This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദ്വിതീയാക്ഷരപ്രാസവാദം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദ്വിതീയാക്ഷരപ്രാസവാദം
മലയാള സാഹിത്യത്തില്‍ ദീര്‍ഘകാലം നിലനിന്ന ഒരു വിവാദം. പ്രചുരപ്രചാരം നേടിയിരുന്ന ദ്വിതീയാക്ഷരപ്രാസം മലയാള കവിതയില്‍ നിര്‍ബന്ധമാണെന്നും, അങ്ങനെ നിര്‍ബന്ധമില്ല എന്നുമായിരുന്നു ഈ വിവാദത്തിന്റെ രണ്ടു പക്ഷം.
ഒരു പദ്യത്തിലെ വരികളിലെ രണ്ടാമത്തെ അക്ഷരം ഒരേപോലെ വരുന്നതിന് ദ്വിതീയാക്ഷരപ്രാസം എന്നു പറയുന്നു. കേരളീയര്‍ പണ്ടു മുതല്‍ ഈ ശബ്ദാലങ്കാരം പ്രയോഗിച്ചിരുന്നു. കേരളീയര്‍ക്ക് ഈ പ്രാസത്തോടുള്ള പ്രത്യേക താത്പര്യം കണക്കിലെടുത്ത് കേരളപാണിനി ഈ പ്രാസത്തിന് 'കേരളപ്രാസം'എന്ന പേര് നല്കിയിട്ടുണ്ട്.
മലയാള കവിതയുടെ പൂര്‍വരൂപമായ പാട്ടില്‍ 'എതുക' എന്ന പേരില്‍ പ്രയോഗിച്ചുവന്നിരുന്നത് ഈ പ്രാസംതന്നെയാണ്. ലീലാതിലകത്തില്‍ പാട്ടിന്റെ ലക്ഷണം പറയുമ്പോള്‍ 'എതുക'യെക്കുറിച്ചു പറയുന്നുണ്ട്. രാമചരിതത്തിലും കണ്ണശ്ശരാമായണത്തിലും പ്രാചീന ചമ്പുക്കളിലും എതുക സാര്‍വത്രികമായി കാണാം. ചെറുശ്ശേരിയും എഴുത്തച്ഛനും കുഞ്ചന്‍നമ്പ്യാരും ദ്വിതീയാക്ഷരപ്രാസം ധാരാളമായി പ്രയോഗിച്ചിരുന്നു. അതുപോലെ രാമപുരത്തുവാര്യരും ഉണ്ണായിവാര്യരും തങ്ങളുടെ കൃതികളില്‍ ദ്വിതീയാക്ഷരപ്രാസം നിബന്ധിച്ചിരുന്നു.
മുമ്പ് ദ്വിതീയാക്ഷരപ്രാസം പ്രയോഗിക്കുമ്പോള്‍ സ്വരത്തിനും വ്യഞ്ജനത്തിനും കൃത്യമായ ഐകരൂപ്യം വേണമെന്നുള്ള നിര്‍ബന്ധം ഇല്ലായിരുന്നു. ഉദാഹരണമായി 'ക' എന്ന അക്ഷരത്തിന്റെ സ്ഥാനത്ത് 'കാ' എന്നോ 'കി' എന്നോ ഉള്ള രീതിയില്‍ വ്യത്യസ്തമായ സ്വരമോ 'ഗ', 'ങ' തുടങ്ങിയ വര്‍ഗാക്ഷരമോ പ്രയോഗിച്ചിരുന്നു. എന്നാല്‍ സ്വര-വ്യഞ്ജന പൊരുത്തമുള്ള സജാതീയ ദ്വിതീയാക്ഷരപ്രാസംതന്നെ ഓരോ പാദത്തിലും ആവര്‍ത്തിച്ചുണ്ടായിരിക്കണമെന്നുള്ള പരിഷ്കാരം കവിതയില്‍ ഏര്‍പ്പെടുത്തിയത് കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ ആണ്.സംസ്കൃത വൃത്തത്തിലുള്ള പദ്യങ്ങളിലും അദ്ദേഹം ഈ പ്രാസത്തിനു പ്രാധാന്യം നല്കി. സജാതീയ ദ്വിതീയാക്ഷരപ്രാസത്തെ കേരളവര്‍മപ്രാസം എന്ന് ചിലര്‍ വിശേഷിപ്പിച്ചിട്ടുണ്ട്. വലിയ കോയിത്തമ്പുരാന്റെ ഈ പരിഷ്കാരം പല കവികളും സ്വീകരിച്ചു എങ്കിലും ഇതിനെതിരായ അഭിപ്രായവും ചില കവികള്‍ക്കുണ്ടായിരുന്നു. ഈ അഭിപ്രായവ്യത്യാസം വര്‍ധിച്ചുവരികയും ദ്വിതീയാക്ഷരപ്രാസത്തെ സംബന്ധിച്ച് ഒരു വാദകോലാഹലം തന്നെ ഉണ്ടാവുകയും ചെയ്തു. ഈ വാദപ്രതിവാദം സാഹിത്യചരിത്രത്തില്‍ പ്രാസവാദം എന്ന പേരിലറിയപ്പെട്ടു.
