This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അറബിലീഗ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അറബിലീഗ്
Arab League
22 അറബിരാഷ്ട്രങ്ങളുടെ സഖ്യം. അല്‍ജീരിയ, ഈജിപ്ത്, ഇറാക്ക്, ജോര്‍ദാന്‍, കുവൈത്ത്, ലെബനണ്‍, ലിബിയ, മൊറോക്കോ, സൗദി അറേബ്യ, സുഡാന്‍, സിറിയ, ടുണീഷ്യ, യെമെന്‍ തുടങ്ങിയവയാണ് അംഗരാഷ്ട്രങ്ങള്‍.
അറബിരാഷ്ട്രങ്ങള്‍ക്കിടയില്‍ പൊതുധാരണയും ഐക്യവും വളരണമെന്ന ആശയം 20-ാം ശ.-ത്തിന്റെ ആരംഭത്തില്‍ത്തന്നെ നിലവില്‍ വന്നിരുന്നു. എന്നാല്‍ ഒരു ഐക്യഅറബിരാഷ്ട്രം എന്ന ആശയം രൂപംകൊണ്ടത് 1941-ല്‍ മാത്രമാണ്. ബ്രിട്ടനിലെ വിദേശകാര്യമന്ത്രിയായിരുന്ന ആന്റണി ഈഡന്‍ 1941 മേയ് 21-നു നടത്തിയ മാന്‍ഷന്‍ ഹൗസ് പ്രസംഗമാണ് ഇതിനു വഴിതെളിച്ചത്. അറബികള്‍ പൊതുവായി അംഗീകരിച്ച ഏതു പദ്ധതിയെയും ബ്രിട്ടന്‍ പിന്താങ്ങുമെന്ന ഒരു വാഗ്ദാനമായിരുന്നു അത്. 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന നയത്തില്‍നിന്നും ബ്രിട്ടന്‍ പിന്‍മാറിയെന്ന് അറബി നേതാക്കള്‍ ധരിച്ചു. എന്നാല്‍ ഉസ്മാനിയ (ഓട്ടോമന്‍) സാമ്രാജ്യത്തിനു പകരം മറ്റൊരു അറബിശക്തി ഒരു ഫെഡറേഷന്റെ രൂപത്തില്‍ മധ്യപൗരസ്ത്യദേശത്തുണ്ടാവണമെന്നേ അവര്‍ ആഗ്രഹിച്ചുള്ളു. ഇന്ത്യയിലേക്കുള്ള ബ്രിട്ടന്റെ പാത സൗഹൃദപൂര്‍വം സംരക്ഷിക്കാനും മുന്‍ യു.എസ്.എസ്.ആറിന്റെ തെക്കോട്ടുള്ള വിപുലീകരണം തടയാനും തുര്‍ക്കികള്‍ക്കുപകരം അറബികളെ ഉപയോഗപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
ചരിത്രം. ഐക്യത്തിനുവേണ്ടിയുള്ള അറബിപ്രവര്‍ത്തനം ആരംഭിച്ചത് 1942-ല്‍ ഇറാക്കിലെ പ്രധാനമന്ത്രിയായിരുന്ന നൂറി അല്‍ സൈദു ഒരു 'ബ്ളൂബുക്ക്' തയ്യാറാക്കിയതോടെയാണ്. ഒരു ഫെഡറേഷനിലൂടെ ഇറാക്ക്, സിറിയ, ലെബനന്‍, പലസ്തീന്‍, ട്രാന്‍സ് ജോര്‍ദാന്‍ എന്നീ രാജ്യങ്ങളെ പുനഃസംയോജിപ്പിച്ച് ഒരു വിശാല സിറിയന്‍ രാഷ്ട്രം ഉണ്ടാക്കുവാനും, തയ്യാറുള്ള മറ്റു അറബിരാജ്യങ്ങളുമായി യോജിച്ച് ഒരു അറബിലീഗ് സംഘടിപ്പിക്കുവാനും