This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമേരിക്കന്‍ കല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അമേരിക്കന്‍ കല
American Art
അമേരിക്കന്‍ ഐക്യനാടുകള്‍ (യു.എസ്) എന്നറിയപ്പെടുന്ന ഭൂവിഭാഗത്തില്‍ ഏതദ്ദേശീയ സവിശേഷതകളുള്ള ചിത്ര-ശില്പ-വാസ്തുകലാരൂപങ്ങള്‍ ഉടലെടുത്തത് 18-ാം ശ.-ത്തിന്റെ അവസാന ദശകങ്ങളോടുകൂടിയാണ്. അമേരിക്കയിലെ ആദിവാസികളുടെ തനതുകലാരൂപങ്ങള്‍ അതിനു വളരെ മുന്‍പുതന്നെ അവിടെ പ്രചരിക്കുകയും പ്രതിഷ്ഠ നേടുകയും ചെയ്തിരുന്നില്ല എന്ന് അതിന് അര്‍ഥമില്ല (നോ: അമേരിന്ത്യന്‍ കല). യൂറോപ്പില്‍ നിന്ന് 16-ാം ശ.-ത്തിന്റെ ആരംഭംമുതല്‍ അവിടെ കുടിയേറിപ്പാര്‍ത്ത വിവിധ ജനവിഭാഗങ്ങളുടെ കലാവാസനകള്‍ വ്യത്യസ്ത മാധ്യമങ്ങളില്‍ ആ നാട്ടില്‍ പ്രചരിക്കുന്നത് ഇംഗ്ലീഷ്-ഡച്ച്-സ്പാനിഷ്-ഫ്രഞ്ച്-ഇറ്റാലിയന്‍ കലകളുടെ പ്രതിഫലനങ്ങളായാണ്. എന്നാല്‍ ഈ കുടിയേറ്റക്കാരില്‍ അധികവും പ്രോട്ടസ്റ്റന്റ് തീവ്രവാദികളായിരുന്നതിനാല്‍ വിഗ്രഹാരാധനയുടെ തുടക്കം കുറിച്ചേക്കാവുന്ന പ്രതിമാനിര്‍മാണത്തിന് അവര്‍ എതിരായിരുന്നു. തന്നിമിത്തം 18-ാം ശ.-ത്തില്‍പ്പോലും പരസ്യമായി ശില്പനിര്മാണത്തിന് ആരും മുതിര്‍ന്നിരുന്നില്ല. കപ്പലുകളുടെ മുമ്പില്‍ കൊത്തിവയ്ക്കാറുള്ള ശീര്ഷങ്ങള്, കാറ്റിന്റെ ഗതി അറിയാനുപയോഗിക്കുന്ന ഉപകരണത്തിന്റെ മുകളില്‍ പിടിപ്പിക്കാറുണ്ടായിരുന്ന രൂപങ്ങള്‍ എന്നിവ പോലും വിദഗ്ധന്മാരായ പല ശില്പികളും വളരെ രഹസ്യമായാണ് ഉണ്ടാക്കിക്കൊടുത്തിരുന്നത്. പുതിയ റിപ്പബ്ളിക്കിന്റെ ആവിര്‍ഭാവത്തോടുകൂടി മതത്തെക്കുറിച്ചുള്ള ധാരണകളില്‍ കൂടുതല്‍ വിശാലമായ മനോഭാവം പുലര്‍ത്തുവാന്‍ ജനങ്ങള്‍ തയ്യാറാവുകയും സാമൂഹിക വിപ്ളവങ്ങള്‍ക്കും രാഷ്ട്രീയ വിപ്ളവങ്ങള്‍ക്കും നേതൃത്വം നല്കിയ ധീരനേതാക്കന്മാര്‍ക്ക് സ്മാരകങ്ങള്‍ ഉണ്ടാക്കേണ്ടത് ആവശ്യമായിത്തീരുകയും ചെയ്തപ്പോള്‍ അമേരിക്കന്‍ ശില്പകല രൂപമെടുക്കേണ്ടത് ചരിത്രപരമായ ഒരു ആവശ്യമായിത്തീര്‍ന്നു. വിദേശത്തുനിന്നുള്ള കലാകാരന്മാരും സ്വയംശിക്ഷണം കൊണ്ട് പരിശീലനം നേടിയ അപൂര്‍വം ചില അമേരിക്കക്കാരും ഈ ആവശ്യം നിറവേറ്റാന്‍ തയ്യാറായി. ജോണ്‍ ഫ്രെയ്സി (1790-1852) എന്ന ഒരു കല്പണിക്കാരനാണ് അമേരിക്കയില്‍ ആദ്യമായി ഒരു മാര്‍ബിള്‍ പ്രതിമ നിര്‍മിച്ചത്. വില്യം റഷ് (1756-1833) എന്ന ഫിലഡല്‍ഫിയാക്കാരനായ ഒരു വൈദ്യന് എഡ്വേര്‍ഡ് കട്ബുഷ് എന്ന ഒരു ഇംഗ്ലീഷുകാരന്റെ ശിക്ഷണത്തില്‍ കപ്പലില്‍ വയ്ക്കുവാനുള്ള ശീര്ഷങ്ങള് പരസ്യമായി നിര്‍മിച്ചു. ക്രമേണ ഒട്ടേറെ ദാരുശില്പങ്ങള്ക്ക് അദ്ദേഹം രൂപം നല്കി. തുടര്‍ന്ന് 19-ാം ശ.-ത്തിന്റെ മധ്യത്തോടുകൂടി പല അമേരിക്കന്‍ യുവാക്കളും ഇറ്റലിയിലേക്കു കടന്ന് ശില്പനിര്മാണത്തില് വൈദഗ്ധ്യം നേടി തിരിച്ചെത്തുകയുണ്ടായി. ഹൊറേഷ്യോ ഗ്രീനോ (1805-52) എന്ന ആളാണ് ശില്പകലയില് അഭ്യസ്തവിദ്യന് എന്ന് അവകാശപ്പെടാവുന്ന ആദ്യത്തെ അമേരിക്കന്‍. ഇദ്ദേഹം 1825-ല്‍ റോമില്‍ പോയി തൊര്‍വാഡ്സന്‍ എന്ന ശില്പിയുടെ ശിഷ്യത്വം സ്വീകരിച്ചു. അതിനുശേഷം അദ്ദേഹം ഫ്ളോറന്‍സിലേക്കു പോവുകയും ജീവിതത്തിന്റെ ഏറിയ പങ്കും അവിടെ ചെലവിടുകയും ചെയ്തു. ഇന്ന് സ്മിത്ത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള വാഷിങ്ടന്റെ പ്രതിമ ഇദ്ദേഹം നിര്‍മിച്ചതാണ്. സിയൂസിന്റെ പ്രതിമയോട് തുല്യതയുള്ള അതിശക്തമായ ഈ ശില്പം ഗൗരവമുള്ള ഒരു കലാസൃഷ്ടിയായി അംഗീകരിക്കുവാന്‍ 19-ാം ശ.-ത്തിന്റെ മധ്യദശകത്തിലെ (1840-50) അമേരിക്കക്കാര്‍ തയ്യാറായില്ല. ഹിറാന്‍ പവേഴ്സ് എന്ന മറ്റൊരു അമേരിക്കക്കാരന് ഗ്രീനോവിനെ അനുകരിച്ച് 1837-ല്‍ ഫ്ളോറന്‍സിലേക്കു പോയി. ശില്പകലാരംഗത്ത് ഇദ്ദേഹം നല്കിയ സംഭാവനകള്‍ ആ കാലഘട്ടത്തിന്റെ അഭിരുചിക്കു ചേര്‍ന്നതായിരുന്നില്ല. അമേരിക്കന്‍ ശില്പികളുടെ കൂട്ടത്തില്‍ ദേശീയ അംഗീകാരം നേടുവാന്‍ കഴിഞ്ഞിട്ടുള്ള ആധുനികരില്‍ മുമ്പന്‍ ഗുട്ട്സണ്‍ ബോര്‍ഗ്ലന്‍ (1871-1941) എന്ന ശില്പിയാണ്. ദക്ഷിണ ഡക്കോട്ടയിലെ കരിമലകളിലെ റോഷ്മോര്‍ എന്ന ശൈലത്തില്‍ കൊത്തിവയ്ക്കപ്പെട്ടിട്ടുള്ള ദേശീയ വീരപുരുഷന്മാരുടെ ഭീമാകാരശീര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ പ്രശസ്തിയെ എന്നെന്നും നിലനിര്‍ത്തും.
