This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയിത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:30, 31 ജൂലൈ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അയിത്തം

Untouchability

ഹൈന്ദവ സമൂഹത്തില്‍ നിലനിന്ന ജാതീയമായ ഒരു അനാചാരം. ചില ജാതിക്കാര്‍ക്കു മറ്റു ചില ജാതിക്കാരെ തൊട്ടാലും തീണ്ടിയാലും അശുദ്ധിയുണ്ടാകുമെന്ന സങ്കല്പം തൊട്ടടുത്തകാലംവരെ പ്രബലമായിരുന്നു. സംസ്കൃതത്തിലെ 'അശുദ്ധം' എന്ന പദത്തിന്റെ തദ്ഭവമാണ് 'അയിത്തം' എന്നു കരുതപ്പെടുന്നു.

ചാതുര്‍വര്‍ണ്യം നിലവില്‍ വന്നതിനുശേഷമാണ് അയിത്തമെന്ന അനാചാരം സമൂഹത്തില്‍ വേരുറപ്പിച്ചതെന്നു പറയാം. പ്രാചീന ഭാരതത്തില്‍ ജനസമൂഹം ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നീ നാലു വര്‍ണങ്ങളായി വിഭജിക്കപ്പെട്ടു. പില്ക്കാലത്ത് അഞ്ചാമതൊരു ജാതികൂടി ഉണ്ടായി. ഇക്കൂട്ടര്‍ പഞ്ചമര്‍ എന്നു വിളിക്കപ്പെട്ടു. നാമശൂദ്രര്‍, ഭ്രഷ്ടജാതി, അന്യജാതി, അവര്‍ണര്‍ എന്നീ പേരുകളും അവര്‍ക്കു നല്കപ്പെട്ടു. ഇവരില്‍ത്തന്നെ പല ഉപജാതികളുണ്ടായി. കേരളത്തിലെ പറയര്‍, കുറവര്‍, പുലയര്‍, ഒടിയര്‍ തുടങ്ങിയവരും കര്‍ണാടകത്തിലെ ഹോല്യര്‍, ആന്ധ്രയിലെ മാതികര്‍, മല്ലികര്‍ മുതലായവരും ഇക്കൂട്ടത്തില്‍പ്പെട്ടവരാണ്. സാമൂഹികമായി മാത്രമല്ല, സാമ്പത്തികമായും ഈ പുറംജാതിക്കാരുടെ സ്ഥാനം ഏറ്റവും താഴ്ന്ന തട്ടിലായിരുന്നു. സാമ്പത്തികമേന്മ കൈവരിച്ചിരുന്ന ജാതിക്കോയ്മകള്‍ ഇക്കൂട്ടരെ അശുദ്ധജാതിയായി കണക്കാക്കുകയും ഇവര്‍ക്കു ചില സാമൂഹിക വിലക്കുകള്‍ കല്പിക്കുകയും ചെയ്തു. മേല്‍ജാതിക്കാരെ കാണുന്നതിലും സംസാരിക്കുന്നതിലും സമീപിക്കുന്നതിലുമെല്ലാം ഇവര്‍ ഒട്ടേറെ മാമൂലുകള്‍ക്കു വിധേയരായിരുന്നു.

