This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അര്‍ജന്റീന
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
അര്‍ജന്റീന
Argentina
തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വതന്ത്രപരമാധികാര രാഷ്ട്രം. ഔദ്യോഗിക നാമം: അര്‍ജന്റീനെ റിപ്പബ്ലിക്. വിസ്തൃതി: 27,36,690 ച.കി.മീ. ജനസംഖ്യയിലും അര്‍ജന്റീനയാണ് രണ്ടാം സ്ഥാനത്ത്. ബ്രസീലാണ് തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ വിസ്തൃതിയിലും ജനസംഖ്യയിലും അര്‍ജന്റീനയെക്കാള്‍ മുന്നില്‍. തെക്കേ അമേരിക്ക വന്‍കരയുടെ ദക്ഷിണഭാഗത്തിന്റെ ഭൂരിഭാഗത്തെയും ഉള്‍ ക്കൊള്ളുന്ന അര്‍ജന്റീന വ. ബൊളീവിയന്‍ ചാകോ മുതല്‍ തെ. ബീഗിള്‍ ചാനല്‍ വരെ വ്യാപിച്ചിരിക്കുന്നു. അതിരുകള്‍: വ. ബൊളീവിയ, വ.കി. പരാഗ്വേ, കി. ബ്രസീല്‍, ഉറുഗ്വേ, അത്ലാന്തിക് സമുദ്രം, പ.ചിലി. ഏറ്റവും കൂടിയ നീളം: തെ.വ. 3700 കി.മീ.; കി.പ. 1577 കി.മീ. തീരദേശദൈര്‍ഘ്യം: 4731 കി.മീ. ജനസംഖ്യ: 4,03,01,927 (2007). ഔദ്യോഗിക ഭാഷ: സ്പാനിഷ്. നാണയം: പെസോ. തലസ്ഥാനം: ബ്യൂനസ് അയര്‍സ്. മറ്റു പ്രധാന നഗരങ്ങള്‍: കൊര്‍ദോബ, റൊസാരിയോ, മെന്‍ഡോസ.
ഭൂപ്രകൃതിയും കാലാവസ്ഥയും
ഭൂപ്രകൃതി.
ഭൂവിജ്ഞാനീയപരവും ഭൂമിശാസ്ത്രപരവുമായ സവിശേഷതകളെ ആധാരമാക്കി അര്‍ജന്റീനയെ നാലു ഭൂവിഭാഗങ്ങളായി തിരിക്കാം: ആന്‍ഡീസ് മേഖല; ആന്‍ഡീസിനുകിഴക്കുള്ള എക്കല്‍ സമതലങ്ങള്‍; മിഷന്‍സ് മേഖല; പാറ്റഗോണിയ പീഠഭൂമി. ഭൂപ്രകൃതിയിലുള്ള വ്യത്യാസങ്ങളിലേറെ കാലാവസ്ഥയിലെ വൈവിധ്യമാണ് നൈസര്‍ഗികസസ്യജാലത്തെ സ്വാധീനിക്കുന്നത്. നല്ല മഴയുള്ള പ്രദേശം മുതല്‍ കടുത്ത വരള്‍ച്ചയനുഭവപ്പെടുന്ന ഭൂപ്രദേശങ്ങള്‍ വരെ അര്‍ജന്റീനയില്‍ ഉണ്ട്.
ആന്‍ഡീസ്.
രാജ്യത്തിന്റെ പടിഞ്ഞാറരികാണ് ആന്‍ഡീസ് പ്രദേശം. തെ. അക്ഷാ. 36o വരെ നല്ല ഉയരമുള്ള പര്‍വതപങ്ക്തികള്‍ കാണാം. ഇവിടെയുള്ള മലമ്പാതകള്‍ സമുദ്രനിരപ്പില്‍നിന്നു സു. 3,050 മീ. ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഉയര്‍ന്ന പര്‍വതങ്ങളാല്‍ വലയംചെയ്യപ്പെട്ട പീഠസമതലങ്ങളും (troughs) സുലഭമായുണ്ട്. ആന്‍ഡീസിന്റെ പ്രധാനപ്പെട്ട രണ്ടുനിരകളില്‍ കി.ഭാഗത്തുള്ള ഒരെണ്ണം മാത്രമാണ് അര്‍ജന്റീനയുടെ പരിധിക്കുള്ളില്‍ സ്ഥിതിചെയ്യുന്നത്. ഈ നിരകളുടെ കിഴക്കന്‍ പാര്‍ശ്വങ്ങളില്‍ ചെങ്കുത്തായ പര്‍വതങ്ങളും അവയ്ക്കിടയ്ക്കുള്ള ഇടുങ്ങിയ താഴ്വരകളും (ക്വീബ്രഡാകള്‍) കാണാം. ദ. അക്ഷാ. 27o-ക്കു തെക്കായി ഒന്നുചേര്‍ന്ന് 36o അക്ഷാ. വരെ അവിച്ഛിന്നമായി തുടരുന്ന ആന്‍ഡീസിന്റെ ശാഖകള്‍ കി.ഭാഗത്തുള്ള മരുപ്രദേശത്തേക്കു കടന്നുകയറിയ നിലയിലാണ് അവസ്ഥിതമായിട്ടുള്ളത്. പടിഞ്ഞാറേ അര്‍ധഗോളത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ അക്കന്‍കാഗ്വ (6,963 മീ.) ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. തെക്കോട്ടുപോകുന്തോറും ഹിമാവൃതമായ ഗിരിശൃംഗങ്ങളും ഹിമാനികളുടെ വ്യാപകമായ പ്രവര്‍ത്തനത്തിലൂടെ ശോഷിതമായ മലഞ്ചരിവുകളും സാധാരണ കാഴ്ചയാണ്. ദ. അക്ഷാ. 46o തുടങ്ങി പര്‍വതഭാഗങ്ങള്‍ മുഴുവനും തന്നെ മഞ്ഞിനടിയിലാണ്. മലനിരകളുടെ കിഴക്കരികിലുള്ള വീഡ്മ, അര്‍ജന്റീനോ എന്നീ തടാകങ്ങളോളം ഹിമബാധയുണ്ട്.
എക്കല്‍ സമതലങ്ങള്‍.
രണ്ടാമത്തെ ഭൂവിഭാഗമായ എക്കല്‍സമതലങ്ങള്‍ ആന്‍ഡീസ് പ്രദേശത്തിനും കിഴക്കായി ദ. അക്ഷാ. 38o വരെ വ്യാപിച്ചിരിക്കുന്നു. ആന്‍ഡീസ് പ്രദേശത്തുനിന്നൊഴുകുന്ന നദികളിലെ എക്കലും വണ്ടലുമടിഞ്ഞുണ്ടായിട്ടുള്ള ഈ പ്രദേശം പൊതുവേ നിരപ്പുള്ളതാണ്. നദികള്‍ വിസര്‍പ്പഗതി
യിലും പ്രായേണ ഒഴുക്കു കുറഞ്ഞും കാണപ്പെടുന്നു. മഴക്കാലത്ത് ഈ പ്രദേശം മിക്കപ്പോഴും പ്രളയബാധിതമായിത്തീരാറുണ്ട്. ഇതിന്റെ ഫലമായുണ്ടാവുന്ന മണല്‍ത്തിട്ടകള്‍ വേനല്‍ക്കാലത്ത് എഴുന്നുനില്ക്കുന്നതായി കാണാം. ഇന്ത്യയിലെ ഗംഗാസമതലത്തോടു സാദൃശ്യം പുലര്‍ത്തുന്ന ഇവിടത്തെ നദികള്‍ എല്ലാം തന്നെ പരാനാ - പരാഗ്വേ - പ്ലാറ്റാ വ്യൂഹത്തില്‍ ലയിക്കുന്നവയാണ്. ഇവിടം പൊതുവേ പാംപസ് എന്നറിയപ്പെടുന്നു. ഇവിടത്തെ ലോയസ്സ് മണ്ണ് അത്യന്തം ഫലഭൂയിഷ്ഠമാണ്. പാംപസ്പ്രദേശത്തിന്റെ ശ.ശ. ഉയരം 30 മീ. വരും; സിയെരാ ദെല്‍ താണ്ടില്‍, സിയെരാ ദെ ലാവെന്റാന എന്നീ കുന്നിന്‍നിരകള്‍ മാത്രമാണ് ഇതിനൊരപവാദം. ആന്‍ഡീസ് നിരകളോടു ചേര്‍ന്ന ഉന്നതപ്രദേശം സിയെരാ ദെ കൊര്‍ദോബ എന്നറിയപ്പെടുന്നു (397 മീ.).
മിഷന്‍സ് മേഖല.
പരാനാപീഠഭൂമിയുടെ തുടര്‍ച്ചയായ മിഷന്‍സ് മേഖലയാണിത്. അഗ്നിപര്‍വതജന്യമായ ഡയാബേസ് ശിലകള്‍ നിറഞ്ഞ ഈ പ്രദേശം അപരദനത്തെ അതിജീവിച്ച് എഴുന്നുനില്ക്കുന്ന കുന്നിന്‍പുറങ്ങള്‍ നിറഞ്ഞു നിമ്നോന്നതമായിക്കാണുന്നു. നദിയും അരുവികളുമാണ് ഇവിടത്തെ പ്രധാന ജലസ്രോതസുകള്‍. അങ്ങിങ്ങായി പരന്ന പീഠപ്രദേശങ്ങളും കാണാം.
