This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറയ്ക്കല്‍ രാജവംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:59, 17 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അറയ്ക്കല്‍ രാജവംശം

കേരളത്തിലെ ഏക മുസ്ലിം രാജവംശം. ധര്‍മപട്ടണവും പിന്നീട് കണ്ണൂരുമായിരുന്നു ഈ വംശത്തിന്റെ ആസ്ഥാനങ്ങള്‍. ഇന്നും ഈ കുടുംബം കണ്ണൂരില്‍ നിലനില്ക്കുന്നുണ്ട്. അറയ്ക്കല്‍ സ്വരൂപത്തിന്റെ ഉദ്ഭവത്തെപ്പറ്റി വ്യക്തമായ തെളിവുകള്‍ കുറവാണ്. ഐതിഹ്യങ്ങളില്‍മാത്രം തങ്ങിക്കിടക്കുന്ന ഈ വംശത്തിന്റെ ഉത്പത്തിയെക്കുറിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ വിഭിന്നാഭിപ്രായങ്ങള്‍ ഉണ്ട്.

ഉദ്ഭവത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങള്‍. കേരളോത്പത്തിയും, കേരള മാഹാത്മ്യവും പ്രസ്താവിക്കുന്നത്, ഈ രാജവംശം, മക്ക യാത്രയ്ക്കു പുറപ്പെട്ട ചേരമാന്‍പെരുമാള്‍ തന്റെ രാജ്യം വിഭജിച്ച് നല്കിയതില്‍നിന്നും ഉദ്ഭവിച്ചതാണെന്നാണ്; അറയ്ക്കല്‍ സ്വരൂപത്തിലെ രേഖകളില്‍നിന്നും മനസ്സിലാകുന്നത്. മക്കത്തേക്കു പോയ ചേരമാന്‍പെരുമാള്‍ അവിടെവച്ച് മരണപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ അനുയായികള്‍ തിരിച്ചുവന്ന് പെരുമാളുടെ സഹോദരി ശ്രീദേവിയെ വിവരമറിയിച്ചുവെന്നും അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചുവെന്നുമാണ്. ഇവരുടെ മകനായ മഹാബലിയാണ് അറയ്ക്കല്‍ രാജകുടുംബം സ്ഥാപിച്ചതെന്നു ചില രേഖകളില്‍ കാണുന്നു. മഹാബലി മതപരിവര്‍ത്തനാനന്തരം മുഹമ്മദ് അലിയെന്ന പേര്‍ സ്വീകരിച്ചതായും പറയപ്പെടുന്നു. ധര്‍മപട്ടണ (ധര്‍മട)ത്തായിരുന്നുവത്രെ ഇവരുടെ ആദ്യത്തെ ആസ്ഥാനം. ധര്‍മടത്ത് ഇന്നും അറയ്ക്കല്‍ എന്ന പേരില്‍ ഒരു പുരാതന കുടുംബം സ്ഥിതിചെയ്യുന്നുണ്ട്. പെരുമാളുടെ സഹോദരി ശ്രീദേവിയുടെ ഗൃഹം ധര്‍മപട്ടണത്തായിരുന്നു എന്നും അതിന്റെ പേര് അരശ്ശര്‍ കുളങ്ങര അഥവാ അരയന്‍ കുളങ്ങര എന്നായിരുന്നു എന്നും വിശ്വസിച്ചുപോരുന്നു. ഇതുതന്നെയാണ് കാലാന്തരത്തില്‍ അറയ്ക്കലായി മാറിയതെന്നു ചിലര്‍ കരുതുന്നു.