ദ്വിതീയാക്ഷരപ്രാസവാദം ആരംഭിച്ചത് 1891-ല്‍(കൊ.വ. 1066) ആണ്. 1890-ല്‍ കണ്ടത്തില്‍ വറുഗീസുമാപ്പിളയുടെ പത്രാധിപത്യത്തില്‍ കോട്ടയത്തുനിന്ന് ആരംഭിച്ച മലയാള മനോരമയില്‍ ഭാഷയെയും സാഹിത്യത്തെയും സംബന്ധിക്കുന്ന നിര്‍ദേശങ്ങള്‍, സാഹിത്യ ചര്‍ച്ചകള്‍, സാഹിത്യപരമായ അഭിപ്രായങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചിരുന്നു. പ്രാസവാദം ആരംഭിച്ചതും മലയാള മനോരമയില്‍ക്കൂടിത്തന്നെയായിരുന്നു. 1891-ല്‍ (കൊ.വ. 1066) മനോരമയില്‍ 'കൃത്യകൃത്ത്' എന്ന തൂലികാനാമത്തില്‍ 'മലയാളഭാഷ' എന്ന ശീര്‍ഷകത്തില്‍ ദ്വിതീയാക്ഷരപ്രാസത്തെ സംബന്ധിച്ച ഒരു ലേഖനം പ്രസിദ്ധീ കൃതമായി. ഗദ്യത്തിലും പദ്യത്തിലും വരുത്തേണ്ട പരിഷ്കാരങ്ങള്‍ നിര്‍ദേശിക്കുകയായിരുന്നു ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. പദ്യത്തെപ്പറ്റി പറയുന്ന സന്ദര്‍ഭത്തില്‍ ദ്വിതീയാക്ഷരപ്രാസ നിര്‍ബന്ധം മൂലം ചില കവികളുടെ പദപ്രയോഗങ്ങളില്‍ അനൗചിത്യം സ്പഷടമാണെന്നും ഇത് മലയാളഭാഷാ പദ്യത്തിന്റെ കഷ്ടകാലം ആണെന്നും അഭിപ്രായപ്പെട്ടിരുന്നു. ഈ അഭിപ്രായത്തിന് ആരും മറുപടി എഴുതിയില്ല. മനോരമയില്‍ 'പ്രാസം' എന്ന പേരില്‍ ഇതേ ലേഖകന്‍തന്നെ പിന്നീട് ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ഇതില്‍ വരികളില്‍ രണ്ടാമത്തെ അക്ഷരത്തിന് മറ്റുള്ള അക്ഷരങ്ങളെ അപേക്ഷിച്ച് പ്രത്യേക പ്രാധാന്യമില്ലെന്നും അതിനുവേണ്ടി കവികള്‍ ചെയ്യുന്ന നിര്‍ബന്ധം അനേകം കാവ്യദോഷങ്ങള്‍ക്കു കാരണമാകുമെന്നും പറഞ്ഞുകൊണ്ട് ദ്വിതീയാക്ഷരപ്രാസത്തെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി.