പാറ്റഗോണിയ.
കൊളൊറാഡോനദിക്കു തെക്കുള്ള മേഖലയാണ് പാറ്റഗോണിയ. സമുദ്രതീരത്തുനിന്നു തുടങ്ങി പടിപടിയായി ഉയര്‍ന്ന് ആന്‍ഡീസ് പ്രദേശത്ത് എത്തുമ്പോഴേക്കും 1,500 മീ. ഉയരത്തിലെത്തുന്ന മണ്ഡപരൂപത്തിലുള്ള ഭൂപ്രകൃതിയാണ് ഈ പ്രദേശത്തിന്റേത്. ഹിമനദീയനകാലത്തെ അഗാധങ്ങളായ നീര്‍ച്ചാലുകള്‍ പ.നിന്നും കിഴക്കോട്ടു നീണ്ടുകാണുന്നുണ്ടെങ്കിലും അവ ജലസമൃദ്ധങ്ങളല്ല. ആന്‍ഡീസ് മേഖലയുടെ കിഴക്കരികിനും പാറ്റഗോണിയ പീഠഭൂമിക്കുമിടയിലായി വീതി കുറഞ്ഞ താഴ്വരപ്രദേശങ്ങള്‍ കാണുന്നു. പീഠഭൂമിയിലെ വേദികകള്‍ സമാന്തരങ്ങളായ അവസാദശിലാസ്തരങ്ങള്‍ കൊണ്ടാണു നിര്‍മിതമായിട്ടുള്ളത്.
പാറ്റഗോണിയപ്രദേശത്തെ തീരദേശം തുറമുഖസൗകര്യങ്ങളില്ലാത്തതാണ്; തെക്കേ അരികില്‍ മാത്രമാണ് സാന്താക്രൂസ്, പോര്‍ട്ടോഗാലഗോസ് തുടങ്ങിയ ഉള്‍ക്കടലുകളുള്ളത്. ഇവിടം ഹിമബാധിത പ്രദേശവുമാണ്.
കാലാവസ്ഥ.
മിതമായ കാലാവസ്ഥയാണ് അര്‍ജന്റീനയുടേത്. രാജ്യത്തിന്റെ ഏറിയഭാഗവും മധ്യ-അക്ഷാംശീയമേഖലയില്‍ സ്ഥിതിചെയ്യുന്നതുമൂലം താപനിലയില്‍ ഗണ്യമായ ഏറ്റക്കുറച്ചിലുകളും ഋതുവ്യവസ്ഥയില്‍ സാരമായ വ്യതിയാനങ്ങളും അനുഭവപ്പെടാവുന്നതാണ്; എന്നാല്‍ അര്‍ജന്റീനയെ സംബന്ധിച്ചിടത്തോളം വന്‍കരഭാഗത്തിന്റെ വ്യാപ്തി തെക്കോട്ടു ചെല്ലുന്തോറും ക്രമേണ കുറഞ്ഞുവരുന്നതിനാല്‍ കാലാവസ്ഥ പൊതുവേ സമീകൃതമായിരിക്കുന്നു. രാജ്യത്തിന്റെ തെക്കരികില്‍ പ്പോലും താപനിലയിലെ വാര്‍ഷികാന്തരം 16 oC-ല്‍ കൂടുതലല്ല.
താരതമ്യേന ചൂടുകുറഞ്ഞ ഗ്രീഷ്മകാലവും കാഠിന്യം കുറഞ്ഞ ശൈത്യകാലവും ദക്ഷിണ അര്‍ജിന്റീനയിലെ കാലാവസ്ഥയുടെ സവിശേഷതയാണ്. പാറ്റഗോണിയ പ്രദേശത്തിന്റെ വടക്കരികിലോളം ഈ സ്ഥിതിയാണുള്ളത്. പാംപസ് പ്രദേശത്തിന്റെ കിഴക്കന്‍ഭാഗങ്ങളില്‍ ഫാക്ലന്‍ഡ് ശീതജലപ്രവാഹത്തിന്റെ സ്വാധീനംമൂലം വേനല്‍ക്കാലം ചൂടുകുറഞ്ഞതായിരിക്കുന്നു. എന്നാല്‍ രാജ്യത്തിന്റെ വടക്കന്‍ഭാഗങ്ങളില്‍ വേനല്‍ക്കാലത്തു കഠിനമായ ചൂടാണ്; ഈ ഭാഗമൊഴിച്ച് മറ്റെല്ലായിടത്തും തന്നെ ശൈത്യകാലത്ത് ഹിമബാധ സാധാരണമാണ്.
വര്‍ഷപാതം, താരതമ്യേന കുറവാണ്. തെ. ടിറാദെല്‍ ഫൂഗോയിലും രാജ്യത്തിന്റെ വ.കിഴക്കരികിലും മാത്രമാണ് വര്‍ഷം മുഴുവനും സാമാന്യമായ തോതില്‍ മഴയുള്ളത്. മറ്റു പ്രദേശങ്ങളിലൊക്കെത്തന്നെ വരണ്ട കാലാവസ്ഥയാണ്. പാംപസ് പ്രദേശത്തെ ശ.ശ. വര്‍ഷപാതം 95 സെ.മീ. ആണ്. ഉള്‍ഭാഗത്ത് പരാനാ തടത്തിലെത്തുമ്പോഴേക്കും ഇത് 15 സെ.മീ.-ല്‍ താഴെയായിത്തീരുന്നു. വ.പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ മഴ തീരെ ലഭിക്കുന്നില്ല.
അന്റാര്‍ട്ടിക്കയില്‍നിന്നു വീശുന്ന ശീതക്കാറ്റുകള്‍ കടല്‍ കടന്നെത്തുന്നതോടെ ധാരാളം നീരാവി ഉള്‍ ക്കൊള്ളുന്നതുമൂലം വന്‍കരയുടെ പടിഞ്ഞാറന്‍തീരത്ത് സമൃദ്ധമായ മഴ ലഭിക്കുന്നു. എന്നാല്‍ ആന്‍ഡീസ് പര്‍വതങ്ങള്‍ കടക്കുമ്പോഴേക്കും ഇവ പ്രായേണ ശുഷ്കമായിത്തീരും. തത്ഫലമായി അര്‍ജന്റീനയുടെ പശ്ചിമഭാഗം പൊതുവേ മഴനിഴല്‍ പ്രദേശമായി വര്‍ത്തിക്കുന്നു. ചുരങ്ങള്‍ക്കിടയിലൂടെ കടന്നെത്തുന്ന പടിഞ്ഞാറന്‍കാറ്റുകള്‍ നിശ്ചിത മേഖലകളില്‍മാത്രം ധാരാളം മഴപെയ്യിക്കുന്നു. ആന്‍ഡീസിനു കിഴക്കായി വന്‍കരയെ സ്പര്‍ശിക്കുന്ന ശീതക്കാറ്റുകള്‍ ചുഴലിക്കാറ്റുകളായി രൂപം പ്രാപിച്ച് ഘടികാരദിശയില്‍ സഞ്ചരിക്കുന്നു. നന്നേ താണ ഊഷ്മാവിലുള്ള ഈ വായുപിണ്ഡങ്ങള്‍ മഴപെയ്യിക്കുന്നില്ലെങ്കിലും ശക്തമായ കൊടുങ്കാറ്റുകള്‍ക്കു കാരണമാവുന്നു.
താപമര്‍ദവ്യവസ്ഥകളിലെ വൈവിധ്യംമൂലം അര്‍ജന്റീനയുടെ വിവിധഭാഗങ്ങളില്‍ പ്രാദേശികവാതങ്ങളുടെ പ്രഭാവം പ്രകടമാണ്. തെക്കും തെ.പടിഞ്ഞാറും നിന്നുവീശുന്ന നോര്‍തേ, ആന്‍ഡീസ് പര്‍വതസാനുക്കളില്‍ അനുഭവപ്പെടുന്ന 'സോണ്ട' എന്നീ ഉഷ്ണക്കാറ്റുകളും ഇക്കൂട്ടത്തില്‍പ്പെടുന്നു.
സസ്യജാലം.
കാലാവസ്ഥയിലെ വൈവിധ്യം സസ്യജാലങ്ങളുടെ വിതരണം ക്രമപ്പെടുത്തുന്നു. മഴ കൂടുതലുള്ള ഭാഗങ്ങളില്‍ മാത്രമേ വനങ്ങള്‍ ഉള്ളൂ. സാമാന്യം മഴയുള്ളിടത്ത് കുറ്റിക്കാടുകളും ഉയരംകുറഞ്ഞ വൃക്ഷങ്ങളുമാണുള്ളത്. മഴക്കുറവുമൂലം സസ്യരഹിതമായ മരുപ്രദേശങ്ങള്‍ വ്യാപകമായി കാണാം. പാംപസ് പ്രദേശത്ത് സാമാന്യം നല്ല മഴ ലഭിക്കുന്നെങ്കില്‍ പ്പോലും ഉയരംകൂടിയ പുല്‍വര്‍ഗങ്ങളാണ് സമൃദ്ധമായുള്ളത്.