ശില്പരചനയെക്കാള്‍ മുന്‍പ് ചിത്രരചനയാണ് സ്വാഭാവികമായി അമേരിക്കന്‍ കലയുടെ ആരംഭം കുറിച്ചത്. ഏതാണ്ട് 1584-93 കാലത്ത് അവിടെ കുടിയേറിപ്പാര്‍ത്ത ഇംഗ്ലീഷുകാരനായ ജോണ്‍ വൈറ്റിന്റെ ജലച്ചായചിത്രങ്ങളാണ് ഇക്കൂട്ടത്തില്‍ മുന്‍ഗണന അര്‍ഹിക്കുന്നത്. ഇദ്ദേഹത്തിന്റെ 65-ഓളം ചിത്രങ്ങള്‍ ബ്രിട്ടീഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. അമേരിക്കന്‍ ജനജീവിതരംഗങ്ങളെയും സസ്യജന്തുപ്രകൃതികളെയും യഥാതഥമായി പ്രതിബിംബിപ്പിക്കുന്ന വൈറ്റിന്റെ കലാസൃഷ്ടികളാണ് 'അമേരിക്കന്‍കല' എന്നു വിളിക്കപ്പെടുന്ന ചിത്രകലാ പ്രസ്ഥാനത്തിന്റെ ആദ്യനിദര്‍ശനങ്ങള്‍.
അമേരിക്കയിലെ യൂറോപ്യന്‍ അധിനിവേശം പൂര്‍ണമായതിനുശേഷം അവിടെയുണ്ടായ കലാനവോത്ഥാനം ഏതാണ്ട് മുഴുവനും ഡച്ച്-ഇംഗ്ലീഷ് ചിത്രകാരന്മാര് പ്രചരിപ്പിച്ച ഫ്രീക് ലിമ്നര്‍ (Freak e Limner) പ്രസ്ഥാനത്തോട് കടപ്പെട്ടിരിക്കുന്നു. അതേസമയം (1642-1750) ന്യൂയോര്‍ക്ക്-ന്യൂജേഴ്സി സംസ്ഥാനങ്ങളില്‍ നിര്‍മിക്കപ്പെട്ട ഫോര്‍ട്ക്രിയാല്ലോ, റെന്‍സ്സലേര്‍, ഡൈക്മാന്‍ ഹൗസ് തുടങ്ങിയ സൌധങ്ങള്‍ ഡച്ച് വാസ്തുവിദ്യയെ പുതിയ ലോകത്തില്‍ ശാശ്വതമായി പ്രതിഷ്ഠിക്കുകയും ചെയ്തു. ഡച്ച് ബറോക് ശൈലിയില്‍ ജാറ്റ് ഡൂയ്ക്കിന്‍ക് (1660-1710) വരച്ച ഛായാച്ചിത്രങ്ങള്‍ (portraiture) പലതും കണ്ടുകിട്ടിയിട്ടുണ്ട്. ജര്‍മന്‍ ചിത്രകാരനായ ഗോഡ്ഫ്രീ നെല്ലറുടെ (1646-1723) ചിത്രകലാശൈലി സ്വായത്തമാക്കിയ സ്കോട്ട്ലന്ഡുകാരന് ജോണ്‍ സ്മിബര്‍ട്ട് (1688-1751) വരച്ച ഛായാചിത്രങ്ങളും ഇക്കാലത്തെ സവിശേഷതകള്‍ പ്രകടിപ്പിച്ചു. 18-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ ജോണ്‍ കോപ്പലി (1737-1815), ബഞ്ചമിന് വെസ്റ്റ് (1738-1820), ചാറല്സ് പീല്‍ (1741-1826), ജോണ്‍ ട്രംബുള്‍ (1756-1843) തുടങ്ങിയവര്‍ ബ്രിട്ടീഷ് ചിത്രകലയെപ്പോലും ഒരളവുവരെ സ്വാധീനിച്ചു എന്നു പറയപ്പെടുന്നു.