പരമ്പരാഗതമായി പറഞ്ഞുപോരുന്ന മറ്റൊരു കഥ 11-ാം ശ.-ത്തിലോ 12-ാം ശ.-ത്തിലോ ഏതോ ഒരു കോലത്തിരി രാജാവിന്റെ നായര്‍പ്രധാനികളില്‍ ഒരാളും മന്ത്രിയുമായിരുന്ന അരയന്‍കുളങ്ങര നായര്‍ മതപരിവര്‍ത്തനം ചെയ്തു മുഹമ്മദലി എന്ന പേരു സ്വീകരിക്കുകയും അറയ്ക്കല്‍ രാജവംശത്തിനു ബീജാവാപം ചെയ്യുകയും ചെയ്തുവെന്നാണ്. ഈ മുഹമ്മദലിയുടെ പിന്‍ഗാമികളില്‍ പലരും കോലത്തിരിയുടെ സചിവന്മാരെന്ന നിലയില്‍ സേവനം അനുഷ്ഠിച്ചിരുന്നു എന്നും അവരാണ് മമ്മാലിക്കിടാവുകള്‍ എന്നു പിന്നീട് പ്രസിദ്ധരായിത്തീര്‍ന്നതെന്നും പറഞ്ഞുപോരുന്നുണ്ട്. ഇനിയുമുള്ള കഥകളില്‍ ചിലത് കോലത്തിരിവംശത്തിലെ ഒരംഗം ഇസ്ലാംമതം സ്വീകരിച്ചതിനുശേഷം സ്ഥാപിച്ചതാണ് ഈ രാജകുടുംബം എന്നും അതല്ല കോലത്തിരി വംശത്തിലെ ഒരു കന്യക കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണുവെന്നും വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരുന്ന ആ തമ്പുരാട്ടിയെ വഴിയേപോയ ഒരു മുസ്ലിം യുവാവ് രക്ഷിച്ചുവെന്നും തന്റെ ജീവന്‍ രക്ഷിച്ച ആ യുവാവിനെത്തന്നെ വിവാഹം കഴിക്കാന്‍ അവര്‍ നിര്‍ബന്ധം പിടിച്ചുവെന്നും ഇങ്ങനെ ഉദ്ഭവിച്ചതാണ് അറയ്ക്കല്‍ രാജവംശം എന്നും ആണ്.

അറയ്ക്കല്‍ രാജകുടുംബത്തിന്റെ സ്ഥാപകന്‍ മുഹമ്മദ് അലി എന്നു പേരുള്ള ഒരു രാജാവായിരുന്നു. മലബാര്‍ മാനുവലില്‍ ഡബ്ലിയു. ലോഗന്‍ അറയ്ക്കല്‍ ഭരണാധിപന്മാരുടെ അതുവരെയുള്ള ഒരു പട്ടിക കൊടുത്തിട്ടുണ്ട്. അതില്‍ ആദ്യത്തെ അഞ്ചുപേര്‍: (1) മുഹമ്മദ് അലി (2) ഉസ്സാന്‍ അലി (3) അലിമൂസ (4) കുഞ്ഞിമൂസ (5) അലിമൂസ എന്നിവരാണ്. ഒടുവിലത്തെ രാജാവ് 1183-84-ല്‍ മാലദ്വീപ് കീഴടക്കിയതായും രേഖപ്പെടുത്തിയിട്ടുണ്ട്.

അറയ്ക്കല്‍ സ്വരൂപത്തിലെ ഭരണാധിപന്മാരെല്ലാംതന്നെ അലിരാജ എന്ന് അവരുടെ പേരിനോടുകൂടി ചേര്‍ത്തുപോന്നിരുന്നു. ഇതു സംബന്ധമായും ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായഭേദങ്ങളുണ്ട്. കേരളത്തിലെ ആദ്യത്തെ മുസ്ലിം ഭരണാധികാരിയെന്നനിലയില്‍ ആദിരാജാ എന്നും, കടലുകളുടെ അധിപതി എന്ന നിലയ്ക്ക് ആഴി രാജാ എന്നും, കുലീനനായ രാജാവെന്ന നിലയില്‍ ആലി രാജായെന്നും, വംശസ്ഥാപകനായ മുഹമ്മദ് അലി എന്ന രാജാവിന്റെ നാമധേയം തുടര്‍ന്നുകൊണ്ട് അലി രാജായെന്നും പേരുണ്ടായതായിട്ടാണ് നാമവ്യാഖ്യാതാക്കള്‍ പറയുന്നത്.