ഉത്തര അര്‍ജന്റീനയിലെ ഗ്രാന്‍ചാക്കോ എന്നറിയപ്പെടുന്ന എക്കല്‍ സമതലങ്ങളില്‍ ഉയരംകുറഞ്ഞ പത്രപാതി വൃക്ഷങ്ങളും സവന്നാ മാതൃകയിലുള്ള പുല്‍മേടുകളും കണ്ടുവരുന്നു; മുള്‍ക്കൂട്ടങ്ങളും ധാരാളമുണ്ട്. നദീതീരങ്ങളില്‍ ഇലകൊഴിയാത്ത വന്‍വൃക്ഷങ്ങള്‍ നിബിഡമായി വളരുന്നതു സാധാരണമാണ്. ഇതിനു തെക്കുള്ള വരണ്ട പ്രദേശങ്ങളില്‍ മരുരുഹങ്ങളാണ് പ്രധാനമായുള്ളത്; മോണ്ടേ എന്നു വിളിക്കപ്പെടുന്ന മുള്‍ ച്ചെടി ധാരാളമുണ്ട്. ജലസേചനസൗകര്യങ്ങള്‍ വര്‍ധിച്ചതോടെ ഈ പ്രദേശങ്ങള്‍ കൃഷിസ്ഥലങ്ങളായി മാറിയിട്ടുണ്ട്. പാറ്റഗോണിയ പൊതുവേ സസ്യരഹിതമാണ്. മരുരുഹങ്ങളായ മുള്‍ ച്ചെടികളാണ് ഇവിടത്തെയും സസ്യസമ്പത്ത്. അര്‍ജന്റീനയുടെ തെക്കരികിലെ ആന്‍ഡീസ് പ്രാന്തങ്ങളില്‍ സ്റ്റെപ്പ് മാതൃകയിലുള്ള പുല്‍വര്‍ഗങ്ങളും ടീറാദെല്‍ ഫൂഗോ പ്രദേശത്തെ മലഞ്ചരിവുകളില്‍ നിത്യഹരിതവനങ്ങളും കാണപ്പെടുന്നു.
ജന്തുജാലം.
പരാനാ-പരാഗ്വേ തടപ്രദേശത്തുള്ള വനങ്ങളും ചതുപ്പുകളും കുരങ്ങുകള്‍, തപീര്‍, മാന്‍, ഉറുമ്പുതീനി, പുള്ളിപ്പുലി എന്നിവയുടെയും മൂഷികവര്‍ഗങ്ങളുടെയും നീര്‍പ്പന്നി (Capybara), കോയ്പു (Coypu) തുടങ്ങിയ ജലജീവികളുടെയും ആവാസകേന്ദ്രങ്ങളാണ്. പുല്‍മേടുകളിലും മരുപ്രദേശങ്ങളിലുമുള്ള സവിശേഷ ജീവികള്‍ അര്‍ജന്റീനയില്‍ മാത്രമേ കാണപ്പെടുന്നുളളു. ഒട്ടകവര്‍ഗത്തില്‍ പ്പെട്ട ഗൊണാക്കോ, ഒട്ടകപ്പക്ഷിയുടെ ഇനത്തില്‍ പ്പെട്ട റിയ എന്നിവ ഇക്കൂട്ടത്തില്‍ പ്പെടുന്നു. പാറ്റഗോണിയന്‍ കാവി (Dolichotis), വിസാക്ക എന്നിവയും മരുപ്രദേശത്തു കാണപ്പെടുന്ന ആര്‍മഡിലോ, പിച്ചി സീയാഗോ എന്നിവയും അപൂര്‍വ ജന്തുക്കളാണ്. പ്യൂമയും രാജ്യമൊട്ടാകെ കാണപ്പെടുന്നു. പക്ഷികളുടെ കൂട്ടത്തില്‍ കോണ്‍ഡര്‍ (Vulture gryplaus) പെര്‍ദിസ്, ഓവന്‍ബേര്‍ഡ് എന്നിവയാണു ധാരാളമുള്ളത്. പാമ്പ്, ആമ, ഉരഗവര്‍ഗങ്ങള്‍, തവള എന്നിവയും ധാരാളമായുണ്ട്. അര്‍ജന്റീനയിലെ നദികളില്‍ സാധാരണമായി കണ്ടുവരുന്ന ഡൊറാഡോ എന്ന മത്സ്യം സമ്പദ്പ്രധാനമാണ്.
ജനങ്ങളും ജീവിതരീതിയും
ജനവിതരണം.
തെക്കേ അമേരിക്കയില്‍ യൂറോപ്യന്‍ ഭൂരിപക്ഷമുള്ള ഏക രാജ്യമാണ് അര്‍ജന്റീന. സ്പാനിഷ് ഇറ്റാലിയന്‍ വംശജരാണ് ജനസംഖ്യയില്‍ 97 ശതമാനവും. ശേഷിക്കുന്നവരില്‍ മെസ്റ്റിസോകളും അമേരിന്ത്യരും ഉള്‍ പ്പെടുന്നു. വ. പടിഞ്ഞാറുള്ള അതിര്‍ത്തി പ്രദേശങ്ങളെ ഏറിയകൂറും മെസ്റ്റിസോവര്‍ഗക്കാര്‍ (വെള്ളക്കാരുടെയും അമേരിന്ത്യരുടെയും സങ്കരവര്‍ഗം) അധിവസിക്കുന്നു. രാജ്യത്തിന്റെ വ.പടിഞ്ഞാറരികില്‍ തനി അമേരിന്ത്യരുടേതായ അധിവാസങ്ങളും കാണാം; എങ്കിലും ജനബാഹുല്യമുള്ള നഗരപ്രദേശങ്ങളില്‍ ഒട്ടുമുക്കാലും യൂറോപ്യരാണുള്ളത്. 19-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളിലുണ്ടായ അഭൂതപൂര്‍വമായ യൂറോപ്യന്‍ കുടിയേറ്റമാണ് ജനസംഖ്യയില്‍ തദ്ദേശീയര്‍ക്കുണ്ടായിരുന്ന ഭൂരിപക്ഷം നഷ്ടപ്പെടുത്തിയത്. പാംപസ് പ്രദേശത്തെ കാര്‍ഷിക-വ്യാവസായികവികസനം രണ്ടാമതും യൂറോപ്യന്‍കുടിയേറ്റം പ്രോത്സാഹിപ്പിച്ചതോടെ തദ്ദേശീയര്‍ തികച്ചും ന്യൂനപക്ഷമായിത്തീര്‍ന്നു.
ജനങ്ങളില്‍ 85 ശതമാനവും നഗരങ്ങളില്‍ വസിക്കുന്നു; തലസ്ഥാന നഗരമായ ബ്യൂനസ്അയര്‍സ് ഭരണ നിര്‍വഹണം വാണിജ്യം, ഉത്പാദനം, സംസ്കാരം എന്നിവയുടെ കേന്ദ്രമാകയാല്‍ ഇവിടം ജനസംഖ്യയില്‍ മുന്നില്‍ നില്ക്കുന്നു. (27,68,772) തലസ്ഥാന നഗരിയില്‍ ധാരാളം യൂറോപ്യരും താമസമാക്കിയിട്ടുണ്ട്. മറ്റു ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെക്കാള്‍ ഏറ്റവും കൂടുതല്‍ മധ്യവര്‍ഗങ്ങള്‍ ഉള്ളതും അര്‍ജന്റീനയിലാണ്. ഇവരില്‍ ഭൂരിഭാഗവും അധിവസിക്കുന്നത് നഗരങ്ങളെയാകുന്നു. അപ്പാര്‍ട്ട്മെന്റ് കെട്ടിടങ്ങള്‍ നഗരങ്ങളില്‍ സാധാരണമാണ്. ആധുനിക സുഖസൗകര്യങ്ങളോടുകൂടിയ കെട്ടിടങ്ങളും ധാരാളമുണ്ട്.
1930-കളോടെ ഗ്രാമീണരായ തൊഴിലാളികളില്‍ നല്ലൊരു ശ.മാ. തൊഴിലവസരങ്ങള്‍ തേടി നഗരങ്ങളിലേക്ക് കുടിയേറി. ഇതു നഗരജനസംഖ്യയില്‍ ഗണ്യമായ വര്‍ധനവുണ്ടാക്കുകയും ജീവിത സൗകര്യങ്ങളില്‍ അപര്യാപ്തത സൃഷ്ടിക്കുകയും ചെയ്തു.
അര്‍ജന്റീനിയന്‍ ജനസംഖ്യയുടെ 15 ശതമാനത്തോളം ഗ്രാമീണരാകുന്നു. കൃഷിയും കൈത്തൊഴിലുമാണ് ഇവരുടെ മുഖ്യ ഉപജീവനമാര്‍ഗങ്ങള്‍. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഗ്രാമീണരെ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും കുടിയേറാന്‍ പ്രേരിപ്പിക്കുന്നു.