18-ാം ശ.-ത്തിന്റെ അവസാനത്തിലും 19-ന്റെ ആരംഭത്തിലും അമേരിക്കന്‍ ചിത്രകലയില്‍ വ്യക്തമായി രൂപംകൊണ്ട ഒരു പ്രതിഭാസം നാടോടിക്കലാശൈലികളുടെ പകര്‍ത്തലാണ്. ഒരു ക്വേക്കര്‍ ഉപദേശിയായ എഡ്വേര്‍ഡ് ഹിക്സ് (1780-1849) രചിച്ച ബൈബിള്‍ ചിത്രങ്ങള്‍ ഗ്രാമീണമെങ്കിലും ഉദാത്തമായ ചില രംഗങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തി. യെശയ്യാവിന്റെ പുസ്തകത്തിലെ 11-ാം അധ്യായത്തെ ചിത്രീകരിക്കാന്‍ അദ്ദേഹം വരച്ച ശാന്തിരാജ്യം (The Peaceable Kingdom) എന്ന ചിത്രത്തില്‍ സിംഹവും ചെന്നായും പുള്ളിപ്പുലിയും പശുക്കുട്ടിയും ആടും കരടിയും എല്ലാംകൂടി സമാധാനപരമായി സഹവര്‍ത്തിക്കുന്നത് പ്രവാചകന് മുന്‍കൂട്ടി കണ്ടതുപോലെ ആകര്‍ഷകമായി പകര്‍ത്തിയിരിക്കുന്നു. അമേരിക്കയിലെ കാല്പനിക ചിത്രകലാപ്രസ്ഥാനത്തിന്റെ ഉദ്ഘാടകന്‍ വാഷിങ്ടണ്‍ ആള്സ്റ്റണും (1779-1843) അതിനു പ്രചാരം നല്‍കിയത് കലേബ് ബിംഗ്ഹാം (1811-79), ആല്ബര്ട്ബീയര് സ്റ്റാഡ്റ്റ് (1830-1902), തോമസ് കോള്‍ (1801-48) തുടങ്ങിയവരുമാണ്. കോളിന്റെ ചിത്രണശൈലി ഹഡ്സണ്‍ നദീപ്രസ്ഥാനം (Hudson River School) എന്ന് അറിയപ്പെടുന്നു.