ഉള്ള ഒരു പദ്ധതിയായിരുന്നു നൂറിയുടേത്. ബ്രിട്ടന്‍ പൂര്‍ണ പിന്തുണ നല്കിയെങ്കിലും ഈജിപ്തും സൗദിഅറേബ്യയും ഒരു ശക്തമായ സിറിയ എന്ന ആശയത്തെ ഭയന്ന് അതിനെ എതിര്‍ത്തു. അറബിഐക്യം അറബികള്‍ തന്നെ ഉണ്ടാക്കേണ്ടതാണെന്നും പുറത്തുനിന്ന് അവരുടെമേല്‍ വച്ചുകെട്ടേണ്ട ഒന്നല്ലെന്നും ഈഡന്‍ അഭിപ്രായപ്പെട്ടതിനെത്തുടര്‍ന്ന് 1943-ല്‍ ഈജിപ്തിന്റെ പ്രധാനമന്ത്രിയായിരുന്ന നഹാസ് പാഷ ചില നിര്‍ദേശങ്ങള്‍ അറബിരാഷ്ട്രങ്ങളിലെ പ്രധാനമന്ത്രിമാരുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു. അതിനുള്ള പ്രധാന കാരണങ്ങള്‍ ഇവയായിരുന്നു: (1) നൂറിയുടെ പ്ലാന്‍ പാടെ നിരാകരിച്ചാല്‍ അത് അറബി ഐക്യത്തെ എതിര്‍ക്കുകയാണെന്നു വരും. അതുകൊണ്ട് നിഷേധാത്മകമല്ലാത്ത ഒരു ബദല്‍പദ്ധതി ആവിഷ്കരിക്കണം. (2) ഈജിപ്ത് കേന്ദ്രമാക്കിയുള്ള ഒരു ലീഗാണെങ്കില്‍ തന്റെ രാജ്യത്തിന്റെ താത്പര്യങ്ങളെ വളര്‍ത്താം. (3) സ്വന്തം വ്യക്തിതാത്പര്യങ്ങള്‍ നേടുന്നതിനും അതു സഹായകമാവും.
തുടര്‍ന്നുള്ള 18 മാസക്കാലം അറബി നേതാക്കളുമായി നഹാസ് പാഷ കൂടിയാലോചനകള്‍ നടത്തി. പരമാധികാര രാഷ്ട്രങ്ങള്‍ കൂടിച്ചേര്‍ന്നുള്ള അയഞ്ഞ ഒരു ലീഗെന്ന ആശയത്തിനു നൂറിയുടേതിനെക്കാള്‍ അംഗീകാരം സിദ്ധിച്ചു. പലസ്തീനിന്റെ പ്രതിനിധി കൂടിയടങ്ങിയ ഒരു സമിതി ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു തയ്യാറാക്കിയ 'അലക്സാന്‍ഡ്രിയ പ്രോട്ടക്കോള്‍' 1944-ല്‍ വിവിധ അംഗരാഷ്ട്രങ്ങളിലെ ഗവണ്‍മെന്റുകളുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു. അറബി ലീഗിന്റെ ചാര്‍ട്ടറായിത്തീര്‍ന്ന ഈ പ്രമാണത്തിന്റെ അടിസ്ഥാനത്തില്‍ ഇറാക്ക്, സിറിയ, ലെബനന്‍, ട്രാന്‍സ് ജോര്‍ദാന്‍, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ 1945 മാ. 22-നു കെയ്റോയില്‍ വച്ച് 'ആരബ് ലീഗ് പാക്ടി'ല്‍ ഒപ്പുവച്ചു. യെമെന്‍ 1945 മേയ് 11-നും ലിബിയ 1953 മാ. 28-നും സുഡാന്‍ 1956 ജനു. 19-നും ഈ സഖ്യത്തില്‍ ചേര്‍ന്നു.
