This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദ്രാവിഡ്, രാഹുല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:52, 17 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദ്രാവിഡ്, രാഹുല്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം. രാഹുല്‍ ശരത് ദ്രാവിഡ് എന്നാണ് പൂര്‍ണനാമധേയം. 1973 ജനു. 11-ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ജനിച്ചു. പിതാവ് ശരത് ദ്രാവിഡ്; മാതാവ് പുഷ്പ ദ്രാവിഡ്. മികച്ച പ്രതിരോധ ബാറ്റ്സ്മാന്‍ എന്ന നിലയില്‍ 'ദ് വാള്‍' എന്നൊരു ഓമനപ്പേര് ലഭിച്ചു. 'ജാമി' എന്ന വിളിപ്പേരുമുണ്ട്.

രാഹുല്‍ ദ്രാവിഡ്

ബാംഗ്ലൂരിലെ സെന്റ് ജോസഫ്സ് സ്കൂളിലും സെന്റ് ജോസഫ്സ് കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കൊമേഴ്സില്‍ ബിരുദമെടുത്തിട്ടുണ്ട്. 12-ാം വയസ്സുമുതല്‍ ദ്രാവിഡ് ക്രിക്കറ്റ് രംഗത്ത് സജീവമായി. സംസ്ഥാനതലത്തിലുള്ള അണ്ടര്‍-15, അണ്ടര്‍-17, അണ്ടര്‍-19 ടൂര്‍ണമെന്റുകളില്‍ പങ്കാളിയായിരുന്നു. തുടര്‍ന്ന് സ്കോട്ട്ലന്‍ഡിനുവേണ്ടിയും കെന്റിനുവേണ്ടിയും കൗണ്ടി ക്രിക്കറ്റ് കളിച്ചു. 1991-ലെ രഞ്ജി ട്രോഫിയില്‍ കര്‍ണാടകയെ നയിച്ചു. അതിന്റെ ഫൈനലില്‍ ഇരട്ടശതകം നേടി ശ്രദ്ധേയനായി. 1996-ലാണ് ദ്രാവിഡ് അന്തര്‍ദേശീയ ക്രിക്കറ്റ് ടീമംഗമായത്. പ്രഥമ അന്തര്‍ദേശീയ ടെസ്റ്റ് മത്സരം ഇംഗ്ലണ്ടുമായി ലോര്‍ഡ്സിലായിരുന്നു; കന്നി അന്തര്‍ദേശീയ ഏകദിനം സിങ്കപ്പൂരില്‍വച്ച് ശ്രീലങ്കയുമായിട്ടും.

ടെസ്റ്റ് ക്രിക്കറ്റിനിണങ്ങിയ കടുത്ത പ്രതിരോധത്തിലൂന്നിയ ബാറ്റിങ് ശൈലിയായിരുന്നു ദ്രാവിഡിനെ ആദ്യകാലത്ത് ശ്രദ്ധേയനാക്കിയത്. എന്നാല്‍ ആക്രമണപരമായ ബാറ്റിങ്ങിലും മികവു കാട്ടി ഏകദിനങ്ങളിലും തന്റെ സ്ഥാനം ഉറപ്പാക്കുകയുണ്ടായി. 2007 സെപ്. വരെ നൂറ്റിയിരുപതോളം ടെസ്റ്റ് മാച്ചുകളിലും മുന്നൂറിലധികം ഏകദിനങ്ങളിലുമായി ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തന്റേതായ ഒരിടം തീര്‍ത്തിട്ടുണ്ട്. 1997-ലാണ് ടെസ്റ്റിലെ പ്രഥമശതകം നേടുന്നത് (143). പ്രഥമ ഏകദിനശതകവും (107) അതേ വര്‍ഷംതന്നെ നേടി. 1999 ലോകകപ്പില്‍ മൂന്ന് അര്‍ധശതകങ്ങളും രണ്ട് ശതകങ്ങളുമായി 461 റണ്‍സ് നേടി ഒരു ടീമംഗം നേടുന്ന മികച്ച ലോകകപ്പ് റണ്‍സിനുടമയായി.
ദ്രാവിഡ് ഡബിള്‍ സെഞ്ച്വറി നേടിയപ്പോള്‍ : എന്‍പവര്‍ ടെസ്റ്റ്,ഓവല്‍,ഇംഗ്ലണ്ട് -2002
2004-ല്‍ നേടിയ 281 റണ്‍സാണ് മികച്ച വ്യക്തിഗത സ്കോര്‍. ബാറ്റ്സ്മാന്‍ എന്നതിനു പുറമേ വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും ഇന്ത്യന്‍ ക്രിക്കറ്റിന് തന്റേതായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. 2005-ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായ ഇദ്ദേഹം 2007 വരെ ആ സ്ഥാനത്ത് തുടര്‍ന്നു.

ക്യാപ്റ്റനെന്ന നിലയില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ ദ്രാവിഡിനായിട്ടുണ്ട്. എന്നാല്‍ 2007-ലെ ലോകകപ്പില്‍ സൂപ്പര്‍ എട്ടില്‍ കടക്കാനാകാതെ ഇന്ത്യന്‍ ടീമിന് മടങ്ങേണ്ടിവന്നു. എങ്കിലും തുടര്‍ന്നു നേടിയ വിജയങ്ങള്‍ ദ്രാവിഡിന്റെ പ്രതിച്ഛായ വളര്‍ത്തുകയുണ്ടായി. ക്യാപ്റ്റനെന്നതിനുപുറമേ വ്യക്തിഗതമായ നിരവധി നേട്ടങ്ങള്‍ക്കുകൂടി ഉടമയാണ് ഈ വലങ്കയ്യന്‍ ബാറ്റ്സ്മാന്‍. ലോകക്രിക്കറ്റിലെ ആദ്യത്തെ പത്ത് ബാറ്റ്സ്മാന്‍മാരില്‍ ഒരാള്‍ കൂടിയാണ് ഇദ്ദേഹം. ഇന്ത്യന്‍ താരങ്ങളില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം ബാറ്റിങ്ശരാശരിക്കുടമയുമാണ് ദ്രാവിഡ്. സിയറ്റ് ക്രിക്കറ്റര്‍ അവാര്‍ഡ് (ലോകകപ്പ് 1999), വിസ്ഡന്‍ ക്രിക്കറ്റര്‍ ഒഫ് ദ് ഇയര്‍ (2000), സര്‍ ഗര്‍ഫീല്‍സ് സോബേര്‍ഡ് ട്രോഫി (2004), പദ്മശ്രീ (2004), ഐ.സി.സി. പ്ലെയര്‍ ഒഫ് ദി ഇയര്‍ (2004), ഐ.സി.സി. ടെസ്റ്റ് പ്ളെയര്‍ ഒഫ് ദി ഇയര്‍ (2004) എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