വിശുദ്ധിയെപ്പറ്റി സവര്‍ണര്‍ നിലനിര്‍ത്തിപ്പോന്ന സാമൂഹിക സങ്കല്പമാണ് അയിത്തം നിര്‍ണയിച്ചത്. വിശുദ്ധിയുടെ സങ്കല്പവുമായി പൊരുത്തപ്പെടാത്ത തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അയിത്തം കല്പിക്കുകയും ചെയ്തു. ഉദാഹരണമായി, ജീവസന്ധാരണത്തിനു മറ്റു ജീവികളെ കൊല്ലുന്നത് അശുദ്ധകര്‍മമായി കരുതപ്പെട്ടിരുന്നതിനാല്‍ മുക്കുവര്‍, വേടന്മാര്‍ തുടങ്ങിയവര്‍ക്കു അയിത്തം കല്പിക്കപ്പെട്ടു. മരണവും ജീര്‍ണതയും അശുദ്ധിയുണ്ടാക്കുന്നു എന്ന സങ്കല്പത്തിലാണ് ശവസംസ്കാരവുമായി ബന്ധപ്പെട്ട തൊഴിലിനും അതില്‍ ഏര്‍പ്പെടുന്നവര്‍ക്കും അയിത്തം പ്രഖ്യാപിച്ചത്. മനുഷ്യന്റെ വിസര്‍ജവസ്തുക്കള്‍ അശുദ്ധമായതിനാല്‍ അവയുമായി ബന്ധപ്പെട്ട തൊഴിലുകളിലേര്‍പ്പെടുന്ന തോട്ടികളെപ്പോലുള്ളവര്‍ അശുദ്ധരായി. അതുപോലെ മലിനമായി ഗണിക്കപ്പെടുന്ന വസ്തുക്കളുമായി ഇടപെടുന്ന അലക്കുകാര്‍ മുതലായവരും. ഏറ്റവും വിശുദ്ധമായ മൃഗമാണ് പശു എന്നതായിരുന്നു പ്രാചീന സങ്കല്പം. പശുവിനെ കൊല്ലുക, പശുമാംസം ഭക്ഷിക്കുക, പശുവിന്റെ തുകല്‍ കൈകാര്യം ചെയ്യുക എന്നിവയെല്ലാം നിഷിദ്ധങ്ങളെന്നു കരുതപ്പെട്ടു. അങ്ങനെ മാംസഭുക്കുകള്‍ക്കും ചെരിപ്പുകുത്തികള്‍ക്കും അയിത്തം വിധിക്കപ്പെട്ടു. തൊഴിലിന്റെ പിന്തുടര്‍ച്ച ജനവര്‍ഗീകരണത്തിനു ദൃഢീകരണം നല്കി. അതായത് ഒരേ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ഒരു പ്രത്യേക സംഘമായിത്തീര്‍ന്നു. വ്യക്തികളുടെ സാമൂഹികപദവി നിര്‍ണയിച്ചിരുന്നത് അവര്‍ ഏതു ജാതിയില്‍പ്പെട്ടവരാണെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു. അയിത്തം കല്പിക്കപ്പെട്ട തൊഴിലില്‍ ഏര്‍പ്പെട്ടു വന്നവര്‍ അയിത്തജാതിക്കാരായി വേര്‍തിരിക്കപ്പെട്ടു.

കേരളത്തില്‍. ഇന്ത്യയിലെ ഇതരപ്രദേശങ്ങളെ അപേക്ഷിച്ച് അയിത്താചാരം ഏറ്റവും കര്‍ശനമായി പാലിക്കപ്പെട്ടിരുന്ന ഒരു പ്രദേശമാണ് കേരളം. ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ-ശൂദ്ര വിഭാഗങ്ങള്‍ സവര്‍ണരായി ഗണിക്കപ്പെടുന്നു. കേരളത്തിലെ നായന്മാരെയും ശൂദ്രവിഭാഗത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. ഏതായാലും അവര്‍ സവര്‍ണര്‍ ആണെന്നതിനെക്കുറിച്ചു തര്‍ക്കമില്ല. ഈഴവര്‍, അരയര്‍, പുലയര്‍, പറയര്‍, കുറവര്‍, ഉള്ളാടര്‍ തുടങ്ങിയവരെല്ലാം അവര്‍ണവിഭാഗത്തില്‍പ്പെടുന്നു. സവര്‍ണരും അവര്‍ണരും മതപരമായി ഹിന്ദുക്കളാണെങ്കിലും അവര്‍ക്കിടയില്‍ അയിത്തം നിലനിന്നിരുന്നു. സവര്‍ണ വിഭാഗത്തില്‍ത്തന്നെ ബ്രാഹ്മണനും നായര്‍ക്കും തമ്മില്‍ അയിത്തമുണ്ട്. നായര്‍ ബ്രാഹ്മണനില്‍ നിന്നു 16 അടി മാറിനില്ക്കണം. അല്ലെങ്കില്‍ ബ്രാഹ്മണന്‍ അശുദ്ധപ്പെടും. ഈഴവര്‍ ബ്രാഹ്മണനില്‍നിന്നു 32 അടിയും നായരില്‍നിന്നു 16 അടിയും അകന്നുനില്ക്കണം. പുലയര്‍ക്കും പറയര്‍ക്കും മറ്റും ഈഴവന്റെ അടുത്തും ചെല്ലാന്‍ പാടില്ല. പുലയരും മറ്റും ബ്രാഹ്മണനില്‍നിന്നു 64 അടി മാറിയേ നില്ക്കാവൂ. ഈ അയിത്താചാരത്തിന്റെ ഫലമായി അവര്‍ണര്‍ക്കു സാധാരണ പൗരാവകാശങ്ങള്‍പോലും നിഷേധിക്കപ്പെട്ടു. പല പൊതുനിരത്തുകളിലൂടെയും നടക്കാന്‍ അവരെ അനുവദിച്ചിരുന്നില്ല. ക്ഷേത്രങ്ങളില്‍ കയറി ആരാധന നടത്താന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. വിദ്യാലയങ്ങള്‍, പോസ്റ്റാഫീസുകള്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങളിലും അവര്‍ക്കു പ്രവേശനമില്ലായിരുന്നു. ഈ സാമൂഹികാചാരങ്ങളെ നിലനിര്‍ത്തിപ്പോന്ന ഭരണകൂടങ്ങളാണ് നൂറ്റാണ്ടുകളായി കേരളത്തില്‍ നിലനിന്നിരുന്നത്.