ദ്വിതീയാക്ഷരപ്രാസത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. 'കൃത്യകൃത്തി'ന്റെ രണ്ടു ലേഖനങ്ങളെയും എതിര്‍ത്തുകൊണ്ട് 'കൃത്യവിത്ത്' എന്ന തൂലികാനാമത്തില്‍ ഒരു ലേഖകന്‍ 'ദ്വിതീയാക്ഷരപ്രാസത്തിനു ശ്രവണസുഖമില്ലെന്നു തോന്നുന്നത് ചെവിയുടെ ദോഷം കൊണ്ടാണെന്നും നിരര്‍ഥകപദങ്ങള്‍ കൂടാതെ പ്രാസം പ്രയോഗിക്കാന്‍ കഴിയാത്തവര്‍ പ്രാസത്തെ കുറ്റം പറയുന്നത് അജീര്‍ണം പിടിപെട്ടവര്‍ പാല്‍പ്പായസത്തെ പഴിക്കുന്നതുപോലെ'യാണെന്നും മറ്റും അഭിപ്രായപ്പെട്ടു. ഈ സന്ദര്‍ഭത്തില്‍ വലിയകോയിത്തമ്പുരാന്‍, ഏ.ആര്‍. രാജരാജവര്‍മ, കൊച്ചുണ്ണിത്തമ്പുരാന്‍, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തുടങ്ങിയ പ്രമുഖ സാഹിത്യകാരന്മാര്‍ക്ക് ദ്വിതീയാക്ഷരപ്രാസത്തെ സംബന്ധിച്ച അഭിപ്രായം എന്തെന്നറിയുവാന്‍ ചിലര്‍ താത്പര്യം പ്രകടിപ്പിച്ചു. വലിയകോയിത്തമ്പുരാന്‍, നടുവത്തച്ഛന്‍ നമ്പൂതിരി, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തുടങ്ങിയവര്‍ പ്രാസത്തെ അനുകൂലിച്ചും രാജരാജവര്‍മ, പുന്നശ്ശേരി നമ്പി, സി. അന്തപ്പായി തുടങ്ങിയവര്‍ പ്രാസത്തെ എതിര്‍ത്തും അഭിപ്രായം പ്രകടിപ്പിച്ചു. ചാത്തുക്കുട്ടിമന്നാടിയാര്‍ ഒരു മധ്യസ്ഥനെന്ന നിലയില്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചു.
മലയാള മനോരമയില്‍ ഈ വാദപ്രതിവാദം തുടര്‍ന്നു. രണ്ടു പക്ഷത്തും അനേകം കവികള്‍ അഭിപ്രായം രൂപവത്കരിച്ചു. പ്രാസം പ്രയോഗിച്ചും അല്ലാതെയും ധാരാളം കവിതകള്‍ മനോരമയിലെ കവിതാപംക്തിയില്‍ പ്രത്യക്ഷപ്പെട്ടു. ഏ.ആര്‍. രാജരാജവര്‍മ പ്രാസം കൂടാതെ 'കൃത്വാകൃത്രിമ കേസരം....' എന്നു തുടങ്ങുന്ന ഒരു പരിഭാഷാശ്ലോകം പ്രസിദ്ധീകരിച്ചു. ഇതോടുകൂടിയാണ് കവികള്‍ ദ്വിതീയാക്ഷരപ്രാസം കൂടാതെ കവിതകള്‍ രചിക്കുന്നതിന് ധൈര്യപൂര്‍വം മുന്നോട്ടുവന്നത്. കേരളപാണിനി പ്രാസം പ്രയോഗിക്കാത്തതിനെപ്പറ്റി നടുവത്തച്ഛന്‍ നമ്പൂതിരി തുടങ്ങിയുള്ളവര്‍ ആക്ഷേപമുന്നയിച്ചു. ഇതിന് കേരളപാണിനി
'മധ്യസ്ഥനാകുന്നഭവാനുമെന്തൊ-
രത്യത്ഭുതം വന്നതു പക്ഷപാതം
പഥ്യം പിഴച്ചിട്ടൊരുരോഗമിങ്ങു
വൈദ്യന്നുതന്നെ പിടിവിട്ടുപോയോ?'
എന്നിങ്ങനെ സമാധാനം പറയുകയുണ്ടായി.