ധര്‍മപട്ടണത്തുനിന്നും മതപരിവര്‍ത്തനാനന്തരം ഈ കുടുംബം കണ്ണൂരില്‍ താമസമാക്കി. അവിടെ കോട്ടകൊത്തളങ്ങള്‍ പണിയുകയും പ്രാര്‍ഥനാലയങ്ങള്‍ നിര്‍മിക്കുകയും ചെയ്ത ഇവര്‍ കണ്ണൂരിനെ ഒരു പ്രധാന തുറമുഖപട്ടണമാക്കാന്‍ ശ്രമിച്ചു. ഇതിന്റെ ഫലമായി മധ്യകാല കേരളത്തിലെ വ്യാവസായിക-രാഷ്ട്രീയ തുറകളില്‍ കണ്ണൂരിനും അറയ്ക്കല്‍ രാജവംശത്തിനും ഗണനീയമായ സ്ഥാനം ലഭിക്കുകയും ചെയ്തു. കണ്ണൂരിന്റെ അഭിവൃദ്ധി ഈജിപ്ത്, ആഫ്രിക്ക, അറേബ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാരസമ്പര്‍ക്കം കൊണ്ടായിരുന്നു. കുരുമുളക്, കാപ്പി, ഏലം, വെറ്റില, അടയ്ക്ക, മരത്തടികള്‍, കയറുത്പന്നങ്ങള്‍ മുതലായവ കയറ്റി അയയ്ക്കുന്നതില്‍ സുപ്രധാനമായ പങ്ക് കണ്ണൂര്‍ പട്ടണം വഹിച്ചിട്ടുണ്ട്. കൊടുങ്കാറ്റും, പേമാരിയും കടല്‍ക്ഷോഭവുമൊക്കെ ഉണ്ടായാലും സുരക്ഷിതമായി നങ്കൂരമടിച്ചു കിടക്കാവുന്ന സ്ഥലമായിരുന്നു കണ്ണൂര്‍ തുറമുഖം. വിദേശ കമ്പോളങ്ങള്‍ അങ്ങനെ കൈയടക്കുവാന്‍ സാധിച്ച അറയ്ക്കല്‍ സ്വരൂപത്തിനു മലബാറിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മുസ്ലിം കച്ചവടക്കാരെയും നാവികരെയും കണ്ണൂരിലേക്കാകര്‍ഷിക്കുവാന്‍ കഴിഞ്ഞു. കടല്‍വ്യാപാരവും നാവികബലവും ഉണ്ടായിരുന്നതിനാലായിരിക്കണം അറയ്ക്കല്‍ രാജാക്കന്മാരെ ആഴിരാജാക്കള്‍ എന്നു വിളിച്ചുപോന്നിരുന്നത്.

രാജ്യവികസനം. അറയ്ക്കല്‍ രാജവംശത്തിന്റെ പ്രധാന നേട്ടം അറബിക്കടലില്‍ക്കിടക്കുന്ന ദ്വീപസമൂഹങ്ങള്‍ തങ്ങളുടെ അധീനതയില്‍ കൊണ്ടുവരുവാന്‍ കഴിഞ്ഞു എന്നതാണ്. മാലദ്വീപും ലക്ഷദ്വീപും കോലത്തിരിയില്‍നിന്നും അറയ്ക്കല്‍ രാജാക്കന്മാര്‍ വിലയ്ക്കു വാങ്ങിയതായിരിക്കാമെന്ന ഊഹത്തിനു വലിയ അടിസ്ഥാനമില്ല. നാവിക മേധാവിത്വം ഉണ്ടായിരുന്നവര്‍ക്കു മാത്രമേ അറബിക്കടലില്‍ കിടക്കുന്ന ഈ ദ്വീപുകള്‍ കീഴടക്കുവാന്‍ കഴിയുമായിരുന്നുള്ളു. ദ്വീപസമൂഹങ്ങളുടെമേലുള്ള ഈ മേധാവിത്വം നിലനിര്‍ത്തുവാന്‍ ശക്തമായ നാവികബലംകൂടി ആവശ്യമായിത്തീര്‍ന്നതുകൊണ്ട് അക്കാര്യത്തില്‍ ശ്രദ്ധിച്ച അറയ്ക്കല്‍ രാജാക്കന്മാര്‍ക്ക് കടലിന്റെയും ഉടമകളായി വാഴുവാന്‍ കുറേക്കാലത്തേക്കു കഴിഞ്ഞു. മിനിക്കോയിയെയും ലക്ഷദ്വീപിനെയും വേര്‍തിരിക്കുന്ന കടലിടുക്കിനെ 'മമ്മാലിച്ചാനല്‍' എന്നാണ് പോര്‍ച്ചുഗീസു രേഖകളില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. എത്രമാത്രം പരമാധികാരം കടലുകളില്‍ ആലി രാജായുടെ നാവികര്‍ക്കുണ്ടായിരുന്നുവെന്ന് ഇതില്‍നിന്നും സ്പഷ്ടമാകുന്നു.