അലക്സാന്‍ഡ്രിയ പ്രോട്ടക്കോള്‍ വിഭാവനം ചെയ്തതിനെക്കാള്‍ കെട്ടുറപ്പില്ലാത്ത ഒരു സംഘടനയായിരുന്നു കെയ്റോ പാക്ടിലൂടെ നിലവില്‍വന്ന അറബി ലീഗ്. എല്ലാ അംഗരാഷ്ട്രങ്ങളുടെയും പ്രതിനിധികള്‍ അടങ്ങിയ ഒരു കൗണ്‍സിലും കെയ്റോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സെക്രട്ടേറിയേറ്റ് ജനറലും ലീഗിന്റെ ഭാഗമായി സ്ഥാപിതമായി. വര്‍ഷത്തില്‍ കൗണ്‍സിലിന്റെ രണ്ടു സാധാരണ യോഗങ്ങളും (മാ.-ഒ.) രണ്ട് അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ അസാധാരണ യോഗങ്ങളും ചേരാന്‍ വ്യവസ്ഥയുണ്ടായിരുന്നു.
സാമ്പത്തിക-സാമൂഹിക-സാംസ്കാരികകാര്യങ്ങളിലും ആരോഗ്യം, ഗതാഗതം, പൗരത്വത്തെ ബാധിക്കുന്ന കാര്യങ്ങള്‍ തുടങ്ങിയവയിലും സഖ്യരാഷ്ട്രങ്ങള്‍ തമ്മില്‍ യോജിപ്പും സഹകരണവും ഉണ്ടാക്കുക എന്നത് കൗണ്‍സിലിന്റെ ചുമതലയായിരുന്നു. ഓരോ അംഗരാഷ്ട്രത്തിന്റെയും പരമാധികാരം ഉറപ്പുവരുത്തുകയും അവിടെ നിലവിലുള്ള ഭരണസമ്പ്രദായത്തെ മാനിക്കുകയും അന്യോന്യം ആഭ്യന്തരകാര്യങ്ങളില്‍ കൈകടത്താതിരിക്കുകയും ചെയ്യുമെന്ന് ഉടമ്പടി വ്യവസ്ഥ ചെയ്യുന്നുണ്ട്. കൂട്ടായ രാജ്യരക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും സംഘടിതഭദ്രതയ്ക്കും ഉള്ള കരാറൊന്നും ഉടമ്പടിയില്‍ ഉള്‍ ക്കൊള്ളിച്ചിരുന്നില്ല.
നേട്ടങ്ങള്‍. രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ രണ്ടുതരം നേട്ടങ്ങളാണ് അറബിലീഗിനുണ്ടായിട്ടുള്ളത്. സാംസ്കാരിക മേഖലയിലും സാങ്കേതിക സഹകരണമണ്ഡലങ്ങളിലും വളരെ കാര്യങ്ങള്‍ സാധിക്കാന്‍ ലീഗിനു കഴിഞ്ഞിട്ടുണ്ട്. പുരാതന അറബി കൈയെഴുത്തു പ്രതികള്‍ സംഭരിക്കുന്നതിലും സംരക്ഷിക്കുന്നതിലും പണ്ഡിതന്മാരെ കൈമാറുന്നതിലും ലീഗ് മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചു. ഒരു സാമ്പത്തിക സമിതി രൂപവത്കരിച്ച് അറബി രാഷ്ട്രങ്ങളുടെ സാമ്പത്തിക നയങ്ങളിലും വാണിജ്യവ്യവസായബന്ധങ്ങളിലും മറ്റും ക്രമീകരണവും ഐകരൂപ്യവും വരുത്തുവാന്‍ ശ്രമിക്കുകയുണ്ടായി. വിദ്യാഭ്യാസം, ശാസ്ത്രം, വിമാനഗതാഗതം മുതലായവയ്ക്കു വെവ്വേറെ സമിതികള്‍ നിലവില്‍ വന്നു. വൈദ്യശാസ്ത്രം, വാര്‍ത്താവിനിമയം, അറബിചരിത്രം, എണ്ണക്കാര്യം, വിപണനം, പുരാവസ്തുഗവേഷണം, ബാങ്കിങ് തുടങ്ങിയ വിഷയങ്ങളിലെല്ലാം വിപുല ചര്‍ച്ചകള്‍ക്കായി സമ്മേളനങ്ങളും കോണ്‍ഗ്രസുകളും സംഘടിപ്പിക്കുക വഴി അറബികള്‍ക്കിടയില്‍ ഐക്യബോധം വളര്‍ത്താന്‍ ലീഗിനു സാധിച്ചു.
