This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദിമിത്രോവ്, ജോര്‍ജി (1882 - 1949)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദിമിത്രോവ്, ജോര്‍ജി (1882 - 1949)
Dimitrov,Georgi
കമ്യൂണിസ്റ്റ് നേതാവും ബള്‍ഗേറിയന്‍ പീപ്പിള്‍സ് റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രധാനമന്ത്രിയും. 1882 ജൂണ്‍ 18-ന് ബള്‍ഗേറിയയിലെ കോവാച്ചേവ്ത്സിലുള്ള തൊഴിലാളികുടുംബത്തില്‍ ജനിച്ചു. അച്ഛനും അമ്മയും സാധാരണ തൊഴിലാളികളായിരുന്നു. ചെറുപ്പത്തില്‍ത്തന്നെ തൊഴിലാളിയായി ജീവിതമാരംഭിക്കേണ്ടിവന്നുവെങ്കിലും വിപുലമായ വായനയിലൂടെ ദിമിത്രോവ് അറിവുനേടി. അച്ചടിശാലയില്‍ ജോലിക്കാരനായിരിക്കേ പതിനഞ്ചാം വയസ്സോടെ വിപ്ളവ പ്രസ്ഥാനത്തില്‍ ചേരുകയും തൊഴിലാളിസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുകയും ചെയ്തു. ബള്‍ഗേറിയന്‍ പുരോഗമന സാഹിത്യകൃതികളും റഷ്യന്‍ പുരോഗമന സാഹിത്യകൃതികളും ദിമിത്രോവിനെ തൊഴിലാളിവര്‍ഗ വിപ്ലവകാരിയായി രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇരുപതാമത്തെ വയസ്സില്‍ ഇദ്ദേഹം ബള്‍ഗേറിയയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1909-ല്‍ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1913-ല്‍ ബള്‍ഗേറിയയിലെ പാര്‍ലമെന്റില്‍ അംഗമാകുവാനും ഇദ്ദേഹത്തിനു സാധിച്ചു. സോഫിയ നഗരസഭയിലേക്കും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.
ഒന്നാം ലോകയുദ്ധത്തില്‍ ബള്‍ഗേറിയ പങ്കെടുക്കുന്നതിനെതിരായി സംഘടിപ്പിക്കപ്പെട്ട സമരത്തിന്റെ മുന്‍പന്തിയില്‍ ദിമിത്രോവ് ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് കുറച്ചുകാലം ഇദ്ദേഹം ജയിലില്‍ അടയ്ക്കപ്പെട്ടു. മോചിതനായ ദിമിത്രോവിന് ഒളിവില്‍ പോയി രാഷ്ട്രീയപ്രവര്‍ത്തനം നടത്തേണ്ടിവന്നു. ഇതിനിടെ പാര്‍ട്ടിയില്‍ പ്രബലമായിത്തീര്‍ന്ന ഇടതുപക്ഷ വിഭാഗം 1919-ല്‍ ബള്‍ഗേറിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറി. ദിമിത്രോവ് ഇതിന്റെ നേതാക്കളിലൊരാളായിരുന്നു. പാര്‍ട്ടിയുടെ പ്രതിനിധിയെന്ന നിലയില്‍ ഇദ്ദേഹം 1921-ല്‍ മോസ്കോയില്‍ നടന്ന കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ മൂന്നാം കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുകയുണ്ടായി. ഇതിന്റെ എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ അംഗമാവുകയും ചെയ്തു.