ചിത്രകാരനെന്നതിനു പുറമേ പ്രകൃതിശാസ്ത്രജ്ഞന്കൂടിയായിരുന്ന ജെ.ജെ. ആഡുബോണ്‍ (1780-1851) അമേരിക്കയിലെ പക്ഷികള്‍ (Birds of America, 1827-38), അമേരിക്കയിലെ നാല്ക്കാലികള് (Quadrupeds of America, 1845), എന്നീ കൃതികളിലൂടെ നൂറുകണക്കിന് പക്ഷിമൃഗാദികളുടെ ചിത്രങ്ങള്‍ ജലച്ചായത്തില്‍ എഴുതിച്ചേര്‍ക്കുകയുണ്ടായി. 19-ാം ശ.-ത്തിന്റെ അവസാനമായപ്പോഴേക്കും മിക്ക അമേരിക്കന്‍ ചിത്രകാരന്മാരും പരിശീലനത്തിനും പ്രചോദനത്തിനുമായി റോമിനെയും പാരിസിനെയും മ്യൂണിക്കിനെയും ലണ്ടനെയും അഭയം പ്രാപിച്ചുതുടങ്ങി. മാക്നീല്‍ വിസ്ലര്‍ (1834-1901), ജോണ്‍ സാര്‍ജന്റ് (1856-1925) എന്നിവര്‍ യൂറോപ്യന്‍ കലാകേന്ദ്രങ്ങളില്‍ അഭ്യസനം നടത്തിയിട്ടുള്ളവരാണ്. എന്നാല്‍ 20-ാം ശ.-ത്തിന്റെ ആരംഭത്തില്‍ ലോകപ്രശസ്തരായിത്തീര്‍ന്ന വിന്‍സ്ലോ ഹോമര്‍ (1836-1910), തോമസ് ബാക്കിന്സ് (1844-1916) തുടങ്ങിയവര്‍ പ്രചോദനത്തിന് വിദേശത്തേക്ക് നോക്കുന്ന മനോഭാവത്തെ പുച്ഛിക്കുകയും അമേരിക്കന്‍ ജീവിതം ചിത്രീകരിക്കുന്നതില്‍ സ്വതന്ത്രവും സ്വകീയവുമായ ശൈലി പ്രചരിപ്പിച്ച് ആസ്വാദകരുടെ അഭിനന്ദനങ്ങള്‍ ആര്‍ജിക്കുകയും ചെയ്തു. 1908-ല്‍ രൂപംകൊണ്ട കലാകാരാഷ്ടകം (The Eight-ഹെന്‍ട്രി, ഗ്ലാക്കന്സ്, ലൂക്ക്, പ്രെന്‍ഡര്‍ഗാസ്റ്റ്, ലാസണ്‍, ഷീന്‍, സ്ലോവന്, ഡേവിഡ് എന്നിവര്‍) തനി അമേരിക്കന്ശൈലിയുടെ പ്രമുഖ വക്താക്കളായി. നഗരത്തിലെ ചേരികളും ഗ്രാമജീവിതത്തിലെ മലിനതകളും യാഥാതഥ്യബോധത്തോടുകൂടി പകര്‍ത്തുന്ന ഇവരുടെ ചിത്രണശൈലി അഷ്കന്‍ പ്രസ്ഥാനം (Aschan School) എന്ന പേരിലാണ് അറിയപ്പെടുന്നത്. പില്ക്കാലത്ത് ജോര്‍ജ് ബെല്ലോസ് (1882-1925), എഡ്വേര്‍ഡ് ഹോപ്പര്‍ (1882-1967), റെജിനാള്‍ഡ് മാര്‍ഷ് (1898-1954) തുടങ്ങിയവര്‍ ഈ പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തു.
1930-കളില്‍ അമേരിക്കന്‍ ചിത്രകലയിലെ റിയലിസം സങ്കോചിച്ച് ഏതാണ്ട് വെറും പ്രാദേശികത്വമായിത്തീരുന്ന പ്രവണത വളര്‍ന്നുവന്നു. തോമസ് ഹാര്‍ട് ബന്റണ്‍ (1889-1975), ജോണ്‍ കറി (1897-1946), ഗ്രാന്റ്വുഡ് (1892-1942) എന്നിവരുടെ കലാസൃഷ്ടികള്‍ ഈ വസ്തുത വ്യക്തമാക്കുന്നു. സാര്‍വദേശീയ അംഗീകാരം കിട്ടത്തക്കവണ്ണം 'ആധുനിക' കലാസങ്കേതങ്ങളിലേക്ക് അമേരിക്കന്‍ പ്രവണതയെ ത്വരിപ്പിച്ചത് 1913-ല്‍ ന്യൂയോര്‍ക്കില്‍ നടന്ന 'ആര്‍മറി പ്രദര്‍ശനം' (Armory Show) ആയിരുന്നെന്നു പറയാം. യൂറോപ്യന്‍ ചിത്രകലയുടെ നവീനവികാസങ്ങളിലേക്ക് അമേരിക്കയുടെ ദൃഷ്ടി ആദ്യമായി പതിപ്പിച്ചത് ഈ പ്രദര്‍ശനം ആയിരുന്നു. ഇതില്‍ അവതരിപ്പിക്കപ്പെട്ട 'ഫാവിസം' (Fauvism), 'ക്യൂബിസം' (Cubism) തുടങ്ങിയ ചിത്രകലാസങ്കേതങ്ങളും മാധ്യമങ്ങളും വളരെക്കാലം പശ്ചിമാര്‍ധഗോളത്തില്‍ വിവാദവിഷയമായി നിലക്കൊണ്ടു. 'ആധുനിക' ചിത്രകലയുടെ പ്രചാരണത്തില്‍ അധ്വദര്ശകരായി അമേരിക്കയില്‍ പ്രത്യക്ഷപ്പെട്ടത് മാഴ്സ്ഡന്‍ ഹാര്‍ട്ലി (1877-1943), ജോണ്‍ മാറിന് (1870-1953) തുടങ്ങിയവരായിരുന്നു.
രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്ക സന്ദര്‍ശിക്കുകയോ അവിടെ സ്ഥിരതാമസമാക്കുകയോ ചെയ്ത യൂറോപ്യന്‍ കലാകാരന്മാരായ മാര്‍ക് ചഗാള്‍ (1887-1985, റഷ്യന്‍), ലയണല്‍ ഫിനിന്ജര് (1871-1956, ജര്‍മന്‍), ജോര്‍ജ് ഗ്രേസ് (1893-1959, ജര്‍മന്‍), ഫെര്‍ണാന്‍ഡ് ലെജര്‍ (1881-1955, ഫ്രഞ്ച്) തുടങ്ങിയവര്‍ യൂറോപ്യന്‍ ചിത്രരചനാസങ്കേതങ്ങളെ അമേരിക്കയില്‍ സുപ്രതിഷ്ഠിതമാക്കുകതന്നെ ചെയ്തു. ഏറ്റവും നിഷ്കൃഷ്ടമായി വിശദാംശങ്ങളെ രേഖപ്പെടുത്തുന്നതുമുതല്‍ അങ്ങേയറ്റത്തെ അമൂര്‍ത്തതയെ പ്രതിഫലിപ്പിക്കുന്നതുവരെ അമേരിക്കന്‍കല 1960-കളില്‍ രൂപഭേദങ്ങള്‍ കൈക്കൊണ്ടിരുന്നു. എക്സ്പ്രഷനിസം (Expressionism) അമേരിക്കന്‍ ചിത്രരചനയില്‍ കടന്നുകൂടുന്നതും ഈ ദശകത്തിലാണ്. ജാക്സണ് പോള്ളോക്ക് (1912-56), മാര്‍ക് ടോബി (1890-1976) തുടങ്ങിയവരാണ് അമേരിക്കയില്‍ ഈ സങ്കേതത്തിന്റെ ശക്തരായ വക്താക്കള്‍. 1930-ഓടുകൂടി ഛായാചിത്രണത്തില് ഒരു പുതിയ ശൈലി അമേരിക്കയില്‍ ഉരുത്തിരിയുകയുണ്ടായി. പ്രസിദ്ധ ചിത്രകലാനിരൂപകനായ ലോറന്‍സ് അലോവേ ഈ ശൈലിക്ക് പോപ് കല (Pop Art) എന്നു നാമകരണം ചെയ്തു. 1960-ഓടുകൂടി പരസ്യത്തിനുള്ള ഒരു ഉപാധിയെന്ന നിലയില്‍ പ്രചാരം ലഭിച്ചുകഴിഞ്ഞിരുന്ന ഈ ചിത്രരചനാശൈലി ഇംഗ്ളണ്ടിലേക്കു വ്യാപിച്ചു. 1950-കളിലെ അവസാന വര്‍ഷങ്ങളില്‍ ഓപ് കല (Op Art) എന്നൊരു രചനാസമ്പ്രദായംകൂടി അമേരിക്കയില്‍ രൂപമെടുത്തു. വീക്ഷണവിഭ്രമ (Optical Illusion)ത്തിനു പിന്നിലുള്ള ശാസ്ത്രീയതത്ത്വങ്ങളെ ചൂഷണം ചെയ്യുവാനുദ്ദേശിച്ചുകൊണ്ടുള്ള ഈ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവവും വികാസവും കലയും ശാസ്ത്രവും തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കലാകാരന്മാര് ബോധവാന്മാരായിത്തുടങ്ങിയെന്നതിനെയാണ് സൂചിപ്പിക്കുന്നത്.