കേരളകാളിദാസനും കേരളപാണിനിയും രംഗത്തുവന്നതോടുകൂടി പ്രാസവാദത്തിനു ശക്തികൂടി. 1894-ലെ (കൊ.വ. 1069 മേടമാസം) ഭാഷാപോഷിണിയില്‍ വലിയകോയിത്തമ്പുരാന്‍ സജാതീയ ദ്വിതീയാക്ഷരപ്രാസം ആദ്യന്തം പ്രയുക്തമായ മയൂരസന്ദേശം പ്രസിദ്ധീകരിച്ചു. മയൂരസന്ദേശത്തിന് ഒരു മറുപടി എന്ന മട്ടിലാണ് കാളിദാസന്റെ മേഘസന്ദേശം പ്രാസനിര്‍ബന്ധമില്ലാതെ ഏ.ആര്‍. രാജരാജവര്‍മ തര്‍ജുമ ചെയ്തു പ്രസിദ്ധീകരിച്ചത്. ഈ കൃതി പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് ദ്വിതീയാക്ഷരപ്രാസം കൂടാതെ ഒറ്റ ശ്ലോകങ്ങളും മറ്റും ചിലര്‍ എഴുതിയിരുന്നുവെങ്കിലും ഒരു കൃതി മുഴുവന്‍ പ്രാസരഹതിമായി രചിച്ചിരുന്നില്ല. ഈ കൃതിയില്‍ പ്രാസം പ്രയോഗിക്കാതിരുന്നത് തന്റെ ഉദാസീനബുദ്ധികൊണ്ടുമാത്രമല്ലെന്നും തര്‍ജുമയില്‍ ഇതൊട്ടും ആവശ്യമില്ലെന്നുള്ളതുകൊണ്ടു കൂടിയാണെന്നും മുഖവുരയില്‍ കേരളപാണിനി പറയുന്നുണ്ട്. കവിതയില്‍ പ്രാസം നിര്‍ബന്ധമാണെന്നു വാദിച്ചാല്‍
'ദിവ്യംകിഞ്ചനവെള്ളമുണ്ടൊരു മുറിസ്സോമന്‍ കറുപ്പുംഗളേ
കണ്ടാല്‍ നല്ലടയാളമുള്ള കരമുണ്ടെട്ടല്ലഹോ പിന്നെയും
തോലെന്യേ തുണിയില്ല തെല്ലുമരയില്‍ കേളേറ്റുമാനൂരെഴും
പോറ്റീ! നിന്റെ ചരിത്രമത്ഭുതമഹോ! ഭര്‍ഗ്ഗായതുഭ്യം നമ:'
എന്നും മറ്റുമുള്ള അതിസരസ പ്രാചീന ശ്ലോകങ്ങള്‍ കവിതയല്ലാതെ പോയേക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാത്രമല്ല കവിതയില്‍ ദ്വിതീയാക്ഷരപ്രാസത്തിന്റെ ആഗമത്തെക്കുറിച്ച്, 'ആദ്യകാലത്ത് ഒരു ചമല്‍ക്കാരവുമില്ലാത്തപക്ഷം ഈ പ്രാസമെങ്കിലുമിരിക്കുമെന്ന് ഒരേര്‍പ്പാടുണ്ടായി' എന്നും 'പില്ക്കാലത്ത് ഈ പ്രാസം പ്രയോഗിക്കാതെയിരുന്നാല്‍ തങ്ങളുടെ കവിത സ്വതശ്ചമത്കാരിയാണെന്ന് തങ്ങള്‍ തന്നെ നിശ്ചയിച്ചു എന്നുവന്നു കൂടുമോ എന്നു ഭയന്ന് എല്ലാ കവിതയിലും നിര്‍ബന്ധമായി പ്രയോഗിക്കാന്‍ തുടങ്ങി' എന്നും 'ഗതാനുഗതികന്യായേന അത് മണിപ്രവാളത്തിന്റെ ലക്ഷണത്തില്‍ത്തന്നെ ഉള്‍ പ്പെടുത്തി' എന്നും കേരളപാണിനി അഭിപ്രായപ്പെട്ടു.1897-ല്‍ (കൊ.വ. 1072) ഏ.