യുദ്ധങ്ങള്‍. പോര്‍ച്ചുഗീസുകാരുടെ വരവോടുകൂടി ഈ നാവിക മേധാവിത്വം ചോദ്യം ചെയ്യപ്പെട്ടു. വിദേശരാജ്യങ്ങളുമായുള്ള വ്യാപാരക്കുത്തകയും അല്പാല്പം നഷ്ടപ്പെടുവാന്‍ തുടങ്ങി. പുത്തനായി രംഗപ്രവേശം ചെയ്ത ഈ യൂറോപ്യന്‍ ശക്തിയെ കടലുകളില്‍വച്ചുതന്നെ നേരിടുവാന്‍ ഏറ്റവും ബലവത്തായ നാവികവ്യൂഹം സൃഷ്ടിച്ചതും നൂറ്റാണ്ടിനുമേല്‍ നീണ്ടുനിന്ന യുദ്ധങ്ങള്‍ നടത്തിയതും ആലിരാജായുടെ കുടുംബമായിരുന്നു. തങ്ങളുടെ വ്യാപാര നിലനില്പിന് ഏറ്റവും ഹാനികരമായി വര്‍ത്തിച്ചിരുന്ന ശക്തി ആലി രാജവംശമാണെന്നു പോര്‍ച്ചുഗീസുകാര്‍ മനസ്സിലാക്കിയതുകൊണ്ടാണ് സര്‍വശക്തിയും സംഭരിച്ച് ഈ രാജവംശത്തിനെതിരെ അവര്‍ നാവികയുദ്ധങ്ങള്‍ സംഘടിപ്പിച്ചത്. 1553-ല്‍ അവര്‍ ലക്ഷദ്വീപില്‍നിന്നും ആലി രാജായുടെ നാവികരെ പുറംതള്ളി ദ്വീപു കൈവശപ്പെടുത്തുകയുണ്ടായി. പക്ഷേ, ഏതാനും വര്‍ഷങ്ങള്‍ മാത്രമേ അവര്‍ക്കു ദ്വീപില്‍ പിടിച്ചുനില്ക്കുവാന്‍ കഴിഞ്ഞുളളൂ. ആലി രാജായുടെ നാവികസേന പോര്‍ച്ചുഗീസുകാരെ തോല്പിച്ചുകൊണ്ട് ഈ ദ്വീപ് തിരിച്ചുപിടിച്ചു. പടയാളികളുടെയും നാവികരുടെയും ക്രൂരമായ നരഹത്യ ഷൈഖ് സൈനുദ്ദീന്‍ അദ്ദേഹത്തിന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. പോര്‍ച്ചുഗീസുകാരുടെ ശല്യം ശമിച്ചപ്പോള്‍ ബിജാപ്പൂരിലെ സുല്‍ത്താന്‍ ആദില്‍ഷായോട് ആലി രാജാ സഹായമഭ്യര്‍ഥിച്ചു. ബീജാപ്പൂര്‍-ഈജിപ്ഷ്യന്‍ നാവികവ്യൂഹങ്ങള്‍ ആലിരാജായെ സഹായിക്കുവാന്‍ മുന്നോട്ടുവരികയും അങ്ങനെ പോര്‍ച്ചുഗീസു മുന്നേറ്റത്തെ ചെറുത്തുനില്ക്കുവാന്‍ ആലി രാജായ്ക്കു കഴിയുകയും ചെയ്തു. ഒന്നര നൂറ്റാണ്ടുകാലം നീണ്ടുനിന്ന ഈ നാവിക സംഘട്ടനങ്ങള്‍ ഒന്നുകൊണ്ട് മാത്രമാണ് പോര്‍ച്ചുഗീസുകാര്‍ക്ക് കേരളത്തിലും ഇന്ത്യയിലും ആധിപത്യം ഉറപ്പിക്കുവാന്‍ കഴിയാതെ പോയത്. എന്നാല്‍ ഈ യുദ്ധങ്ങള്‍ വ്യാപാരവും വാണിജ്യവും നടത്തി മുന്നേറിക്കൊണ്ടിരുന്ന കണ്ണൂരിന്റെ സാമ്പത്തികഘടനയെ പ്രതികൂലമായി ബാധിക്കുകയും അറയ്ക്കല്‍ രാജവംശത്തിന്റെ വളര്‍ച്ചയെ വിഘാതപ്പെടുത്തുകയും ചെയ്തു.