രാഷ്ട്രീയമായി രണ്ട് ഏകീകരണ ഘടകങ്ങള്‍ പ്രത്യക്ഷമാണ്. പലസ്തീന്‍ പ്രശ്നവും വിദേശാധിപത്യത്തില്‍നിന്നു മോചനത്തിനുവേണ്ടി വെമ്പുന്ന അറബികളുടെ പ്രശ്നവും. അറബിലീഗ്, മൊറോക്കോയിലും അല്‍ജീരിയയിലും അറബികള്‍ നടത്തിയ വിമോചനസമരങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിക്കുകയും ആയുധസഹായമെത്തിക്കുകയും ചെയ്തു. ഡച്ചുവസ്തുക്കള്‍ ദേശസാല്‍ക്കരിക്കുന്ന ഇന്തോനേഷ്യയുടെ നടപടികളെ അംഗീകരിക്കുകയും ധാര്‍മിക പിന്തുണ നല്കുകയും ചെയ്തു; സൂയസ് കനാലിനെ സംബന്ധിച്ച് ബ്രിട്ടനുമായി ഏറ്റുമുട്ടിയ ഈജിപ്തിനെ പിന്‍താങ്ങി; ഏഡന്‍ അതിര്‍ത്തിയെയും ബുറായുമി മരുപ്പച്ചയെയും സംബന്ധിച്ചു ബ്രിട്ടനുമായി മത്സരിച്ച യെമെനും സൗദി അറേബ്യക്കും സഹായമെത്തിച്ചു. ഇങ്ങനെ പല രാഷ്ട്രീയ രംഗങ്ങളിലും ലീഗ് അതിന്റെ സ്വാധീനശക്തി തെളിയിച്ചു.
ന്യൂനതകള്‍. 1955-ല്‍ ഇറാക്ക് തുര്‍ക്കിയുമായി ഒരു സൈനികസഖ്യത്തില്‍ ചേരാന്‍ തീരുമാനിച്ചതോടെ അറബിലീഗില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു. അതിനുമുന്‍പ് ഉള്‍ത്തട്ടിലേ ഭിന്നിപ്പുണ്ടായിരുന്നുള്ളു. ഇറാക്ക് ഉടമ്പടിയില്‍ ഒപ്പുവച്ചാല്‍ തത്ക്ഷണം സംയുക്ത രാജ്യരക്ഷാകരാറില്‍നിന്നും പുറത്തുപോകുമെന്ന് ഈജിപ്ത് ഭീഷണിപ്പെടുത്തി. സൗദി, യെമെന്‍, അറേബ്യ എന്നീ രാഷ്ട്രങ്ങളും അപ്രകാരം ചെയ്യുമെന്നു പ്രഖ്യാപിച്ചു. എന്നാല്‍ ബാഗ്ദാദ് കരാര്‍ നിലവില്‍ വന്നിട്ടും ഈജിപ്ത് അറബിലീഗു വിട്ടില്ല. പകരം ദമാസ്കസ് കരാറിലൂടെ ഇറാക്കിനെ ഒറ്റപ്പെടുത്തി, മറ്റു അറബിരാഷ്ട്രങ്ങളെ തങ്ങളോടടുപ്പിക്കുകയാണ് ഈജിപ്ത് ചെയ്തത്.