ഭൂരിഭാഗം ജനങ്ങളും കാക്കസോയ്ഡ് വര്‍ഗത്തില്‍പ്പെട്ട യൂറോപ്യരാണ്. സങ്കരവര്‍ഗക്കാരായ മെസ്റ്റിസോകള്‍ ഏതാണ്ട് 10 ശതമാനത്തോളമേ വരൂ. അടുത്തകാലത്തായി പരാഗ്വേ, ബൊളീവിയ എന്നിവിടങ്ങളില്‍നിന്നു കുടിയേറുന്ന തൊഴിലാളികള്‍ മെസ്റ്റിസോകളുടെ അംഗസംഖ്യയില്‍ ഗണ്യമായ വര്‍ധനവുണ്ടാക്കിയിട്ടുണ്ട്. കറുത്തവര്‍ഗക്കാരും മലാതോകളും ചേര്‍ന്ന് മൊത്തം 15,000ത്തോളം വരും. ഏഷ്യന്‍ വംശജരും നാമമാത്രമായുണ്ട്; ജപ്പാനില്‍നിന്നു കുടിയേറിപ്പാര്‍ത്തിട്ടുള്ളവരാണിവര്‍.
ഭാഷ.
അര്‍ജന്റീനയിലെ ഔദ്യോഗികഭാഷ സ്പാനിഷ് ആണ്; ദേശീയഭാഷകളിലെ ധാരാളം പദങ്ങള്‍ സ്വീകരിക്കപ്പെട്ട് വിപുലീകൃതമായ ഒരു പദാവലിയാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്. ബ്യൂനസ് അയര്‍സ് മേഖലയിലെ ആദിമവര്‍ഗക്കാര്‍ക്കിടയില്‍ പ്രചാരമുള്ള ഒരു മിശ്രഭാഷയും നിലവിലുണ്ട്; ലുണ്‍ഫാര്‍ഡോ എന്നറിയപ്പെടുന്ന ഈ ഭാഷയ്ക്ക് പുഷ്ടമായ ഒരു സാഹിത്യവും ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. അതിര്‍ത്തി പ്രദേശങ്ങളില്‍ അമേരിന്ത്യന്‍ഭാഷകള്‍ക്കാണ് പ്രചാരം. ഇവ കൂടാതെ ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍ എന്നിവയും ഉപയോഗത്തിലുണ്ട്.
വിദ്യാഭ്യാസം.
സാക്ഷരതയില്‍ മുന്നില്‍ നില്ക്കുന്ന തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ ഒന്നാണ് അര്‍ജന്റീന. പ്രായപൂര്‍ത്തിയായവരില്‍ 96.7 ശതമാനവും സാക്ഷരരാണ്. ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിന്‍ കീഴിലുള്ള പ്രൈമറി, സെക്കന്‍ഡറി സ്കൂളുകളില്‍ വിദ്യാഭ്യാസം സൗജന്യമാണ്. ധാരാളം സ്വകാര്യസ്കൂളുകളും ഉണ്ട്. ആറിനും പതിനാലിനും മധ്യേ പ്രായമുള്ള എല്ലാ കുട്ടികളും സ്കൂളുകളില്‍ ഹാജരാകണമെന്ന് നിര്‍ബന്ധമുണ്ടെങ്കിലും വളരെ ചെറിയൊരു ശ.മാ. കുട്ടികള്‍ മാത്രമേ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നുള്ളൂ.
1996-ലെ കണക്കനുസരിച്ച് 33 സര്‍വകലാശാലകള്‍ പൊതുമേഖലയിലും 15 സര്‍വകലാശാലകള്‍ സ്വകാര്യമേഖലയിലും പ്രവര്‍ത്തിക്കുന്നുണ്ട്. ടെക്നിക്കല്‍ സര്‍വകലാശാലയ്ക്കു പുറമേ മിലിറ്ററി സ്റ്റഡീസ്, നേവല്‍ ആന്‍ഡ് മാരിടൈം സ്റ്റഡീസ് എന്നിവയ്ക്കും വെവ്വേറെ സ്ഥാപനങ്ങളുണ്ട്. ഏഴ് റോമന്‍ കത്തോലിക്കാ സര്‍വകലാശാലകള്‍, ഒരു അഡ്വെന്റിസ്റ്റ് സര്‍വകലാശാല, ബിസിനസ് അഡ്മിനിസ്ട്രേഷന്‍ സര്‍വകലാശാലകള്‍ തുടങ്ങിയവയും ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നു.
മതം.
ജനങ്ങളില്‍ ബഹുഭൂരിപക്ഷം (90 ശ.മാ.) റോമന്‍ കത്തോലിക്കാ വിഭാഗത്തില്‍ പ്പെട്ടവരാണ്; ഇത് ഔദ്യോഗികമതമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. സ്പെയിന്‍കാരാണ് അര്‍ജന്റീനയില്‍ പ്രസ്തുത മതം പ്രചരിപ്പിച്ചത്. പരിപൂര്‍ണമായ ആരാധനാസ്വാതന്ത്ര്യം നിയമംമൂലം ഉറപ്പുവരുത്തിയിട്ടുണ്ട്; യൂറോപ്യന്‍കുടിയേറ്റം പ്രോത്സാഹിപ്പിക്കുവാനുദ്ദേശിച്ച് 19-ാം ശ.-ത്തില്‍ നിലവില്‍ വരുത്തിയതാണീ നിയമം. പെറോണ്‍ ഭരണകാലത്ത് (1946-55) സ്ത്രീകള്‍ക്കു സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില്‍ സമത്വം നിയമപരമായി അനുവദിക്കപ്പെട്ടു. ജനസംഖ്യയില്‍ മൂന്നു ശ.മാ. പ്രൊട്ടസ്റ്റന്റുകളാണ്. രണ്ടു ശതമാനത്തോളം ജൂതരും നാമമാത്രമായി മുസ്ലിങ്ങളുമുണ്ട്.
സമ്പദ്വ്യവസ്ഥ.
പരമ്പരാഗതമായി കൃഷിയായിരുന്നു അര്‍ജന്റീനിയന്‍ സമ്പദ്വ്യവസ്ഥയുടെ അടിത്തറ. ഇപ്പോള്‍ വ്യാവസായിക സേവനമേഖലകള്‍ കാര്‍ഷിക മേഖലയ്ക്കൊപ്പം പ്രാധാന്യം നേടിയിരിക്കുന്നു. കന്നുകാലി വളര്‍ത്തലും ധാന്യവിളകളുടെ ഉത്പാദനവും അര്‍ജന്റീനയയുടെ ധനാഗമ മാര്‍ഗങ്ങളില്‍ ഇപ്പോഴും നിര്‍ണായക സ്ഥാനം അലങ്കരിക്കുന്നു. ഗോതമ്പ്, ചോളം, ഓട്സ്, മാട്ടിറച്ചി, ആട്ടിറച്ചി, കമ്പിളി, തുകല്‍ എന്നിവയുടെ കയറ്റുമതിയില്‍ അര്‍ജന്റീന, യു.എസ്., കാനഡ, ആസ്റ്റ്രേലിയ എന്നീ രാജ്യങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു.
കൃഷി.
കാലാവസ്ഥയിലെ വൈവിധ്യത്താല്‍അനുഗൃഹീതമായ അര്‍ജന്റീനയില്‍ വിവിധയിനം വിളകള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. പാംപസ് ആണ് രാജ്യത്തെ മുഖ്യകാര്‍ഷികോത്പാദനകേന്ദ്രം. ഈ പ്രദേശത്ത് ധാന്യങ്ങളാണ് മുഖ്യകൃഷി. കാലിത്തീറ്റയ്ക്കുള്ള പുല്‍വര്‍ഗങ്ങളും ഗോതമ്പ്, ചോളം എന്നീ ധാന്യങ്ങളും ഇടവിട്ടിടവിട്ട് കൃഷി ചെയ്യപ്പെടുന്നു. ബാര്‍ലി, ഓട്സ്, റായി തുടങ്ങിയ പരുക്കന്‍ ധാന്യങ്ങളും നേരിയതോതില്‍ കൃഷിചെയ്യപ്പെടുന്നുണ്ട്. ശാസ്ത്രീയകൃഷി സമ്പ്രദായങ്ങള്‍ പ്രാവര്‍ത്തികമായിട്ടുണ്ട്. പരുത്തി, കരിമ്പ്, പുകയില, എണ്ണക്കുരുക്കള്‍, സൂര്യകാന്തി, സൊയാബീന്‍, മുന്തിരി എന്നിവയാണ് നാണ്യവിളകള്‍. നെല്‍കൃഷിയും നാമമാത്രമായുണ്ട്.
രാജ്യത്തിന്റെ ഉത്തരമധ്യഭാഗത്തുള്ള ജലസേചിത പ്രദേശങ്ങളില്‍ നാരകം, ആപ്പിള്‍, പ്ലം, പീച്ച്, മുന്തിരി തുടങ്ങിയ ഫലവര്‍ഗങ്ങള്‍ സമൃദ്ധമായി കൃഷി ചെയ്യുന്നു.
കാലിവളര്‍ത്തല്‍.