വ്യാപാരബന്ധങ്ങള്‍. പോര്‍ച്ചുഗീസുകാരെ പിന്‍തുടര്‍ന്നുവന്ന ഡച്ചുകാര്‍ ആലി രാജവംശവുമായുള്ള സുഹൃദ്ബന്ധം ആദ്യം മുതല്ക്കുതന്നെ സുദൃഢമാക്കിയിരുന്നു. പോര്‍ച്ചുഗീസുകാരുടെ ശത്രുക്കളായിരുന്നു ഇരുകൂട്ടരും എന്നതാണ് ഈ മൈത്രീബന്ധത്തിന് ആക്കംകൂട്ടിയ വസ്തുത. പോര്‍ച്ചുഗീസുകാര്‍ക്കെതിരായി ഡച്ചുകാരെ സഹായിക്കുകയും കച്ചവടത്തിനാവശ്യമായ സഹായസഹകരണങ്ങള്‍ അവര്‍ക്കു ചെയ്തുകൊടുക്കുകയും ചെയ്തത് ആലി രാജാക്കന്മാരായിരുന്നു. 1663-ല്‍ കണ്ണൂര്‍ നഗരത്തിനു തൊട്ടുണ്ടായിരുന്ന പോര്‍ച്ചുഗീസുകാരുടെ കോട്ട ഡച്ചുകാര്‍ കീഴടക്കി. 'ഫോര്‍ട്ട് ഏന്‍ജലോ' എന്നായിരുന്നു കോട്ടയുടെ പേര്‍. ഈ കോട്ടയെക്കുറിച്ചും ആലി രാജായുടെ ആസ്ഥാനമായ കണ്ണൂര്‍ നഗരത്തെക്കുറിച്ചും ഹാമില്‍ട്ടനും ബലാഡ്യൂവും മറ്റു സഞ്ചാരികളും ഒട്ടേറെ വിവരണങ്ങള്‍ നല്കിയിട്ടുണ്ട്. 1664 ഫെ. 11-നു ഒപ്പുവച്ച ഒരു ഉടമ്പടി അനുസരിച്ച് ഡച്ചുകാരും അറയ്ക്കല്‍ സ്വരൂപവും തമ്മില്‍ സൗഹൃദവും കച്ചവടബന്ധവും സ്ഥാപിതമായി. എന്നാല്‍ കൊച്ചിരാജാവിന്റെയും സാമൂതിരിയുടെയും രാജ്യങ്ങളില്‍നിന്നും കുരുമുളകും മറ്റു സുഗന്ധദ്രവ്യങ്ങളും സംഭരിക്കുന്നതില്‍നിന്ന് ആലി രാജായെ വിലക്കിയിരുന്നതുമൂലം ഇദ്ദേഹം ഈ ഉടമ്പടി തികച്ചും മാനിച്ചിരുന്നില്ല. അതേകൊല്ലം മാ. 13-ന് ആലി രാജായുമായി ഡച്ചുകാര്‍ മറ്റൊരു കരാറുണ്ടാക്കി. എങ്കിലും സംഭരിക്കാവുന്ന കുരുമുളക് മുഴുവന്‍ ഡച്ചുകാര്‍ക്കു നല്കി അവരെ പോഷിപ്പിക്കുന്നതിനുപകരം ഭൂരിഭാഗവും തന്റെ നിയന്ത്രണത്തില്‍ തന്നെ വിദേശത്തേക്കു കയറ്റി അയയ്ക്കുകയാണ് ആലിരാജാ ചെയ്തത്. ഇതുമൂലം ഡച്ചുകാര്‍ പ്രതീക്ഷിച്ചിരുന്ന ലാഭം അവരുടെ കണ്ണൂര്‍ പണ്ടകശാലയില്‍ നിന്നും ലഭിക്കുകയുണ്ടായില്ലെന്നു മലബാര്‍തീരത്തെ ഡച്ചുകാരുടെ ഭരണത്തെപ്പറ്റി അതതു കാലത്തെ ഗവര്‍ണര്‍മാര്‍ എഴുതിയിട്ടുള്ള മെമ്മോറാണ്ടങ്ങളില്‍നിന്നും മനസ്സിലാക്കാം.

