്ണമേഖലാപ്രദേശങ്ങളില്‍ ധാരാളമായി കണ്ടുവരുന്നു.

തനിയെ മുളച്ചുവളരുന്ന അവൊക്കാഡോ വൃക്ഷങ്ങള്‍ 15 മുതല്‍ 30 മീറ്ററോളം പൊക്കം വയ്ക്കാറുണ്ടെങ്കിലും കൃഷി ചെയ്യുമ്പോള്‍ ഇവ 10 മീറ്ററിലേറെ വളരാറില്ല. ഇവ ധാരാളം ശാഖോപശാഖകളോടെ പടര്‍ന്നു വളരുന്നു.

ഇലകള്‍ക്ക് അണ്ഡാകൃതിയോ (elliptic) അപാണ്ഡാകൃതിയോ (obovate) ആണ്. ഇലയ്ക്ക് 10 മുതല്‍ 30 സെ.മീ. വരെ നീളം കാണും. ഇടതിങ്ങിയ സ്തൂപമഞ്ജരി(raceme)യില്‍ കാണുന്ന പുഷ്പങ്ങള്‍ ചെറുതും പച്ച നിറത്തിലുള്ളതുമായിരിക്കും. ഇവയ്ക്ക് ദളങ്ങള്‍ (petals) കാണുകയില്ല. ആറ് പരിദളപുടങ്ങള്‍(perianth lobes)ക്കുള്ളിലായി മൂന്നു വരിയായി അടുക്കിയിരിക്കുന്ന ഒന്‍പതു കേസരങ്ങളും (stamen) ഒരു ഏകകോശ-അണ്ഡാശയവും ഉണ്ട്. അവൊക്കാഡോ പഴങ്ങള്‍ നിറം, തരം, വലുപ്പം എന്നിവയില്‍ വൈവിധ്യമാര്‍ന്നവയാണ്. കോഴിമുട്ടയോളം വലുപ്പമുള്ളവ മുതല്‍ 2 കി.ഗ്രാം തൂക്കമുള്ളവ വരെ കാണപ്പെടുന്നു. ഇവയുടെ നിറം പച്ച മുതല്‍ കടുത്ത നീലലോഹിതം (purple) വരെയാകാം. ഒരു പഴത്തിനുള്ളില്‍ ഒരു വിത്തു മാത്രമേയുള്ളു. ഇവ ദ്വിപത്രക(Dicotyledon)ങ്ങളാണ്. പഴങ്ങളുടെ മാംസളമായ ഭാഗം വെണ്ണപോലെ മൃദുവായിരിക്കും.

പാകം ചെയ്യാതെയാണ് മിക്കപ്പോഴും അവൊക്കാഡോ പഴങ്ങള്‍ ഭക്ഷിക്കുക; സാലഡിനും ഇതുപയോഗിക്കാറുണ്ട്. വേവിക്കുന്നതോടെ ഇതിനു കയ്പ് അനുഭവപ്പെടുന്നു. ധാരാളം എണ്ണ അടങ്ങിയിരിക്കുന്നതിനാല്‍ നാരങ്ങനീരിന്റെയോ നാരങ്ങായുടെയോ ഒപ്പമാണ് സാധാരണ ഈ പഴങ്ങള്‍ കഴിക്കുക. ഇതിലെ എണ്ണയുടെ അളവ് 7 മുതല്‍ 23 വരെ ശ.മാ.മാണ്. ധാതുക്കളുടെ (minerals) കാര്യത്തിലും ഇവ സമ്പന്നമാണ്. 'ഇ' ഉള്‍​പ്പെടെ ഒന്‍പതു ജീവകങ്ങളും ഇവയിലടങ്ങിയിരിക്കുന്നു. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് ഇവയില്‍ വളരെ കുറവാണ്. എണ്ണയില്‍ 93ശ.മാ.വും അപൂരിതങ്ങളായ ഫാറ്റി ആസിഡുകളായി കാണപ്പെടുന്നു. ഇവ മുഴുവനും വളരെവേഗം ദഹിക്കുന്നവയാണ്. വിവിധയിനം അവൊക്കാഡോകളില്‍ കാണപ്പെടുന്ന ജീവകങ്ങളുടെയും ധാതുക്കളുടെയും അളവ് വ്യത്യസ്തമായിരിക്കും.

വെസ്റ്റിന്ത്യന്‍, ഗ്വാട്ടിമാലന്‍, മെക്സിക്കന്‍ എന്നീ മൂന്നിനം അവൊക്കാഡോകള്‍ കൃഷിചെയ്തുവരുന്നു. ഹാവായിയില്‍ വെസ്റ്റിന്ത്യനും ഗ്വാട്ടിമാലനും സമൃദ്ധമായി വളരുന്നു. ഫ്ലോറിഡയില്‍ ഗ്വാട്ടിമാലനും മെക്സിക്കനും. കാലിഫോര്‍ണിയയില്‍ മെക്സിക്കനും ഹൈബ്രിഡുകളുമാണധികം; ദക്ഷിണതീരപ്രദേശങ്ങളില്‍ വളരെ അപൂര്‍വമായി ഗ്വാട്ടിമാലനും കാണാറുണ്ട്.