ആര്‍. രാജരാജവര്‍മയുടെ ഭാഷാകുമാരസംഭവം പ്രസിദ്ധീകൃതമായി. ഇതിലും ദ്വിതീയാക്ഷരപ്രാസം പ്രയോഗിച്ചിരുന്നില്ല. ഏ.ആര്‍. പ്രാസം പ്രയോഗിക്കാതിരുന്നത് അദ്ദേഹത്തിനു കഴിവില്ലാഞ്ഞിട്ടാണെന്നും കഴിവുണ്ടെങ്കില്‍ അദ്ദേഹം മയൂരസന്ദേശം പോലൊരു കാവ്യം രചിക്കട്ടെ എന്നും പ്രാസപക്ഷപാതികള്‍ പറയുകയുണ്ടായി. 1902-ല്‍ (കൊ.വ. 1077) പ്രസിദ്ധീകൃതമായ ഭാഷാഭൂഷണത്തിലൂടെയാണ് ഏ.ആര്‍. രാജരാജവര്‍മ ഇതിനു മറുപടി പറഞ്ഞത്. ദ്വിതീയാക്ഷരപ്രാസത്തെ നമ്മുടെ കവികള്‍ കവിതാവനിതയ്ക്ക് ഒരു തിരുമംഗല്യമാണെന്നു വിചാരിക്കുന്നുവെന്നും ഈ പ്രാസത്തിനുവേണ്ടി കവികള്‍ പല ഗോഷ്ടികളും കവിതയിലൂടെ കാണിക്കുന്നുണ്ടെന്നും ഈ പ്രാസം ഉപേക്ഷിച്ചാലല്ലാതെ നിരര്‍ഥക ശബ്ദപ്രയോഗം ഭാഷാകവിതയില്‍നിന്ന് ഒരിക്കലും ഒഴിഞ്ഞു നീങ്ങുന്നതല്ലെന്നും അദ്ദേഹം ഭാഷാഭൂഷണത്തിന്റെ മുഖവുരയില്‍ അഭിപ്രായപ്പെട്ടു.
പ്രാസവിരോധികള്‍ കേരളപാണിനിയുടെ അഭിപ്രായത്തിന്റെ പിന്‍ബലത്തില്‍ സ്വതന്ത്ര കൃതിയായതിനാലാണ് കേരളവര്‍മയ്ക്ക് മയൂരസന്ദേശത്തില്‍ പ്രാസനിര്‍ബന്ധം സാധിച്ചതെന്നും ശാകുന്തളം, അമരുകശതകം തുടങ്ങിയ വിവര്‍ത്തനങ്ങളില്‍ അദ്ദേഹം പ്രാസം സാര്‍വത്രികമായി ദീക്ഷിച്ചിട്ടില്ലെന്നും അഭിപ്രായപ്പെട്ടു. ഈ അപവാദത്തിനു മറുപടി എന്ന മട്ടില്‍ വലിയകോയിത്തമ്പുരാന്‍ 1909-ല്‍ ദ്വിതീയാക്ഷരപ്രാസം ആദ്യവസാനം പ്രയോഗിച്ചുകൊണ്ട് അന്യാപദേശ ശതകം വിവര്‍ത്തനം ചെയ്തു. ഈ കൃതിയുടെ മുഖവുരയില്‍ 'ഭാഷാകവിതയില്‍ പ്രാസ നിര്‍ബന്ധം കൂടാതെയിരുന്നാല്‍ പദ്യങ്ങള്‍ക്ക് അധികം ലാളിത്യം ഉണ്ടായിരിക്കുമെന്നുള്ളത് വാസ്തവമാണെങ്കില്‍ ഭാഷാഗദ്യങ്ങള്‍ക്ക് തദധികമായ ലാളിത്യമുണ്ടായിരിക്കുമെന്നുള്ളത് അതിലുമധികം വാസ്തവമാക കൊണ്ട് ഭാഷാപണ്ഡിതന്മാര്‍ പദ്യനിര്‍മാണത്തില്‍ പ്രവര്‍ത്തിക്കാതിരിക്കയാണു വേണ്ടത്' എന്നും മറ്റും വലിയകോയി ത്തമ്പുരാന്‍ അഭിപ്രായപ്പെട്ടു. 1908-ല്‍ (കൊ.വ. 1083) വലിയ കോയിത്തമ്പുരാന്‍ ഭാഗിനേയനും ശിഷ്യനുമായ ഏ.ആര്‍. രാജ രാജവര്‍മയുടെ ആഗ്രഹപ്രകാരം ദൈവയോഗം എന്ന ഖണ്ഡകാവ്യം ദ്വിതീയാക്ഷരപ്രാസം ഉപേക്ഷിച്ചുകൊണ്ട് എഴുതുകയുണ്ടായി.