ഹൈദരുടെ വരവ്. അയല്‍രാജ്യമായ കോലത്തിരി രാജവംശവുമായി പലപ്പോഴും സുഹൃദ്ബന്ധമാണ് അറയ്ക്കല്‍ രാജവംശം പുലര്‍ത്തിപ്പോന്നിട്ടുള്ളത്. അറയ്ക്കല്‍ സ്വരൂപത്തിലെ മമ്മാലിക്കിടാവുകള്‍ കോലത്തിരി രാജാക്കന്മാരുടെ പ്രധാന കാര്യസ്ഥന്മാരായിരുന്നു. അവരുടെ കച്ചവടവും നാവികപ്രവര്‍ത്തനങ്ങളും നിയന്ത്രിച്ചിരുന്നത് ഇവരാണ്. എന്നാല്‍ യൂറോപ്യന്‍ ശക്തികളുടെ രംഗപ്രവേശത്തോടുകൂടി കേരളത്തിലുടനീളം നാട്ടുരാജാക്കന്മാരുടെ നയപരിപാടികളിലും മാറ്റങ്ങളുണ്ടായി. കുടിപ്പക തീര്‍ക്കുവാനുള്ള വ്യഗ്രതയോടെ നാട്ടുരാജാക്കന്മാര്‍ വിദേശശക്തികളുടെ സഹായത്തിനു മുന്നോട്ടു നീങ്ങി. ഈ പരിതഃസ്ഥിതിയില്‍ പോര്‍ച്ചുഗീസുകാരോട് പൊരുതി നിന്നിരുന്ന അറയ്ക്കല്‍ രാജാക്കന്മാര്‍ക്ക് അവരുടെ സഹായികളായിരുന്ന നാട്ടുരാജാക്കന്മാരെയും എതിര്‍ക്കേണ്ടതായി വന്നുകൂടി. 18-ാം ശ.-ത്തിന്റെ ഉത്തരാര്‍ധമായപ്പോഴേക്കും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും യഥാക്രമം മാഹിയിലും തലശ്ശേരിയിലും കച്ചവടകേന്ദ്രങ്ങള്‍ സ്ഥാപിച്ചു; കോലത്തിരി, സാമൂതിരി മുതലായ രാജാക്കന്മാരുമായി നേരിട്ടു ബന്ധം പുലര്‍ത്താന്‍ തുടങ്ങിയിരുന്നു. കച്ചവടത്തിനു കൂടുതല്‍ പ്രാധാന്യം കൊടുത്തിരുന്ന അറയ്ക്കല്‍ സ്വരൂപത്തിന് ഇതും ഒരു പുതിയ ഭീഷണിയായിത്തീര്‍ന്നു. മലബാറിലെ മുസ്ലിങ്ങള്‍ ആകമാനം തങ്ങളുടെ രക്ഷാകേന്ദ്രമായി കണ്ണൂരിനെ കണക്കാക്കിയിരുന്നതും മറ്റു മലയാളി രാജാക്കന്മാര്‍ക്ക് അരോചകമായിത്തീര്‍ന്നു. ഇങ്ങനെ കേരളത്തിലെ നാട്ടുരാജാക്കന്മാരും വിദേശശക്തികളും ചേര്‍ന്ന് ഒരു ഭാഗത്തും അറയ്ക്കല്‍ രാജവംശം മറുഭാഗത്തുമായി തുടരെത്തുടരെ സംഘട്ടനങ്ങള്‍ നടന്നുകൊണ്ടിരുന്ന അവസരത്തിലാണ് മൈസൂറില്‍ ഹൈദര്‍ അലി (1722-82) അധികാരത്തില്‍വന്നത്.