രണ്ടോ അധികമോ വ്യത്യസ്ത ഇനങ്ങള്‍ കൃഷിചെയ്യുന്ന ഒരു സ്ഥലത്ത്, അവിടത്തെ താപനില 32oC-ല്‍ കുറയാതിരുന്നാല്‍ വര്‍ഷം മുഴുവന്‍ നല്ല വിളവ് ലഭ്യമാകും. തണുപ്പ് കൂടുതലായ സ്ഥലങ്ങളില്‍ വളരുന്ന 'മെക്സിക്കന്‍' അവൊക്കാഡോകള്‍ 25oC- വരെ തണുപ്പ് താങ്ങാന്‍ കെല്പുള്ളവയാണ്. ഇവയിലും ഫലങ്ങള്‍ സമൃദ്ധമായുണ്ടാകുന്നു. ഈര്‍പ്പം തടഞ്ഞുനിര്‍ത്താന്‍ കഴിവുള്ള ഹ്യൂമസ് (humus) ധാരാളമുള്ള മണ്ണാണ് ഇതിന് ഏറ്റവും പറ്റിയത്. എന്നാല്‍ വെള്ളം കെട്ടിനില്ക്കാന്‍ പാടില്ല.

ചില ഇനം അവൊക്കാഡോകള്‍ സ്വയപരാഗണം (self-pollination) നടത്തുന്നവയാണ്; മറ്റുള്ളവ പരപരാഗണം (cross-pollination) നടത്തുന്നവയും. എന്നാല്‍ കൃഷി ചെയ്യാന്‍ തൈകള്‍ ഒരിക്കലും വിത്തില്‍നിന്നും മുളപ്പിച്ചെടുക്കാറില്ല. മുളപ്പിച്ചെടുക്കുന്ന തൈകളുടെ ഗുണങ്ങള്‍ പലപ്പോഴും മാതൃവൃക്ഷത്തിന്റേതു തന്നെയാകാറില്ല എന്നതാണിതിനു കാരണം. കൃഷിക്ക് കമ്പുകള്‍ ഒട്ടിച്ചുചേര്‍ത്ത് (graft) പുതിയ തൈകളുണ്ടാക്കുകയാണു പതിവ്. 8-15 സെ.മീ. നീളവും മൂന്നോ നാലോ ഇലകളുമുള്ള കാണ്ഡം മുറിച്ചെടുത്ത് ചില ഇനങ്ങള്‍ വളര്‍ത്തിയെടുക്കാറുണ്ട്. പറിച്ചുനടാന്‍ പാകത്തില്‍ വേരുകളുണ്ടാകാന്‍ 2-4 മാസം വേണം.

വൃക്ഷത്തിനു പ്രായപൂര്‍ത്തിയെത്തുന്നതോടെ വിളവെടുപ്പും വര്‍ധിക്കുന്നു. കാലിഫോര്‍ണിയയിലെ ഒരു വൃക്ഷത്തില്‍നിന്നും ഒരു വര്‍ഷം 750 കി.ഗ്രാമിലേറെ ഫലങ്ങള്‍ കിട്ടിയതായി കണക്കുകളുണ്ട്.

കൃമികീടങ്ങള്‍ അവൊക്കാഡോകൃഷിയെ ബാധിക്കാറുണ്ട്. എന്നാല്‍ കോഴിയും താറാവും ഭക്ഷണത്തില്‍ ഇത്തരത്തിലുള്ള കൃമികീടങ്ങളെ ഉള്‍​പ്പെടുത്തുന്നതിനാല്‍ ഇവയുടെ ഉപദ്രവം അത്ര ഗൗരവാവഹമാകാറില്ല.

എണ്ണ ഉണ്ടായിക്കഴിഞ്ഞ പഴങ്ങള്‍ തൊട്ടാല്‍ വളരെ മൃദുവായിരിക്കും. ഈ സ്ഥിതിയിലാണ് അവ ഏറ്റവും ഉപയോഗയോഗ്യം. കുറച്ചുദിവസം സൂക്ഷിച്ചുവയ്ക്കേണ്ട പഴങ്ങള്‍ മൃദുവാകുന്നതിനു മുമ്പുതന്നെ പറിക്കേണ്ടതാണ്. എന്നാല്‍ പറിക്കുന്നതിനു മുമ്പ് അതിനുള്ളില്‍ ആവശ്യത്തിന് എണ്ണ ഉണ്ടായിക്കഴിഞ്ഞു എന്നു തീര്‍ച്ച വരുത്തണം; അല്ലെങ്കില്‍ ശരിക്കു പാകമായിക്കഴിയുമ്പോഴേക്കും അതു റബ്ബര്‍ പോലെയിരിക്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