അയിത്തോച്ചാടനം. അയിത്തമെന്ന അനാചാരം ഓരോ കാലഘട്ടത്തിലും മാതാചാര്യമാരുടെയും സാമൂഹികപരിഷ്കര്‍ത്താക്കളുടെയും സജീവപരിഗണനയ്ക്കു വിധേയമായിട്ടുണ്ട്. ജാതിവ്യത്യാസത്തിനും തജ്ജന്യമായ അയിത്താചാരത്തിനുമെതിരെ ആദ്യമായി ശബ്ദമുയര്‍ത്തിയത് ശ്രീബുദ്ധനായിരുന്നു. ബ്രാഹ്മണ മേധാവിത്വത്തിനെതിരായി ഉയര്‍ന്നുവന്ന പ്രസ്ഥാനങ്ങളുടെ പ്രാഗ്രൂപങ്ങള്‍ ബുദ്ധമത തത്ത്വങ്ങളില്‍ കണ്ടെത്താം. പില്ക്കാലത്ത് കബീര്‍, ഗുരുനാനാക്ക്, ചൈതന്യന്‍, തുക്കാറാം, രാമാനുജന്‍, ജ്യോതി റാം ഫൂലെ, അയ്യന്‍കാളി, അംബേദ്കര്‍ തുടങ്ങിയ മഹാന്മാര്‍ അയിത്തത്തിനെതിരായി പോരാടിയവരാണ്. ദേശീയ സ്വാതന്ത്യ്രസമരം വികസിച്ചുവന്നതോടെ അയിത്തത്തിനെതിരായ സമരവും ശക്തിപ്രാപിച്ചു. 1935-ല്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ അയിത്തോച്ചാടനം ഒരു വമ്പിച്ച പ്രസ്ഥാനമായി വളര്‍ന്നു.

19-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളില്‍ത്തന്നെ കേരളത്തില്‍ അയിത്താചാരത്തിനെതിരായ ചിന്താഗതി പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. ക്രിസ്ത്യന്‍ മിഷനറിമാരായിരുന്നു ഇതിനു തുടക്കം കുറിച്ചത്. മതപ്രചാരണമായിരുന്നു അവരുടെ മുഖ്യലക്ഷ്യമെങ്കിലും വിദ്യാഭ്യാസപരവും സാമൂഹികവുമായ അവരുടെ പ്രവര്‍ത്തനങ്ങള്‍ സമുദായത്തിലെ അവശവിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ പര്യാപ്തമായിരുന്നു. ഉച്ചനീചത്വഭേദം കൂടാതെ എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്കുന്നതിനും താഴ്ത്തപ്പെട്ടവരോടു സൌഹൃദപൂര്‍ണമായി പെരുമാറുന്നതിനും അവര്‍ നടത്തിയ ശ്രമം ഒട്ടേറെ അധഃസ്ഥിതരെ അവരിലേക്കാകര്‍ഷിക്കുകയുണ്ടായി. ധാരാളം അവര്‍ണര്‍ ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു. അങ്ങനെ അവര്‍ അതുവരെ അനുഭവിച്ചുവന്ന അവശതകളില്‍നിന്നും ഏറെക്കുറെ മുക്തരായി. അയിത്താചാരം അവര്‍ക്കു ബാധകമല്ലാതായിത്തീര്‍ന്നു. ഇപ്രകാരം മതപരിവര്‍ത്തനത്തില്‍ക്കൂടി മനുഷ്യാവകാശങ്ങളുടെ സ്വാദറിഞ്ഞ അവര്‍ണരില്‍ അവകാശബോധം തളിരിട്ടു.

