This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധനകാര്യ മധ്യവര്‍ത്തികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:29, 25 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ധനകാര്യ മധ്യവര്‍ത്തികള്‍

മിച്ചസമ്പാദ്യം ഉള്ളവരെയും, നിക്ഷേപത്തിനും ചെലവുകള്‍ക്കും പണം ആവശ്യം ഉള്ളവരെയും പരസ്പരം ബന്ധിപ്പിക്കുന്ന ഇടനിലക്കാര്‍. ഏതൊരു സമ്പദ് വ്യവസ്ഥയിലും, പൊതുവായി പറഞ്ഞാല്‍, കുടുംബ ബജറ്റുകളിലാണ് പ്രധാനമായും മിച്ചസമ്പാദ്യം ഉള്ളത്. വരുമാനത്തെക്കാള്‍ കുറച്ച് ചെലവിടുമ്പോള്‍ മിച്ചസമ്പാദ്യം ഉണ്ടാകുന്നു. ബിസിനസ്സുകാരുടെയും സ്ഥാപനങ്ങളുടെയും ബജറ്റുകളില്‍ പ്രധാനമായും കമ്മിയാണ് കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ സമ്പദ് വ്യവസ്ഥയിലെ മിച്ചസമ്പാദ്യം ബിസിനസ്സ് മേഖലയിലെ കമ്മി നികത്താന്‍ വേണ്ടിവരുന്നു. എന്നാല്‍ ഈ മിച്ചസമ്പാദ്യം നേരിട്ട് കമ്മി നികത്താന്‍ എത്തുന്നില്ല. ഇവിടെയാണ് ധനകാര്യ മധ്യവര്‍ത്തികളുടെ ആവശ്യം വരുന്നത്.

ബിസിനസ്സ്ലോകത്തെ അനിശ്ചിതത്വം, ലാഭ-നഷ്ട സാധ്യതകള്‍, തകര്‍ച്ച, തത്ത്വദീക്ഷയില്ലാത്ത ചില പ്രവര്‍ത്തനങ്ങള്‍ എന്നിവ അവിടേക്ക് മിച്ചസമ്പാദ്യം നേരിട്ട് ഒഴുകിയെത്താന്‍ തടസ്സമാകുന്നു. ധനകാര്യ മധ്യവര്‍ത്തികള്‍ ഇതു മനസ്സിലാക്കി, ആകര്‍ഷകമായ പലിശയും മറ്റു നേട്ടങ്ങളും വാഗ്ദാനം ചെയ്ത് കുടുംബ ബജറ്റുകളിലെ മിച്ചസമ്പാദ്യം ശേഖരിക്കുന്നു. അതിനായി അവര്‍ ചില ഗാരന്റികളും സെക്യൂരിറ്റികളും രേഖകളും നല്കുന്നു. മിച്ചസമ്പാദ്യം ധനകാര്യ മധ്യവര്‍ത്തികള്‍ക്ക് നല്കുന്നതുകൊണ്ട് കുഴപ്പവും നഷ്ടവും ഇല്ലായെന്ന് മനസ്സിലാക്കിയാല്‍ മിച്ചസമ്പാദ്യം എളുപ്പത്തില്‍ ശേഖരിക്കാന്‍ കഴിയും. ഇങ്ങനെ ശേഖരിക്കുന്ന മിച്ചസമ്പാദ്യം ധനകാര്യ മധ്യവര്‍ത്തികള്‍ ഉയര്‍ന്ന പലിശയ്ക്ക്, പ്രത്യേകം ഗാരന്റിയും സെക്യൂരിറ്റികള്‍, ബോണ്ടുകള്‍, പ്രോമിസറി നോട്ടുകള്‍ എന്നിവയും വാങ്ങി ബിസിനസ്സുകാര്‍ക്ക് നിക്ഷേപത്തിനും ചെലവുകള്‍ക്കും വേണ്ടി നല്കുന്നു. ചുരുക്കത്തില്‍, ഇടനിലക്കാരായ ഈ മധ്യവര്‍ത്തികളാണ് സമ്പദ്വ്യവസ്ഥയിലെ മിച്ചസമ്പാദ്യത്തെ നിക്ഷേപമാക്കി പരിവര്‍ത്തനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഈ ഇടനിലക്കാര്‍ സാമ്പത്തിക വളര്‍ച്ചയുടെ തോതും വേഗതയും തീരുമാനിക്കുന്നതില്‍ നിര്‍ണായകമായ പങ്കു വഹിക്കുന്നു. സാര്‍വദേശീയതലത്തില്‍ ഇത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ധനകാര്യ മധ്യവര്‍ത്തികളുടെ ചരിത്രം. ഇന്ന് നിലവിലുള്ള കറന്‍സി പണം ഉണ്ടാകുന്നതിന് മുമ്പ്, സ്വര്‍ണം കൈകാര്യം ചെയ്തിരുന്നവരായിരുന്നു ബ്രിട്ടനിലും യൂറോപ്പിലുമുണ്ടായിരുന്ന ഗോള്‍ഡ്സ്മിത്തുകള്‍. പഴയകാലത്ത് വരുമാനത്തില്‍ ചെലവ് കഴിച്ചുണ്ടാകുന്ന മിച്ചസമ്പാദ്യം സ്വര്‍ണത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഈ സ്വര്‍ണം സുരക്ഷിതമായി സൂക്ഷിക്കാന്‍ ജനങ്ങള്‍ ഗോള്‍ഡ്സ്മിത്തുകളെ ആശ്രയിച്ചിരുന്നു. ചോദിക്കുന്ന അവസരത്തില്‍ ഏല്പിച്ച സ്വര്‍ണം തിരിച്ചേല്പിക്കുകയും ചെയ്തിരുന്നു. കുറേക്കഴിഞ്ഞപ്പോള്‍ തങ്ങളെ ഏല്പിച്ച സ്വര്‍ണത്തിനു പകരം സ്വര്‍ണ സര്‍ട്ടിഫിക്കറ്റുകള്‍ നല്കാന്‍ ഗോള്‍ഡ്സ്മിത്തുകള്‍ തയ്യാറായി. സ്വര്‍ണം ലോഹരൂപത്തില്‍ കൈമാറ്റം ചെയ്യുന്നതിനു പകരം സ്വര്‍ണ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കപ്പെട്ടു. ലോകത്തെ ആദ്യത്തെ ധനകാര്യ മധ്യവര്‍ത്തികളായിരുന്നു ഗോള്‍ഡ്സ്മിത്തുകള്‍. ഈ സര്‍ട്ടിഫിക്കറ്റുകള്‍ പ്രോമിസറി നോട്ടുകളായിരുന്നു.

പിന്നെയും കുറെ വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വാണിജ്യ ബാങ്ക് എന്ന ആശയം ഉദിച്ചു. ഒരു വ്യക്തിക്കു പകരം, പല വ്യക്തികള്‍ കൂട്ടായി ചേര്‍ന്ന് സ്ഥാപിക്കുന്ന ഒന്നാണ് ബാങ്ക്. മിച്ചസമ്പാദ്യം സൂക്ഷിക്കാന്‍ ബാങ്ക് എന്ന സ്ഥാപനമാണ് നല്ലതെന്ന് ജനങ്ങള്‍ മനസ്സിലാക്കി. കൂടുതല്‍ മിച്ചസമ്പാദ്യം തങ്ങളിലെത്താന്‍ ബാങ്കുകള്‍ ആകര്‍ഷകമായ പലിശ, മറ്റു സൗകര്യങ്ങള്‍ എന്നിവ നല്കി. ഹ്രസ്വകാല നിക്ഷേപങ്ങളെക്കാള്‍ ഉയര്‍ന്ന പലിശ നല്കി ബാങ്കുകള്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിച്ചു. ബാങ്കുകളില്‍ അക്കൗണ്ടുകള്‍ തുറക്കുന്നവര്‍ക്ക് നിക്ഷേപം, പലിശ എന്നിവ രേഖപ്പെടുത്തുന്ന പാസ്സ് ബുക്ക്, ആവശ്യം വരുമ്പോള്‍ തങ്ങള്‍ നിക്ഷേപിച്ച പണം അക്കൌണ്ടില്‍നിന്നു പിന്‍വലിക്കാന്‍ സഹായിക്കുന്ന ചെക്ക് ബുക്ക് എന്നിവ നല്കിത്തുടങ്ങി. കൂടാതെ നിരവധി ആനുകൂല്യങ്ങളും സേവനങ്ങളും ബാങ്കുകള്‍ നല്കാന്‍ തയ്യാറായി. പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് മെയില്‍ ട്രാന്‍സ്ഫര്‍ (M T), ടെലിഗ്രാഫിക് ട്രാന്‍സ്ഫര്‍ (T T) എന്നിവ ഉദാഹരണം. ഡിമാന്‍ഡ് ഡ്രാഫ്റ്റ്, എ.ടി.എം., ക്രെഡിറ്റ് കാര്‍ഡ്, സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ എന്നീ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുക, ബില്‍ തുകകള്‍ യഥാസമയം അടയ്ക്കുക എന്നിവയും ബാങ്കുകളുടെ സേവന പട്ടികയിലുണ്ട്.