പാംപസ് പുല്‍പ്രദേശം കാലിവളര്‍ത്തലിനു പറ്റിയതാണ്. ഷോര്‍ട്ട്ഹോണ്‍, അബര്‍ദീന്‍ ആംഗസ്, ഹിയര്‍ഫോഡ് തുടങ്ങിയ മുന്തിയയിനം കാലികള്‍ ഇവിടെ വളര്‍ത്തപ്പെടുന്നു. ജനപ്പെരുപ്പത്തിനനുസരിച്ച് മൃഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നില്ലാത്തതിനാല്‍ പ്രതിശീര്‍ഷ-അനുപാതം ക്രമമായി കുറഞ്ഞു കാണുന്നു. വരള്‍ച്ചയും ഇടയ്ക്കിടെ പിടിപെടുന്ന പകര്‍ച്ചവ്യാധികളും കാലികളുടെ എണ്ണത്തില്‍ കുറവുവരുത്തുന്നു. കൊമ്പും തുകലുമാണ് കയറ്റുമതി ചെയ്യപ്പെടുന്ന മുഖ്യവസ്തുക്കള്‍. അര്‍ജന്റീനയുടെ മിക്കഭാഗങ്ങളിലും ആടുവളര്‍ത്തല്‍ ഗണ്യമായ തോതില്‍ പുരോഗമിച്ചിട്ടുണ്ട്; പാറ്റഗോണിയ, പാംപസ് എന്നീ പ്രദേശങ്ങളാണ് മുന്‍പന്തിയില്‍ നില്ക്കുന്നത്. കോറീഡേല്‍, ലിങ്കണ്‍, മെരിനൊ, റോംനിമാര്‍ഷ് എന്നീ വിശേഷപ്പെട്ടയിനം ആടുകളെ ഇവിടെ കാണാം. പ്രതിശീര്‍ഷ മാംസാഹാരത്തിന്റെ കാര്യത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഉറുഗ്വേയെത്തുടര്‍ന്ന് രണ്ടാംസ്ഥാനത്തു നില്ക്കുന്ന അര്‍ജന്റീനയിലെ ജനങ്ങള്‍ ആട്ടിറച്ചിയെക്കാള്‍ മാട്ടിറച്ചി ഇഷ്ടപ്പെടുന്നവരാണ്.
വനവിഭവങ്ങള്‍.
ഗ്രാന്‍ചാക്കോ പ്രദേശത്തു ലഭിക്കുന്ന കാബ്രാക്കോ എന്നയിനം തടി സമ്പദ് പ്രധാനമാണ്; ഇതിന്റെ കറ ഊറയ്ക്കിടുന്നതിന് ഉപകരിക്കുന്നു; തടി റെയില്‍വേ സ്ലീപ്പറുകള്‍ക്ക് പ്രസിദ്ധമാണ്. അനിയന്ത്രിതമായ ഉപഭോഗം നിമിത്തം ഈ തടി ദുര്‍ലഭമായിത്തീര്‍ന്നിട്ടുണ്ട്.
ധാതുക്കള്‍.
ടൈറ്റാനിയം, ലിന്‍സീഡ് ഓയില്‍ എന്നിവയുടെ ലോകത്തെ ഏറ്റവും വലിയ നിക്ഷേപങ്ങള്‍ അര്‍ജന്റീനയിലാണ് ഉപസ്ഥിതമായിട്ടുള്ളത്. ഗാര്‍ഹികാവശ്യത്തിനുവേണ്ട പ്രകൃതി എണ്ണ, പ്രകൃതി വാതകം എന്നിവയുടെ നിക്ഷേപവും അര്‍ജന്റീനയിലുണ്ട്. പാറ്റഗോണിയാപ്രദേശത്ത് ബ്യൂനസ് അയര്‍സിന് 1,440 കി.മീ. തെ. അത്ലാന്തിക് തീരത്തും വ. ഭാഗത്തുള്ള സാള്‍ട്ടാപ്രവിശ്യയിലും വന്‍തോതില്‍ എണ്ണ ഖനനം ചെയ്യപ്പെടുന്നു. മെന്‍ഡോസാ പ്രവിശ്യയിലെ ലാഹെരാസില്‍നിന്ന് യുറേനിയം ലഭിക്കുന്നു. ലോകത്താകെയുള്ള ടങ്സ്റ്റന്‍ ഉത്പാദനത്തിന്റെ 10 ശതമാനത്തോളം അര്‍ജന്റീനയില്‍ നിന്നാണ്. സ്വര്‍ണം, വെള്ളി, ചെമ്പ്, കറുത്തീയം, നാകം എന്നിവ അല്പമായ തോതില്‍ ഖനനം ചെയ്തുവരുന്നു. ഉപ്പ്, ബോറാക്സ്, ആന്റിമണി എന്നിവയും ലഭിക്കുന്നുണ്ട്.
വ്യവസായവും വാണിജ്യവും.
കല്‍ക്കരിയുടെ അഭാവം വ്യവസായപുരോഗതിയെ സാരമായി ബാധിക്കുന്നു. പെട്രോളിയവും പ്രകൃതിവാതകവുമാണ് പ്രധാന ഊര്‍ജ ഖനിജങ്ങള്‍. എണ്ണഖനികളെയും അധിവാസകേന്ദ്രങ്ങളെയും പൈപ്ലൈനുകള്‍ വഴി ബന്ധിച്ചിരിക്കുന്നു. പ്രധാന ഖനിയായ കൊമൊഡോറോ റിവാദേവിയയില്‍നിന്ന് തലസ്ഥാനമായ ബ്യൂനസ് അയര്‍സിലേക്കുള്ള പൈപ്ലൈനിന്റെ നീളം 1,600 കി.മീ. ആണ്. ജലവൈദ്യുതി ഉത്പാദനത്തിനുള്ള സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തിയിട്ടില്ല. മെന്‍ഡോസ, റയോനീഗ്രോ, കൊര്‍ദോബ എന്നീ പ്രവിശ്യകളിലാണ് ജലവൈദ്യുതകേന്ദ്രങ്ങളുള്ളത്. ബ്യൂനസ് അയര്‍സ് സമീപസ്ഥമായ സാന്‍ നിക്കളാസിലെ താപവൈദ്യുതകേന്ദ്രത്തെയാണ് ആശ്രയിച്ചിരിക്കുന്നത്.
ഭക്ഷ്യസംസ്കരണമാണ് പ്രധാന ഉത്പാദന വ്യവസായം. വാഹനങ്ങള്‍, വസ്ത്രങ്ങള്‍, രാസപദാര്‍ഥങ്ങള്‍, പെട്രോകെമിക്കല്‍സ്, സ്റ്റീല്‍ എന്നിവയും പ്രധാനം തന്നെ. യന്ത്രസാമഗ്രികള്‍, വാഹനങ്ങള്‍, രാസപദാര്‍ഥങ്ങള്‍, ലോഹങ്ങള്‍, പ്ലാസ്റ്റിക് തുടങ്ങിയവയാണ് പ്രധാന കയറ്റുമതി ഉത്പന്നങ്ങള്‍. ബ്രസീല്‍, യു.എസ്., ചൈന, ചിലി എന്നിവയാണ് അര്‍ജന്റീനയുടെ പ്രധാന വാണിജ്യ പങ്കാളികള്‍.
1990-കളില്‍ സ്വകാര്യവത്കരണം ഉള്‍ പ്പെടെയുള്ള സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് അര്‍ജന്റീന തുടക്കം കുറിച്ചു. സാമ്പത്തിക പരിഷ്കാരങ്ങള്‍ സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ വര്‍ധനവുണ്ടാക്കിയെങ്കിലും തൊഴിലില്ലായ്മയുടെ വര്‍ധന സൃഷ്ടിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനായില്ല. 2004-05 കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായി. എന്നാല്‍ 2006 ജനു.-യില്‍ അന്തര്‍ദേശീയ നാണ്യനിധിയുടെ കടം മുഴുവന്‍ തിരിച്ചടച്ച് അര്‍ജന്റീന സാമ്പത്തികരംഗത്ത് ഒരു പുത്തനുണര്‍വ് കൈവരിച്ചു.
ഗതാഗതം.
റെയില്‍പ്പാതയില്‍ ഏറിയകൂറും പാംപസ് പ്രദേശത്താണ് കേന്ദ്രീകരിച്ചിട്ടുള്ളത്. ഈ കാര്‍ഷിക മേഖലയിലെ ചെറുനഗരങ്ങളൊക്കെത്തന്നെ കിഴക്കന്‍തീരത്തുള്ള ബ്യൂനസ് അയര്‍സ്, ബാഹിയാ ബ്ലാങ്ക തുടങ്ങിയ തുറമുഖങ്ങളുമായി റെയില്‍മാര്‍ഗം ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ രാജ്യത്തിന്റെ തെ. ഭാഗത്തുള്ള എണ്ണഖനനകേന്ദ്രങ്ങളോളം റെയില്‍പ്പാതകള്‍ ദീര്‍ഘിപ്പിച്ചിട്ടില്ല. അര്‍ജന്റീനയുടെ വിദേശവാണിജ്യം മൊത്തമായും കപ്പല്‍മാര്‍ഗമാണു നടക്കുന്നത്; രാജ്യത്തിന് വാണിജ്യക്കപ്പലുകളുടെ വിപുലമായ ഒരു വ്യൂഹംതന്നെ സ്വായത്തമാണ്. പരാനാ നദി മുഖാന്തിരം ഉള്‍നാടന്‍ നഗരങ്ങള്‍ ബ്യൂനസ് അയര്‍സുമായി ബന്ധം പുലര്‍ത്തുന്നു. രാജ്യത്തിലെ വിവിധനഗരങ്ങള്‍ തമ്മില്‍ വ്യോമസമ്പര്‍ക്കവുമുണ്ട്; ലാറ്റിന്‍ അമേരിക്കയിലെ അന്യരാജ്യങ്ങളിലേക്കും, യു.എസ്., യൂറോപ്യന്‍രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കും വിമാനസര്‍വീസുകള്‍ നിലവിലിരിക്കുന്നു.