പ്രാസവിവാദത്തിലേക്ക് കെ.സി. കേശവപിള്ളയും സാഹിത്യപഞ്ചാനന്‍ പി.കെ. നാരായണപിള്ളയും മറ്റും പ്രവേശിച്ചതോടെ അത് കൂടുതല്‍ തീവ്രമായി. പ്രാസവാദത്തെത്തുടര്‍ന്ന് മലയാള സാഹിത്യത്തില്‍ രണ്ട് ചേരികള്‍ രൂപംകൊണ്ടു. ഉള്ളൂര്‍, പി.കെ. നാരായണപിള്ള, കുണ്ടൂര്‍ നാരായണമേനോന്‍, പന്തളം കേരളവര്‍മ, വള്ളത്തോള്‍, ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍, രവിവര്‍മ തിരുമുല്‍പ്പാട് തുടങ്ങിയവര്‍ വലിയകോയിത്തമ്പുരാനോടൊപ്പം നിന്നുകൊണ്ട് ദ്വിതീയാക്ഷരപ്രാസത്തെ അനുകൂലിച്ചു. കെ.സി. കേശവപിള്ള, ഒറവങ്കര,നടുവത്തച്ഛന്‍ നമ്പൂതിരി, കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍, പുന്നശ്ശേരി നീലകണ്ഠശര്‍മ എന്നിവര്‍ പ്രാസത്തെ എതിര്‍ത്തുകൊണ്ട് ഏ.ആര്‍. രാജരാജവര്‍മയോടൊപ്പം നിന്നു.
സാഹിത്യത്തിലെന്നപോലെ വ്യക്തികളുടെ ജീവിതത്തിലും ഈ പ്രാസം പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന ഘട്ടം വന്നപ്പോള്‍ അത് ഒത്തുതീര്‍പ്പിലെത്തിക്കാന്‍ കേരളവര്‍മ വലിയകോയിത്തമ്പുരാനും ഏ.ആര്‍. രാജരാജവര്‍മയും കൂടിയാലോചിക്കുകയും അതനുസരിച്ച് രാജരാജവര്‍മ ഒരു മധ്യസ്ഥനെന്ന നിലയില്‍ ഭാഷാപോഷിണിയില്‍ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. 'കേശവപിള്ള പ്രഭൃതികള്‍ക്ക് പരിഷ്കാരികളാകുവാന്‍ പരിഭ്രമമാണെങ്കില്‍ പ്രകൃതപ്രാസത്തെ അവര്‍ നിശ്ശേഷം ഉപേക്ഷിച്ചുകൊള്ളട്ടെ. പരമേശ്വരയ്യര്‍ മുതല്‍ പേര്‍ക്ക് ഈ പ്രാസം രസിക്കുന്നപക്ഷം അവര്‍ അതിനെ പരിഷ്കരിച്ച മട്ടില്‍ത്തന്നെ ഉപയോഗിച്ചു കൊള്ളുകയും ചെയ്യട്ടെ' എന്നിങ്ങനെ രണ്ടു പക്ഷത്തിനും യാതൊരു അഭിപ്രായവ്യത്യാസത്തിനും ഇടയാകാത്ത വിധത്തിലായിരുന്നു ഈ മധ്യസ്ഥവിധി. ഇങ്ങനെ തത്കാലം ദ്വിതീയാക്ഷരപ്രാസത്തെ സംബന്ധിച്ച വാദം അവസാനിച്ചു. എങ്കിലും കവനകൗമുദി, കവിതാവിലാസിനി തുടങ്ങിയ മാസികകളില്‍ ദ്വിതീയാക്ഷരപ്രാസത്തെ സംബന്ധിച്ച അനേകം ലേഖനങ്ങള്‍ ഇതിനുശേഷവും പ്രസിദ്ധീകൃതമായി.