20-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍. 1950-കളിലെയും 60-കളിലെയും പോപ് ആര്‍ട്ട് പ്രസ്ഥാനം നഗരസംസ്കാരത്തിലും കരകൗശല സമര്ഥ്യത്തിലും അധിഷ്ഠിതമായ ഒരു സൌന്ദര്യാവബോധത്തെയാണ് ഉപയുക്തമാക്കിയത്. സൗന്ദര്യം, വൈരൂപ്യം എന്നീ ആശയങ്ങള്‍ അതിനു സ്വീകാര്യമായിരുന്നില്ല. ആന്‍ഡി വാര്‍ഹോള്‍, റോയ് ലിചെന്സ്റ്റെയ്ന്, ജാസ്പെര്‍ ജോണ്‍സ്, റോബര്‍ട് റൗസ്ചെന്ബെര്ഗ് തുടങ്ങിയവരായിരുന്നു ഇതിലെ പ്രമുഖര്‍. 1960-കളില്‍ ചത്രകലയിലും ശില്പകലയിലും ഓപ് ആര്‍ട്ട്, മിനിമലിസം, കളര്‍ ഫീല്‍ഡ് പെയിന്റിങ് തുടങ്ങി പല വസ്തുനിഷ്ഠേതര ശൈലികളും പോപ് ആര്‍ട്ടിനോടൊപ്പം തഴച്ചു വളര്‍ന്നു.
കലാകാരന്മാര് തികച്ചും വ്യക്തിനിഷ്ഠമായ പാതകള്‍ തേടിപ്പോയതിനാല്‍ ഏതെങ്കിലും ഒരു പ്രത്യേക ശൈലിക്ക് 20-ാം ശ.-ത്തിന്റെ അവസാന ദശകങ്ങളുടെമേല് അധീശത്വം പുലര്‍ത്തുവാന്‍ കഴിഞ്ഞില്ല.
ഓരോ കലാകാരനും വ്യക്തിപരമായ താത്പര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ട് അമൂര്ത്തശില്പകലയെ വിവിധ ദിശകളിലേക്ക് നയിച്ചു. ജോണ്‍ ചേംബര്‍ ലെയ് ന് , ഇവാ ഹെസ്, കാള്‍ ആന്‍ഡ്രെ, ലൂയി നെവെല്സണ്, ടോണി സ്മിത് എന്നിവരുടെ സൃഷ്ടികള്‍ താരതമ്യപ്പെടുത്തിയാല്‍ ഈ വസ്തുത വ്യക്തമാകും. മിനിമലിസ്റ്റ് വിഭാഗത്തില്‍പ്പെടുത്താവുന്ന ശില്പകലയും ഇക്കാലത്ത് വികസിച്ചു വന്നു. മുഖ്യമായും ഡൊണാള്‍ഡ് ജൂഡ് ആയിരുന്നു ഇതിന്റെ പിന്നിലെ ശക്തി. ചിത്രകലയിലെയും ശില്പകലയിലെയും ആധുനികോത്തര വികസനത്തിന്റെ പരിധിയില്‍ ഫോട്ടോറിയലിസം, കോണ്സെപ്ച്വലിസം, നിയോ എക്സ്പ്രഷനിസം, അസെംബ്ളെജ്, ലാന്‍ഡ് ആര്‍ട്ട്, പെര്ഥേമന്സ് ആര്‍ട്ട്, പ്രൊസെസ് ആര്‍ട്ട് എന്നിവയും പെടും.