ചരിത്രം
പൂര്‍വചരിത്രം.
അര്‍ജന്റീനയിലെ യൂറോപ്യന്‍ കുടിയേറ്റം ആരംഭിച്ചത് 1500-നു ശേഷമാണ്. അതിനുമുന്‍പ് ഈ പ്രദേശത്തെ അധിവസിച്ചിരുന്നത് അമേരിന്ത്യര്‍ ആയിരുന്നു; ഏതാണ്ട് 20,000 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഏഷ്യാവന്‍കരയില്‍നിന്ന് പശ്ചിമാര്‍ധ ഗോളത്തില്‍ ചെന്നെത്തിയ മംഗോളിയന്‍ ജനതയുടെ പിന്‍ഗാമികളായാണ് ഇക്കൂട്ടര്‍ കരുതപ്പെടുന്നത്; അര്‍ജന്റീനയില്‍ ജനവാസം ആരംഭിച്ചിട്ട് 8,000 വര്‍ഷത്തിലേറെയായിരിക്കാനിടയില്ല. ക്രിസ്ത്വബ്ദത്തിന്റെ ആരംഭശതകത്തില്‍ തെക്കേ അമേരിക്കയുടെ പസിഫിക് തീരത്ത് വസിച്ചിരുന്ന പരിഷ്കൃതരായ അമേരിന്ത്യര്‍ സമുദ്രം തരണം ചെയ്ത് പോളിനേഷ്യയിലും ദക്ഷിണപൂര്‍വേഷ്യയിലുമുള്ള ജനവിഭാഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നും ഈ ബന്ധത്തിലൂടെ നേടിയെടുത്ത സാംസ്കാരികപുരോഗതി തങ്ങളുടെ അയല്‍പ്രദേശമായ അര്‍ജന്റീനയിലെ ജനവിഭാഗങ്ങള്‍ക്കു കൂടി പകര്‍ന്നുകൊടുത്തിരുന്നുവെന്നും വിശ്വസിക്കുവാന്‍ ന്യായം കാണുന്നു. എ.ഡി. 1500-ല്‍ അര്‍ജന്റീനയിലെ വിവിധ ഗോത്രങ്ങളില്‍ പ്പെട്ട അമേരിന്ത്യരുടെ സംഖ്യ 3,00,000 ആയിരുന്നു.
അര്‍ജന്റീനയുടെ വ.പ. ഭാഗത്താണ് സാംസ്കാരിക വളര്‍ച്ച ഉച്ചകോടിയിലെത്തിയിരുന്നത്. ഇത് ഇങ്കാസംസ്കാരവുമായുള്ള സഹവര്‍ത്തിത്വം മൂലമായിരുന്നു. എന്നാല്‍ രാജ്യത്തിന്റെ തെക്കരികിലുള്ള ആദിവാസികള്‍ മീന്‍പിടിച്ചും വേട്ടയാടിയും ഫലമൂലാദികള്‍ ശേഖരിച്ചും കാലയാപനം ചെയ്തുപോന്നു. അമേരിന്ത്യരിലെ വിവിധ ഗോത്രക്കാര്‍ തമ്മില്‍ നിലനിന്നിരുന്ന ശത്രുത മിക്കപ്പോഴും കടുത്ത പോരാട്ടങ്ങള്‍ക്കു കളമൊരുക്കിയിരുന്നു. സാംസ്കാരിക പുരോഗതിക്കുള്ള പ്രധാനതടസ്സവും ഇതുതന്നെയായിരുന്നു.
യൂറോപ്യന്‍ കുടിയേറ്റം.
സ്പെയിനില്‍നിന്നുള്ള കുടിയേറ്റക്കാരെ (1516) ഏറ്റവും ആകര്‍ഷിച്ചത് തദ്ദേശീയര്‍ ധാരാളമായി ഉപയോഗിച്ചുപോന്ന വെള്ളി ഉപകരണങ്ങളായിരുന്നു. ഈ പ്രദേശത്തിന് 'വെള്ളിയുടെ നാട്' എന്നു പേരിടുവാനുള്ള കാരണവും ഇതുതന്നെയാണ്. ചിലിയില്‍നിന്നുള്ള (1553) കുടിയേറ്റക്കാര്‍ സ്ഥാപിച്ച സാന്തിയാഗോ ദെല്‍ എസ്റ്റെറോ നഗരമാണ് ആദ്യത്തെ യൂറോപ്യന്‍ അധിവാസകേന്ദ്രം. വെള്ളിഖനനമായിരുന്നു യൂറോപ്യരുടെ ലക്ഷ്യം. ഇതേത്തുടര്‍ന്ന് ടക്കൂമന്‍ (1565), സന്താഫേ, കൊര്‍ദോബ (1573), ബ്യൂനസ് അയര്‍സ് (1580) എന്നീ നഗരങ്ങള്‍ സ്ഥാപിതമായി. ആദ്യകാലത്ത് അധീശഗവണ്‍മെന്റിന് ഈ പ്രദേശങ്ങളില്‍ മതിയായ താത്പര്യമുണ്ടായിരുന്നില്ല; എന്നാല്‍ ഉറുഗ്വേയിലെ പോര്‍ച്ചുഗീസ് അധിനിവേശം, തങ്ങളുടെ ആധിപത്യത്തിനു ബാധകമാവുമെന്നു കണ്ടപ്പോള്‍ ബ്രസീല്‍ പ്രദേശത്തിന്റെ വ്യാപ്തി ലാപ്ലാറ്റ നദീമുഖം വരെ വര്‍ധിപ്പിച്ച് അര്‍ജന്റീനയുമായി കൂട്ടിയിണക്കുവാനുള്ള ശ്രമം സ്പെയിന്‍ ആരംഭിച്ചു. ഇതിനായി 1776-ല്‍ ബ്യൂനസ് അയര്‍സിലേക്ക് ഒരു വൈസ്രോയിയെ നിയോഗിച്ച് അര്‍ജന്റീനാപ്രദേശത്തിന്റെ ഭരണപരമായ ചുമതല ഏറ്റെടുക്കുവാന്‍ സ്പെയിന്‍ തയ്യാറായി. 1806-ല്‍ ബ്രിട്ടീഷ് നാവികമേധാവികളായ സര്‍ ഹോം പോപാം, ജനറല്‍ വില്യം ബെറസ്ഫോഡ് എന്നിവര്‍ ചേര്‍ന്ന് ബ്യൂനസ് അയര്‍സ് പിടിച്ചെടുത്തെങ്കിലും അവര്‍ക്ക് ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞില്ല.
കലാപങ്ങള്‍.
സ്പെയിനിലെ രാജാവായ ഫെര്‍ഡിനന്‍ഡ് VII-നെ ഫ്രഞ്ചുകാര്‍ കീഴടക്കിയതിനെത്തുടര്‍ന്ന് തെക്കേ അമേരിക്കയിലെ കോളണികളില്‍ വമ്പിച്ച കലാപം പൊട്ടിപ്പുറപ്പെട്ടു. മറ്റു നഗരങ്ങളുടെ മാതൃക പിന്തുടര്‍ന്ന് 1810 മേയില്‍ ബ്യൂനസ് അയര്‍സിലെ ജനങ്ങള്‍ വിപ്ലവം സംഘടിപ്പിക്കുകയും വൈസ്രോയിയെ ധിക്കരിച്ച് ഒരു സ്വയംഭരണസമിതി അധികാരം പ്രഖ്യാപിക്കുകയും ചെയ്തു. 1816 ജൂല. 9-ന് ടക്കൂമന്‍ നഗരത്തില്‍ വിളിച്ചുചേര്‍ത്ത ദേശീയനേതാക്കളുടെ സമ്മേളനം സ്വാതന്ത്ര്യപ്രഖ്യാപനം ഒപ്പുവച്ചു; തുടര്‍ന്ന് 1817-ല്‍ ജനറല്‍ ജോസ് ദെ സാന്‍മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള വിമോചനസേന ആന്‍ഡീസ് പ്രദേശത്തുകൂടെ ചിലി, പെറു എന്നിവിടങ്ങളിലേക്ക് പടനീക്കം നടത്തി.
