This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അറുപത്തിനാലു കലകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അറുപത്തിനാലു കലകള്‍
ഭാരതീയ വീക്ഷണപ്രകാരമുള്ള കലകളുടെ വര്‍ഗീകരണത്തിന്റെയും വിഭജനത്തിന്റെയും ക്രമീകരണം. സ്വഭാവം, പ്രയോജനം, പ്രയോഗം, ഉദ്ദേശ്യം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ കലയെ ഓരോ ദേശത്തും ഓരോ കാലത്തുമുളളവര്‍ വിഭജിക്കുകയും വര്‍ഗീകരിക്കയും ചെയ്തിട്ടുണ്ട്. ഒരേ സാംസ്കാരിക പാരമ്പര്യമുണ്ടെന്ന് അവകാശപ്പെടുന്ന ജനപദങ്ങളില്‍പ്പോലും കലകളുടെ സംഖ്യയ്ക്കും നിര്‍വചനത്തിനും ഉദ്ദേശ്യലക്ഷ്യപ്രതിപാദനങ്ങള്‍ക്കും വൈവിധ്യവും ചിലപ്പോള്‍ വൈരുധ്യവും ഉള്ളതായിക്കാണുന്നു.
ഭാരതീയ സിദ്ധാന്തപ്രകാരം കലകളെ 64 ആയി ആദ്യം വിഭജിച്ചത് എ.ഡി. 3-ാം ശ.-ത്തില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന വാത്സ്യായനന്‍ ആണ്. യുവതീയുവാക്കള്‍ക്കും നവദമ്പതികള്‍ക്കും തൃതീയ പുരുഷാര്‍ഥമായ കാമത്തെയും തജ്ജന്യമായ പ്രശ്നങ്ങളെയും വിവരിച്ചുകൊടുക്കുന്നതിന് അദ്ദേഹം രചിച്ച കാമസൂത്രത്തിലാണ് ചതുഷ്ഷഷ്ടി കലകളെക്കുറിച്ചുള്ള പ്രതിപാദനം ഉള്ളത്. എണ്ണം എത്രയെന്നുപറയാതെ വാല്മീകിരാമായണവും, എണ്ണം 64 എന്ന് പ്രസ്താവിച്ചുകൊണ്ട്, എന്നാല്‍ അവയുടെ പേരുകള്‍ എടുത്തുപറയാതെ ഭാഗവതവും കലകളെപ്പറ്റി പറയുന്നുണ്ട്. കാമസൂത്രത്തിന്റെ ഒന്നാം അധികരണത്തില്‍ ഈ 64 കലകളെയും പ്രത്യേകം വാത്സ്യായനന്‍ എണ്ണിപ്പറയുന്നു. ഇതിനു യശോധനന്‍ എന്ന പണ്ഡിതന്‍ രചിച്ച ജയമംഗള വ്യാഖ്യാനത്തില്‍ ഈ 64 എണ്ണം മൂലകലകളാണെന്നും അവയ്ക്ക് 518 ആന്തരകലകളുണ്ടെന്നും വിശദീകരിച്ചിട്ടുണ്ട്.
പേരുകളിലും അവയുടെ സംവിധാനക്രമങ്ങളിലും അല്പം ചില വ്യത്യാസങ്ങളോടുകൂടി ശുക്രനീതി, ശിവതത്ത്വരത്നാകരം, പുരാണാര്‍ഥ സംഗ്രഹം, ശ്രീതത്ത്വനിധി തുടങ്ങിയ പ്രാചീനകൃതികളും 64 കലകളെപ്പറ്റി വിവരിക്കുന്നു. വാമനാലങ്കാരസൂത്രവൃത്തി എന്ന ഗ്രന്ഥത്തിനുള്ള കാമധേനുവ്യാഖ്യാനത്തിലും 64 കലകളെക്കുറിച്ചുള്ള പ്രസ്താവം കാണാം; അതിന്റെകൂടെ നാനൂറോളം 'ഉപകല' കളുണ്ടെന്നും അതില്‍ പറഞ്ഞിട്ടുണ്ട്. ലളിതവിസ്തരം, സമവായസൂത്രം തുടങ്ങിയ ബൗദ്ധ, ജൈനമതകൃതികളനുസരിച്ച് കലകളുടെ എണ്ണം എണ്‍പത്താറോ എണ്‍പത്തേഴോ ആണ്.