വിവിധതരം ധനകാര്യ മധ്യവര്‍ത്തികള്‍. സ്വരൂപിക്കുന്ന മിച്ചസമ്പാദ്യം വായ്പകളായി ബിസിനസ്സുകാര്‍, വ്യവസായികള്‍, സ്ഥാപനങ്ങള്‍, വിദേശവാണിജ്യത്തിലേര്‍പ്പെടുന്ന കമ്പനികള്‍, കൃഷിക്കാര്‍, ചെറുകിട വ്യവസായികള്‍ എന്നിവര്‍ക്ക് ബാങ്കുകള്‍ നല്കുന്നു. അവയ്ക്ക് ഈടാക്കുന്ന പലിശ നിരക്കുകള്‍ എല്ലായ്പ്പോഴും ബാങ്ക് നിക്ഷേപങ്ങള്‍ക്ക് നല്കുന്നതിനെക്കാള്‍ ഉയര്‍ന്നിരിക്കും. ഇതാണ് ബാങ്കുകളുടെ ചെലവുകള്‍ കഴിച്ച് നീക്കി വയ്ക്കുന്ന ലാഭത്തിന്റെ ഉറവിടം. ഇന്ന് വാണിജ്യ ബാങ്കുകള്‍ സ്വകാര്യമേഖലയിലും പൊതുമേഖലയിലുമുണ്ട്. വിദേശബാങ്കുകളുടെ കടന്നുകയറ്റം ഇന്ത്യയില്‍ ശക്തമായിട്ടുണ്ട്. സ്വകാര്യ ബാങ്കുകള്‍തന്നെ രണ്ട് തരത്തിലുണ്ട്. ഒന്ന്, ഓള്‍ഡ് ജനറേഷന്‍ ബാങ്കുകള്‍; രണ്ട്, ന്യൂ ജനറേഷന്‍ ബാങ്കുകള്‍. ഇന്ന് ഓള്‍ഡ് ജനറേഷന്‍ ബാങ്കുകളെ വിദേശ ബാങ്കുകളും ന്യൂ ജനറേഷന്‍ ബാങ്കുകളും ഏറ്റെടുക്കുമെന്ന ഭീതിയിലാണ്. ബാങ്കുകള്‍ എല്ലാം കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്കിന്റെ നിരന്തര നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാണ്. എങ്കിലും നരസിംഹം സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാങ്കിങ് മേഖലയില്‍ വമ്പിച്ച പരിഷ് കാരങ്ങള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. ഉദാരവത്കരണവും സ്വകാര്യവത്കരണവുമാണ് അതിന്റെകാതല്‍; കംപ്യൂട്ടര്‍വത്കരണവും അതിവേഗത്തിലാണ്.