ശ്രീനാരായണഗുരുവിന്റെ മതപരിഷ്കരണ പ്രസ്ഥാനം അയിത്താചാരത്തിനെതിരായ സമരത്തിലെ മറ്റൊരു നാഴികക്കല്ലാണ്. ഇതേകാലത്തുതന്നെ മറ്റു രണ്ടു പ്രസ്ഥാനങ്ങളും രംഗത്തുവന്നു. ഈഴവര്‍ക്കു സര്‍ക്കാര്‍സര്‍വീസില്‍ പ്രവേശനം ലഭിക്കാന്‍ ഡോ. പല്പുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഉദ്യമവും, ആചാരപരിഷ്കരണാര്‍ഥം സി.വി. കുഞ്ഞുരാമന്‍ ആരംഭിച്ച പ്രസ്ഥാനവും ആയിരുന്നു ഇവ. പിന്നീട് ഈ മൂന്നു പ്രസ്ഥാനങ്ങളും ഒന്നുചേര്‍ന്ന് 1903-ല്‍ 'ശ്രീനാരായണധര്‍മപരിപാലനയോഗം' (എസ്.എന്‍.ഡി.പി.) രൂപവത്കൃതമായി. ഈഴവരുടെമാത്രം അഭ്യുന്നതിക്കുവേണ്ടിയായിരുന്നു യോഗം ആദ്യകാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ 1918-ല്‍ അതിന്റെ നയത്തിനു മാറ്റം വന്നു. താഴ്ത്തപ്പെട്ട സമസ്ത സമുദായങ്ങളുടെയും അഭിവൃദ്ധിക്കായി പ്രവര്‍ത്തിക്കണമെന്ന് യോഗം നിശ്ചയിച്ചു. പൌരസമത്വം, സഞ്ചാരസ്വാതന്ത്യ്രം, ക്ഷേത്രപ്രവേശനം എന്നീ പ്രശ്നങ്ങള്‍ക്കു പ്രാമുഖ്യം കല്പിക്കപ്പെട്ടു. മഹാകവി കുമാരനാശാന്‍ ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി എന്നീ കവിതകളിലൂടെയും ലേഖനങ്ങള്‍, പ്രസംഗങ്ങള്‍ എന്നിവയിലൂടെയും അയിത്താചാരത്തിന്റെ അടിസ്ഥാനരാഹിത്യത്തെക്കുറിച്ചു പൊതുജനങ്ങളെ ബോധവാന്‍മാരാക്കുവാന്‍ ഫലപ്രദമായി പരിശ്രമിച്ചിട്ടുണ്ട്. ശ്രീവൈകുണ്ഠസ്വാമികള്‍, മഹാത്മാ അയ്യകാളി, പണ്ഡിറ്റ് കറുപ്പന്‍ തുടങ്ങിയ സാമൂഹിക വിപ്ളവകാരികളും അയിത്തത്തിനെതിരെ ശബ്ദമുയര്‍ത്തുകയുണ്ടായി.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഒരു പരിപാടിയായി അയിത്തോച്ചാടനം അംഗീകരിക്കപ്പെട്ടു. തദ്ഫലമായിട്ടാണ് പ്രസിദ്ധമായ വൈക്കം സത്യാഗ്രഹം നടന്നത്. വൈക്കം ക്ഷേത്രറോഡ് എല്ലാ ജാതിക്കാര്‍ക്കുമായി തുറന്നുകിട്ടാന്‍വേണ്ടി 1924 മാ. 30-ന് ആരംഭിച്ച സത്യാഗ്രഹത്തില്‍ ടി.കെ. മാധവന്‍, സി.വി. കുഞ്ഞുരാമന്‍, ആലുംമൂട്ടില്‍ ചാന്നാര്‍ തുടങ്ങിയ ഈഴവനേതാക്കളും, ചങ്ങനാശ്ശേരി പരമേശ്വരപിള്ള, മന്നത്തു പദ്മനാഭപിള്ള, കെ.പി. കേശവമേനോന്‍ തുടങ്ങിയ സവര്‍ണ നേതാക്കളും സജീവമായി പങ്കെടുത്തു. മഹാത്മാഗാന്ധിയും ഈ ഘട്ടത്തില്‍ വൈക്കം സന്ദര്‍ശിച്ചു. ക്ഷേത്രറോഡ് എല്ലാ ജാതിക്കാര്‍ക്കുമായി തുറന്നു കൊടുക്കപ്പെട്ടു. പക്ഷേ, ക്ഷേത്രപരിസരങ്ങളില്‍ അവര്‍ണര്‍ക്കു പ്രവേശനം അനുവദിച്ചില്ല. എങ്കിലും സത്യാഗ്രഹം പിന്‍വലിക്കപ്പെട്ടു. 20 മാസക്കാലത്തോളം നീണ്ടുനിന്ന വൈക്കംസത്യാഗ്രഹം ഇന്ത്യയില്‍ പൊതുവെയും കേരളത്തില്‍ പ്രത്യേകിച്ചും അയിത്താചാരത്തിനെതിരായി ജനാഭിപ്രായം സൃഷ്ടിച്ച ഒരു പ്രസ്ഥാനമായിരുന്നു.