ഈ സങ്കല്പഭേദങ്ങളുടെ നടുവില്‍ പൊതുവേ കലകളുടെ സംഖ്യ 64 എന്നു തന്നെയാണ് ഭാരതീയ പണ്ഡിതന്മാര്‍ ഏറിയകൂറും അംഗീകരിച്ചിരിക്കുന്നത്. അതിന് അവര്‍ പ്രമാണീഭൂതമാക്കുന്ന ആധാരഗ്രന്ഥം വാത്സ്യായനന്റെ കാമസൂത്രമാണ്.
സമൂഹത്തില്‍ അന്നു സ്ത്രീകള്‍ക്ക് സ്വതന്ത്രമായ നിലനില്പ് ഇല്ലായിരുന്നെങ്കിലും പുരുഷന്മാരെപ്പോലെ അവരും ഈ കലകള്‍ സ്വായത്തമാക്കണമെന്ന് വാത്സ്യായനന്‍ നിര്‍ബന്ധമായി പറയുന്നുണ്ട്. അഭിജാതകളെപ്പോലെ തന്നെ അഭിസാരികകളും തൃതീയ പുരുഷാര്‍ഥാനുഭൂതികള്‍ക്കു സമര്‍ഥരാകേണ്ടതുണ്ടെന്നിരിക്കെ, അതിനാവശ്യമായ കലാശാസ്ത്രപഠനങ്ങള്‍ സ്ത്രീകള്‍ക്കു മാത്രമായി എന്തിനു നിഷേധിക്കുന്നു എന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യം. ഇദ്ദേഹം നല്കിയിരിക്കുന്ന പട്ടികയിലെ പലകലകളും ഈ ലക്ഷ്യസാക്ഷാത്കാരത്തിന് എത്രമാത്രം സഹായകമോ അപരിത്യാജ്യമോ ആണെന്നു നോക്കാതെതന്നെ ഓരോന്നിന്റെയും പേരെടുത്തു പറഞ്ഞ് അവയെ ഇദ്ദേഹം വിവരിക്കുന്നു. ഈ കലാവിദ്യകള്‍ വശമുള്ള ഒരു സ്ത്രീക്ക് പുരുഷനെ ആശ്രയിക്കാതെ ജീവിക്കാന്‍ കഴിയുമെന്നാണ് വാത്സ്യായനന്റെ അഭിപ്രായം. കാമസൂത്രത്തില്‍ പറയുന്ന പല കലകളെക്കുറിച്ചും വിശദമായ അറിവ് ഇന്നു ലഭ്യമല്ല. പലതും ഒരുവേള നാമാവശേഷമായിപ്പോയിരിക്കാനും ഇടയുണ്ട്. മറ്റു പലതിനും പരിശീലനപ്രയോഗങ്ങളില്‍ പലതരത്തിലുള്ള രൂപഭാവാന്തരങ്ങളും വന്നുചേര്‍ന്നിട്ടുണ്ട്. കാമസൂത്രത്തിലെ പട്ടിക അനുസരിച്ചുള്ള 64 കലാവിദ്യകള്‍ താഴെപറയുന്നവയാണ്.
1.ഗീതം-പക്കമേളങ്ങള്‍കൂടാതെയുള്ള തനി സംഗീതത്തെയാണ് ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്.
2.വാദ്യം-ഉപകരണങ്ങള്‍കൊണ്ടുമാത്രമുള്ളതോ ഉപകരണസഹിതമോ ആയ സംഗീതം.
3. നൃത്യം-പലവിധത്തിലുള്ള നടനഭേദങ്ങളും ഇതില്‍ പ്പെടും. ആരോഗ്യവും അംഗപ്രത്യംഗസൗകുമാര്യവും വര്‍ധിപ്പിക്കുക നൃത്യത്തിന്റെ മുഖ്യലക്ഷ്യങ്ങളായി ഗണിക്കപ്പെട്ടുവന്നിരുന്നു.
