This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അയിന്‍ യുദ്ധങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അയിന്‍ യുദ്ധങ്ങള്‍
Battles of Aisne
ഒന്നാം ലോകയുദ്ധകാലത്ത് (1914-18) ഫ്രാന്‍സിന്റെ വ.കിഴക്കന്‍ അതിര്‍ത്തിയിലുള്ള അയിനില്‍ വച്ച് സഖ്യശക്തികളും ജര്‍മനിയും തമ്മില്‍ നടന്ന മൂന്നു യുദ്ധങ്ങള്‍. 1914 സെപ്. 12-നു സഖ്യശക്തികള്‍ അയിനിന്റെ പശ്ചിമഭാഗത്തെത്തി. ജര്‍മന്‍ സൈന്യത്തിനെതിരായി നീങ്ങി. എന്നാല്‍ ജര്‍മന്‍കാരുടെ ശക്തമായ ബോംബുവര്‍ഷം മൂലം സഖ്യകക്ഷികള്‍ക്ക് അല്പം പോലും മുന്നേറാന്‍ കഴിഞ്ഞില്ല. ഈ യുദ്ധത്തിന്റെ ഫലമായി ബ്രിട്ടീഷുകാര്‍ക്കു മാത്രം 13,500 പടയാളികള്‍ നഷ്ടപ്പെട്ടു. (ആ സമരമുന്നണിയില്‍ യുദ്ധത്തിലേര്‍പ്പെട്ട ആകെ സൈന്യത്തിന്റെ അഞ്ചിലൊന്ന്). അതേ സമയം ജര്‍മന്‍ സൈന്യം സുരക്ഷിതമായി അയിനില്‍ നിലയുറപ്പിച്ചു.
രണ്ടാമത്തെ യുദ്ധം 1917 ഏ.-ല്‍ ആരംഭിച്ചു. ഫ്രഞ്ചുസൈന്യാധിപനായ നിവെല്‍, എട്ടു ലക്ഷത്തോളം വരുന്ന സഖ്യസൈന്യത്തിന്റെ സഹായത്തോടെ ജര്‍മന്‍ സൈന്യത്തെ പെട്ടെന്നു കീഴടക്കാനുള്ള പദ്ധതി തയ്യാറാക്കി. ഇതു മനസ്സിലാക്കിയ ജര്‍മന്‍കാര്‍ കൂടുതല്‍ സൈന്യങ്ങളെ പിന്‍വലിച്ചുകൊണ്ട് മുന്‍ഭാഗത്ത് നാമമാത്രമായ ഒരു പടയുമായി നിലയുറപ്പിച്ചു. പത്തു ദിവസം നീണ്ടുനിന്ന ഈ യുദ്ധത്തില്‍ സഖ്യകക്ഷികള്‍ക്ക് 31,000 പടയാളികള്‍ നഷ്ടപ്പെടുകയുണ്ടായി. ഒരു ലക്ഷത്തോളം പേര്‍ക്ക് മുറിവേല്ക്കുകയും ചെയ്തു. ജര്‍മന്‍കാര്‍ക്ക് 30,000 പടയാളികളും 227 തോക്കുകളും നഷ്ടമായി. പൊതുവേ യുദ്ധത്തില്‍ വിജയം ജര്‍മന്‍കാര്‍ക്കായിരുന്നു.
1918 മേയ് 27 മുതല്‍ ജൂണ്‍ 18 വരെയായിരുന്നു മൂന്നാമത്തെ അയിന്‍ യുദ്ധം. ഈ യുദ്ധത്തില്‍ ജര്‍മന്‍കാര്‍ ഫീല്‍ഡ് മാര്‍ഷല്‍ ഹിന്‍ഡന്‍ബര്‍ഗിന്റെ നേതൃത്വത്തില്‍ 28 സേനാവിഭാഗങ്ങളെ മുന്നിലും 13 വിഭാഗങ്ങളെ പിന്നിലുമായി അണിനിരത്തി. സഖ്യകക്ഷികള്‍ക്ക് 8 വിഭാഗങ്ങളാണ് ഉണ്ടായിരുന്നത്. ജര്‍മന്‍കാരുടെ ബോംബുവര്‍ഷത്തില്‍ സഖ്യകക്ഷികള്‍ വീണ്ടും പരാജയപ്പെട്ടു. മൂന്നരലക്ഷത്തോളം വരുന്ന ഇംഗ്ലീഷ് സേനയും രണ്ടു ലക്ഷത്തോളമുള്ള യു.എസ്. സൈനികരും യുറോപ്പിലുണ്ടായിരുന്നുവെങ്കിലും അവര്‍ക്കൊന്നും ഫലവത്തായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.
1918 ഒ.-ല്‍ സഖ്യകക്ഷികളുടെ സൈന്യത്തിന്, അയിനില്‍നിന്നു ജര്‍മന്‍കാരെ തുരത്താന്‍ കഴിഞ്ഞു. നോ: ഒന്നാം ലോകയുദ്ധം