This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദലൈലാമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:32, 21 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദലൈലാമ

തിബത്തിലെ ആത്മീയാചാര്യന്റെ സ്ഥാനപ്പേര്. തിബത്തിന്റെ രാഷ്ട്രീയ നായകന്‍ കൂടിയാണ് ദലൈലാമ. തിബത്തന്‍ ബുദ്ധമതത്തിലെ ഗെലുഗപ്പ (മഞ്ഞത്തൊപ്പിസംഘം) വിഭാഗത്തിലെ സന്ന്യാസിശ്രേഷ്ഠനാണ് ഇദ്ദേഹം. 16-ാം ശ.-ത്തിലാണ് തിബത്തില്‍ ദലൈലാമ സ്ഥാനം നിലവില്‍ വന്നത്. തിബത്തിലെ ദ്രെപുങ് ആശ്രമത്തിന്റെ തലവനായ സന്ന്യാസിശ്രേഷ്ഠന്‍ സോനാം ജെയാന്റ്സോ (1543-88) ബുദ്ധമത തത്ത്വങ്ങളില്‍ ആകൃഷ്ടനായിരുന്ന മംഗോളിയന്‍ ചക്രവര്‍ത്തി അല്‍ത്താന്‍ ഖാനിനെ സന്ദര്‍ശിച്ചു. ഈ സന്ന്യാസിശ്രേഷ്ഠന്റെ പാണ്ഡിത്യത്തില്‍ മതിപ്പുതോന്നി ചക്രവര്‍ത്തി സന്ന്യാസിയെ 'താ ലേ' എന്നു വിളിച്ച് ബഹുമാനിച്ചു (1578). മഹാസമുദ്രം എന്നാണ് ഈ മംഗോളിയന്‍ പദത്തിന്റെ അര്‍ഥം. അറിവിന്റെയും ബുദ്ധിശക്തിയുടെയും സമുദ്രം എന്നാണ് ഇങ്ങനെ വിളിച്ചു ബഹുമാനിച്ചതിലൂടെ ചക്രവര്‍ത്തി അര്‍ഥമാക്കിയത്. 'താ ലേ' എന്നത് ഇംഗ്ലീഷില്‍ 'ദലൈ'എന്നായി മാറിയത്രെ. ഈ വിശേഷണം ദലൈലാമ എന്ന സ്ഥാനപ്പേരായി മാറുകയും ചെയ്തു.

ദലൈലാമ
ലാസയിലെ 'പോട്ടാല' കൊട്ടാരം(ദലൈലാമയുടെ ആസ്ഥാനം)

ലാമ പുനര്‍ജനിക്കുമെന്നാണ് തിബത്തുകാരുടെ വിശ്വാസം. ഈ വിശ്വാസമനുസരിച്ച് സന്ന്യാസിപരമ്പരയിലെ മൂന്നാമത്തെ പുനരവതാര ലാമ ആയിരുന്നു 'ദലൈ'എന്നു വിളിച്ച് ബഹുമാനിക്കപ്പെട്ട സന്ന്യാസിശ്രേഷ്ഠന്‍. അതനുസരിച്ച് ഈ സന്ന്യാസിശ്രേഷ്ഠനെ മൂന്നാമത്തെ ദലൈലാമ ആയും അതിനുമുമ്പ് ഉണ്ടായിരുന്ന രണ്ടു മുന്‍ജന്മങ്ങളെയും പുറകോട്ട് രണ്ടാമത്തെയും ഒന്നാമത്തെയും ദലൈലാമമാര്‍ ആയും കണക്കാക്കിവരുന്നു. ഈ പരമ്പരയിലെ അഞ്ചാമത്തെ ദലൈലാമയ്ക്ക് (1617-82) തിബത്തില്‍ പ്രമുഖ സ്ഥാനം ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലം മുതലാണ് രാജ്യത്തിന്റെ ഭരണപരമായ അധികാരം ദലൈലാമയ്ക്കു ലഭിച്ചത്. അതോടൊപ്പം ദ്രെപുങ് ആശ്രമത്തില്‍നിന്ന് ലാസയിലെ 'പോട്ടാല' എന്ന കൊട്ടാരത്തിലേക്ക് ദലൈലാമയുടെ ആസ്ഥാനം മാറ്റുകയുണ്ടായി.

ഒരു ദലൈലാമയുടെ മരണശേഷം അടുത്ത ദലൈലാമ അധികാരമേല്ക്കുന്നതുവരെ ഒരു സന്ന്യാസിയെ റീജന്റായി വയ്ക്കുകയാണു പതിവ്. ഈ സന്ന്യാസി ദലൈലാമയുടെ പുനര്‍ജന്മത്തെപ്പറ്റി വെളിപാട് കൈക്കൊണ്ട് അതിന്റെ സൂചനകള്‍ മറ്റു സന്ന്യാസിമാര്‍ക്കു നല്കി അവരെക്കൊണ്ട് പുതിയ ദലൈലാമയെ കണ്ടെത്തി വാഴിക്കുകയാണു ചെയ്യുന്നത്.

ഈ പരമ്പരയിലുള്ള 14-ാമത്തെ ദലൈലാമയാണ് ഇപ്പോഴുള്ളത് (2007). ഇദ്ദേഹം കിഴക്കന്‍ തിബത്തിലെ ഒരു കര്‍ഷക കുടുംബത്തില്‍ 1935-ല്‍ ജനിച്ചു. 1940-ല്‍ ദലൈലാമയായി സ്ഥാനാരോഹണം നടത്തി. 1950-ല്‍ പൂര്‍ണ അധികാരം ഏറ്റെടുത്തു. തിബത്തില്‍ ചൈനയുടെ അധീശത്വം ഉണ്ടായതിനെത്തുടര്‍ന്ന് ഈ ദലൈലാമ ഇന്ത്യയില്‍ അഭയം തേടി പ്രവാസജീവിതം നയിച്ചുവരുന്നു. തിബത്തിന്റെ സങ്കടകരമായ അവസ്ഥയിലേക്ക് ലോകശ്രദ്ധ തിരിച്ചുവിടാനും ബുദ്ധമതതത്ത്വങ്ങള്‍ പ്രചരിപ്പിക്കാനും ഇദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇദ്ദേഹത്തിന് 1989-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. യു.എസ്സിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ 'കോണ്‍ഗ്രഷനല്‍ ഗോള്‍ഡ് മെഡല്‍' 2007 ഒ.-ല്‍ ഇദ്ദേഹത്തിനു നല്കി. ഇദ്ദേഹത്തിന്റെ മൈ ലാന്‍ഡ് ആന്‍ഡ് മൈ പീപ്പിള്‍ എന്ന ആത്മകഥാഗ്രന്ഥം എന്റെ നാടും എന്റെ ജനങ്ങളും എന്ന പേരില്‍ മലയാളത്തിലേക്ക് തര്‍ജുമ ചെയ്തിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B4%B2%E0%B5%88%E0%B4%B2%E0%B4%BE%E0%B4%AE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