ധനകാര്യ മധ്യവര്‍ത്തികളില്‍ വാണിജ്യ ബാങ്കുകള്‍ക്കു പുറമേ വിവിധ തരത്തിലുള്ള ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സഹകരണ ബാങ്കുകള്‍, വ്യവസായ വികസന ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍, യൂണിറ്റ് ട്രസ്റ്റ്, മ്യൂച്വല്‍ ഫണ്ടുകള്‍, മള്‍ട്ടിനാഷണല്‍ ബാങ്കുകള്‍, ഓഫ് ഷോര്‍ ബാങ്കുകള്‍ എന്നിവയാണ് അവ. ഇന്ത്യയില്‍ത്തന്നെ നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് (NABARD), ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ബാങ്ക് ഒഫ് ഇന്ത്യ (IDBI), സ്മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഒഫ് ഇന്ത്യ (SIDBI), യൂണിറ്റ് ട്രസ്റ്റ് ഒഫ് ഇന്ത്യ (UTI) എന്നിവ എടുത്തുപറയേണ്ട ധനകാര്യ മധ്യവര്‍ത്തികളാണ്. റീട്ടെയ്ല്‍ ബാങ്കുകള്‍, മെര്‍ച്ചന്റ് ബാങ്കുകള്‍ എന്നീ പുത്തന്‍ സ്ഥാപനങ്ങളും ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിനൊക്കെ പുറമേയാണ് ഇന്ത്യയൊട്ടാകെ വ്യാപിച്ചുകിടക്കുന്ന പോസ്റ്റ് ഓഫീസുകള്‍. പോസ്റ്റ് ഓഫീസ് സേവിങ് അക്കൌണ്ടുകള്‍ സാധാരണക്കാരെ ആകര്‍ഷിച്ചിട്ടുണ്ട്. പോസ്റ്റ് ഓഫീസുകളും ചെറിയ തോതില്‍ ബാങ്കിങ് സേവനം നല്കുന്നു.

ഓഹരിക്കമ്പോളത്തിലും ധനകാര്യ മധ്യവര്‍ത്തികളുണ്ട്. അവയില്‍ പ്രധാനം ബ്രോക്കര്‍മാരാണ്. വ്യക്തികളും പങ്കാളിത്ത സ്ഥാപനങ്ങളും ബ്രോക്കര്‍വ്യാപാരത്തില്‍ ഏര്‍പ്പെടുന്നു. കമ്പനികളുടെ ഓഹരികള്‍ വാങ്ങുകയും വില്ക്കുകയും ചെയ്യുന്നവരാണ് അവര്‍. വ്യക്തികളായുള്ള നിക്ഷേപകര്‍ക്കുവേണ്ടി ബ്രോക്കര്‍മാര്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ച് ഓഹരിക്കച്ചവടം ചെയ്യുന്നു. ഓഹരിക്കമ്പോളത്തില്‍ നിത്യം ഉണ്ടാകുന്ന അനിശ്ചിതത്വം, നഷ്ടങ്ങള്‍ എന്നിവയ്ക്ക് തട ഇടുന്നത് ബ്രോക്കര്‍മാരുടെ ഇടപെടലുകളാണ്. ബ്രോക്കര്‍മാര്‍ ഇന്ന് ഇന്ത്യന്‍ ഓഹരിക്കമ്പോളങ്ങളില്‍ നിര്‍ണായകമായ പങ്കാണ് വഹിക്കുന്നത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലെ, പ്രത്യേകിച്ചും വ്യവസായ, ധനകാര്യ അടിസ്ഥാന സൌകര്യമേഖലകളിലെ നിക്ഷേപം സ്വരൂപിക്കുന്ന കാര്യത്തിലും ബ്രോക്കര്‍മാരുടെ സാന്നിധ്യം വലുതാണ്.

