This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനക്കാര്‍ഡിയേസീ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:07, 3 മാര്‍ച്ച് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അനക്കാര്‍ഡിയേസീ

Anacardiaceae

മാവ്, പറങ്കിമാവ്, അമ്പഴം എന്നീ ഫലവൃക്ഷങ്ങള്‍ ഉള്‍പ്പെടുന്ന സസ്യകുടുംബം. ഈ കുടുംബത്തില്‍ 73 ജീനസ്സുകളും 600 സ്പീഷീസുമുണ്ട്. ഉത്തര-ദക്ഷിണാര്‍ധഗോളങ്ങളില്‍ എല്ലായിടത്തും ഈ കുടുംബത്തില്‍പെട്ട ചെടികള്‍ കാണാം. ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ധാരാളമായുള്ളതെങ്കിലും ശീതമേഖലകളിലും യൂറോപ്പ്, വ. അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലും ഇതിലെ ചില സ്പീഷീസ് കാണാറുണ്ട്. പശ്ചിമാര്‍ധഗോളത്തില്‍ വ്യാപകമായി കാണുന്ന വിഷച്ചെടിയായ പോയിസണ്‍ ഐവി (Poison Ivy) ഈ കുടുംബത്തില്‍പ്പെടുന്നു. കേരളത്തില്‍ ധാരാളമായി കാണുന്നവ മാവ്, പറങ്കിമാവ്, ചാര്, കുളമാവ്, അമ്പഴം, ഉതി എന്നിവയാണ്. ഈ കുടുംബത്തിലെ അംഗങ്ങള്‍ വൃക്ഷങ്ങളോ കുറ്റിച്ചെടികളോ ആയിരിക്കും. തടിയുടേയും തണ്ടിന്റേയും പുറംപട്ടയില്‍ മരക്കറ (resin) ധാരാളമായുണ്ട്. തണ്ടില്‍ ഇലകള്‍ ഏകാന്തരന്യാസത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇലകള്‍ പൊതുവേ ഏകപത്രിയും ചിലപ്പോള്‍ ത്രിപത്രിയും ആയിരിക്കും. അപൂര്‍വമായി ചില സസ്യങ്ങളില്‍ വളരെ ചെറിയ അനുപര്‍ണങ്ങളുണ്ട്. ശാഖാഗ്രങ്ങളിലോ ഇലകളുടെ കക്ഷ്യങ്ങളിലോ ആണ്‍പുഷ്പങ്ങളും ദ്വിലിംഗിപുഷ്പങ്ങളുമുള്ള പാനിക്കിള്‍ പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങള്‍ വളരെച്ചെറുതും സമമിതവുമാണ്. ബാഹ്യദളങ്ങളും ദളങ്ങളും മൂന്നു മുതല്‍ അഞ്ചെണ്ണം വരെയുണ്ടായിരിക്കും. ബാഹ്യദളങ്ങളുടെ ചുവടുഭാഗം സംയോജിച്ചോ പുഷ്പത്തിന്റെ മറ്റുഭാഗങ്ങളില്‍ ഒട്ടിച്ചേര്‍ന്നോ കാണപ്പെടുന്നു. ദളങ്ങളുടെ വശങ്ങള്‍ ഒന്നിനുമേല്‍ ഒന്നായി (imbricate) അടുക്കിയിരിക്കുന്നു. ചിലയിനങ്ങളില്‍ ദളങ്ങള്‍ അപ്രത്യക്ഷമായിരിക്കും. കേസരങ്ങള്‍ പത്തെണ്ണം, അഞ്ചുവീതമുള്ള രണ്ടു വരികളിലായി ക്രമീകരിച്ചിരിക്കുന്നു. അപൂര്‍വമായി ഇതില്‍കൂടുതല്‍ കേസരങ്ങളുള്ള ഇനങ്ങളുമുണ്ട്; ഇതിലും എണ്ണം കുറഞ്ഞയിനങ്ങളാണധികവും. അനകാര്‍ഡിയത്തില്‍ ഒരു പൂര്‍ണ കേസരവും ആറു മുതല്‍ ഒന്‍പത് വരെ ശുഷ്ക്ക കേസരങ്ങ(staminode)ളും കാണപ്പെടുന്നു; റൂവസ് ഇനത്തില്‍ അഞ്ചു കേസരങ്ങളും. കേസരങ്ങള്‍ സ്വതന്ത്രമാണെങ്കിലും ചിലതിന്റെ ചുവടുഭാഗം സംയോജിച്ചിരിക്കും. കേസരതന്തുക്കള്‍ സംയോജിച്ചിരിക്കുന്ന വളയത്തിന്റെ ചുവട്ടില്‍ നിന്നോ വശത്തുനിന്നോ കേസരങ്ങള്‍ ഉത്ഭവിക്കുന്നു. ചിലയിനങ്ങളില്‍ 'കേസരവളയം' അണ്ഡകോശനാളമായി നീണ്ടിരിക്കും. കേസരങ്ങള്‍ക്ക് ദ്വികോശപരാഗമാണുള്ളത്. ജനിപുടം ഒന്നേയുള്ളു. ഒറ്റ അറ മാത്രമുള്ള ഉപരിസ്ഥിത അണ്ഡാശയമാണ്. മൂന്നു അണ്ഡപര്‍ണങ്ങളുണ്ടെങ്കിലും ഒന്നുമാത്രമേ പ്രവര്‍ത്തനക്ഷമമായിരിക്കുകയുള്ളു. വര്‍ത്തിക ഒന്നുമാത്രം; അപൂര്‍വമായി രണ്ട് മുതല്‍ ആറ് എണ്ണം വരെ കാണാറുണ്ട്. അണ്ഡപര്‍ണങ്ങളുടെയത്രതന്നെ വര്‍ത്തികാഗ്രങ്ങളുമുണ്ടായിരിക്കും.