ഈ കടുത്ത ചേരിപ്പോരില്‍ കൂട്ടുചേരാതെ ലെബനനും ജോര്‍ദാനും ഒഴിഞ്ഞുനിന്നതേയുള്ളു. പക്ഷേ, ഈജിപ്തിന്റെ സൂയസ് പ്രതിസന്ധിയില്‍ ഭിന്നിപ്പുകളെല്ലാം മറന്ന് അറബിരാഷ്ട്രങ്ങള്‍ വീണ്ടും യോജിപ്പിലെത്തി. അറബിലീഗ് പുതിയ ആവേശത്തോടും ചൈതന്യത്തോടുംകൂടി അവസാനമായി ഒന്നുകൂടി രംഗത്തെത്തി. ഇറാക്കും, ലെബനനും, ജോര്‍ദാനും (പിണങ്ങിനിന്ന അറബിരാഷ്ട്രങ്ങള്‍) ഈജിപ്തിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. താത്കാലികമെങ്കിലും അറബിലീഗില്‍ പൊതുവിപത്തിനെക്കുറിച്ചുള്ള ധാരണയുണ്ടായി. എന്നാല്‍ നേതൃത്വത്തിനുവേണ്ടിയുള്ള വടംവലികള്‍ വീണ്ടും ബന്ധങ്ങളെ വഷളാക്കി.
അറബിരാഷ്ട്രങ്ങളിലെ ആഭ്യന്തരരാഷ്ട്രീയ കാര്യങ്ങളില്‍ സ്തുത്യര്‍ഹമായ യാതൊന്നും ചെയ്യാന്‍ ലീഗിനു കഴിഞ്ഞില്ല. അറബിഐക്യം താളം പിഴച്ചു വീഴാന്‍ ഇതുതന്നെ മതിയായ കാരണമെന്നിരിക്കെ 1958-ല്‍ ഐക്യ അറബി റിപ്പബ്ലിക്കും അറബി ഫെഡറേഷനും രൂപംകൊണ്ടതോടെ തകര്‍ച്ച പൂര്‍ണമായി. 1979-89 കാലഘട്ടത്തില്‍ ഈജിപ്തിനെ സംഘടനയില്‍നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇസ്രയേലുമായി ഈജിപ്ത് ഉണ്ടാക്കിയ സമാധാനക്കരാറായിരുന്നു ഇതിനു കാരണം. 1990-91-ലെ പേര്‍ഷ്യന്‍ ഗള്‍ഫ് യുദ്ധവും സംഘടനയില്‍ വിള്ളലുകള്‍ സൃഷ്ടിക്കുകയുണ്ടായി.
ഐക്യം പറഞ്ഞു കഴിയുകയല്ലാതെ പ്രവര്‍ത്തിച്ചു കാണിക്കാന്‍ അറബിലീഗിനു സാധിച്ചില്ല. പലസ്തീന്‍ പ്രശ്നത്തില്‍ അറബികള്‍ ക്കെല്ലാം ഒറ്റ മനസ്സായിരുന്നു. പക്ഷേ അതിനുവേണ്ടി പ്രവര്‍ത്തിക്കേണ്ട ഘട്ടമെത്തിയപ്പോള്‍ ഐക്യം ഒരു ഭാരവും ബാധ്യതയുമായാണവര്‍ക്കനുഭവപ്പെട്ടത്. വാക്കുകൊണ്ട് അടിക്കാനാണെങ്കില്‍ അവരെല്ലാമൊന്നാണ്. വാളുകൊണ്ടെതിര്‍ക്കാനാണെങ്കില്‍ അവര്‍ ഓരോരുത്തരും ഓരോന്നാണ്. അറബിലീഗിന്റെ പരാജയം അവിടെയാരംഭിക്കുന്നു.