4.ആലേഖ്യം-ചിത്രരചന.
5.വിശേഷകച്ഛേദ്യം-ഇവിടെ തിലകം, തൊടുകുറി, അംഗരാഗങ്ങള്‍ എന്നെല്ലാമാണ് 'വിശേഷകത്തി'ന് അര്‍ഥം. സൗന്ദര്യസംവര്‍ധകപദാര്‍ഥങ്ങളുപയോഗിച്ച് ദേഹത്തിനു മോടികൂട്ടുന്നതിനെയാകാം ഇതുകൊണ്ടുദ്ദേശിക്കുന്നത്.
6.തണ്ഡുലകുസുമബലിവികാരം-വീടിന്റെ തറയിലും മുറ്റത്തും മറ്റും തണ്ഡൂലം (അരി), കുസുമം (പൂവ്) മുതലായവകൊണ്ട് ചിത്രവേലകള്‍ ചെയ്ത് മനോഹരമാക്കുക, കോലം വരയ്ക്കുക മുതലായവ.
7.പുഷ്പാസ്തരണം-ശയ്യാമഞ്ചത്തില്‍ പൂക്കള്‍ വിതറി ആകര്‍ഷകമാക്കുക.
8.ദശനവസനാംഗ രാഗം-ദശനം (പല്ല്), വസനം (വസ്ത്രം), അംഗം (ദേഹം) തുടങ്ങിയവയില്‍ വര്‍ണക്കൂട്ടു പകര്‍ത്തുകയോ ദശനവസന (ദര്‍ശനത്തിന്റെ വസനമായ അധരോഷ്ഠങ്ങളില്‍) അംഗരാഗങ്ങള്‍ ചേര്‍ക്കുകയോ ചെയ്യുന്നതിനെ ഇതു സൂചിപ്പിക്കുന്നു.
9.മണിഭൂമികാകര്‍മം-നിലത്തു രത്നക്കല്ലുകള്‍ പതിച്ച് വീടിനെ മോടിപിടിപ്പിക്കുക.
10.ശയന രചനം-കട്ടിലിന്മേലും മഞ്ചത്തിലും സ്നിഗ്ധമായ മെത്തയും വിരിപ്പും വിരിച്ച് ആകര്‍ഷകമാക്കുക, രാഗികള്‍, വിരാഗികള്‍, മധ്യമന്മാര്‍ തുടങ്ങി പലതരത്തിലുള്ളവര്‍ക്കും വേണ്ട ശയനീയ സംവിധാനങ്ങളെ ഇക്കൂട്ടത്തില്‍ വിവരിക്കുന്നുണ്ട്.
11.ഉദകവാദ്യം-വെള്ളം ഒരു വാദ്യമാധ്യമമായി സ്വീകരിച്ച് പലതരത്തിലുള്ള സംഗീതധ്വനികള്‍ പുറപ്പെടുവിക്കുന്ന വിദ്യ.
12.ഉദകാഘാതം-തുടിച്ചുകുളിക്കുമ്പോള്‍ വെള്ളം പലവിധത്തില്‍ പ്രസരിപ്പിക്കുക. പീച്ചാംകുഴല്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് വെള്ളം തെറുപ്പിക്കുന്നതും ഇതില്‍ ഉള്‍ പ്പെടും.
13.ചിത്രയോഗം-മുഖം, തലമുടി തുടങ്ങിയവയെ ഭംഗിയാക്കാനും വികൃതമാക്കാനും ഉള്ള പ്രയോഗവിധങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. നരച്ചമുടി കറുപ്പിക്കുന്നതുപോലെ സപത്നികളോടു പ്രതികാരംചെയ്യാന്‍ മൂക്കും കാതും ചുണ്ടുമൊക്കെ വികൃതമാക്കുന്നതു ചിത്രയോഗത്തിന്റെ പരിപാടിയില്‍പ്പെടുന്നു.