ഇതിനിടയില്‍ തിരുവിതാംകൂറില്‍ 'നിവര്‍ത്തനപ്രസ്ഥാനം' എന്ന പേരില്‍ ഒരു വമ്പിച്ച ബഹുജനപ്രക്ഷോഭം ആഞ്ഞടിച്ചിരുന്നു. നിയമസഭയിലും സര്‍ക്കാര്‍ സര്‍വീസിലും ഈഴവര്‍, ക്രിസ്ത്യാനികള്‍, മുസ്ലിങ്ങള്‍ എന്നീ സമുദായങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നേടിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. പ്രക്ഷോഭം ജയിച്ചു. പബ്ലിക്ക് സര്‍വീസില്‍ പ്രാതിനിധ്യം ഇല്ലാത്ത സമുദായങ്ങള്‍ക്ക് പ്രത്യേക സൗജന്യങ്ങള്‍ അനുവദിക്കപ്പെട്ടു.

ക്ഷേത്രപ്രവേശനകാര്യത്തില്‍ പുരോഗതിയുണ്ടാക്കാന്‍ വൈക്കം സത്യാഗ്രഹത്തിനുപോലും കഴിയാതെവന്നപ്പോള്‍ നൈരാശ്യം തോന്നിയ ഈഴവര്‍ മതപരിവര്‍ത്തനത്തെപ്പറ്റി ഗൗരവമായി ചിന്തിക്കാന്‍ തുടങ്ങി. ഈഴവര്‍ക്കു നല്ലത് ഹിന്ദുമതം ഉപേക്ഷിച്ച് ക്രിസ്തുമതത്തില്‍ ചേരുകയാണെന്ന് സി.വി. കുഞ്ഞുരാമന്‍ ഈഴവരുടെ മതപരിവര്‍ത്തന സംരംഭം എന്ന പുസ്തകത്തിലൂടെ പ്രഖ്യാപിച്ചു. തുടര്‍ന്നു ചങ്ങനാശ്ശേരിയില്‍ സഹോദരന്‍ അയ്യപ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മതപരിവര്‍ത്തന സമ്മേളനവും ദൂരവ്യാപകമായ ഫലം ഉളവാക്കി. അധികം താമസിയാതെ ക്ഷേത്രപ്രവേശന വിളംബരം (1936 ന.) ഉണ്ടായി. തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്റെ കീഴിലുള്ള എല്ലാ ഹിന്ദുക്ഷേത്രങ്ങളും അവര്‍ണര്‍ക്കായി തുറക്കപ്പെട്ടു.

അവര്‍ണരുടെ അവശതകള്‍ പരിഹരിക്കാന്‍ പല സംസ്ഥാന ഗവണ്‍മെന്റുകളും നിയമനിര്‍മാണം നടത്തി. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയിലൂടെ അയിത്താചരണത്തെയും തത്സംബന്ധമായ സാമൂഹികാവശതകളെയും നിയമവിരുദ്ധമായി പ്രഖ്യാപിച്ചു (അനുച്ഛേദം 17). ഡോ. ബാബാസാഹിബ് അംബേദ്കറുടെ പേര് ഇത്തരുണത്തില്‍ പ്രത്യേകം സ്മരണീയമാണ്. അവര്‍ണ ജനവിഭാഗങ്ങളെ വംശപരമായി പട്ടികജാതിക്കാര്‍ എന്നും പട്ടികവര്‍ഗക്കാര്‍ എന്നും അംഗീകരിച്ചു. അവര്‍ക്കു വിദ്യാഭ്യാസപരമായും തൊഴില്‍പരമായും പ്രത്യേക സൗജന്യങ്ങളും ജനപ്രതിനിധിസഭകളില്‍ പ്രത്യേക പ്രാതിനിധ്യവും ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും അയിത്താചാരം ഭാരതീയ ജനസമൂഹത്തില്‍ ഇനിയും നിശ്ശേഷം നശിച്ചിട്ടില്ലെന്നതാണ് നേര്. നോ: ശ്രീനാരായണ ധര്‍മ പരിപാലന സംഘം; കുമാരന്‍ ആശാന്‍; ക്ഷേത്രപ്രവേശനവിളംബരം; ജാതിവ്യവസ്ഥ; നാരായണഗുരു; ആനന്ദതീര്‍ഥര്‍; അയ്യന്‍കാളി; അംബേദ്കര്‍; വൈക്കം സത്യാഗ്രഹം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AF%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