ഫെഡറല്‍ വ്യവസ്ഥയിലുള്ള ഒരു ഭരണസംവിധാനമാണ് കാഡില്ലോകള്‍ എന്നറിയപ്പെട്ടിരുന്ന പ്രാദേശിക നേതാക്കള്‍ ആഗ്രഹിച്ചത്. തങ്ങളുടെ നേതൃത്വത്തിലുള്ള ഒരു കേന്ദ്രീകൃത ഭരണമുണ്ടാവണമെന്നുള്ള ബ്യൂനസ് അയര്‍സിലെ നേതാക്കളുടെ വാദം സാമൂഹികസംഘര്‍ഷത്തിനു വഴിതെളിച്ചു. 1835-ല്‍ ബ്യൂനസ് അയര്‍സിലെ ഗവര്‍ണറായിത്തീര്‍ന്ന ജോന്‍ മാനുവല്‍ ദെ റോസാ ഫെഡറല്‍ കാഴ്ചപ്പാടുള്ള ഒരു കേന്ദ്രീകൃതഭരണം നടപ്പാക്കി. 1852-ല്‍ ഇദ്ദേഹത്തെ ജനറല്‍ ജസ്റ്റോ ജോസ് ദെ അര്‍ക്വിസ പരാജയപ്പെടുത്തിയതോടെ ഈ ഭരണം നിലച്ചു. 1853-ല്‍ വിളിച്ചുകൂട്ടിയ കണ്‍വന്‍ഷന്‍ പുതിയ ഒരു ഭരണഘടനയ്ക്കു രൂപംനല്കി. (ഈ ഭരണഘടന 1956 വരെ പ്രാബല്യത്തില്‍ തുടര്‍ന്നു). പ്രസിഡന്റായി അവരോധിക്കപ്പെട്ട അര്‍ക്വിസ (1854) രാഷ്ട്രതലസ്ഥാനം പരാനയിലേക്കു മാറ്റി. 1862-ല്‍ ബര്‍ത്തലോമി മിത്തര്‍ ബ്യൂനസ് അയര്‍സിന്റെ പ്രാമുഖ്യം വീണ്ടെടുക്കുന്നതിനായി കലാപം നയിച്ചതിനെത്തുടര്‍ന്ന് ബ്യൂനസ് അയര്‍സ് വീണ്ടും രാഷ്ട്രതലസ്ഥാനമായിത്തീര്‍ന്നു. 1865-70 കാലഘട്ടത്തില്‍ പരാഗ്വേക്കെതിരേയുള്ള ത്രികക്ഷിസഖ്യത്തില്‍ അര്‍ജന്റീന ബ്രസീലിനോടും ഉറൂഗ്വേയോടുമൊപ്പം പങ്കാളിയായി.
1868-80 കാലഘട്ടത്തിലാണ് അര്‍ജന്റീനയ്ക്ക് സാമ്പത്തികരംഗത്ത് അഭൂതപൂര്‍വമായ പുരോഗതിയുണ്ടായത്. ഇക്കാലത്തെ രാഷ്ട്രത്തലവന്മാരായിരുന്ന ഡോമിന്‍ഗോ ഫാസ്റ്റിനോ സര്‍മിയെന്റോ, നിക്കളാസ് അവെല്ലാനഡ എന്നിവരാണ് ഈ പുരോഗതിക്കു കാരണഭൂതര്‍. പാംപസ്പ്രദേശം ഒരു കാര്‍ഷികമേഖലയായി വികസിപ്പിക്കുവാനും രാജ്യത്തെ റെയില്‍-റോഡ് സൗകര്യങ്ങള്‍ ഗണ്യമായി വര്‍ധിപ്പിക്കുവാനും ഇവര്‍ക്കു സാധിച്ചു.
ആദ്യത്തെ തെരഞ്ഞെടുപ്പ്
പ്രാദേശികമായ ഭിന്നതകള്‍ അവസാനിപ്പിക്കുന്നതിനായി 1880-ല്‍ തലസ്ഥാനമായ ബ്യൂനസ് അയര്‍സ് നഗരത്തെ അതേ പേരിലുള്ള പ്രവിശ്യയില്‍നിന്നു സ്വതന്ത്രമാക്കി ഒരു കേന്ദ്രഭരണപ്രദേശമാക്കി; ബ്യൂനസ് അയര്‍സ് പ്രവിശ്യയുടെ തലസ്ഥാനം ലാപ്ളാറ്റ നഗരത്തിലേക്കു മാറ്റുകയും ചെയ്തു. 1916-ല്‍ രഹസ്യബാലറ്റ് സമ്പ്രദായത്തിലുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് നടന്നു; ഹിപ്പൊലിതോ ഇറിഗോയന്‍ ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്. ഒന്നാം ലോകയുദ്ധത്തില്‍ അര്‍ജന്റീന നിഷ്പക്ഷത പാലിച്ചു. 1930-ല്‍ ഒരു സൈനികകാലപത്തെത്തുടര്‍ന്ന് ഇറിഗോയന്‍ സ്ഥാനഭ്രഷ്ടനായി. അദ്ദേഹത്തിനുശേഷം പ്രസിഡന്റായ ജനറല്‍ അഗസ്റ്റിന്‍ ജസ്റ്റോ (ഭ.കാ. 1932-38) അര്‍ജന്റീനയുടെ വാണിജ്യ-സാമ്പത്തിക വികസനത്തില്‍ ശ്രദ്ധ പതിപ്പിക്കുകയുണ്ടായി.
പെറോണ്‍
രണ്ടാം ലോകയുദ്ധത്തിന്റെ ആദ്യഘട്ടങ്ങളില്‍ അര്‍ജന്റീന നിഷ്പക്ഷനിലയാണ് സ്വീകരിച്ചത്. ഒരു ഉറച്ച ഗവണ്‍മെന്റിന്റെ അഭാവത്തില്‍ പോലും ത്വരിതമായ വ്യവസായവത്കരണം സാധിക്കുവാന്‍ ഈ കാലഘട്ടം ഉപകരിച്ചു. 1943-ല്‍ അന്നത്തെ പ്രസിഡന്റ് ഡോ. രമോണ്‍ എസ്. കാസില്ലോ അധികാരത്തില്‍ നിന്നും നിഷ്കാസിതനായി; തുടര്‍ന്ന് വിവിധ സൈനിക മേധാവികള്‍ മാറിമാറി ഭരണസാരഥ്യം വഹിച്ചു; 1946-ല്‍ പൊതുതെരഞ്ഞെടുപ്പ് നടത്തുകയും ജനറല്‍ (അന്നത്തെ കേണല്‍) ജുവാണ്‍ ഡോമിങ്ഗോ പെറോണ്‍ പ്രസിഡന്റായിത്തീരുകയും ചെയ്തു. ഇതിനകം തന്നെ അച്ചുതണ്ടുകക്ഷികള്‍ക്കുവേണ്ടി അര്‍ജന്റീന യുദ്ധത്തില്‍ പങ്കു ചേര്‍ന്നിരുന്നു (1945). പെറോണിന്റെ ഭരണകാലത്ത് സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ മേഖലകളില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. രാജ്യത്തെ അധ്വാനിക്കുന്ന വിഭാഗത്തിന്റെയും സൈന്യത്തിന്റെയും ശക്തമായ പിന്തുണ പെറോണ്‍ നേടിയിരുന്നു. 1955 സെപ്.-ല്‍ ഒരു സൈനികവിപ്ളവത്തിലൂടെ അദ്ദേഹം സ്ഥാനഭ്രഷ്ടനായി; തുടര്‍ന്നുണ്ടായ താത്കാലിക ഗവണ്‍മെന്റ് പെറോണിന്റെ അനുയായികളെ (പെറോണിസ്റ്റുകള്‍) മര്‍ദിച്ചൊതുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു; എന്നാല്‍ 1958-ല്‍ പെറോണിസ്റ്റുകളുടെ സഹായത്തോടെ റാഡിക്കല്‍പാര്‍ട്ടി നേതാവായ അര്‍ത്തൂറോ ഫ്രോണ്ടിസി പ്രസിഡന്റായി. ഇദ്ദേഹത്തിന്റെ ഭരണകൂടം പെട്രോളിയം ഉത്പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിദേശക്കമ്പനികള്‍ക്ക് പല ആനുകൂല്യങ്ങളും നല്കിയത് രാഷ്ട്രീയകുഴപ്പങ്ങള്‍ക്കു കാരണമാവുകയും 1961-62 കാലത്തെ തെരഞ്ഞെടുപ്പില്‍ പെറോണിസ്റ്റുകള്‍ വമ്പിച്ച ഭൂരിപക്ഷം നേടുകയും ചെയ്തു.