പ്രാസവാദത്തിന്റെ ഫലമായി ശക്തമായ ഒരു വിമര്‍ശനശാഖ മലയാള സാഹിത്യത്തിനു ലഭിച്ചു. ക്ലാസ്സിസത്തില്‍നിന്ന് റൊമാന്റിസിസത്തിലേക്കുള്ള മലയാള കവിതയുടെ വളര്‍ച്ചയില്‍ ദ്വിതീയാക്ഷരപ്രാസവാദം സുപ്രധാനമായ പങ്കുവഹിച്ചു. പ്രാസവാദത്തിന്റ ഫലമായി കേരളവര്‍മ പ്രസ്ഥാനമെന്നും രാജരാജവര്‍മ പ്രസ്ഥാനമെന്നും രണ്ടു സാഹിത്യപ്രസ്ഥാനങ്ങള്‍തന്നെ ഉണ്ടായി. പ്രാസദീക്ഷ കൂടാതെ കെ.സി. കേശവപിള്ള രചിച്ച കേശവീയം മഹാകാവ്യം (കൊ.വ. 1088), ഏ.ആര്‍. രാജരാജവര്‍മയുടെ മേഘദൂതം (കൊ.വ. 1070), കുമാരസംഭവം (കൊ.വ. 1072), വലിയകോയിത്തമ്പുരാന്റെ ദൈവയോഗം (കൊ.വ. 1084) തുടങ്ങിയ കൃതികളും പ്രാസബദ്ധമായി ഉള്ളൂര്‍ രചിച്ച ഉമാകേരളം മഹാകാവ്യം (കൊ.വ. 1089), വലിയകോയിത്തമ്പുരാന്റെ മയൂരസന്ദേശം (കൊ.വ. 1069), അന്യാപദേശശതകം വിവര്‍ത്തനം (കൊ.വ. 1075), കൂണ്ടൂര്‍ നാരായണമേനോന്റെ കുമാരസംഭവം വിവര്‍ത്തനം, രഘുവംശം വിവര്‍ത്തനം (കൊ.വ. 1087) തുടങ്ങിയ കൃതികളും പ്രാസവാദത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ടവയാണ്.
സാഹിത്യത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും സാഹിത്യത്തില്‍ ഭാവാവിഷ്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മലയാള കവിതയുടെ തനതായ മൂല്യങ്ങളെക്കുറിച്ചും മറ്റുമുള്ള സമഗ്രമായ വിലയിരുത്തലിന് പ്രാസവാദം സഹായകമായി. സംസ്കൃത സാഹിത്യത്തില്‍ ആനന്ദവര്‍ധനന്‍, അഭിനവ ഗുപ്തന്‍, ഭട്ടനായകന്‍, കുന്തകന്‍, ക്ഷേമേന്ദ്രന്‍ തുടങ്ങിയ ആലങ്കാരികന്മാര്‍ സാഹിത്യത്തെക്കുറിച്ചു നടത്തിയ നിരീക്ഷണ-നിഗമനങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ വിലയിരുത്തലുകള്‍. ഇംഗ്ലീഷ് തുടങ്ങിയ വിദേശഭാഷകളിലെ ഉത്തമ സാഹിത്യകൃതികളും സാഹിത്യനിരൂപണവും ശ്രദ്ധിച്ചു പഠിക്കുന്നതിനും അതുമായി താരതമ്യം ചെയ്ത് മലയാള സാഹിത്യത്തെ നിരൂപണം ചെയ്യുന്നതിനും പ്രാസവാദം പ്രേരണ നല്കി. രൂപപരതയില്‍നിന്ന് ഭാവപരതയിലേക്കു നീങ്ങാന്‍ തയ്യാറായിനിന്ന മലയാളകവിതാപ്രസ്ഥാനത്തിലെ ആദ്യത്തെ അര്‍ഥവത്തായ സംഘട്ടനമായിരുന്നു ഈ സംവാദം എന്ന് വിലയിരുത്തുന്നുണ്ട്. ആധുനിക മലയാളസാഹിത്യത്തിന്റെ ആവിര്‍ഭാവത്തിനു വഴിതെളിച്ച ഘടകങ്ങളില്‍ മുഖ്യ പങ്കാണ് ഈ വാദത്തിനുള്ളത്.
പ്രാസവാദത്തെ സംബന്ധിച്ച വസ്തുതകള്‍ സമഗ്രമായി പ്രതിപാദിച്ച് ഡോ. കെ. വസന്തന്‍ രചിച്ച പ്രാസവാദം എന്ന പഠനഗ്രന്ഥം കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
(ഡോ. എസ്. രമാദേവി)