ബള്‍ഗേറിയയില്‍ 1923-ലുണ്ടായ കമ്യൂണിസ്റ്റ് മുന്നേറ്റത്തില്‍ ദിമിത്രോവ് സജീവമായ പങ്കുവഹിച്ചു. ഈ മുന്നേറ്റം അടിച്ചമര്‍ത്തപ്പെട്ടതോടെ ബള്‍ഗേറിയ വിടാന്‍ ഇദ്ദേഹം നിര്‍ബന്ധിതനായി. യുഗോസ്ലാവിയ, വിയന്ന എന്നിവിടങ്ങളില്‍ താമസിച്ചശേഷം 1929-ല്‍ ബര്‍ലിനിലെത്തി. വിപ്ലവപ്രവര്‍ത്തനം നടത്തിയതിന് 1933-ല്‍ ബര്‍ലിനില്‍ വച്ച് ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. ജര്‍മന്‍ പാര്‍ലമെന്റ് മന്ദിരത്തിന് (റീഷ്സ്റ്റാഗ്) തീവച്ചു എന്നായിരുന്നു കേസ്. ഈ കേസിന്റെ വിചാരണയില്‍ സ്വയം കേസു വാദിച്ച് ഇദ്ദേഹം കൂടുതല്‍ ശ്രദ്ധേയനായി. 'ലൈപ്സീഗ് വിചാരണ' എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ഈ വിചാരണയ്ക്കെതിരായി ബഹുജന സമ്മേളനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. സോവിയറ്റ് യൂണിയന്റെ ഇടപെടല്‍കൂടി ഉണ്ടായതിന്റെ ഫലമായി ദിമിത്രോവ് സ്വതന്ത്രനായി. 1934-ല്‍ മോസ്കോയില്‍ എത്തി കമ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. 1935-ല്‍ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ജനറല്‍ സെക്രട്ടറിയായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
രണ്ടാം ലോകയുദ്ധകാലത്ത് നാസികള്‍ ക്കെതിരായുള്ള ബള്‍ഗേറിയന്‍ ചെറുത്തുനില്പിന്റെ നേതാവായിരുന്നു ദിമിത്രോവ്. നാസി ജര്‍മനിയുടെ നേതൃത്വത്തിലുള്ള സേനകളെ പരാജയപ്പെടുത്തി സോവിയറ്റ് സൈനികര്‍ ബള്‍ഗേറിയയില്‍ പ്രവേശിച്ചതോടെ അവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരം പിടിച്ചെടുത്തു (1944). ഇതോടെ, ഇരുപതില്‍പ്പരം വര്‍ഷങ്ങളായി വിദേശജീവിതത്തിലായിരുന്ന ദിമിത്രോവ്, 1945-ല്‍ ബള്‍ഗേറിയയില്‍ തിരിച്ചെത്തി. 1946-ല്‍ ബള്‍ഗേറിയയില്‍ രാജവാഴ്ച അവസാനിക്കുകയും റിപ്പബ്ലിക് നിലവില്‍ വരുകയും ചെയ്തു. തുടര്‍ന്ന് കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഗവണ്മെന്റ് ഉണ്ടായി. ദിമിത്രോവ് ബള്‍ഗേറിയന്‍ പീപ്പിള്‍സ് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടു.
ദിമിത്രോവിന്റെ ഭരണകാലത്ത് ബള്‍ഗേറിയ സോവിയറ്റ് യൂണിയനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. സോവിയറ്റ് യൂണിയന്റെ പിന്തുണയോടും സഹായത്തോടും കൂടി രാജ്യത്തെ അഭിവൃദ്ധിപ്പെടുത്തുവാനുള്ള നടപടികള്‍ ഇദ്ദേഹം കൈക്കൊണ്ടു. പ്രഗല്ഭനായ രാജ്യതന്ത്രജ്ഞനും സമര്‍ഥനായ സംഘാടകനുമായിരുന്നു ഇദ്ദേഹം. ബള്‍ഗേറിയയെ സോഷ്യലിസത്തിന്റെ മാര്‍ഗത്തില്‍ക്കൂടി വികസിപ്പിക്കുവാന്‍ ഇദ്ദേഹം യത്നിച്ചു.
ഫാസിസത്തിനെതിരായി ഇദ്ദേഹം സ്വീകരിച്ചിരുന്ന സമീപനം ശ്രദ്ധേയമായിരുന്നു. ഫാസിസത്തിന്റെ സാമൂഹ്യ-സാമ്പത്തിക അടിത്തറയും വിപത്തിന്റെ ആഴവും സംബന്ധിച്ച ഗഹനമായ പഠനങ്ങളാണ് ദിമിത്രോവിന്റെ ഏറ്റവും വലിയ സംഭാവനയായി കരുതപ്പെടുന്നത്. യൂണിറ്റി ഒഫ് ദ് വര്‍ക്കിങ് ക്ലാസ് എഗയ്ന്സ്റ്റ് ഫാസിസം (1935), യൂത്ത് എഗയ്ന്സ്റ്റ് ഫാസിസം (1935), ഫാസിസം ഈസ് വാര്‍ (1937) തുടങ്ങി ഇരുപത്തിയഞ്ചോളം പുസ്തകങ്ങള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനാധിപത്യവാദികളും കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും ഫാസിസത്തിനെതിരായി ഒന്നിക്കേണ്ടതിന്റെ പ്രാധാന്യം ഇദ്ദേഹം ഉയര്‍ത്തിക്കാട്ടി. ദിമിത്രോവ് 1949 ജൂല. 2-ന് മോസ്കോയ്ക്കടുത്ത് നിര്യാതനായി.
(ഡോ. ബി. സുഗീത; സ.പ.)