സൈനിക വിപ്ലവം
ഈ അവസരത്തിലുണ്ടായ സൈനികവിപ്ളവം ഫ്രോണ്ടിസിയെ സ്ഥാനഭ്രഷ്ടനാക്കി; പെറോണിസ്റ്റുകള്‍ അധികാരത്തില്‍വരുന്നതു തടഞ്ഞു. 1964 മധ്യത്തിലെ പുതിയ തെരഞ്ഞെടുപ്പിലൂടെ മിതവാദിയായ ഡോ. അര്‍ത്തൂറോ ഇല്ലിയ പ്രസിഡന്റായി. അമേരിക്കന്‍ എണ്ണക്കമ്പനികളുമായി ഏര്‍പ്പെടുത്തിയിരുന്ന കരാറുകള്‍ ഇദ്ദേഹം റദ്ദാക്കി. വിദേശമൂലധനം പിന്‍വലിക്കപ്പെട്ടത് രാജ്യത്ത് സാമ്പത്തികകുഴപ്പത്തിനു കാരണമായി. 1966-ല്‍ പെറോണിസ്റ്റുകള്‍ വീണ്ടും വിജയിച്ചതിനെത്തുടര്‍ന്ന് സൈന്യം അധികാരമേറ്റെടുത്തു. ലഫ്. ജനറല്‍ ജോന്‍ കാര്‍ലോസ് ഓന്‍ഗാനിയ പ്രസിഡന്റായുള്ള ഒരുതരം ഏകാധിപത്യഭരണമാണ് പിന്നീടു നടന്നത്. 1969-70 കാലമായപ്പോഴേക്കും രാഷ്ട്രീയകുഴപ്പങ്ങള്‍ മൂര്‍ച്ഛിച്ചു. രാജ്യമാകെ കലാപങ്ങള്‍ നടന്നു. 1970 ജൂണില്‍ ഓന്‍ഗാനിയ സൈനികമേധാവികളാല്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു; പകരം ജനറല്‍ റോബര്‍ട്ടോ മാര്‍സെലോ ലിവിങ്സ്റ്റണ്‍ പ്രസിഡന്റായിത്തീര്‍ന്നു. 1971 മാ.-ല്‍ ലിവിങ്സ്റ്റണ്‍ അധികാരഭ്രഷ്ടനായി. സൈനികനേതാവായ ലെഫ്. ജനറല്‍ അലെജാന്‍ഡ്രോ ലാനുസ് സെ അധികാരം ഏറ്റെടുത്തു. 1971-72-ല്‍ സാമ്പത്തികനില മോശമായതിനെത്തുടര്‍ന്ന് രാജ്യമൊട്ടാകെ അസ്വസ്ഥത പൊട്ടിപ്പുറപ്പെട്ടു. പെറോണ്‍ വീണ്ടും രംഗത്തുവന്നു.
രാഷ്ട്രീയ കാരണങ്ങളാല്‍ 1973 മാര്‍ച്ചിലെ തെരഞ്ഞെടുപ്പില്‍ നിന്നു പിന്മാറിയ പെറോണ്‍ സെപ്.-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലേറി. 1974-ല്‍ പെറോണ്‍ അന്തരിച്ചതിനെ ത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പത്നി ഇസബെല്‍ മാര്‍ട്ടിനസ് പെറോണ്‍ അധികാരത്തില്‍വന്നു.
1976-ല്‍ നടന്ന സൈനിക അട്ടിമറിയില്‍ ഇസബെല്‍ പെറോണ്‍ സ്ഥാനഭ്രഷ്ടയാക്കപ്പെടുകയും ജോര്‍ജ് റാഫേല്‍ വിദേല പ്രസിഡന്റായി അവരോധിക്കപ്പെടുകയും ചെയ്തു. 1981 വരെ ഭരണം നടത്തിയ വിദേല രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളും നിരോധിക്കുകയും ഭരണഘടനയില്‍ പല മാറ്റങ്ങളും വരുത്തുകയും ചെയ്തു. 1981-ല്‍ ഫാക്ലന്‍ഡ് ദ്വീപുകളുടെ മേലുള്ള അവകാശം അര്‍ജന്റീന ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചു.
1982-ല്‍ പ്രസിഡന്റായിരുന്ന ലെഫ്റ്റ. ജനറല്‍ ലിയോപോള്‍ഡോ ഗല്‍ത്തിരി ഫാക്ക്ലന്‍ഡ് ദ്വീപസമൂഹം ആക്രമിച്ചു കീഴടക്കി. ബ്രിട്ടീഷ് സൈന്യം താമസം വിനാ തിരിച്ചടിക്കുകയും ദ്വീപസമൂഹം കൈയടക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ഗല്‍ത്തിരി സ്ഥാനഭ്രഷ്ടനാകുകയും സൈനികഭരണം അവസാനിക്കുകയും ചെയ്തു. 1983-ലെ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍വന്ന റാല്‍ അല്‍ഫോണ്‍സില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടത്തിനെത്തുടര്‍ന്ന് 1988-ല്‍ പെറോണിസ്റ്റ് പാര്‍ട്ടിക്കാരനായ കാര്‍ലോസ് സാല്‍മെനം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സ്വകാര്യവത്കരണത്തിലൂടെയും ഉദാരീകരണ(liberalisation)ത്തിലൂടെയും ഇദ്ദേഹം സാമ്പത്തിക നിലമെച്ചപ്പെടുത്തി. ഭരണഘടനാപരിഷ്കാരങ്ങളിലൂടെയും മറ്റും ജനപ്രീതി നേടിയ മെനം 1995-ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എങ്കിലും സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും രൂക്ഷമായതിനെത്തുടര്‍ന്ന് 1997-ല്‍ പ്രതിപക്ഷം അധികാരത്തില്‍വന്നു.
1999 ഒ.-ല്‍ അധികാരമേറ്റ ഫെര്‍ണാന്‍ഡാ ഡിലാറുവ ബ്രൂണോ ബ്യൂറോക്രസിയെ നിയന്ത്രിക്കുകയും സാമ്പത്തികനില മെച്ചപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്തു. 2001 ഒ.-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പെറോണിസ്റ്റ് പാര്‍ട്ടി വീണ്ടും ഭൂരിപക്ഷം നേടി. ഡി.-ല്‍ നടന്ന പട്ടിണി സമരങ്ങള്‍ രൂക്ഷമായപ്പോള്‍ പ്രസിഡന്റ് രാജിവക്കാന്‍ നിര്‍ബന്ധിതനായി. തുടര്‍ന്ന് ഭരണതലത്തില്‍ പല മാറ്റങ്ങള്‍ സംഭവിക്കുകയും 2002 ജനു.-ല്‍ എഡ്വേഡോ ആല്‍ബര്‍ട്ടോ ദുഹാന്‍ദെ പ്രസിഡന്റായി ഭരണമേല്ക്കുകയും ചെയ്തു. ഡിവാല്വേഷനിലൂടെ സാമ്പത്തിക നിലമെച്ചപ്പെടുത്താന്‍ ശ്രമിച്ച ദുല്‍ഹാന്‍ദെയുടെ നീക്കങ്ങള്‍ രാജ്യത്താകെ അസ്വാസ്ഥ്യം ജനിക്കാന്‍ ഇടയാക്കി. സര്‍ക്കാരുകള്‍ മാറിമാറി അധികാരമേല്‍ക്കുകയും പ്രശ്നം പരിഹരിക്കാനാകാതെ രാജിവച്ചു പോവുകയും ചെയ്തു. ഒടുവില്‍ 2003 സെപ്.-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് കക്ഷികളുടെ സഹായത്തോടെ നെസ്റ്റര്‍കാര്‍ലോസ് കിര്‍ച്നര്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നു. മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന സൈനികമേധാവികളെ ശിക്ഷിക്കുന്നതിനുവേണ്ടി പുതിയ ഭരണകൂടം രൂപംനല്കിയ നിയമത്തിന് 2005-ല്‍ സുപ്രീംകോടതി അംഗീകാരം നല്കി. സാമ്പത്തികരംഗത്തും പുരോഗമനപരമായ നടപടികളുണ്ടായി.
2005 ഒ.- ല്‍ പെറോണിസ്റ്റുകള്‍ക്ക് സെനറ്റില്‍ നിര്‍ണായക ഭൂരിപക്ഷം ലഭിച്ചു. 2007 ഒ.-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കിര്‍ച്നറുടെ സഹധര്‍മിണി ക്രിസ്റ്റീന ഫെര്‍ണാണ്ടസ് കിര്‍ച്നര്‍ വന്‍ ഭൂരിപക്ഷത്തോടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
ഭരണസംവിധാനം
ഒരു സ്വതന്ത്രപരാധികാര രാഷ്ട്രമാണ് അര്‍ജന്റീന. പ്രസിഡന്റാണ് രാഷ്ട്രത്തലവന്‍. ഭരണസൗകര്യാര്‍ഥം, രാജ്യത്തെ 23 പ്രവിശ്യകളും ഒരു ഫെഡറല്‍ ഡിസ്ട്രിക്റ്റുമായി (ബ്യൂനസ് അയര്‍സ്) വിഭജിച്ചിരിക്കുന്നു. 1853-ല്‍ നിലവില്‍വന്ന ഭരണഘടന ഒരു ഫെഡറല്‍ ഗവണ്‍മെന്റ് വിഭാവന ചെയ്യുന്നു. പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും നാലു വര്‍ഷത്തേക്കു നേരിട്ടു തെരഞ്ഞെടുക്കുന്നു രണ്ടു മണ്ഡലങ്ങളുള്ള നാഷണല്‍ കോണ്‍ഗ്രസാണ് പരമോന്നത നിയമനിര്‍മാണ സഭ. ഇതില്‍ 72 സെനറ്റര്‍മാരും, 257 ഡെപ്യൂട്ടികളും അംഗങ്ങളായുണ്ട്. നാല് വര്‍ഷമാണ് ഇവരുടെ കാലാവധി. നാലംഗ സുപ്രീംകോടതിയാണ് രാജ്യത്തെ പരമോന്നത നീതിന്യായ കോടതി. ഓരോ പ്രവിശ്യയ്ക്കും തെരഞ്ഞെടുക്കപ്പെടുന്ന ഗവര്‍ണര്‍മാരും നിയമസഭയും കോടതികളുമുണ്ട്.