Anacardiaceae

അനകാര്‍ഡിയേസീ കുടുംബത്തില്‍ മാങ്ങപോലെയുള്ള മാംസളഫലങ്ങളും കശുവണ്ടി പോലെയുള്ള അണ്ടി ഇനങ്ങളും ഉള്‍പ്പെടുന്നു. മാമ്പഴവും അമ്പഴങ്ങയും ഭക്ഷ്യയോഗ്യമാണ്. കട്ടികൂടിയ പുറന്തൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്ന പറങ്കിയണ്ടിപ്പരിപ്പാണ് ഭക്ഷ്യയോഗ്യം. പുറന്തൊണ്ടില്‍ അടങ്ങിയിരിക്കുന്ന എണ്ണ വ്യാവസായിക പ്രാധാന്യമുള്ളതാണ്. കേരളത്തിന് വന്‍തോതില്‍ വിദേശനാണ്യം നേടിത്തരുന്ന നാണ്യവിളകളാണ് കശുമാവ്, മാവ് തുടങ്ങിയവ. മാങ്ങയും കശുമാങ്ങയും ഉപയോഗിച്ച് വിവിധ ഭക്ഷ്യോത്പന്നങ്ങളുണ്ടാക്കുന്നു. കശുമാങ്ങയില്‍നിന്ന് പലതരത്തിലുള്ള മദ്യവും ഉത്പാദിപ്പിക്കുന്നുണ്ട്. അനാകാര്‍ഡിയേസീ കുടുംബത്തിലെ അംഗങ്ങളുടെ തടിയും തടിയില്‍നിന്നും ലഭിക്കുന്ന കറയും വിവിധ ആവശ്യങ്ങള്‍ക്കുപയോഗിച്ചുവരുന്നു.

സാമ്പത്തിക പ്രാധാന്യം ഉള്ള പലയിനം സസ്യങ്ങളും അനകാര്‍ഡിയേസീ കുടുംബത്തിലുണ്ട്. ഭക്ഷ്യയോഗ്യമായ കുരു പ്രദാനം ചെയ്യുന്ന പറങ്കിമാവ്, രുചിയേറിയ മാമ്പഴം തരുന്ന മാവ്, അമ്പഴം, കാശ്മീര്‍ പ്ളം; മരക്കറ, എണ്ണ, വാര്‍ണീഷ്, ലാക്കര്‍ മുതലായവ തരുന്ന ടോക്സിക്കോഡെന്‍ട്രോണ്‍ തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്.

(ഡോ. കെ. ജോര്‍ജ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