സാധാരണ ജീവിതത്തില്‍ ഉണ്ടാകുന്ന അപകടങ്ങള്‍, രോഗാവസ്ഥ, മരണം എന്നിവ മൂലം ഉണ്ടാകുന്ന അവിചാരിതമായ പണച്ചെലവ്, നഷ്ടങ്ങള്‍ എന്നിവയ്ക്ക് ഒരു പരിധിവരെ ആശ്വാസം നല്കുന്നതാണ് ഇന്‍ഷുറന്‍സ്. അതുകൊണ്ടുതന്നെ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്ന പതിവ് വ്യാപകമാണ്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ പല തരത്തിലുള്ള പോളിസികള്‍ ഇന്ന് വിതരണം ചെയ്യുന്നുണ്ട്. ഒരുകാലത്ത് ഇന്ത്യയിലെ ഇന്‍ഷുറന്‍സ് കമ്പനികളൊക്കെ സ്വകാര്യ മേഖലയിലായിരുന്നു. പിന്നീട് അവ ദേശവത്കരിക്കപ്പെട്ടു. ലൈഫ് ഇന്‍ഷുറന്‍സിനു പുറമേ ജനറല്‍ ഇന്‍ഷുറന്‍സും ഇന്ന് വ്യാപകമാണ്. തീപിടിത്തം ഉണ്ടാക്കുന്ന ധന നഷ്ടത്തിനും അപകടങ്ങള്‍ക്കും ആശ്വാസം നല്കുന്നതാണ് ഫയര്‍ ഇന്‍ഷുറന്‍സ്. കപ്പല്‍, വ്യോമഗതാഗതം, വിദേശവാണിജ്യം, കൃഷി എന്നിവയില്‍ ഉണ്ടായേക്കാവുന്ന നഷ്ടങ്ങള്‍ക്ക് ആശ്വാസം നല്കുന്ന വിവിധ തരത്തിലുള്ള ഇന്‍ഷുറന്‍സ് പോളിസികളുണ്ട്. പൊതുവായി പറഞ്ഞാല്‍ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളാണ് ഇവ വിതരണം ചെയ്യുന്നത്. ഇന്‍ഷുറന്‍സ് കമ്പനികളായ ധനകാര്യ മധ്യവര്‍ത്തികള്‍ പോളിസികള്‍ എടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നു. പ്രീമിയം തുക ശേഖരിച്ചുണ്ടാക്കുന്ന പണം നിക്ഷേപാവശ്യങ്ങള്‍ക്കായി മറിച്ചുനല്കി ലാഭം ഉണ്ടാക്കാന്‍ അവ ശ്രമിക്കുന്നു. ഇന്ന് ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും നിയന്ത്രിക്കാനും പോളിസിയുടമകള്‍ക്ക് സംരക്ഷണം നല്കാനും ലക്ഷ്യമിട്ടുകൊണ്ട് ഇന്‍ഷുറന്‍സ് ഡെവലപ്മെന്റ് ആന്‍ഡ് റെഗുലേറ്ററി അതോറിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ കമ്പനികള്‍ കടന്നുവരാന്‍ സഹായിക്കുന്ന ഉദാര സമീപനമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്.

നബാര്‍ഡ്:തിരുവനന്തപുരം

ഇന്‍ഷുറന്‍സ് ധനകാര്യ മധ്യവര്‍ത്തികള്‍ അവരുടെ പ്രവര്‍ത്തനമേഖല വൈവിധ്യവത്കരിച്ചിട്ടുണ്ട്. അതിലൊന്നാണ് യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ്. പോളിസിയുടമ നിക്ഷേപിക്കുന്ന ചെറിയ തുകകള്‍ യൂണിറ്റുകളായി മാറ്റുന്നു. യൂണിറ്റുകളിലെ നിക്ഷേപം വളരുന്നതോടൊപ്പം ഇന്‍ഷുറന്‍സ് കമ്പനി നിക്ഷേപകന് അധിക യൂണിറ്റുകള്‍ ബോണസ്സായി നല്കുന്ന പതിവുണ്ട്. ഇന്ത്യയിലെ യൂണിറ്റ് ട്രസ്റ്റ് ഒഫ് ഇന്ത്യ (യു.ടി.ഐ.) സുപ്രധാനമായ സേവനങ്ങളാണ് നല്കുന്നത്. ഓഹരിക്കമ്പോളത്തില്‍ വമ്പിച്ച നിക്ഷേപങ്ങളാണ് യു.ടി.ഐ. നടത്തുന്നത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഹെഡ്ക്വാര്‍ ട്ടേഴ്സ്:മുബൈ