14.മാല്യഗ്രഥന വികല്പം-മാലകെട്ടല്‍.
15.ശേഖരകാപീഡ യോജനം-കേശാലങ്കാരമാണ് വിഷയം. ശേഖരകവും ആപീഡവും ഓരോ തരത്തിലുള്ള ശിരോഭൂഷണങ്ങളാണ്.
16.നേപഥ്യപ്രയോഗം-നേപഥ്യമെന്നാല്‍ ആടയാഭരണങ്ങള്‍ എന്നും അവ ചമയാനും ചമയിക്കാനുമുള്ള മുറി (അണിയറ) എന്നും അര്‍ഥമുണ്ട്. വേഷഭൂഷണങ്ങള്‍ ഭംഗിയാകുംവണ്ണം അണിയുക എന്ന കലാവിദ്യയാണ് നേപഥ്യപ്രയോഗം.
17.കര്‍ണപത്ര ഭാഗങ്ങള്‍-കര്‍ണാഭരണങ്ങളുടെ നിര്‍മാണം.
18.ഗന്ധയുക്തി-അംഗരാഗങ്ങളുണ്ടാക്കല്‍.
19.ഭൂഷണ യോജനം-ആഭരണങ്ങളുടെ നിര്‍മാണവും അണിയലും.
20.ഐന്ദ്രജാലം-കണ്‍കെട്ടുവിദ്യ തുടങ്ങിയവ.
21.കൗചുമാര യോഗം-കുചുമാരന്‍ എന്ന ഗ്രന്ഥകാരന്‍ തന്റെ ഔപനിഷദധികരണം എന്ന കൃതിയില്‍ വിവരിച്ചിട്ടുള്ള സൗന്ദര്യവര്‍ധകസാമഗ്രികളുണ്ടാക്കുവാനും പ്രയോഗിക്കുവാനുമുള്ള അറിവ്.
22.ഹസ്ത ലാഘവം-ചെപ്പടിവിദ്യ.
23.വിചിത്രശാകയൂഷ ഭക്ഷ്യ വികാരക്രിയ-ശാകം (ഇലക്കറി), യൂഷം (പരിപ്പുരസം) തുടങ്ങിയവക്കൊണ്ടുള്ള വിചിത്രമായ പാചകവിദ്യ.
24.പാനകര സരാഗാസവ യോജനം-ഇതും പാചകവിദ്യതന്നെ. പേയവസ്തുക്കളുടെ നിര്‍മാണകൌശലം.
25.സൂചീവാന കര്‍മം-നെയ്ത്തുവിദ്യ.
26.സൂത്രക്രീഡ-ചരടും നൂലും ഉപയോഗിച്ചുള്ള കളികള്‍.
27.വീണാ ഡമരുക വാദ്യം-ഈ സംഗീതോപകരണങ്ങളുടെ പ്രയോഗം.
28.പ്രഹേളിക-കടങ്കഥ. പദങ്ങളും പദ്യങ്ങളുംകൊണ്ടു ഗൂഢാര്‍ഥം കലരുന്ന ചോദ്യോത്തരങ്ങള്‍.
29.പ്രതിമാല-ഇതും സാഹിത്യവിഷയകമായ വിനോദംതന്നെ. പദത്തിലെ ചില അക്ഷരങ്ങളും പദങ്ങളും മറച്ചുവച്ചും മറ്റു ചിലവ വെളിപ്പെടുത്തിയും ശ്രോതാക്കളെക്കൊണ്ട് അര്‍ഥം ഊഹിപ്പിക്കുന്ന വിദ്യ.
30.ദുര്‍വാചക യോഗം-പറയാന്‍വയ്യാത്ത ആശയങ്ങളെ ഗോപനം ചെയ്തു മറ്റുവിധത്തിലുളള പദസന്നിവേശംകൊണ്ട് ആശയപ്രകാശനംചെയ്യുന്ന സാഹിത്യവിനോദം.