പലസ്തീനില്‍ ലീഗിന് ഉണ്ടായിട്ടുള്ള പരാജയത്തിനു മറ്റൊരു കാരണം ബ്രിട്ടീഷുകാര്‍ അവരുടെ സഹായഹസ്തം പിന്‍വലിച്ചതാണ്. അറബിലീഗിന്റെ ഉദ്ഭവത്തിനു കളമൊരുക്കുകയും, ഒരു ദശാബ്ദക്കാലം അതിനു താങ്ങായി നില്ക്കുകയും ചെയ്ത ബ്രിട്ടീഷുകാര്‍ക്ക് ഈജിപ്തിന്റെ ഇംഗ്ലീഷ് വിരുദ്ധനയങ്ങളും പ്രവര്‍ത്തനങ്ങളും മൂലം സ്വന്തം നയം തിരുത്തേണ്ടിവന്നു. അറബിലീഗിന്റെ നേതൃസ്ഥാനം കരസ്ഥമാക്കി, അതിനെ ബ്രിട്ടനെതിരായുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമുള്ള കരുവാക്കി മാറ്റുകയാണ് ഈജിപ്ത് ചെയ്തത്. ഇതു പലപ്പോഴും അറബിരാഷ്ട്രങ്ങളെ സംരക്ഷിക്കാന്‍വേണ്ടിയായിരുന്നു. ലീഗിന്റെ ബജറ്റില്‍ 42 ശ.മാ. നല്കിയ ഈജിപ്തിന്, സെക്രട്ടറിജനറലായ ആസം പാഷയിലൂടെ അധികാരസ്വരവും ലഭിച്ചു. ഈ പരിതഃസ്ഥിതിയില്‍ അറബിലീഗ് ഒരു ബ്രിട്ടീഷ് വിരുദ്ധമുന്നണിയായി മാറുകയാണുണ്ടായത്. ഈജിപ്ത് സംയമനത്തോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അറബിലീഗിനു ബ്രിട്ടീഷ് പിന്തുണ നഷ്ടപ്പെടുമായിരുന്നില്ല.
അറബിലീഗ്, പാന്‍ അറേബ്യന്‍ ഏകതാബോധവും ആഴത്തിലുള്ള മത്സരബുദ്ധിയും ഒരേ സമയം പുലര്‍ത്തിപ്പോന്നു എന്നത് ഒരു വിചിത്ര പ്രതിഭാസമാണ്. എന്നാല്‍ സൂക്ഷ്മാര്‍ഥത്തില്‍ ഈ ഐക്യവും സമരവും പരസ്പരം ബന്ധപ്പെട്ടവയാണ്. സാമ്രാജ്യശക്തികളില്‍നിന്നു മുക്തിനേടാനുള്ള യത്നങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലെല്ലാം അറബികള്‍ക്കു തമ്മില്‍ അദ്വൈതഭാവം തന്നെയായിരുന്നു. പലസ്തീന്‍, സൂയസ്കനാല്‍, സിനായ് യുദ്ധം, ഒമാനിലെ വിപ്ലവം, ബ്രിട്ടീഷ്-യെമെന്‍ ഭിന്നത ഇവയെ ആസ്പദമാക്കി അറബിലീഗ് സമ്മേളനങ്ങളിലൂടെയും യു.എന്‍-ലൂടെയും അറബി ഐക്യം വികസിച്ചു. എന്നാല്‍ ഈ ആശയൈക്യം നിഷേധരൂപത്തിലാണ് പ്രകാശിപ്പിക്കപ്പെട്ടത്. തമ്മിലിണക്കിക്കൊണ്ടുള്ള പ്രവര്‍ത്തനത്തിന്റെ ഘട്ടങ്ങളില്‍ അനൈക്യം പ്രകടമായിരുന്നു. പ്രവര്‍ത്തിക്കുന്നതുകൊണ്ട് സ്വാര്‍ഥതാത്പര്യങ്ങള്‍ ബലിയര്‍പ്പിക്കപ്പെടേണ്ടി വരുമെന്ന് തീര്‍ച്ചപ്പെട്ടാല്‍, അറബിഐക്യമെന്ന ആശയത്തെ അവര്‍ വിസ്മരിക്കും. നിക്ഷിപ്ത താത്പര്യങ്ങളോടുള്ള കടുത്ത ആഭിമുഖ്യമാണ് അറബിലീഗിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ നിരാകരിക്കാന്‍ അംഗരാഷ്ട്രങ്ങളെ പ്രേരിപ്പിച്ചിരുന്നത്.
(ഡോ. ടി.കെ. രവീന്ദ്രന്‍)