സ്ത്രീകളും പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരും 1970-നുശേഷം നേടിയ ഉയര്‍ച്ചയെ എസെന്‍ഷ്യലിസം സൂചിപ്പിക്കുന്നു. കലാകാരന്റെ തനതു പൈതൃകത്തിനും സാമൂഹികാവസ്ഥയ്ക്കും ആണ് ഇവിടെ ഊന്നല്‍. സമകാലികകലയുടെ പിന്നാമ്പുറങ്ങളില്‍ തളളപ്പെട്ടിരുന്ന കാഴ്ചപ്പാടുകള്‍ക്കാണ് ഇവിടെ പ്രസക്തി. ജൂഡി ഷിക്കാഗൊയുടെ സൃഷ്ടികളിലെ കേന്ദ്രസ്ഥാനം സ്ത്രൈണ ശരീരഘടനയെയും ലൈംഗികതയെയും ദ്യോതിപ്പിക്കുന്ന ബിംബവിധാനത്തിന് നല്കപ്പെട്ടിരിക്കുന്നു. ആഫ്രോ-അമേരിക്കന്‍ സ്ത്രീകളെക്കുറിച്ചുള്ള ധാരണ ആഡ്രിയന് പൈപ്പറിന്റെ സൃഷ്ടികള്‍ക്കു കൂടുതല്‍ പ്രസക്തിയേകുന്നു. അച്ചടിക്കപ്പെട്ട കടലാസുകള്‍ ധാരാളമായി ഉപയോഗിച്ച് ജെന്നി ഹോള്‍സെര്‍ തന്റെ രചനകളില്‍ പുതിയ മാനങ്ങള്‍ തേടുന്നു.
20-ാം ശ.-ത്തിന്റെ അവസാന ദശാബ്ദങ്ങളില്‍ ഏതെങ്കിലും ഒരു പ്രത്യേക പ്രവണത പ്രാമുഖ്യം നേടിയതായി പറയാനാകില്ല. പൊതുവേ അക്കാലത്ത് വസ്തുതാകഥനമായും ബിംബങ്ങളായും വാക്കുകളെ ഉപയോഗിക്കുന്നതും ഫോട്ടോഗ്രഫി, കൊളാഷ് തുടങ്ങിയവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതും കാണാം. വിശേഷിച്ചും 1980-കളിലും 90-കളിലും കലാസൃഷ്ടികളില്‍ ഉപയോഗിക്കുന്ന വസ്തുക്കളും ബിംബവിധാനവും പരിഗണിക്കുമ്പോള്‍ എക്ളെക്റ്റിസിസവും അക്കാലത്ത് കൂടുതല്‍ പ്രാമുഖ്യം നേടിയിരുന്നതായി കാണാം - ഒരേ സൃഷ്ടിയില്‍ത്തന്നെ ചിത്രകലയും ശില്പകലയും സംയോജിപ്പിക്കുക, വിരോധോക്തിപരമായ സമീപനങ്ങള്‍ സ്വീകരിക്കുക, യാഥാതഥ്യത്തിന്റെ പുനരുത്ഥാനം, മുന്‍ കാലങ്ങളിലെ കലാസൃഷ്ടികളില്‍ നിന്നുമുള്ള "കടംകൊള്ളല്‍ എന്നിവയൊക്കെയാണ് ഇതിന്റെ പ്രത്യേകതകള്‍. നോ: അഷ്കന്‍, പ്രസ്ഥാനം; ആഡുബോണ്‍, ജോണ്‍ ജെയിംസ്; ആര്‍മറി പ്രദര്‍ശനം; ഓപ് കല; പോപ് കല; പോള്ളോക്ക്, ജാക്സണ്
(മാവേലിക്കര രാമചന്ദ്രന്; സ.പ.)