31.പുസ്തക വാചനം-അനുഭവരസികതയോടുകൂടിയുള്ള ഗ്രന്ഥപാരായണം.
32.നാടകാഖ്യായികാ ദര്‍ശനം-നാടകങ്ങളെയും ആഖ്യായികകളെയും അറിഞ്ഞിരിക്കുകയും അവയുടെ രംഗാവതരണങ്ങളെ കാണുകയും ചെയ്യുക.
33.കാവ്യസമസ്യാ പൂരണം-(വ്യക്തം).
34.പട്ടികാവേത്ര വാനവികല്പം-ചൂരല്‍ കൊണ്ടുള്ള ഗൃഹോപകരണങ്ങളുടെ നിര്‍മാണം.
35.തക്ഷകര്‍മം-(ആശാരിപ്പണി).
36.വാസ്തുവിദ്യ-ഗൃഹനിര്‍മാണ വിജ്ഞാനം.
37.തക്ഷണം-മരഉരുപ്പടികളുടെ നിര്‍മാണം. വാള്‍ ഉപയോഗിച്ച് വാര്‍ന്നുമുറിക്കലും ഉളിയും കൊട്ടുവടിയും കൊണ്ട് ഉപകരണങ്ങള്‍ ഉണ്ടാക്കലും മറ്റും.
38.രൂപ്യരത്ന പരീക്ഷ-വെള്ളി തുടങ്ങിയ ലോഹങ്ങളുടെയും രത്നങ്ങളുടെയും ശുദ്ധി പരീക്ഷിച്ചറിയാനുള്ള പാടവം.
39.ധാതുവാദം-രസതന്ത്രവിജ്ഞാനം.
40.മണിരാഗാങ്കര ജ്ഞാനം-രത്നക്കല്ലുകളും മറ്റും എവിടെനിന്ന് കിട്ടുമെന്നും അവയെ എങ്ങനെ മുറിച്ചെടുത്ത് ഉപയോഗിക്കാമെന്നും ഉള്ള അറിവ്.
41.വൃക്ഷായുര്‍വേദം-ഉദ്യാനനിര്‍മാണവിദ്യയും ഇതിലുള്‍ പ്പെടും.
42.മേഷകുക്കുടലാവകയുദ്ധം-ആടുകള്‍, കോഴികള്‍, മറ്റുചില പക്ഷികള്‍ (ലാവകം-കാടപ്പക്ഷി) തുടങ്ങിയവയെ പരസ്പരം ഏറ്റുമുട്ടിക്കുന്ന പോരുമുറകള്‍.
43.ശുകശാരികാ പ്രലാപം-തത്തകളെയും മറ്റും മനുഷ്യരെ അനുകരിച്ച് സംസാരിക്കാന്‍ പഠിപ്പിക്കുന്ന വിദ്യ.
44.ഉത്സാദനാദി കൗശലം-ഉഴിച്ചില്‍, തിരുമ്മല്‍ മുതലായവയില്‍ അറിവ്.
45.അക്ഷരമുഷ്ടികാ കഥനം-വിരലുകള്‍ കൊണ്ട് അക്ഷരങ്ങളെ പ്രകാശിപ്പിക്കുന്ന വിദ്യ. ആംഗ്യം കൊണ്ടും ഹസ്തമുദ്രകള്‍ കൊണ്ടുമുള്ള സംസാരം.
46.മ്ലേച്ഛിത വികല്പം-സ്വന്തം ഭാഷയെ മറ്റൊരു ഭാഷയെന്നതുപോലെ സംസാരിക്കുക, ഈ വിദ്യ അറിയാവുന്ന രണ്ട് ആളുകള്‍തമ്മില്‍ മാത്രമേ ഇത്തരം ആശയപ്രകാശനം നടക്കുകയുള്ളു. മൂലഭദ്രം, മൂലമാന്ത്രികം, നാമാക്ഷരമാല തുടങ്ങിയ പല ആശയവിനിമയ കൗശലങ്ങളും മിക്ക ഭാഷകളിലുമുണ്ട്. കാമിനീ-കാമുകന്മാര്‍, ചാരന്മാര്‍ തുടങ്ങിയവര്‍ ഇങ്ങനെ എഴുത്തുകള്‍ കൈമാറിയിരുന്നു.