പതനം. കോലത്തിരി വംശത്തിലെ ഇളയ രാജാവായ കാപ്പു തമ്പാനും ആലി രാജായും ചേര്‍ന്ന് ഈ സന്ദര്‍ഭത്തില്‍ ഹൈദര്‍ അലിയെ മലബാറിലേക്കു ക്ഷണിച്ചു. തന്റെ അധികാരസീമ വിപുലമാക്കുവാന്‍ ലഭിച്ച ഈ അവസരം ഉപയോഗിച്ചാണ് 1766-ല്‍ ഹൈദര്‍ അലി മലബാര്‍ ആക്രമണത്തിനു പുറപ്പെട്ടത്. ആലി രാജാ ഇരുപതിനായിരത്തോളം കാലാള്‍പ്പടയും തന്റെ നാവികശക്തിയും സമാഹരിച്ചുകൊണ്ട് ഹൈദര്‍ അലിയുടെ ആക്രമണത്തെ സഹായിക്കുകയും മലബാര്‍ കീഴടക്കുകയെന്ന ഹൈദര്‍ അലിയുടെ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. മലബാര്‍ കീഴടക്കിയ ഹൈദര്‍ അലി ചിറയ്ക്കല്‍ രാജ്യത്തിന്റെ ഭരണനേതൃത്വം ആലി രാജായെ ഏല്പിക്കുകയും അദ്ദേഹത്തിന്റെ സഹോദരനെ അറബിക്കടലിലെ മൈസൂര്‍ നാവികപ്പടയുടെ അധിപനായി നിയമിക്കുകയുമുണ്ടായി. കോലത്തിരി രാജാവ് 1774-ല്‍ തിരുവിതാംകൂറില്‍നിന്നും മടങ്ങിവന്ന് തന്റെ രാജ്യത്തിന്റെ ഭരണം തിരിച്ചേല്പിക്കണമെന്നും കപ്പം കൃത്യമായി നല്കാമെന്നും ഹൈദര്‍ അലിയെ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ആലി രാജായെ മാറ്റി ചിറയ്ക്കല്‍ രാജാവിന് സ്ഥാനം ഏല്പിച്ചുകൊടുക്കുകയും ചെയ്തു. 1766 മുതല്‍ 90 വരെയുള്ള കാലയളവില്‍ മൈസൂര്‍ അധിപതികളുടെ ഉറ്റ സുഹൃത്തെന്ന നിലയ്ക്ക് മലബാര്‍ പ്രദേശത്തെ അപ്രതിരോധ്യശക്തിയായി ഇതിനിടയില്‍ അറയ്ക്കല്‍ സ്വരൂപം വളര്‍ന്നുകഴിഞ്ഞിരുന്നു. എന്നാല്‍ മൈസൂറിന്റെ രാഷ്ട്രീയഭാഗധേയം മാറിക്കൊണ്ടിരുന്നതിനനുസരിച്ച് അറയ്ക്കല്‍ സ്വരൂപത്തിന്റെ ശക്തിക്കും മാറ്റം സംഭവിച്ചുവന്നു. രണ്ടും മൂന്നും മൈസൂര്‍ യുദ്ധങ്ങളില്‍ ഇംഗ്ലീഷുകാരുടെ ശക്തമായ ആക്രമണത്തില്‍ പ്പെട്ട് കണ്ണൂര്‍ രാജസ്ഥാനത്തിന്റെ അടിത്തറയ്ക്കുതന്നെ ഇളക്കം തട്ടുകയുണ്ടായി. ഈ രണ്ടു പ്രാവശ്യവും കണ്ണൂര്‍ക്കോട്ട കീഴടക്കുവാന്‍ വളരെ പ്രയാസപ്പെട്ടിട്ടാണെങ്കിലും ഇംഗ്ലീഷുകാര്‍ക്കു കഴിഞ്ഞു.

മൂന്നാം മൈസൂര്‍ യുദ്ധത്തിന്റെ ആരംഭത്തില്‍ (1790) തന്നെ ആബര്‍ക്രോമ്പിയുടെ സൈന്യം കണ്ണൂര്‍ കീഴടക്കുകയും ഭരണാധികാരിണിയായിരുന്ന ബീബിയുമായി ഉടമ്പടിയില്‍ ഏര്‍ പ്പെടുകയും ചെയ്തു. യുദ്ധത്തിനുശേഷം മലബാര്‍ ഇംഗ്ലീഷുകാരുടെ അധീനതയിലായപ്പോള്‍ അറയ്ക്കല്‍ രാജവംശവും ഇംഗ്ലീഷ് മേധാവിത്വത്തിന്റെ കീഴിലമര്‍ന്നു. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനി നിജപ്പെടുത്തിയ അടുത്തൂണ്‍പറ്റി ഒതുങ്ങിക്കഴിയേണ്ട സ്ഥിതിയിലേക്ക് ഈ രാജവംശം ചെന്നെത്തുകയും ചെയ്തു. നോ: അറയ്ക്കല്‍ ബീബി; കണ്ണൂര്‍

(ഡോ. സി.കെ. കരീം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