ധനകാര്യ മധ്യവര്‍ത്തികളുടെ പട്ടികയില്‍ ബ്രിട്ടനിലെ ബില്‍ഡിങ്സൊസൈറ്റികളെഉള്‍പ്പടുത്താവുന്നതാണ്. 1774-ല്‍ ആണ് ബ്രിട്ടനിലെ ബ്രിമ്മിങ്ഹാമില്‍ ആദ്യത്തെ ബില്‍ഡിങ് സൊസൈറ്റി സ്ഥാപിച്ചത്. സൊസൈറ്റിയിലെ എല്ലാ അംഗങ്ങള്‍ക്കും ഒരു വീട് എന്ന ലക്ഷ്യമാണ് അതിനുണ്ടായിരുന്നത്. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക തരത്തിലുള്ള ധനകാര്യ മധ്യവര്‍ത്തികളാണ് ക്രെഡിറ്റ് യൂണിയനുകള്‍. ലാഭലക്ഷ്യമില്ലാതെ സഹകരണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ് അവ. കുറഞ്ഞ പലിശയ്ക്ക് അംഗങ്ങള്‍ക്ക് അവ ധനസഹായം നല്കുന്നു. അംഗങ്ങള്‍ തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്താന്‍ ക്രെഡിറ്റ് യൂണിയനുകള്‍ സഹായിക്കുന്നു. നമ്മുടെ നാട്ടിലെ ചിട്ടിക്കമ്പനികള്‍ ഈ രീതിയിലുള്ള ധനകാര്യ മധ്യവര്‍ത്തിയാണ്. ഒരു നിശ്ചിത തുക പല അംശങ്ങളായി വിഭജിച്ച് ചിട്ടിയില്‍ പങ്കാളികളാകുന്നവര്‍ക്ക് നല്കുന്നു. ചിട്ടിത്തുക ചിട്ടിവട്ടമെത്തുന്നതിനു മുമ്പ് കിട്ടണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ചിട്ടി ലേലം വിളിച്ച് എടുക്കാം. ലേലവും നറുക്കെടുപ്പും മാറിമാറി നടത്തുന്ന ചിട്ടികളുമുണ്ട്. ചിട്ടിക്കമ്പനികളെ നിയന്ത്രിക്കാന്‍വേണ്ടി ചിട്ടിനിയമവും നിലവിലുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ചിട്ടികള്‍ ഏറ്റവും പ്രചാരത്തിലുള്ളത്. തമിഴ്നാട്ടില്‍ നിധി കമ്പനികളുമുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്രാപ്പുകള്‍ (Shroffs) എന്ന പേരിലറിയപ്പെടുന്ന ധനകാര്യ മധ്യവര്‍ത്തികളുണ്ട്. ഏതുപേരില്‍ അറിയപ്പെട്ടാലും അവയൊക്കെ മിച്ചസമ്പാദ്യങ്ങള്‍ ശേഖരിച്ച് നിക്ഷേപത്തുറകളില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്. ധനകാര്യ മധ്യവര്‍ത്തികളുടെ പ്രവര്‍ത്തനമാണ് യഥാര്‍ഥത്തില്‍ മൂലധന സമാഹരണത്തിനും തുടര്‍ന്ന് ത്വരിത സാമ്പത്തിക വളര്‍ച്ചയ്ക്കും വഴിതെളിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു സമൂഹത്തിന് അവ ഒഴിച്ചു കൂടാന്‍ വയ്യാത്തതായിത്തീര്‍ന്നിരിക്കുന്നു.
സെബി ഹെഡ്ക്വാര്‍ ട്ടേഴ്സ്:മുബൈ
ധനകാര്യ മധ്യവര്‍ത്തികള്‍ നിരവധിയാണ്. അവയുടെ പ്രവര്‍ത്തനം വൈവിധ്യമാര്‍ന്നതാണ്. അവ സമൂഹത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും സഹായകം മാത്രമല്ല, ഒഴിച്ചു കൂടാത്തവയും ആയിട്ടുണ്ട്. എന്നാല്‍ ധനകാര്യ മധ്യവര്‍ത്തികള്‍ തട്ടിപ്പുകളും വെട്ടിപ്പുകളും ധാരാളമായി നടത്താറുണ്ട്. ഇത്തരം അവസ്ഥകളെ നിയന്ത്രിക്കാന്‍ ഇന്ത്യയില്‍ പാര്‍ലമെന്റിന്റെ സംയുക്തസമിതി അന്വേഷണം നടത്തി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓഹരിക്കമ്പോളത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഫലമാണ് ഇന്നത്തെ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യ (SEBI) എന്ന ഏജന്‍സി. ബാങ്കുകളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും വേണ്ടിയുള്ളതാണ് കേന്ദ്രബാങ്ക്. ഇന്ത്യയില്‍ ഇത് റിസര്‍വ് ബാങ്ക് (RBI) ആണ്.

(പ്രൊഫ. കെ. രാമചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