47.ദേശഭാഷാജ്ഞാനം-വിവിധ ഭാഷകളിലുള്ള അറിവ്.
48.പുഷ്പ ശകടിക-എവിടെനിന്ന് വീഴുന്നു എന്നു വെളിപ്പെടുത്താതെ പുഷ്പവര്‍ഷം ചെയ്യിക്കാനുള്ള വിദ്യ.
49.നിമിത്തജ്ഞാനം-ശകുനം നിര്‍ണയിക്കുക, ലക്ഷണം പറയുക മുതലായവ.
50.യന്ത്രമാതൃക-യന്ത്രനിര്‍മാണത്തിനും അവയുടെ പ്രയോഗത്തിനുമുള്ള അറിവ്.
51.ധാരണമാതൃക-കാണുന്നതും കേള്‍ക്കുന്നതും മനസ്സില്‍നിന്നു മായാതെവയ്ക്കുന്നതിനുള്ള അറിവ്.
52.സംപാര്യം-അക്ഷരശ്ലോകം ചൊല്ലുന്നതിനു തുല്യമായ (പണ്ടു നടപ്പുണ്ടായിരുന്നിരിക്കാനിടയുള്ള) ഒരു കലാവിദ്യ.
53.മാനസകാവ്യക്രിയ-കാവ്യനിര്‍മാണമെന്നേ ഇതിന് അര്‍ഥമുള്ളു; എന്നാല്‍ മഹാകാവ്യങ്ങളിലെ ചിത്രസര്‍ഗങ്ങളിലുള്ളതുപോലെ പദ്യരചനയില്‍ പലതരത്തിലുള്ള കൃത്രിമവിദ്യകള്‍ പ്രയോഗിക്കുന്നതും ദ്രുതകവന നിര്‍മാണവും ഇതില്‍ ഉള്‍പ്പെടും.
54.ഛന്ദോജ്ഞാനം-വൃത്തശാസ്ത്ര വിജ്ഞാനം.
55.അഭിധാന കോശം-നിഘണ്ടുനിര്‍മാണ വിജ്ഞാനം.
56.ക്രിയാകല്പം-കാവ്യക്രിയ(നിര്‍മാണം)യെക്കുറിച്ചുള്ള അറിവ്.
57.ഛലിതക യോഗങ്ങള്‍-ആള്‍മാറാട്ടം തുടങ്ങിയവ.
58.വസ്ത്രഗോപനം-വസ്ത്രധാരണത്തിലുള്ള ചില പ്രയോഗവിശേഷങ്ങള്‍. ചെറിയ വസ്ത്രം വലുതാണെന്നു തോന്നിക്കത്തക്കവിധത്തിലും മറിച്ചും വസ്ത്രങ്ങളിലെ അഴുക്കുകള്‍ മറച്ചുവച്ചും മറ്റും വേഷാദികള്‍ ധരിക്കുന്ന വിധം.
59.ദ്യൂതവിശേഷങ്ങള്‍-പകിട, ചൂത് മുതലായവ കളിക്കാനുള്ള വിരുത്.
60.ആകര്‍ഷകക്രീഡ-പലതരം കേളീവിനോദങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.
61.ബാലക്രീഡ-കളിക്കോപ്പുണ്ടാക്കിയും മറ്റും കുട്ടികളെ കളിപ്പിക്കാനുള്ള വിരുത്.
62.വൈനയിക വിദ്യ-പക്ഷിമൃഗാദികളെ ഇണക്കാനുള്ള അറിവ്.
63.വൈജയ വിദ്യകള്‍-വിജയത്തിലേക്കു നയിക്കുന്ന സമന്ത്രകവും അല്ലാത്തവയുമായ വിദ്യകള്‍.
64.വ്യായാമിക വിദ്യകള്‍-കായികവിനോദങ്ങള്‍, നായാട്ട് തുടങ്ങിയവ. നോ: കല